Monday, July 29, 2013

പൊന്‍താരകം
   ഒരു സായംസന്ധ്യയില്‍ പുറംകാഴ്ചകള്‍ കണ്ടുകൊണ്ടു  ആകാശത്തേക്ക് നോക്കിയപ്പോള്‍ ഒരു പൊന്‍താരകം കണ്‍ചിമ്മി നില്‍ക്കുന്നതായി ആര്യന് തോന്നി . ആ താരകം തന്നെ നോക്കിയാണോ പുഞ്ചിരിക്കുന്നത് .ഓര്‍മ്മയുടെ പിന്നാമ്പുറങ്ങളിലേക്ക് ഊളിയിട്ടു പറക്കാന്‍ അവനു അധിക സമയം വേണ്ടി വന്നില്ല .
     തന്റെ മാത്രം ജീവനായി ഓരോ അണുവിലും ത്രസിച്ചു നിന്നിരുന്ന പൂച്ച കണ്ണുകളും ചെമ്പന്‍ തലമുടിയും റോസാപൂവിന്റെ നിറവുമുള്ള ഒരു സുന്ദരികുട്ടി.തന്‍റെ വിദേശ ജീവിതത്തില്‍ തനിക്കായി മാത്രം സൃഷ്‌ടിച്ച ഒരു പനിനീര്‍ പുഷ്പം. ഡോറ അതായിരുന്നു അവളുടെ പേര് എങ്കിലും ആര്യന്‍ അവളെ വിളിച്ചിരുന്നത്‌ പാറു എന്നായിരുന്നു.
    ലണ്ടനിലെ പഠനത്തിനിടയില്‍ ഒരേ കലാലയത്തില്‍ ഒരുമിച്ചു പഠിച്ചവര്‍ .നല്ല കൂട്ടുകാരായിരുന്നു അവര്‍ .ഓരോ വൈകുന്നേരങ്ങളും അവര്‍ക്കുവേണ്ടി ഉള്ളതുപോലെ തോന്നും.  ഒരുപാട് സമയം അവര്‍ ഒരുമിച്ചു ചിലവഴിച്ചു. പഠനത്തെ കുറിച്ചും ആര്യന്റെ നാടിനെക്കുറിച്ചും എല്ലാം അവര്‍ സംസാരിച്ചു. ഇടക്ക് അവധിക്കു നാട്ടിലേക്ക് പോയപ്പോള്‍ ഡോറയും കൂടെപോയി അവന്റെ നാട് കാണാന്‍ . അത് അവളുടെ ജീവിതത്തില്‍ ഒത്തിരി നിറം മങ്ങാത്ത കാഴ്ചകള്‍ സമ്മാനിച്ചു.അവധി കഴിഞ്ഞു തിരിച്ചു മടങ്ങിയ അവര്‍ക്ക് പറയാന്‍ ഒരുപിടി വിശേഷങ്ങള്‍ എന്നും ഉണ്ടാവും അധികവും കൊച്ചുകേരളത്തിന്റെ മനോഹാരിതയും പാരമ്പര്യങ്ങളും ആചാരങ്ങളും .............ഡോറയുടെ സംശയങ്ങള്‍ക്ക് ആര്യന്റെ സരസമായ ഉത്തരവും.
        പഠനം പൂര്‍ത്തിയാകാറായപ്പോഴേക്കും അവരുടെ വൈകുന്നേരങ്ങള്‍ സങ്കടങ്ങള്‍ക്ക് കൂടി ഇടനല്കാന്‍ കാരണമായി. അവര്‍ പരസ്പരം അത്രക്കും ഇഷ്ടപ്പെട്ടിരുന്നു. പിരിയുന്നത് ചിന്തിക്കാന്‍ പറ്റാതായപ്പോള്‍ അവര്‍ ഒരു തീരുമാനം എടുത്തു ഡോറയെ തന്‍റെ സ്വന്തമാക്കി കൊണ്ടുപോകാന്‍ ആര്യനും ആര്യന്റെ പാറുവായി കേരളത്തിന്‍റെ മരുമകളായി മാറുന്ന ദിവസവും സ്വപ്നം കണ്ടു ഡോറയും . ആര്യന്‍ പഠനം കഴിഞ്ഞു നാട്ടിലേക്ക് മടങ്ങി . വിവാഹത്തിന്‍റെ ഒരുക്കങ്ങള്‍ നടത്തി തിയതിയും കുറിച്ചു. എല്ലാവരെയും ക്ഷണിച്ചു മെയിലില്‍ വിദേശ സുഹൃത്തുക്കള്‍ക്ക് ക്ഷണകത്ത്‌ അയച്ചു . വിവാഹത്തിന്‍റെ ഒരു ആഴ്ച മുന്‍പ് ഓണ്‍ലൈനില്‍ ഒരു മെയില്‍ കിട്ടി അവനു .അത് പ്രിയ സുഹൃത്ത്‌ ബെര്‍ക്കിന്റെ ആയിരുന്നു .അത് വായിച്ച ആര്യന് എല്ലാ സ്പന്ദനങ്ങളും നിലക്കുംപോലെ, കാഴ്ചമങ്ങുന്നപോലെ തോന്നി കുറച്ചു സമയത്തേക്ക് എന്ത് സംഭവിച്ചുവെന്നു അവനു മനസിലായില്ല .കണ്ണ് തുറക്കുമ്പോള്‍ അമ്മയുടെ മടിയില്‍ തലവെച്ച് കിടക്കുന്നു.ആ വരികള്‍ അവന്റെ മനസിലേക്ക് വീണ്ടും ഓടിവന്നു .തന്‍റെ പാറുവിനെ നഷ്ടമായിരിക്കുന്നു അതും ഒരു അപകടത്തില്‍ .അവനെ എന്ത് പറഞ്ഞു സമാധാനിപ്പിക്കണമെന്നു ആര്‍ക്കും അറിയില്ലായിരുന്നു.

