Showing posts with label കഥ. Show all posts
Showing posts with label കഥ. Show all posts

Tuesday, June 27, 2017

വസന്തം വിരിയിച്ച വഴികള്‍

               

                 ഇലത്തുമ്പിലെ മഞ്ഞുതുള്ളിയില്‍ സൂര്യകിരണങ്ങള്‍ പതിച്ച് പൊട്ടിച്ചിതറി ആയിരം പ്രഭ പൊഴിക്കുന്ന സന്തോഷമായിരുന്നു മീരക്ക് ആ നിമിഷം അറിയാതെ അവളുടെ കണ്ണുകളില്‍ നിന്നും ആനന്ദാശ്രുക്കള്‍ ഒഴുകികൊണ്ടിരുന്നു .വിശാഖിന്‍റെ സന്തോഷവും പറഞ്ഞറിയിക്കാന്‍ കഴിയുന്നില്ല .നീണ്ട പത്തുവര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ തങ്ങള്‍ ഒരു അച്ഛനും അമ്മയും ആകാന്‍ പോകുന്നു .നേരാത്ത നേര്‍ച്ചകളില്ല .പോകാത്ത സ്ഥലങ്ങളില്ല ചികിത്സിക്കാത്ത ആശുപത്രികളില്ല.എന്തായാലും ദൈവം തങ്ങളുടെ കണ്ണുനീര്‍ കണ്ടു ഈ നിമിഷം .ബന്ധുക്കളുടെയും നാട്ടുകാരുടെയും മുന്നില്‍ എന്നും പരിഹാസപത്രങ്ങളായിരുന്നു അവര്‍ .പൊതുചടങ്ങുകളില്‍ പങ്കെടുക്കാന്‍ തന്നെ മടിയായിരുന്നു .എന്തെങ്കിലും സംസാരിച്ചിരുന്ന് അവസാനം അവര്‍ക്ക് കുട്ടികളില്ലാത്തതിലായിരിക്കും ആ സംസാരം എത്തിച്ചേരുക . നമ്മുടെ നാടിന്‍റെ ഒരു പ്രത്യേകതയാണല്ലോ സ്വന്തം കുറവുകള്‍ ആര്‍ക്കുമില്ലാത്തപോലെയാണ് മറ്റുള്ളവരെ വിധിക്കാന്‍ കാണിക്കുന്ന വ്യഗ്രത .
അപരന്‍റെ വേദനയില്‍ ചേര്‍ത്തുപിടിച്ചില്ലങ്കിലും അവരെ കുത്തിനോവിക്കാനുള്ള തിടുക്കം ഒന്നു അവസാനിപ്പിച്ചിരുന്നെങ്കില്‍ എത്ര നന്നായിരുന്നു .

                       മീരയും വിശാഖും ഡോക്ടറോട് യാത്ര പറഞ്ഞിറങ്ങുമ്പോള്‍ അവരുടെ സന്തോഷം ഡോക്ടറുടെ കണ്ണുകളില്‍ പോലും സന്തോഷത്താല്‍  തിളക്കത്തിന്‍റെ നനവ് കാണാമായിരുന്നു .കൃത്യമായ ചെക്കപ്പുകള്‍ എല്ലാം നടന്നുകൊണ്ടിരുന്നു .പൂര്‍ണ്ണമായ വിശ്രമം ആവശ്യമായിരുന്നു .അധികം യാത്രകള്‍ പാടില്ലയെന്ന നിര്‍ദ്ദേശം അവര്‍ ദൂരെയുള്ള വീട് അടച്ചിട്ട് ആശുപത്രിയുടെ അടുത്ത് ഒരു കൊച്ചുവീട് വാടകക്കെടുത്തു .മീര നീണ്ട അവധിയെടുത്തു വീട്ടില്‍ തന്നെ കഴിഞ്ഞുകൂടി .നാല്‍പതു പിന്നിട്ട മീരക്ക് ഗര്‍ഭത്തിന്‍റെ ആലസ്യങ്ങള്‍ വളരെ ബുദ്ധിമുട്ട് നിറഞ്ഞതായിരുന്നു .വിശാഖിനും ജോലിസമയം കഴിഞ്ഞു ഓടി വീട്ടില്‍ എത്താനുള്ള തിടുക്കം .കൂട്ടുകാര്‍ക്ക് കളിയാക്കി ചിരിക്കാനുള്ള ഒരു അവസരം .പലപ്പഴും പലരുടെയും ആവലാതികളും നൊമ്പരങ്ങളും നമുക്ക് മനസ്സിലാകാറില്ല .കാരണം നമ്മള്‍ അവരുടെ ഭാഗത്ത്‌ നിന്നും ചിന്തിക്കാറില്ല .നമ്മള്‍ക്ക് കിട്ടിയ സൗഭാഗ്യങ്ങള്‍ എത്ര വലുതാണെന്ന് ഓര്‍ക്കാറില്ല .അതുകൊണ്ട് തന്നെ എത്ര അടുത്ത സുഹൃത്ത് ആയാലും അവര്‍ അനുഭവിക്കുന്ന വേദനയുടെ തീവ്രത നമ്മള്‍ അറിയാറുമില്ല .

                    മാസങ്ങള്‍ നാലു കഴിഞ്ഞു .ഒരു ദിവസം മീരക്ക് കലശലായ വയറുവേദന .വേഗം തന്നെ വിശാഖന്‍ അവളെയും കൊണ്ടു ഹോസ്പിറ്റലിലേക്ക് പാഞ്ഞു .നേരത്തെ ഫോണ്‍ വിളിച്ചു പറഞ്ഞതിനാല്‍ ഡോക്ടര്‍ ഓ .പി യില്‍ നിന്നും പോകാതെ കാത്തിരുന്നു .അവളെ വേഗം തന്നെ പരിശോധന മുറിയിലേക്ക് കൊണ്ടുപോയി .സ്കാനിംഗ്‌ നടത്തിയപ്പോള്‍ കുഞ്ഞിന്‍റെ അനക്കം കുറഞ്ഞിരിക്കുന്നു .വേഗം തന്നെ ട്രീറ്റുമെന്റുകള്‍ ആരംഭിച്ചു .ആ സമയത്തിനുള്ളില്‍ മീരയുടെ മാതാപിതാക്കളും സഹോദരങ്ങളും ഓടിയെത്തി .മീരക്ക് മൂത്തതായി രണ്ടു സഹോദരന്മാരും ഒരു ചേച്ചിയുമാണുള്ളത്‌ . എല്ലാവര്‍ക്കിടയിലും ഒരു മൗനം തളംകെട്ടി നിന്നു എന്തുപറഞ്ഞു ആശ്വസിപ്പിക്കണമെന്നറിയില്ല.ദൈവത്തിന്‍റെ കാരുണ്യം കൊണ്ട് പെട്ടന്ന് തന്നെ മീരയില്‍ മാറ്റങ്ങള്‍ വന്നു തുടങ്ങി .ഡോക്ടര്‍ വിശാഖിനെ റൂമിലേയ്ക്ക് വിളിപ്പിച്ചു .ഇനി മീരക്ക് എപ്പോഴും ശ്രദ്ധ വേണം കൂടെ എപ്പോഴും ആളുവേണം ഏതു നിമിഷവും കുഴപ്പങ്ങള്‍ ഉണ്ടാകാം .അവളുടെ ഗര്‍ഭപാത്രത്തിനു വളരെ കനംകുറവാണ് .അതിനാല്‍ പ്രസവം കഴിയുംവരെ ഹോസ്പിറ്റലില്‍ തന്നെ തുടരുന്നതാകും നല്ലത് .എല്ലാവരും കൂടി ആ തീരുമാനത്തെ ശരിവച്ചു .പിന്നീടുള്ള മാസങ്ങള്‍ പ്രാര്‍ത്ഥനയുടെയും സങ്കടങ്ങളുടെയും ആകെ തുകയായിരുന്നു .എപ്പോഴും ഓരോരോ പ്രശ്നങ്ങള്‍ .പലപ്പോഴും അമ്മയുടെയും കുഞ്ഞിന്‍റെയും ജീവന്‍ തന്നെ അപകടത്തിലാവുന്ന പ്രതിസന്ധിഘട്ടങ്ങള്‍ .ആ ഒരു വര്‍ഷക്കാലം അവരുടെ അഗ്നിപരീക്ഷണങ്ങളുടെ കാലമായിരുന്നു എന്ന് പറയാം .ഏഴു  മാസങ്ങള്‍ പിന്നിട്ടു പറഞ്ഞ ദിവസത്തിനും പതിനഞ്ചു ദിവസത്തിനു മുന്‍പ് തന്നെ മീരക്ക് ഓപ്പറേഷന്‍ വേണ്ടിവന്നു . സാഫല്യത്തിന്‍റെ തേന്മഴയുമായി മിടുക്കന്‍ ഒരു ആണ്‍കുഞ്ഞ് അവര്‍ക്ക് പിറന്നു .മീരയും വിശാഖും അറിഞ്ഞ അനുഭവിച്ച സന്തോഷം വിവരിക്കാന്‍ വാക്കുകള്‍ ഇല്ല .

                   വര്‍ഷങ്ങള്‍ ഒന്നൊന്നായി പൊഴിഞ്ഞുകൊണ്ടിരുന്നു.പൊന്നുണ്ണിയെന്ന ഓമനപേരില്‍ ശോഭിത്ത് വളര്‍ന്നു .അവന്‍റെ അഞ്ചാം പിറന്നാള്‍ ദിവസം രാവിലെ എല്ലാവരും കൂടി അമ്പലത്തില്‍ പോയിമടങ്ങുമ്പോള്‍ മുത്തശ്ശിയുടെയും മുത്തച്ഛന്‍റെയും കൈ പിടിച്ചു നടന്നതാണ് .വിധിയുടെ പ്രഹരമേല്‍പ്പിച്ചുകൊണ്ട്‌  വാഹനത്തിന്‍റെ രൂപത്തില്‍ മരണം മുത്തച്ഛനേയും പേരക്കിടാവിനേയും തട്ടിയെടുത്തു .മീര ബോധം നഷ്ടപ്പെട്ട് കുറേ  ദിവസങ്ങള്‍ തള്ളിനീക്കി .ബോധത്തിന്റെ തലത്തിലേക്ക് കടന്നു വന്നപ്പോള്‍ സമനില തെറ്റിയിരുന്നു .എപ്പോഴും പൊന്നുണ്ണിയെന്നു വിളിച്ചു കൊണ്ടിരിക്കും .ചിലപ്പോള്‍ അലറിക്കരയും ,മരുന്നിന്‍റെ ശക്തിയില്‍ അല്പമൊന്നു മയങ്ങും .ഒരു ദിവസം മീര ഉറങ്ങുന്നത് കണ്ടിട്ടാണ് വിശാഖന്‍ മരുന്ന് വാങ്ങാന്‍ പോയത് തിരികേ വരുമ്പോള്‍ അവരുടെ കിടക്കക്ക് ചുറ്റും വലിയൊരു ആള്‍ക്കൂട്ടം .മീരയുടെ ഉച്ചത്തിലുള്ള ബഹളം കേള്‍ക്കാം ഒപ്പം ഒരു പിഞ്ചുകുഞ്ഞിന്‍റെ വാ കൂട്ടാതെയുള്ള നിലവിളിയും.അവന്‍ എല്ലാവരെയും വകഞ്ഞുമാറ്റി  അടുത്തേക്ക് ചെന്നപ്പോള്‍ കണ്ടത് ഉണ്ടായിട്ട് ഒരു ദിവസത്തില്‍ കൂടുതല്‍ ആകാത്ത ഒരു കുഞ്ഞിനെ മീര കൈകളില്‍ മാറോടു ചേര്‍ത്തിരിക്കുന്നു വൈശാഖനും ആകെ അമ്പരന്നുപോയി എന്താണെന്നു ഒന്നും മനസ്സിലാകുന്നില്ല .അവന്‍ അടുത്തുചെന്നു മെല്ലെ മീരയുടെ അടുത്തിരുന്നു .സംശയത്തിനെ കണ്ണുകളിലൂടെയാണ് വിശാഖനേയും അവള്‍ കണ്ടത് .മയങ്ങാനുള്ള ഇഞ്ചക്ഷന്‍ നല്കി കുഞ്ഞിനെ മേടിച്ചെടുത്തു .ഈ നേരമത്രയും ആ കുഞ്ഞിനെ തേടി ആരും വന്നില്ലയെന്നുള്ളതാണ്  സത്യം .കുഞ്ഞിന്‍റെ അമ്മക്ക് വേണ്ടിയുള്ള തിരച്ചില്‍ ആരംഭിച്ചു .ആരേയും കണ്ടെത്താന്‍ ആശുപത്രി അധികൃതര്‍ക്കു കഴിഞ്ഞില്ല .ഉടനെ പോലീസില്‍ വിവരമറിയിച്ചു .അവര്‍ ശിശുപരിപാലനകേന്ദ്രത്തിലേക്ക് ആ കുഞ്ഞിനെ മാറ്റി .

                    പോലീസില്‍ നിന്നും അന്വേഷണത്തില്‍ എത്തിയതില്‍ വിശാഖന്‍റെ ഒരു സുഹൃത്തും ഉണ്ടായിരുന്നു .അവരുടെ എല്ലാം കാര്യങ്ങളും അയാള്‍ക്ക് അറിയാമായിരുന്നു . വിശാഖന്‍റെ ചിന്തകളില്‍ ഉത്തരം കിട്ടാത്ത കുറേ ചോദ്യങ്ങള്‍ തങ്ങിനിന്നു .ആ കുഞ്ഞ് എങ്ങിനെ മീരയുടെ കൈകളില്‍ വന്നു .ആരുടെ കുഞ്ഞ് ,ആരാണ് ആ കുഞ്ഞിനെ അവളുടെ കൈയ്യില്‍ കൊടുത്തത് .ചിന്തക്ക് തീ പിടിച്ചപ്പോള്‍ അയാള്‍ മെല്ലെ പുറത്തേക്ക്‌ നടന്നു .അലപ്സമയം പുറത്ത് ചുറ്റിക്കറങ്ങി .വീണ്ടും തിരികെയെത്തി .മീരയുടെ അമ്മയോട് അവനൊന്നു വീട്ടില്‍ പോയി വരാമെന്ന് പറഞ്ഞ് ഇറങ്ങി . വീട്ടില്‍ വന്നതുത്തന്നെ ഒന്നു കുളിച്ചു ഫ്രഷ്‌ ആയി പോകാന്‍വേണ്ടിയാണ് .ഒന്നിനും ഒരു മൂഡും തോന്നുന്നില്ല .ജീവിതത്തില്‍ മടുപ്പ് തോന്നിതുടങ്ങിയിരിക്കുന്നു .കുളികഴിഞ്ഞു ഡ്രസ്സ്‌ ധരിച്ച് ഇറങ്ങാന്‍ തുടങ്ങുമ്പോഴാണ് അന്വോഷണതിനെത്തിയ സുഹൃത്തിന്‍റെ ഫോണ്‍ വരുന്നത് .അവരുടെ സംസാരം ആ കുഞ്ഞിനെക്കുറിച്ചായിരുന്നു .

         എന്തുകൊണ്ട് ഒരു കുഞ്ഞിനെ ദത്തെടുത്തു കൂടാ .അന്നുവരെ അവര്‍ അതൊന്നും ചിന്തിച്ചിരുന്നില്ല .ചിലപ്പോള്‍ ഒരു കുഞ്ഞിന്‍റെ സാമീപ്യം മീരയുടെ അസുഖം ഭേദമാക്കിയേക്കും.പിറ്റേന്ന് സുഹൃത്തിനോടൊപ്പം അവര്‍ ശിശുപരിപാലനകേന്ദ്രത്തിലെ ഡയറക്റ്ററെ പോയികണ്ടു .ആ കുഞ്ഞിനെക്കുറിച്ചായിരുന്നു അവിടെയും സംസാരിച്ചത് .വൈശാഖന്‍ ആ കുരുന്നുമുഖം ഒന്നേ കണ്ടോള്ളൂയെങ്കിലും മനസ്സില്‍ പതിഞ്ഞതുപോലെ .ചിലപ്പോള്‍ നമുക്കും അങ്ങനെ തോന്നാറില്ലേ .നമുക്ക് ഒത്തിരി ഇഷ്ടപെടുന്നതിനെ എത്ര ദൂരത്താക്കിയാലും ഒരു നിമിഷംപോലും  നമ്മളില്‍ നിന്നും അകന്നിരിക്കുന്നതായിട്ട്‌ തോന്നാറില്ല .മനസ്സെന്ന മാന്ത്രികചെപ്പില്‍ നിറഞ്ഞു തുളുമ്പികൊണ്ടിരിക്കും ചിലതെല്ലാം പതിഞ്ഞാല്‍ ശിലാലിഖിതമായി തെളിഞ്ഞുനില്ക്കും.

                    ആറുമാസം കഴിഞ്ഞു വരുവാന്‍ അവരോട് പറഞ്ഞ് മടക്കി അയച്ചു .അതുവരെ കുഞ്ഞിന്‍റെ അവകാശികള്‍ വന്നില്ലയെങ്കില്‍ നിയമപരമായി കുഞ്ഞിനെ അവര്‍ക്ക് നല്‍കാനുള്ള നടപടികള്‍ തുടങ്ങാമെന്ന് ഉറപ്പു നല്കി .വിശാഖന്‍ തിരിച്ചെത്തി മീരയുടെ അമ്മയോട് ഈ വിവരം പറഞ്ഞു .അല്പം സങ്കടത്തോടെയാണെങ്കിലും അവര്‍ക്കും തോന്നി നല്ലൊരു തീരുമാനമാണെന്ന്.ഒരു മാസത്തിനു ശേഷം മീരയെ വീട്ടില്‍ കൊണ്ടുവന്നു .ബഹളംമൊന്നും ഇല്ലങ്കിലും പഴയ ചിരിയും കളിയുമോന്നും ഇല്ല .വീട്ടില്‍ കിലുക്കാംപ്പെട്ടിയെപ്പോലെ ഓടിനടന്ന മീര .മൗനത്തിന്‍റെ കൂടാരത്തില്‍ ഒതുങ്ങി ക്കൂടി .അവളെ ആശുപത്രിയില്‍ നിന്നും വീട്ടിലേക്ക്കൊണ്ടുവരുന്നതിനും മുന്‍പേ പൊന്നുണ്ണിയുടെ എല്ലാം സാധങ്ങളും അവളുടെ കണ്ണെത്താത്തിടത്തേയ്ക്ക് മാറ്റിവച്ചു .പലപ്പോഴും നമ്മുടെ  മുന്നിലെ കാഴ്ചകളാണല്ലോ കൂടുതല്‍ വേദനിപ്പിക്കുക .ഓര്‍മ്മയുടെ കയങ്ങളില്‍ നോവിന്‍റെ നെരിപ്പോടുകള്‍ എരിക്കാന്‍ കഴിയുന്ന ചിലത് . വിശാഖന്‍ ജോലിക്ക്പോയിത്തുടങ്ങി. മീരയുടെ അമ്മയായിരുന്നു അവള്‍ക്ക് കൂട്ട്.മാസങ്ങള്‍ കടന്നുപൊയ്ക്കൊണ്ടിരുന്നു കാലത്തിന്‍റെ ഗതിവിഗതികള്‍ അങ്ങനെയാണല്ലോ .ആറുമാസം കഴിഞ്ഞപ്പോള്‍ മീരയേയും കൂട്ടി അയാള്‍ ഒരു ദിവസം ശിശുപരിപാലന കേന്ദ്രത്തില്‍പ്പോയി .മീര കുഞ്ഞുങ്ങളെ കണ്ടപ്പോള്‍ സ്വയം മറന്നുപോയ നിമിഷങ്ങള്‍ . മാതാപിതാക്കളാല്‍ ഉപേക്ഷിക്കപ്പെട്ട കുഞ്ഞുങ്ങള്‍ ഓമനത്തം നിറഞ്ഞ ഈ നിഷ്കളങ്ക മുഖത്തെ പുഞ്ചിരി കാണുമ്പോള്‍ എങ്ങനെയാണ് ഇവരെയൊക്കെ ഉപേക്ഷിച്ചു കടന്നുപോകുക .അവളുടെ കണ്ണുകള്‍ അറിയാതെ നിറഞ്ഞുപോയി.ആ കരച്ചില്‍ വൈശാഖനേയും മറ്റുള്ളവരെയും ഭീതിപ്പെടുത്തി .വീണ്ടുമെന്തെങ്കിലും ഒരു ആവര്‍ത്തനം .ഇല്ല ഒന്നുമുണ്ടായില്ല .അവര്‍ തിരികേ വീട്ടിലെത്തി .മീര വൈശാഖന്‍റെ കൈകള്‍ ചേര്‍ത്തുപിടിച്ചുകൊണ്ടു തന്‍റെ ഒരു ആഗ്രഹം പറഞ്ഞു .ഇതുപോലെ ഉപേക്ഷിക്കപ്പെടുന്ന കുരുന്നുകള്‍ക്ക് ആശ്രയവും അഭയവുമായി അവര്‍ക്കെല്ലാം അച്ഛനുമമ്മയുമായി നമ്മുക്കും മാറിയാലോ .ഒരുപാട് മക്കളുടെ മാതാപിതാക്കള്‍ ആകുവാനായി ദൈവം തരുന്ന ഒരു കണ്ണുതുറക്കലാകാം നമ്മുടെ ജീവിതത്തില്‍ സംഭവിച്ചതെല്ലാം .മീരയുടെ ഈ സംസാരം വൈശാഖിനെപ്പോലും അത്ഭുതപ്പെടുത്തി .അവരുടെ തീരുമാനം സുഹൃത്തുക്കളെയെല്ലാം അറിയിച്ചു .അവരുടെ പൂര്‍ണ്ണപിന്തുണ അറിയിച്ചു .വൈശാഖന്‍റെ വീട്ടില്‍ അറിഞ്ഞപ്പോള്‍ അവര്‍ പ്രശ്നമുണ്ടാക്കി .മക്കളില്ലാത്ത അവരുടെ സ്വത്തുക്കള്‍  അനാഥര്‍ക്ക് കൊടുക്കുമല്ലോയെന്നോര്‍ത്തപ്പോള്‍.

