Monday, January 27, 2014

ഉണങ്ങാത്ത മുറിവ്


സ്വാന്തനം നല്‍കുവാന്‍ കഴിയുമോ നിനക്കിന്നു
വാക്കാലെ മുറിഞ്ഞതാം ഹൃത്തടത്തെ
ഒരുപാട് കാതങ്ങള്‍ താണ്ടണം നിനക്കിന്നു
ആ ഹൃത്തിന്‍ ആഴം അളന്നീടുവാന്‍

മൂര്‍ച്ചയുള്ളായുധം കൊണ്ടുമുറിയുമ്പോള്‍
 ഉണങ്ങുന്ന ആഴമേ അതിനായുസ്സ്
ഒരിക്കലും മായാത്ത വടുക്കള്‍ പോലല്ലയോ
ഹൃത്തിനെ കീറിമുറിച്ച നിന്‍ വാക്കുകള്‍

തന്‍ വാക്കിനെതിര്‍വാക്ക് ഇല്ലെന്നു ചൊല്ലി നീ
നിശബ്ധമാക്കുന്നു എന്നെയെന്നും
നീയറിയാതെ നിണം വാര്‍ന്നൊഴുകുന്ന
ഹൃത്തിന്റെ മുറിവ് നീ അറിയുന്നില്ലയോ ?

പശ്ചാത്തപിച്ചു നീ വീണ്ടുമെത്തീടുമ്പോള്‍
കാണാതിരിക്കുവാന്‍ കഴിയില്ലെനിക്കോമലെ
നൂറു ജന്മങ്ങള്‍ വീണ്ടും ജനിച്ചാലും
എന്നുടെ മാത്രമായ് നീ ലയിച്ചീടണം

ആശകളെല്ലാം നീ ചൊല്ലുന്നുയെപ്പോഴും
സ്നേഹമാം ഹൃത്തിനാല്‍ സുഗന്ധം പൊഴിക്കുവാന്‍
ദൂരത്തിരുന്നു നീ മൊഴിമുത്തു പൊഴിക്കുന്നു
എന്നുമെന്‍ ചാരെ നീയായിരിക്കേണം

ആരെന്തു ചൊല്ലീട്ടും കേള്‍ക്കേണ്ടെനിക്കിന്നു
നീ മാത്രമെന്നുമെന്‍ സ്വന്തമായീടണം
അശ്രു പൊഴിക്കും നിന്‍ ഈറന്‍ മിഴികളോ
ചങ്ങല തീര്‍ക്കുന്നു എന്‍പദങ്ങള്‍ക്കെന്നും

Wednesday, January 22, 2014

തുലാഭാരം


മയില്‍‌പീലി തുണ്ട് കൊണ്ട് തുലാഭാരം
നിനക്കായ്‌ നടത്തുവാന്‍ കാത്തിരിക്കുന്നവള്‍
ഒരു നിമിഷമോ ഒരു ദിനമോ അല്ല........
ജീവിതയാത്രതന്‍ ആയുസ്സ് മുഴുവനും.

എന്നിട്ടും തിരിച്ചറിയാതെ പോയതെന്ത്...?
ആ ചെറുമയില്‍‌പീലിതുണ്ടിനെ
എത്രയോ നാളായി കാത്തുവെയ്പ്പു
മറ്റാരും കാണാതാ മയില്‍പീലികള്‍

നിന്‍ ജീവനെവിടെയോ ഇടമുറിഞ്ഞില്ലേ?
കൂട്ടിച്ചേര്‍ക്കുവാന്‍  തന്‍കരള്‍ പകുത്തേകി
സ്നേഹമാം രക്തതുള്ളികള്‍
നിന്നിലേക്കിറ്റിറ്റു വീഴ്ത്തിയതുമവള്‍

പറയാതെ നീ പോകും നിമിഷങ്ങളില്‍
കാണാതുഴറുന്നതും അറിയുന്നില്ലേ ?
അവള്‍ തന്‍ പരിഭ്രമനോവുകള്‍
കാണാതെ കാണുന്നതും ഞാന്‍ മാത്രമോ..

