Thursday, February 27, 2014

നിധിപേടകം എവിടെ !!!!

               
 

                                നിധി തേടിയുള്ള യാത്രയിലായിരുന്നു അവര്‍. യാത്ര ആരംഭിച്ചെങ്കിലും നിധിയുടെ സ്ഥാനം എവിടെയെന്നുള്ളത് ആര്‍ക്കും അറിഞ്ഞുകൂടാ. അവരുടെ യാത്രയില്‍ അല്പം വിശ്രമത്തിനായി അവര്‍ കാടിന്റെ നടുവിലുള്ള ഒരു ഗുഹയില്‍ കയറി ഇരുന്നു. അല്‍പസമയം കഴിഞ്ഞപ്പോള്‍ മനോഹരമായ  പട്ടു കേള്‍ക്കാം ഒരു കിളിനാദം. അവര്‍ മെല്ലെ ഗുഹയിലേക്ക്  കയറി ഉള്ളിലേക്ക് ചെല്ലുംതോറും വിശാലമായ ഗുഹ. അവിടെ വൗവാലുകളുടെ ചിറകടി ശബ്ദം അലയടിക്കുന്നു. അതിനുള്ളില്‍ കുറെ ദൂരം പിന്നിട്ടപ്പോള്‍ ഒരു ചെറിയ മുറിപോലെ തോന്നിക്കുന്ന ഭാഗങ്ങള്‍. അവിടെ കല്ലുകൊണ്ട് കെട്ടിയ പീഠം .അതിനു മുകളില്‍ ഇരുന്ന്‍  ഒരു പെണ്‍കുട്ടി പാടുന്നു .ആ പാട്ടാണ് നമ്മള്‍ കുറച്ചു മുന്‍പ് കേട്ടത്.

                         അവളുടെ പാട്ടു ആസ്വദിച്ചിരുന്ന അവര്‍ അവളെക്കുറിച്ച് ചോദിച്ചു മനസ്സിലാക്കി.
അല്പം കഴിഞ്ഞപ്പോള്‍ അവര്‍ ഈ കാട്ടില്‍ എവിടെയോ ഒരു നിധി ഉണ്ടെന്നും അതിന്റെ അന്വേഷണത്തില്‍ ആണെന്നും അറിയിച്ചു. അവരുടെ മനോഹരമായ സംഭാഷണത്തില്‍ ആ പെണ്‍കുട്ടി കുറച്ചു വിവരങ്ങള്‍ അവര്‍ക്ക് കൈമാറി. രഹസ്യങ്ങള്‍ അറിയാന്‍ വേണ്ടി അവര്‍ പറഞ്ഞത് അധികവും കള്ളമായിരുന്നു എന്ന് പാവം പെണ്‍കുട്ടി അറിഞ്ഞിരുന്നില്ല. അവര്‍ ആ നിധി ഇരിക്കുന്നത് കണ്ടെത്തിക്കഴിഞ്ഞാല്‍ തന്റെ മരണമാണ് സംഭവിക്കുക എന്നു അവള്‍ക്കു അറിയില്ലായിരുന്നു. നിധി ഇരിക്കുന്നിടം  അറിയാന്‍ പലതരത്തിലും അവര്‍ ശ്രമിച്ചെങ്കിലും അത് മാത്രം അവള്‍ പറഞ്ഞുകൊടുത്തില്ല. ആറാം ഇന്ദ്രിയതിന്റെ ഒരു വെളിപ്പെടുത്തല്‍ പോലെ മനസ്സിന്‍റെ ഒരു  തോന്നല്‍. പിന്നെ അവളില്‍ നിന്നും ഒരു വിവരവും ലഭിക്കാതെ വന്നപ്പോള്‍
അവര്‍ ലക്ഷ്യത്തിലേക്ക് യാത്രയായി. അവര്‍ക്ക് ലക്ഷ്യത്തില്‍ എത്തുവാന്‍ കഴിയുമോ ....? പെണ്‍കുട്ടിയുടെ ജീവന്‍ നഷ്ടപ്പെടുമോ ..........? ഇതിനിടയില്‍ എന്തെല്ലാം സംഭവിക്കും ..........ഒന്നും അറിയില്ല .........കാത്തിരിക്കാം അല്ലാതെ മറ്റു മാര്‍ഗ്ഗമൊന്നും ഇല്ല .........!!!!

