Tuesday, December 9, 2014

ലാവചിന്തയുടെ തീരത്ത്  തിരകള്‍ വന്നുപോയ്
അലകളകന്നപ്പോള്‍ ശ്യൂന്യമാം ചിപ്പികള്‍
ഏകാന്തമാകും തടവറ തന്നിലെ
മോക്ഷമുക്തിക്കായ്‌  കാത്തിരിക്കുംപോലെ

ഇനിയൊരു വരവ് ഉണ്ടാവില്ലയെന്നു -
മൊഴിയാന്‍ കഴിയാത്തൊരു  ശബ്ദവീചി 
കണ്ഠത്തില്‍ വന്നമര്‍ന്നു പോയി
ഇരുളിന്റെ താഴ്‌വരയില്‍ ഇമകള്‍ ചേര്‍ത്തു

സഹനത്തിന്‍ മേച്ചില്‍പ്പുറങ്ങളിലെന്തിനു 
വാക്കാല്‍ അഴത്തിന്‍ ഗര്‍ത്തങ്ങള്‍ തീര്‍ക്കുന്നു 
വാര്‍ന്നോഴുകീടുന്ന രക്തബാഷ്പാഞ്ജലി 
എന്നുനിലക്കുമറിയില്ലെനിക്കിന്ന്

പൊട്ടിയൊഴുകാന്‍ കൊതിച്ചൊരു ലാവയെ
നെഞ്ചിലൊതുക്കിയ അഗ്നിപര്‍വ്വതമായ് 
എരിഞ്ഞമരുന്നു മൗനമായ്  മന്നില്‍
ധരണിതന്‍ മടിത്തട്ടില്‍ മയങ്ങുംവരെ.............!!!

Wednesday, November 12, 2014

അക്ഷരതോണി


ദൂരങ്ങള്‍ താണ്ടി  അരികിലെത്തിയപ്പോള്‍
കൈയെത്തും ദൂരത്തു നിന്നും അകന്നുപോയ തോണി
ഏതു കരയിലാണ് അടുത്തതെന്നിപ്പോഴും അജ്ഞാതം

അനര്‍ഗളം ഒഴുകിയെത്തിയയെന്നക്ഷരങ്ങള്‍
നിത്യമാ  തോണിതന്‍ യാത്രികരായിരുന്നു
വെളുത്തതാളിലെ കറുത്തക്ഷരങ്ങള്‍ കുറിക്കുമെന്‍
തൂലിക തോണിതന്‍ പങ്കയമായിരുന്നു

ഇടമുറിയാതെ യാത്രചെയ്യുമാ തോണി
ഇരുള്‍പ്പരപ്പിലെവിടെ ഞാന്‍ തേടെണ്ടു.......!!!!

Saturday, November 8, 2014

തിരികെനടന്നവള്‍


സ്നേഹംകൊണ്ടൊരു   മുള്‍കിരീടം മെനഞ്ഞു
ചൂടിച്ചു തന്നിട്ട് വേദനിക്കുന്നുവോയെന്നുചോദിച്ചാല്‍ ...
ഉണ്ടെന്നു പറയാനും ഇല്ലന്നുപറയാനും
കഴിയാതുഴറും മൗനമാം മാനസമോ നീ ....

നിണം പൊട്ടിയൊഴുകിനിന്‍
കവിള്‍ത്തടം ചുവക്കുമ്പോള്‍
മുറിപ്പെട്ട നൊമ്പരം മറച്ചുനിന്‍ ചുണ്ടില്‍
വിരിയുന്നുശോകത്തില്‍ പൊതിഞ്ഞൊരുപുഞ്ചിരി ....

തനിയെ താങ്ങുന്ന ഭാരമെത്രനാള്‍
ഉത്തരമില്ലാത്ത ചോദ്യമായെത്തുമ്പോള്‍
എന്തുപറഞ്ഞു ഞാന്‍ ആശ്വസിപ്പിക്കും
എരിഞ്ഞുതീരും നിന്‍ ഉള്‍ത്തടത്തെ ....!!!

കാലചക്രം കഥപറഞ്ഞകലുമ്പോള്‍
ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ ഒരായിരം കദനങ്ങളും
മനുജന്റെ മനസ്സില്‍ മങ്ങാത്ത ചിത്രമായ്‌
മണ്‍മറഞ്ഞിടുവാന്‍ മരണമെത്തുംവരെ......!!!

Wednesday, October 29, 2014

ചവിട്ടുപടികള്‍


                                               
ഒരേ പടികെട്ടിലിരുന്നു സംസാരിച്ചപ്പോള്‍  എല്ലാം ശ്രദ്ധയോടെ കേട്ടു .സ്നേഹത്തിന്റെ പൂക്കളം തീര്‍ത്തു .ഒരാള്‍ ആദ്യ പടിയിലും ഒരാള്‍ അവസാന പടിയിലും നിന്നപ്പോള്‍ പറഞ്ഞത് പലതും കേട്ടില്ല .മനസിലാക്കിയത് പലതും മറ്റൊന്നായിരുന്നു . അവിടെ നിന്നും സഞ്ചാരത്തിന്റെ ദൂരം കൂടിവന്നു .ചിലപ്പോള്‍ നമ്മുടെ ജീവിതത്തിലും ഇതൊക്കെയാണ് സംഭവിക്കുന്നത് .ഒരേ പടിയിലിരുന്നു സംസാരിക്കേണ്ടത് പല പടികളിലിരുന്നു സംസാരിക്കുമ്പോള്‍ സൗഹൃദമായാലും കുടുംബജീവിതമായാലും , ഏതു തരം ബന്ധങ്ങളായാലും ശിഥിലമായികൊണ്ടിരിക്കും .നഷ്ടമാക്കിയാല്‍ പിന്നെ നേടാന്‍ കഴിയാത്തവ .....നല്ല ബന്ധങ്ങളെ ഒരിക്കലും നഷ്ടമാക്കതിരിക്കുക ....പിന്നീടു ഓര്‍ത്ത് വിലപിച്ചിട്ട് കാര്യമില്ല .......!!!!!

Wednesday, October 22, 2014

തിരിച്ചറിവ്


ഇലകൊഴിയും ശിശിരത്തില്‍
വിരുന്നിനെത്തിയ ദേശാടനകിളികള്‍ 
കലപില കൂട്ടിയപ്പോള്‍ ആ ചില്ലയിലിരുന്നു 
കേള്‍ക്കുവാനെ കഴിഞ്ഞിരുന്നുള്ളു 
ആരവങ്ങള്‍ ഒഴിഞ്ഞ അരങ്ങുപോലെ നിശബ്ദമായിരുന്നു 
കടലോളം കനലെരിയുമ്പോഴും ആ മാനസം
ഇനിയവര്‍ വരുമ്പോള്‍ താന്‍ കാണില്ലയെന്ന സത്യം
സ്വയം തിരിച്ചറിഞ്ഞ ഒരു കൊച്ചു കിളി .........!!!!

Thursday, October 16, 2014

ഉയരം


ഉയരമില്ലാത്തവരുടെ  ഉയരം അവര്‍തന്‍ നന്മയിലും
ഉയരമുള്ളവരുടെ ഉയരകുറവ്  ഞാനെന്ന ഭാവത്തിലും 

Tuesday, October 7, 2014

പൈങ്കിളി


ചിത്രവര്‍ണ്ണ കൂടൊരുക്കി കാത്തിരിക്കും പൈങ്കിളി
പഞ്ചവര്‍ണ്ണ ചിറകുവീശി പാറിവായെന്നരുകിലായ് ....
സ്നേഹമാകും സൗഹൃദത്തിന്‍ തേന്‍നുകര്‍ന്ന്  പോയിടാം
സാന്ത്വനത്തിന്‍ തൂവല്‍സ്പര്‍ശമേകി ഞാന്‍ നിന്നിടാം ....!!!!

Friday, October 3, 2014

ആരവങ്ങള്‍


ആഘോഷതിമര്‍പ്പുകള്‍ക്കിടയിലെ ആരവങ്ങള്‍
എന്‍റെ ശബ്ദത്തെ അലിയിച്ചു കളഞ്ഞു
ഒറ്റപ്പെടലിന്റെ  വേദനയില്‍ പിടയുമ്പോഴും
അവരുടെ പൊട്ടിച്ചിരിയില്‍ ഞാന്‍ സ്വയമില്ലാതായി .....!!!!

Wednesday, September 24, 2014

ഘടികാരം


സമയം ഇല്ലാത്തവര്‍ക്ക് വേണ്ടി ഞാന്‍ ഒരു മതില് കെട്ടി 
ആ മതിലില്‍ വലിയൊരു ഘടികാരവും വച്ചു 
അതില്‍ സമയം നോക്കിയവര്‍ പലരും വിലപിച്ചു 
നഷ്ടമാക്കിയ ആ നിധിയെ ഓര്‍ത്ത്കൊണ്ട് 
ഒരിക്കലും വീണ്ടുകിട്ടാത്ത ഒന്നായിരുന്നു 
വൈകിയെത്തിയ തിരിച്ചറിവുകളുടെ ഘടികാരം ...!!!!!

Tuesday, September 23, 2014

തീച്ചൂളയിലുരുകുന്ന പുഞ്ചിരി                                                 സഹനങ്ങളുടെ തീച്ചൂളയില്‍ ഉരുകികൊണ്ടിരുന്ന ആ മുഖത്ത് വിടര്‍ന്നു നിന്ന പുഞ്ചിരി മാത്രമായിരുന്നു എല്ലാവരും വായിച്ചെടുത്തത് പലതും അക്ഷരങ്ങളായി പുസ്തകതാളുകളില്‍പ്രത്യക്ഷപ്പെട്ടപ്പോള്‍ പലരും കളിയാക്കി .ഭ്രാന്തിന്റെ ആരംഭമാണെന്ന് .പിന്നീടു ആരും കാണാത്ത താളുകളിലായി കുറിച്ചുവക്കല്‍ .ആകസ്മികമായി കണ്ടുമുട്ടിയ പ്രശസ്തനായ ഒരു നിരൂപകന്‍ ആ വരികളിലെ അര്‍ത്ഥവും ഭംഗിയും വ്യാപ്തിയും തിരിച്ചറിഞ്ഞു. ഒരു പുസ്തകമായി പ്രസിദ്ധീകരിച്ചപ്പോള്‍ എല്ലാവരും നല്ല എഴുത്ത് എന്നുവാനോളം പുകഴ്ത്തി. ആ പുസ്തകം പല അവാര്‍ഡുകളും നേടി .ഉയരങ്ങളുടെ കൊടുമുടികള്‍ താണ്ടുമ്പോളും തീച്ചൂളയില്‍ ഉരുകുന്ന പുഞ്ചിരിക്കുന്ന മുഖം അവളുടെതായിരുന്നുവെന്നു ആരും തിരിച്ചറിഞ്ഞില്ല .
                 
                                     " ഇങ്ങനെ കാണാതെ പോകുന്ന എത്രയെത്ര മുഖങ്ങള്‍ നമുക്കുചുറ്റും
ഉണ്ടാകും "

Saturday, September 20, 2014

ആത്മസംതൃപ്തി


മനസ്സാം അരങ്ങില്‍
ചിലങ്കയണിഞ്ഞ കാലുകള്‍
ചിന്തിക്കതീതമാം വേഗത്തില്‍'
ആടിതകര്‍ത്തതു കാണുവാന്‍
ചിലവഴിച്ചതാം ദൈര്‍ഘ്യത്തെ
പാഴായി പോയെന്നു വിലപിക്കുന്നുവോ.....

ഓര്‍മ്മതന്‍ മുത്തുകള്‍ ചിമിഴിലൊളിപ്പിച്ചു
മറക്കുട ചൂടിയാത്രയായീടുവിന്‍
ആശ്വാസദയവിനായ് കേഴുമനവധി
പുഞ്ചിരിമറക്കുന്ന മുഖമുണ്ട് ചുറ്റിനും

അന്നമില്ലാത്തവനൊരുനേരമെങ്കിലും
അന്‍പോടെ ഊട്ടുവിന്‍
പുഞ്ചിരിവിരിയുമാ മുഖത്തേക്ക് നോക്കി
ആത്മസംതൃപ്തി ആവോളമറിയുവിന്‍...!!!!


Thursday, September 18, 2014

ജലകണം


ചേമ്പിലയില്‍ വീണുരുളും ജലകണമേ
നിന്‍ ചേല് വിരുന്നൊരുക്കുമെന്‍ കണ്‍കളില്‍

ചെറിയൊരിളംങ്കാറ്റു മതിയെന്നറിയുക
നിന്‍ പ്രയാണത്തെ നിലം പരിശാക്കുവാന്‍

പുതുമഴയെത്തുമ്പോള്‍ പൊട്ടിമുളക്കുന്ന
നിന്നിലെ മുകുളങ്ങള്‍ സുന്ദരങ്ങള്‍

വിടര്‍ന്നു വിലസുന്ന നിന്‍പത്രംതന്നിലെ
എന്നുടെ വാസംഞാന്‍ പൂര്‍ത്തിയാക്കട്ടെയൊ....?

സ്നേഹത്തിന്‍ കുമ്പിളാല്‍  കൊരിനിറച്ചില്ലേ ...
നിന്‍റെ  വളര്‍ച്ചക്കായെന്‍രക്തപുഷ്പങ്ങള്‍


ഓര്‍മ്മയിലെന്നും നിറഞ്ഞുനിന്നീടുവാന്‍..
സ്നേഹത്തിന്‍ പാലമൃതൂട്ടി വളര്‍ത്തിഞാന്‍

കാത്തുനില്‍ക്കാതെ വിടപറഞ്ഞകലുന്നു ...
കാണാമറയത്തെ ജലബാഷ്പമാകുവാന്‍ ....!!!!!!

മരണം


ഒരു നിമിഷംകൊണ്ട് വിരുന്നു വന്നു
ആയിരം ദിവസത്തിന്‍ കഥപറഞ്ഞു
സമയച്ചക്രത്തിന്‍ തേരിലേറി
അരനിമിഷംകൊണ്ട് യാത്രയായി ....!!!!

