Tuesday, December 31, 2013

Thanks & Wishes


നന്ദിയേകുന്നിതാ സര്‍വ്വേശ്വര ഞാന്‍
വീണ്ടുമൊരു നവവര്‍ഷപുലരിയെനിക്കേകീല്ലേ

ഈ പുലരി കാണാതെ പോയവരനവധി
ഞങ്ങള്‍ തന്‍ പ്രാണന്‍ നിലക്കാതെ കാത്തില്ലേ

നല്‍കിയ ദാനങ്ങള്‍ എല്ലാം സമര്‍പ്പിച്ചു
നന്ദി ഞാന്‍ ചൊല്ലുന്നു അങ്ങേ മുന്‍പില്‍

സ്നേഹ പ്രകാശത്തിന്‍ ദീപമായ് മാറുവാന്‍
നന്മ വിതറും കുളിര്‍മഴയായിടാന്‍

കോട്ടങ്ങളെല്ലാം അതിജീവിച്ചീടുവാന്‍
നേട്ടങ്ങളെല്ലാം ദാനമായ്‌ കരുതുവാന്‍

സഹനത്തിലെല്ലാം തളര്‍ന്നു പോയീടാതെ
അനുഗ്രഹധാരയില്‍ അഹങ്കരിച്ചീടാതെ

കരുതലായ്‌ കരുണയായ് എന്നില്‍ നിറയണേ
എന്നും നീയെന്നെ നയിച്ചീടണേ

സഹചരന്‍ തന്നുടെ നന്മയെ കാണുവാന്‍
ഉള്‍കണ്ണിലെന്നും  പ്രകാശം നിറക്കണേ

സുഗന്ധം പരത്തുന്ന പുഷ്പമായ് മാറുവാന്‍
നാഥാ നിന്‍ വാടിയില്‍ ഇടമേകണേ.......!



Sunday, December 29, 2013

മറവി


മനസ്സിന്റെ അഗാധതയില്‍ അറിവിന്റെ ചിപ്പികള്‍
വാരാനിറങ്ങിയ പെണ്‍കൊടിയാള്‍
കാണാക്കയങ്ങളില്‍  ഊളിയിട്ടണയവേ
മങ്ങിയ കാഴ്ച്ചതന്‍ മായാപ്രപഞ്ചം

എന്തെല്ലാമോ പാകപിഴകള്‍...,
എവിടെ പിഴച്ചുവോ അറിയില്ല?
മറവിയുടെ മറക്കുട ചൂടിയോ..അതോ!
അറിയാതെ ചൂടിച്ചതോ....

ചിപ്പികള്‍ വാരവേ കൈ പുണര്‍ന്നതോ.......
മുത്തും പവിഴവുമായിരുന്നോ...?
തനിയെ വാരാനിറങ്ങിയ കൈകളില്‍
ചങ്ങലയിട്ടു പൂട്ടിയതാണോ ?

ശക്തമാം തിരയാലെ തീരത്തടിഞ്ഞുവോ
കൈകളിലൊരുപിടി മുത്തുമായി.......
മുത്ത്‌ വിതറുവാന്‍ കഴിയാതെവീണ്ടും
ആഴിതന്‍  മാറിനെ വാരിപുണര്‍ന്നുവോ

വീണ്ടുമൊരു യാത്രയാവാം....എന്നു!
ചൊല്ലിയതാര് .....ഞാനോ നീയോ ...?
അഗാധമാംമടിത്തട്ടില്‍ കണ്ടതുമനവധി
രൂപങ്ങളില്ലാത്ത നിഴല്‍ച്ചിത്രം മാത്രം

വാരികൂട്ടിയ അക്ഷര മുത്തുകള്‍
നന്നായടുക്കുവാന്‍  മറന്നു തുടങ്ങിയോ..?
സ്ഥാനം തെറ്റിയ മുത്തുകളെല്ലാം
ശൂന്യതനിറയും ചിപ്പിക്കുതുല്ല്യം

നിമിഷദൈര്‍ഘ്യം യാത്ര പറയവേ
ഒന്നുമറിയാത്ത പിഞ്ചു പൈതലായ് കൂട്ടിനു-
പൂര്‍ണ്ണതയില്ലാത്ത ചോദ്യോത്തരങ്ങളും
വായ്‌ ത്താരിയായ് പ്രവഹിക്കുന്നു .........

ഭാഗ്യവതിയെന്നു വാനോളം പുകഴ്ത്തിയവരും
കൂടെ നടക്കാനിറങ്ങിയവരും  ഇന്നെവിടെ?
മറവിയുടെ അനന്ത നീലിമയില്‍ ലയിച്ചവള്‍ക്കോ
കൂട്ടായ് മരവിപ്പ് മാത്രം ....മരണത്തോളം.......!








Wednesday, December 18, 2013

അറിയാത്ത മാനസം


സഹസ്രനാമങ്ങളുരുവിട്ട ചുണ്ടില്‍ നിന്നുതിരുന്ന-
മന്ത്രങ്ങള്‍ പൊന്‍വീണയായ് എന്നില്‍ നിറയട്ടെ
ഓരോ നിമിഷവും ഞാനറിഞ്ഞീടുന്നു
നിന്നില്‍ നിന്നുതിരുന്ന വാക്കിന്റെ ധാരയെ

ഇടമുറിയാതിന്നു ഒഴുകിവന്നീടുമ്പോള്‍
പിന്നോട്ട് പോകുവാന്‍ ആരോമൊഴിയുന്നു
പണ്ടേ നിന്‍ വഴികള്‍ പാപ പങ്കിലമല്ലെന്ന്
ചൊല്ലുവാന്‍ നിനക്കിന്നാവുമോ

ഓരോ തുണ്ടിലും കോറിയ വരികളോ
തപിച്ചുകൊണ്ടിന്നു നീ ചുണ്ടില്‍ മന്ത്രിക്കുന്നു
അനന്തസായൂജ്യമടയുന്ന നാളുകള്‍ 
വരവിനായ് ഇന്നുനീ നോക്കിയിരുപ്പതോ

നിന്നിലെ വീഴ്ചകള്‍ അറിഞ്ഞിട്ടുമിന്നു ഞാന്‍
അറിയാത്തപോലിന്നു ഭാവിച്ചു നില്‍ക്കുന്നു
തേടിനടന്നു ഞാന്‍ കണ്ടെത്തുമാ സത്യം
അധികം വിദൂരമല്ലാത്ത നാളതില്‍

യാത്ര പറഞ്ഞു പിരിയുവാന്‍പലനാളില്‍
പൊന്തിയ നാവിന്റെ തൃഷ്ണയെയെന്തിനു 
അരുതെന്ന് ചൊല്ലി വിലക്കുന്ന നോട്ടമായ്
ഉദിക്കുന്നുവല്ലോ നിന്‍മുഖ ചേഷ്ടകള്‍

ശൂന്യമാം മാനസമോടെ നിന്‍ മുന്നിലായ് 
വന്നു ഞാന്‍ പലകുറി നിന്നതറിഞ്ഞുവോ
അറിഞ്ഞിരുന്നില്ല നിന്‍ മാനസമെന്നെ  
അറിയേണ്ടൊരിക്കലുമിനിയെന്നെ നിന്‍ നാളില്‍

Monday, December 9, 2013

മത്സരം


കനവില്‍ കനലുകൊണ്ട്  കോറിയിടാം
നിസ്വാര്‍ത്ഥ സ്നേഹം വിടരട്ടെ നമ്മില്‍
പഴിചാരി തമ്മിലായ് പറയുന്നുപലതും
അവനവന്‍ചൊല്ലുന്നതെല്ലാം ശരിയെന്നു...

അക്ഷരകൂട്ടുകള്‍ കുറിക്കും വിരലിനെ
ചങ്ങലയാകുന്ന വാക്കിനാല്‍ ബന്ധപ്പു
നൃത്തംചവിട്ടുന്ന കാല്‍പാദചലനങ്ങള്‍
ഇനിയാടിതീര്‍ക്കേണ്ട എന്നുമൊഴിയുന്നു

ആശ്വാസദൂതിനായ്  മുന്നിലണയുമ്പോള്‍
മുഖം തിരിച്ചന്നാളില്‍ പൊട്ടിതെറിക്കുന്നു
ക്രോധത്താല്‍ വാക്കുകള്‍ ശക്തിയാര്‍ജ്ജിക്കുന്നു
കൂട്ടിയടിക്കുന്ന കൈത്താളം പോലെ

അല്പമൊന്നയയുവാനാകില്ലയാര്‍ക്കുമേ
ഒന്നാമന്‍ താനെന്ന വാശി ജയിക്കുവാന്‍
കൂടപ്പിറപ്പിനെ പോലുമറിയില്ല....
കൂടെ പിറന്നെന്ന ഓര്‍മ്മയുമില്ല

അങ്കം കുറിക്കുവാനേവരും തല്പരര്‍
അങ്കകലിപൂണ്ട ചേകവരെപോലെ
രക്തവര്‍ണ്ണാമ്പര പൂക്കള്‍ വിതറുവാന്‍
മടിയൊട്ടുമില്ലാതെ നില്‍ക്കുന്നു തടുധിയില്‍

മാറ്റങ്ങളൊന്നുമേ കാക്കേണ്ടതില്ലിനി
ക്രൂരതയേറി വരുന്നിതാ കാലത്തും
എല്ലാം കണ്ടു മരവിച്ചു നില്‍ക്കുന്നു
ഭൂമിമാതാവുതന്‍ ഹൃത്തടമെപ്പോളും

എല്ലാം സ്പുടംചെയ്തു മാറ്റി മറിക്കുവാന്‍
നീതി സിംഹാസനം ന്യയംവിധിക്കുവാന്‍
ധര്‍മ്മവുമധര്‍മ്മവും വേര്‍തിരിച്ചെടുത്തുനാം
സത്യത്തിന്‍ ചെങ്കോലുമേന്തി മുന്നേറിടാം.




Tuesday, December 3, 2013

ദൈവീക സാന്നിധ്യം


നിന്‍ സ്നേഹം നുകരുവാൻ സാധിച്ചിടുന്നത്
എന്‍ ജീവിതത്തിലെ വലിയൊരു സൗഭാഗ്യം
എന്‍ നയനങ്ങൾ നിന്നെ തേടുമ്പോൾ
എൻ ഹൃത്തിലാമോദം തിരയടിച്ചീടുന്നു

തളരുന്നെൻ പാദങ്ങൾ ശക്തി പകർന്നിടാൻ
ആണിപ്പാടുള്ള നിൻ കരങ്ങളാൽ താങ്ങണേ
തകരുന്നെൻ ഹൃദയത്തെ മാറോടു ചേർത്തു നീ
പകരേണമേ സ്നേഹ സാന്ത്വനമെന്നെന്നും

ഓരോ അണുവിലും അറിയുന്നു ഞാന്‍ നിന്‍റെ
നിറഞ്ഞു തുളുമ്പുന്ന ദൈവീക സാന്നിധ്യം
ഓരോ നിമിഷവും നിന്നിൽ അലിഞ്ഞിടാൻ
ആശിച്ചിടുന്നു ഞാൻ എൻ നല്ല ദൈവമേ

ഈ നല്ല ഭുവനമാം മലര്‍വാടിയില്‍ ഞാന്‍
സഞ്ചാരിയായെന്നും അലഞ്ഞിടുന്നു സദാ
ദൈവസ്നേഹത്താല്‍ നിറഞ്ഞിടും സൂനങ്ങൾ
എത്ര മനോഹരം എത്ര സൗഗന്ധികം!

Friday, November 29, 2013

കലാലയം


അറിവിന്റെ രാഗാര്‍ദ്ര ഭാവമേ
നീ അണിഞ്ഞൊരുങ്ങിയോ?
പുതുനാമ്പുകള്‍തന്‍ വരവിനായ്
തലയെടുപ്പോടെ മിഴിനട്ടു നീ ......!

