Friday, November 29, 2013

കലാലയം


അറിവിന്റെ രാഗാര്‍ദ്ര ഭാവമേ
നീ അണിഞ്ഞൊരുങ്ങിയോ?
പുതുനാമ്പുകള്‍തന്‍ വരവിനായ്
തലയെടുപ്പോടെ മിഴിനട്ടു നീ ......!

നിന്‍മാറില്‍ തലച്ചായ്ക്കുന്നതെന്തെല്ലാം?
നിരയൊത്ത വാകമരങ്ങളും,
നറുമണം പരത്തി നില്‍ക്കും,
പൂത്താലം പോലിലഞ്ഞിയും....
പുതുനാമ്പുകളെത്തുമ്പോള്‍
പൂമൊട്ടുകള്‍ ഭയം ജനിപ്പിക്കുന്നതും
ഒരു തണ്ടിലെ പൂക്കളായ്
പിന്നെ നിന്‍മാറില്‍  മയങ്ങുന്നതും

പ്രണയം പൂക്കും താഴ്വരയും
വിരഹദു:ഖത്തിന്‍  നൊമ്പരവും
നീയെത്രവട്ടം സാക്ഷിയായ്
ദു:ഖസന്തോഷത്തിന്റെ അശ്രുകണങ്ങള്‍
മാറിമറയുന്ന നിന്‍ താഴ്വാരവും

ഈറന്‍ കാറ്റില്‍ ചാഞ്ചാടും മരച്ചില്ലകള്‍
പൊഴിക്കും മഴത്തുള്ളി തന്‍ സംഗീതം
നിന്റെ വിരിമാറിലെ നീലപൊയ്കയില്‍
വിരിയും സൂര്യ ദേവന്റെ പ്രണയപുഷ്പവും
അതിന്‍ചാരെ  കിന്നാരത്തുമ്പികള്‍
ആര്‍ത്തുല്ലസിച്ചു പാറിപറക്കുന്നതും
ഗുരുശിഷ്യബന്ധത്തിന്‍ മഹുത്വം
വിളിച്ചോതി നില്‍ക്കും നിന്‍ ചുറ്റുവട്ടങ്ങളും

കൊച്ചു കൊച്ചു വാശികള്‍ പൂക്കുംനേരങ്ങളും
എല്ലാം ആടിത്തിമര്‍ക്കുന്ന അരങ്ങേ
ഒരുവട്ടം കൂടി നിന്‍ മാറില്‍ ചാഞ്ചാടാന്‍
ഇനിയെനിക്കാവില്ലല്ലോയെന്‍ "കലാലയമേ".....

Tuesday, November 19, 2013

അമ്മയുടെ കാത്തിരിപ്പ്‌


കാണാന്‍ കൊതിച്ചു ഞാന്‍ എന്നോമലേ
പുഞ്ചിരി തൂകുന്ന നിന്റെ മുഖം
പൂവിതള്‍ പോലെ വിരിഞ്ഞുവരും
മനതാരിലെപ്പോഴും എന്നോമലേ

ഗര്‍ഭപത്രത്തിലെ കൊട്ടാരമല്ലയോ
ഒന്‍പതു മാസങ്ങള്‍ നിന്റെ വാസം
എന്നുടെ കൈകളാല്‍ പുല്‍കിടുമ്പോള്‍
സന്തോഷമോടെ നീ തുള്ളിടുന്നു.......

നിന്നുടെ വരവിനായ് കാത്തിരിക്കും
നിമിഷങ്ങളോരോന്നുമെണ്ണിയെണ്ണി
എന്നിലെ അമൃതു പകര്‍ന്നു നല്‍കി
രാരീരം പാടി ഉറക്കിടാം ഞാന്‍

കരഞ്ഞുകൊണ്ടു നീ പിറന്നിടുമ്പോള്‍
സന്തോഷാശ്രുവെന്നില്‍ പൊഴിഞ്ഞുവീഴും
ചിരിച്ചുകൊണ്ടു ഞാന്‍ യാത്രയാകുമ്പോള്‍
കരഞ്ഞുകൊണ്ടെന്നെ നീ   യാത്രയാക്കീടല്ലേ........!





