Tuesday, December 31, 2013

Thanks & Wishes


നന്ദിയേകുന്നിതാ സര്‍വ്വേശ്വര ഞാന്‍
വീണ്ടുമൊരു നവവര്‍ഷപുലരിയെനിക്കേകീല്ലേ

ഈ പുലരി കാണാതെ പോയവരനവധി
ഞങ്ങള്‍ തന്‍ പ്രാണന്‍ നിലക്കാതെ കാത്തില്ലേ

നല്‍കിയ ദാനങ്ങള്‍ എല്ലാം സമര്‍പ്പിച്ചു
നന്ദി ഞാന്‍ ചൊല്ലുന്നു അങ്ങേ മുന്‍പില്‍

സ്നേഹ പ്രകാശത്തിന്‍ ദീപമായ് മാറുവാന്‍
നന്മ വിതറും കുളിര്‍മഴയായിടാന്‍

കോട്ടങ്ങളെല്ലാം അതിജീവിച്ചീടുവാന്‍
നേട്ടങ്ങളെല്ലാം ദാനമായ്‌ കരുതുവാന്‍

സഹനത്തിലെല്ലാം തളര്‍ന്നു പോയീടാതെ
അനുഗ്രഹധാരയില്‍ അഹങ്കരിച്ചീടാതെ

കരുതലായ്‌ കരുണയായ് എന്നില്‍ നിറയണേ
എന്നും നീയെന്നെ നയിച്ചീടണേ

സഹചരന്‍ തന്നുടെ നന്മയെ കാണുവാന്‍
ഉള്‍കണ്ണിലെന്നും  പ്രകാശം നിറക്കണേ

സുഗന്ധം പരത്തുന്ന പുഷ്പമായ് മാറുവാന്‍
നാഥാ നിന്‍ വാടിയില്‍ ഇടമേകണേ.......!



Sunday, December 29, 2013

മറവി


മനസ്സിന്റെ അഗാധതയില്‍ അറിവിന്റെ ചിപ്പികള്‍
വാരാനിറങ്ങിയ പെണ്‍കൊടിയാള്‍
കാണാക്കയങ്ങളില്‍  ഊളിയിട്ടണയവേ
മങ്ങിയ കാഴ്ച്ചതന്‍ മായാപ്രപഞ്ചം

എന്തെല്ലാമോ പാകപിഴകള്‍...,
എവിടെ പിഴച്ചുവോ അറിയില്ല?
മറവിയുടെ മറക്കുട ചൂടിയോ..അതോ!
അറിയാതെ ചൂടിച്ചതോ....

ചിപ്പികള്‍ വാരവേ കൈ പുണര്‍ന്നതോ.......
മുത്തും പവിഴവുമായിരുന്നോ...?
തനിയെ വാരാനിറങ്ങിയ കൈകളില്‍
ചങ്ങലയിട്ടു പൂട്ടിയതാണോ ?

ശക്തമാം തിരയാലെ തീരത്തടിഞ്ഞുവോ
കൈകളിലൊരുപിടി മുത്തുമായി.......
മുത്ത്‌ വിതറുവാന്‍ കഴിയാതെവീണ്ടും
ആഴിതന്‍  മാറിനെ വാരിപുണര്‍ന്നുവോ

വീണ്ടുമൊരു യാത്രയാവാം....എന്നു!
ചൊല്ലിയതാര് .....ഞാനോ നീയോ ...?
അഗാധമാംമടിത്തട്ടില്‍ കണ്ടതുമനവധി
രൂപങ്ങളില്ലാത്ത നിഴല്‍ച്ചിത്രം മാത്രം

വാരികൂട്ടിയ അക്ഷര മുത്തുകള്‍
നന്നായടുക്കുവാന്‍  മറന്നു തുടങ്ങിയോ..?
സ്ഥാനം തെറ്റിയ മുത്തുകളെല്ലാം
ശൂന്യതനിറയും ചിപ്പിക്കുതുല്ല്യം

നിമിഷദൈര്‍ഘ്യം യാത്ര പറയവേ
ഒന്നുമറിയാത്ത പിഞ്ചു പൈതലായ് കൂട്ടിനു-
പൂര്‍ണ്ണതയില്ലാത്ത ചോദ്യോത്തരങ്ങളും
വായ്‌ ത്താരിയായ് പ്രവഹിക്കുന്നു .........

