Wednesday, September 24, 2014

ഘടികാരം


സമയം ഇല്ലാത്തവര്‍ക്ക് വേണ്ടി ഞാന്‍ ഒരു മതില് കെട്ടി 
ആ മതിലില്‍ വലിയൊരു ഘടികാരവും വച്ചു 
അതില്‍ സമയം നോക്കിയവര്‍ പലരും വിലപിച്ചു 
നഷ്ടമാക്കിയ ആ നിധിയെ ഓര്‍ത്ത്കൊണ്ട് 
ഒരിക്കലും വീണ്ടുകിട്ടാത്ത ഒന്നായിരുന്നു 
വൈകിയെത്തിയ തിരിച്ചറിവുകളുടെ ഘടികാരം ...!!!!!

Tuesday, September 23, 2014

തീച്ചൂളയിലുരുകുന്ന പുഞ്ചിരി                                                 സഹനങ്ങളുടെ തീച്ചൂളയില്‍ ഉരുകികൊണ്ടിരുന്ന ആ മുഖത്ത് വിടര്‍ന്നു നിന്ന പുഞ്ചിരി മാത്രമായിരുന്നു എല്ലാവരും വായിച്ചെടുത്തത് പലതും അക്ഷരങ്ങളായി പുസ്തകതാളുകളില്‍പ്രത്യക്ഷപ്പെട്ടപ്പോള്‍ പലരും കളിയാക്കി .ഭ്രാന്തിന്റെ ആരംഭമാണെന്ന് .പിന്നീടു ആരും കാണാത്ത താളുകളിലായി കുറിച്ചുവക്കല്‍ .ആകസ്മികമായി കണ്ടുമുട്ടിയ പ്രശസ്തനായ ഒരു നിരൂപകന്‍ ആ വരികളിലെ അര്‍ത്ഥവും ഭംഗിയും വ്യാപ്തിയും തിരിച്ചറിഞ്ഞു. ഒരു പുസ്തകമായി പ്രസിദ്ധീകരിച്ചപ്പോള്‍ എല്ലാവരും നല്ല എഴുത്ത് എന്നുവാനോളം പുകഴ്ത്തി. ആ പുസ്തകം പല അവാര്‍ഡുകളും നേടി .ഉയരങ്ങളുടെ കൊടുമുടികള്‍ താണ്ടുമ്പോളും തീച്ചൂളയില്‍ ഉരുകുന്ന പുഞ്ചിരിക്കുന്ന മുഖം അവളുടെതായിരുന്നുവെന്നു ആരും തിരിച്ചറിഞ്ഞില്ല .
                 
                                     " ഇങ്ങനെ കാണാതെ പോകുന്ന എത്രയെത്ര മുഖങ്ങള്‍ നമുക്കുചുറ്റും
ഉണ്ടാകും "

Saturday, September 20, 2014

ആത്മസംതൃപ്തി


മനസ്സാം അരങ്ങില്‍
ചിലങ്കയണിഞ്ഞ കാലുകള്‍
ചിന്തിക്കതീതമാം വേഗത്തില്‍'
ആടിതകര്‍ത്തതു കാണുവാന്‍
ചിലവഴിച്ചതാം ദൈര്‍ഘ്യത്തെ
പാഴായി പോയെന്നു വിലപിക്കുന്നുവോ.....

ഓര്‍മ്മതന്‍ മുത്തുകള്‍ ചിമിഴിലൊളിപ്പിച്ചു
മറക്കുട ചൂടിയാത്രയായീടുവിന്‍
ആശ്വാസദയവിനായ് കേഴുമനവധി
പുഞ്ചിരിമറക്കുന്ന മുഖമുണ്ട് ചുറ്റിനും

അന്നമില്ലാത്തവനൊരുനേരമെങ്കിലും
അന്‍പോടെ ഊട്ടുവിന്‍
പുഞ്ചിരിവിരിയുമാ മുഖത്തേക്ക് നോക്കി
ആത്മസംതൃപ്തി ആവോളമറിയുവിന്‍...!!!!


Thursday, September 18, 2014

ജലകണം


ചേമ്പിലയില്‍ വീണുരുളും ജലകണമേ
നിന്‍ ചേല് വിരുന്നൊരുക്കുമെന്‍ കണ്‍കളില്‍

ചെറിയൊരിളംങ്കാറ്റു മതിയെന്നറിയുക
നിന്‍ പ്രയാണത്തെ നിലം പരിശാക്കുവാന്‍

പുതുമഴയെത്തുമ്പോള്‍ പൊട്ടിമുളക്കുന്ന
നിന്നിലെ മുകുളങ്ങള്‍ സുന്ദരങ്ങള്‍

വിടര്‍ന്നു വിലസുന്ന നിന്‍പത്രംതന്നിലെ
എന്നുടെ വാസംഞാന്‍ പൂര്‍ത്തിയാക്കട്ടെയൊ....?

സ്നേഹത്തിന്‍ കുമ്പിളാല്‍  കൊരിനിറച്ചില്ലേ ...
നിന്‍റെ  വളര്‍ച്ചക്കായെന്‍രക്തപുഷ്പങ്ങള്‍


ഓര്‍മ്മയിലെന്നും നിറഞ്ഞുനിന്നീടുവാന്‍..
സ്നേഹത്തിന്‍ പാലമൃതൂട്ടി വളര്‍ത്തിഞാന്‍

കാത്തുനില്‍ക്കാതെ വിടപറഞ്ഞകലുന്നു ...
കാണാമറയത്തെ ജലബാഷ്പമാകുവാന്‍ ....!!!!!!

