Friday, December 25, 2015

ഹൃദയത്തിലൊരുക്കേണ്ട പുല്‍കൂട്

                     
                     ക്രിസ്തു ദരിദ്രരുടെ പക്ഷം ചേര്‍ന്ന്  ദരിദ്രനായ്‌  മാറിയപ്പോള്‍ അതു ക്രിസ്തുമസായി മനുഷ്യന്‍റെനിസ്സാരതയിലേക്കും ഇല്ലായ്മകളിലേക്കും ദൈവം കടന്നുവന്നതിന്റെ ഓര്‍മ്മ .സമ്പത്തിനും സ്ഥാനമാനങ്ങള്‍ക്കും സ്വയംപുകഴ്ത്തലുകള്‍ക്കുമായി മറ്റുള്ളവരെ ചവിട്ടിതാഴ്ത്തുന്നവര്‍,ജീവന്‍ അപഹരിക്കാന്‍പോലും മടിയില്ലാത്ത മലിനമായ സംസ്കാരത്തിന്റെ
മടിയില്‍  ഉറങ്ങിയുണരുന്ന ഇന്നത്തെലോകം. അന്ത്യവിധിയുടെ മാനദണ്ഡം വിശക്കുന്നവരുടെയും ദാഹിക്കുന്നവരുടെയും നഗ്നരുടെയും അനാഥരുടെയും ശുശ്രൂഷയാണന്ന് നമ്മളെ പഠിപ്പിച്ചവനാണ്  കാലിത്തൊഴുത്തില്‍ വന്നു പിറന്ന ക്രിസ്തു .
                       ഡിസംബര്‍ വരുമ്പോഴേ ആദ്യം മനസ്സില്‍ തെളിയുന്നത്  നക്ഷത്രങ്ങളാണ് . ജ്ഞാനികള്‍ക്കു വഴികാട്ടിയായ്‌ കാലിത്തൊഴുത്തിലെത്തിച്ചത് ആ നക്ഷത്രത്തിന്റെ ദൗത്യമായിരുന്നു,അതെ ദൗത്യമല്ലെ നമുക്ക് ഓരോരുത്തര്‍ക്കുമുള്ളത്. മറ്റുള്ളവര്‍ക്ക് പ്രകാശമായ് നേര്‍വഴിയുടെപാതതെളിച്ച് സ്നേഹത്തിന്റെ പരിമളം വീശി സഹനത്തിന്റെ പാതയില്‍ മുന്നേറുന്ന നക്ഷത്രമാകുവാന്‍ ലോകമോഹങ്ങളുടെ വര്‍ണ്ണപൊലിമയില്‍ മനംപതറാതെ മേഘപാളികള്‍ക്കും നിറചാര്‍ത്തുകള്‍ക്കപ്പുറം സനാതനനന്മയില്‍  ദൈവീകപുണ്യങ്ങളുടെ നേര്‍കാഴ്ചയായ് ചുവടുവയ്ക്കണം .വീഴ്ചകളില്‍നിന്നും വീഴ്ചകളിലേക്ക് കൂപ്പുകുത്താതെ ഉയര്‍ത്തെഴുനേല്‍ക്കണം.
                     പുല്‍കൂട്ടില്‍ പിറന്ന ഉണ്ണിയെ കണ്ടുമുട്ടാന്‍ നമുക്കൊരോരുത്തര്‍ക്കും  കഴിയണം, എങ്കില്‍ മാത്രമേ പുല്‍കൂട്ടില്‍ പിറന്നു ദരിദ്രനായ്‌ ജീവിച്ചു പാപികളായ നമുക്കുവേണ്ടി നിന്ദിതനും പീഡിതനുമായി സ്വയം ബലിയായ്തീര്‍ന്ന യേശുവിന്റെ പാതയില്‍ മുന്നോട്ടു പോകാന്‍ കഴിയു .പിറവിതിരുനാള്‍ വെറും പ്രകടനങ്ങള്‍ ആകാതെ വ്യക്തി ജീവിതത്തിലും സമൂഹത്തിലും നന്മയുടെ സദ്‌ വാര്‍ത്ത‍കളകാന്‍ കഴിയണം .
                       ഹേറോദേസിന്റെ കൊട്ടാരതിളക്കങ്ങള്‍ക്കപ്പുറം കഷ്ടനഷ്ടങ്ങളുടെ വഴിത്താരകള്‍ പിന്നിട്ട് ലോകരക്ഷകന്റെ കാലിത്തൊഴുത്തില്‍ ജ്ഞാനികളെ എത്തിച്ചപ്പോള്‍ നക്ഷത്രത്തിനു സാഫല്യമായി . നമ്മളെയേല്പിച്ചിരിക്കുന്ന ഓരോ ദൗത്യവും പൂര്‍ണ്ണതയിലെത്തിക്കാന്‍ മാതൃകയുടെ വഴിവിളക്കായ്‌ നന്മയുടെ ചൈതന്യമായ്  നക്ഷത്രമായി മാറാംവരുംനാളിലും .ലോകരക്ഷകന്റെ തിരുപിറവിക്കുള്ള പുല്‍ക്കൂടുകളായി നമ്മുടെ ഹൃദയത്തെ ഒരുക്കാം .എല്ലാവര്‍ക്കും സ്നേഹവും സമാധാനവും നിറഞ്ഞ  ഐശ്വര്യപൂര്‍ണ്ണമായ ഓര്‍മ്മപുതുക്കലാകട്ടെ ഈ ക്രിസ്തുമസ് ദിനവും 

Wednesday, December 23, 2015

നന്മയുടെ തിരുപിറവി


ഉണ്ണിയായ് പിറന്ന സുതന്റെ നന്മ
ഒരുചെറു തുള്ളിയെങ്കിലും നമ്മിലുണ്ടോ
വീണ്ടുമൊരോര്‍മ്മയായെത്തുമ്പോഴും
പിറക്കട്ടെ ഓരോ മനസ്സിലുമാനന്മ

മാമരംകോച്ചുന്ന മഞ്ഞിന്‍തണുപ്പിലായ്
കാലിത്തൊഴുത്തില്‍ ഭൂജാതനായപോല്‍
ദൈവികസൂനുതെളിച്ചൊരു ചൈതന്യം
നമ്മിലുംതെളിയട്ടെയെളിമതന്‍  രൂപമായ്‌

തെരുവിലലയുന്ന അനാഥനായേകിടാം
തണുപ്പകറ്റീടുവാനൊരുകൊച്ചുകംബളം
വേദനിക്കുന്നമുറിവുമായ്‌ നില്‍ക്കുമ്പോള്‍
ലേപനംപുരട്ടി സ്നേഹം പകര്‍ന്നിടാം

വിഭവങ്ങള്‍നിറയുന്ന മേശകളൊരുക്കുമ്പോള്‍
പലനാളായ് പട്ടിണിയായവരെയോര്‍ക്കുക
അവര്‍ക്കായൊരു പങ്കുനല്‍കികഴിക്കുമ്പോള്‍
അറിയുന്നില്ലേ ആനന്ദപുളകത്തിന്‍ നിര്‍വൃതി

