Saturday, August 31, 2013

പ്രാര്‍ത്ഥന


കാറ്റിനേയും കടലിനേയും
ശാന്തമാക്കിയ യേശുവേ
എന്‍മനതാരിലെ അലയാഴിയെ
ശാന്തമാക്കുവാന്‍ വന്നിടു

മഞ്ഞിന്‍ കണത്തിനു വെന്മയോടൊപ്പം
കുളിരേകിയ യേശുവേ
എരിഞ്ഞു നീറുന്നെന്‍ മനസ്സിനുള്ളിലെ
കനലണക്കുവാന്‍ നീ വന്നിടണെ

വിശന്നു  തളര്‍ന്നു വലയുംനേരം
ജീവന്‍റെ മന്ന നീയേകിടണേ
പൊരിവെയിലില്‍ ദാഹിച്ചുഴലുമ്പോള്‍
ജീവജലമെനിക്കേകിടണേ

സഞ്ചരിച്ചീടുന്ന പാതയിലെല്ലാം
കരം പിടിച്ചു നടത്തിടണേ
നൊമ്പരത്താലെന്‍റെ മിഴി നിറയുമ്പോള്‍
വിരല്‍ത്തുമ്പിനാല്‍ നീ തഴുകണമേ

മനുജ പാപം നീക്കിടുവാനായ്
സ്വയം ബലിയായ് തീര്‍ന്നവനെ
എന്‍ അന്തരാത്മാവിന്‍ പാപകറയെല്ലാം
നിന്‍ തിരു രക്തത്താല്‍ കഴുകീടണേ

നൂറു മേനിയേകാന്‍ പറ്റുംവിധമെന്റെ
ഹൃത്തടം വെട്ടിയൊരുക്കീടണേ
നിന്‍ നാമമെന്നുമീ പാരില്‍ പ്രഘോക്ഷിക്കാന്‍
നിന്‍ മകളായെന്നെ മാറ്റണമേ




Friday, August 30, 2013

കുഞ്ഞാങ്ങള


പിച്ച നടക്കുവാന്‍ തുടങ്ങിയ നാള്‍മുതല്‍
ഒരുപടി മുന്നിലായ് നിന്നവളെപ്പോഴും
കൂടപിറപ്പിനെ നുള്ളി നോവിക്കാതെ
ചേര്‍ത്തു നടന്നതാം കാല്‍പ്പാടുകള്‍

എന്‍റെ ചെറുപ്പത്തില്‍ അമ്മ കാണാതെ ഞാന്‍
മാവിന്‍റെ കൊമ്പിലായ്‌ഊഞ്ഞാലാട്ടി
കൈവിട്ടു താഴെ കിടന്നെന്റെ കുഞ്ഞാങ്ങള
പിഞ്ചു കൈ തണ്ടിലെ അസ്ഥികള്‍വിണ്ടു പോയ്‌

സ്കൂള്‍ വിട്ടു വന്നു ഞാന്‍ ആദ്യം തുറക്കുമെന്‍
മിട്ടായി പൊതിയുടെ കൊച്ചു ലോകം
മധുരം നുണയുമ്പോള്‍ ആ കുഞ്ഞു പുഞ്ചിരി
മനസ്സിലെ മങ്ങാത്ത ഓര്‍മ്മയാണിന്നും

രക്തബന്ധത്തിന്റെ  വിലയറിഞ്ഞീടുന്നു
മുന്നോട്ടു പോയ ഓരോ ദിനത്തിലും
കണ്ടുമുട്ടുമ്പോള്‍ വഴക്കുകൂടീടുന്നു
കാണാതിരിക്കുമ്പോള്‍ ഇടനെഞ്ചു വിങ്ങുന്നു

ജീവിത വഴികളില്‍ പകച്ചു നിന്നീടുമ്പോള്‍
കൂടെ ഞാനുണ്ടെന്ന്  ആശ്വസിപ്പിച്ചീടുന്നു
ദൂരത്തിരുന്നു ഞാന്‍ കേള്‍ക്കുന്നു ആ സ്വരം
എന്‍ ആത്മ സന്തോഷം നിര്‍വൃതികൊള്ളുന്നു

വിശേഷ നാളിലോ പുത്തനുടുപ്പുമായ്
ഓടിയെത്തീടുമെന്‍ കുഞ്ഞാങ്ങള.....
യാത്ര പറഞ്ഞു പിരിഞ്ഞുപോയീടുമ്പോള്‍
കാണാന്‍ കൊതിക്കുമെന്‍ കുഞ്ഞാങ്ങളെ....