നിന്‍മാറില്‍ തലച്ചായ്ക്കുന്നതെന്തെല്ലാം?
നിരയൊത്ത വാകമരങ്ങളും,
നറുമണം പരത്തി നില്‍ക്കും,
പൂത്താലം പോലിലഞ്ഞിയും....
പുതുനാമ്പുകളെത്തുമ്പോള്‍
പൂമൊട്ടുകള്‍ ഭയം ജനിപ്പിക്കുന്നതും
ഒരു തണ്ടിലെ പൂക്കളായ്
പിന്നെ നിന്‍മാറില്‍  മയങ്ങുന്നതും

പ്രണയം പൂക്കും താഴ്വരയും
വിരഹദു:ഖത്തിന്‍  നൊമ്പരവും
നീയെത്രവട്ടം സാക്ഷിയായ്
ദു:ഖസന്തോഷത്തിന്റെ അശ്രുകണങ്ങള്‍
മാറിമറയുന്ന നിന്‍ താഴ്വാരവും

ഈറന്‍ കാറ്റില്‍ ചാഞ്ചാടും മരച്ചില്ലകള്‍
പൊഴിക്കും മഴത്തുള്ളി തന്‍ സംഗീതം
നിന്റെ വിരിമാറിലെ നീലപൊയ്കയില്‍
വിരിയും സൂര്യ ദേവന്റെ പ്രണയപുഷ്പവും
അതിന്‍ചാരെ  കിന്നാരത്തുമ്പികള്‍
ആര്‍ത്തുല്ലസിച്ചു പാറിപറക്കുന്നതും
ഗുരുശിഷ്യബന്ധത്തിന്‍ മഹുത്വം
വിളിച്ചോതി നില്‍ക്കും നിന്‍ ചുറ്റുവട്ടങ്ങളും

കൊച്ചു കൊച്ചു വാശികള്‍ പൂക്കുംനേരങ്ങളും
എല്ലാം ആടിത്തിമര്‍ക്കുന്ന അരങ്ങേ
ഒരുവട്ടം കൂടി നിന്‍ മാറില്‍ ചാഞ്ചാടാന്‍
ഇനിയെനിക്കാവില്ലല്ലോയെന്‍ "കലാലയമേ".....

Tuesday, November 19, 2013

അമ്മയുടെ കാത്തിരിപ്പ്‌


കാണാന്‍ കൊതിച്ചു ഞാന്‍ എന്നോമലേ
പുഞ്ചിരി തൂകുന്ന നിന്റെ മുഖം
പൂവിതള്‍ പോലെ വിരിഞ്ഞുവരും
മനതാരിലെപ്പോഴും എന്നോമലേ

ഗര്‍ഭപത്രത്തിലെ കൊട്ടാരമല്ലയോ
ഒന്‍പതു മാസങ്ങള്‍ നിന്റെ വാസം
എന്നുടെ കൈകളാല്‍ പുല്‍കിടുമ്പോള്‍
സന്തോഷമോടെ നീ തുള്ളിടുന്നു.......

നിന്നുടെ വരവിനായ് കാത്തിരിക്കും
നിമിഷങ്ങളോരോന്നുമെണ്ണിയെണ്ണി
എന്നിലെ അമൃതു പകര്‍ന്നു നല്‍കി
രാരീരം പാടി ഉറക്കിടാം ഞാന്‍

കരഞ്ഞുകൊണ്ടു നീ പിറന്നിടുമ്പോള്‍
സന്തോഷാശ്രുവെന്നില്‍ പൊഴിഞ്ഞുവീഴും
ചിരിച്ചുകൊണ്ടു ഞാന്‍ യാത്രയാകുമ്പോള്‍
കരഞ്ഞുകൊണ്ടെന്നെ നീ   യാത്രയാക്കീടല്ലേ........!





Monday, November 18, 2013

പൌര്‍ണ്ണമി


രാവിന്റെ പൌര്‍ണ്ണമി യാത്രയായോ ......
ഒരു വാക്കു ചൊല്ലാതെ പോയ്‌ മറഞ്ഞോ
അച്ഛന്റെ മുത്താണ് അമ്മതന്‍ കുരുന്നാണ് 
ഉറങ്ങുവാന്‍ എനിക്കു നിന്‍ കഥകള്‍ വേണം
നല്ലൊരു പുലരിയും സ്നേഹത്തിന്‍ പൂക്കളും
നല്ല സ്വപ്നങ്ങള്‍ തന്‍ വിരുന്നു വേണം .........
മിണ്ടാതെ പോവല്ലേ പൂനിലാവേ
ഒരു പൂത്താലം പോലെയുദിച്ചു നില്‍കൂ
എന്‍ കണ്ണിമ പൂട്ടി ഉറങ്ങും വരെ ..............


Sunday, November 17, 2013

കൌതുകം


വെള്ളത്തില്‍ വീഴുന്ന കല്ലുകള്‍
ഉതിര്‍ത്തു  പോന്തിക്കുന്ന കുമിളകള്‍
നിന്‍ കണ്ണിണകളില്‍ കാണുന്നു ഞാന്‍
ആ കൌതുക ലോകത്തിന്‍ കാഴ്ചകള്‍

വെള്ളത്തില്‍ തെന്നി കളിക്കും പരലുപോല്‍
നീയും നീന്തി തുടിക്കുന്നുവോ പിന്നാലെ
ഒന്നിനെ പോലും പിടിക്കാത്ത പൈതല്‍പോല്‍
ചിണുങ്ങുന്നുവോ നീ എന്റെ മുന്നില്‍

ചിലപ്പോള്‍ ഞാന്‍ നിന്‍ മുന്നില്‍ അമ്മയായോ
പലവട്ടം മാറി മറഞ്ഞിടുന്നോ
മകളായ്, സഹോദരിയായ്,സുഹൃത്തായ്
അതിനെല്ലാമപ്പുറം  ആരൊക്കെയോ .....?

ഒരു വട്ടമല്ല നീ ചൊല്ലിയതൊക്കെയും
പലവുരു മന്ത്രിച്ചതും എന്റെ കാതില്‍
നീയെനിക്കാരാണ്...? ആരുമല്ല....?
എല്ലാമാണെന്ന്   പറയാതെ പറഞ്ഞതും

എന്നെ നിന്‍ മുന്നിലായ് കാണും നിമിഷം
ആയിരം വര്‍ണ്ണപ്രഭ വിടരും കണ്ണുകള്‍
കളങ്കമേശാത്തൊരു പൈതലിന്‍ പുഞ്ചിരി
സമ്മാനമായ്‌ നല്‍കും കൌതുകത്താല്‍

വെള്ളാരംകല്ലുകള്‍ വെയിലേറ്റുമിന്നുമ്പോള്‍
വൈഡൂര്യമാണെന്ന്  ശങ്കപൂണ്ടങ്ങനെ
അരുകിലെത്തുമ്പോളോ കൌതുകം മാഞ്ഞുപോയ്
ഒന്നുമറിയാത്ത പൈതല്‍പോല്‍ നില്‍ക്കുന്നു

എന്തിലും കാണുന്നു കൌതുകം നിന്‍ കണ്ണില്‍
പുതിയൊരു ലോകം നിനക്കായ്‌ ചമച്ചുവോ
ആ ലോക കാഴ്ചയില്‍ഒരു കൊച്ചു കൌതുകം
അതായിരുന്നില്ലേ ഞാന്‍ നിന്നിലെന്നും

സൗഹൃദ താരാട്ട് പാട്ടിന്റെ ഈണമായ്
ഞാനും നിനക്കിന്നു കാവ്യം ചമയ്ക്കുന്നു
പ്രാണനായ് നീയെന്നെ കാണുമ്പോളും
നിന്നിലെ കൌതുകം ഞാനറിഞ്ഞില്ലയോ...?


നിന്‍ കണ്ണിനു കൌതുകമേറുന്ന കാഴ്ചകള്‍
എന്നിലെ ജിജ്ഞാസയാക്കിമാറ്റീടുന്നു
ഉലകം വലംവയ്ക്കും യാത്രികരായി നാം
കൈ കോര്‍ത്തുമുന്നേ നടന്നുപോയീടുന്നു

Sunday, November 10, 2013

വിനീതയുടെ സ്വപ്നം

                   

                            ഡ്യൂട്ടിക്കിടയിലെ വിശ്രമവേളയില്‍ വിനീതയും റാണിയും സംസാരിച്ചിരുന്നതാണ് .അവര്‍ ഓരോ ടീ കുടിച്ചുകൊണ്ടിരുന്നപ്പോള്‍ വിനീതക്ക്‌ എന്തന്നില്ലാത്ത ഒരു അസ്വസ്ഥത .എന്താവും ....തല വേദനിക്കുന്നു വല്ലാത്ത തളര്‍ച്ചയും നെഞ്ചിടിപ്പ് പെട്ടന്ന് വര്‍ദ്ധിക്കുന്നുവോ, തന്നിലെ അസ്വസ്ഥത പ്രിയമിത്രം  പെട്ടന്ന് തിരിച്ചറിഞ്ഞു.പെട്ടന്ന് ബി പി ചെക്ക് ചെയ്തു. അപ്പോളല്ലേ കാര്യം പിടികിട്ടിയെ ചെറിയൊരു പിണക്കം പോലെ ബി പി ദാ കിടക്കുന്നു 80/60 ലേക്ക് ഒരു യാത്ര . ഇപ്പോള്‍ പിണങ്ങല്ലേയെന്നു പലവട്ടം പറഞ്ഞിട്ടും കേള്‍ക്കണ്ടേ ബി പി പിണങ്ങി തന്നെ ഇരുന്നുഅവധി എഴുതി കൊടുത്തു ഡോക്ടറെ കണ്ടു അവര്‍ റൂമിലേക്ക്‌ പോയി.വിനീത ആകെ തളര്‍ന്നിരുന്നു  റൂമിലെത്തി മെഡിസിന്‍ കഴിച്ചു ഉപ്പിട്ട് ഒരു നരങ്ങവെള്ളവും കുടിച്ചു അവള്‍ ബെഡ്ഡിലേക്ക് ചാഞ്ഞു.എപ്പോളാണ്  ഉറങ്ങിയതെന്നു അറിയില്ല .
                  തന്റെ ശരീരം ഭാരമില്ലതാകുന്നപോലെ .എവിടെയും വെള്ള ഉടുപ്പിട്ട കൂട്ടുകാര്‍.തനിക്കും കിട്ടിയിരിക്കുന്നു മനോഹരമായ ഒരു വെള്ള ഉടുപ്പ് .അങ്ങനെ നടക്കുമ്പോള്‍ വലിയ ഒരു ആള്‍ക്കൂട്ടംവും ബഹളവും എന്താണെന്നു അറിയില്ലല്ലോ? തനിക്കു നല്ല പരിചിതമായ ശബ്ദങ്ങള്‍
അവള്‍ അങ്ങോട്ട്‌ കയറി.ദാ കിടക്കുന്നു വെള്ളത്തുണി പുതച്ച ഒരു പെണ്‍കുട്ടി നല്ല മുഖപരിചയം ഉള്ള കുട്ടി ആണെല്ലോ ? എന്നു ചിന്തിച്ചു നില്‍ക്കുമ്പോളാണ് മനസിലായത് താന്‍ എന്നും കണ്ണാടിയില്‍ കാണുന്ന തന്റെ മുഖം .പഴയ സഹപാഠികള്‍ പലരും പൂച്ചെണ്ടുമായി വന്നു മിഴിനീര്‍ പൊഴിച്ച് കടന്നുപോകുന്നു .അമ്മയും അച്ഛനും സഹോദരനുമൊക്കെ തന്റെ അരുകില്‍ ചലിക്കാന്‍ മറന്ന രൂപങ്ങളെ പോലെ ഇരിക്കുന്നു .അമ്മയുടെ കണ്ണില്‍ നിന്നും ഇടമുറിയാതൊഴുകുന്ന കണ്ണുനീര്‍ തുടക്കാന്‍ കൈകള്‍ നീട്ടിയതാണ് പക്ഷെ തനിക്കു കഴിയുന്നില്ല . ഇന്നി കരയരുതേ എന്നു പറയണമെന്നുണ്ട് ശബ്ദം പുറത്തേക്കു വരുന്നില്ല .അറിയാതെ ഒരു തേങ്ങല്‍ തന്റെ ഉള്ളില്‍നിന്നും ചീളുപോലെ തെറിച്ചുവീണു.ഒരു ചൂടുള്ള മൃദുസ്പര്‍ശം കണ്ണു തുറന്നപ്പോള്‍ റാണി തന്റെ അരുകില്‍ ഇരുന്നു ചോദിക്കുന്നു എന്തുപറ്റി വിനീത ? തന്റെ കണ്ണുകളും നിറഞ്ഞിരിക്കുന്നു .തനിക്കു എന്താണ് സംഭവിച്ചതെന്ന് പറയാന്‍ കഴിയുന്നില്ല . മറ്റേതോ ലോകത്തുനിന്നും ഒരു മടക്കയാത്ര  താന്‍ കണ്ടത് സത്യമോ മിഥ്യുയോ ........?

