Saturday, November 19, 2016

നേരുംനെറിയും


തേച്ചുമിനുക്കിയെടുത്തൊരു
നിഷേധങ്ങള്‍ കണ്ടുമടുത്തു
ചിലന്തിവലപോലെ കുരുക്കുന്നു
നിയമസംഹിതയാല്‍ പട്ടിണിപ്പാവങ്ങളെ

ശ്വാനന്‍റെ പരാക്രമത്തില്‍ പ്രാണന്‍
പൊലിഞ്ഞു പോയമനുജര്‍
അര്‍ദ്ധപ്രാണരായ് ജീവിച്ചിടുന്നവര്‍
രക്ഷകരെന്നും ശുനകനുമാത്രം

കാമഭ്രാന്തന്‍റെ പേക്കൂത്തില്‍
മാഞ്ഞുപോയ്  അരുമപ്പെണ്‍ക്കൊടികള്‍
തിന്നുകൊഴുത്തുവിലസുന്നു നീചന്മാര്‍
ധനമുള്ള കൈകള്‍ക്കെന്തുമാകാം

കുഞ്ഞുങ്ങളെത്തട്ടിയെടുക്കുന്നവര്‍
ഭിക്ഷക്കായ്‌ പ്രതോളിയില്‍ വില്ക്കുന്നു
നാട്യം നടത്തി പരിഭ്രാന്തി വിതച്ചും
മറ്റെന്തിനോ ചിലര്‍   കോപ്പുകൂട്ടുന്നു

നിയമങ്ങളൊക്കെയും പൊളിച്ചെഴുതുന്നു
പാവംജനങ്ങള്‍ പൊറുതിമുട്ടുന്നു
ഒരുനോട്ടുമാറുവാനൊരുദിനം വേണമോ
ലക്ഷ്യം ജനനന്മയാണെന്നു വാഴ്ത്തുമ്പോഴും

കോടികളാസ്തിയുള്ള പാവത്തിന്‍റെ
കോടിക്കടങ്ങളെഴുതിത്തള്ളുമ്പോഴും
കുടിലിലുറങ്ങുംദരിദ്രനെ  ജപ്തിയാല്‍
തെരുവിലിറക്കുവാന്‍ മടിയില്ല ബാങ്കിനും

നാടിന്‍റെനന്മകള്‍ കറയറ്റതാക്കുവാന്‍
പാവംജനത്തിന്‍റെ കണ്ണീരുകാണുവാന്‍
നന്മമരങ്ങളായ്‌ പിറക്കട്ടെ മന്നില്‍
നേരും നെറിയും നിറഞ്ഞ മക്കള്‍






