Tuesday, July 22, 2014

ഇങ്ങനെയും ചിലത്

                   
   
 
                      കുറെ അംഗങ്ങള്‍ ഉള്ള ആ കൂട്ടുകുടുംബത്തിലേക്ക്  അയാളുടെ കൈ പിടിച്ചു അവള്‍ കയറിച്ചെന്നത്‌ വളരെ പ്രതീക്ഷകളോടെ ആയിരുന്നു . തറവാട്ടമ്മ അവളെ നിലവിളക്ക് കൊടുത്തു സ്വീകരിച്ചെങ്കിലും ഉള്ളിലെ പുച്ഛവും പുറമേ ഉള്ള പുഞ്ചിരിയും അവള്‍ പെട്ടന്ന് മനസ്സിലാക്കിയില്ല .പ്രധാനപ്പെട്ട പല അംഗങ്ങള്‍ക്കും അവള്‍ കണ്ണിലെ കരടായിരുന്നു .അതില്‍ ചുരുക്കം ചിലരുടെ ഹൃദയങ്ങളില്‍ അവള്‍ക്കു അര്‍ഹിക്കുന്ന സ്ഥാനവുമുണ്ടായിരുന്നു .
                                         സ്നേഹമല്ല പണമാണ് വലുതെന്നു ചിന്തിക്കുന്ന ഒരു കുടുംബം പാവപ്പട്ട അവള്‍ക്കു ജീവിതം നരകമാക്കി .അയാളുടെ ഇഷ്ടങ്ങളെ ആര്‍ക്കും എതിര്‍ക്കാന്‍ കഴിയുമായിരുന്നില്ല എന്ന ഒറ്റ കാരണമാണ് ആ കൈക്കുള്ളില്‍ അവളെ ചേര്‍ത്തത് .പല അംഗങ്ങളും അവരുടെ ബന്ധത്തില്‍പ്പെട്ട പെണ്‍കുട്ടികളെ ആലോചിച്ചെങ്കിലും അതെല്ലാം അയാള്‍ വേണ്ടാന്ന് വച്ചത് അവളിലെ സ്നേഹവും നന്മയും കണ്ടാണ്‌. അയാള്‍ എല്ലാവരുടെയും ഇഷ്ടകഥാപാത്രമാണ് .കാരണം ആ സമ്പത്തിന്റെ സ്രോതസായിരുന്നു ആ മനുഷ്യന്‍,  അവളുടെ കണ്ണുകളിലെ സങ്കടം അത് തിരിച്ചറിയാന്‍ അയാള്‍ക്ക് സമയം കിട്ടാതായതോടെ അവള്‍ തീര്‍ത്തും ഒറ്റപ്പെട്ടു . സ്വയം ഉള്‍വലിഞ്ഞ അവള്‍ അധികം മിണ്ടാതായി . അധികം കഴിയും മുന്‍പേ തന്നെ ചേര്‍ത്ത് പിടിച്ച  ആ കൈകളില്‍ നിന്നും നന്മയുടെ സൗരഭ്യം എന്നന്നേക്കുമായി  നഷ്ടമായി .ആ നഷ്ടം നികത്താന്‍  പിന്നീടൊരിക്കലും അയാള്‍ക്ക് കഴിഞ്ഞതുമില്ല .
                         "സ്വാര്‍ത്ഥത പലപ്പോളും മനുഷ്യരെ അന്ധരാക്കുന്നു .ജീവിതത്തില്‍ വിലപ്പെട്ട പലതും നഷ്ടമാകുന്നു ഒരിക്കലും നികത്താനാവാത്ത മുറിവുകള്‍ അവശേഷിപ്പിച്ചുകൊണ്ട് "

Friday, July 18, 2014

പടവാള്‍


വേദനയുടെ നീര്‍ച്ചുഴിയില്‍ ഉഴലുമ്പോഴും
ഹൃത്തടം വിങ്ങി പുളയുമ്പോഴും
സഹനത്തിന്‍ മൂര്‍ത്തിയെ ആവഹിച്ചീടും നീ
മനുഷ്യ സ്ത്രീയോ  അതോ ദേവതയോ ?

