Friday, April 14, 2017

പാപിക്ക്‌ നല്‍കിയ പീഡിതന്‍റെ സ്നേഹം

                       
                                                                                                                                                                               പാപിയായ  ഞങ്ങളെ  എത്ര കരുണയോടെയാണ് നിന്നിലേയ്ക്ക് ചേര്‍ത്തുപിടിച്ചത് .നിന്‍റെ ദേഹത്തിലേറ്റ ഓരോ അടിയും ഞങ്ങളുടെ  പാപത്തിന് നീ നല്കിയ പരിഹാരസമ്മാനമായിരുന്നു . ശിഷ്യരുടെ കാലുകള്‍ കഴുകി നീ ചുംബിച്ചപ്പോള്‍ എളിമയെന്ന പുണ്യത്തിന്‍റെ മാതൃക ഞങ്ങള്‍ക്ക്  പകര്‍ന്നു നല്കി .ഞാനെന്ന അഹങ്കാരം അത് കണ്ടില്ലന്ന്‍  നടിച്ചു .അറ്റത്ത്‌ കൊളുത്തുകള്‍ പിടിപ്പിച്ച ചാട്ടവാറില്‍ നിന്നുമേല്ക്കുന്ന ഓരോ പ്രഹരത്താല്‍  നിന്‍റെ മാംസം ശരീരത്തില്‍ നിന്നു വേര്‍പെട്ടു പോകുമ്പോഴും കരുണയോടെ ഞങ്ങളെ  നോക്കിയിരുന്നത് ഞങ്ങള്‍   കണ്ടില്ല .മറ്റുള്ളവര്‍ പരിഹസിക്കുമ്പോഴും ആര്‍ത്തുവിളിക്കുമ്പോഴും നിശബ്ദനായി നിന്നതുപോലെ ഒരു വാക്കിന്‍റെ മുന്നില്‍ പോലും  ക്ഷമയോടെ നില്ക്കാന്‍ ഞങ്ങള്‍ക്ക്  കഴിഞ്ഞിരുന്നില്ല . അഞ്ചപ്പംകൊണ്ട് അയ്യായിരം പേരെ പോഷിപ്പിച്ച നിന്‍റെ ദയ തിരിച്ചറിയാതെ പോയി .ആയിരത്തില്‍ ഒരംശം മറ്റുള്ളവരുമായി പങ്കിട്ടെടുക്കുവാന്‍ കഴിയാത്തവരായി .അളവില്ലാത്ത അനുഗ്രഹങ്ങള്‍ ജീവിതത്തില്‍ ചൊരിഞ്ഞിട്ടും അതെല്ലാം സ്വന്തം  കഴിവുകൊണ്ട് നേടിയതാണെന്ന് സ്വയം ഗര്‍വ്വ്‌ കാട്ടിയവരായിരുന്നു .ദുഃഖിതര്‍ക്കും പീഡിതര്‍ക്കും എന്നും ആശ്വാസമായിരുന്ന നിന്‍റെ കരുതല്‍ തിരിച്ചറിയാതെ അനുകമ്പ ഞങ്ങളില്‍ നിന്നും അകറ്റി നിറുത്തി .വേദനിക്കുന്നവര്‍ക്ക് ആശ്വസമേകാനും കരയുന്നവരുടെ  കണ്ണുനീരൊപ്പാനും ആലംബഹീനരുടെ ഇടയില്‍ കടന്നുചെല്ലാനും ഞങ്ങളുടെ ഹൃദയം തുറന്നില്ല .പാപിനിയായ സ്ത്രീയെ കല്ലെറിഞ്ഞവരോട് നിങ്ങളില്‍ പാപമില്ലാത്തവര്‍ കല്ലെറിയട്ടെയെന്ന മൊഴികള്‍ കേട്ടിട്ടും അപരനെ കല്ലെറിയാന്‍ തിടുക്കം കൂട്ടുന്നവരാണ് ഞങ്ങള്‍ .ക്രൂശില്‍ പിടയുമ്പോഴും വലത്തുഭാഗത്തെ കള്ളന് സ്നേഹത്തിന്‍റെ സാന്ത്വനവചസ്സുകള്‍ പകര്‍ന്ന ഈശോയെ ഞങ്ങള്‍ക്ക് ചെറിയൊരു വേദനവരുമ്പോള്‍ അലമുറയിട്ടുകൊണ്ട് നിനക്കെതിരെ പിറുപിറുക്കുന്നവരായിമാറി  ഞങ്ങള്‍ . ശത്രുവിനെപ്പോലും സ്നേഹിക്കാന്‍ പഠിപ്പിച്ചതല്ലേ .എന്നിട്ടും ഞങ്ങള്‍ ജാതിയുടെയും മതത്തിന്‍റെയും പേരില്‍ അടികൂടി  നിന്നെ എത്രയധികം വേദനിപ്പിച്ചു .ഓരോ വാക്കിലും പ്രവര്‍ത്തിയിലും ഇന്നും ഞങ്ങള്‍ നിന്നെ അണിയിച്ച മുള്‍കിരീടത്തിന്‍റെ മുള്ളുകള്‍ ആഴത്തിലേക്ക് പതിപ്പിച്ചുകൊണ്ടിരിക്കുന്നു .

                         പലപ്പോഴും നമ്മളും അറിഞ്ഞിട്ടും അറിയാത്തവരായി പെരുമാറാറില്ലേ കൂട്ടുകാരെ .....ഈ വിശുദ്ധവാരത്തില്‍ ക്രൂശിലേറിയ പീഡിതന്‍റെ ഓര്‍മ്മയില്‍ നമുക്കും  നമ്മുടെ ഹൃദയങ്ങളേ ശുദ്ധീകരിക്കാം.പിന്നിട്ട വഴികളെയോര്‍ത്ത് പാശ്ചാതപിച്ചുകൊണ്ട് മുന്നോട്ടുള്ള പാതയില്‍ സ്നേഹത്തിന്‍റെയും കരുണയുടെയും കരുതലിന്‍റെയും ദീപങ്ങളായി പ്രകാശിക്കാം 

Saturday, April 8, 2017

മാമരച്ചില്ലകള്‍


മഞ്ഞുപുതച്ചൊരാ  മാമരച്ചില്ലകള്‍
മര്‍മ്മരംമൂളിയതെന്താണ് പെണ്ണേ
കുളിരുള്ളൊരോര്‍മ്മകള്‍ പുല്കീടവേ
നിന്‍ കുട്ടിക്കുറുമ്പെനിക്കേറെയിഷ്ടം!

ചുരുളില്‍ മറഞ്ഞൊരു മാലഖയായ്
ഇരുളില്‍ പ്രകാശം ചൊരിഞ്ഞവളേ
ഇടയില്‍ മയങ്ങി നീ പോയിടുമ്പോള്‍
പ്രദീപം  തെളിക്കാന്‍ മറന്നിടല്ലേ

കാറ്റിന്‍ ചിറകേറിയൂയലാടി
തുള്ളികിലുക്കങ്ങള്‍ പെയ്തിറങ്ങാന്‍
തൂമഞ്ഞിന്‍ കൂടാരതൊട്ടിലുമായ്
പൂന്തെന്നല്‍ പിന്നെയും മെല്ലെവീശി

രാവിന്‍റെ താരാട്ട് പാടീടുവാന്‍
രാക്കിളി പക്ഷങ്ങളാഞ്ഞുവീശി
പാതിരാമുല്ലകള്‍ പരിമളമേകിടാന്‍
പൂമൊട്ടുകള്‍ നിറയെ കാത്തുനിന്നു

പ്രഭാതം പ്രദീപ്തിയില്‍  മിഴിതുറന്നു
പത്രപുഷ്പം കതിര്‍ നീട്ടിനിന്നു
അരുണന്‍റെ ആനന്ദമലയടിച്ചു
പയോധികം മെല്ലെതിളങ്ങി വന്നു

പദികത്തില്‍ ചുംബിച്ച കടലലകള്‍
ചിണുങ്ങിച്ചിരിച്ചുകൊണ്ടകന്നുപോയി
പനിമതി വിണ്ണില്‍ കുളിച്ചു നിന്നു
പയോജങ്ങള്‍  ചേറില്‍ മിഴികള്‍ പൂട്ടി

Thursday, March 30, 2017

ഞാന്‍ നിന്‍റെമടിത്തട്ടില്‍

http://britishpathram.com/index.php?page=newsDetail&id=52374

കടലമ്മേ നിന്നെ കണ്ടങ്ങിരുന്നാല്‍
സമയചക്രങ്ങള്‍ ഓടുവതറിയില്ല
ഏകയായ് നിന്‍ തീരത്തണയുമ്പോള്‍
ഏതോ നിര്‍വൃതിയെന്നെ പൊതിയുന്നു