മരണം


ഒരു നിമിഷംകൊണ്ട് വിരുന്നു വന്നു
ആയിരം ദിവസത്തിന്‍ കഥപറഞ്ഞു
സമയച്ചക്രത്തിന്‍ തേരിലേറി
അരനിമിഷംകൊണ്ട് യാത്രയായി ....!!!!

Monday, September 15, 2014

മിത്രമോ ?


എന്‍ ആത്മമിത്രമേ നീ ചൊല്ലിയതെല്ലാമേ
സത്യമോ അതോ മിഥ്യയോ....?
അസൂയയാകുന്ന ചക്ഷുകത്തില്‍ നിന്നു നീ
വിളമ്പിയതൊക്കെയും എന്തെന്നറിയാമോ

നിമിഷനേരത്തേക്ക് കിട്ടിയ നിര്‍വൃതി
നിന്നില്‍ പതിക്കുന്ന ശാപമായ് മാറിടും
പുറമേ ചിരിച്ചതുംഅകമേ ജ്വലിച്ചതും
കനല്‍ക്കട്ടയായ് മാറിയതറിഞ്ഞില്ലേ..?

എല്ലാമറിഞ്ഞിട്ടും ക്ഷമയോടെ നിന്നിട്ടും
ദോഷൈകദൃക്കിനാല്‍ നീ നിന്നുവോ ..?
നിന്‍ നയനങ്ങളോ നന്മയെ കണ്ടില്ല
മടങ്ങി വരുമാതിന്മകളോരോന്നും

അറിയുക നിന്നിലെ അഹന്തയെ കെടുത്തിടും
അധികം വിദൂരമല്ലെന്നുള്ള സത്യം
അന്നു നീയെത്ര തപിച്ചാലും തീരുമോ
നീ പാകിയ വിഷത്തിന്‍ വിത്തുകള്‍

എല്ലാം നേടി നീയെന്നോര്‍ത്തു ഓടേണ്ട-
യെല്ലാറ്റിനും കണക്കു പറയേണ്ടവര്‍
ഈ കണ്ടതെല്ലാം നിമിഷത്തിന്‍കാഴ്ചകള്‍
നീചെയ്യും  പ്രവര്‍ത്തികള്‍ നിനക്കേ നാശം

സത്യത്തിന്‍ കണികയുമായ് നിന്റെ മുന്നില്‍
ഇനി വരില്ല ഞാന്‍ പ്രിയമിത്രമേ...!
നിന്‍ ചൂണ്ടുവിരളെനിക്കേകിയ പാഠം
എന്‍ മനതാളില്‍ കുറിച്ചിട്ടു മങ്ങാത്ത വരികളായ്......


Friday, September 12, 2014

ഇനിയുമെന്തെല്ലാം കാണണം ......!!!!!

       


             സംശയമെന്ന രോഗം മനസ്സില്‍ മുളപൊട്ടിയാല്‍  അധിവേഗം വ്യാപിക്കുന്ന ക്യാന്‍സര്‍ കോശങ്ങളെക്കാള്‍ ഭയാനകമായിരിക്കും ആ വളര്‍ച്ച..............
              ചെയ്യാത്ത തെറ്റിന് മറ്റുള്ളവരെ കല്ലെറിയുമ്പോള്‍ ചിലര്‍ അനുഭവിക്കുന്ന സന്തോഷം നിമിഷങ്ങള്‍ക്കുള്ളില്‍ ശാപഗ്നിയായി തന്നിലേക്കെത്തുന്നതും അതെ വേഗത്തിലാവും ....
             എത്ര അനുഭവിച്ചാലും ഒരിക്കലും നന്നാവില്ലന്നു ശപഥം ചെയ്തിരിക്കുന്നവരും
ഒരുപോലെ തന്നെ.....
               നിഷ്കളങ്കമായ സ്നേഹം എത്രകിട്ടിയാലും കപട സ്നേഹമാണെന്ന് പറഞ്ഞു നടന്നകലുന്ന നിര്‍ഭാഗ്യവാന്മാര്‍ ......സത്യത്തെ സ്വയം തട്ടിയെറിയുന്നു.....
                മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് എത്തിനോക്കി സ്വന്തം സ്വസ്ഥത നഷ്ടമാക്കുന്ന ചില മാനസികരോഗികളും ..........
               കപടതയുടെ മൂടുപടങ്ങള്‍ അണിഞ്ഞു പിടിക്കപെടുമെന്നു മനസ്സിലാക്കുമ്പോള്‍ കാണിച്ചുകൂട്ടുന്ന വിക്രിയകള്‍............

                ഇനിയുമെന്തെല്ലാം കാണണം ......!!!!!

Monday, September 8, 2014

മറവിയുടെ സ്പന്ദനങ്ങള്‍
ഓര്‍മ്മകളെ മറവിക്ക് കൈമാറുമ്പോള്‍
മനസ്സിലെ പടയൊരുക്കത്തിന്റെ
സ്പന്ദനങ്ങള്‍ക്ക് വേഗം കുറഞ്ഞുവന്നു
അതെ വേഗമായിരുന്നു സ്നേഹത്തിനും ......!!!!!