Monday, September 15, 2014

മിത്രമോ ?


എന്‍ ആത്മമിത്രമേ നീ ചൊല്ലിയതെല്ലാമേ
സത്യമോ അതോ മിഥ്യയോ....?
അസൂയയാകുന്ന ചക്ഷുകത്തില്‍ നിന്നു നീ
വിളമ്പിയതൊക്കെയും എന്തെന്നറിയാമോ

നിമിഷനേരത്തേക്ക് കിട്ടിയ നിര്‍വൃതി
നിന്നില്‍ പതിക്കുന്ന ശാപമായ് മാറിടും
പുറമേ ചിരിച്ചതുംഅകമേ ജ്വലിച്ചതും
കനല്‍ക്കട്ടയായ് മാറിയതറിഞ്ഞില്ലേ..?

എല്ലാമറിഞ്ഞിട്ടും ക്ഷമയോടെ നിന്നിട്ടും
ദോഷൈകദൃക്കിനാല്‍ നീ നിന്നുവോ ..?
നിന്‍ നയനങ്ങളോ നന്മയെ കണ്ടില്ല
മടങ്ങി വരുമാതിന്മകളോരോന്നും

അറിയുക നിന്നിലെ അഹന്തയെ കെടുത്തിടും
അധികം വിദൂരമല്ലെന്നുള്ള സത്യം
അന്നു നീയെത്ര തപിച്ചാലും തീരുമോ
നീ പാകിയ വിഷത്തിന്‍ വിത്തുകള്‍

എല്ലാം നേടി നീയെന്നോര്‍ത്തു ഓടേണ്ട-
യെല്ലാറ്റിനും കണക്കു പറയേണ്ടവര്‍
ഈ കണ്ടതെല്ലാം നിമിഷത്തിന്‍കാഴ്ചകള്‍
നീചെയ്യും  പ്രവര്‍ത്തികള്‍ നിനക്കേ നാശം

സത്യത്തിന്‍ കണികയുമായ് നിന്റെ മുന്നില്‍
ഇനി വരില്ല ഞാന്‍ പ്രിയമിത്രമേ...!
നിന്‍ ചൂണ്ടുവിരളെനിക്കേകിയ പാഠം
എന്‍ മനതാളില്‍ കുറിച്ചിട്ടു മങ്ങാത്ത വരികളായ്......


Friday, September 12, 2014

ഇനിയുമെന്തെല്ലാം കാണണം ......!!!!!

       


             സംശയമെന്ന രോഗം മനസ്സില്‍ മുളപൊട്ടിയാല്‍  അധിവേഗം വ്യാപിക്കുന്ന ക്യാന്‍സര്‍ കോശങ്ങളെക്കാള്‍ ഭയാനകമായിരിക്കും ആ വളര്‍ച്ച..............
              ചെയ്യാത്ത തെറ്റിന് മറ്റുള്ളവരെ കല്ലെറിയുമ്പോള്‍ ചിലര്‍ അനുഭവിക്കുന്ന സന്തോഷം നിമിഷങ്ങള്‍ക്കുള്ളില്‍ ശാപഗ്നിയായി തന്നിലേക്കെത്തുന്നതും അതെ വേഗത്തിലാവും ....
             എത്ര അനുഭവിച്ചാലും ഒരിക്കലും നന്നാവില്ലന്നു ശപഥം ചെയ്തിരിക്കുന്നവരും
ഒരുപോലെ തന്നെ.....
               നിഷ്കളങ്കമായ സ്നേഹം എത്രകിട്ടിയാലും കപട സ്നേഹമാണെന്ന് പറഞ്ഞു നടന്നകലുന്ന നിര്‍ഭാഗ്യവാന്മാര്‍ ......സത്യത്തെ സ്വയം തട്ടിയെറിയുന്നു.....
                മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് എത്തിനോക്കി സ്വന്തം സ്വസ്ഥത നഷ്ടമാക്കുന്ന ചില മാനസികരോഗികളും ..........
               കപടതയുടെ മൂടുപടങ്ങള്‍ അണിഞ്ഞു പിടിക്കപെടുമെന്നു മനസ്സിലാക്കുമ്പോള്‍ കാണിച്ചുകൂട്ടുന്ന വിക്രിയകള്‍............

                ഇനിയുമെന്തെല്ലാം കാണണം ......!!!!!

Monday, September 8, 2014

മറവിയുടെ സ്പന്ദനങ്ങള്‍
ഓര്‍മ്മകളെ മറവിക്ക് കൈമാറുമ്പോള്‍
മനസ്സിലെ പടയൊരുക്കത്തിന്റെ
സ്പന്ദനങ്ങള്‍ക്ക് വേഗം കുറഞ്ഞുവന്നു
അതെ വേഗമായിരുന്നു സ്നേഹത്തിനും ......!!!!!

Sunday, August 31, 2014

സമയം


നേടിയെടുക്കാന്‍ വര്‍ഷങ്ങള്‍
വിതക്കാന്‍ മാസങ്ങള്‍
ഫലം കൊയ്യാന്‍ ദിവസങ്ങള്‍
നഷ്ടമാക്കാന്‍ നിമിഷങ്ങള്‍ ...!!!

Thursday, August 28, 2014

കനവുകള്‍


കുളിര്‍ കാറ്റായ് വന്നു 
പാരിജാത സുഗന്ധമേകി 
തഴുകി ഉറക്കി കനവുകള്‍ തന്നു 
പുലരിയില്‍ പോയിമറഞ്ഞു 
വീണ്ടുമൊരു തെന്നലായ് 
പുല്‍കി ഉണര്‍ത്താന്‍ 
പ്രതീക്ഷതന്‍ ദീപമായ് 
കാത്തുനില്‍ക്കുന്നു അണയാതെന്നും

മങ്ങിയ ചിത്രം


എത്ര മനോഹരമായ ചിത്രം
നിറം മങ്ങിയ നിമിഷം
ചായകൂട്ടുകളെത്ര കൂട്ടിച്ചേര്‍ത്തു
തിരികെവരികില്ലോരിക്കലും പഴയ ഭംഗി
ഇതുപോലാകും ചിലപ്പോള്‍
ചില മര്‍ത്യബന്ധങ്ങളും...!!!!

ഓര്‍ക്കാപുറത്ത്


യാത്രക്കിടയില്‍ ഓര്‍ക്കാപ്പുറത്ത്
കണ്ടതും കേട്ടതും എന്താണ്
സത്യമോ അതോ മിഥ്യയോ
തിരിച്ചറിയാന്‍ ഒരു പരിശ്രമം ...!!!!

Wednesday, August 20, 2014

സ്നേഹം


വിശാലമായ ലോകത്തില്‍
വിവേകമില്ലാതെ വിരുന്നുവന്ന
വികൃതിയായ വിഡ്ഢി
വികൃതമാക്കിയ സ്നേഹം .....!!!!

Monday, August 18, 2014

ശാപം


നിറഞ്ഞോരാ മിഴികളില്‍
പൊഴിഞ്ഞതാം മണിമുത്ത്
സ്നേഹത്തിന്‍ ആധിക്യമായിരുന്നു
എനിക്കോ ശാപത്തിന്റെയും

എവിടെയെന്നറിയാതെ
എന്തന്നറിയാതെ
ഉഴറിടും നിമിഷവും
ആ മുഖം കണ്ടു ഞാന്‍

എല്ലാമറിഞ്ഞിട്ടും ഒന്നുമറിയാതെ
പുഞ്ചിരിയോടെ മുന്നില്‍ നിന്നു
അന്നെനിക്കേകിയ ശാപാഗ്നിയാല്‍
ഇന്നു ഞാനറിയുന്നു നോവിന്റെ ആഴം

നീയെനിക്കേകിയ പാഠങ്ങളെല്ലാം
പൊളിയെന്നു ചൊല്ലി തള്ളാതിരുന്നെങ്കില്‍
ഇന്നു ഞാന്‍ നീറി പിടയുന്ന നിമിഷാര്‍ദ്ധം
എന്നിലൊരിക്കലും അണയാതിരുന്നേനെ

Tuesday, August 12, 2014

കാലൊച്ചയില്ലാതെ


സ്നേഹ തൂവലാമെന്നെ
മിഴിനീര്‍ തുള്ളിയായ് മാറ്റി
മനസ്സിന്‍ മടിത്തട്ടില്‍ നിന്നും
മറഞ്ഞുപോയീടുന്ന ജന്മം

മറവിതന്‍ വര്‍ണ്ണങ്ങള്‍ ചേര്‍ത്ത്
പൊതിഞ്ഞെടുത്തതാം ജന്മം
അടച്ചു വച്ചൊരു നിധിയായ്‌
ചെംപട്ടിനുള്ളിലെ ചെപ്പില്‍

ഇനിയൊരു കാലൊച്ച കേള്‍ക്കാന്‍
കഴിയാതിരിക്കുന്ന ജന്മം
എവിടെ മറഞ്ഞെന്നറിയാന്‍
കാതോര്‍ത്തിരിക്കുന്ന ജീവന്‍

മടങ്ങി വരാത്തതാം കാലൊച്ചയെ
എന്തിനു കാത്തിരിപ്പു കാലമേ .....!!!!

Tuesday, August 5, 2014

നിശബ്ദസതീര്‍ത്ഥ്യന്‍


ആരുമറിയാതെ കാതില്‍ ചൊല്ലി നീ
പോകാം നമുക്കാരുമില്ലാത്തിടത്തേക്ക്
കണ്ണുമിഴിച്ചു ഞാന്‍ നോക്കിയെന്‍ ചുറ്റിലും
കണ്ണിമചിമ്മിയടഞ്ഞു പോയീ.....

പിന്നെ തുറക്കാന്‍ കഴിഞ്ഞില്ലൊരിക്കലും
ആ കാഴ്ചയൊന്നുമേകണ്ടതുമില്ല ഞാന്‍
അദൃശ്യമാംമേതോരാഘര്‍ഷണംപോലെ
യാത്രയായ് ആ വിരല്‍ തുമ്പില്‍പിടിച്ചു ഞാന്‍

കൂടെനടന്നകന്നീടുന്ന വഴികളും
നീണ്ടുകിടക്കുന്ന വിജനമാം വീഥിയും
നാസിക തുമ്പിനെമുത്തമിട്ട്
വലയം ചെയ്യുന്നൊരദൃശ്യഗന്ധവും

ഗന്ധമൊരായിരം ഓര്‍ത്തെടുത്തെങ്കിലും
ഈ ഗന്ധമെന്തെന്നറിയാന്‍ കഴിഞ്ഞില്ല
കാലൊച്ചയില്ലാതെയരുകില്‍ വന്നപ്പോഴും
ശാന്തനാമൊരു പഥികനായ് കരുതി ഞാന്‍

ഒന്നുമാത്രമറിയാമെനിക്കിന്നു
വിളിച്ചാല്‍ തള്ളാന്‍ കഴിയില്ലാര്‍ക്കുമേ
കാലൊച്ചയില്ലാതരികിലണയുന്ന
സതീര്‍ത്ഥ്യന്‍ തന്‍പേരോ "മരണം"
Friday, August 1, 2014

സ്നേഹത്തിന്റെ കൈത്തിരിനാളം

             


