Wednesday, November 12, 2014

അക്ഷരതോണി


ദൂരങ്ങള്‍ താണ്ടി  അരികിലെത്തിയപ്പോള്‍
കൈയെത്തും ദൂരത്തു നിന്നും അകന്നുപോയ തോണി
ഏതു കരയിലാണ് അടുത്തതെന്നിപ്പോഴും അജ്ഞാതം

അനര്‍ഗളം ഒഴുകിയെത്തിയയെന്നക്ഷരങ്ങള്‍
നിത്യമാ  തോണിതന്‍ യാത്രികരായിരുന്നു
വെളുത്തതാളിലെ കറുത്തക്ഷരങ്ങള്‍ കുറിക്കുമെന്‍
തൂലിക തോണിതന്‍ പങ്കയമായിരുന്നു

ഇടമുറിയാതെ യാത്രചെയ്യുമാ തോണി
ഇരുള്‍പ്പരപ്പിലെവിടെ ഞാന്‍ തേടെണ്ടു.......!!!!

Saturday, November 8, 2014

തിരികെനടന്നവള്‍


സ്നേഹംകൊണ്ടൊരു   മുള്‍കിരീടം മെനഞ്ഞു
ചൂടിച്ചു തന്നിട്ട് വേദനിക്കുന്നുവോയെന്നുചോദിച്ചാല്‍ ...
ഉണ്ടെന്നു പറയാനും ഇല്ലന്നുപറയാനും
കഴിയാതുഴറും മൗനമാം മാനസമോ നീ ....

നിണം പൊട്ടിയൊഴുകിനിന്‍
കവിള്‍ത്തടം ചുവക്കുമ്പോള്‍
മുറിപ്പെട്ട നൊമ്പരം മറച്ചുനിന്‍ ചുണ്ടില്‍
വിരിയുന്നുശോകത്തില്‍ പൊതിഞ്ഞൊരുപുഞ്ചിരി ....

തനിയെ താങ്ങുന്ന ഭാരമെത്രനാള്‍
ഉത്തരമില്ലാത്ത ചോദ്യമായെത്തുമ്പോള്‍
എന്തുപറഞ്ഞു ഞാന്‍ ആശ്വസിപ്പിക്കും
എരിഞ്ഞുതീരും നിന്‍ ഉള്‍ത്തടത്തെ ....!!!

കാലചക്രം കഥപറഞ്ഞകലുമ്പോള്‍
ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ ഒരായിരം കദനങ്ങളും
മനുജന്റെ മനസ്സില്‍ മങ്ങാത്ത ചിത്രമായ്‌
മണ്‍മറഞ്ഞിടുവാന്‍ മരണമെത്തുംവരെ......!!!