Tuesday, November 5, 2013

നയനങ്ങള്‍


ആ മിഴികളില്‍  കണ്ടതെന്തു
പൊട്ടിയൊലിക്കാന്‍ വെമ്പിയ-
അരുവിയാണോ അറിയില്ല ?
സഹനമാം തീചൂളയില്‍
പൊന്തി പുകയും അഗ്നിപര്‍വ്വതമോ,
ലാവയായ്‌ പ്രവഹിക്കും
പകയുടെ കനലുകളോ
സ്നേഹതീഷ്ണതയാല്‍
വെന്തു വെണ്ണീറാവാന്‍
കൊതിക്കുമൊരു നിര്‍വ്വികാരതയൊ
ഒരു നോക്ക് കാണാന്‍
ആര്‍ത്തി പൂണ്ട നയനങ്ങളോ
ആ സ്വരം മാത്രം കേള്‍ക്കാന്‍
ചുറ്റും പരതുന്ന കണ്ണുകളോ
ആള്‍കൂട്ടത്തിലലിയുന്ന സാന്നിദ്ധ്യം
എവിടെ മറഞ്ഞെന്നറിയുവാനോ
കാണാതിരിക്കുമ്പോള്‍ പരിഭവമോടെ
നീര്‍തുളുമ്പും നയനങ്ങളോ
ദര്‍ശനനിമിഷമോ
ഇമചിമ്മാന്‍ മറക്കുന്നതും
അകലെയാണെന്നറിയുമ്പോള്‍
ചാമ്പലാക്കാന്‍ ജ്വലിക്കുന്നതും
ആ നയനങ്ങളാണോ ഞാന്‍
അന്നൊരിക്കല്‍ കണ്ടത്...........?



Saturday, November 2, 2013

നിശാഗന്ധി



രാവിന്‍ പ്രണയിനി നിന്‍ സുഗന്ധം
എന്‍ നാസിക തുമ്പിനെ തൊട്ടുണര്‍ത്തി
നിന്‍ സുഗന്ധമെന്നെ തൊട്ടുവിളിച്ചപ്പോള്‍
ഒരു മാത്ര ഞാനും പുളകിതനായി

ചെടിയായ് മണ്ണില്‍ നിന്‍ മുളപൊട്ടിയപ്പോള്‍
എന്നിലെ പ്രണയവും നാമ്പിട്ടു നിന്നോട്
എന്‍റെ ദിനങ്ങളിലോരോ നിമിഷവും
നിന്നടുത്തെത്തി ഞാന്‍ നോക്കി നിന്നു

കൌമാരം മൊട്ടിട്ട നിന്നിലെ മാറ്റങ്ങള്‍
അത്ഭുതമോടെ ഞാന്‍ കണ്ടിരുന്നു
നിന്‍റെ ഇലകളില്‍ ഹരിതവര്‍ണ്ണത്തിന്‍റെ
പച്ചപ്പുകണ്ടപ്പോള്‍   എന്‍മനംചൊല്ലി

അടുത്ത പുലര്‍കാലം എനിക്കുനീയേകിയോ
നിന്നിലെ മൊട്ടിന്റെ പുതു നാമ്പുകള്‍
പ്രണയത്തിന്‍ മാധുര്യമേറി വന്നീടുന്നു
ഓരോ ദിനങ്ങള്‍ കഴിയുമ്പോളും

ഒരു രാവിന്‍ പാതി മയക്കത്തിലറിഞ്ഞുഞാന്‍
പൂവായി വിരിഞ്ഞ നിന്‍ പുതു സുഗന്ധം
കറുപ്പിന്‍റെ അഴകായ രാവിനു വേണ്ടി നീ
വെള്ള ചേലയണിഞ്ഞു വന്നില്ലയോ........

നിന്‍റെ സുഗന്ധത്തിന്‍ തീവ്രാനുരാഗം
മതിയാകുവോളം നുകര്‍ന്നു ഞാന്‍ തൃപ്തനായ്‌
സന്തോഷ പൂര്‍ണ്ണനായ് രാവിന്‍റെ മാറില്‍
ശയനം നടത്തി ഞാന്‍ പുലരുവോളം

പുലരിയില്‍ നിന്നരുകിലെത്തിയ നേരത്ത്
കൂമ്പിയടഞ്ഞു കുമ്പിട്ടു നിന്നു നീ
എന്നിലെ അനുരാഗ പുഷ്പമേയിന്നു നീ
തനിച്ചാക്കിയെന്തിനു  പോയ്‌ മറഞ്ഞു...........?

"എന്നിലെ അനുരാഗ പുഷ്പമേയിന്നു നീ
തനിച്ചാക്കിയെന്തിനു  പോയ്‌ മറഞ്ഞു...........?"

Tuesday, October 29, 2013

സ്നേഹത്തിന്റെ കൈത്തിരി


എല്ലാം തികഞ്ഞു എന്നു സ്വയം അഹങ്കരിക്കുമ്പോള്‍ നമ്മളില്‍ നിന്നും പുറത്തേക്കു വരുന്ന വാക്കുകള്‍ മറ്റുള്ളവരെ  വേദനിപ്പിക്കുന്നു . ഒരു പക്ഷെ നമ്മള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട പലതും നാമറിയാതെ നഷ്ടപെടുന്നു . സ്വയം തിരക്കുകള്‍ അഭിനയിച്ചു മറ്റുള്ളവരില്‍ നിന്നും ഒഴിഞ്ഞു മാറുമ്പോള്‍ ഇല്ലാതാകുന്നതും എന്തെല്ലാം ആണ് .മാതാപിതാക്കളും മക്കളും തമ്മില്‍ ഉള്ള സ്നേഹോഷ്മളമായ അന്തരീക്ഷം........സഹോദരങ്ങള്‍ തമ്മിലുള്ള ബന്ധങ്ങള്‍ .........പ്രണയിക്കുന്നവര്‍ തമ്മിലും ....നല്ല കൂട്ടുകാര്‍ തമ്മിലും .......ഉള്ള ബന്ധങ്ങള്‍ ഇല്ലാതാകുന്നു
ക്ഷമിക്കാനൊ അല്പം വിട്ടുവീഴച്ചക്ക്  തയ്യാര്‍ ആകുവാനൊ ആരും തയ്യാറല്ല .നീയില്ലങ്കില്‍ എന്റെ ജീവിതം വെറും വട്ടപൂജ്യം ആണ്  എന്നു പറയുന്നവര്‍ അതെ നാവുകൊണ്ട് പറയുന്നു നീ പോയാല്‍ എനിക്ക്  ഒന്നുമില്ല ........ഒരുപാടു നാളുകൊണ്ട് കെട്ടിപ്പെടുത്ത നല്ലൊരു ബന്ധം ഒരു നിമിഷം കൊണ്ടു പൊട്ടിച്ചെറിയപ്പെടുന്നു . പിന്നീടു എങ്ങനെ കോര്‍ത്തിണക്കിയാലും പഴയ ഭംഗി ഉണ്ടാവില്ല .(പൊട്ടിയ കണ്ണാടിചില്ലുകള്‍ ചേര്‍ത്തുവച്ച്  അതില്‍ കാണുന്ന പ്രതിബിംബം പോലെ ).നമ്മളില്‍ നിന്നും കൈവിട്ടു പോകുന്ന വാക്കുകള്‍ ഒരിക്കലും തിരിച്ചെടുക്കാന്‍ കഴിയില്ല നമ്മള്‍ പറയുന്നതിന് മുന്‍പ്  അല്പമൊന്നു ചിന്തിച്ചാല്‍ ഒരു പരിധിവരെ ഒഴുവാക്കാവുന്ന കാര്യങ്ങള്‍ .ഞാന്‍ എന്ന ഭാവംകൊണ്ടു  പലരും സമൂഹത്തില്‍ നേടുന്നത്   വെറും കോമാളികള്‍ എന്ന വിശേഷണം ആണെന്നു നമ്മള്‍ അറിയുന്നില്ല . അല്പമൊന്നു തുറന്നു സംസാരിച്ചാല്‍ .......ക്ഷമിക്കാന്‍ തയ്യാറായാല്‍ .......ചെറിയൊരു വിട്ടുവീഴച്ച ചെയ്താല്‍ തീരാവുന്നതെ ഒള്ളു നമ്മള്‍ക്ക് മുന്‍പില്‍ വരുന്ന പല പ്രശ്നങ്ങളും.മറ്റുള്ളവരിലെ നന്മകള്‍ കാണുവാനും മനസിലാക്കുവാനും നമുക്ക് ശ്രമിക്കാം ...അഹങ്കാരത്തിന്റെയും വെറുപ്പിന്റെയും നാളങ്ങള്‍ അണച്ചുകൊണ്ടു  സ്നേഹത്തിന്റെ കൈത്തിരികള്‍ തെളിച്ചു കൊണ്ടു നമുക്കും മുന്നേറാം കൂട്ടുകാരെ.......... 

Saturday, October 26, 2013

ആവനാഴി


അപരനെ പഴിക്കുവാന്‍തുനിയുന്ന,
വാക്കുകള്‍ ഉതിര്‍ക്കുവാന്‍ എന്തു രസം....
അറിയില്ലയെങ്കിലും അറിഞ്ഞെന്ന ഭാവേന
ആവനാഴിയിലെ അമ്പു തൊടുത്തുവോ...?

എല്ലാറ്റിനും ഹേതുവായ്-
സ്നേഹമെന്ന വാക്കിനാല്‍ ബന്ധിച്ചു.
ആത്മാവിനാഴങ്ങളില്‍ പതിഞ്ഞൊരാ മൂന്നക്ഷരം
നീറാത്ത മനസ്സിനെ നീറ്റിലിറക്കുന്നു

ചാഞ്ഞുറങ്ങീടുവാന്‍ സൂര്യന്‍ മറയുമ്പോള്‍
അന്തിച്ചുവപ്പിന്‍ വര്‍ണ്ണം വിതച്ചതും....!
പിന്നാലെ വന്നു കരിനിഴല്‍ വീഴ്ത്തി
പകല്‍ വെളിച്ചത്തെ ആട്ടിയകറ്റീതും...!

കരയെ പുണരുവാന്‍ വെമ്പുന്ന തിരപോല്‍
അരികിലണയുന്നു അഹങ്കരമോടെ,
അലമാല തിരികെ മടങ്ങവേ
ശാന്തമായീടുന്നു ഓളപരപ്പും........

അഗാധഗര്‍ത്തത്തിലലയടിക്കുന്നുവോ
ഹുങ്കാരമോടെയിരയെ വിഴുങ്ങുവാന്‍
ശാന്തമായൊഴുകുന്ന പുഴപോലെയെങ്കിലും
നിനച്ചിരിക്കാതെ പൊട്ടിത്തെറിക്കുന്നു...

അഗ്നിശരങ്ങളെയേറ്റു വാങ്ങീടുവാന്‍
തപം ചെയ്തു നേടിയശക്തിയോടെ
ക്ഷമയെന്ന പാത്രത്തില്‍ അമൃതു വിളമ്പുന്നു
സംഹാരരൂപിയെ ശാന്തനാക്കീടുന്നു...

വിഷം വമിക്കുന്ന വാക്കായ് വരുമ്പോള്‍,
കീറിമുറിക്കുന്ന ഹൃത്തിന്റെ വേദന
ഒരുനാളിലുത്തരം നല്‍കേണ്ടി വരുമെന്ന്,
മറവി തീണ്ടാതെ ഓര്‍ത്തുകൊള്‍ക.............!