             
                            ആശുപത്രിയില്‍ കിടക്കുന്ന അനുജന് കൂട്ടുവന്നതാണ്‌ സ്കൂള്‍ അദ്ധ്യാപകനായ അന്‍വര്‍ .ഒരാഴ്ചത്തെ ആശുപത്രിജീവിതത്തിനിടയില്‍  അവര്‍ പലരെയും പരിചയപ്പെട്ടു . അങ്ങനെ പരിചയപ്പെട്ടതാണ് രഹ്നയെ. അവള്‍ ആ ആശുപത്രിയിലെ  നേഴ്സ് ആണ്. ആ പരിചയത്തിലൂടെ അവര്‍ നല്ല കൂട്ടുകാരായി മാറി  .
                                   നിസ്സാര കാര്യങ്ങള്‍ക്കു പോലും പൊട്ടിത്തെറിക്കുന്ന സ്വഭാവക്കാരനാണ്  അന്‍വര്‍ .അതു നല്ലതല്ല എന്നു അറിയാമെങ്കിലും നിയന്ത്രിക്കാന്‍ അവനു പറ്റാറില്ല. അതുകൊണ്ട് തന്നെ ജീവിതത്തില്‍ ഒരുപാടു ദു:ഖങ്ങളും കിട്ടിയിട്ടുണ്ട് .രഹനയുമായുള്ള ചങ്ങാത്തം അവന്റെ ഈ ദുശീലത്തില്‍നിന്നു ഒരുപാട് മാറ്റങ്ങള്‍ വരുത്താന്‍ സഹായിച്ചു .അവള്‍ പൊതുവെ ശാന്തസ്വഭാവകാരിയും നല്ല ക്ഷമയുള്ള കുട്ടിയുമാണ്‌ . മാത്രമല്ല തികഞ്ഞ ഈശ്വര വിശ്വാസിയുമായിരുന്നു അവള്‍ .നല്ല കൂട്ടുകാരുമായുള്ള ചങ്ങാത്തം എപ്പോഴും  നല്ലതേ വരുത്തു എന്നുള്ളത് ഇവിടെ അന്‍വറിന്റെ കാര്യത്തില്‍ യാഥാര്‍ത്ഥ്യമായി.
                                അന്‍വറിന്റെ  വീട്ടുകാര്‍ അവന്റെ  വിവാഹം നടത്താന്‍ തീരുമാനിച്ചപ്പോള്‍ അവനു രഹ്നയെ  വിവാഹം കഴിച്ചാല്‍ കൊള്ളാമെന്നു ഒരു ആഗ്രഹം.എന്നാല്‍ ഇതുവരെ ഇത്തരം ഒരു സംഭാഷണം അന്‍വറും രഹനയും തമ്മില്‍ നടത്തിയിട്ടുമില്ല.അതുകൊണ്ട്  ആദ്യം അവളുടെ സമ്മതം അറിയണമല്ലോ,എന്നിട്ടാവാം വീട്ടില്‍ അറിയിക്കാന്‍ . അവള്‍ക്കും സമ്മതമായിരുന്നു. അങ്ങനെ അവര്‍ വിവാഹിതരായി ഒന്നര വര്‍ഷങ്ങള്‍ക്കു ശേഷം അവര്‍ക്ക്  ഒരു പെണ്‍കുഞ്ഞുപിറന്നു .അവള്‍ക്കു  അവര്‍ റസിയ എന്നു പേരിട്ടു.
                  ഓര്‍ക്കാപുറത്താണ്  ഇടിനാദം പോലെ അവരുടെ ജീവിതത്തിലേക്ക് ദുരന്തം പടികയറി വന്നത് . വലിയ കാറ്റും മഴയും ഉള്ള ദിവസം സ്കൂളില്‍നിന്നും വീട്ടിലേക്കു വരുന്ന അന്‍വറിന്റെ കാറിനു മുകളില്‍ വലിയ ഒരു മരം കടപുഴകി വീണു. അന്‍വറിന് സാരമായ പരിക്കേറ്റു.രണ്ടു  ദിവസങ്ങള്‍ക്കു ശേഷമാണു അവനു ബോധം വീണത്‌.ഒരാഴ്ച കഴിഞ്ഞിട്ടും തനിക്കു ശരീരം ചലിപ്പിക്കാന്‍ പറ്റുന്നില്ല .ശരീരം ഇതിനകം തളര്‍ന്നു പോയിരുന്നു തനിക്കു ഇനി കട്ടില്‍  മാത്രമാണ് ശരണം എന്നതിരിച്ചറിവ് അവന്റെ ചിന്താമണ്ഡലം പോലും മരവിച്ച അവസ്ഥയിലായി.
              ഒരു മാസത്തെ ആശുപത്രി വാസത്തിനു ശേഷം അവര്‍ വീട്ടില്‍ തിരിച്ചെത്തി  .വീണ്ടും ഒരുമാസം കഴിഞ്ഞപ്പോള്‍ രഹന ജോലിക്ക് പോയിതുടങ്ങി. സാമ്പത്തിക ഞെരുക്കം അവരെ വല്ലാതെ അലട്ടാന്‍ തുടങ്ങി .അവള്‍ പോയി കഴിഞ്ഞാല്‍ പ്രായമായ ഉമ്മയും  റസിയമോളുമാണ്  അവനു ആശ്രയം.
                  അന്‍വറിന്റെ എല്ലാ പ്രതീക്ഷയും നശിച്ചു  . ഇനി ഒരു തിരിച്ചുവരവ്‌  ഉണ്ടാകില്ല എന്നു ചികിത്സിച്ച ഡോക്ടര്‍മാര്‍പോലും വിധിയെഴുതി . അപ്പോഴും രഹന അന്‍വറിനെ ആശ്വസിപ്പിക്കുകയും ധൈര്യപ്പെടുത്തുകയുംഎത്രയുംവേഗം ജീവിതത്തിലേക്ക് തിരിച്ചുവരും എന്ന പ്രത്യാശ നല്‍കുകയും ചെയ്യുമായിരുന്നു .ഉള്ളില്‍ ഒത്തിരി വേദനയും സങ്കടവും ഉണ്ടെങ്കിലും അതൊന്നും പുറത്തു കാണിക്കാതെ എപ്പോഴും പുഞ്ചിരി തൂകിക്കൊണ്ട്‌ അവള്‍ അന്‍വറിന്റെ സമീപത്ത് ഉണ്ടാവും .ആരും കാണാതെ ഒറ്റക്കിരുന്നു കരയുകയും ചെയ്യും.
              രഹനയുടെ സാമീപ്യം അന്‍വറിന് വളരെ ആശ്വാസമേകി. രഹ്നയുടെ വാക്കുകള്‍ അവനു പ്രതീക്ഷയേകി. ഒറ്റയ്ക്ക് കിടക്കുമ്പോള്‍ അവന്‍ ചിന്തിക്കും അവള്‍ എന്നെ ഇത്രയധികം  സ്നേഹിച്ചിരുന്നുവോ എന്ന് .താന്‍പോലും ഇതുപോലെ അവളെ സ്നേഹിച്ചിട്ടുണ്ടോ എന്നു സംശയമാണ്.  അവനു ചിലപ്പോള്‍ കുറ്റബോധം തോന്നാറുണ്ട് .
               രഹ്നയുടെ  സ്നേഹത്തോടെയും പ്രാര്‍ത്ഥനയോടെയുമുള്ള    മാസങ്ങളുടെ നീണ്ട പരിചരണത്തിനു ഫലം കണ്ടുതുടങ്ങി. അന്‍വറിനു മെല്ലെ പിടിച്ചു നടക്കാമെന്നായി .കൂടെ നടത്തിയ ആയൂര്‍വേദചികിത്സാ ഒത്തിരി ഗുണം ചെയ്തു .അന്‍വര്‍ പഴയ അവസ്ഥയിലേക്ക് മെല്ലെ  മടങ്ങി വന്നു വീണ്ടും ജോലിക്ക് പോയി തുടങ്ങി.പിന്നീട്  അവരുടെ ജീവിതം ഒരുപാട് സന്തോഷം നിറഞ്ഞതായിരുന്നു.
              സ്നേഹിതരെ, ജീവിത പങ്കാളിയുടെ സ്നേഹത്തോടെ ഉള്ള ഒരു വാക്കു കേള്‍ക്കാന്‍ കൊതിക്കാത്തവരായി ആരുമില്ല .പക്ഷെ പലരും അത് ഗൌനിക്കാറില്ല എന്നതാണ് സത്യം .
 കണ്ടില്ലേ സ്നേഹത്തിനു മുന്നില്‍ രോഗം പോലും തോറ്റുമടങ്ങുന്നത് .സ്നേഹത്തെക്കാള്‍ വലിയ ഔഷധമില്ല .
              ജീവിതം ഒന്നേയുള്ളൂ .ആ ജീവിത യാത്രയില്‍പങ്കാളികള്‍  സ്നേഹം പരസ്പരം പങ്കുവെച്ചും കൊണ്ടും കൊടുത്തും മനസ്സിലാക്കിയും മുന്നോട്ടു  പോയാല്‍ ജീവിതം സ്വര്‍ഗതുല്ല്യമാകും .
          

Tuesday, July 22, 2014

ഇങ്ങനെയും ചിലത്

                   
   
 
                      കുറെ അംഗങ്ങള്‍ ഉള്ള ആ കൂട്ടുകുടുംബത്തിലേക്ക്  അയാളുടെ കൈ പിടിച്ചു അവള്‍ കയറിച്ചെന്നത്‌ വളരെ പ്രതീക്ഷകളോടെ ആയിരുന്നു . തറവാട്ടമ്മ അവളെ നിലവിളക്ക് കൊടുത്തു സ്വീകരിച്ചെങ്കിലും ഉള്ളിലെ പുച്ഛവും പുറമേ ഉള്ള പുഞ്ചിരിയും അവള്‍ പെട്ടന്ന് മനസ്സിലാക്കിയില്ല .പ്രധാനപ്പെട്ട പല അംഗങ്ങള്‍ക്കും അവള്‍ കണ്ണിലെ കരടായിരുന്നു .അതില്‍ ചുരുക്കം ചിലരുടെ ഹൃദയങ്ങളില്‍ അവള്‍ക്കു അര്‍ഹിക്കുന്ന സ്ഥാനവുമുണ്ടായിരുന്നു .
                                         സ്നേഹമല്ല പണമാണ് വലുതെന്നു ചിന്തിക്കുന്ന ഒരു കുടുംബം പാവപ്പട്ട അവള്‍ക്കു ജീവിതം നരകമാക്കി .അയാളുടെ ഇഷ്ടങ്ങളെ ആര്‍ക്കും എതിര്‍ക്കാന്‍ കഴിയുമായിരുന്നില്ല എന്ന ഒറ്റ കാരണമാണ് ആ കൈക്കുള്ളില്‍ അവളെ ചേര്‍ത്തത് .പല അംഗങ്ങളും അവരുടെ ബന്ധത്തില്‍പ്പെട്ട പെണ്‍കുട്ടികളെ ആലോചിച്ചെങ്കിലും അതെല്ലാം അയാള്‍ വേണ്ടാന്ന് വച്ചത് അവളിലെ സ്നേഹവും നന്മയും കണ്ടാണ്‌. അയാള്‍ എല്ലാവരുടെയും ഇഷ്ടകഥാപാത്രമാണ് .കാരണം ആ സമ്പത്തിന്റെ സ്രോതസായിരുന്നു ആ മനുഷ്യന്‍,  അവളുടെ കണ്ണുകളിലെ സങ്കടം അത് തിരിച്ചറിയാന്‍ അയാള്‍ക്ക് സമയം കിട്ടാതായതോടെ അവള്‍ തീര്‍ത്തും ഒറ്റപ്പെട്ടു . സ്വയം ഉള്‍വലിഞ്ഞ അവള്‍ അധികം മിണ്ടാതായി . അധികം കഴിയും മുന്‍പേ തന്നെ ചേര്‍ത്ത് പിടിച്ച  ആ കൈകളില്‍ നിന്നും നന്മയുടെ സൗരഭ്യം എന്നന്നേക്കുമായി  നഷ്ടമായി .ആ നഷ്ടം നികത്താന്‍  പിന്നീടൊരിക്കലും അയാള്‍ക്ക് കഴിഞ്ഞതുമില്ല .
                         "സ്വാര്‍ത്ഥത പലപ്പോളും മനുഷ്യരെ അന്ധരാക്കുന്നു .ജീവിതത്തില്‍ വിലപ്പെട്ട പലതും നഷ്ടമാകുന്നു ഒരിക്കലും നികത്താനാവാത്ത മുറിവുകള്‍ അവശേഷിപ്പിച്ചുകൊണ്ട് "

Friday, July 18, 2014

പടവാള്‍


വേദനയുടെ നീര്‍ച്ചുഴിയില്‍ ഉഴലുമ്പോഴും
ഹൃത്തടം വിങ്ങി പുളയുമ്പോഴും
സഹനത്തിന്‍ മൂര്‍ത്തിയെ ആവഹിച്ചീടും നീ
മനുഷ്യ സ്ത്രീയോ  അതോ ദേവതയോ ?

കൊച്ചു തുരുത്തിലെ ഏകാന്തജീവിയായ്
മാറുവാന്‍ കാരണം ഒന്നിത് മാത്രമോ
നൊമ്പരം താങ്ങാന്‍ കഴിയാതെ വന്നാലോ
നെഞ്ചകംപൊട്ടി നീ പിടഞ്ഞു തീരില്ലയോ

ഇനിയൊരു ജന്മമീ ഭൂവിലേക്കില്ലെന്നു
പ്രതിജ്ഞയെടുത്തതും എന്തിനു വേണ്ടി നീ
അരുതേ മകളെ നീ ഒന്നുമോര്‍ക്കേണ്ടിനി
നന്മകള്‍ളൊരുപാട് ചെയ്യേണ്ടതാണ്  നീ

വിദ്യയില്ലാത്തവര്‍ ഒരു കൂട്ടമുണ്ടിന്നു
അവര്‍ക്കായ് നീയിന്നു വിദ്യയേകീടുക
വീര്‍പ്പൊഴുക്കീടുന്ന  പാവമാം മര്‍ത്യന്
ന്യായമാം വേതനം വാങ്ങിനല്‍കീടുക

ചൂഷിതരാകുന്ന പെണ്‍കൊടിമാരെ നീ
കാത്തു പാലിക്കുക കഴുകന്റെ കണ്ണാലെ
ആട്ടിയകറ്റുവിന്‍ മേലാളവര്‍ഗ്ഗത്തെ
അടിമത്വചങ്ങല പൊട്ടിച്ചെറിയുവിന്‍

എല്ലാമറിഞ്ഞു നീ മൌനമായ് മാറാതെ
പുതിയൊരു വിപ്ലവ വീര്യമായ് മാറുവിന്‍
സത്യം ജയിക്കുവാന്‍  അങ്കം കുറിക്കുവിന്‍
ഇരുതല മൂര്‍ച്ചയാം പടവാള് പോലെ നീMonday, July 14, 2014

തിരിച്ചറിവ്

           
     