നിന്‍റെ മാറിലെ നീലിമയില്‍
നീന്തുമൊരു മാനസ കുരുന്നായ്
എന്‍ മിഴികളില്‍ നീ മാത്രമായ്
കുളിരുമ്മ വച്ചുകളിക്കുന്നു

നിന്നിലെ പാല്‍നുരകളെന്‍
പദികത്തില്‍ തൊട്ടുതലോടി
മാടിവിളിക്കുന്നു നിന്‍മടിയില്‍
പിച്ചവച്ചു കളിച്ചിടാനെന്നെയും

നിന്നിലെ മാദകഭംഗിയിലലിഞ്ഞു
അനന്തവിഹായസ്സിന്‍ ചാരുത
എന്‍ മിഴികളിലാവഹിച്ചൊരു-
പിഞ്ചുപൈതലിന്‍ പുഞ്ചിരി

അലകളായ് കൈനീട്ടിയെത്തിയെന്നരികെ
കുമ്പിളില്‍ നിറക്കുവാന്‍ നീര്‍മണികള്‍
പാറയില്‍ചിന്നിച്ചിതറിയകലുമ്പോള്‍
ഒളിക്കണ്ണാലെയെന്നില്‍ സ്നേഹമായ്

കൊതിതീരുംവരെയൊന്നിരിക്കാന്‍
കഴിയില്ലയിന്നുമെന്‍ പ്രിയമാനസേ
ഇനിമടങ്ങട്ടെയെന്‍ പാദുകമഴിച്ച്
നിന്‍ തീരത്തുപതിച്ചോരടയാളമായ്        

Wednesday, January 25, 2017

ഫക്കീര്‍


ത്യാഗം സഹിച്ചവര്‍ പൂര്‍വ്വികര്‍ !
നാടിന്‍റെ നന്മയെ കണ്ടവര്‍
സത്യമാം പാത തെളിക്കുവാനായി
ജീവന്‍ കൊടുത്തവരായിരുന്നു

ജന്മാന്തരങ്ങളെത്ര കഴിഞ്ഞാലും
ചിത്രങ്ങളില്‍നിന്നു തേച്ചുമായ്ചാലും
മങ്ങില്ലൊരിക്കലും നന്മ ലോകത്തില്‍
ത്യാഗപൂര്‍ണ്ണങ്ങളാം ജീവിതയാത്രകള്‍

ഗ്രാമങ്ങളില്‍ കുടികൊള്ളുന്നു നാടിന്‍റെ
ആത്മസത്വമെന്ന തിരിച്ചറിവുകള്‍
കണ്ടെത്തുവാനിനിയൊരുജന്മം
ഭൂമിയില്‍ പിറവികൊണ്ടീടുമോ ?

അഹിംസതന്‍ പാതയിലെന്നും നടന്നു
ജന നന്മമാത്രം ജീവിതമാക്കിയും
ലക്ഷ്യങ്ങളെല്ലാം നേടിയെടുത്തു
ജീവന്‍വെടിഞ്ഞൊരു രാഷ്ട്രപിതാവിനെ

ആദരവോടെ നമിക്കാം നമുക്കെന്നും
സ്വാതന്ത്ര്യജീവിതം നമുക്കായ് നേടിയ
പൂര്‍വ്വികസ്നേഹത്തിന്‍ കൈവഴികള്‍
സ്മരിക്കാമെന്നും ജ്വലിക്കുന്നയഗ്നിയായ്

ചരിത്രമുറങ്ങുന്നയേടുകളൊരിക്കലും
മറയില്ല കാലയവനികക്കുള്ളില്‍
ചരിത്രം കുറിച്ചൊരു ഫക്കീറിനെപ്പോലെ
എത്ര ചമഞ്ഞാലും പകരമാകില്ലാരും