എന്നിട്ടുമേന്തേ കാണാതിരിപ്പു നീ
കാഴ്ച്ചയുണ്ടായിട്ടും അന്ധനെപോലെന്നും
ഇതാസമയമായ് തിരിച്ചറിഞ്ഞീടുക
സത്യമാം സ്നേഹത്തിന്‍ മയില്‍‌പീലിത്തുണ്ടിനെ

പൂവായ് വിരിഞ്ഞിന്നു സൗരഭ്യം പരത്തുന്നു
പൂമ്പാറ്റയായ് നിന്‍ വരവിനെ കാത്തവള്‍
ഇന്നിന്റെ യാത്രയില്‍ നീ തേടി ചെന്നതോ
പൊയ്‌മുഖമണിഞ്ഞൊരു പൂവിനെയല്ലയോ

നിനക്കായ്‌ തുടിക്കുന്ന ഹൃദയസ്പന്ദനങ്ങളും
കാത്തിരിപ്പിന്റെ നൊമ്പരക്കാറ്റും
എന്തിനെന്നല്ലേ ,നിനക്കറിയേണ്ടു....?
സ്നേഹത്തുലാഭാരം നിനക്കായ്‌ നടത്തുവാന്‍,,,,,!


Saturday, January 18, 2014

ചിത്തഭ്രമം


ഭ്രാന്തമാകും നിന്റെ സ്നേഹത്തിമര്‍പ്പിനെ
എന്തു വിളിച്ചു ഞാന്‍ ഓമനിക്കും
കണ്ടില്ലയെന്നു നടിക്കാന്‍ കഴിയാതെ
കാതരമാകുന്നു എന്റെ ദു:ഖം

ഇടവഴിതാണ്ടി നീ മുന്നോട്ടു പോകുന്നു
പൊട്ടി ചിരിച്ചും കരഞ്ഞും തളര്‍ന്നും
അതുകണ്ട് മര്‍ത്യന്‍ പഴിക്കുന്നുവോനിന്‍
മനോവികാരത്തെ ഭ്രാന്തെന്ന് ചൊല്ലി

നാല്  ചുവരുകള്‍ക്കുള്ളിലെ ചങ്ങല
കിലുക്കങ്ങളൊന്നും അറിയുന്നില്ലേ നീ
തട്ടി മുറിഞ്ഞനിന്‍ നഗ്നമാം പാദങ്ങള്‍
നൊമ്പരമില്ലാതെ മാറിയതെന്നാണ്

ഒരുവാക്ക് ചൊല്ലാനും ഒരുനോക്കു കാണാനും
കാത്തിരുന്നില്ലേ നീ ആ ദിനങ്ങള്‍
ജാലക പാളിതന്‍ പിന്നിലായ് നിന്നുവോ
പ്രതീക്ഷമുറ്റുന്ന മിഴികളോടെ നീ

സത്യവും മിഥ്യയും അന്തരമുണ്ടെന്നു
പഠിപ്പിച്ചുതന്നതും ആ സ്നേഹമോ
എത്ര പഠിച്ചാലുംപഠിക്കാത്ത പാഠമായ്
സ്നേഹത്തെ വിളിച്ചില്ലേ ഭ്രാന്തിയെന്നു

നിന്‍ സ്നേഹ നാളത്തെ അണയാതെ കാക്കുവാന്‍
ഒരു നാളില്‍ ഞാന്‍വരും നിന്‍ചാരെയും
അന്ന് ഞാന്‍  പൊഴിക്കുന്ന കണ്ണീര്‍കണങ്ങളെ
തിരിച്ചറിയാത്തൊരു ഭ്രാന്തിന്റെ രൂപം നീ......

Sunday, January 12, 2014

ഒരു യാത്രഅനന്തമായ് നീളുന്ന പാതയില്‍ചലിക്കവേ
ശ്യൂന്യമാമിടം ചിന്തിപ്പാന്‍ തുനിയവെ
തനിയെ ചരിച്ച നിന്‍ അന്തരാത്മാവിലെ
ഓളങ്ങള്‍ മെല്ലെ തിരയടിച്ചെത്തിയോ.........?

സത്യമാം വാക്കുകള്‍ ഉതിരുന്നതെവിടെ
അകമേ പുഛ്ചിച്ചു പുറമേ കാണിച്ചതോ
വെറുപ്പിന്റെ കണികയെ ശബ്ദിച്ചു തീര്‍ത്തതോ
കതിരും പതിരും തിരിച്ചറിയാനുള്ള  യാത്ര............

കരുത്തു നേടിയ മാനസത്തില്‍
കുരുത്തിടുന്നു അറിയാത്തൊരുള്‍വിളി
ഏകയായ് നീയിന്നു പ്രയാണം ചെയ്യുവിന്‍
നിന്‍ യാത്ര സത്യത്തിലേക്കെത്തിടും .