Tuesday, October 22, 2013

അറിയുന്ന സ്നേഹം


ജീവ കാലമെല്ലാം ഞാന്‍ നിന്നെ തിരഞ്ഞു
നാവുള്ളിടത്തോളം ഞാന്‍ പാടി പുകഴ്ത്തി

എന്‍റെ മോഹം നിന്നോടുമാത്രം എന്‍ദൈവമേ
നീയാണെന്‍റെ അഭിലാഷം

ഈ ഭൂവനത്തിലെ മലര്‍വാടിയില്‍
ഞാന്‍ ഒരു സഞ്ചാരിയായ്

ദൈവസ്നേഹത്താല്‍  നിറയും സുഗന്ധം
എത്ര അതുല്ല്യം എന്‍ദൈവമേ

നിന്‍ സ്നേഹം നുകരുന്നത്
എന്‍ ജീവിത സൗഭാഗ്യം

എന്‍ കണ്ണുകള്‍ നിന്നെ തേടുന്നത്
എത്ര മനോഹരം എന്‍ ദൈവമേ

ഓരോ അണുവിലും അറിയുന്നു ഞാന്‍
നിന്‍റെ ദൈവീക സാന്നിധ്യം

നിന്നെ ഓര്‍ത്തു വേല ചെയ്തിടുമ്പോള്‍
എന്‍ ജീവിതം സുരഭിലമെന്‍ദൈവമേ

തളരുന്ന കാലുകള്‍ താങ്ങിടുമ്പോള്‍
തകരുന്ന ഹൃദയത്തെ ചേര്‍ത്തിടുമ്പോള്‍

ആണിപാടുള്ള നിന്‍കരത്തിനുള്ളില്‍
ഭാഗ്യവതി ഞാന്‍ എന്‍ ദൈവമേ


Sunday, October 13, 2013

പ്രതിമ


ഇന്നൊരാള്‍ ചോദിച്ചു നീയും പ്രിതിമയോ?
ജീവന്‍ തുടിക്കുന്നതായിരുന്നു.......
ഇപ്പൊളില്ലാത്തതും........
ആ തുടിപ്പിന്‍ താളം!

സ്നേഹിച്ചൊരാള്‍ ആ പ്രിതിമയെ
ജീവന്‍ തുടിക്കുന്നതാക്കി മാറ്റി
നാളുകള്‍ മിന്നി മറഞ്ഞു -
മാറ്റത്തിന്‍ കാഹളം കേട്ടു തുടങ്ങിയോ?

സുന്ദരമാകുമാ വദനം പലര്‍ക്കുമേ
ഉള്ളാലെ മോഹമുണര്‍ത്തിയോ?
പറഞ്ഞും പറയാതെയും
തിരിഞ്ഞു നോക്കി നടന്നുപോയവര്‍

ഒളികണ്ണാല്‍ നോട്ടമെറിഞ്ഞവരനവധി
ഒന്നിലും മയങ്ങാത്ത പ്രതിമയോ ....?
കിട്ടാകനിയായി, സ്വയം-
പഴിച്ചു വിലപിച്ചവര്‍

സ്നേഹമാം വാരിധി തീര്‍ത്തയാള്‍
കടലിന്നടിതട്ടു കൊത്തളമാക്കി
അവിടെ തളച്ചിട്ടതോ നിന്‍
തുടിപ്പിന്റെ താളം............!

ഒരുനാള്‍ ചോദിച്ചോരാ വരം കേട്ടുനിന്‍ ,
പ്രാണന്‍ പിടയുന്ന വേദനയോ ?
നിന്‍ ജീവനെനിക്കു നല്‍കു
ആരും നിന്നെ അടര്‍ത്താതിരിക്കുവാന്‍,

എന്നിട്ടുമേന്തെ നീ സ്വതന്ത്രയായില്ല?
അത്രമേല്‍ സ്നേഹം പകര്‍ന്നു തന്നോ!
അവനിലലിഞ്ഞു ചേര്‍ന്നാജീവന്‍
ഇന്നു വെറുമൊരു പ്രതിമയായി.............!






Sunday, October 6, 2013

സ്വാര്‍ത്ഥമോഹങ്ങള്‍


സ്നേഹമെന്ന വാക്കിന്‍റെ അര്‍ത്ഥമിന്നെന്താണ്
മനുജന്റെ ജീവിതയാത്രയെങ്ങോട്ടാണ്

സ്വാര്‍ത്ഥതയാൽ ചിലർ അന്ധരായ്‌ മാറുന്നു
ക്രൂരമാം ചെയ്തികൾ ചെയ്തു മദിക്കുന്നു

പെറ്റമ്മയായാലും പൊന്നുമോളായാലും 
സ്ത്രീത്വം പലപ്പോഴും വികൃതമാക്കീടുന്നു

സ്വന്തം സുഖം തേടി പായുന്ന വേളയിൽ
മക്കളെപ്പോലും ഉപേക്ഷിച്ചു പോകുന്നു

ആഡംബരത്തിൽ മുങ്ങിക്കുളിക്കുവാൻ 
പിഞ്ചു പൈതങ്ങളെ ബലിമൃഗമാക്കുന്നു

വാർദ്ധക്ക്യമെത്തിയ മാതാപിതാക്കളെ
വൃദ്ധ സദനങ്ങളിൽ നിർദ്ദയം തള്ളുന്നു

എതിര്‍ക്കുവാന്‍ കഴിയില്ലെന്നറിഞ്ഞുകൊണ്ടല്ലയോ
മർത്ത്യരീ ക്രൂരത ചെയ്തുകൂട്ടീടുന്നു

സ്വന്തം ശരീരത്തില്‍ നുള്ളുമ്പോള്‍ മാത്രമേ
വേദനയെന്തെന്നിവർ അറിവതുള്ളൂ

പൂര്‍വികര്‍ നല്‍കിയ സ്നേഹ സന്ദേശങ്ങൾ 
സ്വാർത്ഥ മോഹങ്ങളിൽ മറഞ്ഞിടുന്നു

നിസ്വാർത്ഥ സ്നേഹം നിറഞ്ഞു തുളുമ്പീടുന്ന 
ഇനിയൊരു കാലമുണ്ടാകുമോ ഭൂവിതിൽ?


*************************

നെരിപ്പോട്


                        ഉള്ളിലേക്ക് എടുക്കുന്ന ശ്വാസം അടുത്ത നിമിഷംപുറത്തേക്കു വിടുവാന്‍ പോലും കഴിയുമോ എന്നു അറിയില്ല ? എന്നിട്ടും മനുഷ്യന്‍ എല്ലാം തന്റെ കഴിവെന്നു അഹങ്കരിക്കുന്നു. മറ്റുള്ളവരുടെ ചെറിയ ഒരു തെറ്റുപോലും ക്ഷമിക്കാന്‍ കഴിയാത്തവര്‍ . നാം ചെയ്യുന്നതൊക്കെയും ശരിയെന്നു കരുതി മറ്റുള്ളവരെ വിധിക്കുമ്പോള്‍ നമ്മളിലേക്ക് വരുന്നതോ ഒന്നിന് പകരം പത്തു പേരുടെ വിധി കല്പിക്കല്‍ ആകും .പക്ഷെ അത് ആരും തിരിച്ചറിയുന്നില്ല. തരം കിട്ടിയാല്‍ പ്രിയപ്പെട്ട സുഹൃത്തിനെ പോലും ഒറ്റിക്കൊടുക്കാനും ചതിക്കാനും തയ്യാറാകുന്നവര്‍....,....സ്നേഹത്തിന്റെ മഹുത്വം അറിയാത്തവര്‍,...മറ്റുള്ളവര്‍ സ്നേഹിക്കുന്നത് കാണുമ്പോള്‍ അവരെ ഏതുവിധേനയും വൃത്തികെട്ടവരായി ചിത്രീകരിച്ചും ഇല്ലാത്ത കുറ്റങ്ങള്‍ ചാര്‍ത്തി കൊടുത്തും സുഖം കണ്ടെത്തുന്നവര്‍,..ആത്മാര്‍ത്ഥ സ്നേഹം തിരിച്ചറിയാതെ വെറും കപടത ആണെന്ന് വിരള്‍ ചൂണ്ടുന്നവര്‍,...സത്യം തിരിച്ചറിയാതെനീയാണ് തെറ്റുകാരന്‍ എന്നു അലറുന്നവര്‍,...അങ്ങനെ എത്ര പേര്‍ നമുക്കു ചുറ്റുവും .........നമ്മളിലും...എന്തെല്ലാം കാണണം ?...കാലത്തിന്റെ പോക്ക് ദയ ഇല്ലാത്ത കൊലയാളിയെ പോലെ കാത്തുനില്‍ക്കുന്നു.പണ്ഡിതനായാലും പാമരനായാലുംഉത്തരം നല്‍കിയാലെ കടന്നുപോകാന്‍ പറ്റു എന്ന സത്യം തിരിച്ചറിഞ്ഞിരുന്നെങ്കില്‍  എത്ര നന്നായിരുന്നു..........!

Saturday, September 28, 2013

എന്നിലെ ഞാന്‍


എന്നിലെ എന്നെ അളന്നവര്‍ക്കിന്നു-
കിട്ടിയതെന്തെല്ലാം ചോദ്യോത്തരങ്ങളായ് ?
ഒന്നിലും പൂര്‍ണ്ണതയില്ലാത്ത രൂപമോ
എല്ലാം തികഞ്ഞൊരുകളിപ്പാവകുട്ടിയോ ?

ദു:ഖമുറഞ്ഞ മനസിന്റെ വേപഥ്‌
ചൊല്ലി കഴിഞ്ഞപ്പോള്‍ കിട്ടിയൊരാശ്വാസം
ദീര്‍ഘനിശ്വാസമായ്,ഗദ്ഗദമായത്-
തീര്‍ത്തുമവള്‍ക്കൊരു സാന്ത്വനമായ് മാറി

രണ്ടു ദിനങ്ങള്‍കൊണ്ടെല്ലാമറിഞ്ഞവര്‍
കപടദു:ഖത്തിന്റെ മൂടുപടത്തോടെ......
അകമേ പുച്ഛമാം പൊട്ടിച്ചിരിയോടെ
യാത്ര പറഞ്ഞു പിരിഞ്ഞുപോയ് പെട്ടന്ന്.

സര്‍വ്വവും നേടിയ വിജയാഹ്ലാദത്തോടവര്‍
വേട്ടനായ്ക്കളായ്  തന്ത്രം മെനയുവാന്‍
ചൊല്ലാത്ത കാര്യങ്ങള്‍ ഭാവനകൊണ്ടവര്‍,
ഉയരത്തിലുള്ളോരു കോട്ടയായ് നിര്‍മ്മിച്ചു.

നാലുചുമരുകള്‍ക്കുള്ളിലവരെന്നെ
ബന്ധനസ്ഥയാക്കി ആരുമറിയാതെ
അറിയാന്‍ വൈകിയ സത്യങ്ങളൊക്കെയും,
അവളെ പഠിപ്പിച്ചതെന്തെന്തു പാഠങ്ങള്‍?

കപടതയോടെ അടുത്തുകൂടുന്നവര്‍,
മിത്രമായ്, പിന്നെ ബന്ധുക്കളായ് നടിക്കുമ്പോള്‍
മറക്കരുതൊന്നെ ജീവിത പാഠം
തിരിച്ചറിഞ്ഞീടുക സത്യവും മിഥ്യയും!

എല്ലാവരോടും ഒരിക്കലുംചൊല്ലരു-
തുള്ളിലെ സന്തോഷവും സങ്കടമായാലും.
എല്ലാ രഹസ്യവുമുള്ളിലൊതുക്കുക
 അന്തരാത്മാവിന്‍ പേടകം തന്നിലായ്.......


Monday, September 23, 2013

ആരോമല്‍


ആരോമല്‍ പൈതലിന്‍ പൊന്‍മുഖം കാണുവാന്‍  
വിങ്ങുന്നുവിന്നെന്റെ മാനസവും
ആറ്റുനോറ്റുണ്ടായൊരുണ്ണിയെ കാണുവാന്‍
ഏറെകൊതിക്കുമെന്‍  നയനങ്ങളും

അമ്മതന്‍ മടിയിലിരുത്തിയൂട്ടാനും
താരാട്ടു പാടിയുറക്കുവാനും
നിന്‍ കിളികൊഞ്ചല്‍ കേള്‍ക്കുവാനും
ഇന്നെനിക്കേറെ കൊതിയാണ് പൈതലേ...