Wednesday, February 26, 2014

പ്രിയസഖി


അവര്‍ണ്ണനീയം ആ സ്നേഹധാര
ആകാശഗംഗപോല്‍ ഒഴുകിയെത്തി
പനിമഞ്ഞു തൂകും ഭംഗിയോടെ
വെള്ളരി പ്രാവിന്‍ പരിശുദ്ധിയോടെ

അമ്മതന്‍ താരട്ടുപാട്ടിന്റെ ഈണമായ്
വരികളായ് എന്നില്‍ നിറഞ്ഞുകവിഞ്ഞതും
അരുതേയെന്നിതാ ചൊല്ലിയകന്നതും
അരികിലണയുവാന്‍ വെമ്പിയതാവണം

ഇടമുറിയുന്നിതാ വരികളില്‍ പലതുമേ
മനസ്സിലാ മന്ത്രങ്ങള്‍ ഉരുവിടുമ്പോഴും
ദൂരെ നില്‍ക്കുന്ന നിന്‍ കണ്ണിന്‍തിളക്കം
ചാരെയിരുന്നു പ്രകാശം പൊഴിക്കുന്നു

ഓരോ അണുവിലും ത്രസിച്ചതാം മന്ത്രം
ഒന്നിതുമാത്രം അറിയാമെനിക്കുന്നു
ഇവളാണെന്നുമെന്‍  പ്രിയസഖി
ഇവളെന്റെ  "ജീവനും ജീവിതവും"....


Saturday, February 22, 2014

ഇവളെന്റെ മഞ്ഞുതുള്ളി !!


എന്‍ ഹൃദയതന്ത്രിയില്‍
വിടര്‍ത്തിയ സംഗീതം
ഒരു മഞ്ഞുതുള്ളിതന്‍
കുളിര്‍തെന്നലായവള്‍

വിലമതിക്കാനാവാത്ത
സൗഹൃദ തണലിന്റെ
സ്നേഹ സമ്മാനമായ്
അക്ഷര ശില്പത്താല്‍
കൊത്തിയൊരുക്കി
മിനുക്കിയ കവിതയെ
എനിക്കായേകിയ
മഞ്ഞുതുള്ളിയാണവള്‍

മാരിവില്‍ ശോഭ വിതറും
വര്‍ണ്ണപ്രപഞ്ചത്തില്‍
അക്ഷര പ്രഭയാല്‍
തിളങ്ങിയെന്‍ മഞ്ഞുതുള്ളി

കാണാമറയത്തിരുന്നിടും
ഇരുഹൃദയങ്ങളെങ്കിലും
സൗഹൃദപൂമഴയായ്
എന്നില്‍ പെയ്തിറങ്ങിയ
ഇവളാണെന്‍ മഞ്ഞുതുള്ളി
എന്‍പ്രിയ  മഞ്ഞുതുള്ളി

Friday, February 21, 2014

മരണത്തെ തോല്‍പ്പിച്ച അന്ന !!

         

           അന്നയും ജോയും വിവാഹിതരായി ഒരു ആഴ്ചക്ക് ശേഷം പുറംനാട്ടിലുള്ള ജോയുടെ ജോലിസ്ഥലത്തേക്ക് പോയി. ആദ്യമായി നാട് വിട്ടു പുറത്തുപോകുന്ന അന്നയ്ക്കു പുറംലോക കാഴ്ചകള്‍ കൌതുകം നിറഞ്ഞതായിരുന്നു. നേഴ്സ് ആയ അന്നയ്ക്കു  അധികം കഴിയും മുന്‍മ്പ്  ജോലി ലഭിച്ചു. കുറച്ചു നാളുകള്‍ക്ക് ശേഷം അന്ന ഗര്‍ഭിണിയായി.
           