       കാലചക്രം എത്ര കടന്നുപോയി എന്നു അറിയില്ല .ആരൊക്കയോ കടന്നുവന്നു പടിയിറങ്ങിപോയി.തന്‍റെ പാറുവിനു പകരം വെക്കാന്‍ ഈശ്വരന്‍ ആരെയും സൃഷ്ടിച്ചില്ല . ഇപ്പോളും അവന്‍ കാത്തിരിക്കുന്ന പാറു എന്ന ആ “പൊന്‍താരകത്തിന്‍റെ” അരുകില്‍ ഒരു കുഞ്ഞു താരകമായി അണയുന്ന നിമിഷം..........അപ്പോളും അവന്‍ കണ്ടു ദൂരെ വാനില്‍ തന്നെ നോക്കി കണ്‍ചിമ്മി പുഞ്ചിരി പൊഴിച്ചുകൊണ്ട്‌ തന്നെ മാടി വിളിക്കുന്ന ആ “പൊന്‍താരകത്തെ”

Friday, July 26, 2013

യാത്രാന്ത്യം

   

      
ജന്മത്തിന്‍ പുഞ്ചിരി മായുന്ന നിമിഷം
യാത്രാ തുടങ്ങുന്നു ജീവിത നൌകയില്‍
നമ്മള്‍ തന്‍ യാത്രയെത്തുന്നു ഒടുവില്‍......
മരണമാം അവസാന ബിന്ദുവിലും

പിച്ചനടക്കുന്നു വീഴ്ചയും എഴുന്നേല്‍പ്പുമായ്
പല്ലില്ലമോണയാല്‍ ചിരിയും വിതുമ്പലും
ബാല്യ കൌമാരങ്ങള്‍ പിന്നിട്ട നാള്‍ വഴികള്‍
കുറുമ്പുകള്‍ ഒത്തിരി കാണിച്ചില്ലേ ?