            കുറച്ചുനാളത്തെ കാത്തിരിപ്പിനു ശേഷമായിരുന്നു അവളുടെ ജീവിതത്തില്‍ ശാന്തത അനുഭവപ്പെട്ടത്.മനസ്സ് ശാന്തമായപ്പോള്‍ ആണ് ഒരിക്കല്‍ തന്റെ കയ്യില്‍ കിട്ടിയ ആ ഡയറിയെ കുറിച്ച് അവള്‍ ഓര്‍മിച്ചത്‌. ഡയറി വായിച്ച അവളുടെ കണ്ണുകള്‍ അറിയാതെ നിറഞ്ഞൊഴുകി.
             എപ്പോഴും ശബ്ദകോലാഹലങ്ങള്‍ നിറഞ്ഞ ആ ജീവിതം അവള്‍ക്കു മടുത്തു തുടങ്ങിയിരുന്നു.ഒഴിവു ദിനങ്ങളിലായാലും വിരസത ,ഇതില്‍ നിന്നെല്ലാം ഒരു മോചനം എന്നാണ് ഉണ്ടാവുക ? ആലോചന പോലെ അത്ര എളുപ്പമായിരുന്നില്ല നേടിയെടുക്കല്‍. തുറന്നു പറയാന്‍ ആരുമില്ലാത്ത അവസ്ഥ കൂടി ആയപ്പോള്‍ ആകെ വട്ടുപിടിക്കുന്നപോലെ,
              ഒഴിവു സമയങ്ങളില്‍ പട്ടു കേള്‍ക്കുകയും അല്പം വായിക്കുകയും ചെയ്യുന്നതാണ്‌ ഏക ആശ്വാസം .അതുകൊണ്ട് എല്ലായിടത്തുനിന്നും ഒരു ഉള്‍വലിയല്‍ ആയിരുന്നു .
അവളിലെ ചെറിയ  മാറ്റങ്ങള്‍പോലും അവള്‍ അറിയാതെ ശ്രദ്ധിച്ചിരുന്ന അവള്‍ പോലുമറിയാത്ത ഒരു സുഹൃത്ത്‌  . അതായിരുന്നു അയാള്‍ അവള്‍ക്കു നല്‍കിയ സ്ഥാനം .
തന്റെ സങ്കടങ്ങള്‍ക്ക് നടുവില്‍ നിന്നപ്പോഴും താന്‍ കാണാതെ പോയ ആത്മാര്‍ത്ഥത നിറഞ്ഞ സുഹൃത്ത്‌ ......
              ഒരിക്കലും സൗഹൃദത്തിന്റെ സ്നേഹം പ്രണയമാകാതെ കാത്തുസൂക്ഷിച്ചവന്‍,അവളിലെ കഴിവുകളെ ആരാധനയോടെ നോക്കി നിന്നവന്‍, അവന്റെ ഡയറി ആയിരുന്നു അവള്‍ വായിച്ചതു .എല്ലാം അവളിലെ മാറ്റങ്ങള്‍ മാത്രം ...ഒരിക്കല്‍ അവന്‍ സംസാരിക്കാന്‍ വന്നപ്പോള്‍ കേട്ട ഭാവം കാണിക്കാതെ നടന്നകന്നതാണ് എന്ന ഓര്‍മ്മ വല്ലാതെ സങ്കടപ്പെടുത്തി. തിരിച്ചൊരു ക്ഷമ ചോദിക്കാന്‍ ഇന്നു  പറ്റില്ല അവന്‍ ഓര്‍മ്മയായിട്ട്  രണ്ടു വര്‍ഷം കഴിഞ്ഞു. ഒരു അപകടം ആ  ജീവന്‍ നീര്‍കുമിള പോലെ പൊട്ടിപോയി.
                സങ്കടങ്ങള്‍ക്ക് നടുവില്‍ തനിക്കു ആശ്വാസമായി കടന്നുവന്ന ദൈവദൂതനെപോലൊരാള്‍,എന്നിട്ടും ഒരിക്കല്‍പോലും തനിക്കു തിരിച്ചറിയാന്‍ കഴിഞ്ഞില്ല .മുഖം മൂടി അണിഞ്ഞ മനോഹരിതകള്‍ മനസ്സിലാക്കാനും കഴിഞ്ഞില്ല.
                 നമ്മുക്കരികില്‍ വരുന്ന സത്യത്തിന്റെ പല മുഖങ്ങളും നമ്മള്‍ തിരിച്ചറിയാതെ പോകുന്നതാണ് ഏറ്റവും വലിയ കുഴപ്പം .നമ്മള്‍ ആത്മാര്‍ത്ഥമെന്നു കരുതുന്ന പലരും  ഏറ്റവും വലിയ മുഖമൂടികളാകണ് അണിഞ്ഞിരിക്കുന്നത്‌ എന്നറിയുമ്പോള്‍ തോന്നുന്നത് ....വെറുപ്പോ സങ്കടമോ മരവിച്ച അവസ്ഥയോ .......!!!!!!

സൗഹൃദതോണിസൗഹൃദതോണിയില്‍ യാത്രക്കിറങ്ങി നാം 
നടുകടലില്‍ എത്തിയ നേരം 
വിപരീത ധ്രൂവങ്ങളിലേക്ക് പോകുവാന്‍ 
പരസ്പരം  മത്സരിച്ചില്ലയോ ....?
അറിവിന്റെ ആഴങ്ങളിലേക്ക് കണ്ണ് തുറന്ന ഞാന്‍ 
തോണി നിനക്കായ്‌ വിട്ടുനല്‍കി ...
സ്വയം യാത്രയായ് ഞാനെങ്കിലും -
നിന്നോട് ചൊല്ലുവാന്‍ ഒന്നുമാത്രം
തോണി ശരിയായ ദിശയില്‍ തുഴയുവിന്‍
നന്മയുടെ തീരത്തടുക്കുവിന്‍
ഭാവുകം നേരുന്നു ഞാന്‍ ..........!!!!!!

Thursday, June 5, 2014

ചൂണ്ടുവടി


വഴികാട്ടിയാകുന്നചൂണ്ടു വടിയാലെ
മറുകരയെത്തുവാന്‍ കഴിയുന്ന മനുജന്റെ
അകമേ നിറഞ്ഞ വെളിച്ചത്തിന്‍ പ്രഭ
കണ്ടതാം കണ്ണുകള്‍ നിറഞ്ഞു തുളുമ്പിയോ....

കയ്യിലെ പൂച്ചെണ്ട് നല്കുവതാര്‍ക്ക് നീ.......?
പൊന്തിയ ചോദ്യം ഉള്ളിലൊതുക്കി ഞാന്‍.
മുന്നോട്ടു പോകുന്നു പൂചെണ്ടുമായവന്‍,
പ്രിയമുള്ളവരാരോ കാത്തിരിക്കുമ്പോലേ.....!

കാഴ്ചയുണ്ടായിട്ടും അന്ധരായ്‌ മാറുമ്പോള്‍
ചിന്തിപ്പതില്ലയോ ചെയ്യുന്നതൊക്കെയും
കാണുന്നതൊക്കെയും കൈയിട്ടു വാരുവാന്‍
ആര്‍ത്തി പൂണ്ടങ്ങനെ ഓടിത്തിമര്‍ക്കുന്നു

വിരൂപമില്ലാത്ത രൂപമാണെല്ലാര്‍ക്കും
സൗന്ദര്യത്തിന്റെ പൂര്‍ണ്ണത നല്‍കുക
എന്നിട്ടുമേന്തെ മനുജന്മാര്‍ പായുന്നു
സൗന്ദര്യം കൂട്ടുവാനെന്തുണ്ട് മാര്‍ഗ്ഗമേ....

നന്മകള്‍ കാണാനും നല്ലതു ചെയ്യാനും,
ദാനമായ് നല്‍കിയ സൃഷ്ടാവിനേയും.
നീര്‍കുമിള തുല്യമാം ജീവിത നൌകയില്‍
യാത്രയാകുമ്പോള്‍  ഓര്‍ത്തുകൊള്‍കെല്ലാരും...

അപരന്റെ ദു:ഖത്തില്‍ പങ്കാളിയാകാതെ
കണ്ടു രസിപ്പതോ നമ്മള്‍ തന്‍ കരുണ ?
സന്തോഷമൊന്നുമേകിയില്ലങ്കിലും
കദനകടലിനെ പകരാതെ നോക്കുവിന്‍.........,.....

ഈ ജന്മം നമ്മള്‍ തന്‍ യാത്രയിലൊക്കെയും
സഹജീവികള്‍ തന്‍ സഹകാരിയാകുവിന്‍
കാഴ്ചയില്ലാത്തൊരാ തനയന്റെ യാത്രപോല്‍
കൃത്യമാം ലക്ഷ്യത്തിലെത്തുവാന്‍ കഴിയണം...!!!


Tuesday, March 25, 2014

പിടച്ചില്‍

   
               


                             
 എത്ര ശ്രമിച്ചിട്ടും അടങ്ങാത്ത പിടച്ചിലായിരുന്നു ആ നെഞ്ചിനുള്ളില്‍. അണപൊട്ടി ഒഴുകാന്‍ കാത്തുനിന്ന അഗ്നിപര്‍വ്വതംപോലെ,തിളച്ചു മറിയുന്ന ഉള്‍തടം. എപ്പോള്‍ പൊട്ടിഒഴുകണം എന്ന് മാത്രം നിശ്ചയമില്ല. പിന്നെ  ശാന്തിയുടെ തണല് തേടിയുള്ള യാത്ര ആയിരുന്നു.ദിക്കറിയാതെയുള്ള ആ യാത്രയില്‍ എത്ര മുഖങ്ങള്‍ കണ്ടു .കണക്കെടുത്തില്ല.എല്ലാം
സ്വാര്‍ത്ഥതയുടെ പര്യായയവും സ്നേഹത്തിന്റെ കപടതയും പ്രിതിഫലിക്കുന്നവ. കുളിര്‍മ്മയേകുന്ന ഒരു തണല്‍ കണ്ടപ്പോള്‍ അല്പം ആശ്വാസം തോന്നി .ആ തണലില്‍ അല്‍പനേരം വിശ്രമിക്കാന്‍ ഇരുന്നതാണ് അറിയാതെ ഉറങ്ങിപോയി. ഉറക്കത്തില്‍ എന്തെല്ലാമോ ദുസ്വപ്നംങ്ങള്‍ കണ്ടു ഞെട്ടിഉണരും വീണ്ടും ഉറക്കത്തിലേക്കു മടങ്ങും. അഗാധമായ ഉറക്കത്തിലേക്കു പോകുംതോറും കുളിര്‍തെന്നല്‍ വീശിഅടിക്കുന്ന ഉഷ്ണകാറ്റായി മാറുന്നതും താങ്ങാവുന്നതിലും അധികമായി.ചൂട് സഹിക്കാന്‍ പറ്റാതായപ്പോള്‍ വാടിതളര്‍ന്നു വീണതും ഒരിറ്റു ദാഹജലത്തിനായി കേണതും മാത്രം ഓര്‍മ്മയുണ്ട്. പിന്നെ ആ പിടച്ചില്‍ ഒരിക്കലും ഉണ്ടായില്ല .

                                 " ഇങ്ങനെ  ജീവിത യാത്രയില്‍ പിടഞ്ഞു തീര്‍ന്നവര്‍ എത്രയോപേര്‍

Saturday, March 22, 2014

ഓര്‍മ്മചെപ്പ്


കാണാതിരിക്കാന്‍കഴിയില്ലെനിക്ക്
ഓമലേ നിന്‍ മുഖമെന്നുമെന്നും
നിന്‍സ്വരംകേള്‍ക്കാത്ത,
നിന്മുഖംകാണാത്ത,
എന്നുടെ രാവുകളെന്നുമെന്നും
നിദ്രാവിഹീനങ്ങളാണെന്നറിവു...... നീ
ഇനിയെന്തു ചെയ്യും ഞാനോമലാളെ ..?

നിന്മുഖം കാണുമ്പോഴെന്നില്‍ നിറയുന്നു
നിദ്രാതന്‍ ദേവി കടാക്ഷങ്ങളായിരം
നിദ്രതന്‍ തേരില്‍ ഞാന്‍ സഞ്ചാരിയാകുമ്പോള്‍
താരാട്ടു പാട്ടിന്റെ ഈണമായ് നീ വേണം
ഓമല്‍ കിനവുകളായെന്നില്‍ നിറയുനീ
ഓര്‍മ്മതന്‍ ചെപ്പില്‍ ഉറങ്ങിയുണരുവാന്‍...!Friday, March 21, 2014

കണ്ടെത്തല്‍


ഒരിക്കല്‍ നീ എന്നരുകില്‍  വന്നതും
എന്നിലെ സത്യത്തെ കണ്ടുകൊണ്ടല്ലയോ
ഞാന്‍ കോറിയ അക്ഷര കൂട്ടങ്ങള്‍ കണ്ടപ്പോള്‍
ഉള്‍വിളി പോലെ നീ എന്നിലേക്കെത്തിയോ

ആദ്യമായ് എന്നിലേക്കെത്തിയ സന്ദേശം
സുപ്രഭാതം ചൊല്ലാന്‍ വന്നതാണ്‌  ഞാന്‍
പിന്നീടു പലവട്ടമെത്തിനിന്‍  സാനിദ്ധ്യം
സന്ദേശരൂപങ്ങള്‍ ആയിരുന്നു

ഒരിക്കലും കാണാത്ത സുഹൃത്തിനെ കാണുവാന്‍
അനുവാദം ചോദിച്ചതോര്‍മ്മയില്ലേ ?
കണ്ടു കഴിയുമ്പോള്‍ പലവട്ടം കാണുവാന്‍
ഹൃത്തടം വീണ്ടും കൊതിച്ചതില്ലേ ?

സ്നേഹത്തിന്‍ പാരമ്യം പലവട്ടം നിന്നിലെ
സ്വാര്‍ത്ഥതയാലെ വഴക്കടിച്ചില്ലയോ?
നിന്നെ പിരിയാതെ ഞാന്‍ കൂടെനിന്നപ്പോള്‍
നിന്നിലെ തെറ്റുകള്‍ തിരുത്തിയില്ലേ ?

സ്നേഹത്തിന്‍ ബന്ധനം കൂടുചമച്ചപ്പോള്‍
വാതില്‍ തുറന്നു ഞാന്‍ സ്വതന്ത്രയായി
തിരികെ വരാതെ ഞാന്‍ പറന്നകന്നപ്പോഴും
ഇടനെഞ്ചു  പൊട്ടി കരഞ്ഞില്ലയോ നീ ?

നിന്നിലെ നോവു തിരിച്ചറിഞ്ഞപ്പോള്‍  ഞാന്‍
മടക്കയാത്രക്ക്‌ ഒരുങ്ങി വന്നില്ലയോ
അറിവിന്റെ നിറവിലും തെറ്റിന്റെ ശരിയിലും
നിന്നില്‍ ലയിച്ചു ഞാന്‍ സമാധിയായില്ലേ ?