കൊച്ചു തുരുത്തിലെ ഏകാന്തജീവിയായ്
മാറുവാന്‍ കാരണം ഒന്നിത് മാത്രമോ
നൊമ്പരം താങ്ങാന്‍ കഴിയാതെ വന്നാലോ
നെഞ്ചകംപൊട്ടി നീ പിടഞ്ഞു തീരില്ലയോ

ഇനിയൊരു ജന്മമീ ഭൂവിലേക്കില്ലെന്നു
പ്രതിജ്ഞയെടുത്തതും എന്തിനു വേണ്ടി നീ
അരുതേ മകളെ നീ ഒന്നുമോര്‍ക്കേണ്ടിനി
നന്മകള്‍ളൊരുപാട് ചെയ്യേണ്ടതാണ്  നീ

വിദ്യയില്ലാത്തവര്‍ ഒരു കൂട്ടമുണ്ടിന്നു
അവര്‍ക്കായ് നീയിന്നു വിദ്യയേകീടുക
വീര്‍പ്പൊഴുക്കീടുന്ന  പാവമാം മര്‍ത്യന്
ന്യായമാം വേതനം വാങ്ങിനല്‍കീടുക

ചൂഷിതരാകുന്ന പെണ്‍കൊടിമാരെ നീ
കാത്തു പാലിക്കുക കഴുകന്റെ കണ്ണാലെ
ആട്ടിയകറ്റുവിന്‍ മേലാളവര്‍ഗ്ഗത്തെ
അടിമത്വചങ്ങല പൊട്ടിച്ചെറിയുവിന്‍

എല്ലാമറിഞ്ഞു നീ മൌനമായ് മാറാതെ
പുതിയൊരു വിപ്ലവ വീര്യമായ് മാറുവിന്‍
സത്യം ജയിക്കുവാന്‍  അങ്കം കുറിക്കുവിന്‍
ഇരുതല മൂര്‍ച്ചയാം പടവാള് പോലെ നീ



Monday, July 14, 2014

തിരിച്ചറിവ്

           
     