                        ആറുമാസങ്ങള്‍ക്ക് ശേഷം അന്ന നാട്ടില്‍ പോകുന്നതിന്റെ മുന്നൊരുക്കമായി അവധി എടുത്തു നാട്ടില്‍ പോകാനുള്ള ദിവസവും കാത്തിരുന്നു. ഒരാഴ്ചകഴിഞ്ഞപ്പോള്‍ അന്നയ്ക്കു ഛര്‍ദ്ദിയും  അല്പം അസ്വസ്ഥതകളും തുടങ്ങി. ഓഫീസില്‍ ആയിരുന്ന ജോയെ ഫോണ്‍ വിളിച്ചു വരുത്തി അവര്‍ ഡോക്ടറെ പോയി കണ്ടു. ഹോസ്പിറ്റലില്‍ കിടത്തിയ അന്ന പിറ്റേന്ന് ഉച്ചയായപ്പോള്‍ ഒരു ആണ്‍കുഞ്ഞിനു ജന്മം നല്‍കി. ഏഴാം മാസത്തില്‍ ദൈവം കൊടുത്ത ദാനം. പ്രസവം നടന്ന ഉടനെ അന്നയിലെ നിറം മാറ്റം അവളുടെ ആന്റിയുടെ ശ്രദ്ധയില്‍പ്പെട്ടു. രക്തപരിശോധനയിലാണ്  അന്നക്കു മഞ്ഞപ്പിത്തം ബാധിച്ചിരുന്നു എന്നു മനസ്സിലായത് .കുഞ്ഞിനെ ഇന്‍ക്യുബേറ്ററിലേക്ക് മാറ്റി. പത്തു ദിവസങ്ങള്‍ക്കു ശേഷം അന്നയെ ഹോസ്പിറ്റലില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തു.
                            
                   തന്റെ പോന്നോമാനക്കു ജന്മം നല്‍കുന്നതിനു ഒരാഴ്ച  മുന്‍പ്  അന്ന ഒരു സ്വപ്നം കണ്ടു. അധികം കഴിയും മുന്‍പ് അത് തന്റെ ജീവിതത്തില്‍ യാഥാര്‍ത്ഥ്യമാകുമെന്ന് കരുതിയില്ല .താന്‍ മരിച്ചു പെട്ടിയില്‍ കിടക്കുന്നതും പൂക്കള്‍ കൊണ്ട് അലങ്കരിച്ചതും തന്നെ പുതപ്പിച്ച് കിടത്തിയിരിക്കുന്ന വെള്ള പുതപ്പിച്ച മുണ്ടിന്റെ പുത്തന്‍ മടക്കുകളും മങ്ങാത്ത ചിത്രം പോലെ മനസ്സില്‍ പതിഞ്ഞുപോയി. അന്നയ്ക്കു വെറുമൊരു തമാശപോലെ തോന്നിയെങ്കിലും ജോയോടു പറഞ്ഞില്ല. അദ്ദേഹത്തിനു  വിഷമം ആയെങ്കിലോ എന്നു ചിന്തിച്ചു .

               അന്ന ഹോസ്പിറ്റല്‍ വിടും മുന്‍പേ നാട്ടില്‍ നിന്നും  അമ്മ അവളുടെ അരികിലെത്തി . അമ്മയോട് ഈ സ്വപ്നം അന്ന പറഞ്ഞു. വീട്ടില്‍ പോയി രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ അന്നയെ ഇന്‍ക്യുബേറ്ററിലായിരുന്ന കുഞ്ഞിന്റെ അരികില്‍ കൊണ്ടുപോയി. ഏതാണ്ട് ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍  അന്നയ്ക്കു ബ്ലീഡിംഗ് ആരംഭിച്ചു .അത് അന്നയുടെ വിധിയെഴുതാന്‍ തുടങ്ങിയിരുന്നു എന്ന് ആരും അറിഞ്ഞിരുന്നില്ല. ഉടനെ അന്നയെ I C U വിലേക്ക്  മാറ്റി
ഡോക്ടര്‍മാര്‍ പലരും അന്നയെ പരിശോധിച്ചെങ്കിലും  ഒന്നും ചെയ്യാന്‍ ഇല്ലാത്ത അവസ്ഥയില്‍ ആയിരുന്നു.
               