                   പിന്നീടുള്ള ദിവസങ്ങള്‍ അവരുടെ വീട്ടിലേയ്ക്ക് അനാഥത്വത്തിന്‍റെ  ലേബലില്‍ നിന്നും സനാതനത്തിന്‍റെ ചിത്രശലഭങ്ങള്‍ പറന്നെത്തി .പല പ്രായത്തിലുള്ള കുഞ്ഞുങ്ങള്‍ അവര്‍ക്കിടയില്‍ അച്ഛനുമമ്മയുമായി വൈശാഖനും മീരയും .അവരുടെ ജീവിതത്തില്‍ സന്തോഷത്തിന്‍റെ ദീപം തെളിഞ്ഞു .കഴിഞ്ഞകാലങ്ങളില്‍  സംഭവിച്ച മുറിവുകള്‍ക്കെല്ലാം പുരട്ടുന്ന ഔഷധമായി ആ കുരുന്നുകളുടെ ചിരിയും കരച്ചിലും ആട്ടവും പാട്ടുമെല്ലാം .

                        കുഞ്ഞുങ്ങളെ തെരുവിലെറിഞ്ഞ് കടന്നുകളയുന്നവര്‍ അറിയുന്നുണ്ടോ ഒരു കുഞ്ഞില്ലാത്തതിന്‍റെ നൊമ്പരം .കുഞ്ഞുങ്ങളോട് ക്രൂരതകാണിക്കുന്നവര്‍ ചിന്തിക്കുന്നുണ്ടോ ആ വേദനകള്‍ ,മാതാപിതാക്കളായ നമ്മള്‍ നമ്മുടെ കുഞ്ഞുങ്ങളെ  മാസത്തില്‍ ഒന്നെങ്കിലും ഏതെങ്കിലുമൊക്കെ അനാഥാലയങ്ങളില്‍ കൊണ്ടുപോകുക .അവിടുത്തെ കുട്ടികളോടൊപ്പം കുറച്ചുസമയം ചിലവഴിക്കാന്‍ വിടുക, വീട്ടില്‍ എല്ലാറ്റിനും വാശിപിടിക്കുന്ന കുട്ടികളെ പ്രത്യേകിച്ചും .കുറച്ചു നാളുകള്‍ കഴിയുമ്പോള്‍ നമുക്കുതന്നെ മനസ്സിലാകും നമ്മുടെ കുട്ടികളില്‍ വന്ന മാറ്റം .കണ്ടും അറിഞ്ഞും അവരുടെയിടയില്‍ നില്ക്കുമ്പോള്‍ സ്വന്തം കുടുംബത്തില്‍നിന്നും കുട്ടികള്‍ക്ക് കിട്ടുന്ന സുഖവും സന്തോഷവും മനസ്സിലാക്കാനും തിരിച്ചറിയാനും സാധിക്കുന്നു .മാതാപിതാക്കള്‍ ശിക്ഷണം നല്‍കുമ്പോള്‍ സ്വന്തം നന്മക്ക് വേണ്ടിയാണെന്ന്തോന്നിത്തുടങ്ങും .മിക്ക കുട്ടികളേയും തെറ്റു കാണുമ്പോള്‍ ശാസിച്ചാല്‍ അവരോടുള്ള ഇഷ്ടകുറവ്കൊണ്ടാണെന്ന് അവരാദ്യം പറയും .അവരുടെ മനസ്സില്‍ തറഞ്ഞുകിടക്കുന്ന ഒരു ഭാവം അതാണ്‌ .ഇന്നത്തെ കുരുന്നുകള്‍ നാളത്തെ നാടിന്‍റെ ഭാവിയാണ് .ഒരുപാട് മീരമാരും വൈശാഖന്‍മാരും നമുക്കിടയിലുണ്ട് .സ്നേഹത്തിന്‍റെ സഹായഹസ്തവുമായി അവരെപ്പോലുള്ളവര്‍ക്കിടയില്‍ നമുക്കും കടന്നുചെല്ലാം.ആശ്വാസത്തിന്‍റെ വാക്കുകള്‍ പകരുമ്പോള്‍ അവരനുഭവിക്കുന്ന സന്തോഷം നമ്മുടെ കുഞ്ഞുങ്ങളും കണ്ടുവളരട്ടെ.





Monday, October 10, 2016

പൊരുതി നേടിയ പൊന്‍തിളക്കം

                       
http://www.britishpathram.com/index.php?page=newsDetail&id=49048

                    അമ്മു ഡ്യൂട്ടി  കഴിഞ്ഞു വന്നപ്പോള്‍ വല്ലാത്തൊരു ക്ഷീണം .നാളെ അവധിയല്ലേ .സുഖമായി ഒന്നുറങ്ങാം. പ്രിയകൂട്ടുകാരി റീത്ത ഡ്യൂട്ടി കഴിഞ്ഞു വരാന്‍ ഇനിയും സമയമുണ്ട് അവള്‍ക്ക് ഈവിനിംഗ് ഡ്യൂട്ടിയാണ് അവള്‍ വരും മുന്‍പേ നല്ലൊരു ഉറക്കം കഴിഞ്ഞ് എഴുന്നേല്‍ക്കാം . കൈയ്യും മുഖവും കഴുകി മെല്ലെ കിടക്കയിലേക്ക് ചാഞ്ഞു.ഉറക്കത്തിന്‍റെ ആലസ്യം  കണ്ണുകളെ നന്നായി തഴുകുന്നുണ്ടെങ്കിലും എന്തെക്കെയോ ഓര്‍മ്മകള്‍ കുത്തിനോവിച്ചുകൊണ്ട് ഉറക്കത്തെ തടഞ്ഞുനിര്‍‍ത്തി.ഇന്ന് തന്‍റെ മുന്‍പില്‍ ചികിത്സക്കായി കടന്നുവന്ന ആ  റഷ്യന്‍ പെണ്‍കുട്ടി പറഞ്ഞകാര്യങ്ങളാണ്  തന്നെ ഇത്രയും സമയവും അലോസരപ്പെടുത്തികൊണ്ടിരിക്കുന്നത് . കുറച്ചുസമയത്തെ മാനസികയുദ്ധത്തിനു വിരാമമിട്ടുകൊണ്ട് അമ്മുവും ഉറക്കവും സുഹൃത്തുക്കളായി .

                       താക്കോല്‍ വാതില്‍ പഴുതില്‍ തിരിയുന്ന ശബ്ദംകേട്ടാണ് അവള്‍ കണ്ണുതുറന്നത് .ങേ ! സമയം ഇത്രയുമായോ ക്ലോക്കിലെ സൂചി  10 .30 ല്‍ എത്തിനില്‍ക്കുന്നു ഇന്നും നല്ല ഉറക്കം നടത്തിയല്ലേ റീത്തയുടെ ശബ്ദംകേള്‍ക്കാം .എന്നിട്ടും അമ്മുവിന് ഒന്നും സംസാരിക്കാന്‍ തോന്നിയില്ല .ഇന്ന് എന്താണ് മാഡത്തിനു ഒരു മിണ്ടാട്ടം  ഇല്ലാത്തത്‌. ഹെഡ് വഴക്കുപറഞ്ഞോ  കൂട്ടുകാരിയുടെ കളിയാക്കലൊന്നും അമ്മു കേട്ടതേയില്ല .താന്‍ കടന്നുവന്ന വഴികളിലൂടെ നടക്കുന്നവര്‍ ലോകത്തിന്‍റെ എല്ലാ ഭാഗത്തും ഇന്നുമുണ്ടെന്നുള്ള അറിവുകള്‍ അവളെ ചുട്ടുപൊള്ളിച്ചുകൊണ്ടിരുന്നു .മറക്കാന്‍ ശ്രമിക്കും തോറും ഓര്‍മ്മിപ്പിക്കാനായി  കടന്നുവരുന്നവര്‍ .ആരും മനപൂര്‍വ്വം അല്ലാട്ടോ ...കാലമെത്ര മാറിയാലും മനുഷ്യന്‍റെ മാറാത്ത മനസ്ഥിതിയാണ് ഇന്നും .

                         അവധി ദിവസമായാല്‍ അവര്‍ക്ക് പറയാന്‍  ഒരുപാട്  കഥകള്‍ പറയാനുണ്ടാകും വെറും കഥകള്‍ അല്ല .സ്റ്റേജില്‍ അരങ്ങേറുന്ന നാടകങ്ങളെ വെല്ലുന്ന പച്ചയായ ജീവിത സത്യങ്ങള്‍ .അമ്മുവും റീത്തയും കടലിന്‍റെ തീരത്തുള്ള ഫ്ലാറ്റിലാണ് താമസം .കടല്‍ത്തിരകള്‍ കരയോട് കിന്നരിക്കുന്നതും തിരികെ മടങ്ങുമ്പോള്‍ ഓര്‍മ്മക്കായ്‌  നല്‍കിയ സമ്മാനം പോലെ അവശേഷിപ്പിച്ചുപോകുന്ന കക്കയും ചിപ്പിയും അങ്ങിങ്ങായ്‌ ചിതറികിടക്കുന്നതും മനസില്‍ വേലിയേറ്റവും വേലിയിറക്കവും പോലെ സൃഷ്ടിക്കപ്പെടുന്ന ഒരു മനോഹരമായ കാഴ്ചതന്നെ .എത്ര കണ്ടാലും മതിയാകാത്ത ചിത്രം .കടലിലേക്ക്‌ തുറന്നിരിക്കുന്ന ബാല്‍ക്കണിയില്‍ അവധി ദിവസങ്ങളില്‍ അവരുടെ ലോകം തീര്‍ക്കപ്പെടുന്നു .കടലിന്‍റെ ഉപ്പുരസമുള്ള ഈറന്‍കാറ്റിന്‍റെ തഴുകലില്‍ ഇരുന്നാല്‍ സമയം പോകുന്നതറിയില്ല .
                                  അന്നത്തെ ദിവസം അമ്മു പതിവില്ലാതെ അസ്വസ്ഥമാണെന്ന് റീത്തക്കു തോന്നി അവള്‍ പലവട്ടം ചോദിച്ചിട്ടും അമ്മു ഒന്നും മിണ്ടിയില്ല .വെള്ളാരംകല്ലിന്‍റെ തിളങ്ങുന്ന പ്രകാശം ആ കണ്ണുകളില്‍ ഇപ്പോള്‍ കാണുന്നില്ല .പകരം നീര്‍പളുങ്കുകള്‍ നിറഞ്ഞുനില്‍ക്കുന്നു .വെളുത്തു തുടുത്ത നുണക്കുഴി കവിളില്‍ പുഞ്ചിരിയുടെ അകമ്പടിയില്ല .രണ്ടുവര്‍ഷമായി ഞങ്ങള്‍ ഒരുമിച്ചു താമസം തുടങ്ങിയിട്ട് ഇതുവരെ അവളെ ഇങ്ങനെ കണ്ടിട്ടില്ല .റീത്തക്കു നല്ല വിഷമം തോന്നിയെങ്കിലും അവള്‍ കൂടുതലൊന്നും പറയാതെ അമ്മുവിനെ തനിച്ചു വിട്ടു . നാല്ലൊരു കോഫി ഉണ്ടാക്കി വീണ്ടും അമ്മുവിന്‍റെ അരികിലേക്കെത്തി.

                       കുറച്ചുകഴിഞ്ഞപ്പോള്‍ അമ്മു പറഞ്ഞു തുടങ്ങി.ചെറുപ്പം മുതല്‍ വീട്ടില്‍ എല്ലാവരുടെയും വഴക്കും അടിയും തനിക്കായിരുന്നു .മൂന്ന് ചേച്ചിമാരാണ് അമ്മുവിന് .അച്ഛന്‍ ബിസിനസ്സു കാരന്‍ അമ്മ ആര്‍ .ഡി .ഓ  ഓഫീസില്‍ ജോലിചെയ്യുന്നു .അമ്മയും അച്ഛനും ജോലി കഴിഞ്ഞു വരുമ്പോള്‍ കൊണ്ടുവരുന്ന പലഹാര പൊതിയും ചേച്ചിമാരുടെ കൈകളില്‍ത്തന്നെ .താന്‍ കൈനീട്ടിയാല്‍ അല്പം മുറിച്ചു തന്നങ്കിലായി.കരഞ്ഞിട്ടും പ്രയോജനമില്ലന്നു മനസ്സിലാക്കിയിട്ടും കുഞ്ഞുമനസ്സ് കരഞ്ഞുകൊണ്ടിരിക്കും .ചേച്ചിമാരുടെ കളര്‍പെന്‍സില്‍ ഒന്നെടുത്താല്‍ അന്നത്തെ കാര്യം പറയണ്ട .അവരുടെ വീതം അടി ഉറപ്പാ .അമ്മയുടെ കൈയ്യില്‍നിന്നും സ്പെഷ്യല്‍ അടി തനിക്കു വാങ്ങിത്തരാന്‍ ചേച്ചിമാര് മത്സരിക്കുന്നതും . എല്ലാറ്റിനും കുറ്റമെനിക്കു തന്നെ .എന്തെങ്കിലും നഷ്ടപ്പെടുത്തിയാല്‍ ചേച്ചിമാര്‍ പറയും അമ്മു എടുത്തു നശിപ്പിച്ചതാണെന്ന് .ആകെ ഒരു ആശ്വാസം വീട്ടുജോലിക്ക് വരുന്ന ആയമ്മയാണ് .അവരുടെ മടിയില്‍ കയറിയിരിക്കുമ്പോള്‍ സ്നേഹത്തോടെയുള്ള  തലോടല്‍ തന്‍റെ അമ്മയുടെ അടുത്തുനിന്നും എത്ര കൊതിച്ചിരിക്കുന്നു.അമ്മ വൈകിട്ട് എത്തിയാല്‍  ആ മടിയില്‍ ഒന്ന് കയറിയിരിക്കാന്‍ ചെന്നാല്‍ അതിനുമുന്‍പേ ചേച്ചിമാര്‍ സ്ഥാനം പിടിക്കും തനിക്കൊരിക്കലും സ്ഥാനമില്ലായിരുന്നു .അമ്മയുടെ കൈകളില്‍നിന്നും ഒരു ഉരുളചോറ് വാങ്ങി കഴിക്കാന്‍ എത്രകൊതിച്ചിരിക്കുന്നു . അമ്മയുടെ വിരല്‍തുമ്പില്‍ പിടിച്ചു പുറത്തുനടക്കാനെത്ര ആശിച്ചു .താന്‍ എല്ലായിടത്തും അവഗണനയുടെ കഥാപാത്രമായിരുന്നു .കുരുത്തംകെട്ടവള്‍ എന്ന വിളിപ്പേര് ചെറുപ്പംമുതല്‍ കേട്ട് ശീലിച്ചത്.
                     അച്ഛന്‍ ഓഫീസില്‍ നിന്നും വരുമ്പോള്‍ ഫയലുകള്‍ മേശപ്പുറത്ത് വയ്ക്കുമ്പോള്‍ ഒന്നു പിടിച്ചുനോക്കാനുള്ള കൊച്ചു കൗതുകം .ഒരിക്കല്‍ കസേരയില്‍ പിടിച്ചു കയറിയതാ താഴെവീണതിന്‍റെ വേദന . ആരും പിടിച്ചെഴുനേല്‍പ്പിക്കാന്‍ വന്നില്ല  അവിടെക്കിടന്നു കുറെകരഞ്ഞു  പിന്നെ എഴുന്നേറ്റു .അവഗണനയുടെ വേദനയായിരുന്നു മുറിപ്പെടുത്തിയത് .അച്ഛന്‍ പറയുന്നേ കേള്‍ക്കാം അശ്രീകരത്തിനെ ഒന്ന് എടുത്തോണ്ട്പോകുന്നുണ്ടോ .
അമ്മയുടെ അടിയും ശകാരവും ഉറപ്പാ .എന്തിനായിരിക്കും എപ്പോഴും എല്ലാവരും തന്നെമാത്രം ഇങ്ങനെ വഴക്കുപറയുന്നത് .അതു മാത്രം മനസ്സിലാക്കാന്‍ ഉള്ള അവസ്ഥയില്‍ താനെത്തിയിരുന്നില്ല.

                     സ്കൂളില്‍ പോകാന്‍ തുടങ്ങിയതോടെ സന്തോഷത്തിന്‍റെ കിരണങ്ങള്‍ കാണാന്‍ തുടങ്ങി ജീവിതത്തിതില്‍.ക്ലാസ്സില്‍ നിറയെ കൂട്ടുകാര്‍ അവരോടൊപ്പം കളിക്കാം .അവര്‍ തരുന്ന മിട്ടായി തുണ്ടുകള്‍ക്ക് എന്ത് രുചിയായിരുന്നു .തന്‍റെ വീട്ടില്‍ താന്‍ ഒത്തിരി കൊതിച്ചകാര്യം . ക്ലാസ്സിലെ ഏറ്റവും മിടുക്കി താനായിരുന്നു പഠനത്തിലായാലും കലാകായിക പ്രവര്‍ത്തനത്തിലായാലും .അദ്ധ്യാപകരുടെ പ്രിയപ്പെട്ട ശിഷ്യ . സമ്മാനങ്ങളുമായി ഓടി വീട്ടില്‍ ചെല്ലുമ്പോള്‍ അമ്മ അടുക്കളയില്‍ തിരക്കിലായിരിക്കും .അടുത്തുചെന്ന് സമ്മാനം നീട്ടുമ്പോള്‍ ഒന്ന് നോക്കുകപോലും ചെയ്യാതെ അവിടെങ്ങാനും കൊണ്ടുവെയ്ക്ക് .പിന്നീടു നോക്കാമെന്നതണുത്ത മറുപടി  തന്നെ വല്ലാതെ മുറിപ്പെടുത്തി .ആരും കാണാതെ വീടിന്‍റെ പിന്നാംമ്പുറത്ത് പോയിരുന്നു കരയുമ്പോള്‍ ആയമ്മയുടെ   തണുത്തമെല്ലിച്ച  കൈകള്‍ എപ്പോഴും തനിക്കു ആശ്വാസമായിരുന്നു .
                        ആയമ്മ  പ്രായം അവരെ വല്ലാതെ കീഴ്പ്പെടുത്തിയിരുന്നു .എങ്കിലും വീട്ടിലെ ബുദ്ധിമുട്ടുകള്‍ പണിക്കുപോകാന്‍ അവരെ നിര്‍ബന്ധിതമാക്കി .ആയമ്മക്ക്‌ നാല് മക്കള്‍ .ഭര്‍ത്താവ് രാമേട്ടന്‍ നേരത്തെ മരിച്ചുപോയി .മക്കള്‍ രണ്ടാണും രണ്ടു  പെണ്ണും .ഒരു മോളെ മാത്രം കെട്ടിച്ചയച്ചു അവര്‍ ദൂരെയെവിടെയോ ആണ് .മറ്റു മൂന്നു മക്കളും ഓട്ടിസമുള്ളവര്‍ സ്വന്തം കാര്യങ്ങള്‍ ചെയ്യുവാന്‍ പരസഹായം വേണ്ടവര്‍ .വാര്‍ദ്ധ്യക്യത്തില്‍ താങ്ങും തണലുമാകേണ്ട മക്കള്‍, .പകലന്തിയോളം പണിയെടുത്ത് പുല്ലുമേഞ്ഞു ചാണകം മെഴുകിയ ആ ഒറ്റമുറി വീട്ടിലേക്കു കയറിചെല്ലുമ്പോള്‍  വിസര്‍ജ്ജ്യങ്ങളില്‍ കിടക്കുന്ന മക്കള്‍ .ആ അമ്മയുടെ വേദന പറയാന്‍ എനിക്കു കഴിയുന്നില്ല റീത്ത .പലപ്പോഴും ആയമ്മ പറയുന്നേ കേള്‍ക്കാം രാമേട്ടന്‍ ഭാഗ്യവാന്‍ ആണെന്ന് .ഞാന്‍ ചിന്തിക്കാറുണ്ട് നേരത്തെ മരിച്ചവര്‍ ഭാഗ്യവാന്‍മാരോ .അല്‍പംകൂടി മുതിര്‍ന്നപ്പോഴല്ലേ ആയമ്മ പറഞ്ഞതിന്‍റെ പൊരുള്‍ എനിക്കു മനസ്സിലായത് .ഇതൊന്നും കാണാതെയും അനുഭവിക്കാതെയും നേരത്തെ പോയ രാമേട്ടന്‍തന്നെയാ ഭാഗ്യവാനെന്നു എനിക്കും തോന്നിത്തുടങ്ങി .