യൌവനമെത്തുമ്പോള്‍ ചോരതിളപ്പിനാല്‍
ഒരുമ്പിട്ടിറങ്ങുന്നു തെറ്റുകള്‍ ചെയ്യുവാന്‍
പിന്‍ തിരിപ്പിക്കാനെത്തുന്നവരോടെല്ലാം
പുച്ഛമോടെ മാറി നില്‍ക്കുവാന്‍ ചൊല്ലുന്നു

വെട്ടിപിടിക്കുവാന്‍ വെമ്പല്‍ പൂണ്ടോടുന്നു
സാമ്രാജ്യമൊക്കെയും സ്വന്തമാക്കീടുവാന്‍
ചോരപുഴകളും രോദനവും.............
ഇടവഴിയിലോക്കെയും മുഴങ്ങീടുന്നു

ചില ജന്മങ്ങളോ ഹുങ്കോടെ പായുന്നു
ചില ജന്മങ്ങളോ പശ്ചാതപിക്കുന്നു
മറ്റുചില ജീവിത യാത്രകളോക്കെയും
കരുണയും സ്നേഹവും പകര്‍ന്നു നല്‍കീടുന്നു

നന്മതന്‍ കൈത്തിരി തെളിച്ചുവെച്ചീടുന്നു
അപരനുവേണ്ടിയഴുകുന്നുജീവിതം
എണ്ണവറ്റാത്ത വിളക്കുപോലെ
നിറ ദീപമായി പ്രകാശം പരത്തുന്നു

വന്നതോ ശൂന്യമാം കൈകളാലേ
പോകുമ്പോളൊന്നുമേ കൊണ്ടുപോകില്ല നാം
അല്പകാലത്തെയീ ജീവിതയാത്രയില്‍
നന്മവഴിയുടെ കൂടാരമാകുവിന്‍

എല്ലാ യാത്രയും എത്തിനില്‍ക്കുന്നതോ
സ്പന്ദനം നിലക്കുന്ന മൂന്നക്ഷരത്തിലും.....”മരണം"
അവസാനയാമത്തിന്‍ അവകാശി നാം
ആറടി മണ്ണെ നമുക്കു സ്വന്തം

Wednesday, July 24, 2013

സമര്‍പ്പണംനോവുന്നെന്‍  മനസ്സിന്റെ നൊമ്പരപ്പൂക്കളെ
സമര്‍പ്പിക്കുന്നു തവ സന്നിധിയില്‍
മിഴികള്‍ നിറഞ്ഞു തുളുമ്പുന്നു നാഥാ
കണ്ണുനീരൊപ്പാന്‍  നിന്‍കരം നീട്ടണേ

സഹനത്തിന്‍ പാതയില്‍ ഞാന്‍  നടന്നീടുമ്പോള്‍
അടിപതറാതെന്നെ നീ നയിക്കൂ
അകതാരിൽ ഇളകിമറിയും കദനക്കടൽ
തൃക്കരം നീട്ടി നീ ശാന്തമാക്കു

ഉത്തരം കിട്ടാതെ ഞാനുഴറും നേരം
ഉത്തരമേകാന്‍  നീ വന്നിടണേ
വഴിയറിയാതെ ഞാൻ പതറിനിൽക്കും നേരം
വഴികാട്ടിയായ് മുന്നിന്‍  നടന്നീടണേ

സന്ധ്യ മയങ്ങുമ്പോള്‍ ദീപം തെളിച്ചെന്നും
മുട്ടുകുത്തും ഞാന്‍  നിന്‍സവിധേ
സങ്കടമോരോന്നും ഏറ്റുചൊല്ലുംന്നേരം
ആശ്വാസനാളമായ് നീ വരണേ