Saturday, December 24, 2016

ഹൃദയമൊരുക്കാം ക്രിസ്തുമസ് സമ്മാനമായ്‌

           http://britishpathram.com/index.php?page=newsDetail&id=50516        വീണ്ടുമൊരു ക്രിസ്തുമസ്സ് കാലം ആഗതമാകുമ്പോള്‍ തിരുപ്പിറവിയുടെ സന്ദേശം നമുക്കിവിടെ പങ്കുവയ്ക്കാം .ഡിസംബര്‍ മാസം തുടങ്ങുമ്പോള്‍തന്നെ മഞ്ഞണിഞ്ഞ പ്രഭാതങ്ങള്‍ കുളിരുപകര്‍ന്നുകൊണ്ടാകും നമ്മളെ വിളിച്ചുണര്‍ത്തുക .വിണ്ണിലെ താരകള്‍ മന്നില്‍ വന്നതുപോലെ  മിക്ക വീടുകളിലും നക്ഷത്രവിളക്കുകള്‍ കണ്‍ച്ചിമ്മും .അതുപോലെ തന്നെ വിണ്ണിലും താരകള്‍ പൂത്തിറങ്ങും .നക്ഷത്രങ്ങള്‍ വെളിച്ചത്തിന്‍റെ പ്രതീകങ്ങള്‍ ആകുന്നതുപോലെ നമ്മളില്‍ എത്രപേര്‍ക്ക് ഇന്ന് വെളിച്ചത്തിന്‍റെ സാക്ഷികളാകാന്‍ കഴിയാറുണ്ട് .

            ലോകത്തിന്‍റെ അന്ധകാരം  നീക്കാന്‍ ദൈവം തന്‍റെയേകജാതനെ ഭൂമിയിലേക്കയച്ചു .എളിമയുടെയും ദാരിദ്ര്യത്തിന്‍റെയും പ്രതീകമായി കാലിത്തൊഴുത്തില്‍ വന്നുപിറന്നു . പ്രകാശം ലോകത്തിലേക്ക് വന്നിട്ടും മനുഷ്യന്‍ അന്ധകാരത്തെയാണ് കൂടുതല്‍ സ്നേഹിച്ചത് കാരണം മനുഷ്യന്‍റെ പ്രവര്‍ത്തികള്‍ മുഴുവന്‍ തിന്മനിറഞ്ഞതായിരുന്നു അന്നുമിന്നും മനുഷ്യന്‍റെ തിന്മപ്രവര്‍ത്തികള്‍  പ്രകാശത്തെ വെറുക്കാന്‍ കാരണമായി .ഹൃദയംകൊണ്ടു പുല്‍ക്കൂട്‌ ഒരുക്കേണ്ട നമ്മള്‍ പണത്തിന്‍റെ പ്രതാപവും മോടിയും കാണിക്കുവാന്‍ പുല്‍ക്കൂടൊരുക്കുന്നു .ആഘോഷങ്ങള്‍ക്ക് കൊഴുപ്പേകുന്നു

          സന്തോഷവും സമാധാനവും നിറഞ്ഞ പ്രതീക്ഷയുടെ കാലമാണ് ക്രിസ്തുമസ്.ആട്ടിടയന്‍മാര്‍ക്ക് ദൈവ ദൂതന്‍ പ്രത്യഷപ്പെട്ട് വലിയ സന്തോഷത്തിന്‍റെ സദ്വാര്‍ത്ത അറിയിക്കുന്നു ദാവീദിന്‍റെ പട്ടണത്തില്‍ നിങ്ങള്‍ക്കായി ഒരു രക്ഷകന്‍ പിറന്നിരിക്കുന്നു ദൂതഗണങ്ങള്‍ ഒരുമയോടെ ദൈവത്തെ സ്തുതിച്ചത് "അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വം ഭൂമിയില്‍ ദൈവകൃപ ലഭിച്ചവര്‍ക്ക് സമാധാനം "ഓരോ കുഞ്ഞും ദൈവത്തിന്‍റെ സമ്മാനമാണ് ഓരോ ജീവനും  ഭൂമിയിലേക്ക്‌ പിറക്കും മുന്‍പേ നശിപ്പിച്ചു കളയുന്ന അനേകരിന്നുണ്ട് .അതുപോലെ തന്നെ എത്രയോ ജീവിതങ്ങള്‍ ഇല്ലാതാക്കുന്നു .ദൈവം കൊടുത്ത സമ്മാനങ്ങള്‍ നശിപ്പിക്കാന്‍ മനുഷ്യന് എന്താണ് യോഗ്യതയുള്ളത് .വെട്ടിപ്പിടിക്കുവാനും കുന്നുകൂട്ടാനുമുള്ള ഓട്ടത്തില്‍ കൊന്നും കൊലവിളിച്ചും നടക്കുന്നവര്‍ ,പ്രതിബന്ധങ്ങളായി മുന്നില്‍ വരുന്നതിനെ ഒരു മടിയുമില്ലാതെ ഇല്ലായ്മ ചെയ്യുന്ന മനുഷ്യന്‍റെ ക്രൂരത നിറഞ്ഞുനില്‍ക്കുന്ന ഒരു ലോകത്താണ് നാമിന്ന് എത്തിനില്‍ക്കുന്നത് .