ഭാഗ്യവതിയെന്നു വാനോളം പുകഴ്ത്തിയവരും
കൂടെ നടക്കാനിറങ്ങിയവരും  ഇന്നെവിടെ?
മറവിയുടെ അനന്ത നീലിമയില്‍ ലയിച്ചവള്‍ക്കോ
കൂട്ടായ് മരവിപ്പ് മാത്രം ....മരണത്തോളം.......!








Wednesday, December 18, 2013

അറിയാത്ത മാനസം


സഹസ്രനാമങ്ങളുരുവിട്ട ചുണ്ടില്‍ നിന്നുതിരുന്ന-
മന്ത്രങ്ങള്‍ പൊന്‍വീണയായ് എന്നില്‍ നിറയട്ടെ
ഓരോ നിമിഷവും ഞാനറിഞ്ഞീടുന്നു
നിന്നില്‍ നിന്നുതിരുന്ന വാക്കിന്റെ ധാരയെ

ഇടമുറിയാതിന്നു ഒഴുകിവന്നീടുമ്പോള്‍
പിന്നോട്ട് പോകുവാന്‍ ആരോമൊഴിയുന്നു
പണ്ടേ നിന്‍ വഴികള്‍ പാപ പങ്കിലമല്ലെന്ന്
ചൊല്ലുവാന്‍ നിനക്കിന്നാവുമോ

ഓരോ തുണ്ടിലും കോറിയ വരികളോ
തപിച്ചുകൊണ്ടിന്നു നീ ചുണ്ടില്‍ മന്ത്രിക്കുന്നു
അനന്തസായൂജ്യമടയുന്ന നാളുകള്‍ 
വരവിനായ് ഇന്നുനീ നോക്കിയിരുപ്പതോ

നിന്നിലെ വീഴ്ചകള്‍ അറിഞ്ഞിട്ടുമിന്നു ഞാന്‍
അറിയാത്തപോലിന്നു ഭാവിച്ചു നില്‍ക്കുന്നു
തേടിനടന്നു ഞാന്‍ കണ്ടെത്തുമാ സത്യം
അധികം വിദൂരമല്ലാത്ത നാളതില്‍

യാത്ര പറഞ്ഞു പിരിയുവാന്‍പലനാളില്‍
പൊന്തിയ നാവിന്റെ തൃഷ്ണയെയെന്തിനു 
അരുതെന്ന് ചൊല്ലി വിലക്കുന്ന നോട്ടമായ്
ഉദിക്കുന്നുവല്ലോ നിന്‍മുഖ ചേഷ്ടകള്‍

ശൂന്യമാം മാനസമോടെ നിന്‍ മുന്നിലായ് 
വന്നു ഞാന്‍ പലകുറി നിന്നതറിഞ്ഞുവോ
അറിഞ്ഞിരുന്നില്ല നിന്‍ മാനസമെന്നെ  
അറിയേണ്ടൊരിക്കലുമിനിയെന്നെ നിന്‍ നാളില്‍

Monday, December 9, 2013

മത്സരം


കനവില്‍ കനലുകൊണ്ട്  കോറിയിടാം
നിസ്വാര്‍ത്ഥ സ്നേഹം വിടരട്ടെ നമ്മില്‍
പഴിചാരി തമ്മിലായ് പറയുന്നുപലതും
അവനവന്‍ചൊല്ലുന്നതെല്ലാം ശരിയെന്നു...