Sunday, July 21, 2013

മഴത്തുള്ളികള്‍മഴയുടെ സാന്ദ്രമാം സംഗീതമേ
നീ എന്നരുകില്‍ വന്നു മുത്തമിട്ടോ

പൂവിതള്‍ തുമ്പിലായ് വന്നുനിന്നു
അടരാന്‍ മടിച്ചപോല്‍ ഒരു നിമിഷം

എന്നിതളില്‍ തീര്‍ത്ത മായാജാലം
നയനങ്ങള്‍ക്കിമ്പമേ ഏവരിലും

പൂവിതള്‍ചൊല്ലിയ സ്നേഹഗീതം
കേട്ടു ശ്രുതിമീട്ടി നിന്നു മഴത്തുള്ളിയും

ഒരു മുത്തുപോലെ ഞാന്‍ ചേര്‍ന്നിരിക്കും
പിന്നെ ചുംബനം കൊണ്ടു പൊതിഞ്ഞുനില്‍ക്കും

സൂര്യ കിരണങ്ങളെറ്റനേരം ഞാന്‍
മഴവില്ലുപോലെ ചമഞ്ഞുനില്‍ക്കും

നിന്നില്‍ നിന്നടരാന്‍ കഴിയില്ലയെന്നുഞാന്‍
പലവട്ടമോതിയായിതള്‍ തുമ്പിലും

എന്‍മനമപ്പോള്‍ നുറുങ്ങുന്ന വേദന
നിന്‍മുഖമപ്പോള്‍ സന്തോഷപൂരിതം

എന്തു പറഞ്ഞാലും എത്രപറഞ്ഞാലും
മണ്ണില്‍ വീണു ലയിക്കണം ഞാന്‍

വീണ്ടുമൊരു ജന്മമായെത്തിടും ഞാന്‍
നിന്നിതള്‍തുമ്പിലെ മഴത്തുള്ളിയായ്

പിരിയട്ടെയിപ്പോള്‍ ഞാന്‍ പൂവിതളെ
നൊമ്പരമൂറുന്ന മൊഴികളോടെ


Thursday, July 18, 2013

വെളിച്ചത്തിന്‍റെ പൊന്‍കതിര്‍

  


       

         ദില്ലിയിലേക്കുള്ള യാത്രയിലായിരുന്നു അവര്‍ മൂവരും .അവരുടെ കംമ്പാര്‍ട്ടുമെന്റില്‍ ഒരു അച്ഛനും അമ്മയും അവരുടെ  മകളും സഹയാത്രികരായി. അവരുടെ മകള്‍ക്ക് ഏകദേശം പതിനഞ്ചു വയസ്സ് പ്രായം കാണും. അവളുടെ പെരുമാറ്റത്തില്‍ എന്തോ ഒരു പന്തികേട്‌ പോലെ തോന്നുന്നു.കൂട്ടുകാരികള്‍ പരസ്പരം അടക്കം പറഞ്ഞു പൊട്ടിച്ചിരിക്കുന്നു. പെണ്‍കുട്ടി ഇതൊന്നും ശ്രദ്ധിക്കുന്നുപോലുമില്ല. അവള്‍ പുറത്തെ കാഴ്ചകളില്‍ നിന്നു കണ്ണു എടുക്കാതെ നോക്കിയിരിക്കുന്നു ചില കാഴ്ചകള്‍ കാണുമ്പോള്‍ അവള്‍ സന്തോഷം കൊണ്ടു മതി മറക്കുന്നത് കാണാം .അച്ഛനേയും അമ്മയേയും തോണ്ടി ഹായ്! കണ്ടോ അത് എന്നു ചോദിക്കുന്നു. അവരും അവളുടെ സന്തോഷത്തില്‍ പങ്കുചേരുന്നു. അവരുടെ മുഖത്ത് സന്തോഷമുണ്ടെങ്കിലും ചിലസമയങ്ങളില്‍ നൊമ്പരത്തിന്റെ മിന്നലാട്ടങ്ങളുംമാറി മറയുന്നതു  കാണാമായിരുന്നു .
    
      നമ്മുടെ കൂട്ടുകാരികളായ റോസും,ജീനയും,നേഹയും പെണ്‍കുട്ടിയുടെ കലാപരിപാടികള്‍ കണ്ടു  രസിച്ചു ഇരിക്കുന്നു.ഇവളെ ഏതെങ്കിലും ഭ്രാന്താശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ആയി കൊണ്ടു വരുന്നതാവും എന്തായാലുംസമയം പോകുന്നത് അറിയില്ലയെന്നു പറഞ്ഞു അവര്‍ ചിരിച്ചു.ഈ അടക്കംപറച്ചില്‍ സവിതകേട്ടു അത് അവളെ വല്ലാതെ നോവിച്ചു.സവിതയുടെയും വേണുവിന്റെയും ഏകമകളാണ് മൈഥിലി. അതാണ് നമ്മള്‍ കണ്ട പെണ്‍കുട്ടി.