സൃഷ്ടാവ്  നിനക്കായേകിയ നന്മകള്‍
മടിയേതുമില്ലാതെ പകര്‍ന്നുനല്‍കീടുക
ഇന്നുനീയെന്തായിരിക്കുന്നുയെന്നതും
ഈശ്വരന്‍ നല്‍കുമനന്തമാമനുഗ്രഹം

സമ്പാദിച്ചീടാനും വെട്ടിപിടിക്കാനും
എല്ലാംമറന്നുനാമോടിടുമ്പോള്‍
ഒരുമാത്രയെങ്കിലും ചിന്തിപ്പതുണ്ടോ
ഒരുതളര്‍ച്ചയാലെ തീരുമിതൊക്കെയും

ഇനിവരുംനാളില്‍ ജനിക്കട്ടെയുണ്ണിതന്‍
സ്നേഹവും ത്യാഗവും മാനവഹൃത്തിലായ്
നല്ല നിലങ്ങളായ്‌  നന്മവിതയ്ക്കുവാന്‍
വെട്ടിയൊരുക്കിടാംനമ്മള്‍തന്‍ ഹൃത്തുകള്‍Tuesday, October 27, 2015

പ്രകാശമലരുകള്‍


സ്നേഹത്തിന്റെ പടതൊപ്പി
മനോഹരമായി തുന്നിച്ചേര്‍ത്തു
തൊങ്ങലുകള്‍ ചാര്‍ത്തിയതും
നിറത്തിലുമല്ല രൂപഭംഗിയുലുമല്ല

ആത്മബന്ധത്തിന്റെ ആഴം
അളക്കാന്‍ കഴിയാത്തൊരുഭാവമായ്
അലയടിച്ചെത്തുന്നു ധരണിയില്‍
നന്മനിറഞ്ഞിടും ചിലയിടങ്ങളില്‍

നിര്‍മ്മലമായൊരു സ്നേഹവീട്
ദീപ്തമാക്കിയ പൊന്‍വെളിച്ചത്തെ
എങ്ങുനിന്നൊവന്നു മുറിപ്പെടുത്തി
കരിന്തിരിയാക്കിയ കാപട്യമേ

അഹത്തില്‍ കരുതിയ ക്രൂരതകള്‍
അതിമോഹങ്ങളായിരുന്നുയെന്നസത്യം
വിടപറഞ്ഞകലുമ്പോള്‍ മറന്നുപോയി
വീണ്ടുമൊരുദയം കാത്തിരിക്കുന്നുയെന്നെ

ഇറുത്തെടുക്കാതെയെന്നുമുണ്ടാകണം
ഇരുളില്‍ പ്രകശമായെന്നില്‍
സുഗന്ധമായ്‌ പടരട്ടെ പാരില്‍
അക്ഷരമുറ്റത്തെ ചെമ്പകമലരായ്.........!!!!


Wednesday, October 21, 2015

അപ്പൂപ്പന്‍താടികള്‍


കൈവെള്ളക്കുള്ളിലെ അപ്പൂപ്പന്‍ താടിപോല്‍
കാറ്റില്‍ പറത്തിയ ജീവിതങ്ങള്‍
കണ്ടുരസിക്കുന്ന ക്രൂരവിനോദത്തിന്‍
അടിമയാണെന്നുമാ പോയ്‌മുഖങ്ങള്‍

ദുഷ്ടരാം കൂട്ടരേ കൂട്ടുപിടിച്ചിട്ടു
ദുഷ്ടലാക്കോടെ വലകള്‍ നെയ്തു
വലയില്‍കുടുങ്ങിയ ഇരകളെയൊക്കെയും
പണക്കൊതിയോടവര്‍ വിറ്റഴിച്ചു

അഴിയാക്കുരുക്കിലെ ഇരകള്‍തന്‍ കണ്ണുനീര്‍
കണ്ടുകൊണ്ടാനന്ദ നൃത്തമാടി
അഹങ്കാരഗര്‍വ്വിന്റെ മൂര്‍ത്തിമത് ഭാവമായ്
ആര്‍ത്തുചിരിച്ചു നടന്നു നീങ്ങി

ഈശ്വരന്‍ മുന്നിലെ വിധിയെതടുക്കുവാന്‍
കഴിയാതൊരുനാള്‍ തളര്‍ന്നുവീണു
സ്വന്തശരീരത്തിലരിക്കും പുഴുക്കളെ
തട്ടിയകറ്റാന്‍ കഴിയാത്ത ജന്മങ്ങളായ്........!!!!

Sunday, September 27, 2015

പരിമളം

എന്‍ മനസ്സിലെ പ്രണയപുഷ്പമേ
നിന്‍സുഗന്ധം നുകര്‍ന്നു ഞാന്‍
അക്ഷരങ്ങളെ താലോലിക്കുവാന്‍
ഒന്നിരുന്നോട്ടെ നിന്നരികില്‍

താഴെയിരിക്കുമെന്‍ കവിളില്‍
തഴുകി തലോടിയുണര്‍ത്താന്‍
ഇളംകാറ്റിന്‍ തേരിലേറിയെത്തും
പരിമളമേറും നിന്‍ചുംബനമുദ്രകള്‍

നിന്നില്‍ ലയിക്കുന്നനേരമെന്‍
ചിന്തകള്‍ അക്ഷരങ്ങളായ്‌
പുനര്‍ജ്ജനിക്കുന്നു വീണ്ടും
ഒരു കൊച്ചു കവിതയായ്

പൊയ് പോയ വസന്തം വീണ്ടും
എന്‍കൈകളില്‍ ചേര്‍ത്തുവക്കാന്‍
വിരുന്നു വരികില്ലേ വീണ്ടുമൊരു-
ചെമ്പകപ്പൂവായെന്നില്‍ നിറയാന്‍

ഞാന്‍ നടന്നകന്ന വഴികളില്‍
അടര്‍ന്നുവീണിരുന്നു നിന്നിതളുകള്‍
പെറുക്കിയെടുത്തു ഞാന്‍ ചേര്‍ത്തണച്ചു
പുതിയൊരുണര്‍വിന്‍ പരിമളമായ്.....!!!Wednesday, September 23, 2015


ആത്മാര്‍ത്ഥതക്ക് അരനിമിഷത്തിന്റെ
വിലകല്പിക്കാത്തിടത്തു നിന്നും
യാത്രയാകു ഒരുനിമിഷംമുന്‍പേ
നിശബ്ദതയില്‍ അലിയുന്ന ശ്വാസംപോല്‍ 

Thursday, September 17, 2015

നിമിനേരം


മാറോടു ചേര്‍ത്ത സ്നേഹം
എതിര്‍വാക്ക് ചൊല്ലിയകന്നു
ചിന്തയുടെ പുല്‍മേടുകളെ
കണ്ണുനീര്‍തുള്ളികൊണ്ടു നനച്ചു
ആര്‍ത്തലച്ച് ഒഴുകിയ ജലധാര
ഭാരംതിങ്ങിയ നെഞ്ചകത്തെ
ദൂരേക്ക്‌ വലിച്ചെറിഞ്ഞു
നിമിനെരമെന്തോ മൊഴിഞ്ഞു
അപ്പുപ്പന്‍താടിപോല്‍ മറഞ്ഞു ....!!!!