Tuesday, March 11, 2014

മാതൃക

കുന്നിന്‍ ചരുവിലെ കുയിലമ്മപെണ്ണും
ഉയരത്തില്‍ പാറുന്ന കാകന്‍ കിളിയും
ഒരു നാളില്‍കണ്ടവര്‍ താഴ്വരത്തൊന്നില്‍
എത്രപെട്ടന്നവര്‍  ചങ്ങാതിമാരായ്

ആരിലുംതോന്നാത്ത ഒരുകൊച്ചു സ്നേഹം
തോന്നിയാ കാകനും കുയിലമ്മകിളിയോട്
കാകന്റെ മാറ്റങ്ങള്‍ കണ്ടു മൃഗങ്ങളും
എന്താണ് കാകന് ചിന്തിപ്പതെല്ലാരും

കുയിലമ്മ പെണ്ണിന്റെ സ്നേഹവായ്പ്പുകള്‍
ക്രൂരനാം കാകനെ ശാന്തനാക്കീടുന്നു
സുഖം തേടി അലയുമ്പോള്‍ ക്രൂരരായ് മാറുന്നു
മനുജ ജന്മങ്ങളെ നിങ്ങളും മാറുമോ ?

ഒരുനാളില്‍ എവിടെയോ മറഞ്ഞാകുയില്‍ നാദം
തിരയുന്നു കാകനും ദിനംതോറും  കാടാകേ
കണ്ടു മുട്ടിയപ്പോഴോ പറയാനറിയാത്ത
സ്നേഹത്തിന്‍ പേമാരി പെയ്തിറങ്ങി

പിന്നെയൊരിക്കലും പിരിയാത്ത സ്നേഹിതര്‍
മാതൃകയായവര്‍ വഴികാട്ടിയായവര്‍
ഇവരിലെ സ്നേഹത്തെ കണ്ടു ചിരിച്ചവര്‍
ഇവരെന്റെ മാതൃക എന്ന് ചൊല്ലീടുന്നു

സ്നേഹം കൊടുക്കുവാന്‍ മനസാകുമെങ്കില്‍
ക്ഷമിച്ചീടുവാന്‍ നീ ഒരുക്കമാണെങ്കില്‍
ക്രൂരതയോടെ നടന്നീടുമൊരുവനെ
സ്നേഹമയിയായ ചങ്ങതിയാക്കീടാം


Tuesday, March 4, 2014

ഒരാള്‍ മാത്രം


മനസ്സിന്റെ ശൂന്യത
മയങ്ങും മടിത്തട്ടില്‍
പളുങ്കുകൊണ്ടിന്നൊരു-
കൊട്ടാരം പണിതുവോ...?
അതിനുള്ളിലാകെ
ഇരിപ്പിടമൊന്നെ
അവിടുത്തെ പ്രജയും
രാജാവും "ഒരാള്‍ മാത്രം"
വിങ്ങുന്ന നൊമ്പരം
അലയടിക്കും സന്തോഷം
സിംഹഗര്‍ജ്ജനവും പിന്നെ
കുഞ്ഞിന്റെ കരച്ചില്‍
എല്ലാം അവിടുണ്ട്
കാണുന്നതോ ..."ഒരാള്‍ മാത്രം"
തംബുരുവിന്‍ സംഗീതമുതിരുന്നു
കോകില നാദത്തില്‍ ഗാനമോഴുകുന്നു
ചിലങ്ക തന്‍ ചിലമ്പൊലിനാദം
ഒരായിരം ഭാവങ്ങള്‍ നാട്യം നടത്തുന്നു
കാണിയും കഥനം നടത്തുന്നതും
.........."ഒരാള്‍ മാത്രം"
അരങ്ങിലും അണിയറയിലും
ചമയങ്ങള്‍ അണിയാനും അണിയിക്കാനും
വെറുക്കാനും പിന്നെ പൊറുക്കാനും
കാത്തിരിക്കാനും മറഞ്ഞിരിക്കാനും
......... "ഒരാള്‍ മാത്രം"
ആരാണയാള്‍? ഒന്നുമാത്രമറിയാം
മനസ്സിന്റെ ശൂന്യതയില്‍ ഇരിപ്പിടം,
പണിതൊരു വിഡ്ഢി......
സ്വയം തീര്‍ത്ത കൊട്ടാരത്തിലെ  "പടു വിഡ്ഢി"Saturday, March 1, 2014

നിന്നിലെ ഞാന്‍


നനുത്ത തെന്നലായ് അരികിലെത്തുമ്പോള്‍
ക്രോധകാറ്റായ് നീ ആഞ്ഞുവീശല്ലേ

വിരിഞ്ഞപൂക്കളില്‍ ഇതള്‍ കുരുന്നു ഞാന്‍
കാറ്റായ് വന്നു നീ തട്ടി വീഴ്ത്തല്ലേ

വാര്‍മഴവില്ലായ്  വാനില്‍ നില്‍ക്കുമ്പോള്‍
കരിമുകിലായ് നീ മറച്ചിടാതെന്നെ

ശാന്തമായൊരു തീരമാകുമ്പോള്‍
ആര്‍ത്തിരമ്പിടും തിരമാലയാവല്ലേ

മറഞ്ഞു പോയിടും ഒരുകുസുമംപോല്‍
പുനര്‍ജ്ജനിയാകും നിന്‍ മനമതില്‍ ............!

Thursday, February 27, 2014

നിധിപേടകം എവിടെ !!!!

               
 

                                നിധി തേടിയുള്ള യാത്രയിലായിരുന്നു അവര്‍. യാത്ര ആരംഭിച്ചെങ്കിലും നിധിയുടെ സ്ഥാനം എവിടെയെന്നുള്ളത് ആര്‍ക്കും അറിഞ്ഞുകൂടാ. അവരുടെ യാത്രയില്‍ അല്പം വിശ്രമത്തിനായി അവര്‍ കാടിന്റെ നടുവിലുള്ള ഒരു ഗുഹയില്‍ കയറി ഇരുന്നു. അല്‍പസമയം കഴിഞ്ഞപ്പോള്‍ മനോഹരമായ  പട്ടു കേള്‍ക്കാം ഒരു കിളിനാദം. അവര്‍ മെല്ലെ ഗുഹയിലേക്ക്  കയറി ഉള്ളിലേക്ക് ചെല്ലുംതോറും വിശാലമായ ഗുഹ. അവിടെ വൗവാലുകളുടെ ചിറകടി ശബ്ദം അലയടിക്കുന്നു. അതിനുള്ളില്‍ കുറെ ദൂരം പിന്നിട്ടപ്പോള്‍ ഒരു ചെറിയ മുറിപോലെ തോന്നിക്കുന്ന ഭാഗങ്ങള്‍. അവിടെ കല്ലുകൊണ്ട് കെട്ടിയ പീഠം .അതിനു മുകളില്‍ ഇരുന്ന്‍  ഒരു പെണ്‍കുട്ടി പാടുന്നു .ആ പാട്ടാണ് നമ്മള്‍ കുറച്ചു മുന്‍പ് കേട്ടത്.

                         അവളുടെ പാട്ടു ആസ്വദിച്ചിരുന്ന അവര്‍ അവളെക്കുറിച്ച് ചോദിച്ചു മനസ്സിലാക്കി.
അല്പം കഴിഞ്ഞപ്പോള്‍ അവര്‍ ഈ കാട്ടില്‍ എവിടെയോ ഒരു നിധി ഉണ്ടെന്നും അതിന്റെ അന്വേഷണത്തില്‍ ആണെന്നും അറിയിച്ചു. അവരുടെ മനോഹരമായ സംഭാഷണത്തില്‍ ആ പെണ്‍കുട്ടി കുറച്ചു വിവരങ്ങള്‍ അവര്‍ക്ക് കൈമാറി. രഹസ്യങ്ങള്‍ അറിയാന്‍ വേണ്ടി അവര്‍ പറഞ്ഞത് അധികവും കള്ളമായിരുന്നു എന്ന് പാവം പെണ്‍കുട്ടി അറിഞ്ഞിരുന്നില്ല. അവര്‍ ആ നിധി ഇരിക്കുന്നത് കണ്ടെത്തിക്കഴിഞ്ഞാല്‍ തന്റെ മരണമാണ് സംഭവിക്കുക എന്നു അവള്‍ക്കു അറിയില്ലായിരുന്നു. നിധി ഇരിക്കുന്നിടം  അറിയാന്‍ പലതരത്തിലും അവര്‍ ശ്രമിച്ചെങ്കിലും അത് മാത്രം അവള്‍ പറഞ്ഞുകൊടുത്തില്ല. ആറാം ഇന്ദ്രിയതിന്റെ ഒരു വെളിപ്പെടുത്തല്‍ പോലെ മനസ്സിന്‍റെ ഒരു  തോന്നല്‍. പിന്നെ അവളില്‍ നിന്നും ഒരു വിവരവും ലഭിക്കാതെ വന്നപ്പോള്‍
അവര്‍ ലക്ഷ്യത്തിലേക്ക് യാത്രയായി. അവര്‍ക്ക് ലക്ഷ്യത്തില്‍ എത്തുവാന്‍ കഴിയുമോ ....? പെണ്‍കുട്ടിയുടെ ജീവന്‍ നഷ്ടപ്പെടുമോ ..........? ഇതിനിടയില്‍ എന്തെല്ലാം സംഭവിക്കും ..........ഒന്നും അറിയില്ല .........കാത്തിരിക്കാം അല്ലാതെ മറ്റു മാര്‍ഗ്ഗമൊന്നും ഇല്ല .........!!!!

Wednesday, February 26, 2014

പ്രിയസഖി


അവര്‍ണ്ണനീയം ആ സ്നേഹധാര
ആകാശഗംഗപോല്‍ ഒഴുകിയെത്തി
പനിമഞ്ഞു തൂകും ഭംഗിയോടെ
വെള്ളരി പ്രാവിന്‍ പരിശുദ്ധിയോടെ

അമ്മതന്‍ താരട്ടുപാട്ടിന്റെ ഈണമായ്
വരികളായ് എന്നില്‍ നിറഞ്ഞുകവിഞ്ഞതും
അരുതേയെന്നിതാ ചൊല്ലിയകന്നതും
അരികിലണയുവാന്‍ വെമ്പിയതാവണം

ഇടമുറിയുന്നിതാ വരികളില്‍ പലതുമേ
മനസ്സിലാ മന്ത്രങ്ങള്‍ ഉരുവിടുമ്പോഴും
ദൂരെ നില്‍ക്കുന്ന നിന്‍ കണ്ണിന്‍തിളക്കം
ചാരെയിരുന്നു പ്രകാശം പൊഴിക്കുന്നു

ഓരോ അണുവിലും ത്രസിച്ചതാം മന്ത്രം
ഒന്നിതുമാത്രം അറിയാമെനിക്കുന്നു
ഇവളാണെന്നുമെന്‍  പ്രിയസഖി
ഇവളെന്റെ  "ജീവനും ജീവിതവും"....


Saturday, February 22, 2014

ഇവളെന്റെ മഞ്ഞുതുള്ളി !!


എന്‍ ഹൃദയതന്ത്രിയില്‍
വിടര്‍ത്തിയ സംഗീതം
ഒരു മഞ്ഞുതുള്ളിതന്‍
കുളിര്‍തെന്നലായവള്‍

വിലമതിക്കാനാവാത്ത
സൗഹൃദ തണലിന്റെ
സ്നേഹ സമ്മാനമായ്
അക്ഷര ശില്പത്താല്‍
കൊത്തിയൊരുക്കി
മിനുക്കിയ കവിതയെ
എനിക്കായേകിയ
മഞ്ഞുതുള്ളിയാണവള്‍

മാരിവില്‍ ശോഭ വിതറും
വര്‍ണ്ണപ്രപഞ്ചത്തില്‍
അക്ഷര പ്രഭയാല്‍
തിളങ്ങിയെന്‍ മഞ്ഞുതുള്ളി

കാണാമറയത്തിരുന്നിടും
ഇരുഹൃദയങ്ങളെങ്കിലും
സൗഹൃദപൂമഴയായ്
എന്നില്‍ പെയ്തിറങ്ങിയ
ഇവളാണെന്‍ മഞ്ഞുതുള്ളി
എന്‍പ്രിയ  മഞ്ഞുതുള്ളി

Friday, February 21, 2014

മരണത്തെ തോല്‍പ്പിച്ച അന്ന !!

         

           അന്നയും ജോയും വിവാഹിതരായി ഒരു ആഴ്ചക്ക് ശേഷം പുറംനാട്ടിലുള്ള ജോയുടെ ജോലിസ്ഥലത്തേക്ക് പോയി. ആദ്യമായി നാട് വിട്ടു പുറത്തുപോകുന്ന അന്നയ്ക്കു പുറംലോക കാഴ്ചകള്‍ കൌതുകം നിറഞ്ഞതായിരുന്നു. നേഴ്സ് ആയ അന്നയ്ക്കു  അധികം കഴിയും മുന്‍മ്പ്  ജോലി ലഭിച്ചു. കുറച്ചു നാളുകള്‍ക്ക് ശേഷം അന്ന ഗര്‍ഭിണിയായി.
           
                        ആറുമാസങ്ങള്‍ക്ക് ശേഷം അന്ന നാട്ടില്‍ പോകുന്നതിന്റെ മുന്നൊരുക്കമായി അവധി എടുത്തു നാട്ടില്‍ പോകാനുള്ള ദിവസവും കാത്തിരുന്നു. ഒരാഴ്ചകഴിഞ്ഞപ്പോള്‍ അന്നയ്ക്കു ഛര്‍ദ്ദിയും  അല്പം അസ്വസ്ഥതകളും തുടങ്ങി. ഓഫീസില്‍ ആയിരുന്ന ജോയെ ഫോണ്‍ വിളിച്ചു വരുത്തി അവര്‍ ഡോക്ടറെ പോയി കണ്ടു. ഹോസ്പിറ്റലില്‍ കിടത്തിയ അന്ന പിറ്റേന്ന് ഉച്ചയായപ്പോള്‍ ഒരു ആണ്‍കുഞ്ഞിനു ജന്മം നല്‍കി. ഏഴാം മാസത്തില്‍ ദൈവം കൊടുത്ത ദാനം. പ്രസവം നടന്ന ഉടനെ അന്നയിലെ നിറം മാറ്റം അവളുടെ ആന്റിയുടെ ശ്രദ്ധയില്‍പ്പെട്ടു. രക്തപരിശോധനയിലാണ്  അന്നക്കു മഞ്ഞപ്പിത്തം ബാധിച്ചിരുന്നു എന്നു മനസ്സിലായത് .കുഞ്ഞിനെ ഇന്‍ക്യുബേറ്ററിലേക്ക് മാറ്റി. പത്തു ദിവസങ്ങള്‍ക്കു ശേഷം അന്നയെ ഹോസ്പിറ്റലില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തു.
                            
