Friday, February 21, 2014

മരണത്തെ തോല്‍പ്പിച്ച അന്ന !!

         

           അന്നയും ജോയും വിവാഹിതരായി ഒരു ആഴ്ചക്ക് ശേഷം പുറംനാട്ടിലുള്ള ജോയുടെ ജോലിസ്ഥലത്തേക്ക് പോയി. ആദ്യമായി നാട് വിട്ടു പുറത്തുപോകുന്ന അന്നയ്ക്കു പുറംലോക കാഴ്ചകള്‍ കൌതുകം നിറഞ്ഞതായിരുന്നു. നേഴ്സ് ആയ അന്നയ്ക്കു  അധികം കഴിയും മുന്‍മ്പ്  ജോലി ലഭിച്ചു. കുറച്ചു നാളുകള്‍ക്ക് ശേഷം അന്ന ഗര്‍ഭിണിയായി.
           
                        ആറുമാസങ്ങള്‍ക്ക് ശേഷം അന്ന നാട്ടില്‍ പോകുന്നതിന്റെ മുന്നൊരുക്കമായി അവധി എടുത്തു നാട്ടില്‍ പോകാനുള്ള ദിവസവും കാത്തിരുന്നു. ഒരാഴ്ചകഴിഞ്ഞപ്പോള്‍ അന്നയ്ക്കു ഛര്‍ദ്ദിയും  അല്പം അസ്വസ്ഥതകളും തുടങ്ങി. ഓഫീസില്‍ ആയിരുന്ന ജോയെ ഫോണ്‍ വിളിച്ചു വരുത്തി അവര്‍ ഡോക്ടറെ പോയി കണ്ടു. ഹോസ്പിറ്റലില്‍ കിടത്തിയ അന്ന പിറ്റേന്ന് ഉച്ചയായപ്പോള്‍ ഒരു ആണ്‍കുഞ്ഞിനു ജന്മം നല്‍കി. ഏഴാം മാസത്തില്‍ ദൈവം കൊടുത്ത ദാനം. പ്രസവം നടന്ന ഉടനെ അന്നയിലെ നിറം മാറ്റം അവളുടെ ആന്റിയുടെ ശ്രദ്ധയില്‍പ്പെട്ടു. രക്തപരിശോധനയിലാണ്  അന്നക്കു മഞ്ഞപ്പിത്തം ബാധിച്ചിരുന്നു എന്നു മനസ്സിലായത് .കുഞ്ഞിനെ ഇന്‍ക്യുബേറ്ററിലേക്ക് മാറ്റി. പത്തു ദിവസങ്ങള്‍ക്കു ശേഷം അന്നയെ ഹോസ്പിറ്റലില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തു.
                            
                   തന്റെ പോന്നോമാനക്കു ജന്മം നല്‍കുന്നതിനു ഒരാഴ്ച  മുന്‍പ്  അന്ന ഒരു സ്വപ്നം കണ്ടു. അധികം കഴിയും മുന്‍പ് അത് തന്റെ ജീവിതത്തില്‍ യാഥാര്‍ത്ഥ്യമാകുമെന്ന് കരുതിയില്ല .താന്‍ മരിച്ചു പെട്ടിയില്‍ കിടക്കുന്നതും പൂക്കള്‍ കൊണ്ട് അലങ്കരിച്ചതും തന്നെ പുതപ്പിച്ച് കിടത്തിയിരിക്കുന്ന വെള്ള പുതപ്പിച്ച മുണ്ടിന്റെ പുത്തന്‍ മടക്കുകളും മങ്ങാത്ത ചിത്രം പോലെ മനസ്സില്‍ പതിഞ്ഞുപോയി. അന്നയ്ക്കു വെറുമൊരു തമാശപോലെ തോന്നിയെങ്കിലും ജോയോടു പറഞ്ഞില്ല. അദ്ദേഹത്തിനു  വിഷമം ആയെങ്കിലോ എന്നു ചിന്തിച്ചു .

               അന്ന ഹോസ്പിറ്റല്‍ വിടും മുന്‍പേ നാട്ടില്‍ നിന്നും  അമ്മ അവളുടെ അരികിലെത്തി . അമ്മയോട് ഈ സ്വപ്നം അന്ന പറഞ്ഞു. വീട്ടില്‍ പോയി രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ അന്നയെ ഇന്‍ക്യുബേറ്ററിലായിരുന്ന കുഞ്ഞിന്റെ അരികില്‍ കൊണ്ടുപോയി. ഏതാണ്ട് ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍  അന്നയ്ക്കു ബ്ലീഡിംഗ് ആരംഭിച്ചു .അത് അന്നയുടെ വിധിയെഴുതാന്‍ തുടങ്ങിയിരുന്നു എന്ന് ആരും അറിഞ്ഞിരുന്നില്ല. ഉടനെ അന്നയെ I C U വിലേക്ക്  മാറ്റി
ഡോക്ടര്‍മാര്‍ പലരും അന്നയെ പരിശോധിച്ചെങ്കിലും  ഒന്നും ചെയ്യാന്‍ ഇല്ലാത്ത അവസ്ഥയില്‍ ആയിരുന്നു.
               
                 സന്ധ്യയായി, അന്നയുടെ സ്പന്ദനങ്ങള്‍ മെല്ലെ അകലാന്‍ തുടങ്ങി. ജോയുടെ സഹോദരിമാര്‍ ജോലി ചെയ്യുന്ന ഹോസ്പിറ്റലിലേക്ക് അന്നയെ കൊണ്ടുപോയി. അന്നയുടെ ശരീരത്തില്‍ ജീവന്റെ തുടിപ്പുകള്‍ ഒന്നും അവശേഷിക്കുന്നുണ്ടായിരുന്നില്ലയെന്നു പറയാം. ശരീരം മരവിച്ചിരുന്നു, ശ്വാസത്തിന്റെ കണികപോലും ഇല്ല. അവിടെ എന്തിനും തയ്യാറായി കുറെ ഡോക്ടര്‍മാര്‍  കാത്തുനിന്നു. പ്രധാന ഡോക്ടര്‍ പരിശോധിച്ചു. "ഈ രാത്രി ഇവിടെ സൂക്ഷിക്കാം നാളെ രാവിലെ ബോഡി കൊണ്ടുപോകാനുള്ള ഏര്‍പ്പാടുകള്‍ ചെയ്യാം". ഇത്രയും പറഞ്ഞ്‌ ഡോക്ടര്‍മാര്‍  പോയി.
                         
                     അന്ന ഈ സമയം മറ്റൊരു ലോകത്തായിരുന്നു; വെളുത്ത സാരി ധരിച്ച് ആശുപത്രി ബെഡ്ഡില്‍ കിടക്കുന്ന അന്ന. അവളെ മാടി വിളിക്കുന്ന വെള്ള ഉടുപ്പിട്ട മുടി ബോബ്‌ ചെയ്ത ഒരു പെണ്‍കുട്ടി, "വാ സിസ്റ്ററെ"......... ഈ വിളി കേട്ടതും അന്ന എതിര്‍ വശത്തേക്ക് തല തിരിച്ചു നോക്കി .അവിടെ പരിശുദ്ധ മാതാവ്‌ ജ്വലിക്കുന്ന മഞ്ഞ വെളിച്ചത്തില്‍ പുഞ്ചിരിച്ചു നില്‍ക്കുന്നു. വീണ്ടും അതാ കേള്‍ക്കുന്നു ഒരേ സ്വരത്തില്‍ ഒരായിരം ശബ്ദങ്ങള്‍. നോക്കിയപ്പോള്‍ പല പ്രായത്തില്‍ ഉള്ള ആളുകള്‍; കുട്ടികളും പ്രായമായവരും  "വാ സിസ്റ്ററെ " എന്ന വിളിയോടെ എല്ലാവരും. വീണ്ടും എതിര്‍വശത്ത് നോക്കിയപ്പോള്‍ പരിശുദ്ധ  മാതാവ്‌ ഉജ്വല പ്രഭാവലയത്തില്‍ പുഞ്ചിരിച്ചു നില്‍ക്കുന്നു. അത്രയും സമയം ശവശരീരം  ആയിരുന്ന അന്നയുടെ തല മെല്ലെ ഒന്ന് അനങ്ങി, മൂക്കില്‍ കൂടി രക്തം ഒഴുകാന്‍ തുടങ്ങി.

              ഇതു കണ്ടു അവിടെ നിന്നിരുന്ന നേഴ്സ്  ഓടിപോയി ഡോക്ടറെ വിളിച്ചു. ഡോക്ടര്‍മാര്‍ എല്ലാവരും ഓടി വന്നു. അവരുടെ സേവന  ജീവിതത്തിലെ അത്ഭുതമായി അന്ന. പെട്ടന്നുതന്നെ  രക്തം വേണമെന്ന് പറഞ്ഞു. ജോയുടെ രക്തം എടുത്തു പകുതി ബോട്ടില്‍ നിറഞ്ഞപ്പോള്‍ പിന്നെ രക്തമില്ല. പൂര്‍ണ്ണ ആരോഗ്യവാനായ ജോയുടെ അവസ്ഥ ഇപ്പോള്‍ നമുക്ക് ചിന്തിക്കവുന്നതെയുള്ളു. ടെന്‍ഷന്‍ മൂലം രക്തം  എടുക്കാന്‍ പറ്റുന്നില്ല.പിന്നെ ആ രാത്രിയില്‍ രോഗികളുടെ കൂടെ നിന്നിരുന്ന ചിലരും ജോയുടെ സുഹൃത്തുക്കളും സഹായിച്ചു രക്തം നല്കി . ഇതൊന്നും അറിയാതെ അന്ന അപ്പോളും ചലനമറ്റു കിടക്കുന്നു.