Tuesday, September 15, 2015

സൗഹൃദചില്ലുകള്‍


                                                 സ്നേഹത്തിന്റെ ആഴത്തില്‍ മുങ്ങിത്താഴുമ്പോള്‍ സൗഹൃദം ഇത്രയധികം മനോഹരമാണോയെന്നു ചിന്തിച്ചുപോകുന്നു .അടുത്തനിമിഷംതന്നെ ആ സൗഹൃദങ്ങള്‍ നമ്മളെ മറിച്ചുചിന്തിക്കാനും പഠിപ്പിക്കുന്നുയെന്ന സത്യം നമ്മള്‍ വിസ്മരിക്കുന്നു . സന്തോഷം പങ്കുവയ്ക്കുമ്പോള്‍ നമ്മളോടൊത്തു പൊട്ടിച്ചിരിക്കാനും ,മൗനത്തിന്റെ മടിത്തട്ടില്‍ മയങ്ങുമ്പോള്‍ അതിനു കാരണമായ നൊമ്പരത്തെ തിരിച്ചറിയാനും ,കണ്ണുനീര്‍ മുത്തുകള്‍ കവിള്‍ത്തടം നനക്കുമ്പോള്‍ ചേര്‍ത്തുനിറുത്തി തോളില്‍ തട്ടിക്കൊണ്ടു വിഷമിക്കണ്ടയെന്നു പറയുവാനും എത്രപേര്‍ക്ക്  കഴിയും .കുറെ ദിവസങ്ങള്‍ കാണാതാകുമ്പോള്‍ പലരുടെയും മനസ്സില്‍നിന്നും  ആ സൗഹൃദം മറവിക്ക് വിട്ടുകൊടുത്തിട്ടുണ്ടാവും. ആത്മാര്‍ത്ഥമായ സ്നേഹം പതിനായിരത്തില്‍ ഒരാളില്‍പോലും കാണാന്‍ കഴിയുന്നില്ല .ചെറിയൊരു പ്രശ്നം ഉണ്ടായാല്‍ പലരും തുറന്നു പറഞ്ഞു അത് പരിഹരിക്കുന്നതിന് പകരം പരസ്പരം കുറ്റപ്പെടുത്തി വേര്‍പിരിഞ്ഞുപോകുന്നു .ഈ വേര്‍പിരിയല്‍ പലരേയും മാനസികമായി വളരെയധികം തളര്‍ത്തികളയുന്നു .  സ്നേഹത്തോടെ കഴിഞ്ഞിരുന്ന സൗഹൃദങ്ങള്‍ തകര്‍ന്നുപോകുമ്പോള്‍ വിങ്ങിപൊട്ടി വിലപിക്കുന്നതും കണ്ടുനില്‍ക്കാന്‍  നമ്മുക്ക്കഴിയാറില്ല .അപ്പോള്‍ പിന്നെ അത് അനുഭവിക്കുന്നവരുടെ വിങ്ങല്‍ എത്രയാകും .......ഒരു കൊച്ചു തോണി കുഞ്ഞോളങ്ങളില്‍ തഴുകിമെല്ലെ നീങ്ങുമ്പോള്‍ ശക്തമായ കാറ്റടിച്ചു ഉലയാറുണ്ട്, കാറ്റ് ശാന്തമാകുമ്പോള്‍ വീണ്ടും തോണി പഴയപോലെ നീങ്ങാന്‍ തുടങ്ങുന്നു . പക്ഷെ ബന്ധങ്ങള്‍ തകര്‍ന്നുപോയാല്‍ പൊട്ടിച്ചിതറിയ കണ്ണാടിച്ചില്ലുകള്‍ചേര്‍ത്തുവക്കുന്നപോലെയാണ്  .എത്ര അടുക്കി വച്ചാലും പഴയ ഭംഗി ഉണ്ടാകുകയില്ല .സ്നേഹമാകുന്ന കണ്ണാടി പൊട്ടിക്കും മുന്‍പേ ഒരു നിമിഷം ചിന്തിക്കുക ..........ചില്ലുകള്‍ ചേര്‍ത്തുവക്കാന്‍ എളുപ്പമല്ലന്ന്‍.........

                                  സൃഷ്ടാവിന്റെ മുന്‍പില്‍ നമ്മള്‍ ഒരു നിമിഷത്തിന്റെ ശ്വാസംമാത്രം .എന്തുകൊണ്ട്  ഈ ഓര്‍മ്മ നമ്മളില്‍ തങ്ങിനില്‍ക്കുന്നില്ല .അങ്ങനെ ഓര്‍ത്തിരുന്നുയെങ്കില്‍ അഹങ്കാരത്തോടെ മറ്റുള്ളവരുടെ തെറ്റുകളും കുറ്റങ്ങളും കണ്ടുപിടിക്കാന്‍ ആരും മുന്നിട്ടു ഇറങ്ങുകയില്ലായിരുന്നു . മറ്റുള്ളവരെ എങ്ങനെ സ്വന്തം നേട്ടങ്ങള്‍ക്കായി ഉപയോഗിക്കാമെന്ന ചിന്തയോട്കൂടിയാണ്  പലരും സൗഹൃദത്തിന്റെ മുഖംമൂടിയും അണിഞ്ഞു കടന്നു ചെല്ലുന്നത് .
ഞാനെന്നഭാവമില്ലാതെ കരുതലും ദയയും മറ്റുള്ളവരിലേക്ക് പകര്‍ന്ന് സ്നേഹത്തോടെ കൈകള്‍ കോര്‍ത്ത്‌  അല്പകാലത്തെ ഈ ഭൂവിലെ ജീവിതയാത്രയില്‍ ചുറ്റും പ്രകാശം പരത്തുന്ന ദീപമായി തെളിയാം .........!!!!

Wednesday, September 9, 2015

ആയാത്ര
നശ്വരമായ സ്നേഹം അനശ്വരമാക്കാന്‍ നടന്നകന്ന വഴികളിലെല്ലാം ചോരപൊടിഞ്ഞിരുന്നു .
മുള്‍കിരീടം തലയില്‍ വച്ച് ഓരോ പ്രാവശ്യം നിലത്തു വീണപ്പോഴും മുള്ളുകള്‍  ആഴത്തിലേക്ക് തറഞ്ഞു ഒരിക്കലും എടുത്തു മാറ്റാന്‍ കഴിയാത്ത വിധം പതിപ്പിക്കപെട്ടു .നിണപ്പാടുകള്‍ ഭൂമിയില്‍ നനവുപടര്‍ത്തിയപ്പോഴും അതുകണ്ട് പരിഹസിച്ചവര്‍ അനവധി ഉണ്ടായിരുന്നു. നെഞ്ചിലെ നീറ്റല്‍ വാനോളം ഉയര്‍ന്നുനില്‍ക്കുമ്പോഴും പുച്ഛത്തോടെ നോട്ടം അയച്ചു കടന്നുപോയവരെ
ക്ഷമയെന്ന പുണ്യം യാചിച്ചുവാങ്ങി സൃഷ്ടാവിന്റെ കരങ്ങളില്‍ സ്നേഹത്തോടെ ചേര്‍ത്തുവ ക്കുവാന്‍ മറന്നുമില്ല....സ്നേഹത്തിന്റെ കരങ്ങളാല്‍ സഹനത്തിന്റെ പാതയില്‍ ക്ഷമയെന്ന പുണ്യമായ് പുഞ്ചിരിയോടെ നടന്നുമറഞ്ഞു ...അതായിരുന്നു ആ യാത്ര ..........!!!!