അമ്മയെ കാണാതുഴറുന്ന കുഞ്ഞേനിന്‍,
നൊമ്പരമത്രയും ഞാനറിവൂ........!
എന്‍ മാറിലെ ചൂടില്‍ ചേര്‍ത്തണച്ചീടുവാന്‍
ഉള്ളം പിടയുന്നു ഹൃത്തടംതേങ്ങുന്നു.

ചാരത്തിരുന്നിന്നു നിന്നെ പുണരുവാന്‍
എന്‍ കൈയും മനവും തുടിക്കുന്നു ഓമലെ
കുഞ്ഞു മനസ്സിന്റെ നൊമ്പരമൊപ്പുവാന്‍
നീട്ടുവാനെന്‍കൈകള്‍ ദൂരെയല്ലോ.............?

Wednesday, September 18, 2013

മഞ്ഞകിളി


മഞ്ഞകിളി പെണ്ണിന്‍ കൊഞ്ചല്‍ കേള്‍ക്കാതെ
ഇന്നെന്റെ പ്രഭാതമുണരുകില്ല
നിന്‍നാദമെന്‍ കാതില്‍ അലയടിക്കുമ്പോള്‍
എന്നുള്ളില്‍ വര്‍ണ്ണപ്രഭ തെളിയും

ദൂരെയിരിക്കുന്ന വൃക്ഷശിഖിരത്തിലെ
നിഴല്‍ പതിക്കാത്തൊരു ചിത്രമോ നീ...?
മഞ്ഞാട  ചുറ്റിയ നീയിന്നു,
മങ്ങാത്ത ചിത്രമായ്‌ ഹൃത്തില്‍പതിച്ചതും!

കാഞ്ചനകൂട്ടിലടക്കുവാന്‍ വന്നതും
സ്വാര്‍ത്ഥതയെന്നില്‍ നിറഞ്ഞതിനാലെ...
അകലല്ലേ മറയല്ലേയെന്നു കരഞ്ഞതും
നിന്‍ മനപന്തലില്‍ വന്നതും ഞാന്‍...,.......

ചിറകുകള്‍ വീശി പറന്നുയര്‍ന്നീടവേ
മുള്ളിനാല്‍ കോര്‍ത്തു നിന്‍ ചിറകു മുറിച്ചതും
മുറിവേറ്റു വീണതാം നിന്‍ ദേഹി
എന്‍ പാണിയാല്‍ ചേര്‍ത്തുപിടിച്ചതും!

നിമിഷങ്ങളെണ്ണി ഞാന്‍ കാണാതിരിക്കുമ്പോള്‍
വാക്കിന്റെ കത്തികള്‍ മൂര്‍ച്ചകൂട്ടുന്നതും
കാണും നിമിഷം കഴുത്തറുത്തീടുവാന്‍...,
സ്പന്ദനം കേള്‍ക്കുമ്പോളെല്ലാം മറന്നതും.

ചെയ്യാത്ത തെറ്റുകള്‍ ചൂണ്ടിപറഞ്ഞതും
എന്‍ മനചാപല്ല്യമെന്നു കരുതുവിന്‍
കൂടുതുറക്കാം ഞാന്‍ ദൂരേക്ക്പോകുവിന്‍
സ്നേഹ കതിരൊളി വീശീടുവാന്‍..................!,...........!


Sunday, September 15, 2013

ഓണസ്മൃതികള്‍


തുമ്പയും തുളസിയും നാട്ടുവഴികളും
ഇന്നിന്റെ ഓര്‍മ്മയില്‍ മാഞ്ഞുപോകുന്നുവോ
കള്ളവുമില്ല ചതിയുമില്ലാത്തൊരു കാലത്തിനോര്‍മ്മ,
ഇനി വരില്ലെന്നുള്ളോരു സത്യമാം വേദന.......

ഓണത്തിന്‍ പൂക്കളം തീര്‍ത്തൊരു ബാല്യവും
അതുമിന്നു വെറുമൊരു പാഴ്കിനാവ്‌.....,
പണമുള്ളവനെന്നും ഓണമാണെന്നുള്ള-
ഇന്നത്തെ വായ്‌താരി എത്രയോ സത്യമേ.

ഓണപുടവയുമായ് വരും പ്രിയരേ
കാത്തിരിക്കാനിന്ന് നേരമില്ല......
ഊഞ്ഞാലിലാടനും തുമ്പിതുള്ളീടാനും
കുട്ടികള്‍ക്കൊന്നുമേ നേരമില്ല......

പശ്ചാത്യസംസ്കാരം കടമെടുത്തീടുന്ന,
മര്‍ത്യന്റെ ത്വരയെ നമിക്കാതെ വയ്യാ.....
എന്തിനുമേതിനും കൃത്രിമത്തങ്ങളെ
ഈ ഓണനാളിലും കാണാന്‍ കഴിയുക

കുട്ടികളെല്ലാമേ സൈബറിന്‍ ലോകത്തും
മുതിര്‍ന്നവരൊക്കെയും ടെലിവിഷന്‍ മുന്നിലും
പരസ്പരം ഉരിയാടാന്‍ നേരവുമില്ലല്ലോ,
കാലത്തിന്‍ പോക്കിത് ചിന്തനീയം ....?

പൂര്‍വ്വികര്‍ നല്‍കിയ നന്മതന്‍ കൈത്തിരി,
അണയാതെ കാക്കുവാന്‍ കഴിയുന്നില്ലാര്‍ക്കുമേ.
പണ്ടുകാലത്തിന്റെ ഓണദിനങ്ങള്‍....,
ഇന്നും മായാത്ത സുന്ദരകാവ്യം........

പഴയകാലത്തിന്റെ ഓര്‍മ്മയില്‍ മുങ്ങവേ
കിനാവിലിപ്പോളും വിരുന്നുവന്നീടുന്നു...
ഓണകളികളും ഓണപൂക്കളവും
ചമ്രംപടിഞ്ഞു, തൂശനിലയിലെയൂണും.....

"മുറ്റത്തെ പൂക്കളമോയില്ലിന്നു കാണാന്‍,.......
മനസ്സിലാണ്  പൂക്കളം സ്വാര്‍ത്ഥതയുടെ പൂക്കളം"  








Wednesday, September 11, 2013

തൂലിക


സത്യം ജയിക്കുവാന്‍ തൂലികത്തുമ്പിനെ
പടവാളായ് മാറ്റിയ കൂട്ടുകാരി
നിനക്ക് അഭിനന്ദനം ചൊല്ലി മടങ്ങുവാന്‍ എന്തോ?
ഇന്നെന്‍ മനസ്സിന് ശക്തി പോരാ

നീ കുറിക്കുന്ന വരികളില്‍ പലതുമേ
പലഹൃത്തിനുള്ളിലും കുറിക്കുകൊണ്ടീടുന്നു
എന്‍ മനതാരില്‍ തെളിഞ്ഞതാണെന്നവള്‍
പുഞ്ചിരിയോടെ മൊഴിഞ്ഞു മറയുന്നു

സാമൂഹ്യ തിന്മതന്‍  മാറ്റങ്ങളെല്ലാം
ചൂണ്ടുവിരലാക്കി തൂലിക കൊണ്ടവള്‍
കൊടുംങ്കാറ്റു വിതച്ചു നീ ഭാഗവാക്കാവുന്നു
നല്ലൊരു പുലരിയെ കണ്ടു മുന്നേറുവാന്‍

മിത്രങ്ങള്‍തന്നുടെ തെറ്റുകണ്ടീടുമ്പോള്‍
മടിയേതുമില്ലാതെ ചൊല്ലുന്നു അരുതെന്ന്
സത്യമാം മുഖമുദ്ര കൂടെയുണ്ടതിനാലെ
മിത്രങ്ങള്‍ പലരുമേ ശത്രുവായ്‌ മാറുന്നു

സത്യമാം അറിവിന്റെ ഉത്തമബോധ്യങ്ങള്‍
ചൊല്ലി നേര്‍വഴിയെ നടത്തുന്നു സഹജനേ
തെറ്റിദ്ധരിച്ചവര്‍ നേരറിഞ്ഞീടുമ്പോള്‍
തിരികെവരുമെന്ന് ചൊല്ലികടന്നുപോയ്

തൂലിക കോറിയ യാത്രയിലൊക്കെയും
കനലായ് എരിഞ്ഞു നീ ജ്വലനം നടത്തീല്ലേ
പിന്തിരിഞ്ഞിന്നു നീ നോക്കേണ്ട തൂലികേ
കുതിച്ചുപാഞ്ഞിന്നു നീ മുന്നോട്ടുപോകുവിന്‍

Tuesday, September 10, 2013

നിറദീപം


ശ്യൂന്യമാണെന്‍ മാനസം
അതിലൊരു നിറദീപം
കരിന്തിരി കത്താതൊരിക്കലും
തെളിക്കുവാന്‍ വന്നവള്‍ നീ

ചെമ്പകപൂവിന്‍ നൈര്‍മല്ല്യമോടെ
സുഗന്ധം പരത്തുന്നുയെന്നില്‍ നീ
എന്‍ ഹൃദയകോവിലിലെന്നും
അടരാതെ സൂക്ഷിക്കുമാപുഷ്പം

പിച്ചി ചീന്തിയ മാംസമായ് നിന്നെ
കൂട്ടമായ്‌ ചേര്‍ന്ന് ദൂരെയെറിഞ്ഞതോ
വൈഡൂര്യമായ്  തിളങ്ങിയ നിന്‍ മുഖം
പല്ലും നഖവും വികൃതമാക്കിയോ

ഭ്രാന്താലയത്തിന്റെ ചുവരുകള്‍ക്കുള്ളില്‍
ദൂരേക്ക്‌ ദൃഷ്ടികള്‍ പായിച്ചു നിന്നവള്‍
പൊട്ടിചിരികളും അട്ടഹാസങ്ങളും മുഴങ്ങുന്നു
ബധിരയായ് നില്‍ക്കുന്നിതായിവള്‍

തെറ്റു ചെയ്യാതെ ശിക്ഷയേറ്റവള്‍
എല്ലാം നിശബ്ദം സഹിച്ചതുമവള്‍
രക്ഷകരായ്  കടന്നു വന്നവര്‍ തന്നെ
ശിക്ഷകരായ് മാറിയതും പിന്നെ

കുപ്പയില്‍നിന്ന് കിട്ടിയ മാണിക്യം
ഇന്നെന്‍ ജീവനില്‍ പ്രകാശം പരത്തുന്നു
ഒരിക്കലുമണയാത്ത നിറദീപമായ്
ചെമ്പകപൂവിന്‍ സുഗന്ധമോടെ.........

Saturday, September 7, 2013

അളവുകോല്‍


ആത്മ നൊമ്പരത്തിന്റെ കണക്ക്‌
അത്  ആര്‍ക്കറിയാം?
ഉത്തരമില്ലാത്ത ചോദ്യങ്ങള്‍!! ......
സൂത്രവാക്യങ്ങള്‍ ചേരാത്ത കണക്കുകള്‍ !

തന്നവര്‍ക്കറിയില്ല അതിന്‍റെ അളവും ആഴവും
സ്വീകരിച്ചവര്‍ക്കോ അളക്കാനാകില്ല
അതിന്‍റെ ആഴവും പരപ്പും
ഇതൊന്നുമല്ലാത്ത എന്തോ ഒന്നു?

ദൂരെയിരിക്കുമ്പോള്‍ സ്നേഹത്തിന്‍  അളവുകോല്‍
 നൊമ്പരമായ്  മാറുന്നു
അളക്കാനാകാത്ത നൊമ്പരം
നെഞ്ചില്‍ വിങ്ങലായ് മാറുന്നു

പിന്നെ നിറയുന്നു മിഴിയിണകള്‍,
രണ്ടാരുവികളായ്  കവിളിണകളെ തഴുകുന്നു
പിന്നെ കനലായ് മാറിയ മനം
ഒരു തീജ്വാലയായ് ,അഗ്നി കുണ്ഡമായ്
എന്തിനേയും ദഹിപ്പിക്കാന്‍ കഴിവുള്ള,
കരുത്തിന്റെ രൂപമായ്‌ മാറുന്നു
നിഴലായ് നിറമായ്‌ മുന്നേറുന്നു !