            കുറച്ചുനാളത്തെ കാത്തിരിപ്പിനു ശേഷമായിരുന്നു അവളുടെ ജീവിതത്തില്‍ ശാന്തത അനുഭവപ്പെട്ടത്.മനസ്സ് ശാന്തമായപ്പോള്‍ ആണ് ഒരിക്കല്‍ തന്റെ കയ്യില്‍ കിട്ടിയ ആ ഡയറിയെ കുറിച്ച് അവള്‍ ഓര്‍മിച്ചത്‌. ഡയറി വായിച്ച അവളുടെ കണ്ണുകള്‍ അറിയാതെ നിറഞ്ഞൊഴുകി.
             എപ്പോഴും ശബ്ദകോലാഹലങ്ങള്‍ നിറഞ്ഞ ആ ജീവിതം അവള്‍ക്കു മടുത്തു തുടങ്ങിയിരുന്നു.ഒഴിവു ദിനങ്ങളിലായാലും വിരസത ,ഇതില്‍ നിന്നെല്ലാം ഒരു മോചനം എന്നാണ് ഉണ്ടാവുക ? ആലോചന പോലെ അത്ര എളുപ്പമായിരുന്നില്ല നേടിയെടുക്കല്‍. തുറന്നു പറയാന്‍ ആരുമില്ലാത്ത അവസ്ഥ കൂടി ആയപ്പോള്‍ ആകെ വട്ടുപിടിക്കുന്നപോലെ,
              ഒഴിവു സമയങ്ങളില്‍ പട്ടു കേള്‍ക്കുകയും അല്പം വായിക്കുകയും ചെയ്യുന്നതാണ്‌ ഏക ആശ്വാസം .അതുകൊണ്ട് എല്ലായിടത്തുനിന്നും ഒരു ഉള്‍വലിയല്‍ ആയിരുന്നു .
അവളിലെ ചെറിയ  മാറ്റങ്ങള്‍പോലും അവള്‍ അറിയാതെ ശ്രദ്ധിച്ചിരുന്ന അവള്‍ പോലുമറിയാത്ത ഒരു സുഹൃത്ത്‌  . അതായിരുന്നു അയാള്‍ അവള്‍ക്കു നല്‍കിയ സ്ഥാനം .
തന്റെ സങ്കടങ്ങള്‍ക്ക് നടുവില്‍ നിന്നപ്പോഴും താന്‍ കാണാതെ പോയ ആത്മാര്‍ത്ഥത നിറഞ്ഞ സുഹൃത്ത്‌ ......
              ഒരിക്കലും സൗഹൃദത്തിന്റെ സ്നേഹം പ്രണയമാകാതെ കാത്തുസൂക്ഷിച്ചവന്‍,അവളിലെ കഴിവുകളെ ആരാധനയോടെ നോക്കി നിന്നവന്‍, അവന്റെ ഡയറി ആയിരുന്നു അവള്‍ വായിച്ചതു .എല്ലാം അവളിലെ മാറ്റങ്ങള്‍ മാത്രം ...ഒരിക്കല്‍ അവന്‍ സംസാരിക്കാന്‍ വന്നപ്പോള്‍ കേട്ട ഭാവം കാണിക്കാതെ നടന്നകന്നതാണ് എന്ന ഓര്‍മ്മ വല്ലാതെ സങ്കടപ്പെടുത്തി. തിരിച്ചൊരു ക്ഷമ ചോദിക്കാന്‍ ഇന്നു  പറ്റില്ല അവന്‍ ഓര്‍മ്മയായിട്ട്  രണ്ടു വര്‍ഷം കഴിഞ്ഞു. ഒരു അപകടം ആ  ജീവന്‍ നീര്‍കുമിള പോലെ പൊട്ടിപോയി.
                സങ്കടങ്ങള്‍ക്ക് നടുവില്‍ തനിക്കു ആശ്വാസമായി കടന്നുവന്ന ദൈവദൂതനെപോലൊരാള്‍,എന്നിട്ടും ഒരിക്കല്‍പോലും തനിക്കു തിരിച്ചറിയാന്‍ കഴിഞ്ഞില്ല .മുഖം മൂടി അണിഞ്ഞ മനോഹരിതകള്‍ മനസ്സിലാക്കാനും കഴിഞ്ഞില്ല.
                 നമ്മുക്കരികില്‍ വരുന്ന സത്യത്തിന്റെ പല മുഖങ്ങളും നമ്മള്‍ തിരിച്ചറിയാതെ പോകുന്നതാണ് ഏറ്റവും വലിയ കുഴപ്പം .നമ്മള്‍ ആത്മാര്‍ത്ഥമെന്നു കരുതുന്ന പലരും  ഏറ്റവും വലിയ മുഖമൂടികളാകണ് അണിഞ്ഞിരിക്കുന്നത്‌ എന്നറിയുമ്പോള്‍ തോന്നുന്നത് ....വെറുപ്പോ സങ്കടമോ മരവിച്ച അവസ്ഥയോ .......!!!!!!

സൗഹൃദതോണി



സൗഹൃദതോണിയില്‍ യാത്രക്കിറങ്ങി നാം 
നടുകടലില്‍ എത്തിയ നേരം 
വിപരീത ധ്രൂവങ്ങളിലേക്ക് പോകുവാന്‍ 
പരസ്പരം  മത്സരിച്ചില്ലയോ ....?
അറിവിന്റെ ആഴങ്ങളിലേക്ക് കണ്ണ് തുറന്ന ഞാന്‍ 
തോണി നിനക്കായ്‌ വിട്ടുനല്‍കി ...
സ്വയം യാത്രയായ് ഞാനെങ്കിലും -
നിന്നോട് ചൊല്ലുവാന്‍ ഒന്നുമാത്രം
തോണി ശരിയായ ദിശയില്‍ തുഴയുവിന്‍
നന്മയുടെ തീരത്തടുക്കുവിന്‍
ഭാവുകം നേരുന്നു ഞാന്‍ ..........!!!!!!