Friday, August 21, 2015

ഓര്‍മ്മതന്‍ പെരുമഴക്കാലം


അഗ്നിയില്‍ സ്പുടം ചെയ്ത മനസ്സേ
നിന്‍ ചിന്തകള്‍ മേയുന്നതെവിടെ 
ബാല്യകാലത്തിന്റെ സ്മരണയില്‍
ഓടിതിമര്‍ത്തതാം പൂന്തോപ്പുകള്‍
ശലഭസൗന്ദര്യം നുകര്‍ന്നിടുമ്പോള്‍
എന്‍ കണ്ണില്‍ തെളിഞ്ഞതാം കൌതുകമോ

പുസ്തകസഞ്ചിയും ചോറുപൊതിയുമായ്
നടന്നു പോയൊരാ പാതയോരങ്ങളോ
നിരന്നു കിടക്കുന്ന പുഞ്ചപാടങ്ങളില്‍
നെല്‍കതിര്‍ കൊത്തുന്ന വര്‍ണ്ണക്കിളികളോ

കൌമാരനാളില്‍  നമ്മളില്‍ വന്നതാം,
പ്രകൃതി സത്യത്തിന്റെ മാറ്റങ്ങളോ
പെരിയാറിന്‍ തീരത്തിരുന്നു നാമൊന്നായ് 
പ്രണയ പുഷ്പങ്ങള്‍ കൊരുത്ത നിമിഷമോ

മംഗല്യസൂത്രം കൊരുത്ത ചരടിനാല്‍
അന്യോന്യം  സ്വന്തമായ്  മാറിയതൊ
ആദ്യജാതനാം പൈതലിന്‍ നെറ്റിയില്‍
ആദ്യമായ് നല്‍കിയ നറുമുത്തമോ
പല്ലില്ല മോണയാല്‍ പുഞ്ചിരി തൂകിയാ-
പിച്ചനടന്നതാം കുഞ്ഞിന്റെ കൊഞ്ചലൊ

ആദ്യമായ് മുത്തച്ഛനായ ദിനമാണോ
പ്രിയതമ തന്നുടെ വേര്‍പാട് നല്‍കിയ
വേദനയെല്ലാം മുറിയുന്ന ഓര്‍മ്മയോ
ദിനങ്ങള്‍ കൊഴിയവേ ദിനചര്യ മാറവേ
മാറ്റത്തിന്‍ തപ്പുതുടി താളങ്ങളോ
വെള്ളിരോമങ്ങളെ തഴുകിയിരുന്നപ്പോള്‍
മിന്നി മറഞ്ഞതുമെന്തെന്തു ഓര്‍മ്മകള്‍

ഇന്നിതാ പൂമുഖപടിയിലിരുന്നിട്ടു
ഓര്‍മ്മപെയ്ത്തിന്റെ വസന്തകാലം
സ്വര്‍ണ്ണലിപികളാല്‍ചാലിച്ചെഴുതിയ
ഓര്‍മ്മകള്‍ ചെപ്പിലടച്ചു വച്ചു

വീണ്ടുമൊരു ജന്മമുണ്ടാകുമോ ചെപ്പുതുറക്കുവാന്‍
സ്പുടം ചെയ്തടച്ച "ഓര്‍മ്മതന്‍ പെരുമഴക്കാലം"

Monday, August 10, 2015

പ്രണയമീ നിദ്രയോട്


ഉണരാത്ത നിദ്രയായ് നീ  വന്നെന്നരികില്‍
ഒരു പൈതലായ്  നിന്‍ മാറില്‍ ചാഞ്ഞുറങ്ങാന്‍
നെഞ്ചില്‍ നെരിപ്പോട് കത്തിച്ചുവച്ചു
ആ ദീപമെന്‍ കണ്‍കളില്‍ നിറച്ചു വച്ചു

മയങ്ങുവാന്‍ ഞാന്‍ ഭയപ്പെടുന്നു
മിഴികളടച്ചാലാദീപം നീര്‍പളുങ്കായ് ചിതറിയാലോ ?
നിന്‍ വരവ് ഞാന്‍ അറിയാതിരിക്കുമോ
സങ്കടമാകുമെനിക്കുവീണ്ടും കാത്തിരിക്കുവാന്‍

എന്‍മുഖം വാടിയാല്‍  നീ ചൊല്ലിയാലോ
സന്തോഷമില്ലാതെന്‍കൂടെ  വരികവേണ്ടന്ന്‍
വീണ്ടുമെന്‍ കാത്തിരിപ്പിന്‍ ദൈര്‍ഘ്യമേറില്ലേ
അതുവേണ്ടെനിക്കിന്നു നിന്‍ കൂടെ ചേരണം

നിന്‍ കൈകളില്‍ കോര്‍ത്തുനടക്കണം
പണിതീരാത്ത നിരത്തിലൂടെ
വസന്തമില്ലാത്ത തോപ്പിലൂടെ
ആരവങ്ങള്‍ മുഴങ്ങാത്ത കാട്ടിലൂടെ

ഇമകളടക്കാതെ കാത്തിരിപ്പു ഞാന്‍
മരണമേ നിന്‍ തലോടലേറ്റു മയങ്ങുവാന്‍
ഉണരാത്ത നിദ്രയായെന്നെ പുല്‍കീടുമ്പോള്‍
പ്രണയമീ നിദ്രയോടെന്നുഞാന്‍ ചൊല്ലട്ടെ ..!!!


Monday, June 22, 2015

മറവിയുടെ ചിത്രം

                           
                                                                                                                                                                                           മൗനത്തിന്റെ മറ നീക്കി പുറത്തു വരുമ്പോള്‍ ആ യാത്ര അതിന്റെ  അവസാന സ്റ്റോപ്പില്‍ എത്തിയിട്ടുണ്ടാകും .ഓര്‍മ്മകളുടെ പടവില്‍ ഇരിക്കുമ്പോള്‍ ആ പേര്  ഒരിടത്തും കണ്ടെത്താന്‍ കഴിഞ്ഞെന്നു വരില്ല .കാരണം ഓര്‍മ്മകളുടെ തീരത്ത് മറ്റെന്തെക്കെയോ പ്രിതിഷ്ടിച്ചിരിക്കുന്നു. വീണ്ടുമൊരു ഓര്‍മ്മപ്പെടുത്തലായി ആ സ്വരം ഒരിക്കലും എത്തുകയില്ല .അറിഞ്ഞുകൊണ്ട് തന്നെ അകലങ്ങളിലേക്ക് യാത്രയായ ഒരു മറവിയുടെ ചിത്രം .....!!


