Monday, July 29, 2013

പൊന്‍താരകം
   ഒരു സായംസന്ധ്യയില്‍ പുറംകാഴ്ചകള്‍ കണ്ടുകൊണ്ടു  ആകാശത്തേക്ക് നോക്കിയപ്പോള്‍ ഒരു പൊന്‍താരകം കണ്‍ചിമ്മി നില്‍ക്കുന്നതായി ആര്യന് തോന്നി . ആ താരകം തന്നെ നോക്കിയാണോ പുഞ്ചിരിക്കുന്നത് .ഓര്‍മ്മയുടെ പിന്നാമ്പുറങ്ങളിലേക്ക് ഊളിയിട്ടു പറക്കാന്‍ അവനു അധിക സമയം വേണ്ടി വന്നില്ല .
     തന്റെ മാത്രം ജീവനായി ഓരോ അണുവിലും ത്രസിച്ചു നിന്നിരുന്ന പൂച്ച കണ്ണുകളും ചെമ്പന്‍ തലമുടിയും റോസാപൂവിന്റെ നിറവുമുള്ള ഒരു സുന്ദരികുട്ടി.തന്‍റെ വിദേശ ജീവിതത്തില്‍ തനിക്കായി മാത്രം സൃഷ്‌ടിച്ച ഒരു പനിനീര്‍ പുഷ്പം. ഡോറ അതായിരുന്നു അവളുടെ പേര് എങ്കിലും ആര്യന്‍ അവളെ വിളിച്ചിരുന്നത്‌ പാറു എന്നായിരുന്നു.
    ലണ്ടനിലെ പഠനത്തിനിടയില്‍ ഒരേ കലാലയത്തില്‍ ഒരുമിച്ചു പഠിച്ചവര്‍ .നല്ല കൂട്ടുകാരായിരുന്നു അവര്‍ .ഓരോ വൈകുന്നേരങ്ങളും അവര്‍ക്കുവേണ്ടി ഉള്ളതുപോലെ തോന്നും.  ഒരുപാട് സമയം അവര്‍ ഒരുമിച്ചു ചിലവഴിച്ചു. പഠനത്തെ കുറിച്ചും ആര്യന്റെ നാടിനെക്കുറിച്ചും എല്ലാം അവര്‍ സംസാരിച്ചു. ഇടക്ക് അവധിക്കു നാട്ടിലേക്ക് പോയപ്പോള്‍ ഡോറയും കൂടെപോയി അവന്റെ നാട് കാണാന്‍ . അത് അവളുടെ ജീവിതത്തില്‍ ഒത്തിരി നിറം മങ്ങാത്ത കാഴ്ചകള്‍ സമ്മാനിച്ചു.അവധി കഴിഞ്ഞു തിരിച്ചു മടങ്ങിയ അവര്‍ക്ക് പറയാന്‍ ഒരുപിടി വിശേഷങ്ങള്‍ എന്നും ഉണ്ടാവും അധികവും കൊച്ചുകേരളത്തിന്റെ മനോഹാരിതയും പാരമ്പര്യങ്ങളും ആചാരങ്ങളും .............ഡോറയുടെ സംശയങ്ങള്‍ക്ക് ആര്യന്റെ സരസമായ ഉത്തരവും.
        പഠനം പൂര്‍ത്തിയാകാറായപ്പോഴേക്കും അവരുടെ വൈകുന്നേരങ്ങള്‍ സങ്കടങ്ങള്‍ക്ക് കൂടി ഇടനല്കാന്‍ കാരണമായി. അവര്‍ പരസ്പരം അത്രക്കും ഇഷ്ടപ്പെട്ടിരുന്നു. പിരിയുന്നത് ചിന്തിക്കാന്‍ പറ്റാതായപ്പോള്‍ അവര്‍ ഒരു തീരുമാനം എടുത്തു ഡോറയെ തന്‍റെ സ്വന്തമാക്കി കൊണ്ടുപോകാന്‍ ആര്യനും ആര്യന്റെ പാറുവായി കേരളത്തിന്‍റെ മരുമകളായി മാറുന്ന ദിവസവും സ്വപ്നം കണ്ടു ഡോറയും . ആര്യന്‍ പഠനം കഴിഞ്ഞു നാട്ടിലേക്ക് മടങ്ങി . വിവാഹത്തിന്‍റെ ഒരുക്കങ്ങള്‍ നടത്തി തിയതിയും കുറിച്ചു. എല്ലാവരെയും ക്ഷണിച്ചു മെയിലില്‍ വിദേശ സുഹൃത്തുക്കള്‍ക്ക് ക്ഷണകത്ത്‌ അയച്ചു . വിവാഹത്തിന്‍റെ ഒരു ആഴ്ച മുന്‍പ് ഓണ്‍ലൈനില്‍ ഒരു മെയില്‍ കിട്ടി അവനു .അത് പ്രിയ സുഹൃത്ത്‌ ബെര്‍ക്കിന്റെ ആയിരുന്നു .അത് വായിച്ച ആര്യന് എല്ലാ സ്പന്ദനങ്ങളും നിലക്കുംപോലെ, കാഴ്ചമങ്ങുന്നപോലെ തോന്നി കുറച്ചു സമയത്തേക്ക് എന്ത് സംഭവിച്ചുവെന്നു അവനു മനസിലായില്ല .കണ്ണ് തുറക്കുമ്പോള്‍ അമ്മയുടെ മടിയില്‍ തലവെച്ച് കിടക്കുന്നു.ആ വരികള്‍ അവന്റെ മനസിലേക്ക് വീണ്ടും ഓടിവന്നു .തന്‍റെ പാറുവിനെ നഷ്ടമായിരിക്കുന്നു അതും ഒരു അപകടത്തില്‍ .അവനെ എന്ത് പറഞ്ഞു സമാധാനിപ്പിക്കണമെന്നു ആര്‍ക്കും അറിയില്ലായിരുന്നു.

       കാലചക്രം എത്ര കടന്നുപോയി എന്നു അറിയില്ല .ആരൊക്കയോ കടന്നുവന്നു പടിയിറങ്ങിപോയി.തന്‍റെ പാറുവിനു പകരം വെക്കാന്‍ ഈശ്വരന്‍ ആരെയും സൃഷ്ടിച്ചില്ല . ഇപ്പോളും അവന്‍ കാത്തിരിക്കുന്ന പാറു എന്ന ആ “പൊന്‍താരകത്തിന്‍റെ” അരുകില്‍ ഒരു കുഞ്ഞു താരകമായി അണയുന്ന നിമിഷം..........അപ്പോളും അവന്‍ കണ്ടു ദൂരെ വാനില്‍ തന്നെ നോക്കി കണ്‍ചിമ്മി പുഞ്ചിരി പൊഴിച്ചുകൊണ്ട്‌ തന്നെ മാടി വിളിക്കുന്ന ആ “പൊന്‍താരകത്തെ”

2 comments:

  1. പ്രിയപ്പെട്ടവര്‍ നമ്മുക്കിടയില്‍ തന്നെയുണ്ട്‌. പൊന്‍ താരകമായി

    ReplyDelete