ആര്‍ക്കുവേണമെങ്കിലും അളന്നുനല്‍കാം
അതെ അളവിനാല്‍ തിരികെ -
നിനക്കും കിട്ടുമെന്നറിയുക...............!

Thursday, September 5, 2013

തിരിച്ചറിയുന്ന സ്നേഹം




         ഇന്നവര്‍ തനിച്ചല്ല .....വളരെ നാളുകളായി അവര്‍ നല്ല കൂട്ടുകാരായിരുന്നു നല്ല ഒരു ചിത്രംവരകാരിയാണ്‌ സോനാ അവളുടെ ചിത്രങ്ങള്‍ക്ക് മിഴിവേകിയത് ജെറിയുടെ സാനിദ്ധ്യമായിരുന്നു കാരണം അവന്‍ പറഞ്ഞകഥകളില്‍നിന്നു സോനാ ഒരുപാടര്‍ത്ഥങ്ങള്‍ നിറഞ്ഞ ചിത്രങ്ങള്‍ക്ക് ജന്മമേകി .... അവനില്ലങ്കിലന്ന് ചിത്രവുമില്ലാത്ത അവസ്ഥ .
          ഒരിക്കല്‍ ജെറിയൊരു  സുഹൃത്തിനെ പരിജയപ്പെട്ടു. ജിത്തു അതാണ്പേരെങ്കിലും മോനുട്ടനെന്നാണ് അവന്‍റെ ഓമനപ്പേര്.ജെറിയിലൂടെ സോനയുമവന്റെ സുഹൃത്തായി . ജീവിതത്തിനും മരണത്തിനുമിടയില്‍ യാത്രചെയുന്ന ഒരുകൂട്ടുകാരന്‍ അതായിരുന്നു ജിത്തിന്‍റെ  വിശേഷണം .ജെറി അവന്‍റെ  മമ്മയില്‍നിന്നും മനസിലാക്കിയ സത്യം .അവരുടെ കൂട്ടു മോനൂട്ടനു ഒരുപാട് മാറ്റങ്ങള്‍നല്‍കി മൂകമായിരുന്ന അവന്‍റെ മുഖം പ്രസന്നമാകാന്‍ തുടങ്ങി.സോനയുടെ ചിത്രങ്ങളോട് അവനു വല്ലാത്ത ഒരിഷ്ടം അത് പിന്നെയൊരുതരം ആരാധനയായിമാറി .ഒരിക്കല്‍ മോനൂട്ടന്‍ ജെറിയോടെല്ലാം തുറന്നുപറഞ്ഞു സോനയെ അവന്‍ ഇഷ്ടപ്പെടുന്നതും അതിന്‍റെ ആഴമെത്രയെന്നു അറിയില്ലയെന്നും, അവളെ നഷ്ടമായാല്‍ പിന്നെ താനും ആനിമിഷം ഒരോര്‍മ്മ മാത്രമാകും അത്രയെ എനിക്കറിയു. തന്‍റെമാത്രം സ്വന്തമായ്കരുതി കൊണ്ടുനടക്കുന്ന സോനയെ വേറൊരാള്‍ ഇഷ്ടപ്പെടുന്നത് ജെറിക്ക് താങ്ങാവുന്നതിലുമധികമായിരുന്നു.അവന്‍ എന്തു ചെയ്യണമെന്നറിയാതെപകച്ചുനിന്നു.തന്‍റെസങ്കടമെങ്ങനെ സോനയോടുപറയും, പറഞ്ഞാലൊരുപക്ഷെ സോനാ മോനൂട്ടനെ വെറുത്താലോ.കുറച്ചുദിവസങ്ങള്‍കൊണ്ട് ജെറിയൊരുതീരുമാനത്തിലെത്തി .സഹനത്തിന്‍റെ മൂര്‍ധന്യത്തില്‍നിന്നുകൊണ്ട് സോനയെ മോനൂട്ടന് വിട്ടുകൊടുക്കാം പക്ഷെയെങ്ങനെ സോനയെ പറഞ്ഞുമനസിലാക്കും....  ഒടുവില്‍ ജെറി എന്തെക്കൊയോ മനസ്സിലുറപ്പിച്ചുകൊണ്ട്‌ ഒരു തീരുമാനമെടുത്തു. സോനയില്‍ നിന്നുമകലാന്‍ പിന്നീടെന്താവും അവരുടെയിടയില്‍  സംഭവിച്ചത് ..........?
 ..
              സോന ഒരു കിലുക്കാംപ്പെട്ടിയായിരുന്നു .കൂട്ടുകാരികള്‍ അവളെ  കൗതുകത്തോടെയായിരുന്നു നോക്കാറ് . അവളുടെ കലപില കൂട്ടിയുള്ളസംസാരം മനോഹരമായി ചിത്രം വരക്കാനും  പഠിക്കാനും മിടുക്കിയായിരുന്നു. അധ്യാപക ദമ്പതിമാരുടെ മൂന്ന് മക്കളില്‍ ഇളയവള്‍ .മൂത്തരണ്ടുചേച്ചിമാരുമടങ്ങുന്നതാണ് അവരുടെകുടുംബം.കൊണ്ടും
കൊടുത്തും അടിച്ചുംകളിച്ചും വളര്‍ന്നവര്‍ കളിക്കൂട്ടുക്കാരെപോലെ ആയിരുന്നു സഹോദരിമാര്‍.വീട്ടില്‍ സന്ധ്യയായാല്‍ എല്ലാവരുംകൂടി പ്രാര്‍ത്ഥിച്ചു അതിനുശേഷം ആഹാരവും കഴിഞ്ഞു ഒരു ഒത്തുകൂടല്‍ ഒരു മണിക്കൂര്‍ ആ വീട് പറഞ്ഞറിയിക്കാന്‍പറ്റാത്ത ഒരു സ്നേഹവലയമാണ്.മറ്റുള്ളവര്‍ അസൂയയോടെ നോക്കി പോകും.ഇന്നത്തെ കാലത്ത് പല വീടുകളിലും ഇല്ലാതെപോകുന്നതും മക്കളും മാതാപിതാക്കളും തമ്മിലുള്ള ഈ ഒത്തുചേരല്‍ ആണ് .സ്നേഹം എന്നാ വാക്കുപോലും കേട്ടിട്ടില്ലാത്തപോലാകുംപലരുടെയും പെരുമാറ്റം.
              ചേച്ചിമാര്‍ ഉന്നത പഠനത്തിനായി ദൂരേക്ക് പോയപ്പോളായിരുന്നു സോന ഏറ്റവുംകൂടുതല്‍ സങ്കടപ്പെട്ടത്. പിന്നീടു പഠനത്തിനു ശേഷം ഒഴിവുസമയങ്ങള്‍ ചിത്രംവരയുടെ ലോകമായിരുന്നു സോനയുടെ കൂട്ട്, സോന പിന്നീടു നല്ല ഒരു ആര്‍ട്ടിസ്റ്റ് ആയിമാറി അവളുടെ ചിത്രപ്രദര്‍ശനം പലസ്ഥലങ്ങളിലും നടക്കാറുണ്ട്. അങ്ങനെ നടന്ന ഒരു പ്രദര്‍ശനത്തില്‍വച്ചാണ് ജെറിയും സോനയും പരിചയപ്പെടുന്നത്.പിന്നീടു എവിടെ സോനയുടെ ചിത്രപ്രദര്‍ശനം ഉണ്ടെങ്കിലും ജെറി പോകാറുണ്ട്.നല്ല ഒരു ഇന്റീരിയര്‍ ഡിസൈനര്‍ ആണ് ജെറി.അവനാവശ്യമുള്ള ചിത്രങ്ങള്‍പലതും സോനയാണ് വരച്ചു നല്‍കിയത്, അവന്‍റെ ഭാവനയില്‍ തെളിയുന്നചിത്രങ്ങളെല്ലാം   സോനയുടെ വിരള്‍ത്തുമ്പ്‌കൊണ്ട് ക്യാന്‍വാസില്‍ കോറിയപ്പോള്‍ അഴകിന്‍റെ  കൊടുമുടിയില്‍തീര്‍ത്ത മനോഹര ദൃശ്യങ്ങളായി.  
          ജെറിയുടെ ജോലിക്കുശേഷമുള്ള സമയങ്ങള്‍ സോനയോടൊത്തു ചിലവഴിക്കാന്‍ അവന്‍ തീരുമാനിച്ചു .സോനയും അതില്‍ സന്തോഷവതിയായിരുന്നു.സോന ആസമയങ്ങളില്‍ ധാരാളം ചിത്രങ്ങള്‍വരച്ചു. ആചിത്രങ്ങളുടെ ആദ്യത്തെ ആരാധകനും വിമര്‍ശകനും എല്ലാമവനായിരുന്നു അവന്‍ നല്‍കുന്നപ്രോത്സാഹനവും സോനയുടെ കഴിവുമൊത്തുചേര്‍ന്നപ്പോള്‍ സോന ചിത്രകലയുടെകൊടുമുടികള്‍ കീഴടക്കി തുടങ്ങി.അതോടെ സോനക്ക് ആരാധകരും കൂടിവന്നു എവിടെ ചിത്രപ്രദര്‍ശനമുണ്ടെങ്കിലും പരിചയപ്പെടാന്‍ പലരുംവരും .ഈ കാഴ്ച ജെറിക്ക് അല്പംവിഷമം ഉണ്ടാക്കുന്നതായിരുന്നു.അതിനൊരു കാരണമുണ്ട് ജെറിക്ക് സോനയോടു തോന്നിയ സ്നേഹം അതില്‍ അല്പം സ്വാര്‍ത്ഥത കടന്നുകൂടിയെന്നു മാത്രം. അവന്‍റെ സങ്കടവുംദേഷ്യവുമെല്ലാം  സോനയോടു തുറന്നുപറഞ്ഞു

                   പിന്നീട് വന്നദിവസങ്ങളില്‍ പലപ്പോഴും അവര്‍ തമ്മില്‍കൊച്ചുകൊച്ചു പിണക്കങ്ങളും പിന്നെ ഇണക്കങ്ങളും പതിവായി .അപ്പോഴാണ്  അവര്‍ കൂടുതല്‍ ആഴത്തില്‍ പരസ്പരം സ്നേഹിക്കാന്‍ തുടങ്ങിയിരിക്കുന്നു എന്നു മനസിലാക്കിയത്.ഒരിക്കല്‍ സോന വരച്ച ഒരു ചിത്രത്തിന് അല്പം അപാകത ഉണ്ടായി പക്ഷെ ജെറിയുടെ തിരക്ക്മൂലം അവന്‍ ശ്രദ്ധിച്ചതുമില്ല.ഒന്ന് നോക്കണം എന്നു പറഞ്ഞെങ്കിലും സോനയിലെ കഴിവിനെ പൂര്‍ണ്ണവിശ്വാസം ഉള്ളതുകൊണ്ട് അവന്‍ കാര്യമാക്കിയില്ല.ആ ചിത്രത്തിന് വിമര്‍ശനങ്ങള്‍ വന്നപ്പോളാണ് അവര്‍ അത്ശ്രദ്ധിച്ചത്, എല്ലായിടത്തുനിന്നും അഭിനന്ദനങ്ങള്‍ലഭിച്ചിരുന്ന സോനയുടെ ചിത്രങ്ങള്‍ക്ക് വിമര്‍ശനം ഉണ്ടായപ്പോള്‍ അവള്‍ ശരിക്കുംതളര്‍ന്നു പോയി തന്‍റെ അശ്രദ്ധകാരണം ഇങ്ങനെ ആയതെന്നു ഓര്‍ത്തപ്പോള്‍ അവളുടെ മിഴികള്‍ അറിയാതെ നിറഞ്ഞൊഴുകി.അതിലും കൂടുതല്‍ വേദനിച്ചത് നമ്മുടെ ജെറിയും.ആശ്വാസമായി അവള്‍ക്കരുകില്‍ ചെന്നുവെങ്കിലും അത്രപെട്ടന്ന് അവളെ ശാന്തമാക്കാന്‍ അവനും കഴിഞ്ഞില്ല. ഈ സംഭവത്തിനുശേഷം സോന തന്‍റെചിത്രങ്ങള്‍ വരക്കുമ്പോള്‍ നല്ലശ്രദ്ധയോടെ ചെയ്യാന്‍തുടങ്ങി ജെറിക്കും ഒരു ഗുണപാഠമായിരുന്നു ആ സംഭവം.