                                 ഒരിക്കല്‍ ആയമ്മ അമ്മയോട് സംസാരിക്കുന്നതു കേട്ടു തന്നെകുറിച്ചാണെന്ന് മനസ്സിലായി .അമ്മുവെന്നു മാത്രം കേട്ടു .പിന്നീട് ആയമ്മയോടു ചോദിച്ചു എന്താണ് കാര്യമെന്ന് . ഇലഞ്ഞിക്കര തറവാട്ടിലെ അവസാനത്തെ ഏക ആണ്‍ തരി തന്‍റെ അച്ഛനായിരുന്നു .തന്‍റെ മൂത്ത ചേച്ചിമാര്‍ ജനിച്ചപ്പോള്‍ എല്ലാവരും കുറ്റപ്പെടുത്താന്‍ തുടങ്ങി നാലാമതും അമ്മ ഗര്‍ഭിണിയായപ്പോള്‍ ഇത്തവണ ആണ്‍കുട്ടിയായിരിക്കുമെന്നു എല്ലാവരും കണക്കുകൂട്ടി .അന്നത്തെ കാലത്ത് സ്കാന്‍ചെയ്യ്തു ആണോ പെണ്ണോ എന്ന് നോക്കാനുള്ള സംവിധാനം ഒന്നും ആയിട്ടില്ല .ഉണ്ടായിരുന്നെങ്കില്‍ ഇന്നീ ഭൂമിയില്‍ നിന്‍റെ മുന്നില്‍ കഥപറയാന്‍ ഞാന്‍ ഉണ്ടാകുമായിരുന്നില്ല .അമ്മുവിന്‍റെ കണ്ണുകള്‍ പൊട്ടി ഒഴുകികൊണ്ടിരുന്നു .എന്തുപറഞ്ഞു ആശ്വസിപ്പിക്കണമെന്ന് റീത്തക്കും അറിയില്ല .അമ്മു ജനിച്ചപ്പോള്‍ കുട്ടി പെണ്ണാണെന്നറിഞ്ഞപ്പോള്‍ ആരും കാണാന്‍ വന്നില്ല  അച്ഛന്‍ പറഞ്ഞുപോലും അശ്രീകരത്തിനെ എവിടെങ്കിലും കളഞ്ഞിട്ടു വീട്ടിലേക്കു  പോന്നാമതിന്ന് . എല്ലാവരുടെയും കുത്തുവാക്കുകളും കുറ്റപ്പെടുത്തലും അമ്മയും തന്നെ വെറുത്തു .ഈ കുരുത്തംകെട്ടത് വന്നതില്‍പിന്നെ എനിക്കു ഒരു സ്വസ്ഥതയും കിട്ടിയിട്ടില്ലയെന്ന് അമ്മയെപ്പോഴും പറയുന്നതിന്‍റെ അര്‍ഥം മനസ്സിലാക്കാന്‍ കുറെക്കാലം കഴിയേണ്ടിവന്നു.തന്‍ പെണ്ണായി ജനിച്ചത്‌ തന്‍റെ കുറ്റമാണോ .ഇപ്പോഴും ഇങ്ങനൊക്കെ ചിന്തിക്കുന്ന മാതാപിതാക്കള്‍ ഉണ്ട് റീത്ത .ഇന്ന് ചികിത്സക്കായി കടന്നുവന്ന ആ റഷ്യന്‍ പെണ്‍കുട്ടി അവളും ഇതേ അവസ്ഥയിലൂടെ കടന്നുപോകുവാ .മറക്കാന്‍ ശ്രമിക്കുന്നയെന്‍റെ  ഓര്‍മ്മകള്‍  ഇന്ന് ഊതി തെളിച്ചത് അവളുടെ മാനസികവേദനയുടെ ഭാണ്ഡത്തിലാണ്  .

                            പഠിക്കാന്‍ മടിച്ചിമാരായിരുന്ന ചേച്ചിമാര്‍ പത്താംതരം പലവട്ടം പയറ്റിയിട്ടും കരകയറാന്‍ കഴിഞ്ഞില്ല . അമ്മു പഠിച്ചു കോളേജും കഴിഞ്ഞു മെഡിക്കല്‍ എന്‍ട്രന്‍സ്‌ മികച്ച റാങ്കു നേടി പ്രവേശനം നേടി .ദൂരേക്ക് പഠിക്കാന്‍ പോകണ്ട പെണ്‍കുട്ടികള്‍ അടങ്ങിയൊതുങ്ങി വീട്ടില്‍ ഇരുന്നാല്‍ മതിയെന്ന അച്ഛന്‍റെ ഓര്‍ഡര്‍, അമ്മയുടെ ശാസന ,ചേച്ചിമാരുടെ അസൂയനിറഞ്ഞ ദേഷ്യം എല്ലാംകൂടി ഭ്രാന്തമായ ഒരു അവസ്ഥയിലായിരുന്നു താനന്നു.അന്ന് ആദ്യമായി എല്ലാവരുടെയും ശാസനകള്‍ക്കപ്പുറം തന്നെ ചിന്തിക്കാന്‍ പ്രേരിപ്പിച്ചതും മറികടക്കാന്‍ കഴിഞ്ഞതും  തന്‍റെ സ്കൂള്‍ ടീച്ചര്‍ ആയിരുന്ന മേരി ടീച്ചറിന്‍റെ  സ്നേഹസാന്ദ്രമായ ഇടപെടലുകളും ധൈര്യം പകര്‍ന്നുതന്ന വാക്കുകളുമായിരുന്നു .വിവാഹിതയായി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും മക്കളില്ലാതെ ഒത്തിരി വേദനിച്ചു ടീച്ചര്‍ .ഭര്‍ത്താവ്‌ ഉപേക്ഷിച്ചു പോയി .പിന്നീടുള്ള ജീവിതം വനിതാ ഹോസ്റ്റലിലായിരുന്നു .ഒരു ജോലി ഉള്ളതുകൊണ്ട് പട്ടിണികിടക്കേണ്ടി വന്നില്ല .മറ്റുള്ളവര്‍ക്ക് കൊച്ചുകൊച്ചു സഹായങ്ങള്‍ ചെയ്യാനും കഴിയുന്നുണ്ട് .
                                   വീട്ടില്‍ ആദ്യമൊക്കെകരഞ്ഞുനോക്കി  വഴക്കിട്ടുനോക്കി  ഒരു പ്രയോജനവും ഉണ്ടായില്ല .അച്ഛന്‍ വാശിയില്‍ ഉറച്ചുനിന്നു . തന്നെ ധിക്കരിച്ച് വീട്ടില്‍നിന്നും ഇറങ്ങിയാല്‍ പിന്നെ തിരികെ വീട്ടിലേക്കു കയറണ്ടയെന്ന വാക്കുകള്‍ കേട്ടതും നെഞ്ചുരുകുന്ന സങ്കടത്തോടെ വീട്ടില്‍നിന്നും ഇറങ്ങേണ്ടിവന്നു .അഡ്മിഷന്‍ എടുക്കാനും തന്നെ ഹോസ്റ്റലില്‍ ആക്കാനും ചേര്‍ത്തുനിറുത്തി ആശ്വസിപ്പിക്കാനും ദൈവദൂതയെപോലെ  മേരിടീച്ചര്‍ . പഠിക്കാന്‍ കഴിവുള്ള കുട്ടികള്‍ക്കു സഹായം ലഭിക്കാന്‍ സ്കോളര്‍ഷിപ്പ്  കിട്ടുമെന്ന  അറിവ് .അപേക്ഷ കൊടുത്തു .ഈശ്വരന്‍ അവിടെയും തുണച്ചു .അങ്ങനെ പഠനച്ചിലവിനും ഒരു പരിഹാരമായി .ഹോസ്റ്റല്‍ ഫീസ് കൊടുക്കാന്‍വേണ്ടി അധികാരികളുടെ അനുവാദത്തോടെ ചെറിയകുട്ടികള്‍ക്ക് ട്യൂഷന്‍ എടുത്തു .പഠനത്തിന്‍റെ അഞ്ചു വര്‍ഷങ്ങള്‍ ഒരു പോരാട്ടം തന്നെയായിരുന്നു  പഠനത്തില്‍ മാത്രം ശ്രദ്ധിച്ചു റാങ്കോടെ അവിടെയും പാസ്സായി . ഉന്നതപഠനത്തിനായി വിദേശത്തേക്ക് പറിച്ചുനടപ്പെട്ടു .പഠനശേഷം അവിടെതന്നെ ജോലിയും നേടി .
                             വീട്ടില്‍ നിന്നും പോന്നിട്ടു വര്‍ഷങ്ങള്‍ 9 കഴിഞ്ഞു ഇടയ്ക്കു പലവട്ടം കത്തുകള്‍ അയച്ചിരുന്നു .കൈപ്പറ്റിയിട്ട് ഒരു മറുപടിപോലും ലഭിച്ചില്ല .എല്ലാവരെയും കാണുവാന്‍ ആഗ്രഹം ഉണ്ടായിരുന്നു .പണ്ടൊരിക്കല്‍ വീട്ടില്‍ ചെന്നപ്പോഴുള്ള അനുഭവം പിന്നെയൊരിക്കലും ആ സാഹസത്തിനു മുതിരാന്‍അനുവദിച്ചില്ല .അവധിക്കു നാട്ടില്‍ പോയി മേരിടീച്ചറോടൊപ്പം ചിലവഴിച്ചു തിരികെപോരേണ്ടിവന്നു . തന്‍റെ ചേച്ചിമാരെയെല്ലാം വിവാഹം കഴിച്ചയച്ചുവെന്നറിയാന്‍ കഴിഞ്ഞു .സ്വത്തുക്കള്‍ എല്ലാം ചേച്ചിമാര്‍ക്കു മൂന്നുപേര്‍ക്കുമായി പങ്കുവച്ചു . അച്ഛനുമമ്മയും ഓരോ മാസവും ചേച്ചിമാരുടെ വീടുകളില്‍  മാറി മാറി നില്‍ക്കുന്നു .മുപ്പതുദിവസം കഴിഞ്ഞാല്‍ അടുത്തദിവസംകൂടി ഒരു വീട്ടില്‍ കാണില്ല. മാതാപിതാക്കള്‍ മക്കള്‍ക്ക്‌ ഭാരമാകാന്‍ തുടങ്ങിയിരിക്കുന്നു .അവര്‍ മൂന്നുപേരും കൂടി ആലോചിച്ചു അവരെ ഒരു വൃദ്ധസദനത്തില്‍ ആക്കി . ജീവിതത്തില്‍ ഇന്നുവരെ അനുഭവിക്കാത്ത വേദന അവരും അറിയാന്‍ തുടങ്ങി .അന്നാദ്യമായി അവര്‍ അമ്മുവെന്ന പേര് ഓര്‍മ്മിക്കാന്‍ തുടങ്ങി .അവളോട്‌ ചെയ്തതിന്‍റെ ശിക്ഷയാവും ഇപ്പോള്‍ അനുഭവിക്കുന്നതെന്നു പരസ്പരം പറഞ്ഞു സങ്കടപ്പെട്ടു .
               പെട്ടന്നൊരു ദിവസം അമ്മുവിന്‍റെ അച്ഛന്  കലശലായ നെഞ്ചുവേദന .പെട്ടന്ന് ആശുപത്രിയില്‍ എത്തിച്ചതിനാല്‍ രക്ഷപെട്ടു .എത്രയും പെട്ടന്ന് ഒരു ഓപ്പറേഷന്‍ വേണം .കുറച്ചു പണം അടക്കണം .ഒരു രൂപ പോലും തികച്ചു എടുക്കാനില്ലാത്ത അവര്‍ എന്തുചെയ്യാന്‍ .മക്കളെ വിവരമറിയിച്ചു .ഓരോ കാരണങ്ങള്‍ പറഞ്ഞു അവരെല്ലാം കൈ മലര്‍ത്തി .ഒന്ന് വന്നു കാണാന്‍ കൂടിയുള്ള സന്മനസ്സു കാണിക്കാത്ത മക്കള്‍ . ഇതറിഞ്ഞ മേരിടീച്ചര്‍ അമ്മുവിനെ വിവരം അറിയിച്ചു .അമ്മു പണം അയച്ചു തൊട്ടടുത്ത ദിവസം തന്നെ നാട്ടിലേക്കു വരാനുള്ള ടിക്കറ്റുമെടുത്തു .ഓപ്പറേഷന്‍ കഴിഞ്ഞു .മൂന്ന് ആഴ്ചക്ക് ശേഷം ആശുപത്രി വിട്ടു .നന്നായി ശ്രദ്ധിച്ചില്ലങ്കില്‍ ഇന്‍ഫക്ഷന്‍ ആകും .സദനത്തിലേക്ക് കൊണ്ടുപോകാന്‍ പറ്റില്ല .അമ്മു എന്തുചെയ്യണമെന്ന് അറിയാതെ ആകെ വിഷമിച്ചു അവള്‍ ഒരു ചെറിയ വീട് വാടകയ്ക്ക് എടുത്തു .നോക്കാന്‍ ഒരു ആളെയും ഏര്‍പ്പാട് ചെയ്തു .തിരികെ പോകണ്ട സമയമായി അമ്മു ടീച്ചറെ എല്ലാം പറഞ്ഞേല്‍പ്പിച്ചു മടങ്ങി .പോകാന്‍ നേരത്തെ യാത്രപറച്ചില്‍ അച്ഛന്‍ ഒന്നും മിണ്ടിയില്ലഎല്ലാറ്റിനും സാക്ഷിയായ്  ധാരയായ് ഒഴുകികൊണ്ടിരുന്ന കണ്ണുനീര്‍ മാത്രം . എല്ലാ തെറ്റുമേറ്റുപറഞ്ഞു ക്ഷമ ചോദിക്കുന്ന യാചനയായ് ആ കണ്ണുകളില്‍ നിറഞ്ഞുനിന്നത്.അമ്മയും ആകെ തകര്‍ന്ന ഒരു അവസ്ഥയിലായിരുന്നു .യാത്ര പറയാന്‍ നേരം അമ്മ ഓര്‍മ്മിപ്പിച്ചു മോളെ അമ്മു പ്രായം കൂടുന്നു ഒരു ജീവിതം വേണം നിനക്ക് ഒരു നല്ല കല്യാണം കഴിക്കണം .ആളെ കണ്ടെത്താന്‍ അമ്മയ്ക്കും അച്ഛനും ഇന്ന് ശേഷിയില്ല .നീ തന്നെ ഒരാളെ കണ്ടെത്തണം  പറയാന്‍ അമ്മക്ക് അര്‍ഹതയില്ലന്നു അറിയാം .നിന്‍റെ ചേച്ചിമാര്‍ ആരും നിന്നെ അന്വേഷിക്കാന്‍ വരില്ല അതും ഞങ്ങളുടെ തെറ്റുതന്നെ ക്ഷമിക്ക് കുട്ടി .ജീവിതത്തില്‍ താന്‍ വിവാഹത്തെകുറിച്ച് ചിന്തിച്ചിട്ടുപോലുമില്ലന്നു അപ്പോഴാണ്‌ ഓര്‍മ്മ വരുന്നത്.  അന്ന് അമ്മ കെട്ടിപ്പിടിച്ചു തന്‍റെ കവിളില്‍ നല്‍കിയ ചുംബനം ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട നിമിഷമായിരുന്നു .
                                   അച്ഛന്‍റെയും അമ്മയുടെയും ഒരു കാര്യത്തിനും  ആരും ബുദ്ധിമുട്ടണ്ടതായി വന്നില്ല .അമ്മു എല്ലാ കാര്യങ്ങളും ഭംഗിയായി നോക്കി .ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ അച്ഛന്‍ ഈ ലോകത്തുനിന്നും യാത്രയായി .അധികം താമസിക്കാതെ അമ്മയും .സ്നേഹം നുകരാന്‍ തുടങ്ങിയപ്പോഴേക്കും നഷ്ടപെട്ടുപോയ അവരെകുറിച്ച് ഓര്‍ക്കുമ്പോള്‍ അമ്മുവിന് സങ്കടം അണപൊട്ടിയൊഴുകും.ഇപ്പോള്‍ മേരിടീച്ചര്‍ മാത്രമാണ് തനിക്കു നാട്ടില്‍ ഉള്ള ഏകബന്ധം .
                 ഓര്‍മ്മപെയ്തുക്കള്‍ ........പെയ്തൊഴിഞ്ഞ കാര്‍മേഘങ്ങള്‍ തെളിഞ്ഞ ആകാശംപോലെ അവളെ ശാന്തമാക്കി .റീത്ത ഒന്നും മിണ്ടാന്‍ കഴിയാത്ത അവസ്ഥയിലും .ഇത്രയും നാള്‍ ഇങ്ങനെ ഒരു തീക്കടലുമായിട്ടാണല്ലോ ജീവിതം നീന്തിയത്‌ .താനായിരുന്നെങ്കില്‍ പണ്ടേ ജീവിതം അവസാനിപ്പിച്ചുപോയേനെയെന്നു റീത്തക്കു തോന്നി . അധികം കഴിയും മുന്‍പേ റീത്ത വിവാഹിതയായി .റീത്തയും ഭര്‍ത്താവും ചേര്‍ന്ന് അമ്മുവിനും നല്ലൊരു ജീവിതപങ്കാളിയെകണ്ടെത്തി കൊടുത്തു .തന്‍റെ അമ്മയുടെ ഉദരത്തില്‍ പിറന്നില്ലങ്കിലും തനിക്കെന്നും കൂടപ്പിറപ്പ് അവള്‍ മാത്രമായിരുന്നു .സമയം കിട്ടുമ്പോഴെല്ലാം അവര്‍ കുടുംബസമേതം ഒത്തുകൂടും  സ്നേഹത്തിന്‍റെയും കരുതലിന്‍റെയും സ്വര്‍ഗമായിരുന്നു ആ ഒത്തുചേരലുകള്‍ .


              എല്ലായിടത്തും സംഭവിക്കുന്നതും ഇതൊക്കെയാണ് തള്ളിക്കളഞ്ഞകല്ല്‌ മൂലക്കല്ല് ആയതുപോലെ എല്ലാവരും ഉപേക്ഷിച്ചു കളയുന്നവരായിരിക്കും അവസാനം അവരെ നോക്കാന്‍ കൂടെ ഉണ്ടാകുക .മക്കള്‍ ആണായാലും പെണ്ണായാലും എല്ലാവരും ഒരുപോലെയാണന്നു തിരിച്ചറിയാന്‍ എല്ലാ മാതാപിതാക്കള്‍ക്കും കഴിയട്ടെ .അതുപോലെ മാതാപിതാക്കള്‍ കണ്‍കണ്ട ദൈവമാണെന്ന് മക്കളും തിരിച്ചറിയുക . പൊരുതിനേടിയ പൊന്‍തിളക്കവുമായി ഭര്‍ത്താവിനോടും മക്കളോടുമൊപ്പം സന്തോഷത്തോടെ അമ്മുവിന്‍റെ ജൈത്രയാത്ര ഇന്നും തുടരുന്നു ...........!!!!



