Saturday, November 24, 2018

അക്ഷരങ്ങള്‍ക്കായ് ഹൃദയം കോറിയത്‌



വെറുതെ തോന്നിയ മോഹങ്ങളെ  താലോലിയ്ക്കുമ്പോള്‍ അക്ഷരങ്ങള്‍ പറഞ്ഞു  ഞങ്ങള്‍ കൂടെ വരാമെന്ന് .കാവ്യമായിട്ടോ ! കഥനമായിട്ടോ ! അതോ എന്‍റെ ഭ്രാന്തന്‍ ജല്പനങ്ങളായിട്ടൊ ? ഉത്തരമില്ലാത്ത സമസ്യയായി കൂടെ നടന്നപ്പോഴും ഞാന്‍ വരികളും വാക്യങ്ങളുമായി അവയെ നിരത്തുവാന്‍ തൂലികയോട് പലപ്പോഴും പറയുമായിരുന്നു . ആരും കാണാതെ എന്നിലേയ്ക്ക് ആഴ്ന്നിറങ്ങിയ സ്നേഹമായിരുന്നു നീയെന്നോര്‍ക്കുമ്പോള്‍ എനിക്ക് ഒത്തിരി സന്തോഷം തോന്നി .പല നിശീഥിനികളിലും  എന്‍റെ ചുണ്ടില്‍ വിരിയുന്ന മൂളിപ്പാട്ടായി നിന്‍റെ ഹൃദയതല്പത്തില്‍ ഞാന്‍ മയങ്ങിയിരുന്നു . ഒരു നിമിഷത്തെ ആയുസ്സ് പൂര്‍ത്തിയാക്കി നീ മറയുമ്പോള്‍ ഓര്‍മ്മയുടെ കയങ്ങളില്‍ നിന്നെ എത്ര തേടിയിട്ടും  മറവിയുടെ കംബളത്തില്‍ നീ സുഖമായി പുതച്ചുറങ്ങുന്നുണ്ടായിരുന്നു . ദിനരാത്രങ്ങളില്‍ പലവട്ടം എന്‍റെ കനവുകളില്‍ ചേക്കേറാന്‍ നിനക്ക് കൂടൊരുക്കി ഞാന്‍ കാത്തിരുന്നു .എല്ലാം വെറുതെയായിരുന്നു എന്നോര്‍ത്ത് ഞാന്‍ നടന്നകലുമ്പോള്‍ നിന്‍റെ പിന്‍വിളി ഞാന്‍ കേള്‍ക്കാറുണ്ടായിരുന്നു .

തിരയും തീരവും പ്രണയസല്ലാപങ്ങള്‍ നടത്തുമ്പോള്‍ ശൂന്യമായ എന്‍റെ മനസ്സില്‍ ഭാവങ്ങളായ് രൂപങ്ങളായ് വരിക .നമുക്ക് കൈകോര്‍ത്ത് നടക്കാം തിരകള്‍ ചുംബിക്കുവാന്‍ ഓടിയെത്തുന്ന നിമിഷങ്ങളെ മണല്‍പരപ്പില്‍ ചിത്രങ്ങളായോ കാവ്യങ്ങളായോ നമുക്ക് കോറിയിടാം .അക്ഷരങ്ങള്‍ കവര്‍ന്നെടുത്ത് ചാഞ്ചക്കമാടി അകലുന്ന കുഞ്ഞോളങ്ങള്‍ എനിക്ക് നല്‍കുന്ന സ്നേഹത്തിന്‍റെ അംഗീകാരമായ് പ്രചോദനത്തിന്‍റെ  താളമേളങ്ങളായ് ഞാന്‍ നിറഞ്ഞ മനസ്സോടെ സ്വീകരിക്കുന്നത് നിനക്കും കാണണ്ടേ ?

ആരും കയറാത്ത ഗിരിശിഖിരത്തില്‍ ഒന്ന് പോയാലോ ?ആരെയും തഴുകാതെയെത്തുന്ന കാറ്റിന്‍റെ ചിലമ്പൊലികള്‍ നൃത്തം ചവിട്ടുന്നത് കാണാന്‍ മറ്റെവിടെയാണു കഴിയുക .ഒതുക്കി വച്ച കൂന്തലില്‍ തട്ടികളിക്കുന്ന കുസൃതികള്‍ പാറിപറക്കുന്നത് കാണണ്ടേ .തണുത്തുറഞ്ഞുപോകാവുന്ന നിമിഷങ്ങളില്‍ കതിരവന്‍റെ സ്വര്‍ണ്ണരശ്മികള്‍ തടസ്സങ്ങളില്ലാതെ ഇളം ചൂട് പകര്‍ന്നു അരികിലെത്തുമ്പോള്‍ സ്നേഹസമ്മാനമായ് കൊടുക്കാം നന്ദിയുടെ വാക്കുകളില്‍ നാല് വരി കവിത  ,അതിന് നീ കൂടെയില്ലാതെ എനിക്ക് ഒരിക്കലും കഴിയില്ല എന്ന സത്യം നിനക്ക്  അറിയില്ലേ തൂലികേ  .......