                   തന്റെ പോന്നോമാനക്കു ജന്മം നല്‍കുന്നതിനു ഒരാഴ്ച  മുന്‍പ്  അന്ന ഒരു സ്വപ്നം കണ്ടു. അധികം കഴിയും മുന്‍പ് അത് തന്റെ ജീവിതത്തില്‍ യാഥാര്‍ത്ഥ്യമാകുമെന്ന് കരുതിയില്ല .താന്‍ മരിച്ചു പെട്ടിയില്‍ കിടക്കുന്നതും പൂക്കള്‍ കൊണ്ട് അലങ്കരിച്ചതും തന്നെ പുതപ്പിച്ച് കിടത്തിയിരിക്കുന്ന വെള്ള പുതപ്പിച്ച മുണ്ടിന്റെ പുത്തന്‍ മടക്കുകളും മങ്ങാത്ത ചിത്രം പോലെ മനസ്സില്‍ പതിഞ്ഞുപോയി. അന്നയ്ക്കു വെറുമൊരു തമാശപോലെ തോന്നിയെങ്കിലും ജോയോടു പറഞ്ഞില്ല. അദ്ദേഹത്തിനു  വിഷമം ആയെങ്കിലോ എന്നു ചിന്തിച്ചു .

               അന്ന ഹോസ്പിറ്റല്‍ വിടും മുന്‍പേ നാട്ടില്‍ നിന്നും  അമ്മ അവളുടെ അരികിലെത്തി . അമ്മയോട് ഈ സ്വപ്നം അന്ന പറഞ്ഞു. വീട്ടില്‍ പോയി രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ അന്നയെ ഇന്‍ക്യുബേറ്ററിലായിരുന്ന കുഞ്ഞിന്റെ അരികില്‍ കൊണ്ടുപോയി. ഏതാണ്ട് ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍  അന്നയ്ക്കു ബ്ലീഡിംഗ് ആരംഭിച്ചു .അത് അന്നയുടെ വിധിയെഴുതാന്‍ തുടങ്ങിയിരുന്നു എന്ന് ആരും അറിഞ്ഞിരുന്നില്ല. ഉടനെ അന്നയെ I C U വിലേക്ക്  മാറ്റി
ഡോക്ടര്‍മാര്‍ പലരും അന്നയെ പരിശോധിച്ചെങ്കിലും  ഒന്നും ചെയ്യാന്‍ ഇല്ലാത്ത അവസ്ഥയില്‍ ആയിരുന്നു.
               
                 സന്ധ്യയായി, അന്നയുടെ സ്പന്ദനങ്ങള്‍ മെല്ലെ അകലാന്‍ തുടങ്ങി. ജോയുടെ സഹോദരിമാര്‍ ജോലി ചെയ്യുന്ന ഹോസ്പിറ്റലിലേക്ക് അന്നയെ കൊണ്ടുപോയി. അന്നയുടെ ശരീരത്തില്‍ ജീവന്റെ തുടിപ്പുകള്‍ ഒന്നും അവശേഷിക്കുന്നുണ്ടായിരുന്നില്ലയെന്നു പറയാം. ശരീരം മരവിച്ചിരുന്നു, ശ്വാസത്തിന്റെ കണികപോലും ഇല്ല. അവിടെ എന്തിനും തയ്യാറായി കുറെ ഡോക്ടര്‍മാര്‍  കാത്തുനിന്നു. പ്രധാന ഡോക്ടര്‍ പരിശോധിച്ചു. "ഈ രാത്രി ഇവിടെ സൂക്ഷിക്കാം നാളെ രാവിലെ ബോഡി കൊണ്ടുപോകാനുള്ള ഏര്‍പ്പാടുകള്‍ ചെയ്യാം". ഇത്രയും പറഞ്ഞ്‌ ഡോക്ടര്‍മാര്‍  പോയി.
                         
                     അന്ന ഈ സമയം മറ്റൊരു ലോകത്തായിരുന്നു; വെളുത്ത സാരി ധരിച്ച് ആശുപത്രി ബെഡ്ഡില്‍ കിടക്കുന്ന അന്ന. അവളെ മാടി വിളിക്കുന്ന വെള്ള ഉടുപ്പിട്ട മുടി ബോബ്‌ ചെയ്ത ഒരു പെണ്‍കുട്ടി, "വാ സിസ്റ്ററെ"......... ഈ വിളി കേട്ടതും അന്ന എതിര്‍ വശത്തേക്ക് തല തിരിച്ചു നോക്കി .അവിടെ പരിശുദ്ധ മാതാവ്‌ ജ്വലിക്കുന്ന മഞ്ഞ വെളിച്ചത്തില്‍ പുഞ്ചിരിച്ചു നില്‍ക്കുന്നു. വീണ്ടും അതാ കേള്‍ക്കുന്നു ഒരേ സ്വരത്തില്‍ ഒരായിരം ശബ്ദങ്ങള്‍. നോക്കിയപ്പോള്‍ പല പ്രായത്തില്‍ ഉള്ള ആളുകള്‍; കുട്ടികളും പ്രായമായവരും  "വാ സിസ്റ്ററെ " എന്ന വിളിയോടെ എല്ലാവരും. വീണ്ടും എതിര്‍വശത്ത് നോക്കിയപ്പോള്‍ പരിശുദ്ധ  മാതാവ്‌ ഉജ്വല പ്രഭാവലയത്തില്‍ പുഞ്ചിരിച്ചു നില്‍ക്കുന്നു. അത്രയും സമയം ശവശരീരം  ആയിരുന്ന അന്നയുടെ തല മെല്ലെ ഒന്ന് അനങ്ങി, മൂക്കില്‍ കൂടി രക്തം ഒഴുകാന്‍ തുടങ്ങി.

              ഇതു കണ്ടു അവിടെ നിന്നിരുന്ന നേഴ്സ്  ഓടിപോയി ഡോക്ടറെ വിളിച്ചു. ഡോക്ടര്‍മാര്‍ എല്ലാവരും ഓടി വന്നു. അവരുടെ സേവന  ജീവിതത്തിലെ അത്ഭുതമായി അന്ന. പെട്ടന്നുതന്നെ  രക്തം വേണമെന്ന് പറഞ്ഞു. ജോയുടെ രക്തം എടുത്തു പകുതി ബോട്ടില്‍ നിറഞ്ഞപ്പോള്‍ പിന്നെ രക്തമില്ല. പൂര്‍ണ്ണ ആരോഗ്യവാനായ ജോയുടെ അവസ്ഥ ഇപ്പോള്‍ നമുക്ക് ചിന്തിക്കവുന്നതെയുള്ളു. ടെന്‍ഷന്‍ മൂലം രക്തം  എടുക്കാന്‍ പറ്റുന്നില്ല.പിന്നെ ആ രാത്രിയില്‍ രോഗികളുടെ കൂടെ നിന്നിരുന്ന ചിലരും ജോയുടെ സുഹൃത്തുക്കളും സഹായിച്ചു രക്തം നല്കി . ഇതൊന്നും അറിയാതെ അന്ന അപ്പോളും ചലനമറ്റു കിടക്കുന്നു.

                          അന്നയുടെ മൂന്നാം ഊഴം; വെള്ള ഉടുപ്പണിഞ്ഞു കൈയ്യില്‍  കത്തിച്ചു പിടിച്ച വിളക്കുമായി അന്ന യാത്രയാകുന്നു. കുറെ സ്റ്റെപ്പുകള്‍ കയറിയപ്പോള്‍ അന്നയുടെ കുഞ്ഞ് "അമ്മേ" എന്നു വിളിക്കുന്ന ഒരു സ്വരം കേട്ടു .പിന്‍വിളി കേട്ടെങ്കിലും തിരിഞ്ഞു നോക്കാതെ അന്ന വീണ്ടും കയറിപോയികൊണ്ടിരുന്നു. ഏറ്റവും മുകളില്‍ എത്തിയപ്പോള്‍ പിന്നെ സ്റ്റെപ്പുകള്‍   കാണാനില്ല. നിലാവ് പൊഴിയുന്ന തെളിഞ്ഞ ആകാശത്ത്  നക്ഷത്രങ്ങള്‍ നിറഞ്ഞു നില്‍ക്കുന്നു. അവിടെ വെള്ളയുടുപ്പണിഞ്ഞു വെള്ള ചിറകുകള്‍ വീശി പറന്നു നടക്കുന്ന മാലാഖമാര്‍ .അവിടേക്ക് കാലെടുത്തു വെക്കാന്‍ തുടങ്ങിയതും കുഞ്ഞിന്റെ  "അമ്മേ" എന്നവിളി ഭൂമി മൊത്തം പ്രകമ്പനംകൊണ്ടപോലെ  അന്നയുടെ കാതില്‍ മുഴങ്ങി.  അന്ന മെല്ലെ കണ്ണുകള്‍ തുറന്നു. പുലര്‍ച്ചെ  അഞ്ചു മണി ആയിരിക്കുന്നു. ഈ സമയം അന്നയുടെ തൊട്ടടുത്ത ബെഡ്ഡില്‍ കിടന്നിരുന്ന,  അന്ന് ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ആകുവാനിരുന്ന  ഒരു രോഗി  മരിച്ചു.
കൂടെയുള്ളവരുടെ നിലവിളിയും ഒച്ചപ്പാടും കേട്ടാണ് അന്ന കണ്ണ് തുറന്നത് .

                           ഏതാനും ദിവസങ്ങള്‍ക്കു ശേഷം ആരോഗ്യം വീണ്ടെടുത്ത്‌ അന്നയും കുഞ്ഞും വീട്ടിലേക്കു മടങ്ങി.  അന്ന ഇന്നു രണ്ടു മക്കളുടെ അമ്മയാണ്. ഒത്തിരി പേരുടെ  പ്രാര്‍ത്ഥന അന്നയുടെ ജീവനു  വേണ്ടി ദൈവത്തിന്റെ മുന്നില്‍ അര്‍പ്പിക്കപ്പെട്ടു. അന്നയുടെ അമ്മ സ്വന്തം ജീവനെടുത്തു മകളെ തിരികെ നല്‍കണേയെന്നു മനംനൊന്ത്  പ്രാര്‍ത്ഥിച്ചിരുന്നു . ദൈവം നല്‍കിയ രണ്ടാം ജന്മവുമായി അന്ന  കുടുംബസമേതം സസന്തോഷം  കഴിയുന്നു .

                       ഇതില്‍ ഭാവനകള്‍ ഇല്ല  ഇതു പച്ചയായ ഒരു ജീവിത സാക്ഷ്യമാണ് .............!


                         

Wednesday, February 19, 2014

ഭ്രാന്തന്‍ ചിന്തകള്‍
                                 പലപ്പോഴും ഞങ്ങള്‍ക്ക് ഇടയിലെ മൗനം ഒരുപാടു അര്‍ഥങ്ങള്‍ നിറഞ്ഞതായിരുന്നു . കാത്തിരുന്ന് മടുക്കുമ്പോള്‍ പിണങ്ങിയിരിക്കുന്ന എന്‍റെ കുറുമ്പ് അവനു എന്നും ഒരു തമാശ് മാത്രമായിരുന്നുവെന്ന് എനിക്ക് പലപ്പോഴും തോന്നാറുണ്ട് .കണ്ടുമുട്ടിയാല്‍ അധികം മിണ്ടാറില്ല .കാരണം നിമിഷങ്ങള്‍കൊണ്ട്  ഉറക്കത്തിന്റെ തേരില്‍ അവന്‍ യാത്ര ആയിട്ടുണ്ടാവും .ഞാന്‍ ഉണര്‍ന്നിരിക്കുമ്പോള്‍ അവനു ഉറങ്ങാന്‍ ഒരുപാടു ഇഷ്ടമാണുപോലും .ഒരിക്കല്‍ ഞാന്‍ ചോദിച്ചു എന്നെ കാണുമ്പോള്‍ എന്താ പെട്ടന്ന് ഉറക്കം വരിക.മറുപടി കേട്ടപ്പോള്‍ എനിക്ക് ചിരിവന്നു .എന്തന്നില്ലാത്ത ഒരു സുരക്ഷിതത്വം ആ ഉറക്കത്തിനു കിട്ടും. ചിലപ്പോള്‍ എനിക്ക് ദേഷ്യവും വരാറുണ്ട് . മിക്കവാറും അവന്റെ ഡ്യുട്ടിക്ക് പോകുന്ന സമയമാകുമ്പോള്‍ എനിക്ക് നല്ല ഉറക്കത്തിന്റെ സമയമാണ് . എങ്കിലും മോളു എന്ന വിളി കേള്‍ക്കുമ്പോള്‍ ഞാന്‍ ഉണരും . പ്രഭാതത്തില്‍ വിളിച്ചുണര്‍ത്തി സുപ്രഭാതം പറഞ്ഞു സ്നേഹത്തിന്റെ ചുംബനം നല്‍കി യാത്രയാകുമ്പോള്‍ എനിക്ക് അവന്റെ ഉറക്കത്തോട് തോന്നിയ എല്ലാ  ദേഷ്യവും ഇല്ലാതാവും.കാണുമ്പോള്‍ വഴക്ക് കൂടും കാണാതിരിക്കുമ്പോള്‍ മനസ്സിലാകും നെഞ്ചിലെ പിടച്ചില്‍ നൊമ്പരം, എത്ര ക്ഷീണം ഉണ്ടെങ്കിലും  ഉറങ്ങാന്‍ പറ്റാത്ത അവസ്ഥ . അകലങ്ങളില്‍ ആയിരിക്കുമ്പോള്‍ മനസ്സിലാക്കുന്നു ഞങ്ങള്‍ക്കിടയിലെ സ്നേഹത്തിന്റെ ആഴം ഇത്രയും വലുതായിരുന്നു എന്നത്.  " കണ്ണുള്ളപ്പോള്‍ കണ്ണിന്റെ കാഴ്ച അറിയില്ല"  പലപ്പോഴും പലരുടെയും അവസ്ഥ ഇതൊക്കെ തന്നെ............!