Friday, April 17, 2015

പ്രവാസത്തിലെ തണല്‍മരം

               
                        എന്നും  വൈകുന്നേരം അവര്‍ വളരെ നേരം സംസാരിക്കും .സംസാരിച്ചു കഴിഞ്ഞു ഫോണ്‍ കോള്‍കട്ട്  ചെയ്യുമ്പോള്‍ സങ്കടമാകും നമ്മുടെ അമീറിന് .അമ്മയുടെ കൈവിട്ടു പോയി ആള്‍ക്കൂട്ടത്തില്‍ തനിച്ചായ കുഞ്ഞിന്റെ അവസ്ഥയാണപ്പോള്‍ .അത് മറ്റാരുമല്ല നമ്മുടെ അമീറിന്റെ ഖല്‍ബിലെ മൊഞ്ചത്തി ജാസിയുടെ കോളാണ് .
                   അമീര്‍ ജോലി കഴിഞ്ഞു വന്നു തന്റെ പ്രിയപെട്ടവരോട് സംസാരിച്ചു കഴിഞ്ഞാല്‍ പിന്നെ ഓര്‍മ്മകളുടെ മേച്ചില്‍പ്പുറങ്ങളിലൂടെ ഒരു യാത്രയാണ് അവരുടെ കൈപിടിച്ച്. ഇപ്പോള്‍ സ്വപ്നം കാണാനും സ്നേഹം പകരാനും ജാസിയകൂടി ആയപ്പോള്‍ സമയം തികയാതായോ എന്നൊരു തോന്നല്‍ ഇല്ലാതില്ല .
                   സ്നേഹം കൊണ്ട് പൊതിയുന്ന ബാപ്പയും ഉമ്മയും .കൂടെനടന്നു കൊതിതീരാത്ത മൂത്തസഹോദരന്‍ ഇതാണ് അമീറിന്റെ കുടുംബം .പഠിക്കാന്‍ മിടുക്കനായിരുന്ന അമീറിന് ഒരു എഞ്ചിനീയര്‍ ആകണമെന്നായിരുന്നു ആഗ്രഹം .കോളേജ്പഠനം കഴിഞ്ഞു ബി സി എ കഴിഞ്ഞു തുടര്‍ന്ന് പഠിക്കാന്‍ ആഗ്രഹം ഉണ്ടായിരുന്നെങ്കിലും വീട്ടിലെ സാഹചര്യം അവനെ അനുവദിച്ചില്ല .ബാപ്പയും സഹോദരനും രോഗികളായപ്പോള്‍ കുടുംബഭാരം അമീര്‍ ഏറ്റെടുത്തു.പ്രയാസങ്ങള്‍ അങ്ങനെ അവനെയും ഒരു പ്രവാസിയാക്കി .
                    നല്ലൊരു ജോലിക്കുവേണ്ടി ഒരുപാട് ശ്രമിച്ചു നോക്കി  റക്കമെന്റ്റ് ചെയ്യാന്‍ ആരുമില്ലാത്തതിനാല്‍ ഫലമുണ്ടായില്ല . ഒടുവില്‍ ഒരു അക്കൗണ്ടിംഗ് സ്ഥാപനത്തില്‍ സ്റ്റോക്ക്‌ കണ്‍ട്രോളര്‍ ആയി ജോലിചെയ്യുന്നു .
                       അങ്ങനെ വര്‍ഷം നാല് കടന്നുപോയി .ഉടന്‍ നാട്ടില്‍ പോകാന്‍ ഇരിക്കുന്നു എന്തിനാണെന്നറിയില്ലേ.നമ്മുടെ ജാസിയയുടെ കഴുത്തില്‍ മിന്നു കെട്ടി സ്വന്തമാക്കാന്‍ .വീട്ടുകാര്‍ കണ്ടുപിടിച്ചതാണ് ആ കുട്ടിയെ നേരിട്ട്  പരസ്പരം അവര്‍ കണ്ടില്ലങ്കിലും ഫോട്ടോ കണ്ടു രണ്ടുപേര്‍ക്കും ഇഷ്ടപ്പെട്ടു .ഫോണിലൂടെ സംസാരിച്ചു അങ്ങനെ അമീറിന്റെ  ഖല്‍ബിലെ പ്രണയ പുഷ്പമായ് ജാസിയ വിടര്‍ന്നു നില്‍ക്കുന്നു .ഒരു പാവം കുട്ടി .
                             
                              നാല് വര്‍ഷത്തിനു ശേഷം അമീറിന് അവന്റെ മുതലാളി അനുവദിച്ചു കൊടുത്തിരിക്കുന്നത്‌ ആകെ മുപ്പത്തിയഞ്ചു ദിവസത്തെ അവധി .അതോര്‍ക്കുമ്പോള്‍ അവനു സങ്കടം നിയന്ത്രിക്കാന്‍ പറ്റുന്നില്ല .പ്രിയപെട്ടവരോടൊപ്പം അല്‍പസമയം ചിലവഴിക്കാന്‍ ,തന്റെ വിവാഹം നടത്തണം ,തന്റെ പ്രിയപ്പെട്ടവളെ ഒന്ന് കണ്‍നിറയെ കാണാന്‍പോലും ഉള്ള സമയം അതുപോലും ഉണ്ടാവില്ല ഈ അവധികൊണ്ട് .
                                  സഹജീവികളോടു കരുണ കാണിക്കാത്ത ഒരു വര്‍ഗ്ഗം മനുഷ്യന്‍ മാത്രമാണോയെന്നു ചില മേലാളന്‍മാരുടെ പ്രവര്‍ത്തികള്‍ കണ്ടാല്‍ തോന്നിപോകും .മറ്റുള്ളവരും തന്നെപോലെ വികാരങ്ങളും വിചാരങ്ങളും ഉള്ളവരാണെന്ന് അവര്‍ ചിന്തിക്കാറില്ല .സ്വന്തം ശരീരത്തില്‍ നുള്ളുമ്പോള്‍ മാത്രമേ വേദനിക്കുമെന്ന്  ചിന്തിക്കുന്നവര്‍ ....എന്നാവും ഇവരുടെയൊക്കെ അകക്കണ്ണ് തുറന്നു മറ്റുള്ളവരെയും സ്നേഹത്തോടെ കാണാന്‍ കഴിയുക .ദൈവത്തിന്റെ കോടതിയില്‍ കണക്കു പറയേണ്ടിവരുമെന്ന് എന്താണ് ഇവര്‍ മനസ്സിലാക്കാത്തത്

                                അമീറിന്റെ പ്രവാസ ജീവിതത്തില്‍ വളര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന തണല്‍മരമായ് ജാസിയ എന്നും ഉണ്ടാകട്ടെ എല്ലാ നന്മകളും നല്‍കി ഈശ്വരന്‍ ഇവരെ അനുഗ്രഹിക്കട്ടെയെന്നു നമുക്കും പ്രാര്‍ത്ഥിക്കാം .......ഒരുപാട് സങ്കടങ്ങള്‍ക്കിടയിലും തണല്‍ മരങ്ങളായ്‌ പ്രിയപ്പെട്ടവര്‍ ഓരോ പ്രവാസിയുടെ ജീവിതത്തിലും തണല്‍ വിരിക്കട്ടെയെന്നു നമുക്കും ആഗ്രഹിക്കാം ............!!!!!

Friday, August 1, 2014

സ്നേഹത്തിന്റെ കൈത്തിരിനാളം

             


             
                            ആശുപത്രിയില്‍ കിടക്കുന്ന അനുജന് കൂട്ടുവന്നതാണ്‌ സ്കൂള്‍ അദ്ധ്യാപകനായ അന്‍വര്‍ .ഒരാഴ്ചത്തെ ആശുപത്രിജീവിതത്തിനിടയില്‍  അവര്‍ പലരെയും പരിചയപ്പെട്ടു . അങ്ങനെ പരിചയപ്പെട്ടതാണ് രഹ്നയെ. അവള്‍ ആ ആശുപത്രിയിലെ  നേഴ്സ് ആണ്. ആ പരിചയത്തിലൂടെ അവര്‍ നല്ല കൂട്ടുകാരായി മാറി  .
                                   നിസ്സാര കാര്യങ്ങള്‍ക്കു പോലും പൊട്ടിത്തെറിക്കുന്ന സ്വഭാവക്കാരനാണ്  അന്‍വര്‍ .അതു നല്ലതല്ല എന്നു അറിയാമെങ്കിലും നിയന്ത്രിക്കാന്‍ അവനു പറ്റാറില്ല. അതുകൊണ്ട് തന്നെ ജീവിതത്തില്‍ ഒരുപാടു ദു:ഖങ്ങളും കിട്ടിയിട്ടുണ്ട് .രഹനയുമായുള്ള ചങ്ങാത്തം അവന്റെ ഈ ദുശീലത്തില്‍നിന്നു ഒരുപാട് മാറ്റങ്ങള്‍ വരുത്താന്‍ സഹായിച്ചു .അവള്‍ പൊതുവെ ശാന്തസ്വഭാവകാരിയും നല്ല ക്ഷമയുള്ള കുട്ടിയുമാണ്‌ . മാത്രമല്ല തികഞ്ഞ ഈശ്വര വിശ്വാസിയുമായിരുന്നു അവള്‍ .നല്ല കൂട്ടുകാരുമായുള്ള ചങ്ങാത്തം എപ്പോഴും  നല്ലതേ വരുത്തു എന്നുള്ളത് ഇവിടെ അന്‍വറിന്റെ കാര്യത്തില്‍ യാഥാര്‍ത്ഥ്യമായി.
                                അന്‍വറിന്റെ  വീട്ടുകാര്‍ അവന്റെ  വിവാഹം നടത്താന്‍ തീരുമാനിച്ചപ്പോള്‍ അവനു രഹ്നയെ  വിവാഹം കഴിച്ചാല്‍ കൊള്ളാമെന്നു ഒരു ആഗ്രഹം.എന്നാല്‍ ഇതുവരെ ഇത്തരം ഒരു സംഭാഷണം അന്‍വറും രഹനയും തമ്മില്‍ നടത്തിയിട്ടുമില്ല.അതുകൊണ്ട്  ആദ്യം അവളുടെ സമ്മതം അറിയണമല്ലോ,എന്നിട്ടാവാം വീട്ടില്‍ അറിയിക്കാന്‍ . അവള്‍ക്കും സമ്മതമായിരുന്നു. അങ്ങനെ അവര്‍ വിവാഹിതരായി ഒന്നര വര്‍ഷങ്ങള്‍ക്കു ശേഷം അവര്‍ക്ക്  ഒരു പെണ്‍കുഞ്ഞുപിറന്നു .അവള്‍ക്കു  അവര്‍ റസിയ എന്നു പേരിട്ടു.
                  ഓര്‍ക്കാപുറത്താണ്  ഇടിനാദം പോലെ അവരുടെ ജീവിതത്തിലേക്ക് ദുരന്തം പടികയറി വന്നത് . വലിയ കാറ്റും മഴയും ഉള്ള ദിവസം സ്കൂളില്‍നിന്നും വീട്ടിലേക്കു വരുന്ന അന്‍വറിന്റെ കാറിനു മുകളില്‍ വലിയ ഒരു മരം കടപുഴകി വീണു. അന്‍വറിന് സാരമായ പരിക്കേറ്റു.രണ്ടു  ദിവസങ്ങള്‍ക്കു ശേഷമാണു അവനു ബോധം വീണത്‌.ഒരാഴ്ച കഴിഞ്ഞിട്ടും തനിക്കു ശരീരം ചലിപ്പിക്കാന്‍ പറ്റുന്നില്ല .ശരീരം ഇതിനകം തളര്‍ന്നു പോയിരുന്നു തനിക്കു ഇനി കട്ടില്‍  മാത്രമാണ് ശരണം എന്നതിരിച്ചറിവ് അവന്റെ ചിന്താമണ്ഡലം പോലും മരവിച്ച അവസ്ഥയിലായി.
              ഒരു മാസത്തെ ആശുപത്രി വാസത്തിനു ശേഷം അവര്‍ വീട്ടില്‍ തിരിച്ചെത്തി  .വീണ്ടും ഒരുമാസം കഴിഞ്ഞപ്പോള്‍ രഹന ജോലിക്ക് പോയിതുടങ്ങി. സാമ്പത്തിക ഞെരുക്കം അവരെ വല്ലാതെ അലട്ടാന്‍ തുടങ്ങി .അവള്‍ പോയി കഴിഞ്ഞാല്‍ പ്രായമായ ഉമ്മയും  റസിയമോളുമാണ്  അവനു ആശ്രയം.
                  അന്‍വറിന്റെ എല്ലാ പ്രതീക്ഷയും നശിച്ചു  . ഇനി ഒരു തിരിച്ചുവരവ്‌  ഉണ്ടാകില്ല എന്നു ചികിത്സിച്ച ഡോക്ടര്‍മാര്‍പോലും വിധിയെഴുതി . അപ്പോഴും രഹന അന്‍വറിനെ ആശ്വസിപ്പിക്കുകയും ധൈര്യപ്പെടുത്തുകയുംഎത്രയുംവേഗം ജീവിതത്തിലേക്ക് തിരിച്ചുവരും എന്ന പ്രത്യാശ നല്‍കുകയും ചെയ്യുമായിരുന്നു .ഉള്ളില്‍ ഒത്തിരി വേദനയും സങ്കടവും ഉണ്ടെങ്കിലും അതൊന്നും പുറത്തു കാണിക്കാതെ എപ്പോഴും പുഞ്ചിരി തൂകിക്കൊണ്ട്‌ അവള്‍ അന്‍വറിന്റെ സമീപത്ത് ഉണ്ടാവും .ആരും കാണാതെ ഒറ്റക്കിരുന്നു കരയുകയും ചെയ്യും.
              രഹനയുടെ സാമീപ്യം അന്‍വറിന് വളരെ ആശ്വാസമേകി. രഹ്നയുടെ വാക്കുകള്‍ അവനു പ്രതീക്ഷയേകി. ഒറ്റയ്ക്ക് കിടക്കുമ്പോള്‍ അവന്‍ ചിന്തിക്കും അവള്‍ എന്നെ ഇത്രയധികം  സ്നേഹിച്ചിരുന്നുവോ എന്ന് .താന്‍പോലും ഇതുപോലെ അവളെ സ്നേഹിച്ചിട്ടുണ്ടോ എന്നു സംശയമാണ്.  അവനു ചിലപ്പോള്‍ കുറ്റബോധം തോന്നാറുണ്ട് .
               രഹ്നയുടെ  സ്നേഹത്തോടെയും പ്രാര്‍ത്ഥനയോടെയുമുള്ള    മാസങ്ങളുടെ നീണ്ട പരിചരണത്തിനു ഫലം കണ്ടുതുടങ്ങി. അന്‍വറിനു മെല്ലെ പിടിച്ചു നടക്കാമെന്നായി .കൂടെ നടത്തിയ ആയൂര്‍വേദചികിത്സാ ഒത്തിരി ഗുണം ചെയ്തു .അന്‍വര്‍ പഴയ അവസ്ഥയിലേക്ക് മെല്ലെ  മടങ്ങി വന്നു വീണ്ടും ജോലിക്ക് പോയി തുടങ്ങി.പിന്നീട്  അവരുടെ ജീവിതം ഒരുപാട് സന്തോഷം നിറഞ്ഞതായിരുന്നു.
              സ്നേഹിതരെ, ജീവിത പങ്കാളിയുടെ സ്നേഹത്തോടെ ഉള്ള ഒരു വാക്കു കേള്‍ക്കാന്‍ കൊതിക്കാത്തവരായി ആരുമില്ല .പക്ഷെ പലരും അത് ഗൌനിക്കാറില്ല എന്നതാണ് സത്യം .
 കണ്ടില്ലേ സ്നേഹത്തിനു മുന്നില്‍ രോഗം പോലും തോറ്റുമടങ്ങുന്നത് .സ്നേഹത്തെക്കാള്‍ വലിയ ഔഷധമില്ല .
              ജീവിതം ഒന്നേയുള്ളൂ .ആ ജീവിത യാത്രയില്‍പങ്കാളികള്‍  സ്നേഹം പരസ്പരം പങ്കുവെച്ചും കൊണ്ടും കൊടുത്തും മനസ്സിലാക്കിയും മുന്നോട്ടു  പോയാല്‍ ജീവിതം സ്വര്‍ഗതുല്ല്യമാകും .
          

Friday, February 21, 2014

മരണത്തെ തോല്‍പ്പിച്ച അന്ന !!

         

           അന്നയും ജോയും വിവാഹിതരായി ഒരു ആഴ്ചക്ക് ശേഷം പുറംനാട്ടിലുള്ള ജോയുടെ ജോലിസ്ഥലത്തേക്ക് പോയി. ആദ്യമായി നാട് വിട്ടു പുറത്തുപോകുന്ന അന്നയ്ക്കു പുറംലോക കാഴ്ചകള്‍ കൌതുകം നിറഞ്ഞതായിരുന്നു. നേഴ്സ് ആയ അന്നയ്ക്കു  അധികം കഴിയും മുന്‍മ്പ്  ജോലി ലഭിച്ചു. കുറച്ചു നാളുകള്‍ക്ക് ശേഷം അന്ന ഗര്‍ഭിണിയായി.
           
                        ആറുമാസങ്ങള്‍ക്ക് ശേഷം അന്ന നാട്ടില്‍ പോകുന്നതിന്റെ മുന്നൊരുക്കമായി അവധി എടുത്തു നാട്ടില്‍ പോകാനുള്ള ദിവസവും കാത്തിരുന്നു. ഒരാഴ്ചകഴിഞ്ഞപ്പോള്‍ അന്നയ്ക്കു ഛര്‍ദ്ദിയും  അല്പം അസ്വസ്ഥതകളും തുടങ്ങി. ഓഫീസില്‍ ആയിരുന്ന ജോയെ ഫോണ്‍ വിളിച്ചു വരുത്തി അവര്‍ ഡോക്ടറെ പോയി കണ്ടു. ഹോസ്പിറ്റലില്‍ കിടത്തിയ അന്ന പിറ്റേന്ന് ഉച്ചയായപ്പോള്‍ ഒരു ആണ്‍കുഞ്ഞിനു ജന്മം നല്‍കി. ഏഴാം മാസത്തില്‍ ദൈവം കൊടുത്ത ദാനം. പ്രസവം നടന്ന ഉടനെ അന്നയിലെ നിറം മാറ്റം അവളുടെ ആന്റിയുടെ ശ്രദ്ധയില്‍പ്പെട്ടു. രക്തപരിശോധനയിലാണ്  അന്നക്കു മഞ്ഞപ്പിത്തം ബാധിച്ചിരുന്നു എന്നു മനസ്സിലായത് .കുഞ്ഞിനെ ഇന്‍ക്യുബേറ്ററിലേക്ക് മാറ്റി. പത്തു ദിവസങ്ങള്‍ക്കു ശേഷം അന്നയെ ഹോസ്പിറ്റലില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തു.
                            
                   തന്റെ പോന്നോമാനക്കു ജന്മം നല്‍കുന്നതിനു ഒരാഴ്ച  മുന്‍പ്  അന്ന ഒരു സ്വപ്നം കണ്ടു. അധികം കഴിയും മുന്‍പ് അത് തന്റെ ജീവിതത്തില്‍ യാഥാര്‍ത്ഥ്യമാകുമെന്ന് കരുതിയില്ല .താന്‍ മരിച്ചു പെട്ടിയില്‍ കിടക്കുന്നതും പൂക്കള്‍ കൊണ്ട് അലങ്കരിച്ചതും തന്നെ പുതപ്പിച്ച് കിടത്തിയിരിക്കുന്ന വെള്ള പുതപ്പിച്ച മുണ്ടിന്റെ പുത്തന്‍ മടക്കുകളും മങ്ങാത്ത ചിത്രം പോലെ മനസ്സില്‍ പതിഞ്ഞുപോയി. അന്നയ്ക്കു വെറുമൊരു തമാശപോലെ തോന്നിയെങ്കിലും ജോയോടു പറഞ്ഞില്ല. അദ്ദേഹത്തിനു  വിഷമം ആയെങ്കിലോ എന്നു ചിന്തിച്ചു .