                 സന്ധ്യയായി, അന്നയുടെ സ്പന്ദനങ്ങള്‍ മെല്ലെ അകലാന്‍ തുടങ്ങി. ജോയുടെ സഹോദരിമാര്‍ ജോലി ചെയ്യുന്ന ഹോസ്പിറ്റലിലേക്ക് അന്നയെ കൊണ്ടുപോയി. അന്നയുടെ ശരീരത്തില്‍ ജീവന്റെ തുടിപ്പുകള്‍ ഒന്നും അവശേഷിക്കുന്നുണ്ടായിരുന്നില്ലയെന്നു പറയാം. ശരീരം മരവിച്ചിരുന്നു, ശ്വാസത്തിന്റെ കണികപോലും ഇല്ല. അവിടെ എന്തിനും തയ്യാറായി കുറെ ഡോക്ടര്‍മാര്‍  കാത്തുനിന്നു. പ്രധാന ഡോക്ടര്‍ പരിശോധിച്ചു. "ഈ രാത്രി ഇവിടെ സൂക്ഷിക്കാം നാളെ രാവിലെ ബോഡി കൊണ്ടുപോകാനുള്ള ഏര്‍പ്പാടുകള്‍ ചെയ്യാം". ഇത്രയും പറഞ്ഞ്‌ ഡോക്ടര്‍മാര്‍  പോയി.
                         
                     അന്ന ഈ സമയം മറ്റൊരു ലോകത്തായിരുന്നു; വെളുത്ത സാരി ധരിച്ച് ആശുപത്രി ബെഡ്ഡില്‍ കിടക്കുന്ന അന്ന. അവളെ മാടി വിളിക്കുന്ന വെള്ള ഉടുപ്പിട്ട മുടി ബോബ്‌ ചെയ്ത ഒരു പെണ്‍കുട്ടി, "വാ സിസ്റ്ററെ"......... ഈ വിളി കേട്ടതും അന്ന എതിര്‍ വശത്തേക്ക് തല തിരിച്ചു നോക്കി .അവിടെ പരിശുദ്ധ മാതാവ്‌ ജ്വലിക്കുന്ന മഞ്ഞ വെളിച്ചത്തില്‍ പുഞ്ചിരിച്ചു നില്‍ക്കുന്നു. വീണ്ടും അതാ കേള്‍ക്കുന്നു ഒരേ സ്വരത്തില്‍ ഒരായിരം ശബ്ദങ്ങള്‍. നോക്കിയപ്പോള്‍ പല പ്രായത്തില്‍ ഉള്ള ആളുകള്‍; കുട്ടികളും പ്രായമായവരും  "വാ സിസ്റ്ററെ " എന്ന വിളിയോടെ എല്ലാവരും. വീണ്ടും എതിര്‍വശത്ത് നോക്കിയപ്പോള്‍ പരിശുദ്ധ  മാതാവ്‌ ഉജ്വല പ്രഭാവലയത്തില്‍ പുഞ്ചിരിച്ചു നില്‍ക്കുന്നു. അത്രയും സമയം ശവശരീരം  ആയിരുന്ന അന്നയുടെ തല മെല്ലെ ഒന്ന് അനങ്ങി, മൂക്കില്‍ കൂടി രക്തം ഒഴുകാന്‍ തുടങ്ങി.

              ഇതു കണ്ടു അവിടെ നിന്നിരുന്ന നേഴ്സ്  ഓടിപോയി ഡോക്ടറെ വിളിച്ചു. ഡോക്ടര്‍മാര്‍ എല്ലാവരും ഓടി വന്നു. അവരുടെ സേവന  ജീവിതത്തിലെ അത്ഭുതമായി അന്ന. പെട്ടന്നുതന്നെ  രക്തം വേണമെന്ന് പറഞ്ഞു. ജോയുടെ രക്തം എടുത്തു പകുതി ബോട്ടില്‍ നിറഞ്ഞപ്പോള്‍ പിന്നെ രക്തമില്ല. പൂര്‍ണ്ണ ആരോഗ്യവാനായ ജോയുടെ അവസ്ഥ ഇപ്പോള്‍ നമുക്ക് ചിന്തിക്കവുന്നതെയുള്ളു. ടെന്‍ഷന്‍ മൂലം രക്തം  എടുക്കാന്‍ പറ്റുന്നില്ല.പിന്നെ ആ രാത്രിയില്‍ രോഗികളുടെ കൂടെ നിന്നിരുന്ന ചിലരും ജോയുടെ സുഹൃത്തുക്കളും സഹായിച്ചു രക്തം നല്കി . ഇതൊന്നും അറിയാതെ അന്ന അപ്പോളും ചലനമറ്റു കിടക്കുന്നു.