          വേണുവും കുടുംബവും അവരുമായി രണ്ടു മണിക്കൂര്‍ യാത്ര കഴിഞ്ഞപ്പോള്‍ വളരെ അടുത്തു.സവിത അവരുടെ ജീവിതകഥകള്‍  മൂവരുമായി പങ്കുവെച്ചു.

    ദില്ലിയില്‍ എഞ്ചിനിയറായ വേണുവും ബാങ്കില്‍ മാനേജരായ സവിതയും. വിവാഹം കഴിഞ്ഞു എട്ടുവര്‍ഷത്തെ  കാത്തിരിപ്പിന് ശേഷമാണു അവര്‍ക്ക് മൈഥിലി ജനിച്ചത്.അവരുടെ സന്തോഷം നമുക്ക് ഊഹിക്കാവുന്നതല്ലേയുള്ളു. കുറച്ചു ദിവസങ്ങള്‍ക്കു ശേഷം മൈഥിലിയുടെ കൃഷ്ണമണിയുടെ നിറംമാറ്റം അവര്‍ ശ്രദ്ധിച്ചത് .ഉടനെ ഹോസ്പിറ്റലില്‍ പോയി ഡോക്ടര്‍ പറഞ്ഞ വാക്കുകള്‍ അവരുടെ ഹ്രദയത്തില്‍ ഇടിമിന്നല്‍ പോലെ പാഞ്ഞു. തങ്ങളുടെ പൊന്നോമനക്ക് കാഴ്ചശക്തിയില്ല .

     അന്നുമുതലുള്ള നീണ്ടകാത്തിരിപ്പാണ് അവര്‍ക്ക് ഇന്ന് സഫലമായത്. മൈഥിലി ആദ്യമായി പുറം ലോകത്തിന്റെ കാഴ്ചകള്‍ കണ്ടുകൊണ്ടുള്ളആദ്യ യാത്ര അതിരില്ലാത്ത അവളുടെ സന്തോഷത്തിന്‍റെ കാരണം. മൈഥിലിക്കു പ്രകാശത്തിന്റെ പുതിയ ലോകം തുറന്നു കൊടുത്ത സഞ്ജു ഒരിക്കലും തീരാത്ത നോവിന്‍റെ സ്മരണയാണ്.

               അദ്ധ്യാപകരായ സിബിയുടെയും റീബയുടെയും ഏകമകനാണ് സഞ്ജു. പഠിക്കാന്‍ മിടുക്കന്‍ മറ്റുള്ള കാര്യങ്ങളിലും സമര്‍ത്ഥന്‍ എല്ലാവരുടെയും കണ്ണിലുണ്ണി . സഞ്ജു നാലാം വര്‍ഷ മെഡിസിന്‍ വിദ്യാര്‍ഥി ആയിരുന്നു. അവന്‍റെ ഇരുപതാം പിറന്നാളിനു അച്ഛന്‍ വാങ്ങികൊടുത്ത സമ്മാനമായിരുന്നു ഒരു ബൈക്ക് . ഒരു അവധി ദിവസം സുഹൃത്തിനൊപ്പം  അവന്‍റെ വീട്ടില്‍ പോയ്‌ മടങ്ങും വഴിയാണ് എതിരെ വന്ന ചരക്കു ലോറി സഞ്ജുവിന്റെ ജീവന്‍ അപഹരിച്ചത് .