               അന്ന ഹോസ്പിറ്റല്‍ വിടും മുന്‍പേ നാട്ടില്‍ നിന്നും  അമ്മ അവളുടെ അരികിലെത്തി . അമ്മയോട് ഈ സ്വപ്നം അന്ന പറഞ്ഞു. വീട്ടില്‍ പോയി രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ അന്നയെ ഇന്‍ക്യുബേറ്ററിലായിരുന്ന കുഞ്ഞിന്റെ അരികില്‍ കൊണ്ടുപോയി. ഏതാണ്ട് ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍  അന്നയ്ക്കു ബ്ലീഡിംഗ് ആരംഭിച്ചു .അത് അന്നയുടെ വിധിയെഴുതാന്‍ തുടങ്ങിയിരുന്നു എന്ന് ആരും അറിഞ്ഞിരുന്നില്ല. ഉടനെ അന്നയെ I C U വിലേക്ക്  മാറ്റി
ഡോക്ടര്‍മാര്‍ പലരും അന്നയെ പരിശോധിച്ചെങ്കിലും  ഒന്നും ചെയ്യാന്‍ ഇല്ലാത്ത അവസ്ഥയില്‍ ആയിരുന്നു.
               
                 സന്ധ്യയായി, അന്നയുടെ സ്പന്ദനങ്ങള്‍ മെല്ലെ അകലാന്‍ തുടങ്ങി. ജോയുടെ സഹോദരിമാര്‍ ജോലി ചെയ്യുന്ന ഹോസ്പിറ്റലിലേക്ക് അന്നയെ കൊണ്ടുപോയി. അന്നയുടെ ശരീരത്തില്‍ ജീവന്റെ തുടിപ്പുകള്‍ ഒന്നും അവശേഷിക്കുന്നുണ്ടായിരുന്നില്ലയെന്നു പറയാം. ശരീരം മരവിച്ചിരുന്നു, ശ്വാസത്തിന്റെ കണികപോലും ഇല്ല. അവിടെ എന്തിനും തയ്യാറായി കുറെ ഡോക്ടര്‍മാര്‍  കാത്തുനിന്നു. പ്രധാന ഡോക്ടര്‍ പരിശോധിച്ചു. "ഈ രാത്രി ഇവിടെ സൂക്ഷിക്കാം നാളെ രാവിലെ ബോഡി കൊണ്ടുപോകാനുള്ള ഏര്‍പ്പാടുകള്‍ ചെയ്യാം". ഇത്രയും പറഞ്ഞ്‌ ഡോക്ടര്‍മാര്‍  പോയി.
                         
                     അന്ന ഈ സമയം മറ്റൊരു ലോകത്തായിരുന്നു; വെളുത്ത സാരി ധരിച്ച് ആശുപത്രി ബെഡ്ഡില്‍ കിടക്കുന്ന അന്ന. അവളെ മാടി വിളിക്കുന്ന വെള്ള ഉടുപ്പിട്ട മുടി ബോബ്‌ ചെയ്ത ഒരു പെണ്‍കുട്ടി, "വാ സിസ്റ്ററെ"......... ഈ വിളി കേട്ടതും അന്ന എതിര്‍ വശത്തേക്ക് തല തിരിച്ചു നോക്കി .അവിടെ പരിശുദ്ധ മാതാവ്‌ ജ്വലിക്കുന്ന മഞ്ഞ വെളിച്ചത്തില്‍ പുഞ്ചിരിച്ചു നില്‍ക്കുന്നു. വീണ്ടും അതാ കേള്‍ക്കുന്നു ഒരേ സ്വരത്തില്‍ ഒരായിരം ശബ്ദങ്ങള്‍. നോക്കിയപ്പോള്‍ പല പ്രായത്തില്‍ ഉള്ള ആളുകള്‍; കുട്ടികളും പ്രായമായവരും  "വാ സിസ്റ്ററെ " എന്ന വിളിയോടെ എല്ലാവരും. വീണ്ടും എതിര്‍വശത്ത് നോക്കിയപ്പോള്‍ പരിശുദ്ധ  മാതാവ്‌ ഉജ്വല പ്രഭാവലയത്തില്‍ പുഞ്ചിരിച്ചു നില്‍ക്കുന്നു. അത്രയും സമയം ശവശരീരം  ആയിരുന്ന അന്നയുടെ തല മെല്ലെ ഒന്ന് അനങ്ങി, മൂക്കില്‍ കൂടി രക്തം ഒഴുകാന്‍ തുടങ്ങി.

              ഇതു കണ്ടു അവിടെ നിന്നിരുന്ന നേഴ്സ്  ഓടിപോയി ഡോക്ടറെ വിളിച്ചു. ഡോക്ടര്‍മാര്‍ എല്ലാവരും ഓടി വന്നു. അവരുടെ സേവന  ജീവിതത്തിലെ അത്ഭുതമായി അന്ന. പെട്ടന്നുതന്നെ  രക്തം വേണമെന്ന് പറഞ്ഞു. ജോയുടെ രക്തം എടുത്തു പകുതി ബോട്ടില്‍ നിറഞ്ഞപ്പോള്‍ പിന്നെ രക്തമില്ല. പൂര്‍ണ്ണ ആരോഗ്യവാനായ ജോയുടെ അവസ്ഥ ഇപ്പോള്‍ നമുക്ക് ചിന്തിക്കവുന്നതെയുള്ളു. ടെന്‍ഷന്‍ മൂലം രക്തം  എടുക്കാന്‍ പറ്റുന്നില്ല.പിന്നെ ആ രാത്രിയില്‍ രോഗികളുടെ കൂടെ നിന്നിരുന്ന ചിലരും ജോയുടെ സുഹൃത്തുക്കളും സഹായിച്ചു രക്തം നല്കി . ഇതൊന്നും അറിയാതെ അന്ന അപ്പോളും ചലനമറ്റു കിടക്കുന്നു.

                          അന്നയുടെ മൂന്നാം ഊഴം; വെള്ള ഉടുപ്പണിഞ്ഞു കൈയ്യില്‍  കത്തിച്ചു പിടിച്ച വിളക്കുമായി അന്ന യാത്രയാകുന്നു. കുറെ സ്റ്റെപ്പുകള്‍ കയറിയപ്പോള്‍ അന്നയുടെ കുഞ്ഞ് "അമ്മേ" എന്നു വിളിക്കുന്ന ഒരു സ്വരം കേട്ടു .പിന്‍വിളി കേട്ടെങ്കിലും തിരിഞ്ഞു നോക്കാതെ അന്ന വീണ്ടും കയറിപോയികൊണ്ടിരുന്നു. ഏറ്റവും മുകളില്‍ എത്തിയപ്പോള്‍ പിന്നെ സ്റ്റെപ്പുകള്‍   കാണാനില്ല. നിലാവ് പൊഴിയുന്ന തെളിഞ്ഞ ആകാശത്ത്  നക്ഷത്രങ്ങള്‍ നിറഞ്ഞു നില്‍ക്കുന്നു. അവിടെ വെള്ളയുടുപ്പണിഞ്ഞു വെള്ള ചിറകുകള്‍ വീശി പറന്നു നടക്കുന്ന മാലാഖമാര്‍ .അവിടേക്ക് കാലെടുത്തു വെക്കാന്‍ തുടങ്ങിയതും കുഞ്ഞിന്റെ  "അമ്മേ" എന്നവിളി ഭൂമി മൊത്തം പ്രകമ്പനംകൊണ്ടപോലെ  അന്നയുടെ കാതില്‍ മുഴങ്ങി.  അന്ന മെല്ലെ കണ്ണുകള്‍ തുറന്നു. പുലര്‍ച്ചെ  അഞ്ചു മണി ആയിരിക്കുന്നു. ഈ സമയം അന്നയുടെ തൊട്ടടുത്ത ബെഡ്ഡില്‍ കിടന്നിരുന്ന,  അന്ന് ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ആകുവാനിരുന്ന  ഒരു രോഗി  മരിച്ചു.
കൂടെയുള്ളവരുടെ നിലവിളിയും ഒച്ചപ്പാടും കേട്ടാണ് അന്ന കണ്ണ് തുറന്നത് .

                           ഏതാനും ദിവസങ്ങള്‍ക്കു ശേഷം ആരോഗ്യം വീണ്ടെടുത്ത്‌ അന്നയും കുഞ്ഞും വീട്ടിലേക്കു മടങ്ങി.  അന്ന ഇന്നു രണ്ടു മക്കളുടെ അമ്മയാണ്. ഒത്തിരി പേരുടെ  പ്രാര്‍ത്ഥന അന്നയുടെ ജീവനു  വേണ്ടി ദൈവത്തിന്റെ മുന്നില്‍ അര്‍പ്പിക്കപ്പെട്ടു. അന്നയുടെ അമ്മ സ്വന്തം ജീവനെടുത്തു മകളെ തിരികെ നല്‍കണേയെന്നു മനംനൊന്ത്  പ്രാര്‍ത്ഥിച്ചിരുന്നു . ദൈവം നല്‍കിയ രണ്ടാം ജന്മവുമായി അന്ന  കുടുംബസമേതം സസന്തോഷം  കഴിയുന്നു .

                       ഇതില്‍ ഭാവനകള്‍ ഇല്ല  ഇതു പച്ചയായ ഒരു ജീവിത സാക്ഷ്യമാണ് .............!


                         

Friday, February 7, 2014

പൊന്നു

           
           
                 പൊന്നുവിനെ എനിക്കു അത്രയ്ക്ക് ഇഷ്ടമായിരുന്നു,ഞാന്‍ വിളിക്കുന്നതാ പൊന്നുന്നു.അവള്‍ക്കു ഇഷ്ടമായിരുന്നോ എന്നു എനിക്കു അറിയില്ല ഞാന്‍ ചോദിച്ചിട്ടില്ല. ആദ്യമൊന്നും അവളെ എനിക്കു ഇഷ്ടമല്ലായിരുന്നു . പിന്നെ പിന്നെ ഞാന്‍ അവളെ ഇഷ്ടപെടാന്‍ തുടങ്ങി.പോന്നുവിനു എന്നെ പരിചയപ്പെട്ടപ്പോള്‍ തന്നെ ഇഷ്ടമായിരുന്നു എന്നു പിന്നീടു ഞങ്ങള്‍ സംസാരിച്ചപ്പോള്‍ പറഞ്ഞു. ആദ്യമൊക്കെ അവളുടെ കുറുമ്പുകള്‍ കാണുമ്പോള്‍ എനിക്കു ദേഷ്യം വരുമായിരുന്നു.
              എന്നെ ഏറ്റവും കൂടുതല്‍ ദേഷ്യപ്പെടുത്തിയത് അവള്‍ എന്നോട് കാണിക്കുന്ന സ്നേഹത്തിലെ സ്വാര്‍ത്ഥത ആയിരുന്നു .ഞാന്‍ മറ്റാരോടും സംസാരിക്കണ്ട അവളോടൊപ്പം ചിലവഴിച്ചാല്‍ മതി .പതുക്കെ പൊന്നുവിന്റെ ഇഷ്ടങ്ങള്‍ക്ക് ഞാന്‍ വഴങ്ങി.അവളെ ഇഷ്ടപ്പെട്ടു എന്നു പറയുന്നതാവും ശരി.പിന്നെ തമാശും കൊച്ചു കുറുമ്പും കുസൃതികളുമായി ഞങ്ങള്‍ മുന്നോട്ടു പോയീ. ഇടക്കുള്ള പിണക്കവും ഇണക്കവും നല്ല രസമാണ് .മിണ്ടില്ല എന്നു പറഞ്ഞു വഴക്കിടുന്ന ഞങ്ങള്‍ പത്തു മിനിട്ട് കഴിയുമ്പോള്‍ കൂട്ടാവും.
            ദിവസങ്ങള്‍ കഴിയുന്തോറും ഞാന്‍ പൊന്നുവിനെ കൂടുതല്‍ ഇഷ്ടപ്പെട്ടു .പക്ഷെ എന്റെ സ്നേഹം അവള്‍ക്കു ഒരു ശല്യമാകാന്‍ തുടങ്ങിയോ എന്നു ഒരു സംശയം .ചോദിച്ചാല്‍ പൊന്നു വിഷമിച്ചാലോ എന്നു കരുതി ഞാന്‍ മിണ്ടിയില്ല .അവളുടെ പല ഉത്തരങ്ങളില്‍ നിന്നും ഞാന്‍ വായിച്ചെടുത്തു ,എന്റെ സ്നേഹാധിക്യം അവളെ ആലോസരപ്പെടുത്തുന്നു എന്നുള്ള സത്യം .
             ഞാന്‍ തന്നെ ഒരു തീരുമാനം എടുക്കുന്നതാവും നല്ലത് എന്നു തോന്നിയപ്പോള്‍ പതുക്കെ പിന്മാറാന്‍ ഒരുക്കം നടത്തി . ആദ്യമൊക്കെ സങ്കടം സഹിക്കാന്‍ പറ്റിയില്ല .അന്നേരം ആരും കാണാതെ കരഞ്ഞു .പൊന്നുവിനു പുതിയ കൂട്ടുകാര്‍ ഉള്ളതുകൊണ്ട് അത്രയ്ക്ക് വിഷമം തോന്നികാണില്ല .വല്ലപ്പോളും പൊന്നു ചോദിക്കാറുണ്ട് എന്തുപറ്റി ഒരു മാറ്റമെന്നു. എനിക്കു ഒരു മാറ്റവും ഇല്ല കുട്ടി, ജോലി തിരക്ക് കൊണ്ടാണ്  ഇപ്പോള്‍ വരാത്തതു എന്നു പറഞ്ഞു പിരിയുമ്പോഴും നെഞ്ചിനുള്ളില്‍ സ്നേഹ നൊമ്പരത്തിന്റെ വിങ്ങല്‍ പെരുമ്പറ കൊട്ടുന്നത്  മറ്റാരും അറിയാതിരിക്കാന്‍ പാടുപെട്ടു .
          സ്നേഹം ഒരിക്കലും മറ്റുള്ളവര്‍ക്ക് ഒരു ബന്ധനമായി മാറാതിരിക്കാന്‍ നമുക്ക് ഒന്ന് ശ്രമിച്ചാലോ . നമ്മുടെ സ്നേഹം സ്വാര്‍ത്ഥതയില്ലാത്ത ഒന്നായിരിക്കട്ടെ ............ !

Thursday, January 2, 2014

നിലാവും രാജകുമാരിയും

             
                              നിലാവ് തെളിയുന്ന സന്ധ്യകളില്‍ എന്നും കാണുന്ന ഒരു മനോഹരമായ കാഴ്ച്ചയായിരുന്നു മട്ടുപ്പാവില്‍ വന്നു നിലാവിനെ നോക്കി നില്‍ക്കുന്ന സുന്ദരിയായ രാജകുമാരി . ദിവസവും തന്നെ നോക്കി നില്‍ക്കുന്ന രാജകുമാരിയെ കാണുമ്പോള്‍ നിലാവ് ഒരു പുഞ്ചിരി സമ്മാനിച്ച്‌ കടന്നുപോകും.ദിവസങ്ങള്‍ കടന്നു പോയീ നിലാവിന് കുമാരിയേയും കുമാരിക്ക് നിലാവിനെയും ഇഷ്ടമായി . അവര്‍ എല്ലാ ദിവസവും കണ്ടു സംസാരിച്ചു ഇഷ്ടങ്ങള്‍ പങ്കുവെച്ചു പിണങ്ങിയും ഇണങ്ങിയും മുന്നോട്ടു പോയി .
                കുമാരിയെ പലര്‍ക്കും പ്രണയിച്ചാല്‍ കൊള്ളാം എന്നു ആഗ്രഹമുണ്ടെങ്കിലും കുമാരി അവരെ ഒന്നും നോക്കുക കൂടി ചെയ്തില്ല .നിലാവ്  കാര്‍മേഘം വരുമ്പോള്‍ മറയുകയും കാര്‍മേഘംനീങ്ങുമ്പോള്‍ പ്രകാശം പൊഴിക്കുകയും ചെയ്യുന്ന ഒരു കുട്ടികുറുമ്പന്‍ ആള് അത്ര സുന്ദരനൊന്നുമല്ല.എന്നാലും കുമാരിക്ക് ഇഷ്ടം നിലാവിനോട് തന്നെ.എല്ലാ ദിവസവും സന്ധ്യയാകുമ്പോള്‍ നിലാവിന്റെ വരവിനായ് കുമാരി കാത്തിരിക്കും .കുമാരി നന്നായി വയലിന്‍ വായിക്കും . അവള്‍ വായിക്കുന്ന സംഗീതം കേട്ടങ്ങനെ ഇരിക്കും ഒത്തിരി നേരം അവനും .നിലാവിനെ കാണാത്ത ദിവസങ്ങളില്‍ കുമാരി സങ്കടത്തോടെ വയലിന്‍ വായിച്ചു ഉറങ്ങാതിരിക്കും                          നമ്മുടെ നിലാവ് ആളൊരു  കൊച്ചു കള്ളനാ .നിലാവിന് വേറെയും ഇഷ്ടഭാജനങ്ങള്‍ ഉണ്ടായിരുന്നു പാവം രാജകുമാരി ഇതു ഒന്നും അറിഞ്ഞില്ല . നിലാവ് വരാതിരുന്നിട്ടു ഇടക്ക് വരുമ്പോള്‍ കുമാരി  ചോദിക്കും എവിടെയായിരുന്നു? .നിലാവു എന്തെങ്കിലും കാരണം പറയും കുമാരി അത് വിശ്വസിക്കും .നാളുകള്‍ കഴിഞ്ഞപ്പോള്‍ നിലാവിന്റെ ഇഷ്ടം കുറഞ്ഞു വന്നു കുമാരിക്കാണങ്കില്‍ ഇഷ്ടം കൂടിയും .പിന്നെ പിന്നെ നിലാവ് കുമാരിയെ കാണുമ്പോള്‍ ഓരോ കുറ്റങ്ങള്‍ പറഞ്ഞു വേദനിപ്പിക്കും . കുമാരിക്ക് സങ്കടമായി,കുറച്ചുനാള്‍ നിലാവ് കുമാരിയെ കാണാന്‍ വന്നില്ല .അവന്‍ പുതിയ മേച്ചില്‍ പുറങ്ങള്‍ തേടി പോയി.പക്ഷെ നിലാവിന് ഒരിടത്തും കുമാരിയില്‍ നിന്നു കിട്ടിയ സ്നേഹമോ കരുതലോ ആരില്‍ നിന്നും കിട്ടിയില്ല.
                   സ്വയംതെറ്റ്  മനസ്സിലാക്കി നിലാവ്  രാജകുമാരിയെ തേടി വീണ്ടുമെത്തി.അപ്പോഴേക്കും കുമാരി ഒരുപാട് മാറിയിരുന്നു .പരസ്പരം മനസ്സിലാക്കുകയും ആത്മാര്‍ത്ഥമായി സ്നേഹിക്കുകയും ചെയ്യുന്നവരോടാകണം അടുക്കേണ്ടത് എന്ന പാഠം രണ്ടു പേരും പഠിച്ചു .ഒരിക്കല്‍ നഷ്ടപ്പെടുത്തിയാല്‍ പിന്നൊരിക്കലും പഴയ സ്നേഹം തിരിച്ചു കിട്ടില്ല .പ്രണയമായാലും സൗഹൃദമായാലും  സ്വന്തമായാലും ബന്ധമായാലും .പൊട്ടിയ കണ്ണാടി ചില്ലുകള്‍ പെറുക്കി എത്ര അടുക്കിയാലും പഴയ ഭംഗി ഉണ്ടാവില്ലല്ലോ .അതുകൊണ്ട് ഓരോ ബന്ധങ്ങളും ഇഴപൊട്ടാത്ത ചരടുകളായി  നമുക്കും കാത്തു സൂക്ഷിക്കാം .

Sunday, November 10, 2013

വിനീതയുടെ സ്വപ്നം

                   

                            ഡ്യൂട്ടിക്കിടയിലെ വിശ്രമവേളയില്‍ വിനീതയും റാണിയും സംസാരിച്ചിരുന്നതാണ് .അവര്‍ ഓരോ ടീ കുടിച്ചുകൊണ്ടിരുന്നപ്പോള്‍ വിനീതക്ക്‌ എന്തന്നില്ലാത്ത ഒരു അസ്വസ്ഥത .എന്താവും ....തല വേദനിക്കുന്നു വല്ലാത്ത തളര്‍ച്ചയും നെഞ്ചിടിപ്പ് പെട്ടന്ന് വര്‍ദ്ധിക്കുന്നുവോ, തന്നിലെ അസ്വസ്ഥത പ്രിയമിത്രം  പെട്ടന്ന് തിരിച്ചറിഞ്ഞു.പെട്ടന്ന് ബി പി ചെക്ക് ചെയ്തു. അപ്പോളല്ലേ കാര്യം പിടികിട്ടിയെ ചെറിയൊരു പിണക്കം പോലെ ബി പി ദാ കിടക്കുന്നു 80/60 ലേക്ക് ഒരു യാത്ര . ഇപ്പോള്‍ പിണങ്ങല്ലേയെന്നു പലവട്ടം പറഞ്ഞിട്ടും കേള്‍ക്കണ്ടേ ബി പി പിണങ്ങി തന്നെ ഇരുന്നുഅവധി എഴുതി കൊടുത്തു ഡോക്ടറെ കണ്ടു അവര്‍ റൂമിലേക്ക്‌ പോയി.വിനീത ആകെ തളര്‍ന്നിരുന്നു  റൂമിലെത്തി മെഡിസിന്‍ കഴിച്ചു ഉപ്പിട്ട് ഒരു നരങ്ങവെള്ളവും കുടിച്ചു അവള്‍ ബെഡ്ഡിലേക്ക് ചാഞ്ഞു.എപ്പോളാണ്  ഉറങ്ങിയതെന്നു അറിയില്ല .
                  തന്റെ ശരീരം ഭാരമില്ലതാകുന്നപോലെ .എവിടെയും വെള്ള ഉടുപ്പിട്ട കൂട്ടുകാര്‍.തനിക്കും കിട്ടിയിരിക്കുന്നു മനോഹരമായ ഒരു വെള്ള ഉടുപ്പ് .അങ്ങനെ നടക്കുമ്പോള്‍ വലിയ ഒരു ആള്‍ക്കൂട്ടംവും ബഹളവും എന്താണെന്നു അറിയില്ലല്ലോ? തനിക്കു നല്ല പരിചിതമായ ശബ്ദങ്ങള്‍
അവള്‍ അങ്ങോട്ട്‌ കയറി.ദാ കിടക്കുന്നു വെള്ളത്തുണി പുതച്ച ഒരു പെണ്‍കുട്ടി നല്ല മുഖപരിചയം ഉള്ള കുട്ടി ആണെല്ലോ ? എന്നു ചിന്തിച്ചു നില്‍ക്കുമ്പോളാണ് മനസിലായത് താന്‍ എന്നും കണ്ണാടിയില്‍ കാണുന്ന തന്റെ മുഖം .പഴയ സഹപാഠികള്‍ പലരും പൂച്ചെണ്ടുമായി വന്നു മിഴിനീര്‍ പൊഴിച്ച് കടന്നുപോകുന്നു .അമ്മയും അച്ഛനും സഹോദരനുമൊക്കെ തന്റെ അരുകില്‍ ചലിക്കാന്‍ മറന്ന രൂപങ്ങളെ പോലെ ഇരിക്കുന്നു .അമ്മയുടെ കണ്ണില്‍ നിന്നും ഇടമുറിയാതൊഴുകുന്ന കണ്ണുനീര്‍ തുടക്കാന്‍ കൈകള്‍ നീട്ടിയതാണ് പക്ഷെ തനിക്കു കഴിയുന്നില്ല . ഇന്നി കരയരുതേ എന്നു പറയണമെന്നുണ്ട് ശബ്ദം പുറത്തേക്കു വരുന്നില്ല .അറിയാതെ ഒരു തേങ്ങല്‍ തന്റെ ഉള്ളില്‍നിന്നും ചീളുപോലെ തെറിച്ചുവീണു.ഒരു ചൂടുള്ള മൃദുസ്പര്‍ശം കണ്ണു തുറന്നപ്പോള്‍ റാണി തന്റെ അരുകില്‍ ഇരുന്നു ചോദിക്കുന്നു എന്തുപറ്റി വിനീത ? തന്റെ കണ്ണുകളും നിറഞ്ഞിരിക്കുന്നു .തനിക്കു എന്താണ് സംഭവിച്ചതെന്ന് പറയാന്‍ കഴിയുന്നില്ല . മറ്റേതോ ലോകത്തുനിന്നും ഒരു മടക്കയാത്ര  താന്‍ കണ്ടത് സത്യമോ മിഥ്യുയോ ........?

Thursday, September 5, 2013

തിരിച്ചറിയുന്ന സ്നേഹം




         ഇന്നവര്‍ തനിച്ചല്ല .....വളരെ നാളുകളായി അവര്‍ നല്ല കൂട്ടുകാരായിരുന്നു നല്ല ഒരു ചിത്രംവരകാരിയാണ്‌ സോനാ അവളുടെ ചിത്രങ്ങള്‍ക്ക് മിഴിവേകിയത് ജെറിയുടെ സാനിദ്ധ്യമായിരുന്നു കാരണം അവന്‍ പറഞ്ഞകഥകളില്‍നിന്നു സോനാ ഒരുപാടര്‍ത്ഥങ്ങള്‍ നിറഞ്ഞ ചിത്രങ്ങള്‍ക്ക് ജന്മമേകി .... അവനില്ലങ്കിലന്ന് ചിത്രവുമില്ലാത്ത അവസ്ഥ .
          ഒരിക്കല്‍ ജെറിയൊരു  സുഹൃത്തിനെ പരിജയപ്പെട്ടു. ജിത്തു അതാണ്പേരെങ്കിലും മോനുട്ടനെന്നാണ് അവന്‍റെ ഓമനപ്പേര്.ജെറിയിലൂടെ സോനയുമവന്റെ സുഹൃത്തായി . ജീവിതത്തിനും മരണത്തിനുമിടയില്‍ യാത്രചെയുന്ന ഒരുകൂട്ടുകാരന്‍ അതായിരുന്നു ജിത്തിന്‍റെ  വിശേഷണം .ജെറി അവന്‍റെ  മമ്മയില്‍നിന്നും മനസിലാക്കിയ സത്യം .അവരുടെ കൂട്ടു മോനൂട്ടനു ഒരുപാട് മാറ്റങ്ങള്‍നല്‍കി മൂകമായിരുന്ന അവന്‍റെ മുഖം പ്രസന്നമാകാന്‍ തുടങ്ങി.സോനയുടെ ചിത്രങ്ങളോട് അവനു വല്ലാത്ത ഒരിഷ്ടം അത് പിന്നെയൊരുതരം ആരാധനയായിമാറി .ഒരിക്കല്‍ മോനൂട്ടന്‍ ജെറിയോടെല്ലാം തുറന്നുപറഞ്ഞു സോനയെ അവന്‍ ഇഷ്ടപ്പെടുന്നതും അതിന്‍റെ ആഴമെത്രയെന്നു അറിയില്ലയെന്നും, അവളെ നഷ്ടമായാല്‍ പിന്നെ താനും ആനിമിഷം ഒരോര്‍മ്മ മാത്രമാകും അത്രയെ എനിക്കറിയു. തന്‍റെമാത്രം സ്വന്തമായ്കരുതി കൊണ്ടുനടക്കുന്ന സോനയെ വേറൊരാള്‍ ഇഷ്ടപ്പെടുന്നത് ജെറിക്ക് താങ്ങാവുന്നതിലുമധികമായിരുന്നു.അവന്‍ എന്തു ചെയ്യണമെന്നറിയാതെപകച്ചുനിന്നു.തന്‍റെസങ്കടമെങ്ങനെ സോനയോടുപറയും, പറഞ്ഞാലൊരുപക്ഷെ സോനാ മോനൂട്ടനെ വെറുത്താലോ.കുറച്ചുദിവസങ്ങള്‍കൊണ്ട് ജെറിയൊരുതീരുമാനത്തിലെത്തി .സഹനത്തിന്‍റെ മൂര്‍ധന്യത്തില്‍നിന്നുകൊണ്ട് സോനയെ മോനൂട്ടന് വിട്ടുകൊടുക്കാം പക്ഷെയെങ്ങനെ സോനയെ പറഞ്ഞുമനസിലാക്കും....  ഒടുവില്‍ ജെറി എന്തെക്കൊയോ മനസ്സിലുറപ്പിച്ചുകൊണ്ട്‌ ഒരു തീരുമാനമെടുത്തു. സോനയില്‍ നിന്നുമകലാന്‍ പിന്നീടെന്താവും അവരുടെയിടയില്‍  സംഭവിച്ചത് ..........?
 ..
              സോന ഒരു കിലുക്കാംപ്പെട്ടിയായിരുന്നു .കൂട്ടുകാരികള്‍ അവളെ  കൗതുകത്തോടെയായിരുന്നു നോക്കാറ് . അവളുടെ കലപില കൂട്ടിയുള്ളസംസാരം മനോഹരമായി ചിത്രം വരക്കാനും  പഠിക്കാനും മിടുക്കിയായിരുന്നു. അധ്യാപക ദമ്പതിമാരുടെ മൂന്ന് മക്കളില്‍ ഇളയവള്‍ .മൂത്തരണ്ടുചേച്ചിമാരുമടങ്ങുന്നതാണ് അവരുടെകുടുംബം.കൊണ്ടും
കൊടുത്തും അടിച്ചുംകളിച്ചും വളര്‍ന്നവര്‍ കളിക്കൂട്ടുക്കാരെപോലെ ആയിരുന്നു സഹോദരിമാര്‍.വീട്ടില്‍ സന്ധ്യയായാല്‍ എല്ലാവരുംകൂടി പ്രാര്‍ത്ഥിച്ചു അതിനുശേഷം ആഹാരവും കഴിഞ്ഞു ഒരു ഒത്തുകൂടല്‍ ഒരു മണിക്കൂര്‍ ആ വീട് പറഞ്ഞറിയിക്കാന്‍പറ്റാത്ത ഒരു സ്നേഹവലയമാണ്.മറ്റുള്ളവര്‍ അസൂയയോടെ നോക്കി പോകും.ഇന്നത്തെ കാലത്ത് പല വീടുകളിലും ഇല്ലാതെപോകുന്നതും മക്കളും മാതാപിതാക്കളും തമ്മിലുള്ള ഈ ഒത്തുചേരല്‍ ആണ് .സ്നേഹം എന്നാ വാക്കുപോലും കേട്ടിട്ടില്ലാത്തപോലാകുംപലരുടെയും പെരുമാറ്റം.
              ചേച്ചിമാര്‍ ഉന്നത പഠനത്തിനായി ദൂരേക്ക് പോയപ്പോളായിരുന്നു സോന ഏറ്റവുംകൂടുതല്‍ സങ്കടപ്പെട്ടത്. പിന്നീടു പഠനത്തിനു ശേഷം ഒഴിവുസമയങ്ങള്‍ ചിത്രംവരയുടെ ലോകമായിരുന്നു സോനയുടെ കൂട്ട്, സോന പിന്നീടു നല്ല ഒരു ആര്‍ട്ടിസ്റ്റ് ആയിമാറി അവളുടെ ചിത്രപ്രദര്‍ശനം പലസ്ഥലങ്ങളിലും നടക്കാറുണ്ട്. അങ്ങനെ നടന്ന ഒരു പ്രദര്‍ശനത്തില്‍വച്ചാണ് ജെറിയും സോനയും പരിചയപ്പെടുന്നത്.പിന്നീടു എവിടെ സോനയുടെ ചിത്രപ്രദര്‍ശനം ഉണ്ടെങ്കിലും ജെറി പോകാറുണ്ട്.നല്ല ഒരു ഇന്റീരിയര്‍ ഡിസൈനര്‍ ആണ് ജെറി.അവനാവശ്യമുള്ള ചിത്രങ്ങള്‍പലതും സോനയാണ് വരച്ചു നല്‍കിയത്, അവന്‍റെ ഭാവനയില്‍ തെളിയുന്നചിത്രങ്ങളെല്ലാം   സോനയുടെ വിരള്‍ത്തുമ്പ്‌കൊണ്ട് ക്യാന്‍വാസില്‍ കോറിയപ്പോള്‍ അഴകിന്‍റെ  കൊടുമുടിയില്‍തീര്‍ത്ത മനോഹര ദൃശ്യങ്ങളായി.  
          ജെറിയുടെ ജോലിക്കുശേഷമുള്ള സമയങ്ങള്‍ സോനയോടൊത്തു ചിലവഴിക്കാന്‍ അവന്‍ തീരുമാനിച്ചു .സോനയും അതില്‍ സന്തോഷവതിയായിരുന്നു.സോന ആസമയങ്ങളില്‍ ധാരാളം ചിത്രങ്ങള്‍വരച്ചു. ആചിത്രങ്ങളുടെ ആദ്യത്തെ ആരാധകനും വിമര്‍ശകനും എല്ലാമവനായിരുന്നു അവന്‍ നല്‍കുന്നപ്രോത്സാഹനവും സോനയുടെ കഴിവുമൊത്തുചേര്‍ന്നപ്പോള്‍ സോന ചിത്രകലയുടെകൊടുമുടികള്‍ കീഴടക്കി തുടങ്ങി.അതോടെ സോനക്ക് ആരാധകരും കൂടിവന്നു എവിടെ ചിത്രപ്രദര്‍ശനമുണ്ടെങ്കിലും പരിചയപ്പെടാന്‍ പലരുംവരും .ഈ കാഴ്ച ജെറിക്ക് അല്പംവിഷമം ഉണ്ടാക്കുന്നതായിരുന്നു.അതിനൊരു കാരണമുണ്ട് ജെറിക്ക് സോനയോടു തോന്നിയ സ്നേഹം അതില്‍ അല്പം സ്വാര്‍ത്ഥത കടന്നുകൂടിയെന്നു മാത്രം. അവന്‍റെ സങ്കടവുംദേഷ്യവുമെല്ലാം  സോനയോടു തുറന്നുപറഞ്ഞു

                   പിന്നീട് വന്നദിവസങ്ങളില്‍ പലപ്പോഴും അവര്‍ തമ്മില്‍കൊച്ചുകൊച്ചു പിണക്കങ്ങളും പിന്നെ ഇണക്കങ്ങളും പതിവായി .അപ്പോഴാണ്  അവര്‍ കൂടുതല്‍ ആഴത്തില്‍ പരസ്പരം സ്നേഹിക്കാന്‍ തുടങ്ങിയിരിക്കുന്നു എന്നു മനസിലാക്കിയത്.ഒരിക്കല്‍ സോന വരച്ച ഒരു ചിത്രത്തിന് അല്പം അപാകത ഉണ്ടായി പക്ഷെ ജെറിയുടെ തിരക്ക്മൂലം അവന്‍ ശ്രദ്ധിച്ചതുമില്ല.ഒന്ന് നോക്കണം എന്നു പറഞ്ഞെങ്കിലും സോനയിലെ കഴിവിനെ പൂര്‍ണ്ണവിശ്വാസം ഉള്ളതുകൊണ്ട് അവന്‍ കാര്യമാക്കിയില്ല.ആ ചിത്രത്തിന് വിമര്‍ശനങ്ങള്‍ വന്നപ്പോളാണ് അവര്‍ അത്ശ്രദ്ധിച്ചത്, എല്ലായിടത്തുനിന്നും അഭിനന്ദനങ്ങള്‍ലഭിച്ചിരുന്ന സോനയുടെ ചിത്രങ്ങള്‍ക്ക് വിമര്‍ശനം ഉണ്ടായപ്പോള്‍ അവള്‍ ശരിക്കുംതളര്‍ന്നു പോയി തന്‍റെ അശ്രദ്ധകാരണം ഇങ്ങനെ ആയതെന്നു ഓര്‍ത്തപ്പോള്‍ അവളുടെ മിഴികള്‍ അറിയാതെ നിറഞ്ഞൊഴുകി.അതിലും കൂടുതല്‍ വേദനിച്ചത് നമ്മുടെ ജെറിയും.ആശ്വാസമായി അവള്‍ക്കരുകില്‍ ചെന്നുവെങ്കിലും അത്രപെട്ടന്ന് അവളെ ശാന്തമാക്കാന്‍ അവനും കഴിഞ്ഞില്ല. ഈ സംഭവത്തിനുശേഷം സോന തന്‍റെചിത്രങ്ങള്‍ വരക്കുമ്പോള്‍ നല്ലശ്രദ്ധയോടെ ചെയ്യാന്‍തുടങ്ങി ജെറിക്കും ഒരു ഗുണപാഠമായിരുന്നു ആ സംഭവം.

