Friday, November 16, 2018

മറക്കാതിരിക്കണം പാഠങ്ങള്‍


ജീവിതത്തില്‍ പലപ്പോഴും തിക്താനുഭവങ്ങളിലൂടെ നമ്മള്‍ കടന്നുപോകാറുണ്ട്. പിടിച്ചുനില്‍ക്കാന്‍ കഴിയാതെ തകര്‍ന്നുപോകാറുണ്ട് .ചിലപ്പോള്‍ മറ്റുള്ളവരുടെ വാക്കുകളോ പ്രവര്‍ത്തികളോ കാരണമാകാം മറ്റുചിലപ്പോള്‍ സ്വന്തം വാക്കാലോ പ്രവര്‍ത്തിയാലോ ആകാം .അനുഭവപാഠങ്ങളിലൂടെ നമ്മള്‍ കടന്നുപോകുമ്പോള്‍ ഹൃദയത്തില്‍ സൂക്ഷിക്കേണ്ടത് പലതും  മറന്നുപോകുന്നു .ആ മറവികള്‍ നമ്മള്‍ വീണ്ടും വേദനിക്കപ്പെടാന്‍ ഇടയാക്കുന്നു ."സ്നേഹമായാലും സഹായമായാലും ദാനമായാലും അര്‍ഹതയുള്ള കുമ്പിളില്‍ വിളമ്പിയാല്‍ മാത്രമേ അതിന് പൂര്‍ണ്ണത ഉണ്ടാകുകയുള്ളൂ" ,ഇല്ലായെങ്കില്‍ ചേമ്പിലയില്‍ വീഴുന്ന ജലകണംപോലെയാകും .നമ്മളിലേയ്ക്ക്  ഇറ്റിറ്റു വീഴുന്ന സ്നേഹത്തുള്ളികള്‍ നുകരുമ്പോള്‍ ആ മാധുര്യത്തില്‍ എല്ലാം മറക്കുന്നുപോകുന്നവര്‍  അടുത്ത നിമിഷം തിരിച്ചുനല്‍കുന്നത് കയ്പ്പുനിറഞ്ഞ അനുഭവങ്ങളാകാം.നോവിന്‍റെ അനുഭവങ്ങള്‍ അപരനിലേയ്ക്ക് പകരാതിരിയ്ക്കാം .അര്‍ഹതയുള്ള കുമ്പിളില്‍ നല്‍കാനുള്ളത് നല്‍കാം ....നീര്‍ക്കുമിളക്ക് തുല്യമായ ഈ ജീവിതത്തില്‍ നിലാവ് പൊഴിക്കുന്ന പുഞ്ചിരിപോലെ ....പ്രണയം തുടിയ്ക്കുന്ന നിമിഷങ്ങള്‍ നല്കി മാരിവില്‍ ശോഭയോടെ വാനില്‍ തെളിഞ്ഞ് വിണ്ണിലെ താരാപഥങ്ങള്‍പോലെ കണ്‍ചിമ്മി നിറഞ്ഞു നില്ക്കാം .സാന്ദ്രതമസ്സില്‍ ഒരു ചെരാതിന്‍ വെളിച്ചമായ് മറ്റുള്ളവരുടെ ഹൃദയങ്ങളില്‍ പൊന്‍പ്രഭ തൂകി കടന്നുപോകാം .കാലചക്രങ്ങള്‍ എത്ര തിരിഞ്ഞാലും ഓര്‍മ്മയിലെന്നും പൂത്തുനില്‍ക്കുന്ന വസന്തങ്ങളായി സുഗന്ധം പരത്താം ............!!!

1 comment: