Sunday, September 27, 2015

പരിമളം

എന്‍ മനസ്സിലെ പ്രണയപുഷ്പമേ
നിന്‍സുഗന്ധം നുകര്‍ന്നു ഞാന്‍
അക്ഷരങ്ങളെ താലോലിക്കുവാന്‍
ഒന്നിരുന്നോട്ടെ നിന്നരികില്‍

താഴെയിരിക്കുമെന്‍ കവിളില്‍
തഴുകി തലോടിയുണര്‍ത്താന്‍
ഇളംകാറ്റിന്‍ തേരിലേറിയെത്തും
പരിമളമേറും നിന്‍ചുംബനമുദ്രകള്‍

നിന്നില്‍ ലയിക്കുന്നനേരമെന്‍
ചിന്തകള്‍ അക്ഷരങ്ങളായ്‌
പുനര്‍ജ്ജനിക്കുന്നു വീണ്ടും
ഒരു കൊച്ചു കവിതയായ്

പൊയ് പോയ വസന്തം വീണ്ടും
എന്‍കൈകളില്‍ ചേര്‍ത്തുവക്കാന്‍
വിരുന്നു വരികില്ലേ വീണ്ടുമൊരു-
ചെമ്പകപ്പൂവായെന്നില്‍ നിറയാന്‍

ഞാന്‍ നടന്നകന്ന വഴികളില്‍
അടര്‍ന്നുവീണിരുന്നു നിന്നിതളുകള്‍
പെറുക്കിയെടുത്തു ഞാന്‍ ചേര്‍ത്തണച്ചു
പുതിയൊരുണര്‍വിന്‍ പരിമളമായ്.....!!!



Wednesday, September 23, 2015


ആത്മാര്‍ത്ഥതക്ക് അരനിമിഷത്തിന്റെ
വിലകല്പിക്കാത്തിടത്തു നിന്നും
യാത്രയാകു ഒരുനിമിഷംമുന്‍പേ
നിശബ്ദതയില്‍ അലിയുന്ന ശ്വാസംപോല്‍ 

Thursday, September 17, 2015

നിമിനേരം


മാറോടു ചേര്‍ത്ത സ്നേഹം
എതിര്‍വാക്ക് ചൊല്ലിയകന്നു
ചിന്തയുടെ പുല്‍മേടുകളെ
കണ്ണുനീര്‍തുള്ളികൊണ്ടു നനച്ചു
ആര്‍ത്തലച്ച് ഒഴുകിയ ജലധാര
ഭാരംതിങ്ങിയ നെഞ്ചകത്തെ
ദൂരേക്ക്‌ വലിച്ചെറിഞ്ഞു
നിമിനെരമെന്തോ മൊഴിഞ്ഞു
അപ്പുപ്പന്‍താടിപോല്‍ മറഞ്ഞു ....!!!!

Tuesday, September 15, 2015

സൗഹൃദചില്ലുകള്‍


                                                 സ്നേഹത്തിന്റെ ആഴത്തില്‍ മുങ്ങിത്താഴുമ്പോള്‍ സൗഹൃദം ഇത്രയധികം മനോഹരമാണോയെന്നു ചിന്തിച്ചുപോകുന്നു .അടുത്തനിമിഷംതന്നെ ആ സൗഹൃദങ്ങള്‍ നമ്മളെ മറിച്ചുചിന്തിക്കാനും പഠിപ്പിക്കുന്നുയെന്ന സത്യം നമ്മള്‍ വിസ്മരിക്കുന്നു . സന്തോഷം പങ്കുവയ്ക്കുമ്പോള്‍ നമ്മളോടൊത്തു പൊട്ടിച്ചിരിക്കാനും ,മൗനത്തിന്റെ മടിത്തട്ടില്‍ മയങ്ങുമ്പോള്‍ അതിനു കാരണമായ നൊമ്പരത്തെ തിരിച്ചറിയാനും ,കണ്ണുനീര്‍ മുത്തുകള്‍ കവിള്‍ത്തടം നനക്കുമ്പോള്‍ ചേര്‍ത്തുനിറുത്തി തോളില്‍ തട്ടിക്കൊണ്ടു വിഷമിക്കണ്ടയെന്നു പറയുവാനും എത്രപേര്‍ക്ക്  കഴിയും .കുറെ ദിവസങ്ങള്‍ കാണാതാകുമ്പോള്‍ പലരുടെയും മനസ്സില്‍നിന്നും  ആ സൗഹൃദം മറവിക്ക് വിട്ടുകൊടുത്തിട്ടുണ്ടാവും. ആത്മാര്‍ത്ഥമായ സ്നേഹം പതിനായിരത്തില്‍ ഒരാളില്‍പോലും കാണാന്‍ കഴിയുന്നില്ല .ചെറിയൊരു പ്രശ്നം ഉണ്ടായാല്‍ പലരും തുറന്നു പറഞ്ഞു അത് പരിഹരിക്കുന്നതിന് പകരം പരസ്പരം കുറ്റപ്പെടുത്തി വേര്‍പിരിഞ്ഞുപോകുന്നു .ഈ വേര്‍പിരിയല്‍ പലരേയും മാനസികമായി വളരെയധികം തളര്‍ത്തികളയുന്നു .  സ്നേഹത്തോടെ കഴിഞ്ഞിരുന്ന സൗഹൃദങ്ങള്‍ തകര്‍ന്നുപോകുമ്പോള്‍ വിങ്ങിപൊട്ടി വിലപിക്കുന്നതും കണ്ടുനില്‍ക്കാന്‍  നമ്മുക്ക്കഴിയാറില്ല .അപ്പോള്‍ പിന്നെ അത് അനുഭവിക്കുന്നവരുടെ വിങ്ങല്‍ എത്രയാകും .......ഒരു കൊച്ചു തോണി കുഞ്ഞോളങ്ങളില്‍ തഴുകിമെല്ലെ നീങ്ങുമ്പോള്‍ ശക്തമായ കാറ്റടിച്ചു ഉലയാറുണ്ട്, കാറ്റ് ശാന്തമാകുമ്പോള്‍ വീണ്ടും തോണി പഴയപോലെ നീങ്ങാന്‍ തുടങ്ങുന്നു . പക്ഷെ ബന്ധങ്ങള്‍ തകര്‍ന്നുപോയാല്‍ പൊട്ടിച്ചിതറിയ കണ്ണാടിച്ചില്ലുകള്‍ചേര്‍ത്തുവക്കുന്നപോലെയാണ്  .എത്ര അടുക്കി വച്ചാലും പഴയ ഭംഗി ഉണ്ടാകുകയില്ല .സ്നേഹമാകുന്ന കണ്ണാടി പൊട്ടിക്കും മുന്‍പേ ഒരു നിമിഷം ചിന്തിക്കുക ..........ചില്ലുകള്‍ ചേര്‍ത്തുവക്കാന്‍ എളുപ്പമല്ലന്ന്‍.........