Thursday, August 29, 2013

ഇരുളിന്റെ ആത്മാവ്


കഴിഞ്ഞ ദിനങ്ങള്‍ തന്‍ ഓര്‍മ്മയാല്‍
എന്തിനു വിലപിച്ചീടുന്നു ജന്മമേ
അരുതേ ....പഴിക്കവേണ്ട നീ
ഇന്നിന്റെ പച്ചപ്പിന്‍ ജീവിത യാത്രയില്‍

ഇന്നലെകള്‍ കൂട്ടായ് വരുമ്പോള്‍ 
നീയിന്നു ഇരുളിന്‍ വിലാപമായ്  മാറിയോ
എത്ര ചിന്തിച്ചാലുമെത്തിയില്ലേ നിന്നില്‍
നന്മ നിറഞ്ഞതാം സ്നേഹത്തിന്‍ കണിപൂക്കള്‍

എല്ലാമറിഞ്ഞിട്ടും എന്തിനുവേണ്ടി നീ
പിഞ്ചുപൈതല്‍പോല്‍  ശഠിക്കുന്നു
ഇരുട്ടകറ്റി  നിന്‍ വെളിച്ചമായ് മാറുവാന്‍
വന്നവര്‍ നിനക്കിന്നിരുട്ടിന്റെ  ആത്മാക്കള്‍

ഇന്നിന്റെ സൗഭാഗ്യമെല്ലാമുണ്ടായിട്ടും
സ്രഷ്ടവിന്‍ സ്നേഹം കാണാതെ പോകയോ
പിന്തിരിഞ്ഞെന്തിനു നില്‍ക്കുന്നു മാനവ
ഇരിട്ടിനെ പുല്‍കുന്ന രൂപമായ്‌

പച്ചപ്പിന്‍ നടുവിലണെന്നറിഞ്ഞിട്ടും
മരുഭൂവിലാണെന്ന് മൊഴിഞ്ഞു മറയുന്നുവോ
ജീവിത യാത്രയില്‍  കാണതെ പോകയോ
സ്നേഹം തുളുമ്പുന്ന ഹൃത്തടമൊക്കെയും

നല്ല പുലരികള്‍ നിനക്കായ്‌ ഉദിച്ചിട്ടും
വെറുമൊരു സ്വപ്നമായ് തള്ളികളഞ്ഞുവോ
നിന്നിലേക്കലിയാനായ്‌ നന്മതന്‍ രൂപമായ്
നിന്‍ പടിവാതിലില്‍ കാത്തു നിന്നില്ലയോ

ദു:ഖത്തിന്‍ മുള്ളുകള്‍ തറച്ച നിന്‍ ഹൃത്തിനെ
തിരിച്ചറിഞ്ഞീടുവാന്‍ കഴിയുന്നവന്‍ ഞാന്‍
പുല്‍കിയുണര്‍ത്തുന്നു കുളിര്‍തെന്നലായ്‌
ഒരിക്കലും പിരിയാത്ത പ്രപഞ്ചസത്യമായ്

ആരോടു തീര്‍ക്കുന്നു നിന്റെ പ്രവര്‍ത്തികള്‍
വെളിച്ചമുണ്ടായിട്ടും  ഇരുളിനെ പുല്‍കുവാന്‍ 
പ്രതികാരമാരോട് ...ചൊല്ലുനീ ....?
സ്രഷ്ടവിനോടോ ...നിന്നെ പുല്‍കിയ എന്നോടോ..?