                      ഇതിനിടയിലേക്കാണു മോനൂട്ടന്‍ കടന്നു വന്നത്. മോനൂട്ടന്‍റെ പപ്പാ നേരത്തെ മരിച്ചുപോയി ഓര്‍ക്കാപുറത്തു വിരുന്നുവന്ന ഒരു ഹൃദയസ്തംഭനമായിരുന്നു അവന്‍റെ പപ്പയെഅവനു നഷ്ടമാക്കിയത് .അവന്‍റെ മമ്മ കോളേജ്പ്രഫസര്‍ ആയിരുന്നു . ഭര്‍ത്താവു നേരത്തെനഷ്ടപ്പെട്ടെങ്കിലും മകനുവേണ്ടി മറ്റൊരുവിവാഹം വേണ്ടന്നുതീരുമാനിച്ചു. നല്ല ചുറുച്ചുറുക്കോടെ നടന്നിരുന്ന മോനുട്ടനു ഇടക്കിടക്ക് വല്ലാത്തക്ഷീണം അനുഭവപ്പെടുന്നു ,അങ്ങനെയാണ് അവര്‍ ആശുപത്രിയില്‍ ചെക്കപ്പിനു പോയത്.പല ടെസ്റ്റുകളും നടത്തി ഡോക്ടര്‍ പറഞ്ഞത് കേട്ടപ്പോള്‍ ആ മാതൃഹൃദയം കത്തികൊണ്ട് മുറിപ്പെടുത്താതെ തനിയെവിണ്ടു രക്തമൊഴുകുന്ന അവസ്ഥയായി.മോനുട്ടന്‍റെ രക്തത്തിലെ ചുവന്നഅണുക്കള്‍ അനുനിമിഷം നശിച്ചുകൊണ്ടിരിക്കുന്നു .ചികിത്സ കൊണ്ട് കാര്യമില്ലാ എന്നുകൂടി കേട്ടപ്പോള്‍ എല്ലാം പൂര്‍ത്തിയായി .ഈ അവസ്ഥയില്‍ സോനയെ അവനു വിട്ടുകൊടുക്കുന്നതല്ലേ തനിക്കു ചെയ്യാന്‍ പറ്റുന്ന പുണ്യം എന്നു ജെറി ചിന്തിച്ചെങ്കില്‍ എന്താണ് അതില്‍ തെറ്റ് ?
                     ഓരോരോ കാരണങ്ങള്‍ പറഞ്ഞു ജെറി പിന്നീടു തിരക്കഭിനയിക്കാന്‍തുടങ്ങി. പക്ഷെ സോന ആദ്യമൊന്നും കാര്യമാക്കിയില്ല ജോലിതിരക്കാവും എന്നു കരുതി.പിന്നീടു പലപ്പോളും അവന്‍ സോനയെ കാണാന്‍ വരാതെയായി .വരുമ്പോള്‍ ചോദിച്ചാല്‍ പറയും ദൂരെ എവിടെയെങ്കിലും ഓഫീസ് ആവശ്യത്തിനു പോകേണ്ടി വന്നു എന്നാവും മറുപടി. അതോടെ സോനക്കും ചിത്രങ്ങള്‍ വരയ്ക്കാന്‍ താല്പര്യം ഇല്ലാതായി മനപ്പൂര്‍വ്വം തന്നെ ഒഴിവാക്കുന്നതാണെന്ന് മനസിലായപ്പോള്‍.സോനയുടെ ചോദ്യത്തിനുള്ള ഉത്തരം ഒരിക്കലും അവനില്‍ നിന്ന് ലഭിച്ചില്ല.അവന്‍ മൌനം പാലിക്കുന്നു ഒഴിഞ്ഞു മാറുന്നു.അങ്ങനെ പോകവേ ജെറിക്ക് അമേരിക്കയില്‍ നല്ലൊരു സ്ഥാപനത്തില്‍ ജോലി ലഭിച്ചു.അവന്‍ സോനയോടും മോനൂട്ടനോടും യാത്ര പറഞ്ഞു പിരിയാന്‍ നേരം സോനയോടു പ്രത്യേകംപറഞ്ഞത് മോനൂട്ടനു നീയായിട്ട് സങ്കടം ഉണ്ടാക്കരുത് ഒരുപാട് ചിത്രങ്ങള്‍ വരക്കണം .സോന ഒന്നേ മറുപടി പറഞ്ഞോള്ളു എത്രനാള്‍ കഴിഞ്ഞാലും സോന ഇങ്ങനെ കാത്തിരിപ്പുണ്ടാവും.
                ജെറി പോയശേഷവും സോന ചിത്രങ്ങള്‍ വരച്ചു അവന്‍പറഞ്ഞ വാക്ക്പാലിക്കുവാന്‍ സോന മോനുട്ടനു കൂട്ടായി ചിലപ്പോള്‍അമ്മയെപോലെ ചേച്ചിയെപോലെ, കുഞ്ഞനുജത്തിയെപോലെ സ്നേഹം തുളുമ്പുന്ന കൂട്ടുകാരിയെപോലെ ആയിരുന്നു. സഹോദരന്‍ ഇല്ലാതിരുന്ന സോന മോനൂട്ടനില്‍ കണ്ടത് ഒരു കൂടപ്പിറപ്പിനെ ആയിരുന്നു.മോനുട്ടനും അങ്ങനെതന്നെയായിരുന്നു.ഈ സ്നേഹം ജെറി മനസിലാക്കിയതില്‍ വന്നപിഴവ് എത്രമാത്രം വേദനിച്ചു ജെറിയും സോനയും അങ്ങനെ മാസങ്ങള്‍ കടന്നുപോയി ഇടക്ക് ജെറി മോനൂട്ടനെ വിളിക്കും വിവരങ്ങള്‍ അറിയും ഒപ്പം സോനയുടെ കാര്യങ്ങളും തന്‍റെ ഈ അന്വേഷണം സോന അറിയരുത് എന്നു  മോനുട്ടനോട് പറഞ്ഞേല്‍പ്പിച്ചു അത് എന്തുകൊണ്ടാണ് എന്നു അവന്‍ ചിന്തിക്കാഴികയില്ല? ഒരിക്കല്‍ ജെറിയോട് അവന്‍ ചോദിക്കയുണ്ടായി “പറയാന്‍ സമയമായില്ല” എന്നുപറഞ്ഞു അവന്‍ ഫോണ്‍ കട്ടുചെയ്തു.പിന്നീടു മോനുട്ടന്‍ ഈ കാര്യം ചോദിച്ചിട്ടില്ല. അങ്ങനെ ഇരിക്കുമ്പോള്‍ മോനുട്ടന്‍റെ അസുഖത്തിനുള്ള പുതിയ ഒരു ചികിത്സ അമേരിക്കന്‍ ഡോക്ടര്‍മാര്‍ കണ്ടെത്തിയെന്ന വാര്‍ത്ത ജെറി അറിയുന്നത്. ജെറിയുടെ സന്തോഷത്തിന് അതിരില്ലായിരുന്നു അവന്‍ ഉടന്‍ തന്നെ മോനുട്ടന്‍റെ മമ്മയെവിളിച്ചു കാര്യങ്ങള്‍പറഞ്ഞു മോനുട്ടനോടും .സന്തോഷമുള്ള വാര്‍ത്ത ആയിരുന്നെങ്കിലും അതിന്‍റെ  പണചിലവിനെകുറിച്ച് അറിഞ്ഞപ്പോള്‍  അവര്‍ മൌനമായി. ജെറി അവര്‍ക്ക് ധൈര്യം പകര്‍ന്നു .അന്ന് വിദേശത്ത് പോയ ശേഷം ആദ്യമായി അവന്‍ സോനയെ വിളിച്ചു കാര്യങ്ങള്‍ പറഞ്ഞു.
            സോന തന്‍റെ ചിത്രങ്ങള്‍ വിറ്റുകിട്ടിയ പണവും ജെറിയുടെ ശമ്പളവും നല്ല മനസുള്ളവരുടെ സഹായവും കൊണ്ട് അവനെ വിദേശത്ത് ചികിത്സക്കായി കൊണ്ടുപോയി.ഒരു മാസത്തെ ചികിത്സക്ക്ശേഷം മോനുട്ടന്‍റെ അസുഖം  പൂര്‍ണ്ണമായും മാറി . ഒഴിവു സമയങ്ങളില്‍ എല്ലാം ജെറി മോനുട്ടനോടൊപ്പമായിരുന്നു  ചിലവഴിച്ചത് അവനിപ്പോള്‍ ജെറിയുടെയും കൂടപ്പിറപ്പായി.
               തിരികെ മടങ്ങാന്‍ നേരം  ജെറി പറഞ്ഞത് സോനയെ വിവാഹം കഴിച്ചു സുഖമായി ജീവിക്കണം എന്നുമാത്രമാണ് മോനുട്ടന്‍ അപ്പോളാണ് നേരത്തെ പറഞ്ഞ കാര്യങ്ങള്‍ ഓര്‍മിച്ചെടുത്തത്. മോനുട്ടന്‍ പറഞ്ഞു സോനയെ തനിക്കു ഒരിക്കലും വിവാഹം കഴിക്കാന്‍ പറ്റില്ല അവള്‍ എന്നും എനിക്ക്  കൂടപിറപ്പു ആണെന്നുള്ള സത്യം ഒരു അമ്മയുടെ വയറ്റില്‍ പിറവിയെടുക്കാതെ കൂടപിറപ്പായവര്‍. ജെറിപോലും അവന്‍റെമനസ്സിനു മുന്‍പില്‍ തോറ്റുപോയി ആ സ്നേഹം കണ്ടു.അങ്ങനെ മോനുട്ടനോടൊപ്പം ജെറിയും നാട്ടിലേക്ക് യാത്രയായി തനിക്കായ്‌ മാത്രം കാത്തിരിക്കുന്ന ഈശ്വരന്‍ തനിക്കായ്‌ സൃഷ്ടിച്ച സോനയെന്ന മുത്തിനെ സ്വന്തമാക്കാന്‍ .അവരുടെ വിവാഹം ഒരു സഹോദരന്‍റെ  സ്ഥാനത്തു നിന്ന് എല്ലാഉത്തരവാദിത്വങ്ങളോടും കൂടി മോനുട്ടന്‍ നടത്തികൊടുത്തു. അങ്ങനെ ആ മൂന്ന് കുടുംബങ്ങള്‍ താങ്ങും തണലുമായി ഒരുമയോടെ മുന്നോട്ടു പോയി .നമ്മുടെ മോനുട്ടനും വിവാഹിതനായി സഹോദരി സോനയുടെയും ജെറിയുടെയും സാനിദ്ധ്യത്തില്‍.ഇന്നും അവര്‍ മക്കളുമായി വിശേഷനാളുകളില്‍ ഒത്തുകൂടുന്നു പഴയ വിശേഷങ്ങള്‍ പറഞ്ഞും പങ്കുവെച്ചും പൊട്ടിച്ചിരിച്ചും മക്കള്‍ക്ക്‌ മാതൃകയായി കൂടപിറപ്പുകളെപോലെ.

   ഒരു അമ്മയുടെ വയറ്റില്‍ പിറന്നിട്ടും പലതിനു വേണ്ടിയുംപരസ്പരംശത്രുതയോടെ പോരാടാന്‍ പടവാളും പിടിച്ചു നില്‍ക്കുന്നവര്‍ ഒന്ന് ചിന്തിച്ചിരുന്നെങ്കില്‍ ?ഒരമ്മയുടെ മക്കളല്ലാതിരുന്നിട്ടും കൂടപ്പിറപ്പുകളായ ഈ കൂട്ടുകരെക്കുറിച്ച് അവരുടെ സ്നേഹത്തെക്കുറിച്ച് അവരുടെ പങ്കുവയ്ക്കലിനെകുറിച്ച് ..............ഒന്നു മനസ്സിലാക്കിയിരുന്നെങ്കില്‍ എത്ര നന്നായിരുന്നു .