Thursday, June 11, 2015

ചിന്തിക്കുക,പ്രവര്‍ത്തിക്കുക                                               മറ്റുള്ളവരുടെ നയനങ്ങള്‍ തുളിമ്പിയപ്പോള്‍ നിന്റെ കരങ്ങള്‍ ആ നീര്‍പളുങ്കുകള്‍ ഒപ്പിയെടുത്തു. നിന്റെ നയനങ്ങള്‍ നിറഞ്ഞപ്പോള്‍ ഒരു കരങ്ങളും ആശ്വാസത്തിന്റെ തലോടലായി ഉണ്ടായില്ല .എന്തുകൊണ്ടാകും ? നിന്റെ കണ്ണുകള്‍ നിറഞ്ഞത്  ആരും അറിഞ്ഞിട്ടില്ലയെന്നു കരുതുക. നിന്നോട് മിണ്ടാതെ പോകുന്നവരെയോര്‍ത്തു സങ്കടപ്പെടുകയോ പരിഭവിക്കുകയോ ചെയ്യാതിരിക്കുക, പകരം അവര്‍ക്ക് ഒഴിവാക്കാന്‍ പറ്റാത്ത തിരക്കുകള്‍ ഉണ്ടാകുമെന്ന് ചിന്തിക്കുക . നിന്നെ ഓര്‍മ്മിക്കാത്തവരെ ഒരിക്കലും ശല്ല്യം ചെയ്യാതിരിക്കുക ,അവര്‍ക്ക് ഓര്‍മ്മിക്കാന്‍ നിന്നെക്കാള്‍ പ്രിയപ്പെട്ട ഒരുപാട് പേര്‍ ഉണ്ടെന്നു കരുതുക .
നിന്റെ സഹായം ആവശ്യമില്ലാത്തവരുടെ അടുത്തേക്ക് സഹായവുമായി പോകാതെ ഒത്തിരി സഹായം ആവശ്യമുള്ളവരുടെ അരികിലേക്ക് കടന്നുചെല്ലുക .നിന്നോട് സംസാരിക്കാന്‍ താല്പര്യം ഉള്ളവരോട് സംസാരിക്കുക .അല്ലാത്തവരെ അവരുടെ ലോകത്തേക്ക് വിടുക.  വേദനകളും സഹനങ്ങളും ഉണ്ടാകുമ്പോള്‍ തളരാതെ  നമ്മെക്കാള്‍ വേദനിക്കുന്നവരെ ഓര്‍ക്കുക . മറ്റുള്ളവരെ അകാരണമായ് കുറ്റം പറയുമ്പോള്‍  ദൈവം ദാനമായ്  നല്‍കിയ സംസാരശേഷിയെകുറിച്ച് ഒരു നിമിഷമെങ്കിലും ചിന്തിക്കുക.  നേട്ടങ്ങള്‍ക്ക്‌ വേണ്ടിമാത്രം അടുത്തുകൂടുന്നവരെ തിരിച്ചറിയുക..........!!!!!

Monday, May 25, 2015

നടനചാതുരി


സ്വയംനല്ലവരെന്നു പുകഴ്ത്തിനടക്കുമ്പോള്‍
സ്വയം ചെറുതാകുന്നു ജനതയ്ക്ക് മുന്നില്‍ 
വിരല്‍ചൂണ്ടി നില്‍ക്കുന്ന നിങ്ങള്‍തന്‍ഭാവം 
കണ്ടാലറിയാം അഹങ്കാരഗര്‍വ്വിനെ

അന്യര്‍തന്‍സ്വസ്ഥത തല്ലികെടുത്തുമ്പോള്‍  
 സ്വയം അസ്വസ്ഥനാകുന്നതെന്തിവര്‍ ?
സ്നേഹമാണെന്ന്  പറഞ്ഞുതീരുംമുന്‍പേ 
അഭിനന്ദിക്കാതെവയ്യ അഭിനയമികവിനെ 

ഉണര്‍ത്തുപാട്ടായ് അരികില്‍വരുമ്പോള്‍ 
 ഇമകളടച്ചവര്‍ ഉറക്കംനടിച്ചിടും 
ദൂരെയെറിയുക  ഇനിയെങ്കിലും 
മര്‍ത്യാ നിന്നിലെ ഞാനെന്ന ഭാവത്തെ 

നവരസങ്ങള്‍ ആടുവാന്‍വെമ്പി 
ഓരോ നിമിഷവും മുന്നിലായ് വന്നവര്‍
നടനകലയുടെ ചാതുരി നിറച്ചൊരാ-
മൊഴികളുമായി അരങ്ങിലെത്തി 

പലമനസ്സിന്റെ ചപലതയെ 
ഒരേസമയം തലോടിനടന്നവര്‍ 
മുള്ളിനെ മുള്ളുകൊണ്ടെന്നപോല്‍
മറുചോദ്യമെറിഞ്ഞു പോകുന്നവര്‍ 

ശാപത്തിന്‍ കണ്ണുനീര്‍ചിതറിവീണുടയുമ്പോള്‍ 
ഇടിയായ് മിന്നലായ് പതിക്കാതിരിക്കുവാന്‍
വെറുമൊരുശ്വാസമാണെന്നോര്‍മ്മയാലെ 
കാപട്യമില്ലാത്ത കാരുണ്യകടലാകണം ......!!!!!


Friday, April 24, 2015

അറിയാത്തനോവുകള്‍നോവുന്നു മനതാരില്‍
എന്തെന്ന് ചൊല്ലുവാനറിയില്ലെനിക്കിപ്പോള്‍

നൊമ്പരമായ് വിങ്ങലായ്
തട്ടി മുറിയുന്നു ചോര പൊടിയുന്നു

ആ നൊമ്പരം അണപൊട്ടിയൊഴുകുന്നു
മിഴിനീരിനാല്‍ തീര്‍ത്ത അരുവിയായ്

പ്രിയമുള്ളതെന്തോ നഷ്ടമാകുന്ന
നിമിഷങ്ങളെ ഓര്‍ത്തോ

അതോ പ്രിയമായ് വന്നുചേര്‍ന്ന
നിമിഷത്തെ ഓര്‍ത്തോ

എത്രയോ വട്ടം പരതി നടന്നു ഞാന്‍
എന്‍ അന്തരാത്മവിന്‍ ആഴങ്ങളില്‍

അതൊരു സമസ്യയായ് ഇന്നും
ഉത്തരം കിട്ടാത്ത നൊമ്പരം

ദൂരെ നിന്ന് കാതില്‍ മുഴങ്ങി
ഒരു കിളികൊഞ്ചലില്‍ അമ്മേയെന്ന പിന്‍വിളി

അറിയില്ല എനിക്കിന്നും അതിനാലാണോ
എന്‍ ഹൃദയത്തെ കീറിമുറിക്കുന്ന

ചോരപൊടിയുന്ന നൊമ്പരപാടുകള്‍
എന്നും വിങ്ങുന്ന നോവായ്‌

തേങ്ങലായ് ചോരപൊടിയുന്നു നിനവില്‍
ഒന്നെടുത്തുമ്മ വെക്കാന്‍ കൊതിപ്പു ഞാന്‍  


മിന്നി തിളങ്ങുന്നോരോമനപൈതലിന്‍
പുഞ്ചിരി പൊഴിക്കുന്ന പൊന്‍മുഖം


ശലഭം

മൌനമാകും കൂടു തേടി പറന്നകന്ന ശലഭമേ
നീ പുഴുവായിരുന്നപ്പോള്‍
കൂട്ടിനുള്ളില്‍  എത്ര സുരക്ഷിതം

കൂടു വിട്ടുപുറത്തേക്കുവന്നീടുവാന്‍
വെമ്പല്‍ പൂണ്ടനിമിഷങ്ങളില്‍
ഇന്നുമോര്‍ക്കുമ്പോള്‍ നീ ഞെട്ടുകയോ ?