Tuesday, August 27, 2013

കണ്ണട



ദൂരത്തെ കാഴ്ചകള്‍ചാരത്തു കാണാനും
ചാരത്തെ കാഴ്ചകള്‍ ദൂരത്തുകാണാനും
മങ്ങിയ കാഴ്ചതന്‍ മങ്ങലകറ്റാനും
ഒരു കൂട്ടായ് ഞാന്‍ നിന്‍റെ കൂടെ വേണം

ജീവിത യാത്രയില്‍ കൂട്ടുനടക്കുവാന്‍
എത്തുന്നു ഞാനുംകൊച്ചുപ്രായത്തിലും
വളര്‍ന്നു വരുംതോറുമെന്‍ ചില്ലുജാലകം
പല സമയങ്ങളില്‍ പുതുതാക്കി മാറ്റണം

വെള്ളെഴുത്തെന്നുള്ള ഓമനപേരിനെ
മങ്ങാത്ത കാഴ്ചകള്‍ കാണിക്കുന്നവന്‍ ഞാന്‍
യാത്രയിലെല്ലാം നയനങ്ങളെ കാത്തു
കൂട്ടായി എന്നും നിന്‍ കൂടെ നടക്കും

നിന്‍ ചെവി രണ്ടിലുംകാലുകളൂന്നി ഞാന്‍
നിന്‍ സഹചാരിയായ് കൂട്ടുനടന്നവന്‍
വിങ്ങുന്ന ചെന്നി തന്‍ നൊമ്പരമകറ്റാനും
ഒരു കുളിര്‍ തെന്നലായ് ഞാന്‍ കൂടെ വേണം

സൂര്യന്‍റെ ചൂടിലും ആശ്വാസമേകുവാന്‍
നിന്‍റെ മുഖത്തു ഞാന്‍ മുത്തമിട്ടീടണം
നിന്‍റെ  ഈ യാത്രയില്‍ എന്നെ പിരിയുവാന്‍
കഴിയില്ലോരിക്കലും എന്‍ പ്രിയ തോഴനെ

Monday, August 26, 2013

അനുതാപം


അദൃശ്യമാം നിന്‍ കരങ്ങളെന്നെ
താങ്ങി നടത്തുന്നു  നിത്യവുമേ
എന്നിട്ടുമെന്തേ അറിയാതിരുന്നു ഞാന്‍
പാപിയാണെന്നുള്ള സത്യം

വിരൂപമേശാതെ കാരുണ്യമോടെ
സുന്ദരമായെന്നെ സൃഷ്‌ടിച്ച ദൈവമേ
നന്മകളൊക്കെയും   ദാനമായിനല്‍കീട്ടും
നന്ദി ചൊല്ലീടുവാന്‍ മറന്നു പോയല്ലോ ഞാന്‍

പാഴ്മരുഭൂമിയില്‍ തണലായി വന്നിട്ടും
തണലിന്‍ മഹുത്വമറിയാതെ പോയിഞാന്‍
ഹൃദയകവാടത്തില്‍ മുട്ടി വിളിച്ചിട്ടും
വാതായനങ്ങള്‍ തുറക്കാന്‍ മടിച്ചു ഞാന്‍

കണ്ണുനീര്‍ കണങ്ങളെ മായ്ക്കുവാനായവന്‍
ആണിയാല്‍ മുറിഞ്ഞൊരാ കരങ്ങള്‍ നീട്ടി
പാപിയാമെന്നുടെ പാപങ്ങള്‍ നീക്കുവാന്‍
ക്രൂശിതനായിതാ കാല്‍വരികുന്നിന്മേല്‍

പശ്ചാത്തപിച്ചു ഞാന്‍ വന്നു നില്‍ക്കുന്നിതാ
പൂജാപുഷ്പമായ് നിന്‍തിരു സവിധേ
താഴ്മയായ് കേഴുന്നു കാരുണ്യവാരിധേ
സ്വീകരിക്കേണമീ കണ്ണീര്‍ സുമങ്ങളെ




Thursday, August 22, 2013

തെറ്റും ശരിയും



പാലമൃതൂട്ടിയ മാതവിനെയോ
സ്നേഹം വിളമ്പിയ പിതാവിനെയോ
വേര്‍ തിരിച്ചീടുവാന്‍ അറിയാതെ പോയോ
ലഹരിയാല്‍ മുങ്ങിയ നിന്‍ ചെയ്തികള്‍

മദ്യം വിളമ്പിയകൂട്ടുകരോക്കെയും
ഇന്നെവിടെ പോയി ഓര്‍ക്കുന്നുവോ നീ
ദൂര്‍ത്തടിച്ചീടുവാന്‍ പണത്തിനായല്ലയോ
തെറ്റുകള്‍ക്കെല്ലാം  നീ ആരംഭമിട്ടതും