          ഉണ്ണിയേശു തന്‍റെ ജീവിതംകൊണ്ടു നമ്മളെ പഠിപ്പിച്ചത് ജീവിതം മനോഹരമാക്കി മറ്റുള്ളവര്‍ക്ക് വേണ്ടിനേദിക്കുകയെന്നതാണ്.ഒ.ഹെന്‍ട്രിയുടെ ഒരു കഥയിലെ ജിമ്മും ഡെല്ലയുംപോലെ നമുക്ക് കഴിയുമോ .മനോഹരമായ മുടി മുറിച്ചു വിറ്റിട്ട്  ജിമ്മിനു വാച്ചിന്‍റെ സ്ട്രിപ്പ് വാങ്ങിവരുമ്പോള്‍ ജിം തന്‍റെ വാച്ച് വിറ്റിട്ട് ഡെല്ലയുടെ മുടിയില്‍ അണിയാന്‍ മനോഹരമായ ഒരു ക്ലിപ്പ് വാങ്ങിവരുന്നു .അവരുടെ ജീവിതത്തില്‍ എന്നെങ്കിലും മറക്കാന്‍ കഴിയുമോ ആ ക്രിസ്തുമസ് സമ്മാനം .പരസ്പരം വിട്ടുകൊടുത്തുകൊണ്ട്‌ മറ്റുള്ളവര്‍ക്ക്  വേണ്ടി ജീവിതം നേദിക്കുവാന്‍ നമുക്ക് ഓരോരുത്തര്‍ക്കും കഴിയട്ടെ .

         ക്രിസ്തുമസ് ആഘോഷങ്ങള്‍ പൊടിപൊടിക്കുമ്പോള്‍ നമ്മളില്‍ പലരും അറിയാറില്ല അടുത്തവീട്ടില്‍ രോഗവും ദുരിതവുംപേറി ഒരുനേരം ആഹാരം കഴിക്കാനില്ലാത്ത പലരുമുണ്ടാകുമെന്നുള്ള കാര്യം .സ്വന്തം കഴിവുകൊണ്ട് നേടിയതാണ് സമ്പത്തും പദവിയുമെല്ലാം എന്ന ചിന്ത ഭരിക്കുമ്പോള്‍ മറ്റുള്ളവരുടെ നൊമ്പരങ്ങള്‍ കാണാന്‍ പലപ്പോഴും നമ്മുടെ ഹൃദയങ്ങള്‍ക്ക്‌ തുറവിയുണ്ടാകാറില്ല . മറ്റുള്ളവര്‍ക്ക് ഉദാത്തമായ സമ്മാനങ്ങളായി നമ്മള്‍ മാറുക .തളര്‍ന്നു കിടക്കുന്ന ഒരു അമ്മയെ തനിച്ചാക്കി പണിക്കു പോയി മടങ്ങി വരുന്ന അവരുടെ മകന്‍ കാണുന്നത് മനോഹരമായി ഒരുക്കിയ അവന്‍റെ കൊച്ചുവീട് .തന്‍റെ അമ്മക്ക് പരസഹായമില്ലാതെ അനങ്ങാന്‍ പറ്റില്ല .ആരാണ് ഇതൊക്കെ ചെയ്തത് .അടുത്തവീട്ടിലെ കൊച്ചുകുട്ടി ആ അമ്മയ്ക്കും മകനും നല്‍കിയ ക്രിസ്തുമസ് സമ്മാനമായിരുന്നു ആ ഒരുക്കം .