                          അന്നയുടെ മൂന്നാം ഊഴം; വെള്ള ഉടുപ്പണിഞ്ഞു കൈയ്യില്‍  കത്തിച്ചു പിടിച്ച വിളക്കുമായി അന്ന യാത്രയാകുന്നു. കുറെ സ്റ്റെപ്പുകള്‍ കയറിയപ്പോള്‍ അന്നയുടെ കുഞ്ഞ് "അമ്മേ" എന്നു വിളിക്കുന്ന ഒരു സ്വരം കേട്ടു .പിന്‍വിളി കേട്ടെങ്കിലും തിരിഞ്ഞു നോക്കാതെ അന്ന വീണ്ടും കയറിപോയികൊണ്ടിരുന്നു. ഏറ്റവും മുകളില്‍ എത്തിയപ്പോള്‍ പിന്നെ സ്റ്റെപ്പുകള്‍   കാണാനില്ല. നിലാവ് പൊഴിയുന്ന തെളിഞ്ഞ ആകാശത്ത്  നക്ഷത്രങ്ങള്‍ നിറഞ്ഞു നില്‍ക്കുന്നു. അവിടെ വെള്ളയുടുപ്പണിഞ്ഞു വെള്ള ചിറകുകള്‍ വീശി പറന്നു നടക്കുന്ന മാലാഖമാര്‍ .അവിടേക്ക് കാലെടുത്തു വെക്കാന്‍ തുടങ്ങിയതും കുഞ്ഞിന്റെ  "അമ്മേ" എന്നവിളി ഭൂമി മൊത്തം പ്രകമ്പനംകൊണ്ടപോലെ  അന്നയുടെ കാതില്‍ മുഴങ്ങി.  അന്ന മെല്ലെ കണ്ണുകള്‍ തുറന്നു. പുലര്‍ച്ചെ  അഞ്ചു മണി ആയിരിക്കുന്നു. ഈ സമയം അന്നയുടെ തൊട്ടടുത്ത ബെഡ്ഡില്‍ കിടന്നിരുന്ന,  അന്ന് ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ആകുവാനിരുന്ന  ഒരു രോഗി  മരിച്ചു.
കൂടെയുള്ളവരുടെ നിലവിളിയും ഒച്ചപ്പാടും കേട്ടാണ് അന്ന കണ്ണ് തുറന്നത് .

                           ഏതാനും ദിവസങ്ങള്‍ക്കു ശേഷം ആരോഗ്യം വീണ്ടെടുത്ത്‌ അന്നയും കുഞ്ഞും വീട്ടിലേക്കു മടങ്ങി.  അന്ന ഇന്നു രണ്ടു മക്കളുടെ അമ്മയാണ്. ഒത്തിരി പേരുടെ  പ്രാര്‍ത്ഥന അന്നയുടെ ജീവനു  വേണ്ടി ദൈവത്തിന്റെ മുന്നില്‍ അര്‍പ്പിക്കപ്പെട്ടു. അന്നയുടെ അമ്മ സ്വന്തം ജീവനെടുത്തു മകളെ തിരികെ നല്‍കണേയെന്നു മനംനൊന്ത്  പ്രാര്‍ത്ഥിച്ചിരുന്നു . ദൈവം നല്‍കിയ രണ്ടാം ജന്മവുമായി അന്ന  കുടുംബസമേതം സസന്തോഷം  കഴിയുന്നു .

                       ഇതില്‍ ഭാവനകള്‍ ഇല്ല  ഇതു പച്ചയായ ഒരു ജീവിത സാക്ഷ്യമാണ് .............!


                         