ശലഭമായ് മാറിയപ്പോള്‍ നിന്‍
ചിറകുകള്‍ എത്ര മനോഹരം
ആദ്യമായ് വാനില്‍ പാറിയപ്പോള്‍

നീ കണ്ടതെല്ലാം എന്തെന്തു കാഴ്ചകള്‍
പൂക്കളില്‍ തേന്‍ നുകര്‍ന്നു
ഇളം കാറ്റില്‍ ഊഞ്ഞാലാടി

പാറി പറന്നു വാനിലാകെ
 കാത്തിരുന്നു നിന്‍ വരവിനായ്
ഒരുപാടു പൂക്കളെന്നും പൂന്തോപ്പുതോറും

എങ്ങുമേ പോവാതെ നീ പറന്നു
മൌനമാകും കൂട്ടിനുള്ളില്‍ അണയുവാനായ്
എങ്കിലും പലവട്ടം നിന്‍ചിറകുകള്‍
കുഴഞ്ഞു മന്നില്‍ പതിച്ചുവോ നീ 

വീണ്ടും നിന്‍ ശക്തിയാല്‍
വാനില്‍ പറന്നില്ലേ?
ഒരു മാത്രയേതോ പൂവില്‍ മയങ്ങി നീ

ചെന്നു പതിച്ചതോ കൂര്‍ത്തോരു മുള്ളിന്മേല്‍
ചിറകറ്റു പോയ നീ മണ്ണില്‍ ലയിചില്ലേ
എന്തിനാപൂവില്‍ മയങ്ങി ശലഭമേ?

Friday, April 17, 2015

പ്രവാസത്തിലെ തണല്‍മരം

               
                        എന്നും  വൈകുന്നേരം അവര്‍ വളരെ നേരം സംസാരിക്കും .സംസാരിച്ചു കഴിഞ്ഞു ഫോണ്‍ കോള്‍കട്ട്  ചെയ്യുമ്പോള്‍ സങ്കടമാകും നമ്മുടെ അമീറിന് .അമ്മയുടെ കൈവിട്ടു പോയി ആള്‍ക്കൂട്ടത്തില്‍ തനിച്ചായ കുഞ്ഞിന്റെ അവസ്ഥയാണപ്പോള്‍ .അത് മറ്റാരുമല്ല നമ്മുടെ അമീറിന്റെ ഖല്‍ബിലെ മൊഞ്ചത്തി ജാസിയുടെ കോളാണ് .
                   അമീര്‍ ജോലി കഴിഞ്ഞു വന്നു തന്റെ പ്രിയപെട്ടവരോട് സംസാരിച്ചു കഴിഞ്ഞാല്‍ പിന്നെ ഓര്‍മ്മകളുടെ മേച്ചില്‍പ്പുറങ്ങളിലൂടെ ഒരു യാത്രയാണ് അവരുടെ കൈപിടിച്ച്. ഇപ്പോള്‍ സ്വപ്നം കാണാനും സ്നേഹം പകരാനും ജാസിയകൂടി ആയപ്പോള്‍ സമയം തികയാതായോ എന്നൊരു തോന്നല്‍ ഇല്ലാതില്ല .
                   സ്നേഹം കൊണ്ട് പൊതിയുന്ന ബാപ്പയും ഉമ്മയും .കൂടെനടന്നു കൊതിതീരാത്ത മൂത്തസഹോദരന്‍ ഇതാണ് അമീറിന്റെ കുടുംബം .പഠിക്കാന്‍ മിടുക്കനായിരുന്ന അമീറിന് ഒരു എഞ്ചിനീയര്‍ ആകണമെന്നായിരുന്നു ആഗ്രഹം .കോളേജ്പഠനം കഴിഞ്ഞു ബി സി എ കഴിഞ്ഞു തുടര്‍ന്ന് പഠിക്കാന്‍ ആഗ്രഹം ഉണ്ടായിരുന്നെങ്കിലും വീട്ടിലെ സാഹചര്യം അവനെ അനുവദിച്ചില്ല .ബാപ്പയും സഹോദരനും രോഗികളായപ്പോള്‍ കുടുംബഭാരം അമീര്‍ ഏറ്റെടുത്തു.പ്രയാസങ്ങള്‍ അങ്ങനെ അവനെയും ഒരു പ്രവാസിയാക്കി .
                    നല്ലൊരു ജോലിക്കുവേണ്ടി ഒരുപാട് ശ്രമിച്ചു നോക്കി  റക്കമെന്റ്റ് ചെയ്യാന്‍ ആരുമില്ലാത്തതിനാല്‍ ഫലമുണ്ടായില്ല . ഒടുവില്‍ ഒരു അക്കൗണ്ടിംഗ് സ്ഥാപനത്തില്‍ സ്റ്റോക്ക്‌ കണ്‍ട്രോളര്‍ ആയി ജോലിചെയ്യുന്നു .
                       അങ്ങനെ വര്‍ഷം നാല് കടന്നുപോയി .ഉടന്‍ നാട്ടില്‍ പോകാന്‍ ഇരിക്കുന്നു എന്തിനാണെന്നറിയില്ലേ.നമ്മുടെ ജാസിയയുടെ കഴുത്തില്‍ മിന്നു കെട്ടി സ്വന്തമാക്കാന്‍ .വീട്ടുകാര്‍ കണ്ടുപിടിച്ചതാണ് ആ കുട്ടിയെ നേരിട്ട്  പരസ്പരം അവര്‍ കണ്ടില്ലങ്കിലും ഫോട്ടോ കണ്ടു രണ്ടുപേര്‍ക്കും ഇഷ്ടപ്പെട്ടു .ഫോണിലൂടെ സംസാരിച്ചു അങ്ങനെ അമീറിന്റെ  ഖല്‍ബിലെ പ്രണയ പുഷ്പമായ് ജാസിയ വിടര്‍ന്നു നില്‍ക്കുന്നു .ഒരു പാവം കുട്ടി .
                             
                              നാല് വര്‍ഷത്തിനു ശേഷം അമീറിന് അവന്റെ മുതലാളി അനുവദിച്ചു കൊടുത്തിരിക്കുന്നത്‌ ആകെ മുപ്പത്തിയഞ്ചു ദിവസത്തെ അവധി .അതോര്‍ക്കുമ്പോള്‍ അവനു സങ്കടം നിയന്ത്രിക്കാന്‍ പറ്റുന്നില്ല .പ്രിയപെട്ടവരോടൊപ്പം അല്‍പസമയം ചിലവഴിക്കാന്‍ ,തന്റെ വിവാഹം നടത്തണം ,തന്റെ പ്രിയപ്പെട്ടവളെ ഒന്ന് കണ്‍നിറയെ കാണാന്‍പോലും ഉള്ള സമയം അതുപോലും ഉണ്ടാവില്ല ഈ അവധികൊണ്ട് .
                                  സഹജീവികളോടു കരുണ കാണിക്കാത്ത ഒരു വര്‍ഗ്ഗം മനുഷ്യന്‍ മാത്രമാണോയെന്നു ചില മേലാളന്‍മാരുടെ പ്രവര്‍ത്തികള്‍ കണ്ടാല്‍ തോന്നിപോകും .മറ്റുള്ളവരും തന്നെപോലെ വികാരങ്ങളും വിചാരങ്ങളും ഉള്ളവരാണെന്ന് അവര്‍ ചിന്തിക്കാറില്ല .സ്വന്തം ശരീരത്തില്‍ നുള്ളുമ്പോള്‍ മാത്രമേ വേദനിക്കുമെന്ന്  ചിന്തിക്കുന്നവര്‍ ....എന്നാവും ഇവരുടെയൊക്കെ അകക്കണ്ണ് തുറന്നു മറ്റുള്ളവരെയും സ്നേഹത്തോടെ കാണാന്‍ കഴിയുക .ദൈവത്തിന്റെ കോടതിയില്‍ കണക്കു പറയേണ്ടിവരുമെന്ന് എന്താണ് ഇവര്‍ മനസ്സിലാക്കാത്തത്