Saturday, November 5, 2016

ഹൃദയംപറഞ്ഞത്

                       
                          ചില ദിവസങ്ങളില്‍ അങ്ങനെയാ.......എന്താന്നല്ലേ .ഓര്‍മ്മകളില്‍ എവിടെയോ ഉണങ്ങാത്ത മുറിവ് കുത്തിനോവിക്കാന്‍ തുടങ്ങും .അതുപിന്നെ പൊട്ടിത്തെറിക്കാന്‍ കാത്തുനില്ക്കും .ആ കാത്തുനില്പ്പ് ഉണ്ടല്ലോ ഒരു ഭൂകമ്പം തന്നെയാണ്  .തീവ്രത കൂടിയും കുറഞ്ഞുമിരിക്കും .തീവ്രത കുറയുമ്പോള്‍ രണ്ടു തുള്ളി കണ്ണുനീര് മാത്രമേകാണു. തീവ്രത കൂടിവരുമ്പോള്‍ രൂപഭാവങ്ങള്‍ മാറും. നെഞ്ചിനുള്ളില്‍ ഒരു മഞ്ഞുമല കയറിയിരിക്കും .കുറച്ചു കഴിയുമ്പോള്‍ മഞ്ഞുമല കൂടുതല്‍ തണുത്തുറയാന്‍ തുടങ്ങും കാഠിന്യം കൂടുന്നതിനനുസരിച്ച് ഭാരംകൂടി ഹൃദയതാളത്തെ ഞെരുക്കും .അന്നേരം ഹൃദയം പറയും എനിക്കു വയ്യ കുട്ടി  ! ഇങ്ങനെ പോയാല്‍ അധികനേരം എനിക്കു മുന്നോട്ടു പോകാന്‍ പറ്റില്ല . പി ന്നെപ്പിന്നെ  തുടിതാളം പതുക്കെയാകും .ആ സമയം മിനിറ്റില്‍  എഴുപത്തിരണ്ടു പ്രാവിശ്യം താളം പിടിച്ചിരുന്ന  ആ  "ലപ്‌ടപ്" പാടിത്തീരാറായ സംഗീതംപോലെ  പതുക്കെ ഇഴയാന്‍ തുടങ്ങും .ഇഴയുന്ന താളത്തില്‍ ശ്വാസംകിട്ടാതെ പിടയുമ്പോള്‍ ചിലപ്പോള്‍ ഒരു അശരീരി കേള്‍ക്കാം "ഇതൊക്കെ വെറുമൊരു  അഭിനയം മാത്രമാ " .
         സ്രഷ്ടാവ്  ചിലപ്പോള്‍ പറയും നീ കുറച്ചുനാള്‍ കൂടി ഇവിടെ നില്ക്കൂ  .ഇപ്പോള്‍ നിന്‍റെ പേരു വെട്ടാന്‍ സമയമായില്ലന്ന്‍ .പറ്റില്ലയെങ്കില്‍ ഒരു കാര്യം ചെയ്യാം  നിനക്ക് സഹായത്തിനു കുറച്ചുനാള്‍ ഒരു സുഹൃത്തിനെ  തരാം .നീ അല്പം വേദന സഹിച്ചാലേ  തരാന്‍ പറ്റുകയുള്ളൂ .നിന്‍റെ ശരീരത്തില്‍ കത്തിവയ്ക്കണം . ഒരു തീപ്പട്ടിയുടെ അത്രയും വലിപ്പമുള്ള ആ സുഹൃത്തിനെ  നിന്‍റെ  ശരീരത്തില്‍ ചേര്‍ത്തുവയ്ക്കണം  .പേരു പറയാന്‍ ഞാന്‍ മറന്നു നമ്മുടെ പേസ്മേക്കര്‍. പിന്നെ   കുറച്ചു ദിവസം  ആശുപത്രിയുടെ ബെഡ്ഡില്‍ ഒന്ന് കിടക്കുകയും വേണോട്ടോ .തിരിച്ചു വീട്ടിലെത്തിയാലും കുറച്ചു വിശ്രമം വേണം നമ്മുടെ ഹൃദയത്തിനു .എങ്ങനെയാണന്നു ഞാന്‍ പറയണ്ടല്ലോ .കുറച്ചു സന്തോഷം കൊടുത്താമതി കൂടുതലൊന്നുംവേണ്ടന്നേ .എന്താ വേണ്ടത് നീതന്നെ തീരുമാനിക്ക് .
            നെഞ്ചില്‍ എടുത്തുവച്ച ആ മഞ്ഞുമല ഉരുക്കിക്കളയുന്നതല്ലേ നല്ലത് ..ആ താളവട്ടം അങ്ങ് കുറയാന്‍ തുടങ്ങുമ്പോള്‍ നീ ആകെ ആടിയുലയും .നിന്നെ താങ്ങാന്‍ ആരാ ഉള്ളത് .ചെയ്തു തീര്‍ക്കാന്‍ കുറച്ചു കാര്യങ്ങള്‍ക്കൂടെ  ബാക്കിയില്ലേ .നീ ഇപ്പോഴേ അമ്മയുടെ മടിത്തട്ടിലേക്ക് മടങ്ങിയാല്‍ ബാക്കിവച്ച് പോകുന്നത് ആര് പൂര്‍ത്തിയാക്കും .നീ ചെയ്യേണ്ട കാര്യം മറ്റാരെങ്കിലും ചെയ്താല്‍ ശരിയാകുമോ .പ്രതിസന്ധികള്‍ നിറഞ്ഞതാ ജീവിതം അതു നീ ആദ്യം മനസ്സിലാക്കുക .തളരുമ്പോള്‍ താങ്ങണേയെന്നു നിന്‍റെ സ്രഷ്ടാവിനോട് എന്നും പറയണേ .സഹിക്കാന്‍ ഉള്ള ശക്തി നിന്നിലേക്ക്‌ ഒഴുകിയെത്തും . ഏറുന്ന സങ്കടത്തില്‍ നിന്നെക്കാള്‍ വേദനിക്കുന്നവരുണ്ടെന്നു
നീ തിരിച്ചറിയുക ..അവര്‍ക്കായ് നീ നിന്‍റെ പ്രാര്‍ത്ഥനാമലരുകള്‍ ചേര്‍ത്തുവയ്ക്കുക .ഇത്രയും നിന്നോട്  സംസാരിച്ചപ്പോള്‍ എന്‍റെ താളവട്ടം പഴയപോലെ  മുഴങ്ങാന്‍ തുടങ്ങി .ഇനി നീ കൂടുതല്‍ ഒന്നും ചിന്തിക്കണ്ടാ .ഇപ്പോള്‍ നിന്നിലെ എന്‍റെ തുടിപ്പുകള്‍ നിലയ്ക്കാന്‍ സമയമായില്ല . ഞാന്‍ എന്‍റെ ജോലി തുടരട്ടെ .ഇടയ്ക്കു നമുക്ക് സംസാരിക്കാം ഹൃദയഭാഷയില്‍ ............!!!!!!!!!!!!!!!
           പ്രിയ കൂട്ടുകാരേ  ഹൃദയം ഹര്‍ത്താല് പ്രഖ്യാപിക്കാതെ നമുക്ക് പരിപാലിക്കാം ദു:ഖങ്ങളില്‍ അമിതമായി ഭാരപ്പെടാതെ  അല്പം വിശ്രമം കൊടുക്കാം  എഴുതിയും വായിച്ചും വരച്ചും പാടിയും പാട്ടുകേട്ടും പ്രകൃതിയുടെ മടിത്തട്ടില്‍ ഇരിക്കാം .ഇഷ്ടമുള്ള കാര്യങ്ങളില്‍ സമയം ചെലവഴിക്കാം .അലസമാനസം  സാത്താന്‍റെ പണിപ്പുരയാണ് .മറക്കാതിരിക്കുക