                      ഇതിനിടയിലേക്കാണു മോനൂട്ടന്‍ കടന്നു വന്നത്. മോനൂട്ടന്‍റെ പപ്പാ നേരത്തെ മരിച്ചുപോയി ഓര്‍ക്കാപുറത്തു വിരുന്നുവന്ന ഒരു ഹൃദയസ്തംഭനമായിരുന്നു അവന്‍റെ പപ്പയെഅവനു നഷ്ടമാക്കിയത് .അവന്‍റെ മമ്മ കോളേജ്പ്രഫസര്‍ ആയിരുന്നു . ഭര്‍ത്താവു നേരത്തെനഷ്ടപ്പെട്ടെങ്കിലും മകനുവേണ്ടി മറ്റൊരുവിവാഹം വേണ്ടന്നുതീരുമാനിച്ചു. നല്ല ചുറുച്ചുറുക്കോടെ നടന്നിരുന്ന മോനുട്ടനു ഇടക്കിടക്ക് വല്ലാത്തക്ഷീണം അനുഭവപ്പെടുന്നു ,അങ്ങനെയാണ് അവര്‍ ആശുപത്രിയില്‍ ചെക്കപ്പിനു പോയത്.പല ടെസ്റ്റുകളും നടത്തി ഡോക്ടര്‍ പറഞ്ഞത് കേട്ടപ്പോള്‍ ആ മാതൃഹൃദയം കത്തികൊണ്ട് മുറിപ്പെടുത്താതെ തനിയെവിണ്ടു രക്തമൊഴുകുന്ന അവസ്ഥയായി.മോനുട്ടന്‍റെ രക്തത്തിലെ ചുവന്നഅണുക്കള്‍ അനുനിമിഷം നശിച്ചുകൊണ്ടിരിക്കുന്നു .ചികിത്സ കൊണ്ട് കാര്യമില്ലാ എന്നുകൂടി കേട്ടപ്പോള്‍ എല്ലാം പൂര്‍ത്തിയായി .ഈ അവസ്ഥയില്‍ സോനയെ അവനു വിട്ടുകൊടുക്കുന്നതല്ലേ തനിക്കു ചെയ്യാന്‍ പറ്റുന്ന പുണ്യം എന്നു ജെറി ചിന്തിച്ചെങ്കില്‍ എന്താണ് അതില്‍ തെറ്റ് ?
                     ഓരോരോ കാരണങ്ങള്‍ പറഞ്ഞു ജെറി പിന്നീടു തിരക്കഭിനയിക്കാന്‍തുടങ്ങി. പക്ഷെ സോന ആദ്യമൊന്നും കാര്യമാക്കിയില്ല ജോലിതിരക്കാവും എന്നു കരുതി.പിന്നീടു പലപ്പോളും അവന്‍ സോനയെ കാണാന്‍ വരാതെയായി .വരുമ്പോള്‍ ചോദിച്ചാല്‍ പറയും ദൂരെ എവിടെയെങ്കിലും ഓഫീസ് ആവശ്യത്തിനു പോകേണ്ടി വന്നു എന്നാവും മറുപടി. അതോടെ സോനക്കും ചിത്രങ്ങള്‍ വരയ്ക്കാന്‍ താല്പര്യം ഇല്ലാതായി മനപ്പൂര്‍വ്വം തന്നെ ഒഴിവാക്കുന്നതാണെന്ന് മനസിലായപ്പോള്‍.സോനയുടെ ചോദ്യത്തിനുള്ള ഉത്തരം ഒരിക്കലും അവനില്‍ നിന്ന് ലഭിച്ചില്ല.അവന്‍ മൌനം പാലിക്കുന്നു ഒഴിഞ്ഞു മാറുന്നു.അങ്ങനെ പോകവേ ജെറിക്ക് അമേരിക്കയില്‍ നല്ലൊരു സ്ഥാപനത്തില്‍ ജോലി ലഭിച്ചു.അവന്‍ സോനയോടും മോനൂട്ടനോടും യാത്ര പറഞ്ഞു പിരിയാന്‍ നേരം സോനയോടു പ്രത്യേകംപറഞ്ഞത് മോനൂട്ടനു നീയായിട്ട് സങ്കടം ഉണ്ടാക്കരുത് ഒരുപാട് ചിത്രങ്ങള്‍ വരക്കണം .സോന ഒന്നേ മറുപടി പറഞ്ഞോള്ളു എത്രനാള്‍ കഴിഞ്ഞാലും സോന ഇങ്ങനെ കാത്തിരിപ്പുണ്ടാവും.
                ജെറി പോയശേഷവും സോന ചിത്രങ്ങള്‍ വരച്ചു അവന്‍പറഞ്ഞ വാക്ക്പാലിക്കുവാന്‍ സോന മോനുട്ടനു കൂട്ടായി ചിലപ്പോള്‍അമ്മയെപോലെ ചേച്ചിയെപോലെ, കുഞ്ഞനുജത്തിയെപോലെ സ്നേഹം തുളുമ്പുന്ന കൂട്ടുകാരിയെപോലെ ആയിരുന്നു. സഹോദരന്‍ ഇല്ലാതിരുന്ന സോന മോനൂട്ടനില്‍ കണ്ടത് ഒരു കൂടപ്പിറപ്പിനെ ആയിരുന്നു.മോനുട്ടനും അങ്ങനെതന്നെയായിരുന്നു.ഈ സ്നേഹം ജെറി മനസിലാക്കിയതില്‍ വന്നപിഴവ് എത്രമാത്രം വേദനിച്ചു ജെറിയും സോനയും അങ്ങനെ മാസങ്ങള്‍ കടന്നുപോയി ഇടക്ക് ജെറി മോനൂട്ടനെ വിളിക്കും വിവരങ്ങള്‍ അറിയും ഒപ്പം സോനയുടെ കാര്യങ്ങളും തന്‍റെ ഈ അന്വേഷണം സോന അറിയരുത് എന്നു  മോനുട്ടനോട് പറഞ്ഞേല്‍പ്പിച്ചു അത് എന്തുകൊണ്ടാണ് എന്നു അവന്‍ ചിന്തിക്കാഴികയില്ല? ഒരിക്കല്‍ ജെറിയോട് അവന്‍ ചോദിക്കയുണ്ടായി “പറയാന്‍ സമയമായില്ല” എന്നുപറഞ്ഞു അവന്‍ ഫോണ്‍ കട്ടുചെയ്തു.പിന്നീടു മോനുട്ടന്‍ ഈ കാര്യം ചോദിച്ചിട്ടില്ല. അങ്ങനെ ഇരിക്കുമ്പോള്‍ മോനുട്ടന്‍റെ അസുഖത്തിനുള്ള പുതിയ ഒരു ചികിത്സ അമേരിക്കന്‍ ഡോക്ടര്‍മാര്‍ കണ്ടെത്തിയെന്ന വാര്‍ത്ത ജെറി അറിയുന്നത്. ജെറിയുടെ സന്തോഷത്തിന് അതിരില്ലായിരുന്നു അവന്‍ ഉടന്‍ തന്നെ മോനുട്ടന്‍റെ മമ്മയെവിളിച്ചു കാര്യങ്ങള്‍പറഞ്ഞു മോനുട്ടനോടും .സന്തോഷമുള്ള വാര്‍ത്ത ആയിരുന്നെങ്കിലും അതിന്‍റെ  പണചിലവിനെകുറിച്ച് അറിഞ്ഞപ്പോള്‍  അവര്‍ മൌനമായി. ജെറി അവര്‍ക്ക് ധൈര്യം പകര്‍ന്നു .അന്ന് വിദേശത്ത് പോയ ശേഷം ആദ്യമായി അവന്‍ സോനയെ വിളിച്ചു കാര്യങ്ങള്‍ പറഞ്ഞു.
            സോന തന്‍റെ ചിത്രങ്ങള്‍ വിറ്റുകിട്ടിയ പണവും ജെറിയുടെ ശമ്പളവും നല്ല മനസുള്ളവരുടെ സഹായവും കൊണ്ട് അവനെ വിദേശത്ത് ചികിത്സക്കായി കൊണ്ടുപോയി.ഒരു മാസത്തെ ചികിത്സക്ക്ശേഷം മോനുട്ടന്‍റെ അസുഖം  പൂര്‍ണ്ണമായും മാറി . ഒഴിവു സമയങ്ങളില്‍ എല്ലാം ജെറി മോനുട്ടനോടൊപ്പമായിരുന്നു  ചിലവഴിച്ചത് അവനിപ്പോള്‍ ജെറിയുടെയും കൂടപ്പിറപ്പായി.
               തിരികെ മടങ്ങാന്‍ നേരം  ജെറി പറഞ്ഞത് സോനയെ വിവാഹം കഴിച്ചു സുഖമായി ജീവിക്കണം എന്നുമാത്രമാണ് മോനുട്ടന്‍ അപ്പോളാണ് നേരത്തെ പറഞ്ഞ കാര്യങ്ങള്‍ ഓര്‍മിച്ചെടുത്തത്. മോനുട്ടന്‍ പറഞ്ഞു സോനയെ തനിക്കു ഒരിക്കലും വിവാഹം കഴിക്കാന്‍ പറ്റില്ല അവള്‍ എന്നും എനിക്ക്  കൂടപിറപ്പു ആണെന്നുള്ള സത്യം ഒരു അമ്മയുടെ വയറ്റില്‍ പിറവിയെടുക്കാതെ കൂടപിറപ്പായവര്‍. ജെറിപോലും അവന്‍റെമനസ്സിനു മുന്‍പില്‍ തോറ്റുപോയി ആ സ്നേഹം കണ്ടു.അങ്ങനെ മോനുട്ടനോടൊപ്പം ജെറിയും നാട്ടിലേക്ക് യാത്രയായി തനിക്കായ്‌ മാത്രം കാത്തിരിക്കുന്ന ഈശ്വരന്‍ തനിക്കായ്‌ സൃഷ്ടിച്ച സോനയെന്ന മുത്തിനെ സ്വന്തമാക്കാന്‍ .അവരുടെ വിവാഹം ഒരു സഹോദരന്‍റെ  സ്ഥാനത്തു നിന്ന് എല്ലാഉത്തരവാദിത്വങ്ങളോടും കൂടി മോനുട്ടന്‍ നടത്തികൊടുത്തു. അങ്ങനെ ആ മൂന്ന് കുടുംബങ്ങള്‍ താങ്ങും തണലുമായി ഒരുമയോടെ മുന്നോട്ടു പോയി .നമ്മുടെ മോനുട്ടനും വിവാഹിതനായി സഹോദരി സോനയുടെയും ജെറിയുടെയും സാനിദ്ധ്യത്തില്‍.ഇന്നും അവര്‍ മക്കളുമായി വിശേഷനാളുകളില്‍ ഒത്തുകൂടുന്നു പഴയ വിശേഷങ്ങള്‍ പറഞ്ഞും പങ്കുവെച്ചും പൊട്ടിച്ചിരിച്ചും മക്കള്‍ക്ക്‌ മാതൃകയായി കൂടപിറപ്പുകളെപോലെ.

   ഒരു അമ്മയുടെ വയറ്റില്‍ പിറന്നിട്ടും പലതിനു വേണ്ടിയുംപരസ്പരംശത്രുതയോടെ പോരാടാന്‍ പടവാളും പിടിച്ചു നില്‍ക്കുന്നവര്‍ ഒന്ന് ചിന്തിച്ചിരുന്നെങ്കില്‍ ?ഒരമ്മയുടെ മക്കളല്ലാതിരുന്നിട്ടും കൂടപ്പിറപ്പുകളായ ഈ കൂട്ടുകരെക്കുറിച്ച് അവരുടെ സ്നേഹത്തെക്കുറിച്ച് അവരുടെ പങ്കുവയ്ക്കലിനെകുറിച്ച് ..............ഒന്നു മനസ്സിലാക്കിയിരുന്നെങ്കില്‍ എത്ര നന്നായിരുന്നു .

Monday, July 29, 2013

പൊന്‍താരകം




   ഒരു സായംസന്ധ്യയില്‍ പുറംകാഴ്ചകള്‍ കണ്ടുകൊണ്ടു  ആകാശത്തേക്ക് നോക്കിയപ്പോള്‍ ഒരു പൊന്‍താരകം കണ്‍ചിമ്മി നില്‍ക്കുന്നതായി ആര്യന് തോന്നി . ആ താരകം തന്നെ നോക്കിയാണോ പുഞ്ചിരിക്കുന്നത് .ഓര്‍മ്മയുടെ പിന്നാമ്പുറങ്ങളിലേക്ക് ഊളിയിട്ടു പറക്കാന്‍ അവനു അധിക സമയം വേണ്ടി വന്നില്ല .
     തന്റെ മാത്രം ജീവനായി ഓരോ അണുവിലും ത്രസിച്ചു നിന്നിരുന്ന പൂച്ച കണ്ണുകളും ചെമ്പന്‍ തലമുടിയും റോസാപൂവിന്റെ നിറവുമുള്ള ഒരു സുന്ദരികുട്ടി.തന്‍റെ വിദേശ ജീവിതത്തില്‍ തനിക്കായി മാത്രം സൃഷ്‌ടിച്ച ഒരു പനിനീര്‍ പുഷ്പം. ഡോറ അതായിരുന്നു അവളുടെ പേര് എങ്കിലും ആര്യന്‍ അവളെ വിളിച്ചിരുന്നത്‌ പാറു എന്നായിരുന്നു.
    ലണ്ടനിലെ പഠനത്തിനിടയില്‍ ഒരേ കലാലയത്തില്‍ ഒരുമിച്ചു പഠിച്ചവര്‍ .നല്ല കൂട്ടുകാരായിരുന്നു അവര്‍ .ഓരോ വൈകുന്നേരങ്ങളും അവര്‍ക്കുവേണ്ടി ഉള്ളതുപോലെ തോന്നും.  ഒരുപാട് സമയം അവര്‍ ഒരുമിച്ചു ചിലവഴിച്ചു. പഠനത്തെ കുറിച്ചും ആര്യന്റെ നാടിനെക്കുറിച്ചും എല്ലാം അവര്‍ സംസാരിച്ചു. ഇടക്ക് അവധിക്കു നാട്ടിലേക്ക് പോയപ്പോള്‍ ഡോറയും കൂടെപോയി അവന്റെ നാട് കാണാന്‍ . അത് അവളുടെ ജീവിതത്തില്‍ ഒത്തിരി നിറം മങ്ങാത്ത കാഴ്ചകള്‍ സമ്മാനിച്ചു.അവധി കഴിഞ്ഞു തിരിച്ചു മടങ്ങിയ അവര്‍ക്ക് പറയാന്‍ ഒരുപിടി വിശേഷങ്ങള്‍ എന്നും ഉണ്ടാവും അധികവും കൊച്ചുകേരളത്തിന്റെ മനോഹാരിതയും പാരമ്പര്യങ്ങളും ആചാരങ്ങളും .............ഡോറയുടെ സംശയങ്ങള്‍ക്ക് ആര്യന്റെ സരസമായ ഉത്തരവും.
        പഠനം പൂര്‍ത്തിയാകാറായപ്പോഴേക്കും അവരുടെ വൈകുന്നേരങ്ങള്‍ സങ്കടങ്ങള്‍ക്ക് കൂടി ഇടനല്കാന്‍ കാരണമായി. അവര്‍ പരസ്പരം അത്രക്കും ഇഷ്ടപ്പെട്ടിരുന്നു. പിരിയുന്നത് ചിന്തിക്കാന്‍ പറ്റാതായപ്പോള്‍ അവര്‍ ഒരു തീരുമാനം എടുത്തു ഡോറയെ തന്‍റെ സ്വന്തമാക്കി കൊണ്ടുപോകാന്‍ ആര്യനും ആര്യന്റെ പാറുവായി കേരളത്തിന്‍റെ മരുമകളായി മാറുന്ന ദിവസവും സ്വപ്നം കണ്ടു ഡോറയും . ആര്യന്‍ പഠനം കഴിഞ്ഞു നാട്ടിലേക്ക് മടങ്ങി . വിവാഹത്തിന്‍റെ ഒരുക്കങ്ങള്‍ നടത്തി തിയതിയും കുറിച്ചു. എല്ലാവരെയും ക്ഷണിച്ചു മെയിലില്‍ വിദേശ സുഹൃത്തുക്കള്‍ക്ക് ക്ഷണകത്ത്‌ അയച്ചു . വിവാഹത്തിന്‍റെ ഒരു ആഴ്ച മുന്‍പ് ഓണ്‍ലൈനില്‍ ഒരു മെയില്‍ കിട്ടി അവനു .അത് പ്രിയ സുഹൃത്ത്‌ ബെര്‍ക്കിന്റെ ആയിരുന്നു .അത് വായിച്ച ആര്യന് എല്ലാ സ്പന്ദനങ്ങളും നിലക്കുംപോലെ, കാഴ്ചമങ്ങുന്നപോലെ തോന്നി കുറച്ചു സമയത്തേക്ക് എന്ത് സംഭവിച്ചുവെന്നു അവനു മനസിലായില്ല .കണ്ണ് തുറക്കുമ്പോള്‍ അമ്മയുടെ മടിയില്‍ തലവെച്ച് കിടക്കുന്നു.ആ വരികള്‍ അവന്റെ മനസിലേക്ക് വീണ്ടും ഓടിവന്നു .തന്‍റെ പാറുവിനെ നഷ്ടമായിരിക്കുന്നു അതും ഒരു അപകടത്തില്‍ .അവനെ എന്ത് പറഞ്ഞു സമാധാനിപ്പിക്കണമെന്നു ആര്‍ക്കും അറിയില്ലായിരുന്നു.

       കാലചക്രം എത്ര കടന്നുപോയി എന്നു അറിയില്ല .ആരൊക്കയോ കടന്നുവന്നു പടിയിറങ്ങിപോയി.തന്‍റെ പാറുവിനു പകരം വെക്കാന്‍ ഈശ്വരന്‍ ആരെയും സൃഷ്ടിച്ചില്ല . ഇപ്പോളും അവന്‍ കാത്തിരിക്കുന്ന പാറു എന്ന ആ “പൊന്‍താരകത്തിന്‍റെ” അരുകില്‍ ഒരു കുഞ്ഞു താരകമായി അണയുന്ന നിമിഷം..........അപ്പോളും അവന്‍ കണ്ടു ദൂരെ വാനില്‍ തന്നെ നോക്കി കണ്‍ചിമ്മി പുഞ്ചിരി പൊഴിച്ചുകൊണ്ട്‌ തന്നെ മാടി വിളിക്കുന്ന ആ “പൊന്‍താരകത്തെ”

Thursday, July 18, 2013

വെളിച്ചത്തിന്‍റെ പൊന്‍കതിര്‍

  


       

         ദില്ലിയിലേക്കുള്ള യാത്രയിലായിരുന്നു അവര്‍ മൂവരും .അവരുടെ കംമ്പാര്‍ട്ടുമെന്റില്‍ ഒരു അച്ഛനും അമ്മയും അവരുടെ  മകളും സഹയാത്രികരായി. അവരുടെ മകള്‍ക്ക് ഏകദേശം പതിനഞ്ചു വയസ്സ് പ്രായം കാണും. അവളുടെ പെരുമാറ്റത്തില്‍ എന്തോ ഒരു പന്തികേട്‌ പോലെ തോന്നുന്നു.കൂട്ടുകാരികള്‍ പരസ്പരം അടക്കം പറഞ്ഞു പൊട്ടിച്ചിരിക്കുന്നു. പെണ്‍കുട്ടി ഇതൊന്നും ശ്രദ്ധിക്കുന്നുപോലുമില്ല. അവള്‍ പുറത്തെ കാഴ്ചകളില്‍ നിന്നു കണ്ണു എടുക്കാതെ നോക്കിയിരിക്കുന്നു ചില കാഴ്ചകള്‍ കാണുമ്പോള്‍ അവള്‍ സന്തോഷം കൊണ്ടു മതി മറക്കുന്നത് കാണാം .അച്ഛനേയും അമ്മയേയും തോണ്ടി ഹായ്! കണ്ടോ അത് എന്നു ചോദിക്കുന്നു. അവരും അവളുടെ സന്തോഷത്തില്‍ പങ്കുചേരുന്നു. അവരുടെ മുഖത്ത് സന്തോഷമുണ്ടെങ്കിലും ചിലസമയങ്ങളില്‍ നൊമ്പരത്തിന്റെ മിന്നലാട്ടങ്ങളുംമാറി മറയുന്നതു  കാണാമായിരുന്നു .
    
      നമ്മുടെ കൂട്ടുകാരികളായ റോസും,ജീനയും,നേഹയും പെണ്‍കുട്ടിയുടെ കലാപരിപാടികള്‍ കണ്ടു  രസിച്ചു ഇരിക്കുന്നു.ഇവളെ ഏതെങ്കിലും ഭ്രാന്താശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ആയി കൊണ്ടു വരുന്നതാവും എന്തായാലുംസമയം പോകുന്നത് അറിയില്ലയെന്നു പറഞ്ഞു അവര്‍ ചിരിച്ചു.ഈ അടക്കംപറച്ചില്‍ സവിതകേട്ടു അത് അവളെ വല്ലാതെ നോവിച്ചു.സവിതയുടെയും വേണുവിന്റെയും ഏകമകളാണ് മൈഥിലി. അതാണ് നമ്മള്‍ കണ്ട പെണ്‍കുട്ടി.

          വേണുവും കുടുംബവും അവരുമായി രണ്ടു മണിക്കൂര്‍ യാത്ര കഴിഞ്ഞപ്പോള്‍ വളരെ അടുത്തു.സവിത അവരുടെ ജീവിതകഥകള്‍  മൂവരുമായി പങ്കുവെച്ചു.

    ദില്ലിയില്‍ എഞ്ചിനിയറായ വേണുവും ബാങ്കില്‍ മാനേജരായ സവിതയും. വിവാഹം കഴിഞ്ഞു എട്ടുവര്‍ഷത്തെ  കാത്തിരിപ്പിന് ശേഷമാണു അവര്‍ക്ക് മൈഥിലി ജനിച്ചത്.അവരുടെ സന്തോഷം നമുക്ക് ഊഹിക്കാവുന്നതല്ലേയുള്ളു. കുറച്ചു ദിവസങ്ങള്‍ക്കു ശേഷം മൈഥിലിയുടെ കൃഷ്ണമണിയുടെ നിറംമാറ്റം അവര്‍ ശ്രദ്ധിച്ചത് .ഉടനെ ഹോസ്പിറ്റലില്‍ പോയി ഡോക്ടര്‍ പറഞ്ഞ വാക്കുകള്‍ അവരുടെ ഹ്രദയത്തില്‍ ഇടിമിന്നല്‍ പോലെ പാഞ്ഞു. തങ്ങളുടെ പൊന്നോമനക്ക് കാഴ്ചശക്തിയില്ല .

     അന്നുമുതലുള്ള നീണ്ടകാത്തിരിപ്പാണ് അവര്‍ക്ക് ഇന്ന് സഫലമായത്. മൈഥിലി ആദ്യമായി പുറം ലോകത്തിന്റെ കാഴ്ചകള്‍ കണ്ടുകൊണ്ടുള്ളആദ്യ യാത്ര അതിരില്ലാത്ത അവളുടെ സന്തോഷത്തിന്‍റെ കാരണം. മൈഥിലിക്കു പ്രകാശത്തിന്റെ പുതിയ ലോകം തുറന്നു കൊടുത്ത സഞ്ജു ഒരിക്കലും തീരാത്ത നോവിന്‍റെ സ്മരണയാണ്.

               അദ്ധ്യാപകരായ സിബിയുടെയും റീബയുടെയും ഏകമകനാണ് സഞ്ജു. പഠിക്കാന്‍ മിടുക്കന്‍ മറ്റുള്ള കാര്യങ്ങളിലും സമര്‍ത്ഥന്‍ എല്ലാവരുടെയും കണ്ണിലുണ്ണി . സഞ്ജു നാലാം വര്‍ഷ മെഡിസിന്‍ വിദ്യാര്‍ഥി ആയിരുന്നു. അവന്‍റെ ഇരുപതാം പിറന്നാളിനു അച്ഛന്‍ വാങ്ങികൊടുത്ത സമ്മാനമായിരുന്നു ഒരു ബൈക്ക് . ഒരു അവധി ദിവസം സുഹൃത്തിനൊപ്പം  അവന്‍റെ വീട്ടില്‍ പോയ്‌ മടങ്ങും വഴിയാണ് എതിരെ വന്ന ചരക്കു ലോറി സഞ്ജുവിന്റെ ജീവന്‍ അപഹരിച്ചത് .