                                അമീറിന്റെ പ്രവാസ ജീവിതത്തില്‍ വളര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന തണല്‍മരമായ് ജാസിയ എന്നും ഉണ്ടാകട്ടെ എല്ലാ നന്മകളും നല്‍കി ഈശ്വരന്‍ ഇവരെ അനുഗ്രഹിക്കട്ടെയെന്നു നമുക്കും പ്രാര്‍ത്ഥിക്കാം .......ഒരുപാട് സങ്കടങ്ങള്‍ക്കിടയിലും തണല്‍ മരങ്ങളായ്‌ പ്രിയപ്പെട്ടവര്‍ ഓരോ പ്രവാസിയുടെ ജീവിതത്തിലും തണല്‍ വിരിക്കട്ടെയെന്നു നമുക്കും ആഗ്രഹിക്കാം ............!!!!!

പിന്‍നിര


പ്രതീക്ഷയോടെ നോക്കുമ്പോള്‍
മുഖംതിരിച്ചു നടന്നുപോയാല്‍
പിന്നോട്ട്  നോക്കാതൊരിക്കലും
നടന്നകലുക കാണാമറയത്തേക്ക്

മുന്നിലൊന്നാമനായ്‌  ചേര്‍ത്തനിന്നെ
പിന്നിലൊന്നാമനായ് മാറ്റിയപ്പോള്‍
നൊമ്പരങ്ങള്‍ക്കിടം കൊടുക്കാതെ
അലങ്കരിക്കുക  നീയവിടെ

സഹനത്തിന്റെ അകമ്പടിയില്ല
ചുമതലകളുടെ ഭാരവുമില്ല
സ്നേഹത്തിന്റെ ബന്ധനങ്ങളില്ല
കണ്ണുനീരിന്റെ പെയ്ത്തുമില്ല

പിന്നിലൊന്നാമനായ്‌  നില്‍ക്കവേണ്ട
പിന്‍തിരിഞ്ഞിന്നു  യാത്രയാകാം
പിന്‍വിളികേട്ടു തിരികേവരേണ്ട
പൊന്‍ വിളക്കായ് തെളിഞ്ഞുനില്‍ക്കു...... !!!!

Saturday, March 21, 2015

ചിന്തകളുടെ ചിറകുകള്‍


ബന്ധനങ്ങളുടെ കെട്ടുകള്‍പൊട്ടിച്ചു
അനന്തവിഹായസ്സിലേക്ക് പറന്നുയരാന്‍
എന്നാണിനി സമയമാകുകയെന്നറിയാന്‍
ഞാന്‍ കാത്തിരിക്കേണ്ടതെത്രനാള്‍ ...?

നിശ്ബ്ധതയുടെ മൂടുപടമണിഞ്ഞു
പറയാന്‍ വാക്കുകളില്ലാതെയായവള്‍
എന്‍നെഞ്ചിലെ നീറ്റല്‍ വാനോളമുയര്‍ന്നിട്ടും
കൈവിടാതെയെന്നില്‍ സൂക്ഷിച്ച വാക്കുകള്‍

കണ്ണുണ്ടായിട്ടും കണ്ടില്ലന്നുനടിക്കുന്നവര്‍ക്കു -
മുന്‍പിലൊരു പരിഹാസപാത്രമായ് മാറിയോ ?
ആശ്വാസത്തിന്റെ ദൂതുകള്‍ക്കു പകരമായ്
ആവനാഴിയില്‍ നിറയ്ക്കുന്നു നോവിന്റെ വാക്കുകള്‍

ഈകിളിവാതില്‍ തുറന്നു തരുകയെന്‍
ചിറകുകള്‍ തളരുംമുന്നേ  പറന്നീടുവാന്‍
കൊച്ചുകൊച്ചാശകള്‍ പിന്നിലുപേക്ഷിച്ച
വിധിയുടെ കൈയ്യിലെ കളിപ്പാട്ടമിന്നുഞാന്‍ ....!!!!


Monday, March 9, 2015

അക്ഷരലോകം
വിജ്ഞാനതിന്റെ പടിപ്പുരയില്‍ ഇരുന്നു നീ 
അകലേക്ക്‌ മിഴികളയക്കുമ്പോള്‍ 
ഓര്‍മ്മയുടെ കോണില്‍ തെളിയുന്ന മുഖമിതോ ........
അതോ അക്ഷരങ്ങള്‍ കൊണ്ട് വസന്തമോന്നു തീര്‍ക്കും
സ്വപ്നത്തിന്റെ അടിത്തറ പണിയുകയോ
വിവേചിച്ചറിയാന്‍ കഴിയാത്തൊരു -
ഗൌരവം കാണുന്നുവാമുഖരത്തില്‍
ചുണ്ടിലൊരു മന്ദസ്മിതം തൂകിനില്‍ക്കു
അക്ഷര ലോകത്ത് കൈകള്‍ കോര്‍ക്കാന്‍ ....!!!!

Saturday, March 7, 2015

ആശാശലഭങ്ങള്‍


ഉള്ളില്‍ തിളച്ചു തൂകുന്നതൊന്നും
പുറമേ കാണുന്ന പുഞ്ചിരിയല്ല
നീറുന്ന ആശാശലഭങ്ങള്‍ തിങ്ങിയ
നോവിന്‍ തുടിപ്പാണിടനെഞ്ചിലെപ്പോഴും

പ്രതീക്ഷകള്‍ തെളിച്ചൊരു കൊച്ചുകൂട്
ചെറുചില്ലയില്‍ നിന്നിതാ വേര്‍പെടുന്നു
നിലംപൊത്തി വീഴുന്ന കൂട്ടില്‍നിന്നും
ശേഷിപ്പുകളില്ലാതെ നഷ്ടമാകുന്നിതാ ....

പൂര്‍ത്തിയാക്കാത്തയെന്‍ സ്വപ്നസാഫല്ല്യത്തിന്‍
കണികകള്‍ ഒന്നുമേ ബാക്കിയാകുന്നില്ല
ഇനിയെന്‍ പ്രതീക്ഷകള്‍ സഫലമാകാന്‍
ഇനിയുമൊരുനാള്‍ വരുമോ ഈ ജന്മം .........!!!!