Friday, February 14, 2014

സ്നേഹാങ്കണം


സ്നേഹാങ്കണത്തിന്റെ ആ കൊച്ചുപൂന്തോപ്പില്‍
ആദ്യത്തെ ദര്‍ശനം എന്നായിരുന്നു
ഇന്നുമോര്‍മ്മയില്‍ തെളിയുന്നുവോ ?

സ്നേഹനാളത്തിന്‍ തിരി
മങ്ങലേറ്റണഞ്ഞതും, അറിയില്ല ...
യെങ്കിലുമൊന്നെ ഓര്‍മ്മയില്‍
പറയാതെ പിരിയുമ്പോള്‍ നിന്‍
കണ്ണില്‍ നിന്നുതിര്‍ന്നു പൊട്ടിച്ചിതറിയ
പളുങ്കുപാത്രംപോല്‍........,
ആരും കാണാത്ത കണ്ണുനീര്‍ മുത്തുകള്‍

അറിഞ്ഞു കൊണ്ടെന്തിനു
അണഞ്ഞു നാളമേ
വീണ്ടും പ്രകാശമായ്  ഉദിക്കില്ലേ
എന്നെ പുണരുവാന്‍

ഉയിര്‍കൊണ്ട നാളത്തില്‍
ഉതിരുന്ന വാക്കുകള്‍ പുതിയൊരു-
ജന്മം നല്‍കട്ടെ നമ്മളില്‍
സ്നേഹത്തിന്‍ തേന്‍കണം വിതച്ചുകൊയ്യാന്‍

Friday, February 7, 2014

പൊന്നു

           
           
                 പൊന്നുവിനെ എനിക്കു അത്രയ്ക്ക് ഇഷ്ടമായിരുന്നു,ഞാന്‍ വിളിക്കുന്നതാ പൊന്നുന്നു.അവള്‍ക്കു ഇഷ്ടമായിരുന്നോ എന്നു എനിക്കു അറിയില്ല ഞാന്‍ ചോദിച്ചിട്ടില്ല. ആദ്യമൊന്നും അവളെ എനിക്കു ഇഷ്ടമല്ലായിരുന്നു . പിന്നെ പിന്നെ ഞാന്‍ അവളെ ഇഷ്ടപെടാന്‍ തുടങ്ങി.പോന്നുവിനു എന്നെ പരിചയപ്പെട്ടപ്പോള്‍ തന്നെ ഇഷ്ടമായിരുന്നു എന്നു പിന്നീടു ഞങ്ങള്‍ സംസാരിച്ചപ്പോള്‍ പറഞ്ഞു. ആദ്യമൊക്കെ അവളുടെ കുറുമ്പുകള്‍ കാണുമ്പോള്‍ എനിക്കു ദേഷ്യം വരുമായിരുന്നു.
              എന്നെ ഏറ്റവും കൂടുതല്‍ ദേഷ്യപ്പെടുത്തിയത് അവള്‍ എന്നോട് കാണിക്കുന്ന സ്നേഹത്തിലെ സ്വാര്‍ത്ഥത ആയിരുന്നു .ഞാന്‍ മറ്റാരോടും സംസാരിക്കണ്ട അവളോടൊപ്പം ചിലവഴിച്ചാല്‍ മതി .പതുക്കെ പൊന്നുവിന്റെ ഇഷ്ടങ്ങള്‍ക്ക് ഞാന്‍ വഴങ്ങി.അവളെ ഇഷ്ടപ്പെട്ടു എന്നു പറയുന്നതാവും ശരി.പിന്നെ തമാശും കൊച്ചു കുറുമ്പും കുസൃതികളുമായി ഞങ്ങള്‍ മുന്നോട്ടു പോയീ. ഇടക്കുള്ള പിണക്കവും ഇണക്കവും നല്ല രസമാണ് .മിണ്ടില്ല എന്നു പറഞ്ഞു വഴക്കിടുന്ന ഞങ്ങള്‍ പത്തു മിനിട്ട് കഴിയുമ്പോള്‍ കൂട്ടാവും.
            ദിവസങ്ങള്‍ കഴിയുന്തോറും ഞാന്‍ പൊന്നുവിനെ കൂടുതല്‍ ഇഷ്ടപ്പെട്ടു .പക്ഷെ എന്റെ സ്നേഹം അവള്‍ക്കു ഒരു ശല്യമാകാന്‍ തുടങ്ങിയോ എന്നു ഒരു സംശയം .ചോദിച്ചാല്‍ പൊന്നു വിഷമിച്ചാലോ എന്നു കരുതി ഞാന്‍ മിണ്ടിയില്ല .അവളുടെ പല ഉത്തരങ്ങളില്‍ നിന്നും ഞാന്‍ വായിച്ചെടുത്തു ,എന്റെ സ്നേഹാധിക്യം അവളെ ആലോസരപ്പെടുത്തുന്നു എന്നുള്ള സത്യം .
             ഞാന്‍ തന്നെ ഒരു തീരുമാനം എടുക്കുന്നതാവും നല്ലത് എന്നു തോന്നിയപ്പോള്‍ പതുക്കെ പിന്മാറാന്‍ ഒരുക്കം നടത്തി . ആദ്യമൊക്കെ സങ്കടം സഹിക്കാന്‍ പറ്റിയില്ല .അന്നേരം ആരും കാണാതെ കരഞ്ഞു .പൊന്നുവിനു പുതിയ കൂട്ടുകാര്‍ ഉള്ളതുകൊണ്ട് അത്രയ്ക്ക് വിഷമം തോന്നികാണില്ല .വല്ലപ്പോളും പൊന്നു ചോദിക്കാറുണ്ട് എന്തുപറ്റി ഒരു മാറ്റമെന്നു. എനിക്കു ഒരു മാറ്റവും ഇല്ല കുട്ടി, ജോലി തിരക്ക് കൊണ്ടാണ്  ഇപ്പോള്‍ വരാത്തതു എന്നു പറഞ്ഞു പിരിയുമ്പോഴും നെഞ്ചിനുള്ളില്‍ സ്നേഹ നൊമ്പരത്തിന്റെ വിങ്ങല്‍ പെരുമ്പറ കൊട്ടുന്നത്  മറ്റാരും അറിയാതിരിക്കാന്‍ പാടുപെട്ടു .
          സ്നേഹം ഒരിക്കലും മറ്റുള്ളവര്‍ക്ക് ഒരു ബന്ധനമായി മാറാതിരിക്കാന്‍ നമുക്ക് ഒന്ന് ശ്രമിച്ചാലോ . നമ്മുടെ സ്നേഹം സ്വാര്‍ത്ഥതയില്ലാത്ത ഒന്നായിരിക്കട്ടെ ............ !

Monday, February 3, 2014

എന്റെ അമ്മ


ഗ്രാമീണ സുന്ദരിയായ എന്നമ്മേ
നിന്‍ ചാരെയെത്താന്‍ കൊതിക്കുന്നു മാനസം

ഒരുകൊച്ചുകുഞ്ഞായിരുന്നെങ്കിലിന്നു  ഞാന്‍
നിന്‍ മടിതട്ടിലുറങ്ങി ഉണര്‍ന്നേനെ

കാവിലെ ഉത്സവ മേളം തുടങ്ങുമ്പോള്‍
നിന്‍ വിരല്‍ തുമ്പില്‍ പിടിച്ചു നടന്നേനെ

വെടിമുഴക്കത്തില്‍നിന്നുതിരുന്ന ശബ്ധത്തില്‍
ചേലതന്‍ തുമ്പില്‍ ഭയം പൂണ്ടൊളിച്ചേനേ

ആദ്യക്ഷരത്തിന്റെജ്ഞാനം  പഠിക്കുവാന്‍
ആദ്യമായ് പോകും ഞാന്‍ നിന്‍ കൂടെയെന്നമ്മേ

സ്നേഹത്തിന്‍ നറുമുത്തം കവിളില്‍ പകര്‍ന്നത്
നിന്നധരത്തിന്റെനന്മയില്‍ നിന്നല്ലോ

ദിവ്യസ്നേഹത്തിന്‍ മധുരം നുണഞ്ഞതും
നിന്‍ മാറിലുതിര്‍ന്നതാംപാലമൃതല്ലയോ

കരച്ചിലടക്കാത്ത രാത്രി യാമങ്ങളില്‍
തോളിലേറ്റിയെന്നെ സൂര്യോദയംവരെ

അമ്പിളി മാമനെ ചൂണ്ടികാണിച്ചതും
മാമുണ്ണാനായിരം  കഥകള്‍ പറഞ്ഞതും

പിച്ചനടക്കുമ്പോള്‍ വേച്ചുവീഴാതെന്നും
താങ്ങുവനെപ്പോളും കൂടെ നടന്നതും

യാത്രയിലൊക്കെയും മറോടണച്ചതും
അമ്മകിളിയുടെ സ്പര്‍ശമറിഞ്ഞു ഞാന്‍

ചെറിയൊരു ക്ഷീണത്താല്‍ ചാഞ്ഞുകിടക്കുമ്പോള്‍
പരിഭ്രമമോടെ നിറയും മിഴികളും

മരണത്തിലേക്ക് നടന്നതാം തനയയെ
ഈശ്വരന്‍ മുന്‍പാകെ യാചിച്ചു നേടിതും

നിന്‍ മുന്നിലല്ലാതെവിടെ നമിപ്പുഞാന്‍
എന്നിലെ ഓരോ അശ്രുകണങ്ങളാല്‍

എന്നുടെ വരവിനായ് കാത്തിരിക്കുന്നമ്മേ
ദൂരത്തിരുന്നു ഞാനേകുന്നു മുത്തങ്ങള്‍

ഇനിയൊരു ജന്മമുണ്ടെങ്കില്‍ വരുംനാളിലും
നിന്നുടെ പുത്രിയായ് വീണ്ടും ജനിക്കേണം .....!

Monday, January 27, 2014

ഉണങ്ങാത്ത മുറിവ്


സ്വാന്തനം നല്‍കുവാന്‍ കഴിയുമോ നിനക്കിന്നു
വാക്കാലെ മുറിഞ്ഞതാം ഹൃത്തടത്തെ
ഒരുപാട് കാതങ്ങള്‍ താണ്ടണം നിനക്കിന്നു
ആ ഹൃത്തിന്‍ ആഴം അളന്നീടുവാന്‍

മൂര്‍ച്ചയുള്ളായുധം കൊണ്ടുമുറിയുമ്പോള്‍
 ഉണങ്ങുന്ന ആഴമേ അതിനായുസ്സ്
ഒരിക്കലും മായാത്ത വടുക്കള്‍ പോലല്ലയോ
ഹൃത്തിനെ കീറിമുറിച്ച നിന്‍ വാക്കുകള്‍

തന്‍ വാക്കിനെതിര്‍വാക്ക് ഇല്ലെന്നു ചൊല്ലി നീ
നിശബ്ധമാക്കുന്നു എന്നെയെന്നും
നീയറിയാതെ നിണം വാര്‍ന്നൊഴുകുന്ന
ഹൃത്തിന്റെ മുറിവ് നീ അറിയുന്നില്ലയോ ?

പശ്ചാത്തപിച്ചു നീ വീണ്ടുമെത്തീടുമ്പോള്‍
കാണാതിരിക്കുവാന്‍ കഴിയില്ലെനിക്കോമലെ
നൂറു ജന്മങ്ങള്‍ വീണ്ടും ജനിച്ചാലും
എന്നുടെ മാത്രമായ് നീ ലയിച്ചീടണം

ആശകളെല്ലാം നീ ചൊല്ലുന്നുയെപ്പോഴും
സ്നേഹമാം ഹൃത്തിനാല്‍ സുഗന്ധം പൊഴിക്കുവാന്‍
ദൂരത്തിരുന്നു നീ മൊഴിമുത്തു പൊഴിക്കുന്നു
എന്നുമെന്‍ ചാരെ നീയായിരിക്കേണം

ആരെന്തു ചൊല്ലീട്ടും കേള്‍ക്കേണ്ടെനിക്കിന്നു
നീ മാത്രമെന്നുമെന്‍ സ്വന്തമായീടണം
അശ്രു പൊഴിക്കും നിന്‍ ഈറന്‍ മിഴികളോ
ചങ്ങല തീര്‍ക്കുന്നു എന്‍പദങ്ങള്‍ക്കെന്നും

Wednesday, January 22, 2014

തുലാഭാരം


മയില്‍‌പീലി തുണ്ട് കൊണ്ട് തുലാഭാരം
നിനക്കായ്‌ നടത്തുവാന്‍ കാത്തിരിക്കുന്നവള്‍
ഒരു നിമിഷമോ ഒരു ദിനമോ അല്ല........
ജീവിതയാത്രതന്‍ ആയുസ്സ് മുഴുവനും.