                          അന്നയുടെ മൂന്നാം ഊഴം; വെള്ള ഉടുപ്പണിഞ്ഞു കൈയ്യില്‍  കത്തിച്ചു പിടിച്ച വിളക്കുമായി അന്ന യാത്രയാകുന്നു. കുറെ സ്റ്റെപ്പുകള്‍ കയറിയപ്പോള്‍ അന്നയുടെ കുഞ്ഞ് "അമ്മേ" എന്നു വിളിക്കുന്ന ഒരു സ്വരം കേട്ടു .പിന്‍വിളി കേട്ടെങ്കിലും തിരിഞ്ഞു നോക്കാതെ അന്ന വീണ്ടും കയറിപോയികൊണ്ടിരുന്നു. ഏറ്റവും മുകളില്‍ എത്തിയപ്പോള്‍ പിന്നെ സ്റ്റെപ്പുകള്‍   കാണാനില്ല. നിലാവ് പൊഴിയുന്ന തെളിഞ്ഞ ആകാശത്ത്  നക്ഷത്രങ്ങള്‍ നിറഞ്ഞു നില്‍ക്കുന്നു. അവിടെ വെള്ളയുടുപ്പണിഞ്ഞു വെള്ള ചിറകുകള്‍ വീശി പറന്നു നടക്കുന്ന മാലാഖമാര്‍ .അവിടേക്ക് കാലെടുത്തു വെക്കാന്‍ തുടങ്ങിയതും കുഞ്ഞിന്റെ  "അമ്മേ" എന്നവിളി ഭൂമി മൊത്തം പ്രകമ്പനംകൊണ്ടപോലെ  അന്നയുടെ കാതില്‍ മുഴങ്ങി.  അന്ന മെല്ലെ കണ്ണുകള്‍ തുറന്നു. പുലര്‍ച്ചെ  അഞ്ചു മണി ആയിരിക്കുന്നു. ഈ സമയം അന്നയുടെ തൊട്ടടുത്ത ബെഡ്ഡില്‍ കിടന്നിരുന്ന,  അന്ന് ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ആകുവാനിരുന്ന  ഒരു രോഗി  മരിച്ചു.
കൂടെയുള്ളവരുടെ നിലവിളിയും ഒച്ചപ്പാടും കേട്ടാണ് അന്ന കണ്ണ് തുറന്നത് .

                           ഏതാനും ദിവസങ്ങള്‍ക്കു ശേഷം ആരോഗ്യം വീണ്ടെടുത്ത്‌ അന്നയും കുഞ്ഞും വീട്ടിലേക്കു മടങ്ങി.  അന്ന ഇന്നു രണ്ടു മക്കളുടെ അമ്മയാണ്. ഒത്തിരി പേരുടെ  പ്രാര്‍ത്ഥന അന്നയുടെ ജീവനു  വേണ്ടി ദൈവത്തിന്റെ മുന്നില്‍ അര്‍പ്പിക്കപ്പെട്ടു. അന്നയുടെ അമ്മ സ്വന്തം ജീവനെടുത്തു മകളെ തിരികെ നല്‍കണേയെന്നു മനംനൊന്ത്  പ്രാര്‍ത്ഥിച്ചിരുന്നു . ദൈവം നല്‍കിയ രണ്ടാം ജന്മവുമായി അന്ന  കുടുംബസമേതം സസന്തോഷം  കഴിയുന്നു .

                       ഇതില്‍ ഭാവനകള്‍ ഇല്ല  ഇതു പച്ചയായ ഒരു ജീവിത സാക്ഷ്യമാണ് .............!


                         

8 comments:

 1. ഭാവനയല്ല, ജീവിതസാക്ഷ്യമാണ് എന്നുള്ളതുകൊണ്ട് 'കഥ'യായി വായിക്കുന്നില്ല. തന്റെ പരിചയത്തിലുള്ളയാളുടെയോ തന്റെ തന്നെയോ ജീവിതമായിരിക്കാം എഴുത്തുകാരി സാക്ഷ്യപ്പെടുത്തുന്നത്. മരണത്തോടടുത്തു നിൽക്കുമ്പോൾ ഇത്തരം കാഴ്ച്ചകൾ കണ്ടിട്ടുള്ളതായി പലരും അഭിപ്രായപ്പെട്ടിട്ടുണ്ട്. തലച്ചോറിൽ ചില ഭാഗങ്ങൾ ഉദ്ദീപിപ്പിച്ചാൽ ഇത്തരം അനുഭവങ്ങളുണ്ടാകുമെന്നും കേട്ടിട്ടുണ്ട്.

  ReplyDelete
 2. നന്മനിറഞ്ഞവര്‍ക്ക് സ്വസ്തി....
  ആശംസകള്‍

  ReplyDelete
 3. ആദ്യം തന്നെ പറയട്ടെ....മുകളില്‍ കാണിച്ചു ചെമ്പകം എന്നെഴുതിയ ആ പൂക്കള്‍ പാലപൂക്കളാണ് ചെമ്പകമല്ല.............പിന്നെ..വിശ്വാസമല്ലേ എല്ലാം....rr

  ReplyDelete
 4. ഇതിനെ ചെമ്പകം എന്ന് വിളിക്കുന്ന ചില പ്രദേശങ്ങളുണ്ട് കേട്ടോ റിഷാ.

  ReplyDelete