Sunday, February 17, 2019

ശകടത്തില്‍ പായുമ്പോള്‍


ശകടത്തില്‍ പാറിപ്പറക്കുന്നവര്‍ 
ചോരത്തിളപ്പിന്‍ ലഹരിയാലേ
ഹെല്‍മറ്റ് വേണ്ടെന്‍റെ തലയില്‍
ഭംഗിയൊരല്പം കുറഞ്ഞുപോയാലോ

മുന്നേപോകുന്ന വണ്ടുപോലൊരു വണ്ടി
പുച്ഛംനിറയുമൊരു പുഞ്ചിരിച്ചുണ്ടില്‍
കാലങ്ങളിനിയുമോടേണ്ടതോര്‍ക്കാതെ
മറികടന്നോടുന്നു മറുപുറം നോക്കാതെ

ശകടത്തിന്‍ മേലേയിരിക്കുന്ന യൗവ്വനം
ഭൂലോകംകാല്ക്കീഴിലെന്നു ചിന്തിപ്പതോ
അരുതെന്ന് പറയുമ്പോഴഹന്തകൂടും
അരുതാത്തതൊക്കെയും വന്നുകൂടും

നിലവിളികണ്ഠത്തിലാര്‍ത്തു ചിരിക്കും
നിലമറന്നോടിയ നിമിഷങ്ങളെണ്ണി
ചിതറിത്തെറിക്കുന്ന രക്തവര്‍ണ്ണങ്ങള്‍
നീര്‍ച്ചാലുപോലെയൊഴുകും നിരത്തില്‍ 

തഴപ്പായ നിന്നെ നോക്കിച്ചിരിക്കും
ഈച്ചകള്‍ പലവട്ടം പാറിയടുക്കും
കൊതുകിന്‍റെമൂളലില്‍ മിഴിനനയ്ക്കും
പ്രതികരിച്ചീടുവാന്‍ ശേഷിവേണ്ടേ

മോര്‍ച്ചറിത്തണുപ്പിന്‍ സുഖമറിയും
ചന്തം തികഞ്ഞൊരു തലതകര്‍ക്കും
കത്തികള്‍ പലതും ആഴ്ന്നിറങ്ങും
സൂചിയും നൂലും കോര്‍ത്തുവലിക്കും

ഓര്‍ക്കുകയൊരു വട്ടമെങ്കിലും നീ
കാത്തിരിക്കുന്നവരേറെയുണ്ട്
അച്ഛനും അമ്മയും പെങ്ങളും ഭാര്യയും
അരുമക്കിടാങ്ങളും വീട്ടിലുണ്ടേ