Friday, August 21, 2015

ഓര്‍മ്മതന്‍ പെരുമഴക്കാലം


അഗ്നിയില്‍ സ്പുടം ചെയ്ത മനസ്സേ
നിന്‍ ചിന്തകള്‍ മേയുന്നതെവിടെ 
ബാല്യകാലത്തിന്റെ സ്മരണയില്‍
ഓടിതിമര്‍ത്തതാം പൂന്തോപ്പുകള്‍
ശലഭസൗന്ദര്യം നുകര്‍ന്നിടുമ്പോള്‍
എന്‍ കണ്ണില്‍ തെളിഞ്ഞതാം കൌതുകമോ

പുസ്തകസഞ്ചിയും ചോറുപൊതിയുമായ്
നടന്നു പോയൊരാ പാതയോരങ്ങളോ
നിരന്നു കിടക്കുന്ന പുഞ്ചപാടങ്ങളില്‍
നെല്‍കതിര്‍ കൊത്തുന്ന വര്‍ണ്ണക്കിളികളോ

കൌമാരനാളില്‍  നമ്മളില്‍ വന്നതാം,
പ്രകൃതി സത്യത്തിന്റെ മാറ്റങ്ങളോ
പെരിയാറിന്‍ തീരത്തിരുന്നു നാമൊന്നായ് 
പ്രണയ പുഷ്പങ്ങള്‍ കൊരുത്ത നിമിഷമോ

മംഗല്യസൂത്രം കൊരുത്ത ചരടിനാല്‍
അന്യോന്യം  സ്വന്തമായ്  മാറിയതൊ
ആദ്യജാതനാം പൈതലിന്‍ നെറ്റിയില്‍
ആദ്യമായ് നല്‍കിയ നറുമുത്തമോ
പല്ലില്ല മോണയാല്‍ പുഞ്ചിരി തൂകിയാ-
പിച്ചനടന്നതാം കുഞ്ഞിന്റെ കൊഞ്ചലൊ

ആദ്യമായ് മുത്തച്ഛനായ ദിനമാണോ
പ്രിയതമ തന്നുടെ വേര്‍പാട് നല്‍കിയ
വേദനയെല്ലാം മുറിയുന്ന ഓര്‍മ്മയോ
ദിനങ്ങള്‍ കൊഴിയവേ ദിനചര്യ മാറവേ
മാറ്റത്തിന്‍ തപ്പുതുടി താളങ്ങളോ
വെള്ളിരോമങ്ങളെ തഴുകിയിരുന്നപ്പോള്‍
മിന്നി മറഞ്ഞതുമെന്തെന്തു ഓര്‍മ്മകള്‍

ഇന്നിതാ പൂമുഖപടിയിലിരുന്നിട്ടു
ഓര്‍മ്മപെയ്ത്തിന്റെ വസന്തകാലം
സ്വര്‍ണ്ണലിപികളാല്‍ചാലിച്ചെഴുതിയ
ഓര്‍മ്മകള്‍ ചെപ്പിലടച്ചു വച്ചു

വീണ്ടുമൊരു ജന്മമുണ്ടാകുമോ ചെപ്പുതുറക്കുവാന്‍
സ്പുടം ചെയ്തടച്ച "ഓര്‍മ്മതന്‍ പെരുമഴക്കാലം"





Monday, August 10, 2015

പ്രണയമീ നിദ്രയോട്


ഉണരാത്ത നിദ്രയായ് നീ  വന്നെന്നരികില്‍
ഒരു പൈതലായ്  നിന്‍ മാറില്‍ ചാഞ്ഞുറങ്ങാന്‍
നെഞ്ചില്‍ നെരിപ്പോട് കത്തിച്ചുവച്ചു
ആ ദീപമെന്‍ കണ്‍കളില്‍ നിറച്ചു വച്ചു

മയങ്ങുവാന്‍ ഞാന്‍ ഭയപ്പെടുന്നു
മിഴികളടച്ചാലാദീപം നീര്‍പളുങ്കായ് ചിതറിയാലോ ?
നിന്‍ വരവ് ഞാന്‍ അറിയാതിരിക്കുമോ
സങ്കടമാകുമെനിക്കുവീണ്ടും കാത്തിരിക്കുവാന്‍

എന്‍മുഖം വാടിയാല്‍  നീ ചൊല്ലിയാലോ
സന്തോഷമില്ലാതെന്‍കൂടെ  വരികവേണ്ടന്ന്‍
വീണ്ടുമെന്‍ കാത്തിരിപ്പിന്‍ ദൈര്‍ഘ്യമേറില്ലേ
അതുവേണ്ടെനിക്കിന്നു നിന്‍ കൂടെ ചേരണം

നിന്‍ കൈകളില്‍ കോര്‍ത്തുനടക്കണം
പണിതീരാത്ത നിരത്തിലൂടെ
വസന്തമില്ലാത്ത തോപ്പിലൂടെ
ആരവങ്ങള്‍ മുഴങ്ങാത്ത കാട്ടിലൂടെ

ഇമകളടക്കാതെ കാത്തിരിപ്പു ഞാന്‍
മരണമേ നിന്‍ തലോടലേറ്റു മയങ്ങുവാന്‍
ഉണരാത്ത നിദ്രയായെന്നെ പുല്‍കീടുമ്പോള്‍
പ്രണയമീ നിദ്രയോടെന്നുഞാന്‍ ചൊല്ലട്ടെ ..!!!