Tuesday, September 3, 2013

സ്നേഹത്തിന്റെ മുള്‍കിരീടം


സ്നേഹ കിരീടം ചൂടിച്ചു തന്നപ്പോള്‍
മുള്‍കിരീടത്തിലെ മുള്ളും ഞാന്‍ തന്നില്ലേ
അണിഞ്ഞ ശിരസിനെ കുത്തിനോവിച്ചുകൊണ്ട്
നിണം പൊട്ടി ഒഴുകി നിന്‍ കവിളിനെ നനച്ചില്ലേ

ഒരു ശ്രുതി മീട്ടുവാന്‍ ആഗ്രഹമാണെങ്കിലും
കഴിയുന്നില്ലൊന്നുമേ മുള്ളിന്റെ നോവിനാല്‍
ചിലങ്കയണിഞ്ഞനിന്‍ കാല്‍പാദമൊന്നുമേ
ആടിതിമര്‍ക്കുവാന്‍ കഴിയാതെ തളര്‍ന്നുവോ

നേരായ മാര്‍ഗ്ഗത്തില്‍  ചലിച്ചൊരാ പാദങ്ങള്‍
പഴികളൊരുപാട് ചാര്‍ത്തിതന്നില്ലയോ
സത്യത്തെ മുറുകെ പിടിച്ച തേരാളിയായ്
കുതിച്ചു പാഞ്ഞില്ലയോ ഓരോ ദിനത്തിലും

സ്നേഹം നിറഞ്ഞ നിന്‍ സ്നേഹിതരായവര്‍
സ്വാര്‍ത്ഥത പൂണ്ടു വരിഞ്ഞു മുറുക്കുമ്പോള്‍
ഭയമേതുമില്ലാതെ ഭേതിച്ചിടുക നീ
സ്നേഹത്തിന്‍ സ്വാര്‍ത്ഥത പൂണ്ട രൂപങ്ങളെ

നീ നല്‍കും സ്നേഹം തിരിച്ചറിഞ്ഞീടുവാന്‍
കഴിയാതെ പോയതും  തെറ്റെന്നു പറയാമോ
അനുഭവിച്ചീടുവാന്‍ ഭാഗ്യമുണ്ടാവണം
കറയില്ല സ്നേഹത്തിന്‍ തേന്‍ കുടങ്ങള്‍

നീതിയാം സൂര്യനായ് ജ്വലിച്ചു നില്‍ക്കുമ്പോളും
കാര്‍മേഘം നിന്റെ മുഖത്തെ മറച്ചാലും
പെയ്തൊഴിഞ്ഞീടുമ്പോള്‍  വീണ്ടും നീ വന്നിടും
വാനില്‍ വിരിയുന്ന മഴവില്ലുപോലെന്നും



Saturday, August 31, 2013

പ്രാര്‍ത്ഥന


കാറ്റിനേയും കടലിനേയും
ശാന്തമാക്കിയ യേശുവേ
എന്‍മനതാരിലെ അലയാഴിയെ
ശാന്തമാക്കുവാന്‍ വന്നിടു

മഞ്ഞിന്‍ കണത്തിനു വെന്മയോടൊപ്പം
കുളിരേകിയ യേശുവേ
എരിഞ്ഞു നീറുന്നെന്‍ മനസ്സിനുള്ളിലെ
കനലണക്കുവാന്‍ നീ വന്നിടണെ

വിശന്നു  തളര്‍ന്നു വലയുംനേരം
ജീവന്‍റെ മന്ന നീയേകിടണേ
പൊരിവെയിലില്‍ ദാഹിച്ചുഴലുമ്പോള്‍
ജീവജലമെനിക്കേകിടണേ

സഞ്ചരിച്ചീടുന്ന പാതയിലെല്ലാം
കരം പിടിച്ചു നടത്തിടണേ
നൊമ്പരത്താലെന്‍റെ മിഴി നിറയുമ്പോള്‍
വിരല്‍ത്തുമ്പിനാല്‍ നീ തഴുകണമേ

മനുജ പാപം നീക്കിടുവാനായ്
സ്വയം ബലിയായ് തീര്‍ന്നവനെ
എന്‍ അന്തരാത്മാവിന്‍ പാപകറയെല്ലാം
നിന്‍ തിരു രക്തത്താല്‍ കഴുകീടണേ

നൂറു മേനിയേകാന്‍ പറ്റുംവിധമെന്റെ
ഹൃത്തടം വെട്ടിയൊരുക്കീടണേ
നിന്‍ നാമമെന്നുമീ പാരില്‍ പ്രഘോക്ഷിക്കാന്‍
നിന്‍ മകളായെന്നെ മാറ്റണമേ




Friday, August 30, 2013

കുഞ്ഞാങ്ങള


പിച്ച നടക്കുവാന്‍ തുടങ്ങിയ നാള്‍മുതല്‍
ഒരുപടി മുന്നിലായ് നിന്നവളെപ്പോഴും
കൂടപിറപ്പിനെ നുള്ളി നോവിക്കാതെ
ചേര്‍ത്തു നടന്നതാം കാല്‍പ്പാടുകള്‍

എന്‍റെ ചെറുപ്പത്തില്‍ അമ്മ കാണാതെ ഞാന്‍
മാവിന്‍റെ കൊമ്പിലായ്‌ഊഞ്ഞാലാട്ടി
കൈവിട്ടു താഴെ കിടന്നെന്റെ കുഞ്ഞാങ്ങള
പിഞ്ചു കൈ തണ്ടിലെ അസ്ഥികള്‍വിണ്ടു പോയ്‌

സ്കൂള്‍ വിട്ടു വന്നു ഞാന്‍ ആദ്യം തുറക്കുമെന്‍
മിട്ടായി പൊതിയുടെ കൊച്ചു ലോകം
മധുരം നുണയുമ്പോള്‍ ആ കുഞ്ഞു പുഞ്ചിരി
മനസ്സിലെ മങ്ങാത്ത ഓര്‍മ്മയാണിന്നും

രക്തബന്ധത്തിന്റെ  വിലയറിഞ്ഞീടുന്നു
മുന്നോട്ടു പോയ ഓരോ ദിനത്തിലും
കണ്ടുമുട്ടുമ്പോള്‍ വഴക്കുകൂടീടുന്നു
കാണാതിരിക്കുമ്പോള്‍ ഇടനെഞ്ചു വിങ്ങുന്നു

ജീവിത വഴികളില്‍ പകച്ചു നിന്നീടുമ്പോള്‍
കൂടെ ഞാനുണ്ടെന്ന്  ആശ്വസിപ്പിച്ചീടുന്നു
ദൂരത്തിരുന്നു ഞാന്‍ കേള്‍ക്കുന്നു ആ സ്വരം
എന്‍ ആത്മ സന്തോഷം നിര്‍വൃതികൊള്ളുന്നു

വിശേഷ നാളിലോ പുത്തനുടുപ്പുമായ്
ഓടിയെത്തീടുമെന്‍ കുഞ്ഞാങ്ങള.....
യാത്ര പറഞ്ഞു പിരിഞ്ഞുപോയീടുമ്പോള്‍
കാണാന്‍ കൊതിക്കുമെന്‍ കുഞ്ഞാങ്ങളെ....




Thursday, August 29, 2013

ഇരുളിന്റെ ആത്മാവ്


കഴിഞ്ഞ ദിനങ്ങള്‍ തന്‍ ഓര്‍മ്മയാല്‍
എന്തിനു വിലപിച്ചീടുന്നു ജന്മമേ
അരുതേ ....പഴിക്കവേണ്ട നീ
ഇന്നിന്റെ പച്ചപ്പിന്‍ ജീവിത യാത്രയില്‍

ഇന്നലെകള്‍ കൂട്ടായ് വരുമ്പോള്‍ 
നീയിന്നു ഇരുളിന്‍ വിലാപമായ്  മാറിയോ
എത്ര ചിന്തിച്ചാലുമെത്തിയില്ലേ നിന്നില്‍
നന്മ നിറഞ്ഞതാം സ്നേഹത്തിന്‍ കണിപൂക്കള്‍

എല്ലാമറിഞ്ഞിട്ടും എന്തിനുവേണ്ടി നീ
പിഞ്ചുപൈതല്‍പോല്‍  ശഠിക്കുന്നു
ഇരുട്ടകറ്റി  നിന്‍ വെളിച്ചമായ് മാറുവാന്‍
വന്നവര്‍ നിനക്കിന്നിരുട്ടിന്റെ  ആത്മാക്കള്‍

ഇന്നിന്റെ സൗഭാഗ്യമെല്ലാമുണ്ടായിട്ടും
സ്രഷ്ടവിന്‍ സ്നേഹം കാണാതെ പോകയോ
പിന്തിരിഞ്ഞെന്തിനു നില്‍ക്കുന്നു മാനവ
ഇരിട്ടിനെ പുല്‍കുന്ന രൂപമായ്‌

പച്ചപ്പിന്‍ നടുവിലണെന്നറിഞ്ഞിട്ടും
മരുഭൂവിലാണെന്ന് മൊഴിഞ്ഞു മറയുന്നുവോ
ജീവിത യാത്രയില്‍  കാണതെ പോകയോ
സ്നേഹം തുളുമ്പുന്ന ഹൃത്തടമൊക്കെയും

നല്ല പുലരികള്‍ നിനക്കായ്‌ ഉദിച്ചിട്ടും
വെറുമൊരു സ്വപ്നമായ് തള്ളികളഞ്ഞുവോ
നിന്നിലേക്കലിയാനായ്‌ നന്മതന്‍ രൂപമായ്
നിന്‍ പടിവാതിലില്‍ കാത്തു നിന്നില്ലയോ

ദു:ഖത്തിന്‍ മുള്ളുകള്‍ തറച്ച നിന്‍ ഹൃത്തിനെ
തിരിച്ചറിഞ്ഞീടുവാന്‍ കഴിയുന്നവന്‍ ഞാന്‍
പുല്‍കിയുണര്‍ത്തുന്നു കുളിര്‍തെന്നലായ്‌
ഒരിക്കലും പിരിയാത്ത പ്രപഞ്ചസത്യമായ്

ആരോടു തീര്‍ക്കുന്നു നിന്റെ പ്രവര്‍ത്തികള്‍
വെളിച്ചമുണ്ടായിട്ടും  ഇരുളിനെ പുല്‍കുവാന്‍ 
പ്രതികാരമാരോട് ...ചൊല്ലുനീ ....?
സ്രഷ്ടവിനോടോ ...നിന്നെ പുല്‍കിയ എന്നോടോ..?








Tuesday, August 27, 2013

കണ്ണട



ദൂരത്തെ കാഴ്ചകള്‍ചാരത്തു കാണാനും
ചാരത്തെ കാഴ്ചകള്‍ ദൂരത്തുകാണാനും
മങ്ങിയ കാഴ്ചതന്‍ മങ്ങലകറ്റാനും
ഒരു കൂട്ടായ് ഞാന്‍ നിന്‍റെ കൂടെ വേണം

ജീവിത യാത്രയില്‍ കൂട്ടുനടക്കുവാന്‍
എത്തുന്നു ഞാനുംകൊച്ചുപ്രായത്തിലും
വളര്‍ന്നു വരുംതോറുമെന്‍ ചില്ലുജാലകം
പല സമയങ്ങളില്‍ പുതുതാക്കി മാറ്റണം

വെള്ളെഴുത്തെന്നുള്ള ഓമനപേരിനെ
മങ്ങാത്ത കാഴ്ചകള്‍ കാണിക്കുന്നവന്‍ ഞാന്‍
യാത്രയിലെല്ലാം നയനങ്ങളെ കാത്തു
കൂട്ടായി എന്നും നിന്‍ കൂടെ നടക്കും

നിന്‍ ചെവി രണ്ടിലുംകാലുകളൂന്നി ഞാന്‍
നിന്‍ സഹചാരിയായ് കൂട്ടുനടന്നവന്‍
വിങ്ങുന്ന ചെന്നി തന്‍ നൊമ്പരമകറ്റാനും
ഒരു കുളിര്‍ തെന്നലായ് ഞാന്‍ കൂടെ വേണം

സൂര്യന്‍റെ ചൂടിലും ആശ്വാസമേകുവാന്‍
നിന്‍റെ മുഖത്തു ഞാന്‍ മുത്തമിട്ടീടണം
നിന്‍റെ  ഈ യാത്രയില്‍ എന്നെ പിരിയുവാന്‍
കഴിയില്ലോരിക്കലും എന്‍ പ്രിയ തോഴനെ