Wednesday, February 19, 2014

ഭ്രാന്തന്‍ ചിന്തകള്‍
                                 പലപ്പോഴും ഞങ്ങള്‍ക്ക് ഇടയിലെ മൗനം ഒരുപാടു അര്‍ഥങ്ങള്‍ നിറഞ്ഞതായിരുന്നു . കാത്തിരുന്ന് മടുക്കുമ്പോള്‍ പിണങ്ങിയിരിക്കുന്ന എന്‍റെ കുറുമ്പ് അവനു എന്നും ഒരു തമാശ് മാത്രമായിരുന്നുവെന്ന് എനിക്ക് പലപ്പോഴും തോന്നാറുണ്ട് .കണ്ടുമുട്ടിയാല്‍ അധികം മിണ്ടാറില്ല .കാരണം നിമിഷങ്ങള്‍കൊണ്ട്  ഉറക്കത്തിന്റെ തേരില്‍ അവന്‍ യാത്ര ആയിട്ടുണ്ടാവും .ഞാന്‍ ഉണര്‍ന്നിരിക്കുമ്പോള്‍ അവനു ഉറങ്ങാന്‍ ഒരുപാടു ഇഷ്ടമാണുപോലും .ഒരിക്കല്‍ ഞാന്‍ ചോദിച്ചു എന്നെ കാണുമ്പോള്‍ എന്താ പെട്ടന്ന് ഉറക്കം വരിക.മറുപടി കേട്ടപ്പോള്‍ എനിക്ക് ചിരിവന്നു .എന്തന്നില്ലാത്ത ഒരു സുരക്ഷിതത്വം ആ ഉറക്കത്തിനു കിട്ടും. ചിലപ്പോള്‍ എനിക്ക് ദേഷ്യവും വരാറുണ്ട് . മിക്കവാറും അവന്റെ ഡ്യുട്ടിക്ക് പോകുന്ന സമയമാകുമ്പോള്‍ എനിക്ക് നല്ല ഉറക്കത്തിന്റെ സമയമാണ് . എങ്കിലും മോളു എന്ന വിളി കേള്‍ക്കുമ്പോള്‍ ഞാന്‍ ഉണരും . പ്രഭാതത്തില്‍ വിളിച്ചുണര്‍ത്തി സുപ്രഭാതം പറഞ്ഞു സ്നേഹത്തിന്റെ ചുംബനം നല്‍കി യാത്രയാകുമ്പോള്‍ എനിക്ക് അവന്റെ ഉറക്കത്തോട് തോന്നിയ എല്ലാ  ദേഷ്യവും ഇല്ലാതാവും.കാണുമ്പോള്‍ വഴക്ക് കൂടും കാണാതിരിക്കുമ്പോള്‍ മനസ്സിലാകും നെഞ്ചിലെ പിടച്ചില്‍ നൊമ്പരം, എത്ര ക്ഷീണം ഉണ്ടെങ്കിലും  ഉറങ്ങാന്‍ പറ്റാത്ത അവസ്ഥ . അകലങ്ങളില്‍ ആയിരിക്കുമ്പോള്‍ മനസ്സിലാക്കുന്നു ഞങ്ങള്‍ക്കിടയിലെ സ്നേഹത്തിന്റെ ആഴം ഇത്രയും വലുതായിരുന്നു എന്നത്.  " കണ്ണുള്ളപ്പോള്‍ കണ്ണിന്റെ കാഴ്ച അറിയില്ല"  പലപ്പോഴും പലരുടെയും അവസ്ഥ ഇതൊക്കെ തന്നെ............!

Friday, February 14, 2014

സ്നേഹാങ്കണം


സ്നേഹാങ്കണത്തിന്റെ ആ കൊച്ചുപൂന്തോപ്പില്‍
ആദ്യത്തെ ദര്‍ശനം എന്നായിരുന്നു
ഇന്നുമോര്‍മ്മയില്‍ തെളിയുന്നുവോ ?

സ്നേഹനാളത്തിന്‍ തിരി
മങ്ങലേറ്റണഞ്ഞതും, അറിയില്ല ...
യെങ്കിലുമൊന്നെ ഓര്‍മ്മയില്‍
പറയാതെ പിരിയുമ്പോള്‍ നിന്‍
കണ്ണില്‍ നിന്നുതിര്‍ന്നു പൊട്ടിച്ചിതറിയ
പളുങ്കുപാത്രംപോല്‍........,
ആരും കാണാത്ത കണ്ണുനീര്‍ മുത്തുകള്‍

അറിഞ്ഞു കൊണ്ടെന്തിനു
അണഞ്ഞു നാളമേ
വീണ്ടും പ്രകാശമായ്  ഉദിക്കില്ലേ
എന്നെ പുണരുവാന്‍

ഉയിര്‍കൊണ്ട നാളത്തില്‍
ഉതിരുന്ന വാക്കുകള്‍ പുതിയൊരു-
ജന്മം നല്‍കട്ടെ നമ്മളില്‍
സ്നേഹത്തിന്‍ തേന്‍കണം വിതച്ചുകൊയ്യാന്‍