നല്ലതായ് ചമയുവാന്‍ തത്രപ്പെടുന്നവര്‍
പലതുമറിഞ്ഞിട്ടും അറിയാത്തഭാവങ്ങള്‍
നടനംനടത്തുന്നു പലമുഖം തന്നിലായ്
ഏകാന്തയാത്രയില്‍  കണ്ടതിതെല്ലാമോ ....?

ഭ്രാന്തമാം ചിന്തകള്‍ മേച്ചില്‍പ്പുറങ്ങളായ്
അലറുന്നു .........മൌനത്തെ ഭേദിക്കുവിന്‍
ക്ഷമയെന്ന  രൂപത്തെ മുറുകെപുണര്‍ന്നതാം
സഹചാരിയായ്  മൌനം അലഞ്ഞുനടന്നുവോ..?

സത്യവും മിഥ്യയും തിരിച്ചറിഞ്ഞീടുവാന്‍
ഇന്ദ്രിയമൊക്കെയുമുണര്‍ന്നു ചലിക്കുവിന്‍
ആര്‍ക്കനുണരുമ്പോള്‍ ഉതിരുന്നരശ്മിപോല്‍
സത്യങ്ങളെല്ലാമുദിക്കട്ടെ നിന്‍ മുന്നില്‍.......

കറപുരളാത്തൊരു പഥികനായ്‌
സത്യത്തിലേക്കുള്ള യാത്രാ .......ഒരു യാത്ര
Sunday, January 5, 2014

മണ്‍ചെരാത്‌
കത്തിയെരിയുന്ന മണ്‍ചെരാതെ
നീ അണയാതിരിക്കുവാന്‍
ഞാന്‍ എന്തു വേണം......?
ചൊല്ലു നീ മടിയാതെ......
നിന്‍ നാളങ്ങള്‍ മന്ത്രിക്കും
ദൂതിനായ്  കാതോര്‍ത്തു ഞാന്‍
സ്നേഹമാം എണ്ണ പകര്‍ന്നീടണോ...?
അകലെ ഞാന്‍ മറഞ്ഞീടണോ....?

പറയാന്‍ വെമ്പിയ വാക്കുകള്‍
ജ്വലനമായ് നിന്നില്‍ ആളിപടര്‍ന്നുവോ
കണ്ണിണ പൂട്ടിയയെന്നെ-
നിന്‍ പ്രകാശം പരത്തിയുണര്‍ത്തിയോ
എന്തിനു വേണ്ടിയിതെല്ലാം...
എന്നില്‍ നല്‍കിയുണര്‍ത്തി.........?

ഒരു മാത്രയെങ്കിലുമൊന്നു മന്ത്രിക്കു.
അണയും മുന്‍മ്പേയുള്ളാളല്‍  പോല്‍,
കേള്‍ക്കാതൊരിക്കലും അണയില്ല,
എന്നുള്ളിലെ മണ്‍ചിരാതും..........!
സ്നേഹ നാളമായണയും
ദീപ്തമാം ചിരാതേ....

"ഞാനാണയുമ്പോഴുമെന്നരുകില്‍
പ്രകാശം പൊഴിച്ചു നീ വേണം....!!!!  "