        സഞ്ജുവിന്‍റെ അച്ഛനും അമ്മയ്ക്കും താങ്ങാന്‍ പറ്റാത്തതായിരുന്നു മകന്‍റെ വിയോഗമെങ്കിലും മകന്‍റെ അവയവങ്ങള്‍  ദാനംചെയ്യാന്‍ തീരുമാനിച്ചു. അവന്‍റെ ശരീരത്തിലെ കണ്ണുകള്‍ മാത്രമേ ഉപകരിക്കുന്നതായി ഉണ്ടായിരുന്നൊള്ളൂ. ആ കണ്ണുകളിലൂടെയാണ്നമ്മുടെ മൈഥിലി ഇന്നു വെളിച്ചത്തിന്‍റെ പുതിയ ഒരു ലോകം കണ്ടത്.
         
           അന്ന് തന്നെ വേണുവും സവിതയും അവരുടെ കണ്ണുകള്‍ ദാനം ചെയ്യുന്നതിനുള്ള സമ്മത പത്രം ഒപ്പിട്ടു നല്‍കിയാണ്‌ മടങ്ങിയത്. പ്രിയപ്പെട്ട കൂട്ടുകാരെ സമയോജിതമായി നമ്മളും പ്രവര്‍ത്തിച്ചാല്‍ എത്രയോ ജീവിതങ്ങള്‍ ഇരുളിന്‍റെ തീരാകയത്തില്‍ നിന്നും വെളിച്ചത്തിന്‍റെ പുതുലോകത്തിലേക്കു നമുക്കും കൊണ്ടുവരുവാന്‍ സാധിക്കും! .......”കണ്ണുള്ളവന് കണ്ണിന്‍റെ കാഴ്ച അറിയില്ല “ എന്ന പഴമൊഴി എത്ര ചിന്തോദ്ദീപകമാണു !! 

Wednesday, July 17, 2013

തംബുരു

   
             

തംബുരു മീട്ടിയ വിരലുകളെന്തെ
ഇന്നു തന്ത്രികള്‍ മീട്ടാന്‍ ചലിക്കാത്തതു

തംബുരു തന്നിലെ കമ്പികളെല്ലാം
ചിറകറ്റ പക്ഷിപോല്‍ തകര്‍ന്നുപോയോ

മധുര മനോഹര ഗാനത്തിനീരടി
ഉരുവിട്ട ചുണ്ടിപ്പോള്‍ ചലിപ്പതില്ല

നൃത്തമണ്ഡപങ്ങളെ പുളകിതമാക്കിയ
ചിലമ്പൊലി നാദങ്ങളെവിടെ

കുളിര്‍കാറ്റുപോലെ  തഴികി കടന്നുപോം
നിന്‍സാമീപ്യ സുഗന്ധമിന്നെവിടെ

അലയടിക്കുന്നൊരു തിരമാലപോലെ നിന്‍
പൊട്ടിച്ചിരിയുടെ ഒലിയെവിടെ

ഇലചാര്‍ത്തിലൂടെ ഇറ്റിറ്റു വീഴുന്ന
ഹിമബിന്ദുവായ നീയെവിടെ

ശാന്തമായെത്തുന്ന ചാറ്റല്‍മഴപോലെ
നിന്‍ കിളികൊഞ്ചലെങ്ങുമറഞ്ഞു

മഴകാത്തിരുന്നൊരു വേഴാമ്പലാണ് ഞാന്‍
എന്നിട്ടുമേന്തെ നീ അകലെ

സൂര്യനെ പ്രണയിച്ച സൂര്യകാന്തിപൂവേ
എന്നെ നീ എന്തെ അറിഞ്ഞതില്ല

മഴവില്ലിന്‍ ശോഭയാല്‍ നിന്നടുതെത്തുമ്പോള്‍
നയനങ്ങളെന്തിനു മറച്ചുവെച്ചു

എന്‍ ഹൃദയതന്ത്രികള്‍ മീട്ടും ഗാനത്തിനീണം
നിന്‍ കാതുകളെന്തെ ശ്രവിച്ചതില്ല

കാതങ്ങളായിരമകലെയാണെങ്കിലും
എന്‍ കാതില്‍ മുഴങ്ങുംനിന്‍ ഹൃദയതാളം