Friday, February 7, 2014

പൊന്നു

           
           
                 പൊന്നുവിനെ എനിക്കു അത്രയ്ക്ക് ഇഷ്ടമായിരുന്നു,ഞാന്‍ വിളിക്കുന്നതാ പൊന്നുന്നു.അവള്‍ക്കു ഇഷ്ടമായിരുന്നോ എന്നു എനിക്കു അറിയില്ല ഞാന്‍ ചോദിച്ചിട്ടില്ല. ആദ്യമൊന്നും അവളെ എനിക്കു ഇഷ്ടമല്ലായിരുന്നു . പിന്നെ പിന്നെ ഞാന്‍ അവളെ ഇഷ്ടപെടാന്‍ തുടങ്ങി.പോന്നുവിനു എന്നെ പരിചയപ്പെട്ടപ്പോള്‍ തന്നെ ഇഷ്ടമായിരുന്നു എന്നു പിന്നീടു ഞങ്ങള്‍ സംസാരിച്ചപ്പോള്‍ പറഞ്ഞു. ആദ്യമൊക്കെ അവളുടെ കുറുമ്പുകള്‍ കാണുമ്പോള്‍ എനിക്കു ദേഷ്യം വരുമായിരുന്നു.
              എന്നെ ഏറ്റവും കൂടുതല്‍ ദേഷ്യപ്പെടുത്തിയത് അവള്‍ എന്നോട് കാണിക്കുന്ന സ്നേഹത്തിലെ സ്വാര്‍ത്ഥത ആയിരുന്നു .ഞാന്‍ മറ്റാരോടും സംസാരിക്കണ്ട അവളോടൊപ്പം ചിലവഴിച്ചാല്‍ മതി .പതുക്കെ പൊന്നുവിന്റെ ഇഷ്ടങ്ങള്‍ക്ക് ഞാന്‍ വഴങ്ങി.അവളെ ഇഷ്ടപ്പെട്ടു എന്നു പറയുന്നതാവും ശരി.പിന്നെ തമാശും കൊച്ചു കുറുമ്പും കുസൃതികളുമായി ഞങ്ങള്‍ മുന്നോട്ടു പോയീ. ഇടക്കുള്ള പിണക്കവും ഇണക്കവും നല്ല രസമാണ് .മിണ്ടില്ല എന്നു പറഞ്ഞു വഴക്കിടുന്ന ഞങ്ങള്‍ പത്തു മിനിട്ട് കഴിയുമ്പോള്‍ കൂട്ടാവും.
            ദിവസങ്ങള്‍ കഴിയുന്തോറും ഞാന്‍ പൊന്നുവിനെ കൂടുതല്‍ ഇഷ്ടപ്പെട്ടു .പക്ഷെ എന്റെ സ്നേഹം അവള്‍ക്കു ഒരു ശല്യമാകാന്‍ തുടങ്ങിയോ എന്നു ഒരു സംശയം .ചോദിച്ചാല്‍ പൊന്നു വിഷമിച്ചാലോ എന്നു കരുതി ഞാന്‍ മിണ്ടിയില്ല .അവളുടെ പല ഉത്തരങ്ങളില്‍ നിന്നും ഞാന്‍ വായിച്ചെടുത്തു ,എന്റെ സ്നേഹാധിക്യം അവളെ ആലോസരപ്പെടുത്തുന്നു എന്നുള്ള സത്യം .
             ഞാന്‍ തന്നെ ഒരു തീരുമാനം എടുക്കുന്നതാവും നല്ലത് എന്നു തോന്നിയപ്പോള്‍ പതുക്കെ പിന്മാറാന്‍ ഒരുക്കം നടത്തി . ആദ്യമൊക്കെ സങ്കടം സഹിക്കാന്‍ പറ്റിയില്ല .അന്നേരം ആരും കാണാതെ കരഞ്ഞു .പൊന്നുവിനു പുതിയ കൂട്ടുകാര്‍ ഉള്ളതുകൊണ്ട് അത്രയ്ക്ക് വിഷമം തോന്നികാണില്ല .വല്ലപ്പോളും പൊന്നു ചോദിക്കാറുണ്ട് എന്തുപറ്റി ഒരു മാറ്റമെന്നു. എനിക്കു ഒരു മാറ്റവും ഇല്ല കുട്ടി, ജോലി തിരക്ക് കൊണ്ടാണ്  ഇപ്പോള്‍ വരാത്തതു എന്നു പറഞ്ഞു പിരിയുമ്പോഴും നെഞ്ചിനുള്ളില്‍ സ്നേഹ നൊമ്പരത്തിന്റെ വിങ്ങല്‍ പെരുമ്പറ കൊട്ടുന്നത്  മറ്റാരും അറിയാതിരിക്കാന്‍ പാടുപെട്ടു .
          സ്നേഹം ഒരിക്കലും മറ്റുള്ളവര്‍ക്ക് ഒരു ബന്ധനമായി മാറാതിരിക്കാന്‍ നമുക്ക് ഒന്ന് ശ്രമിച്ചാലോ . നമ്മുടെ സ്നേഹം സ്വാര്‍ത്ഥതയില്ലാത്ത ഒന്നായിരിക്കട്ടെ ............ !

