Monday, February 15, 2016

വിജനതയിലെ വിളക്ക്


വിജനമാംവഴിവക്കില്‍ തെളിഞ്ഞദീപമേ 
നിന്നിലെ തെളിമയറിയാതെ പോയിഞാന്‍ 
വൈകിയവേളയിലീസംഗമമെങ്കിലും 
മറയുംവരെയെന്നെ കൈകളില്‍ ചേര്‍ക്കണം 

തളിരായ് പൂവായ് ഫലമായ് മാറുവാന്‍ 
വറ്റാത്ത സ്നേഹത്തിനുറവയായൊഴുകണം
മുല്ലവള്ളിപോല്‍ ചുറ്റിപടരുവാന്‍
തേന്മാവുപോലെന്നുമരികില്‍ വേണം 

തളരുന്ന പാദങ്ങള്‍ താങ്ങീടുവാന്‍
നിന്‍ പാദങ്ങളില്‍ ചേര്‍ത്തുനടത്തണം 
ഉഴറുന്ന ഇടനെഞ്ചിന്‍ തേങ്ങലുകള്‍
ഒരുകരസ്പര്‍ശത്താല്‍  മായ്ച്ചീടണം

എന്നിലെകുറവുകള്‍ നിന്നെതളര്‍ത്തുമ്പോള്‍
പൊറുക്കാത്ത തെറ്റായി കണക്കിടല്ലേ 
കുറവുകളെല്ലാമെന്‍ നിറവുകളാക്കുവാന്‍ 
നിന്നാര്‍ദ്രസ്നേഹം പകര്‍ന്നുവേണം  

Sunday, February 7, 2016

സൃഷ്ടി വൈഭവം


ആകാശവനികയില്‍ നീലവിഹായസ്സില്‍
വെള്ളിമേഘങ്ങള്‍ ചിത്രം വരയ്ക്കുന്ന കണ്ടോ
ഭംഗിയെഴുന്നൊരു വര്‍ണ്ണ ചിത്രം
പ്രപഞ്ച നാഥന്റെ വൈഭവസൃഷ്ടി

മഴയുടെ നൃത്തത്തില്‍ തരളിതമാകുന്നു
വൃക്ഷതലപ്പിലെ ഇലനാമ്പുകള്‍
വിടപറയാന്‍ കഴിയാതിതള്‍തുള്ളികള്‍
മുറുകെ പുണര്‍ന്നു പുണര്‍ന്നു നില്‍ക്കുന്നു

ഇളംതെന്നല്‍ മെല്ലെ പടികടന്നെത്തുന്നു
തൊട്ടുതലോടാന്‍ കുളിര്‍മ്മയോടെ
തലയെടുപ്പോടെ നില്‍ക്കുന്നു പൂവുകള്‍
മെല്ലെ ചാഞ്ചാടുന്നു സ്നേഹമോടെന്നും

പച്ചവിരിച്ചൊരു പുല്‍മേട്‌ കാണുമ്പോള്‍
അറിയാതെയൊന്നു പുണരാന്‍ കൊതിക്കുന്നു
ഒന്നിരുന്നോട്ടെയീ പ്രകൃതിയെ സ്നേഹിച്ചു
അമ്മതന്‍ മടിയിലെ പൈതലായി

വിനാഴികയെല്ലാം വിടപറഞ്ഞകലുമ്പോള്‍
അറിയുന്നില്ലാ നിമിഷത്തിന്‍ വേഗത
പ്രണയം തുളുംബിയ മനോമുകുരത്തില്‍
പ്രകൃതി വിളമ്പിയ സുന്ദരകാഴ്ചകള്‍