ആത്മാവുറങ്ങുന്ന താഴ്വരയില്‍ നമുക്കൊന്നിച്ചു സഞ്ചരിക്കാം .അവിടെ വെട്ടിത്തുറന്ന വീഥികളും,പൂക്കാലം തീര്‍ക്കുന്ന പൂന്തോപ്പുകളും,  ജനസഞ്ചാരത്തിന്‍റെ കോലാഹലങ്ങളുടെ നിറവും  ഒന്നുമില്ലാത്ത  താഴ്വര .കുന്നുകള്‍ കൊണ്ട് കോട്ട തീര്‍ത്ത താഴ്വാരം .ആര്‍ത്തിപൂണ്ട കണ്ണുകള്‍ എത്തിനോക്കാത്തതിനാല്‍ തിങ്ങി നിറഞ്ഞ വന്‍വാന്യങ്ങള്‍ കാവല്‍ നില്‍ക്കുന്ന ഒരിടം .അവിടെ ഉറങ്ങുന്ന ആത്മാവ് അക്ഷരമാകുന്ന നിന്‍റെതും മാറ്റൊലി കൊള്ളുന്നത്‌ നമ്മുടെ സല്ലാപങ്ങളും മാത്രം .നിന്നെ വിളിച്ചുണര്‍ത്തുമ്പോള്‍ നീ ഉണരാന്‍ മടിച്ച് ഉഷസന്ധ്യയുടെ തല്പത്തില്‍ ഒളിച്ചിരിക്കരുത് .നിന്‍റെ പ്രണയസ്പന്ദനങ്ങള്‍  അവിടെവച്ച് എനിക്ക്തരില്ലേ ? ഞാന്‍ നിന്നെ മനോഹരമായ ചിത്രങ്ങളും, കാവ്യങ്ങളും ,കഥകളും കൊണ്ടുള്ള  തൊങ്ങലുകള്‍ ചാര്‍ത്തിയ കിരീടം അണിയിക്കാം .ഞാന്‍ മണ്മമറഞ്ഞാലും നിന്നെ വീണ്ടും എല്ലാവരും വായിക്കപ്പെടുമെന്ന സത്യം സ്മൃതിപഥങ്ങളിലൂടെ കടന്നുപോകുമ്പോള്‍ എന്നില്‍ നിറയുന്ന സന്തോഷത്തിന്‍റെ ചെറുകണികപോലും സൃഷ്ടാവിന്റെ കരങ്ങളില്‍ എത്ര നന്ദിയോടെയാണ് ഞാന്‍ അര്‍പ്പിക്കുന്നത് എന്ന് നിനക്ക് അറിയാമോ ?  അനശ്വരതയുടെ ലോകത്തിലൂടെ നിനക്ക് എന്നും യാനം ചെയ്യാം അതിന് നിന്‍റെയീ  പ്രണയമുത്തുകള്‍ എനിക്ക് ഇപ്പോള്‍ തന്നെ പറ്റു.

  മഴത്തുള്ളിയായ് എന്നിലേയ്ക്ക് പെയ്തിറങ്ങിയ നിന്‍റെ അക്ഷരങ്ങള്‍ എന്നില്‍ നിറച്ചത് മധുരം കിനിയുന്ന തേന്‍ത്തുള്ളികളായിരുന്നു .സുഗന്ധം നിറച്ച കുളിര്‍തെന്നലായ് നീ  എന്നെ വലയം ചെയ്യ്തപ്പോഴെല്ലാം എനിക്ക് അരനാഴികപോലും വേണ്ടിയിരുന്നില്ല ഒരു കാവ്യമുകുളത്തെ വിരിയിക്കാന്‍ .
ഇത്രയധികം ഇഷ്ടത്തോടെ നീ എന്‍റെ കൂടെ നടക്കുമ്പോഴും ഞാന്‍പോലുമറിയാതെ നീ എന്നില്‍ ഒളിച്ചുകളിച്ചില്ലേ.ആ നിമിഷങ്ങളെല്ലാം എന്നില്‍ ശൂന്യത മാത്രമായിരുന്നു നിറഞ്ഞു നിന്നത് , ഞാന്‍പോലുമറിയാതെ എന്നില്‍  തുടിച്ചത്‌ നിന്‍റെ നിശ്വാസങ്ങളായിരുന്നുയെന്ന് നീയെന്താണ് പലപ്പോഴും മനസ്സിലാക്കാതെ പോയത് .ഇനി നീ പിണങ്ങിപ്പോയാല്‍ ഞാന്‍ എന്‍റെ തൂലികയും വെളുത്ത താളുകളും എന്നേക്കുമായി ഉപേക്ഷിക്കും .ആരുമറിയാത്ത  ഒരു ലോകത്ത് ഞാന്‍ തനിയെ നടക്കും നിന്നെയെന്‍റെ ചിന്തയിലോ ചിത്തത്തിലോപോലും കടന്നുവരുവാന്‍ ഞാന്‍ അനുവദിക്കുകയില്ല  .എന്‍റെയീ ജീവിത യാനത്തില്‍ നീയെന്നെ പിരിയില്ലയെന്ന വിശ്വാസത്തോടെ ഞാന്‍ നിര്‍ത്തുന്നു.
സ്നേഹപൂര്‍വ്വം
അന്നയുടെ  അക്ഷരവസന്തത്തിന്
       ഹൃദയത്തില്‍ കോറിയ ചിന്തുകള്‍ 

1 comment:

  1. അക്ഷരമുത്തുകൾ മനോഹരമായി.....
    ആശംസകൾ

    ReplyDelete