Wednesday, March 4, 2015

മുറിപ്പാടുകള്‍


വാക്കുകളിലൂടെ തേരോട്ടം നടത്തുമ്പോള്‍
കൈവിട്ടു പോകുന്നതൊന്നും
തിരികെയെടുക്കാന്‍ കഴിയാതെ
വേദനയോടെ പശ്ചാത്തപിക്കുമ്പോള്‍
വിളിച്ചു കൂവും മുന്‍പേയെന്തു നീ
ഒരുവട്ടമെങ്കിലും ചിന്തിക്കാതിരുന്നു
നീ വേദനിപ്പിച്ചവര്‍ അല്ലങ്കില്‍ നീയും
വരും നിമിഷം ഉണ്ടാകുമോയെന്നറിയില്ല
നീയേല്പ്പിച്ച മുറിപ്പാടുകള്‍
ക്ഷമയെന്ന വാക്കിലൂടുണക്കുവാന്‍ ........!!!!


Saturday, February 21, 2015

കനവ്


കനലെരിയും കനവിന്റെയുള്ളില്‍ 
പിടച്ചിലിനിയും ബാക്കിയാവുന്നു 
വാക്കുകള്‍ക്കു അതീതമായ് 
നിര്‍വ്വചിക്കാന്‍ കഴിയാത്തൊരു നൊമ്പരം 
കുഞ്ഞുകിളിയുടെ കൂടണയാന്‍ കൊതിക്കുന്നു 
അമ്മകിളിയുടെ ചിതറുന്നോരാ നീര്‍പളുങ്കുകള്‍ ...!!!

Friday, February 6, 2015

മഴമേഘംരഹസ്യ തടാകത്തിന്‍  ചുഴിയില്‍
ശ്വാസത്തിനായ്  പിടയുമ്പോഴും
ആശ്വാസത്തിന്‍ തലോടലായ്
അരികിലെത്തിയ തെന്നലേ

ഒരു പൂവിതളിനെയും  നോവിക്കാതെ
ഒരു തളിര്‍ ചില്ലയെയും അടര്‍ത്തിടാതെ
സ്വയമേറ്റുവാങ്ങിയ നൊമ്പരത്തില്‍
എരിഞ്ഞടങ്ങിയോ നിന്‍ ദിനങ്ങള്‍

മുള്‍പ്പടര്‍പ്പില്‍ ഞെരുങ്ങി പൊടിച്ചതാം
ഹൃദയത്തിന്‍ രക്തപുഷ്പങ്ങളെ
സ്നേഹസ്പര്‍ശം കൊണ്ടുണക്കും
ഇളംതെന്നലായ്  വീശിയകലുക

അനന്തവിഹായസ്സിന്‍ നീലിമയില്‍
പെയ്തുടങ്ങും മഴമേഘമായ്
തെളിയട്ടെ നിന്‍മനമിന്ന്
വിരിയട്ടെ മഴവില്ലിന്‍ ചാരുതയെന്നും....!!!!

Friday, January 30, 2015

അനാമിക


അക്ഷരവസന്തത്തില്‍ വിരുന്നു വന്നു
എന്‍പ്രിയ സ്നേഹിത അനാമിക

ഞാന്‍ പോലുമറിയാതെയെന്നുള്ളില്‍
അരുമയായ് മാറിയവള്‍ അനാമിക

അകതാരിലെരിയുന്ന കദനകടലിനെ
പുഞ്ചിരിയോടെ മറച്ചവള്‍ നീ

പ്രതികൂലമേറെമറികടന്നെത്തി നീ
തളരാത്ത മനസ്സിന്റെ ഉടമയായി

കൊടുംങ്കാറ്റടിച്ചതാം ജീവിതതോണിയെ
ധീരതയോടെ തുഴഞ്ഞവള്‍ നീ

വിധിയെപഴിച്ചു നീ മിഴിനീരൊഴുക്കാതെ
വീറോടെ പൊരുതി ജയിച്ചതും നീതന്നെ

ആശ്വാസവാക്കിന്റെ ആശാകിരണമായ്
അരികിലെത്തും സതീര്‍ത്ഥ്യ ഞാനും

ധന്യയാണിന്നു ഞാന്‍ നിന്‍മുഖചിത്രത്തില്‍
തത്തികളിക്കുന്ന പുഞ്ചിരി കാണുമ്പോള്‍

പ്രതീക്ഷയോടെ ഞാന്‍ കാത്തിരിക്കുന്നു
അനാമികെ......... നിന്നരികിലെത്താന്‍Saturday, January 17, 2015

സുഗന്ധം


പൂന്തോപ്പ്‌ നല്‍കുന്ന നയനസുഖം 
നറുമലര്‍ വിടരുന്ന പുതുസുഗന്ധം 
ഹിമബിന്ദു പുല്‍കുന്ന പുല്‍കൊടിയും 
സ്നേഹാര്‍ദ്രലോലമാം ഭാവങ്ങളോ.....
അണയാതെ കത്തുന്ന ദീപമായി
അകതാരില്‍ നിറയുന്നു സ്വരരാഗവും........!!!!!

Saturday, January 3, 2015

ഈണംമറക്കാത്ത കൂട്ടുകാരി


ഈണം മറക്കാത്ത  കൂട്ടുകാരി നീ
ഗാനമായ് പാടിയുറക്കുകില്ലേ
കാതോര്‍ത്തിരുന്ന നിമിഷങ്ങളില്‍
നീ  മധുരമാം നാദമായ് ഒഴുകി വന്നോ

ആശംസപൂക്കളുമായ്‌ വന്നയെന്‍ മുന്നില്‍
നറുപുഞ്ചിരി കൊണ്ടു നീ പൂച്ചെണ്ടു നല്‍കി
എന്‍ ഹൃത്തില്‍ പതിഞ്ഞതാണാമുഖമന്ന്‍
ഓമനിക്കുന്നു ഞാന്‍ ആ മുഖമിന്നും

അടരാന്‍ കഴിയാത്തൊരാത്മബന്ധം
അറിയാതെ മുളപൊട്ടിയ നിമിഷമതോ
സ്നേഹാമൃതത്തിന്റെ മാധുര്യം പകര്‍ന്നു നീ
പിരിയാതെ കൂടെയിരുന്നതല്ലേ

ഘടികാരസൂചികള്‍ ചലിക്കുന്ന പോലെ
നിന്‍ വരവിനു കാത്തിരിപ്പുയെന്‍  ഹൃത്തടം
ഒരു മനമോടെ നാം കൈമാറിയ രഹസ്യങ്ങള്‍
മരണത്തിലൂടെയെ മറഞ്ഞുപോകു

ഒരമ്മതന്‍ ഉദരത്തില്‍ഉരുവായില്ലങ്കിലും
എന്നും നീയെന്നുടെ കൂടപ്പിറപ്പാണ്
ഞാനിന്നു മൌനമായ് മാറിയാലോയെന്റെ
മൂകത വായിച്ചറിയുന്നവള്‍  നീ

സന്തോഷമാകുന്ന കണ്ണീര്‍കണങ്ങളെ
മുത്തുമണികളായ് നിനക്കു നല്‍കാം
അകലുവാനാകില്ല  പിരിയുന്നതോയെന്‍
മരണമാം സത്യത്തിലൂടെ മാത്രം