നിന്‍ ചെയ്തി കണ്ടമ്മ നെഞ്ചുപൊട്ടീടുമ്പോള്‍
ആ കണ്ണുനീരിന്‍റെ നോവു നീ കണ്ടില്ല
അപ്പോഴുംനിന്നുള്ളില്‍ നുരഞ്ഞു പതഞ്ഞതോ
ലഹരിതന്‍ ലോകത്തിന്‍ മായാജാലം

അച്ഛന്റെ നെഞ്ചകം വിങ്ങി മുറിഞ്ഞതും
പൊട്ടികരയുവാന്‍ കഴിയാതെ നിറഞ്ഞ മിഴികളും
കാഴ്ചയുണ്ടയിട്ടും അന്ധനായ്‌ നിന്നു നീ
സ്നേഹബന്ധങ്ങളെ തട്ടിമാറ്റീടുവാന്‍

നീയില്ലയെങ്കിലെന്‍ ജീവിതമില്ലെന്നു
നീ ചൊല്ലിയ പെണ്‍കിളി ഇന്നെവിടെ
ആ കണ്ണുനീരിനെ തടയുവാനാവുമോ
നീ നേടിയ തെറ്റിന്റെ ആകെ തുകയാലെ

സമൂഹനന്മക്കായ്  ഇന്നു നീ പൊരുതുമ്പോള്‍
അറിയാതെയെങ്കിലും നീറുന്നു നിന്നുള്ളം
പ്രാശ്ചിത്തം ചെയ്തു നീ മുന്നോട്ടു പോകുമ്പോള്‍
ഉയരത്തിലേക്കു മുന്നേറുവാന്‍ കഴിയട്ടെ

Tuesday, August 20, 2013

കുറവിലെ കഴിവുകള്‍



അറിവിന്റെ ദീപമായ് വന്നവളെ
അഴകിന്റെ തൂവലായ് നിന്നവളെ
അക്ഷരംകൊണ്ടു കവിത ചമച്ചവള്‍
ചിത്രവര്‍ണ്ണങ്ങളാല്‍ വിരുന്നുമായ് വന്നവള്‍

മഷിയില്‍ മുക്കിയ തൂലികത്തുമ്പിനാല്‍
അക്ഷരനക്ഷത്ര മാലകള്‍ കോര്‍ത്തവള്‍
എഴുതിയതെന്തെല്ലാം കദനങ്ങളും
നിറഞ്ഞു തുളുംമ്പിയ സ്നേഹത്തിന്‍ ജാലവും

ക്യാന്‍വാസിനുള്ളിലായ്കോറി നീ ആദ്യമായ്
ഏതോനിയോഗംപോല്‍ നിന്‍ ജീവിതം
വര്‍ണ്ണ വസന്തത്തിന്‍  മായിക കാഴ്ചകള്‍
ചായകൂട്ടിനാല്‍ നീ ചമച്ചു

 പ്രകൃതിയാം അമ്മക്ക് സൗന്ദര്യമേകി നീ
നിറക്കൂട്ടില്‍ മുക്കിയ തൂലികയാല്‍
മാനും മയിലും ചിത്രശലഭങ്ങളും
പൂക്കളും വണ്ടും പുതിയൊരു പൂന്തോപ്പും

ഓരോ ദിനത്തിലും പുതിയതാം കാഴ്ചകള്‍
ഒരുക്കിയെനിക്കായ് നീ നല്‍കിയില്ലേ
നിനക്കായ്‌ നല്‍കിയ കുറവുകളെല്ലാം നീ
സഹജന് നന്മയായ് മാറ്റിയ ജന്മമേ

തൂലിക ചലിപ്പിക്കാന്‍ കരങ്ങളില്ലെങ്കിലും
കാല്‍വിരള്‍ത്തുമ്പിലായ്‌ ചാലിച്ച സൗന്ദര്യം
പുലരിയിലെന്നും ഞാന്‍ കാത്തുനിന്നീടുമേ
നീ നല്‍കും അഴകിനെ പുണരുവാനായി