എന്നിട്ടും തിരിച്ചറിയാതെ പോയതെന്ത്...?
ആ ചെറുമയില്‍‌പീലിതുണ്ടിനെ
എത്രയോ നാളായി കാത്തുവെയ്പ്പു
മറ്റാരും കാണാതാ മയില്‍പീലികള്‍

നിന്‍ ജീവനെവിടെയോ ഇടമുറിഞ്ഞില്ലേ?
കൂട്ടിച്ചേര്‍ക്കുവാന്‍  തന്‍കരള്‍ പകുത്തേകി
സ്നേഹമാം രക്തതുള്ളികള്‍
നിന്നിലേക്കിറ്റിറ്റു വീഴ്ത്തിയതുമവള്‍

പറയാതെ നീ പോകും നിമിഷങ്ങളില്‍
കാണാതുഴറുന്നതും അറിയുന്നില്ലേ ?
അവള്‍ തന്‍ പരിഭ്രമനോവുകള്‍
കാണാതെ കാണുന്നതും ഞാന്‍ മാത്രമോ..

എന്നിട്ടുമേന്തേ കാണാതിരിപ്പു നീ
കാഴ്ച്ചയുണ്ടായിട്ടും അന്ധനെപോലെന്നും
ഇതാസമയമായ് തിരിച്ചറിഞ്ഞീടുക
സത്യമാം സ്നേഹത്തിന്‍ മയില്‍‌പീലിത്തുണ്ടിനെ

പൂവായ് വിരിഞ്ഞിന്നു സൗരഭ്യം പരത്തുന്നു
പൂമ്പാറ്റയായ് നിന്‍ വരവിനെ കാത്തവള്‍
ഇന്നിന്റെ യാത്രയില്‍ നീ തേടി ചെന്നതോ
പൊയ്‌മുഖമണിഞ്ഞൊരു പൂവിനെയല്ലയോ

നിനക്കായ്‌ തുടിക്കുന്ന ഹൃദയസ്പന്ദനങ്ങളും
കാത്തിരിപ്പിന്റെ നൊമ്പരക്കാറ്റും
എന്തിനെന്നല്ലേ ,നിനക്കറിയേണ്ടു....?
സ്നേഹത്തുലാഭാരം നിനക്കായ്‌ നടത്തുവാന്‍,,,,,!


Saturday, January 18, 2014

ചിത്തഭ്രമം


ഭ്രാന്തമാകും നിന്റെ സ്നേഹത്തിമര്‍പ്പിനെ
എന്തു വിളിച്ചു ഞാന്‍ ഓമനിക്കും
കണ്ടില്ലയെന്നു നടിക്കാന്‍ കഴിയാതെ
കാതരമാകുന്നു എന്റെ ദു:ഖം

ഇടവഴിതാണ്ടി നീ മുന്നോട്ടു പോകുന്നു
പൊട്ടി ചിരിച്ചും കരഞ്ഞും തളര്‍ന്നും
അതുകണ്ട് മര്‍ത്യന്‍ പഴിക്കുന്നുവോനിന്‍
മനോവികാരത്തെ ഭ്രാന്തെന്ന് ചൊല്ലി

നാല്  ചുവരുകള്‍ക്കുള്ളിലെ ചങ്ങല
കിലുക്കങ്ങളൊന്നും അറിയുന്നില്ലേ നീ
തട്ടി മുറിഞ്ഞനിന്‍ നഗ്നമാം പാദങ്ങള്‍
നൊമ്പരമില്ലാതെ മാറിയതെന്നാണ്

ഒരുവാക്ക് ചൊല്ലാനും ഒരുനോക്കു കാണാനും
കാത്തിരുന്നില്ലേ നീ ആ ദിനങ്ങള്‍
ജാലക പാളിതന്‍ പിന്നിലായ് നിന്നുവോ
പ്രതീക്ഷമുറ്റുന്ന മിഴികളോടെ നീ

സത്യവും മിഥ്യയും അന്തരമുണ്ടെന്നു
പഠിപ്പിച്ചുതന്നതും ആ സ്നേഹമോ
എത്ര പഠിച്ചാലുംപഠിക്കാത്ത പാഠമായ്
സ്നേഹത്തെ വിളിച്ചില്ലേ ഭ്രാന്തിയെന്നു

നിന്‍ സ്നേഹ നാളത്തെ അണയാതെ കാക്കുവാന്‍
ഒരു നാളില്‍ ഞാന്‍വരും നിന്‍ചാരെയും
അന്ന് ഞാന്‍  പൊഴിക്കുന്ന കണ്ണീര്‍കണങ്ങളെ
തിരിച്ചറിയാത്തൊരു ഭ്രാന്തിന്റെ രൂപം നീ......

Sunday, January 12, 2014

ഒരു യാത്രഅനന്തമായ് നീളുന്ന പാതയില്‍ചലിക്കവേ
ശ്യൂന്യമാമിടം ചിന്തിപ്പാന്‍ തുനിയവെ
തനിയെ ചരിച്ച നിന്‍ അന്തരാത്മാവിലെ
ഓളങ്ങള്‍ മെല്ലെ തിരയടിച്ചെത്തിയോ.........?

സത്യമാം വാക്കുകള്‍ ഉതിരുന്നതെവിടെ
അകമേ പുഛ്ചിച്ചു പുറമേ കാണിച്ചതോ
വെറുപ്പിന്റെ കണികയെ ശബ്ദിച്ചു തീര്‍ത്തതോ
കതിരും പതിരും തിരിച്ചറിയാനുള്ള  യാത്ര............

കരുത്തു നേടിയ മാനസത്തില്‍
കുരുത്തിടുന്നു അറിയാത്തൊരുള്‍വിളി
ഏകയായ് നീയിന്നു പ്രയാണം ചെയ്യുവിന്‍
നിന്‍ യാത്ര സത്യത്തിലേക്കെത്തിടും .

നല്ലതായ് ചമയുവാന്‍ തത്രപ്പെടുന്നവര്‍
പലതുമറിഞ്ഞിട്ടും അറിയാത്തഭാവങ്ങള്‍
നടനംനടത്തുന്നു പലമുഖം തന്നിലായ്
ഏകാന്തയാത്രയില്‍  കണ്ടതിതെല്ലാമോ ....?

ഭ്രാന്തമാം ചിന്തകള്‍ മേച്ചില്‍പ്പുറങ്ങളായ്
അലറുന്നു .........മൌനത്തെ ഭേദിക്കുവിന്‍
ക്ഷമയെന്ന  രൂപത്തെ മുറുകെപുണര്‍ന്നതാം
സഹചാരിയായ്  മൌനം അലഞ്ഞുനടന്നുവോ..?

സത്യവും മിഥ്യയും തിരിച്ചറിഞ്ഞീടുവാന്‍
ഇന്ദ്രിയമൊക്കെയുമുണര്‍ന്നു ചലിക്കുവിന്‍
ആര്‍ക്കനുണരുമ്പോള്‍ ഉതിരുന്നരശ്മിപോല്‍
സത്യങ്ങളെല്ലാമുദിക്കട്ടെ നിന്‍ മുന്നില്‍.......

കറപുരളാത്തൊരു പഥികനായ്‌
സത്യത്തിലേക്കുള്ള യാത്രാ .......ഒരു യാത്ര
Sunday, January 5, 2014

മണ്‍ചെരാത്‌
കത്തിയെരിയുന്ന മണ്‍ചെരാതെ
നീ അണയാതിരിക്കുവാന്‍
ഞാന്‍ എന്തു വേണം......?
ചൊല്ലു നീ മടിയാതെ......
നിന്‍ നാളങ്ങള്‍ മന്ത്രിക്കും
ദൂതിനായ്  കാതോര്‍ത്തു ഞാന്‍
സ്നേഹമാം എണ്ണ പകര്‍ന്നീടണോ...?
അകലെ ഞാന്‍ മറഞ്ഞീടണോ....?

പറയാന്‍ വെമ്പിയ വാക്കുകള്‍
ജ്വലനമായ് നിന്നില്‍ ആളിപടര്‍ന്നുവോ
കണ്ണിണ പൂട്ടിയയെന്നെ-
നിന്‍ പ്രകാശം പരത്തിയുണര്‍ത്തിയോ
എന്തിനു വേണ്ടിയിതെല്ലാം...
എന്നില്‍ നല്‍കിയുണര്‍ത്തി.........?

ഒരു മാത്രയെങ്കിലുമൊന്നു മന്ത്രിക്കു.
അണയും മുന്‍മ്പേയുള്ളാളല്‍  പോല്‍,
കേള്‍ക്കാതൊരിക്കലും അണയില്ല,
എന്നുള്ളിലെ മണ്‍ചിരാതും..........!
സ്നേഹ നാളമായണയും
ദീപ്തമാം ചിരാതേ....

"ഞാനാണയുമ്പോഴുമെന്നരുകില്‍
പ്രകാശം പൊഴിച്ചു നീ വേണം....!!!!  "


Thursday, January 2, 2014

നിലാവും രാജകുമാരിയും

             
                              നിലാവ് തെളിയുന്ന സന്ധ്യകളില്‍ എന്നും കാണുന്ന ഒരു മനോഹരമായ കാഴ്ച്ചയായിരുന്നു മട്ടുപ്പാവില്‍ വന്നു നിലാവിനെ നോക്കി നില്‍ക്കുന്ന സുന്ദരിയായ രാജകുമാരി . ദിവസവും തന്നെ നോക്കി നില്‍ക്കുന്ന രാജകുമാരിയെ കാണുമ്പോള്‍ നിലാവ് ഒരു പുഞ്ചിരി സമ്മാനിച്ച്‌ കടന്നുപോകും.ദിവസങ്ങള്‍ കടന്നു പോയീ നിലാവിന് കുമാരിയേയും കുമാരിക്ക് നിലാവിനെയും ഇഷ്ടമായി . അവര്‍ എല്ലാ ദിവസവും കണ്ടു സംസാരിച്ചു ഇഷ്ടങ്ങള്‍ പങ്കുവെച്ചു പിണങ്ങിയും ഇണങ്ങിയും മുന്നോട്ടു പോയി .
                കുമാരിയെ പലര്‍ക്കും പ്രണയിച്ചാല്‍ കൊള്ളാം എന്നു ആഗ്രഹമുണ്ടെങ്കിലും കുമാരി അവരെ ഒന്നും നോക്കുക കൂടി ചെയ്തില്ല .നിലാവ്  കാര്‍മേഘം വരുമ്പോള്‍ മറയുകയും കാര്‍മേഘംനീങ്ങുമ്പോള്‍ പ്രകാശം പൊഴിക്കുകയും ചെയ്യുന്ന ഒരു കുട്ടികുറുമ്പന്‍ ആള് അത്ര സുന്ദരനൊന്നുമല്ല.എന്നാലും കുമാരിക്ക് ഇഷ്ടം നിലാവിനോട് തന്നെ.എല്ലാ ദിവസവും സന്ധ്യയാകുമ്പോള്‍ നിലാവിന്റെ വരവിനായ് കുമാരി കാത്തിരിക്കും .കുമാരി നന്നായി വയലിന്‍ വായിക്കും . അവള്‍ വായിക്കുന്ന സംഗീതം കേട്ടങ്ങനെ ഇരിക്കും ഒത്തിരി നേരം അവനും .നിലാവിനെ കാണാത്ത ദിവസങ്ങളില്‍ കുമാരി സങ്കടത്തോടെ വയലിന്‍ വായിച്ചു ഉറങ്ങാതിരിക്കും                          നമ്മുടെ നിലാവ് ആളൊരു  കൊച്ചു കള്ളനാ .നിലാവിന് വേറെയും ഇഷ്ടഭാജനങ്ങള്‍ ഉണ്ടായിരുന്നു പാവം രാജകുമാരി ഇതു ഒന്നും അറിഞ്ഞില്ല . നിലാവ് വരാതിരുന്നിട്ടു ഇടക്ക് വരുമ്പോള്‍ കുമാരി  ചോദിക്കും എവിടെയായിരുന്നു? .നിലാവു എന്തെങ്കിലും കാരണം പറയും കുമാരി അത് വിശ്വസിക്കും .നാളുകള്‍ കഴിഞ്ഞപ്പോള്‍ നിലാവിന്റെ ഇഷ്ടം കുറഞ്ഞു വന്നു കുമാരിക്കാണങ്കില്‍ ഇഷ്ടം കൂടിയും .പിന്നെ പിന്നെ നിലാവ് കുമാരിയെ കാണുമ്പോള്‍ ഓരോ കുറ്റങ്ങള്‍ പറഞ്ഞു വേദനിപ്പിക്കും . കുമാരിക്ക് സങ്കടമായി,കുറച്ചുനാള്‍ നിലാവ് കുമാരിയെ കാണാന്‍ വന്നില്ല .അവന്‍ പുതിയ മേച്ചില്‍ പുറങ്ങള്‍ തേടി പോയി.പക്ഷെ നിലാവിന് ഒരിടത്തും കുമാരിയില്‍ നിന്നു കിട്ടിയ സ്നേഹമോ കരുതലോ ആരില്‍ നിന്നും കിട്ടിയില്ല.
                   സ്വയംതെറ്റ്  മനസ്സിലാക്കി നിലാവ്  രാജകുമാരിയെ തേടി വീണ്ടുമെത്തി.അപ്പോഴേക്കും കുമാരി ഒരുപാട് മാറിയിരുന്നു .പരസ്പരം മനസ്സിലാക്കുകയും ആത്മാര്‍ത്ഥമായി സ്നേഹിക്കുകയും ചെയ്യുന്നവരോടാകണം അടുക്കേണ്ടത് എന്ന പാഠം രണ്ടു പേരും പഠിച്ചു .ഒരിക്കല്‍ നഷ്ടപ്പെടുത്തിയാല്‍ പിന്നൊരിക്കലും പഴയ സ്നേഹം തിരിച്ചു കിട്ടില്ല .പ്രണയമായാലും സൗഹൃദമായാലും  സ്വന്തമായാലും ബന്ധമായാലും .പൊട്ടിയ കണ്ണാടി ചില്ലുകള്‍ പെറുക്കി എത്ര അടുക്കിയാലും പഴയ ഭംഗി ഉണ്ടാവില്ലല്ലോ .അതുകൊണ്ട് ഓരോ ബന്ധങ്ങളും ഇഴപൊട്ടാത്ത ചരടുകളായി  നമുക്കും കാത്തു സൂക്ഷിക്കാം .