Monday, February 3, 2014

എന്റെ അമ്മ


ഗ്രാമീണ സുന്ദരിയായ എന്നമ്മേ
നിന്‍ ചാരെയെത്താന്‍ കൊതിക്കുന്നു മാനസം

ഒരുകൊച്ചുകുഞ്ഞായിരുന്നെങ്കിലിന്നു  ഞാന്‍
നിന്‍ മടിതട്ടിലുറങ്ങി ഉണര്‍ന്നേനെ

കാവിലെ ഉത്സവ മേളം തുടങ്ങുമ്പോള്‍
നിന്‍ വിരല്‍ തുമ്പില്‍ പിടിച്ചു നടന്നേനെ

വെടിമുഴക്കത്തില്‍നിന്നുതിരുന്ന ശബ്ധത്തില്‍
ചേലതന്‍ തുമ്പില്‍ ഭയം പൂണ്ടൊളിച്ചേനേ

ആദ്യക്ഷരത്തിന്റെജ്ഞാനം  പഠിക്കുവാന്‍
ആദ്യമായ് പോകും ഞാന്‍ നിന്‍ കൂടെയെന്നമ്മേ

സ്നേഹത്തിന്‍ നറുമുത്തം കവിളില്‍ പകര്‍ന്നത്
നിന്നധരത്തിന്റെനന്മയില്‍ നിന്നല്ലോ

ദിവ്യസ്നേഹത്തിന്‍ മധുരം നുണഞ്ഞതും
നിന്‍ മാറിലുതിര്‍ന്നതാംപാലമൃതല്ലയോ

കരച്ചിലടക്കാത്ത രാത്രി യാമങ്ങളില്‍
തോളിലേറ്റിയെന്നെ സൂര്യോദയംവരെ

അമ്പിളി മാമനെ ചൂണ്ടികാണിച്ചതും
മാമുണ്ണാനായിരം  കഥകള്‍ പറഞ്ഞതും

പിച്ചനടക്കുമ്പോള്‍ വേച്ചുവീഴാതെന്നും
താങ്ങുവനെപ്പോളും കൂടെ നടന്നതും

യാത്രയിലൊക്കെയും മറോടണച്ചതും
അമ്മകിളിയുടെ സ്പര്‍ശമറിഞ്ഞു ഞാന്‍

ചെറിയൊരു ക്ഷീണത്താല്‍ ചാഞ്ഞുകിടക്കുമ്പോള്‍
പരിഭ്രമമോടെ നിറയും മിഴികളും

മരണത്തിലേക്ക് നടന്നതാം തനയയെ
ഈശ്വരന്‍ മുന്‍പാകെ യാചിച്ചു നേടിതും

നിന്‍ മുന്നിലല്ലാതെവിടെ നമിപ്പുഞാന്‍
എന്നിലെ ഓരോ അശ്രുകണങ്ങളാല്‍

എന്നുടെ വരവിനായ് കാത്തിരിക്കുന്നമ്മേ
ദൂരത്തിരുന്നു ഞാനേകുന്നു മുത്തങ്ങള്‍

ഇനിയൊരു ജന്മമുണ്ടെങ്കില്‍ വരുംനാളിലും
നിന്നുടെ പുത്രിയായ് വീണ്ടും ജനിക്കേണം .....!