Tuesday, August 13, 2013

തിരനോട്ടം


കണ്ണീര്‍ തുടക്കുവാന്‍ കൈനീട്ടി നീയെന്‍റെ
മുന്നിലായ് വന്നന്നു നില്‍ക്കുംനേരം
എന്‍ കണ്ണീര്‍കണം വീണു പൊള്ളിനിന്‍ കൈകള്‍
ഞെട്ടി വലിച്ചു നീ പിന്നിലേക്ക്‌

എന്നന്തരത്മാവിനെ ചവിട്ടിമെതിച്ചുകൊണ്ട്‌
അശ്വത്തെപോലെ കുതിച്ചുപാഞ്ഞു
കടിഞ്ഞാണ് പോയൊരാ കുതിരയെ പൂട്ടുവാന്‍
തേരാളിയായൊരാള്‍ അവതരിച്ചു 

 ജീവിത ചക്രത്തില്‍ ചെയ്യുന്ന  തെറ്റുകള്‍
കണക്കു ബോധിപ്പിക്കുവാന്‍ സമയമായോ
ഓര്‍ക്കുക മര്‍ത്യാ നീ ഓരോ നിമിഷവും
സൃഷ്ടാവിന്‍ കൈയിലെ നീര്‍കുമിള നീ

വെയിലേറ്റ് വിരിയുന്ന മഴവില്ല്കുമിളയില്‍
ആരും കൊതിക്കും ഭംഗിയോടെ
ജീവിതമാകുന്ന കുമിളതന്‍ സൗന്ദര്യം
നിമിഷങ്ങള്‍ കാഴ്ചതന്‍ മായാജാലം

ഞാനെന്ന ഭാവം വെടിഞ്ഞുനീ സ്വയമേ
തിരിഞ്ഞൊന്നു നോക്കുവാന്‍ മനസാകുമോ
ഓരോ ദിനത്തിലും നീ ചെയ്തു കൂട്ടിയ
തിന്മകള്‍ ഓര്‍ത്തുനീ തപിച്ചീടുക

ഇനിയുള്ള വഴികളില്‍ നന്മതന്‍ കിരണങ്ങള്‍
മറ്റുള്ളവര്‍ക്കു വിതറിനല്‍കു
അന്യന്‍റെ കണ്ണിലെ കരടിനെതേടുമ്പോള്‍
സ്വന്തമാംകണ്ണിനെ നോക്കുക മുന്‍പേ നീ

ഒരു വിരള്‍ അപരനെ ചൂണ്ടുന്നനേരത്ത്
തന്‍നേരെ തിരിയുന്നവിരലുകള്‍ നോക്കുവിന്‍
അപരന്‍റെ തെറ്റുകള്‍ തേടുന്ന നേരം നീ
മനസാക്ഷിയെ സ്വയം വിസ്തരിചീടുവിന്‍



No comments:

Post a Comment