Monday, November 18, 2013

പൌര്‍ണ്ണമി


രാവിന്റെ പൌര്‍ണ്ണമി യാത്രയായോ ......
ഒരു വാക്കു ചൊല്ലാതെ പോയ്‌ മറഞ്ഞോ
അച്ഛന്റെ മുത്താണ് അമ്മതന്‍ കുരുന്നാണ് 
ഉറങ്ങുവാന്‍ എനിക്കു നിന്‍ കഥകള്‍ വേണം
നല്ലൊരു പുലരിയും സ്നേഹത്തിന്‍ പൂക്കളും
നല്ല സ്വപ്നങ്ങള്‍ തന്‍ വിരുന്നു വേണം .........
മിണ്ടാതെ പോവല്ലേ പൂനിലാവേ
ഒരു പൂത്താലം പോലെയുദിച്ചു നില്‍കൂ
എന്‍ കണ്ണിമ പൂട്ടി ഉറങ്ങും വരെ ..............


Sunday, November 17, 2013

കൌതുകം


വെള്ളത്തില്‍ വീഴുന്ന കല്ലുകള്‍
ഉതിര്‍ത്തു  പോന്തിക്കുന്ന കുമിളകള്‍
നിന്‍ കണ്ണിണകളില്‍ കാണുന്നു ഞാന്‍
ആ കൌതുക ലോകത്തിന്‍ കാഴ്ചകള്‍

വെള്ളത്തില്‍ തെന്നി കളിക്കും പരലുപോല്‍
നീയും നീന്തി തുടിക്കുന്നുവോ പിന്നാലെ
ഒന്നിനെ പോലും പിടിക്കാത്ത പൈതല്‍പോല്‍
ചിണുങ്ങുന്നുവോ നീ എന്റെ മുന്നില്‍

ചിലപ്പോള്‍ ഞാന്‍ നിന്‍ മുന്നില്‍ അമ്മയായോ
പലവട്ടം മാറി മറഞ്ഞിടുന്നോ
മകളായ്, സഹോദരിയായ്,സുഹൃത്തായ്
അതിനെല്ലാമപ്പുറം  ആരൊക്കെയോ .....?

ഒരു വട്ടമല്ല നീ ചൊല്ലിയതൊക്കെയും
പലവുരു മന്ത്രിച്ചതും എന്റെ കാതില്‍
നീയെനിക്കാരാണ്...? ആരുമല്ല....?
എല്ലാമാണെന്ന്   പറയാതെ പറഞ്ഞതും

എന്നെ നിന്‍ മുന്നിലായ് കാണും നിമിഷം
ആയിരം വര്‍ണ്ണപ്രഭ വിടരും കണ്ണുകള്‍
കളങ്കമേശാത്തൊരു പൈതലിന്‍ പുഞ്ചിരി
സമ്മാനമായ്‌ നല്‍കും കൌതുകത്താല്‍

വെള്ളാരംകല്ലുകള്‍ വെയിലേറ്റുമിന്നുമ്പോള്‍
വൈഡൂര്യമാണെന്ന്  ശങ്കപൂണ്ടങ്ങനെ
അരുകിലെത്തുമ്പോളോ കൌതുകം മാഞ്ഞുപോയ്
ഒന്നുമറിയാത്ത പൈതല്‍പോല്‍ നില്‍ക്കുന്നു

എന്തിലും കാണുന്നു കൌതുകം നിന്‍ കണ്ണില്‍
പുതിയൊരു ലോകം നിനക്കായ്‌ ചമച്ചുവോ
ആ ലോക കാഴ്ചയില്‍ഒരു കൊച്ചു കൌതുകം
അതായിരുന്നില്ലേ ഞാന്‍ നിന്നിലെന്നും

സൗഹൃദ താരാട്ട് പാട്ടിന്റെ ഈണമായ്
ഞാനും നിനക്കിന്നു കാവ്യം ചമയ്ക്കുന്നു
പ്രാണനായ് നീയെന്നെ കാണുമ്പോളും
നിന്നിലെ കൌതുകം ഞാനറിഞ്ഞില്ലയോ...?


നിന്‍ കണ്ണിനു കൌതുകമേറുന്ന കാഴ്ചകള്‍
എന്നിലെ ജിജ്ഞാസയാക്കിമാറ്റീടുന്നു
ഉലകം വലംവയ്ക്കും യാത്രികരായി നാം
കൈ കോര്‍ത്തുമുന്നേ നടന്നുപോയീടുന്നു

Sunday, November 10, 2013

വിനീതയുടെ സ്വപ്നം

                   