Thursday, January 2, 2014

നിലാവും രാജകുമാരിയും

             
                              നിലാവ് തെളിയുന്ന സന്ധ്യകളില്‍ എന്നും കാണുന്ന ഒരു മനോഹരമായ കാഴ്ച്ചയായിരുന്നു മട്ടുപ്പാവില്‍ വന്നു നിലാവിനെ നോക്കി നില്‍ക്കുന്ന സുന്ദരിയായ രാജകുമാരി . ദിവസവും തന്നെ നോക്കി നില്‍ക്കുന്ന രാജകുമാരിയെ കാണുമ്പോള്‍ നിലാവ് ഒരു പുഞ്ചിരി സമ്മാനിച്ച്‌ കടന്നുപോകും.ദിവസങ്ങള്‍ കടന്നു പോയീ നിലാവിന് കുമാരിയേയും കുമാരിക്ക് നിലാവിനെയും ഇഷ്ടമായി . അവര്‍ എല്ലാ ദിവസവും കണ്ടു സംസാരിച്ചു ഇഷ്ടങ്ങള്‍ പങ്കുവെച്ചു പിണങ്ങിയും ഇണങ്ങിയും മുന്നോട്ടു പോയി .
                കുമാരിയെ പലര്‍ക്കും പ്രണയിച്ചാല്‍ കൊള്ളാം എന്നു ആഗ്രഹമുണ്ടെങ്കിലും കുമാരി അവരെ ഒന്നും നോക്കുക കൂടി ചെയ്തില്ല .നിലാവ്  കാര്‍മേഘം വരുമ്പോള്‍ മറയുകയും കാര്‍മേഘംനീങ്ങുമ്പോള്‍ പ്രകാശം പൊഴിക്കുകയും ചെയ്യുന്ന ഒരു കുട്ടികുറുമ്പന്‍ ആള് അത്ര സുന്ദരനൊന്നുമല്ല.എന്നാലും കുമാരിക്ക് ഇഷ്ടം നിലാവിനോട് തന്നെ.എല്ലാ ദിവസവും സന്ധ്യയാകുമ്പോള്‍ നിലാവിന്റെ വരവിനായ് കുമാരി കാത്തിരിക്കും .കുമാരി നന്നായി വയലിന്‍ വായിക്കും . അവള്‍ വായിക്കുന്ന സംഗീതം കേട്ടങ്ങനെ ഇരിക്കും ഒത്തിരി നേരം അവനും .നിലാവിനെ കാണാത്ത ദിവസങ്ങളില്‍ കുമാരി സങ്കടത്തോടെ വയലിന്‍ വായിച്ചു ഉറങ്ങാതിരിക്കും                          നമ്മുടെ നിലാവ് ആളൊരു  കൊച്ചു കള്ളനാ .നിലാവിന് വേറെയും ഇഷ്ടഭാജനങ്ങള്‍ ഉണ്ടായിരുന്നു പാവം രാജകുമാരി ഇതു ഒന്നും അറിഞ്ഞില്ല . നിലാവ് വരാതിരുന്നിട്ടു ഇടക്ക് വരുമ്പോള്‍ കുമാരി  ചോദിക്കും എവിടെയായിരുന്നു? .നിലാവു എന്തെങ്കിലും കാരണം പറയും കുമാരി അത് വിശ്വസിക്കും .നാളുകള്‍ കഴിഞ്ഞപ്പോള്‍ നിലാവിന്റെ ഇഷ്ടം കുറഞ്ഞു വന്നു കുമാരിക്കാണങ്കില്‍ ഇഷ്ടം കൂടിയും .പിന്നെ പിന്നെ നിലാവ് കുമാരിയെ കാണുമ്പോള്‍ ഓരോ കുറ്റങ്ങള്‍ പറഞ്ഞു വേദനിപ്പിക്കും . കുമാരിക്ക് സങ്കടമായി,കുറച്ചുനാള്‍ നിലാവ് കുമാരിയെ കാണാന്‍ വന്നില്ല .അവന്‍ പുതിയ മേച്ചില്‍ പുറങ്ങള്‍ തേടി പോയി.പക്ഷെ നിലാവിന് ഒരിടത്തും കുമാരിയില്‍ നിന്നു കിട്ടിയ സ്നേഹമോ കരുതലോ ആരില്‍ നിന്നും കിട്ടിയില്ല.
                   സ്വയംതെറ്റ്  മനസ്സിലാക്കി നിലാവ്  രാജകുമാരിയെ തേടി വീണ്ടുമെത്തി.അപ്പോഴേക്കും കുമാരി ഒരുപാട് മാറിയിരുന്നു .പരസ്പരം മനസ്സിലാക്കുകയും ആത്മാര്‍ത്ഥമായി സ്നേഹിക്കുകയും ചെയ്യുന്നവരോടാകണം അടുക്കേണ്ടത് എന്ന പാഠം രണ്ടു പേരും പഠിച്ചു .ഒരിക്കല്‍ നഷ്ടപ്പെടുത്തിയാല്‍ പിന്നൊരിക്കലും പഴയ സ്നേഹം തിരിച്ചു കിട്ടില്ല .പ്രണയമായാലും സൗഹൃദമായാലും  സ്വന്തമായാലും ബന്ധമായാലും .പൊട്ടിയ കണ്ണാടി ചില്ലുകള്‍ പെറുക്കി എത്ര അടുക്കിയാലും പഴയ ഭംഗി ഉണ്ടാവില്ലല്ലോ .അതുകൊണ്ട് ഓരോ ബന്ധങ്ങളും ഇഴപൊട്ടാത്ത ചരടുകളായി  നമുക്കും കാത്തു സൂക്ഷിക്കാം .