        സഞ്ജുവിന്‍റെ അച്ഛനും അമ്മയ്ക്കും താങ്ങാന്‍ പറ്റാത്തതായിരുന്നു മകന്‍റെ വിയോഗമെങ്കിലും മകന്‍റെ അവയവങ്ങള്‍  ദാനംചെയ്യാന്‍ തീരുമാനിച്ചു. അവന്‍റെ ശരീരത്തിലെ കണ്ണുകള്‍ മാത്രമേ ഉപകരിക്കുന്നതായി ഉണ്ടായിരുന്നൊള്ളൂ. ആ കണ്ണുകളിലൂടെയാണ്നമ്മുടെ മൈഥിലി ഇന്നു വെളിച്ചത്തിന്‍റെ പുതിയ ഒരു ലോകം കണ്ടത്.
         
           അന്ന് തന്നെ വേണുവും സവിതയും അവരുടെ കണ്ണുകള്‍ ദാനം ചെയ്യുന്നതിനുള്ള സമ്മത പത്രം ഒപ്പിട്ടു നല്‍കിയാണ്‌ മടങ്ങിയത്. പ്രിയപ്പെട്ട കൂട്ടുകാരെ സമയോജിതമായി നമ്മളും പ്രവര്‍ത്തിച്ചാല്‍ എത്രയോ ജീവിതങ്ങള്‍ ഇരുളിന്‍റെ തീരാകയത്തില്‍ നിന്നും വെളിച്ചത്തിന്‍റെ പുതുലോകത്തിലേക്കു നമുക്കും കൊണ്ടുവരുവാന്‍ സാധിക്കും! .......”കണ്ണുള്ളവന് കണ്ണിന്‍റെ കാഴ്ച അറിയില്ല “ എന്ന പഴമൊഴി എത്ര ചിന്തോദ്ദീപകമാണു !! 

Sunday, May 19, 2013

അലീസയുടെ ഓര്‍മ്മപെടുത്തല്‍



     

                       ജീവിതം എല്ലാവര്‍ക്കും ഓര്‍മ്മപെടുത്തല്‍ നിറഞ്ഞതാണ്‌.കുട്ടിക്കാലം,കൌമാരം,പ്രണയം,വിരഹം,പ്രിയമുള്ളവരുടെ മരണം അങ്ങനെ ഒരുപാടു കാര്യങ്ങള്‍.ഓര്‍മ്മകളുടെ ലോകത്ത് ജീവിച്ചിരുന്ന രോഹിത്തിനെ കൂട്ടുകിട്ടുന്നത് ഇന്നും അലീസയുടെ ഓര്‍മ്മയില്‍ അല്പം പോലും മങ്ങല്‍ ഏല്‍ക്കാത്ത ചിത്രമായി അവശേഷിക്കുന്നു. ജോലിക്ക് പോകുമ്പോള്‍ മെട്രോ സ്റ്റേഷനില്‍ വച്ചാണ് അലീസാ അവനെ കണ്ടുമുട്ടിയത്‌.പലപ്പോളും അലീസാ ശ്രദ്ധിക്കാറുണ്ട് രോഹിത്തിനെ അതിനുള്ള കാരണം എപ്പോളും അവന്‍റെ മുഖത്ത് വിരിയുന്നത് ഒരു വിഷാദഭാവമാണ്.ഒറ്റപെട്ടു വിദൂരതയില്‍ കണ്ണുംനട്ട് നില്‍ക്കും.എല്ലാവരുംപരസ്പരം കുശലം പറയുമ്പോള്‍ ആരോടുംമിണ്ടാതെ ഉള്ള നില്‍പ്പ്. എന്തെങ്കിലും ചോദിച്ചാല്‍ അതിനു മാത്രമുള്ള മറുപടി ഇതൊക്കെ ആയിരുന്നു രോഹിത്തിന്റെ വിശേഷണങ്ങള്‍.
     ഒരു ദിവസം പതിവുപോലെ സ്റ്റോപ്പില്‍ എത്തിയപ്പോള്‍ രോഹിത്ത് തനിച്ചു നില്‍ക്കുന്നു അലീസയുടെ കൂട്ടുകാരും എത്തിയില്ല. അലീസാ പതിക്കെ അവന്‍റെ അടുത്ത് ചെന്ന് ഒരു സുപ്രഭാതം ആശംസിച്ചു വിഷാദം നിറഞ്ഞഒരു പുഞ്ചിരികൊണ്ടു അവനും നല്‍കി തിരികെ ഒരു സുപ്രഭാതവും.പിന്നീടുള്ള ദിനങ്ങളില്‍ രോഹിത്ത് അലീസയെ കാണുമ്പോള്‍ ഒരു പുഞ്ചിരി സമ്മാനിക്കാന്‍ മറക്കാറില്ല. ഒരു ദിവസം അലീസാ രോഹിത്തിനോട് വിശേഷങ്ങള്‍ തിരക്കി.ബാങ്ക് ജോലിക്കാരായ റാമിന്റെയും ലീനയുടെയും ഏകമകന്‍. അവര്‍ രണ്ടു മതത്തില്‍ പെട്ടവര്‍  സ്നേഹിച്ചു വിവാഹിതരായി .അതിനാല്‍ വീട്ടുകാരില്‍ നിന്നും ഒറ്റപെട്ടു എങ്കിലും അവര്‍ സന്തോഷത്തോടെ ജീവിക്കുന്നു. അവര്‍ വളരെ സ്നേഹത്തോടെ ഏകമകനെ വളര്‍ത്തിയത്‌.
         നീണ്ടു കിടക്കുന്ന പുഞ്ചപാടങ്ങളുടെ അപ്പുറമാണ് അന്നയുടെ വീട്.പപ്പാ,മമ്മി രണ്ടു ഏട്ടന്മാര്‍ ഇതാണ് അന്നയുടെ ലോകം അവരുടെ ഏല്ലാം പുന്നാരകുട്ടി. ആരുകണ്ടാലും ഒന്നുകൂടിനോക്കുന്ന സുന്ദരികുട്ടി. പക്ഷെ പഠിക്കാന്‍ മണ്ടിയാണ്. അങ്ങനെയാണ് അന്ന രോഹിത്തിന്റെ അടുത്ത് ടൂഷന്‍ പഠിക്കാന്‍ എത്തുന്നത്.രോഹിത്ത് പഠിക്കാന്‍ മിടുക്കന്‍ നന്നായി പാട്ട് പാടും സ്കൂളില്‍ എല്ലാവര്‍ക്കും പ്രിയപ്പെട്ട കുട്ടി. അന്നക്കുംരോഹിത്തിനും  അധികനാള്‍ വേണ്ടിവന്നില്ല പഠനം പ്രണയത്തിലേക്കു വഴിമാറാന്‍. ഒരു ദിവസം രോഹിത്തിന്‍റെ മമ്മി അവരുടെ സംസാരം കേള്‍ക്കാന്‍ ഇടയായി. പഠനമല്ല അവരുടെ സംസാരം എന്ന് മനസ്സിലാക്കാന്‍ ലീനയ്ക്ക് അധികസമയം വേണ്ടിവന്നില്ല.അനുഭവം ആണല്ലോ ഗുരു.ലീന ഭര്‍ത്താവിന്‍റെ മുന്‍പില്‍ വളരെ ശാന്തമായി കാര്യങ്ങള്‍അവതരിപ്പിച്ചു. അവര്‍ ഒരു തീരുമാനം എടുത്തു രോഹിത്തിനെ അടുത്ത സ്കൂള്‍ വര്‍ഷം ബോര്‍ഡിങ്ങില്‍ ആക്കാന്‍. സ്കൂള്‍ അടക്കാന്‍ ഇനി രണ്ടു മാസം മാത്രം.ഇന്നി മുതല്‍ ടൂഷന് വരണ്ട എന്ന് അന്നയോടു പറഞ്ഞു.രോഹിത്തും അന്നയും പിടിക്കപെട്ടു എന്ന് അവര്‍ക്ക് മനസിലായി.നെഞ്ചു പൊട്ടുന്ന സങ്കടവുമായി  അവര്‍ പിരിഞ്ഞു എങ്കിലും പാടവരമ്പിലും സ്കൂള്‍ യാത്രയിലും അവര്‍ അക്ഷരങ്ങളിലൂടെ ദൂത് കൈമാറി. സ്കൂള്‍ അടച്ചപ്പോള്‍ കൂട്ടുകാരുമായി ചക്കരമാവിന്‍റെ ചുവട്ടില്‍ കളിക്കുമ്പോള്‍ നോട്ടങ്ങളിലൂടെ സ്നേഹം പങ്കുവെച്ചു. സ്കൂള്‍ തുറന്നപ്പോള്‍ രോഹിത്ത് ബോര്‍ഡിങ്ങിലേക്ക് പോയി എങ്കിലും അവധിക്കാലത്തിനു വേണ്ടിഅവര്‍ കാത്തിരുന്നു.സ്കൂള്‍ ജീവിതംഅവസാനിച്ചപ്പോള്‍ തുടര്‍ പഠനത്തിനായ് രോഹിത്ത് ദൂരേക്ക്‌ യാത്രയായി. എങ്കിലും അവരുടെ സ്നേഹം മുന്നോട്ടു പോയികൊണ്ടിരുന്നു.ഇടക്ക് എപ്പോളോ സുഹൃത്തിന്‍റെ ഒരു ലെറ്റര്‍ കിട്ടി രോഹിത്തിനു കാര്യം എന്താണെന്നു അറിയാന്‍ നാട്ടിലേക്കു തിരിച്ച രോഹിത്തിനെ കാത്തിരുന്നത് തന്‍റെ പ്രിയപ്പെട്ട അന്നയെ തനിക്ക് നഷ്ടപെടുന്നു എന്ന വാര്‍ത്തയാണ്. നാളെ അന്നയുടെ വിവാഹം ആണ്  ഒരു നോക്ക് കാണാന്‍ പോലും അവര്‍ക്ക് കഴിഞ്ഞില്ല കാരണം അന്ന വീട്ടു തടങ്കലില്‍ ആയിരുന്നു.രോഹിത്ത് ആകെ തകര്‍ന്നുപോയി.പിന്നീടു ഒരു നല്ല കൌണ്‍സിലിംഗ് വേണ്ടി വന്നു രോഹിത്തിനെ ഒന്ന് കരകയറ്റാന്‍.രോഹിത്ത് പഠനം പൂര്‍ത്തിയാക്കിവിദേശത്ത് ജോലിക്ക് പോയി എന്നാലും അന്നയുടെ ഓര്‍മ്മകള്‍ അവനെ നുള്ളിനോവിച്ചു കൊണ്ടിരുന്നു.


                                           അന്നയും ഇടക്കൊക്കെ രോഹിത്തിനെ ഓര്‍ക്കുമായിരുന്നു.ഇതിനിടയില്‍ അന്നയ്ക്ക് ഒരു കുഞ്ഞു പിറന്നു പിന്നീടുള്ള അവളുടെ ദിനങ്ങള്‍ സന്തോഷത്തോടെ മുന്നോട്ടു പോകുമ്പോള്‍ ദുരന്തമായി ഒരു വാഹനാപകടം അന്നയുടെ ജീവിതത്തില്‍ കരിനിഴല്‍ വീഴ്ത്തി. അവള്‍ക്കു ഭര്‍ത്താവിനെ നഷ്ടമായി. പിന്നീടുള്ള അവളുടെ ജീവിതം സ്വന്തം വീട്ടിലേക്കു പറിച്ചുനടപെട്ടു .കൂട്ടുകാരില്‍ നിന്നു വിവരം അറിഞ്ഞ രോഹിത്തിന്റെ നോവുകള്‍ക്ക്‌ മൂര്‍ച്ചയേറി . അതോടെ അവന്‍ കൂടുതല്‍ മൂകനായി.ഈ രോഹിത്തിനെ ആയിരുന്നു നമ്മള്‍ എന്നും സ്റ്റേഷനില്‍ വച്ച് കണ്ടുമുട്ടിയിരുന്നത്‌. രോഹിത്തിന്‍റെ കഥകള്‍ കേട്ടപ്പോള്‍ അലീസക്കും ഉള്ളില്‍ ഒരു നീറ്റല്‍ അനുഭവപെട്ടു. അലീസാ തനിക്കു പറ്റുന്ന രീതിയില്‍ എല്ലാംഅവനെ സമാധാനിപ്പിച്ചു .
         അലീസയെ കാണുമ്പോള്‍ രോഹിത്തും ശ്രദ്ധിക്കാറുണ്ടായിരുന്നു കാരണം അന്നയുടെ എന്തെക്കെയോ ഒരു സാമ്യം അവളില്‍ കണ്ടിരുന്നു .പിന്നീട് അലീസയോടോതുള്ള നിമിഷങ്ങളില്‍ രോഹിത്ത് തന്‍റെ വിഷാദ ഭാവങ്ങളോടു വിടപറയാന്‍ തുടങ്ങിയിരുന്നു .ഓരോദിവസം കഴിയുമ്പോളും അവര്‍ കൂടുതല്‍ അടുത്തുകൊണ്ടിരുന്നു.അലീസയുടെ മുന്‍പില്‍ ചിലപ്പോള്‍ കൊച്ചുകുട്ടികളെപോലെ അവന്‍ പിണങ്ങി . അലീസാ മറ്റുള്ളവരോട് സംസാരിക്കുന്നതോ നോക്കുന്നതോ പോലും ചിലപ്പോള്‍ അവനെ ദേഷ്യം പിടിപ്പിച്ചു. നന്നായി ചിത്രംവരക്കുമായിരുന്ന അലീസാ അതില്‍ നിന്നുപോലും പിന്മാറാന്‍ അവന്‍ പ്രേരിപ്പിച്ചു.കാരണം അവളുടെ മനോഹരമായ ചിത്രങ്ങള്‍ ഇഷ്ടമായി എന്ന് ആരെങ്കിലും പറയുന്നത് അവനു സഹിക്കാന്‍ പറ്റാതെ വന്നു.സ്നേഹം ബന്ധനമായി മാറിയ അവസ്ഥ.അവനോടുള്ള ഇഷ്ടം കൊണ്ടു തന്‍റെ ചിത്രം വര അവള്‍ ഉപേക്ഷിച്ചു അത്രക്കും അവന്‍ അലീസയുടെ ജീവിതത്തിന്റെ ഭാഗമായി.പിന്നീടുള്ള ഓരോ പ്രഭാതവും അവര്‍ക്ക് വേണ്ടി സ്രഷ്ടിച്ചതുപോലെ തോന്നി. അവധിക്കാലം ചിലവഴിക്കാന്‍ അവര്‍ ഒരുമിച്ചു നാട്ടില്‍ പോകാം എന്ന് തീരുമാനിച്ചു സമയമായപ്പോള്‍ അലീസക്ക് അവധി ലഭിച്ചില്ല. രണ്ടു പേര്‍ക്കും വല്ലാത്ത വീര്‍പ്പുമുട്ടല്‍ സങ്കടം പറയാന്‍ പറ്റുന്നില്ല രോഹിത്ത് നാട്ടിലേക്കു യാത്ര തിരിച്ചു.
          നാട്ടില്‍ എത്തിയ രോഹിത്ത് അലീസയെ മറന്നപോലായി ഒരു വിവരവും ഇല്ല.ഒരു മിസ്സ്കാല്‍ എങ്കിലും വന്നെങ്കില്‍.നാട്ടിലേക്കു വിളിക്കാന്‍ നമ്പര്‍ അറിയില്ല സങ്കടത്തോടെ അവന്‍റെതിരിച്ചുവരവിനായി കാത്തിരുന്നു.ഒരു അവധി ദിവസം കൂട്ടുകാരി റെസിയയുടെ അടുത്ത് പോയി അലീസയുടെ ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരിയാണ് അവള്‍.അവിടെ വച്ച് അത്യാവിശ്യമായിവീട്ടിലേക്കു ഒന്ന് സംസാരിക്കാന്‍ സ്കയ്പ്  തുറന്നപ്പോള്‍ ആദ്യം കണ്ണില്‍ പെട്ടത് രോഹിത്തിന്റെ  ഫോട്ടോ  ആയിരുന്നു.പേര് റാംഎന്നും അവള്‍ വേഗം ആ കാള്‍ തുറന്നു ഒരു മണിക്കൂര്‍ സംസാരിച്ചതുംകട്ട്‌ ചെയ്ത ശേഷം  I miss u da” എന്ന് പല തവണ എഴുതിയിരിക്കുന്നതും അലീസാ ഒരു തീക്കനല്‍ കൊണ്ടു കുത്തേറ്റപോലായി.റെസിയയോട്  അവള്‍ രോഹിത്തിനെകുറിച്ച് ചോദിച്ചു അവര്‍ ഫേസ് ബുക്കില്‍ പരിജയപെട്ടിട്ടു ഒരു മാസം ആയി എന്നും ചാറ്റിങ്ങും സംസാരവും എല്ലാം അവള്‍ പറഞ്ഞു
അലീസാക്കു നെഞ്ചു പിളരും പോലെ തോന്നി എങ്കിലും ഒന്നും പറയാതെ അവള്‍ അവിടെ നിന്നും പോന്നു.കാരണം റെസിയ അവളുടെ പ്രിയപ്പെട്ട കൂട്ടുകാരിയയിരുന്നു .അവളെ വേദനിപ്പിക്കാന്‍ മനസു വന്നില്ല എങ്കിലും അലീസാ റസിയയോടു പറഞ്ഞു ഫേസ് ബുക്ക് കൂട്ടുകാരെ  സുക്ഷിക്കണം സ്നേഹം നടിക്കുമ്പോള്‍  പിന്നിലെ ചതികുഴിയില്‍ വീഴരുത്  (രോഹിത്തിനെ പോലുള്ളവര്‍) എന്ന് കൂട്ടി ചേര്‍ക്കാന്‍ അലീസാ മറന്നില്ല.സ്നേഹത്തിനു ഇത്രയും വലിയ വില കൊടുക്കണം എന്ന് അറിഞ്ഞിരുന്നെങ്കില്‍ ഒരിക്കല്‍ പോലും ആത്മാര്‍ത്ഥമായ് അവനെ ഇഷ്ടപെടില്ലയിരുന്നു രോഹിത്ത് അവധി കഴിഞ്ഞു നാട്ടില്‍നിന്നും തിരിചെത്തി .അതിനു മുന്‍പേ അലീസാ ദൂരെയുള്ള ഓഫീസിലേക്ക് മാറിയിരുന്നു .തന്‍റെ മുന്‍പില്‍ സ്നേഹത്തിന്‍റെ മൂടുപടം അണിഞ്ഞിരുന്ന രോഹിത്തിനെ ഉള്ളിന്റെ ഉള്ളില്‍ അവള്‍ ഒരുപാടു ഇഷ്ടപെട്ടിരുന്നു അങ്ങനെ അലീസാ ആ മെട്രോസ്റ്റേഷനോടും യാത്രപറഞ്ഞുപിന്നീടു അലീസാ ഒരിക്കലും ഇങ്ങനെ ഉള്ള കപട മുഖങ്ങളെ കണ്ടു മുട്ടന്‍ ശ്രമിച്ചില്ല.അനുഭവം ആണല്ലോ ഏറ്റവും വലിയ ഗുരു. ഇതുപോലുള്ള കപടമുഖങ്ങള്‍ എത്ര കണ്ടാലും ഇന്നും പഠിക്കാത്തവരും നമ്മുടെ സമൂഹത്തില്‍ ഒരുപാട് ഉണ്ട്
        ഇപ്പോള്‍ നാട്ടില്‍ ഭര്‍ത്താവും മക്കളുമൊത്തു സുഖമായി കഴിയുന്നു.എങ്കിലും വല്ലപ്പോളും ഒരു ഓര്‍മ്മപെടുത്തല്‍  പോലെ രോഹിത്ത് മനസ്സില്‍ തെളിയാറുണ്ട് .അവളുടെ ആദ്യത്തെയും അവസാനത്തേയും പ്രണയമായി.