           ജ്ഞാനികള്‍ ഉണ്ണിയേശുവിനെ കാണാന്‍ പോയപ്പോള്‍ വഴിതെറ്റി ഹേറോദേസിന്‍റെ കൊട്ടാരത്തില്‍ എത്തിപ്പെടുകയും രാജാവ് ഉണ്ണിയെകുറിച്ച് സൂഷ്മമായി ചോദിച്ചറിയുകയും കണ്ടുമടങ്ങുംവഴി ഇതിലെ വരണമെന്ന് അറിയിക്കുകയും ചെയ്തു .തന്ത്രപൂര്‍വ്വം ഉണ്ണീശോയെ ഇല്ലാതാക്കാനുള്ള ചിന്തയിലായിരുന്നു സൂത്രശാലിയായ ഹേറോദേസ്.അന്ന് ഒരു ഹേറോദേസ് മാത്രമേ ഉണ്ടായിരുന്നുള്ളു .ഇന്നത്തെ അവസ്ഥ അതല്ല ഒരായിരം ഹേറോദേസ് മാരാണ് ജീവിക്കുന്നത് .ജ്ഞാനികള്‍ പാവങ്ങളായിരുന്നു അവര്‍ രാജാവ് പറയുന്നത് സത്യമെന്നു കരുതി പോയങ്കിലും സ്വപനത്തില്‍ ദൂതന്‍ പറഞ്ഞതനുസരിച്ച് അപകടം മനസ്സിലാക്കി മറ്റൊരു വഴിക്ക് യാത്രയായി ഇന്നും പാവങ്ങളെ പറഞ്ഞു പറ്റിക്കുന്നവരെ നമുക്കെല്ലായിടത്തും കാണാം

          ഈ ക്രസ്തുമസ് നാളുകളില്‍ നമ്മള്‍ ആത്മശോധന ചെയ്യുക .മറ്റുള്ളവര്‍ക്ക് വേണ്ടി നമുക്കെന്തു ചെയ്യാന്‍ കഴിയും. വിശന്നിരിക്കുന്നവര്‍ക്ക് ആഹാരം നല്‍കുക ,അനാഥരോടോപ്പം അലപ്സമയം ചിലവഴിക്കുക ,രോഗികളായി കിടക്കുന്നവര്‍ക്കരികില്‍ ശിശ്രൂഷ ചെയ്യുക ,ജോലിയെടുക്കാന്‍ കഴിയാതെ വിഷമിക്കുന്നവരെ സഹായിക്കുക മദ്യത്തിലും മറ്റു ദുശ്ശീലങ്ങളിലും സന്തോഷം കണ്ടെത്തി നടക്കുന്ന പലരുമുണ്ടാകാം .അവര്‍ കുടുംബത്തോടൊപ്പം ഒന്ന് ചിലവഴിക്കാന്‍ ശ്രമിച്ചു നോക്കു .നമ്മുടെ ജീവിതം മക്കള്‍ക്കും മറ്റുള്ളവര്‍ക്കും നല്ലൊരു മാതൃകയാകാന്‍ കഴിയട്ടെ   അങ്ങനെ കൊച്ചു കൊച്ചു സമ്മാനങ്ങളായി നമുക്ക് മറ്റുള്ളവര്‍ക്കരികിലെത്താം .


മിനി ജോണ്‍സണ്‍
കളരിക്കല്‍ 

Saturday, November 19, 2016

നേരുംനെറിയും


തേച്ചുമിനുക്കിയെടുത്തൊരു
നിഷേധങ്ങള്‍ കണ്ടുമടുത്തു
ചിലന്തിവലപോലെ കുരുക്കുന്നു
നിയമസംഹിതയാല്‍ പട്ടിണിപ്പാവങ്ങളെ

ശ്വാനന്‍റെ പരാക്രമത്തില്‍ പ്രാണന്‍
പൊലിഞ്ഞു പോയമനുജര്‍
അര്‍ദ്ധപ്രാണരായ് ജീവിച്ചിടുന്നവര്‍
രക്ഷകരെന്നും ശുനകനുമാത്രം

കാമഭ്രാന്തന്‍റെ പേക്കൂത്തില്‍
മാഞ്ഞുപോയ്  അരുമപ്പെണ്‍ക്കൊടികള്‍
തിന്നുകൊഴുത്തുവിലസുന്നു നീചന്മാര്‍
ധനമുള്ള കൈകള്‍ക്കെന്തുമാകാം

കുഞ്ഞുങ്ങളെത്തട്ടിയെടുക്കുന്നവര്‍
ഭിക്ഷക്കായ്‌ പ്രതോളിയില്‍ വില്ക്കുന്നു
നാട്യം നടത്തി പരിഭ്രാന്തി വിതച്ചും
മറ്റെന്തിനോ ചിലര്‍   കോപ്പുകൂട്ടുന്നു

നിയമങ്ങളൊക്കെയും പൊളിച്ചെഴുതുന്നു
പാവംജനങ്ങള്‍ പൊറുതിമുട്ടുന്നു
ഒരുനോട്ടുമാറുവാനൊരുദിനം വേണമോ
ലക്ഷ്യം ജനനന്മയാണെന്നു വാഴ്ത്തുമ്പോഴും