                            ഡ്യൂട്ടിക്കിടയിലെ വിശ്രമവേളയില്‍ വിനീതയും റാണിയും സംസാരിച്ചിരുന്നതാണ് .അവര്‍ ഓരോ ടീ കുടിച്ചുകൊണ്ടിരുന്നപ്പോള്‍ വിനീതക്ക്‌ എന്തന്നില്ലാത്ത ഒരു അസ്വസ്ഥത .എന്താവും ....തല വേദനിക്കുന്നു വല്ലാത്ത തളര്‍ച്ചയും നെഞ്ചിടിപ്പ് പെട്ടന്ന് വര്‍ദ്ധിക്കുന്നുവോ, തന്നിലെ അസ്വസ്ഥത പ്രിയമിത്രം  പെട്ടന്ന് തിരിച്ചറിഞ്ഞു.പെട്ടന്ന് ബി പി ചെക്ക് ചെയ്തു. അപ്പോളല്ലേ കാര്യം പിടികിട്ടിയെ ചെറിയൊരു പിണക്കം പോലെ ബി പി ദാ കിടക്കുന്നു 80/60 ലേക്ക് ഒരു യാത്ര . ഇപ്പോള്‍ പിണങ്ങല്ലേയെന്നു പലവട്ടം പറഞ്ഞിട്ടും കേള്‍ക്കണ്ടേ ബി പി പിണങ്ങി തന്നെ ഇരുന്നുഅവധി എഴുതി കൊടുത്തു ഡോക്ടറെ കണ്ടു അവര്‍ റൂമിലേക്ക്‌ പോയി.വിനീത ആകെ തളര്‍ന്നിരുന്നു  റൂമിലെത്തി മെഡിസിന്‍ കഴിച്ചു ഉപ്പിട്ട് ഒരു നരങ്ങവെള്ളവും കുടിച്ചു അവള്‍ ബെഡ്ഡിലേക്ക് ചാഞ്ഞു.എപ്പോളാണ്  ഉറങ്ങിയതെന്നു അറിയില്ല .
                  തന്റെ ശരീരം ഭാരമില്ലതാകുന്നപോലെ .എവിടെയും വെള്ള ഉടുപ്പിട്ട കൂട്ടുകാര്‍.തനിക്കും കിട്ടിയിരിക്കുന്നു മനോഹരമായ ഒരു വെള്ള ഉടുപ്പ് .അങ്ങനെ നടക്കുമ്പോള്‍ വലിയ ഒരു ആള്‍ക്കൂട്ടംവും ബഹളവും എന്താണെന്നു അറിയില്ലല്ലോ? തനിക്കു നല്ല പരിചിതമായ ശബ്ദങ്ങള്‍
അവള്‍ അങ്ങോട്ട്‌ കയറി.ദാ കിടക്കുന്നു വെള്ളത്തുണി പുതച്ച ഒരു പെണ്‍കുട്ടി നല്ല മുഖപരിചയം ഉള്ള കുട്ടി ആണെല്ലോ ? എന്നു ചിന്തിച്ചു നില്‍ക്കുമ്പോളാണ് മനസിലായത് താന്‍ എന്നും കണ്ണാടിയില്‍ കാണുന്ന തന്റെ മുഖം .പഴയ സഹപാഠികള്‍ പലരും പൂച്ചെണ്ടുമായി വന്നു മിഴിനീര്‍ പൊഴിച്ച് കടന്നുപോകുന്നു .അമ്മയും അച്ഛനും സഹോദരനുമൊക്കെ തന്റെ അരുകില്‍ ചലിക്കാന്‍ മറന്ന രൂപങ്ങളെ പോലെ ഇരിക്കുന്നു .അമ്മയുടെ കണ്ണില്‍ നിന്നും ഇടമുറിയാതൊഴുകുന്ന കണ്ണുനീര്‍ തുടക്കാന്‍ കൈകള്‍ നീട്ടിയതാണ് പക്ഷെ തനിക്കു കഴിയുന്നില്ല . ഇന്നി കരയരുതേ എന്നു പറയണമെന്നുണ്ട് ശബ്ദം പുറത്തേക്കു വരുന്നില്ല .അറിയാതെ ഒരു തേങ്ങല്‍ തന്റെ ഉള്ളില്‍നിന്നും ചീളുപോലെ തെറിച്ചുവീണു.ഒരു ചൂടുള്ള മൃദുസ്പര്‍ശം കണ്ണു തുറന്നപ്പോള്‍ റാണി തന്റെ അരുകില്‍ ഇരുന്നു ചോദിക്കുന്നു എന്തുപറ്റി വിനീത ? തന്റെ കണ്ണുകളും നിറഞ്ഞിരിക്കുന്നു .തനിക്കു എന്താണ് സംഭവിച്ചതെന്ന് പറയാന്‍ കഴിയുന്നില്ല . മറ്റേതോ ലോകത്തുനിന്നും ഒരു മടക്കയാത്ര  താന്‍ കണ്ടത് സത്യമോ മിഥ്യുയോ ........?