                                  സൃഷ്ടാവിന്റെ മുന്‍പില്‍ നമ്മള്‍ ഒരു നിമിഷത്തിന്റെ ശ്വാസംമാത്രം .എന്തുകൊണ്ട്  ഈ ഓര്‍മ്മ നമ്മളില്‍ തങ്ങിനില്‍ക്കുന്നില്ല .അങ്ങനെ ഓര്‍ത്തിരുന്നുയെങ്കില്‍ അഹങ്കാരത്തോടെ മറ്റുള്ളവരുടെ തെറ്റുകളും കുറ്റങ്ങളും കണ്ടുപിടിക്കാന്‍ ആരും മുന്നിട്ടു ഇറങ്ങുകയില്ലായിരുന്നു . മറ്റുള്ളവരെ എങ്ങനെ സ്വന്തം നേട്ടങ്ങള്‍ക്കായി ഉപയോഗിക്കാമെന്ന ചിന്തയോട്കൂടിയാണ്  പലരും സൗഹൃദത്തിന്റെ മുഖംമൂടിയും അണിഞ്ഞു കടന്നു ചെല്ലുന്നത് .
ഞാനെന്നഭാവമില്ലാതെ കരുതലും ദയയും മറ്റുള്ളവരിലേക്ക് പകര്‍ന്ന് സ്നേഹത്തോടെ കൈകള്‍ കോര്‍ത്ത്‌  അല്പകാലത്തെ ഈ ഭൂവിലെ ജീവിതയാത്രയില്‍ ചുറ്റും പ്രകാശം പരത്തുന്ന ദീപമായി തെളിയാം .........!!!!

Wednesday, September 9, 2015

ആയാത്ര




നശ്വരമായ സ്നേഹം അനശ്വരമാക്കാന്‍ നടന്നകന്ന വഴികളിലെല്ലാം ചോരപൊടിഞ്ഞിരുന്നു .
മുള്‍കിരീടം തലയില്‍ വച്ച് ഓരോ പ്രാവശ്യം നിലത്തു വീണപ്പോഴും മുള്ളുകള്‍  ആഴത്തിലേക്ക് തറഞ്ഞു ഒരിക്കലും എടുത്തു മാറ്റാന്‍ കഴിയാത്ത വിധം പതിപ്പിക്കപെട്ടു .നിണപ്പാടുകള്‍ ഭൂമിയില്‍ നനവുപടര്‍ത്തിയപ്പോഴും അതുകണ്ട് പരിഹസിച്ചവര്‍ അനവധി ഉണ്ടായിരുന്നു. നെഞ്ചിലെ നീറ്റല്‍ വാനോളം ഉയര്‍ന്നുനില്‍ക്കുമ്പോഴും പുച്ഛത്തോടെ നോട്ടം അയച്ചു കടന്നുപോയവരെ
ക്ഷമയെന്ന പുണ്യം യാചിച്ചുവാങ്ങി സൃഷ്ടാവിന്റെ കരങ്ങളില്‍ സ്നേഹത്തോടെ ചേര്‍ത്തുവ ക്കുവാന്‍ മറന്നുമില്ല....സ്നേഹത്തിന്റെ കരങ്ങളാല്‍ സഹനത്തിന്റെ പാതയില്‍ ക്ഷമയെന്ന പുണ്യമായ് പുഞ്ചിരിയോടെ നടന്നുമറഞ്ഞു ...അതായിരുന്നു ആ യാത്ര ..........!!!!