കോടികളാസ്തിയുള്ള പാവത്തിന്‍റെ
കോടിക്കടങ്ങളെഴുതിത്തള്ളുമ്പോഴും
കുടിലിലുറങ്ങുംദരിദ്രനെ  ജപ്തിയാല്‍
തെരുവിലിറക്കുവാന്‍ മടിയില്ല ബാങ്കിനും

നാടിന്‍റെനന്മകള്‍ കറയറ്റതാക്കുവാന്‍
പാവംജനത്തിന്‍റെ കണ്ണീരുകാണുവാന്‍
നന്മമരങ്ങളായ്‌ പിറക്കട്ടെ മന്നില്‍
നേരും നെറിയും നിറഞ്ഞ മക്കള്‍


Saturday, November 5, 2016

ഹൃദയംപറഞ്ഞത്

                       
                          ചില ദിവസങ്ങളില്‍ അങ്ങനെയാ.......എന്താന്നല്ലേ .ഓര്‍മ്മകളില്‍ എവിടെയോ ഉണങ്ങാത്ത മുറിവ് കുത്തിനോവിക്കാന്‍ തുടങ്ങും .അതുപിന്നെ പൊട്ടിത്തെറിക്കാന്‍ കാത്തുനില്ക്കും .ആ കാത്തുനില്പ്പ് ഉണ്ടല്ലോ ഒരു ഭൂകമ്പം തന്നെയാണ്  .തീവ്രത കൂടിയും കുറഞ്ഞുമിരിക്കും .തീവ്രത കുറയുമ്പോള്‍ രണ്ടു തുള്ളി കണ്ണുനീര് മാത്രമേകാണു. തീവ്രത കൂടിവരുമ്പോള്‍ രൂപഭാവങ്ങള്‍ മാറും. നെഞ്ചിനുള്ളില്‍ ഒരു മഞ്ഞുമല കയറിയിരിക്കും .കുറച്ചു കഴിയുമ്പോള്‍ മഞ്ഞുമല കൂടുതല്‍ തണുത്തുറയാന്‍ തുടങ്ങും കാഠിന്യം കൂടുന്നതിനനുസരിച്ച് ഭാരംകൂടി ഹൃദയതാളത്തെ ഞെരുക്കും .അന്നേരം ഹൃദയം പറയും എനിക്കു വയ്യ കുട്ടി  ! ഇങ്ങനെ പോയാല്‍ അധികനേരം എനിക്കു മുന്നോട്ടു പോകാന്‍ പറ്റില്ല . പി ന്നെപ്പിന്നെ  തുടിതാളം പതുക്കെയാകും .ആ സമയം മിനിറ്റില്‍  എഴുപത്തിരണ്ടു പ്രാവിശ്യം താളം പിടിച്ചിരുന്ന  ആ  "ലപ്‌ടപ്" പാടിത്തീരാറായ സംഗീതംപോലെ  പതുക്കെ ഇഴയാന്‍ തുടങ്ങും .ഇഴയുന്ന താളത്തില്‍ ശ്വാസംകിട്ടാതെ പിടയുമ്പോള്‍ ചിലപ്പോള്‍ ഒരു അശരീരി കേള്‍ക്കാം "ഇതൊക്കെ വെറുമൊരു  അഭിനയം മാത്രമാ " .
         സ്രഷ്ടാവ്  ചിലപ്പോള്‍ പറയും നീ കുറച്ചുനാള്‍ കൂടി ഇവിടെ നില്ക്കൂ  .ഇപ്പോള്‍ നിന്‍റെ പേരു വെട്ടാന്‍ സമയമായില്ലന്ന്‍ .പറ്റില്ലയെങ്കില്‍ ഒരു കാര്യം ചെയ്യാം  നിനക്ക് സഹായത്തിനു കുറച്ചുനാള്‍ ഒരു സുഹൃത്തിനെ  തരാം .നീ അല്പം വേദന സഹിച്ചാലേ  തരാന്‍ പറ്റുകയുള്ളൂ .നിന്‍റെ ശരീരത്തില്‍ കത്തിവയ്ക്കണം . ഒരു തീപ്പട്ടിയുടെ അത്രയും വലിപ്പമുള്ള ആ സുഹൃത്തിനെ  നിന്‍റെ  ശരീരത്തില്‍ ചേര്‍ത്തുവയ്ക്കണം  .