Tuesday, November 5, 2013

നയനങ്ങള്‍


ആ മിഴികളില്‍  കണ്ടതെന്തു
പൊട്ടിയൊലിക്കാന്‍ വെമ്പിയ-
അരുവിയാണോ അറിയില്ല ?
സഹനമാം തീചൂളയില്‍
പൊന്തി പുകയും അഗ്നിപര്‍വ്വതമോ,
ലാവയായ്‌ പ്രവഹിക്കും
പകയുടെ കനലുകളോ
സ്നേഹതീഷ്ണതയാല്‍
വെന്തു വെണ്ണീറാവാന്‍
കൊതിക്കുമൊരു നിര്‍വ്വികാരതയൊ
ഒരു നോക്ക് കാണാന്‍
ആര്‍ത്തി പൂണ്ട നയനങ്ങളോ
ആ സ്വരം മാത്രം കേള്‍ക്കാന്‍
ചുറ്റും പരതുന്ന കണ്ണുകളോ
ആള്‍കൂട്ടത്തിലലിയുന്ന സാന്നിദ്ധ്യം
എവിടെ മറഞ്ഞെന്നറിയുവാനോ
കാണാതിരിക്കുമ്പോള്‍ പരിഭവമോടെ
നീര്‍തുളുമ്പും നയനങ്ങളോ
ദര്‍ശനനിമിഷമോ
ഇമചിമ്മാന്‍ മറക്കുന്നതും
അകലെയാണെന്നറിയുമ്പോള്‍
ചാമ്പലാക്കാന്‍ ജ്വലിക്കുന്നതും
ആ നയനങ്ങളാണോ ഞാന്‍
അന്നൊരിക്കല്‍ കണ്ടത്...........?



Saturday, November 2, 2013

നിശാഗന്ധി



രാവിന്‍ പ്രണയിനി നിന്‍ സുഗന്ധം
എന്‍ നാസിക തുമ്പിനെ തൊട്ടുണര്‍ത്തി
നിന്‍ സുഗന്ധമെന്നെ തൊട്ടുവിളിച്ചപ്പോള്‍
ഒരു മാത്ര ഞാനും പുളകിതനായി

ചെടിയായ് മണ്ണില്‍ നിന്‍ മുളപൊട്ടിയപ്പോള്‍
എന്നിലെ പ്രണയവും നാമ്പിട്ടു നിന്നോട്
എന്‍റെ ദിനങ്ങളിലോരോ നിമിഷവും
നിന്നടുത്തെത്തി ഞാന്‍ നോക്കി നിന്നു

കൌമാരം മൊട്ടിട്ട നിന്നിലെ മാറ്റങ്ങള്‍
അത്ഭുതമോടെ ഞാന്‍ കണ്ടിരുന്നു
നിന്‍റെ ഇലകളില്‍ ഹരിതവര്‍ണ്ണത്തിന്‍റെ
പച്ചപ്പുകണ്ടപ്പോള്‍   എന്‍മനംചൊല്ലി

അടുത്ത പുലര്‍കാലം എനിക്കുനീയേകിയോ
നിന്നിലെ മൊട്ടിന്റെ പുതു നാമ്പുകള്‍
പ്രണയത്തിന്‍ മാധുര്യമേറി വന്നീടുന്നു
ഓരോ ദിനങ്ങള്‍ കഴിയുമ്പോളും

ഒരു രാവിന്‍ പാതി മയക്കത്തിലറിഞ്ഞുഞാന്‍
പൂവായി വിരിഞ്ഞ നിന്‍ പുതു സുഗന്ധം
കറുപ്പിന്‍റെ അഴകായ രാവിനു വേണ്ടി നീ
വെള്ള ചേലയണിഞ്ഞു വന്നില്ലയോ........

നിന്‍റെ സുഗന്ധത്തിന്‍ തീവ്രാനുരാഗം
മതിയാകുവോളം നുകര്‍ന്നു ഞാന്‍ തൃപ്തനായ്‌
സന്തോഷ പൂര്‍ണ്ണനായ് രാവിന്‍റെ മാറില്‍
ശയനം നടത്തി ഞാന്‍ പുലരുവോളം

പുലരിയില്‍ നിന്നരുകിലെത്തിയ നേരത്ത്
കൂമ്പിയടഞ്ഞു കുമ്പിട്ടു നിന്നു നീ
എന്നിലെ അനുരാഗ പുഷ്പമേയിന്നു നീ
തനിച്ചാക്കിയെന്തിനു  പോയ്‌ മറഞ്ഞു...........?

"എന്നിലെ അനുരാഗ പുഷ്പമേയിന്നു നീ
തനിച്ചാക്കിയെന്തിനു  പോയ്‌ മറഞ്ഞു...........?"