അക്ഷരകൂട്ടുകള്‍ കുറിക്കും വിരലിനെ
ചങ്ങലയാകുന്ന വാക്കിനാല്‍ ബന്ധപ്പു
നൃത്തംചവിട്ടുന്ന കാല്‍പാദചലനങ്ങള്‍
ഇനിയാടിതീര്‍ക്കേണ്ട എന്നുമൊഴിയുന്നു

ആശ്വാസദൂതിനായ്  മുന്നിലണയുമ്പോള്‍
മുഖം തിരിച്ചന്നാളില്‍ പൊട്ടിതെറിക്കുന്നു
ക്രോധത്താല്‍ വാക്കുകള്‍ ശക്തിയാര്‍ജ്ജിക്കുന്നു
കൂട്ടിയടിക്കുന്ന കൈത്താളം പോലെ

അല്പമൊന്നയയുവാനാകില്ലയാര്‍ക്കുമേ
ഒന്നാമന്‍ താനെന്ന വാശി ജയിക്കുവാന്‍
കൂടപ്പിറപ്പിനെ പോലുമറിയില്ല....
കൂടെ പിറന്നെന്ന ഓര്‍മ്മയുമില്ല

അങ്കം കുറിക്കുവാനേവരും തല്പരര്‍
അങ്കകലിപൂണ്ട ചേകവരെപോലെ
രക്തവര്‍ണ്ണാമ്പര പൂക്കള്‍ വിതറുവാന്‍
മടിയൊട്ടുമില്ലാതെ നില്‍ക്കുന്നു തടുധിയില്‍

മാറ്റങ്ങളൊന്നുമേ കാക്കേണ്ടതില്ലിനി
ക്രൂരതയേറി വരുന്നിതാ കാലത്തും
എല്ലാം കണ്ടു മരവിച്ചു നില്‍ക്കുന്നു
ഭൂമിമാതാവുതന്‍ ഹൃത്തടമെപ്പോളും

എല്ലാം സ്പുടംചെയ്തു മാറ്റി മറിക്കുവാന്‍
നീതി സിംഹാസനം ന്യയംവിധിക്കുവാന്‍
ധര്‍മ്മവുമധര്‍മ്മവും വേര്‍തിരിച്ചെടുത്തുനാം
സത്യത്തിന്‍ ചെങ്കോലുമേന്തി മുന്നേറിടാം.




Tuesday, December 3, 2013

ദൈവീക സാന്നിധ്യം


നിന്‍ സ്നേഹം നുകരുവാൻ സാധിച്ചിടുന്നത്
എന്‍ ജീവിതത്തിലെ വലിയൊരു സൗഭാഗ്യം
എന്‍ നയനങ്ങൾ നിന്നെ തേടുമ്പോൾ
എൻ ഹൃത്തിലാമോദം തിരയടിച്ചീടുന്നു

തളരുന്നെൻ പാദങ്ങൾ ശക്തി പകർന്നിടാൻ
ആണിപ്പാടുള്ള നിൻ കരങ്ങളാൽ താങ്ങണേ
തകരുന്നെൻ ഹൃദയത്തെ മാറോടു ചേർത്തു നീ
പകരേണമേ സ്നേഹ സാന്ത്വനമെന്നെന്നും

ഓരോ അണുവിലും അറിയുന്നു ഞാന്‍ നിന്‍റെ
നിറഞ്ഞു തുളുമ്പുന്ന ദൈവീക സാന്നിധ്യം
ഓരോ നിമിഷവും നിന്നിൽ അലിഞ്ഞിടാൻ
ആശിച്ചിടുന്നു ഞാൻ എൻ നല്ല ദൈവമേ

ഈ നല്ല ഭുവനമാം മലര്‍വാടിയില്‍ ഞാന്‍
സഞ്ചാരിയായെന്നും അലഞ്ഞിടുന്നു സദാ
ദൈവസ്നേഹത്താല്‍ നിറഞ്ഞിടും സൂനങ്ങൾ
എത്ര മനോഹരം എത്ര സൗഗന്ധികം!