പേരു പറയാന്‍ ഞാന്‍ മറന്നു നമ്മുടെ പേസ്മേക്കര്‍. പിന്നെ   കുറച്ചു ദിവസം  ആശുപത്രിയുടെ ബെഡ്ഡില്‍ ഒന്ന് കിടക്കുകയും വേണോട്ടോ .തിരിച്ചു വീട്ടിലെത്തിയാലും കുറച്ചു വിശ്രമം വേണം നമ്മുടെ ഹൃദയത്തിനു .എങ്ങനെയാണന്നു ഞാന്‍ പറയണ്ടല്ലോ .കുറച്ചു സന്തോഷം കൊടുത്താമതി കൂടുതലൊന്നുംവേണ്ടന്നേ .എന്താ വേണ്ടത് നീതന്നെ തീരുമാനിക്ക് .
            നെഞ്ചില്‍ എടുത്തുവച്ച ആ മഞ്ഞുമല ഉരുക്കിക്കളയുന്നതല്ലേ നല്ലത് ..ആ താളവട്ടം അങ്ങ് കുറയാന്‍ തുടങ്ങുമ്പോള്‍ നീ ആകെ ആടിയുലയും .നിന്നെ താങ്ങാന്‍ ആരാ ഉള്ളത് .ചെയ്തു തീര്‍ക്കാന്‍ കുറച്ചു കാര്യങ്ങള്‍ക്കൂടെ  ബാക്കിയില്ലേ .നീ ഇപ്പോഴേ അമ്മയുടെ മടിത്തട്ടിലേക്ക് മടങ്ങിയാല്‍ ബാക്കിവച്ച് പോകുന്നത് ആര് പൂര്‍ത്തിയാക്കും .നീ ചെയ്യേണ്ട കാര്യം മറ്റാരെങ്കിലും ചെയ്താല്‍ ശരിയാകുമോ .പ്രതിസന്ധികള്‍ നിറഞ്ഞതാ ജീവിതം അതു നീ ആദ്യം മനസ്സിലാക്കുക .തളരുമ്പോള്‍ താങ്ങണേയെന്നു നിന്‍റെ സ്രഷ്ടാവിനോട് എന്നും പറയണേ .സഹിക്കാന്‍ ഉള്ള ശക്തി നിന്നിലേക്ക്‌ ഒഴുകിയെത്തും . ഏറുന്ന സങ്കടത്തില്‍ നിന്നെക്കാള്‍ വേദനിക്കുന്നവരുണ്ടെന്നു
നീ തിരിച്ചറിയുക ..അവര്‍ക്കായ് നീ നിന്‍റെ പ്രാര്‍ത്ഥനാമലരുകള്‍ ചേര്‍ത്തുവയ്ക്കുക .ഇത്രയും നിന്നോട്  സംസാരിച്ചപ്പോള്‍ എന്‍റെ താളവട്ടം പഴയപോലെ  മുഴങ്ങാന്‍ തുടങ്ങി .ഇനി നീ കൂടുതല്‍ ഒന്നും ചിന്തിക്കണ്ടാ .ഇപ്പോള്‍ നിന്നിലെ എന്‍റെ തുടിപ്പുകള്‍ നിലയ്ക്കാന്‍ സമയമായില്ല . ഞാന്‍ എന്‍റെ ജോലി തുടരട്ടെ .ഇടയ്ക്കു നമുക്ക് സംസാരിക്കാം ഹൃദയഭാഷയില്‍ ............!!!!!!!!!!!!!!!
           പ്രിയ കൂട്ടുകാരേ  ഹൃദയം ഹര്‍ത്താല് പ്രഖ്യാപിക്കാതെ നമുക്ക് പരിപാലിക്കാം ദു:ഖങ്ങളില്‍ അമിതമായി ഭാരപ്പെടാതെ  അല്പം വിശ്രമം കൊടുക്കാം  എഴുതിയും വായിച്ചും വരച്ചും പാടിയും പാട്ടുകേട്ടും പ്രകൃതിയുടെ മടിത്തട്ടില്‍ ഇരിക്കാം .ഇഷ്ടമുള്ള കാര്യങ്ങളില്‍ സമയം ചെലവഴിക്കാം .അലസമാനസം  സാത്താന്‍റെ പണിപ്പുരയാണ് .മറക്കാതിരിക്കുക