Saturday, November 17, 2018

പുസ്തകവിചാരം (ശ്രീ .ഡൊമിനിക് വര്‍ഗീസ്‌ )

പ്രശസ്ത പ്രവാസി എഴുത്തുകാരനായ ശ്രീ .ഡൊമിനിക് വര്ഗ്ഗീസ് (മരുപ്പച്ച ) ‍ പീതപുഷ്പത്തിന്‍ കിനാവുകള്‍ എന്ന എന്‍റെ കവിതാസമാഹാരത്തിന് നല്‍കിയ ഈ വിലയിരുത്തല്‍ ഒത്തിരി സന്തോഷത്തോടെ നിങ്ങള്‍ക്കുമുന്പില്‍ ഞാന്‍ സമര്‍പ്പിക്കുന്നു .തിരക്കുകള്‍ക്കിടയിലും പുസ്തകം വായിക്കുവാനും വിലയിരുത്തുവാനും കാണിച്ച ഈ നല്ല മനസ്സിന് സ്നേഹത്തിന്‍റെ ഭാഷയില്‍ ഒരായിരം നന്ദി പ്രിയപ്പെട്ട മരുപ്പച്ച .മറ്റുള്ളവരുടെ സൃഷ്ടികള്‍ വായിക്കുവാനും പ്രോത്സാഹനം നല്‍കുവാനും വളരെ ചുരുക്കം ചിലര്‍ക്ക് മാത്രമേ കഴിയാറുള്ളുയെന്ന സത്യം അനുഭവങ്ങളിലൂടെ നമ്മളെ പഠിപ്പിക്കുന്ന ഏറ്റവും വലിയൊരു സന്ദേശം കൂടിയാണ് ഇതുപോലുള്ള പ്രോത്സാഹനങ്ങള്‍ .ഇതോടൊപ്പം താങ്കളുടെ" മരുപ്പച്ച" യെന്ന കവിതാസമാഹാരത്തിന് ഒരായിരം ഭാവുകങ്ങള്‍ നേരുന്നു.... നന്ദി ...സ്നേഹം

പീതപുഷ്പത്തിന്‍ കിനാവുകള്‍--മിനി ജോണ്‍സന്‍
**********************************************************************
ഋതുക്കള്‍ ഒരു വൃക്ഷത്തിന്‍റെ ഫലത്തെ എത്രമാത്രം സ്വാധീനിക്കുന്നുവോ അതുപോലെയാണ് ഒരു എഴുത്തുകാരനെയോ എഴുത്തുകാരിയെയോ
തന്‍റെ ചുറ്റുപാടുകള്‍ സ്വാധീനിക്കുന്നത്. മരുഭൂമിയില്‍ വിളയുന്ന ഫലവുംചതുപ്പില്‍ നിന്ന് വിളയുന്ന ഫലവും അടിസ്ഥാനപരമായി വ്യത്യാസമുണ്ടാകുംസാഹിത്യമെന്നതിന് എങ്ങനെ നിര്‍വചനം കൊടുത്താലും അവസാനം ചെന്നെത്തുന്നത് മാനവികത എന്ന വാക്കിലായിരുക്കും. അങ്ങനെയാണെങ്കില്‍ കഥയോ, കവിതയോ മറ്റെന്തു കലാരൂപമോ ആയിക്കോട്ടേ അത് മനുഷ്യനെ നന്മയിലേയ്ക്ക് നയിക്കുന്നതാകണം. സര്‍ഗാത്മകതഎന്നത് മനുഷ്യനെ സന്മാര്‍ഗത്തിലേയ്ക്ക് നയിക്കുന്നതാവണം. ഏതൊരു സൃഷ്ടിയും സൃഷ്ടി കര്‍ത്താവിന്‍റെ മനോവികാരങ്ങളുടെയോ തന്‍റെ ചുറ്റുപാടുകളെയോ , അതാത് കാലഘട്ടത്തിന്‍റെയോ സൂചികയായിരിക്കും .ചില സൃഷ്ടികള്‍ എഴുത്തുകാന്‍റെ വികാരങ്ങളെ മാത്രം പ്രതിഫലിപ്പിക്കുമ്പോള്‍ ചിലത് ഒരു സമൂഹത്തിന്‍റെ മുഴുവന്‍വികാരത്തേയോ അതുമല്ലെങ്കില്‍ സമൂഹത്തിന്‍റെ ജീര്‍ണ്ണതയെയോ ചൂണ്ടിക്കാട്ടുന്നു, അത്തരം ചിന്തകളാണ് വര്‍ത്തമാനകാലത്തിന്‍റെ മാറ്റവും, ഭാവികാലത്തിലേയ്ക്കുള്ള ചൂണ്ടുപലകയുമാകുന്നത്.ശ്രീമതി മിനി ജോണ്‍സണ്‍-ന്‍റെ പീതപുഷ്പത്തിന്‍റെ കിനാവുകള്‍ എന്ന ചെറുകഥാസമാഹാരത്തിലൂടെ കടന്നുപോകുമ്പോള്‍ അനുവാചകരുടെ ഹൃദയത്തെ തൊട്ടുതലോടുന്ന ചില ചിന്തകള്‍ പങ്കുവയ്ക്കുന്നതോടൊപ്പം. സരളമായ ഭാഷയിലൂടെയുള്ള ചെറിയ ഒഴുക്ക് നല്ലൊരു വായനാസുഖവും നല്കുന്നു.ചെറിയ ചിന്തകളിലൂടെ വലിയ ലോകത്തിലേയ്ക്കുള്ള വാതായനമായി നമുക്ക് ഇതിലെ കഥകളെ കാണാം. വര്‍ത്തമാനകാലത്തെ കുടുംബങ്ങളുടെ, അല്ലെങ്കില്‍ സമൂഹത്തിലെ അപജയത്തിന് കാരണം പലപ്പോഴും ചെറിയ കാര്യങ്ങളെ തൃണവല്കരിച്ചുകൊണ്ടുള്ള ജീവിത രീതി ആയിരിക്കാം, അത് പ്രകൃതിയോടായാലും വ്യക്തിബന്ധങ്ങളിളോടായാലും ചെന്നെത്തുന്നത് ഒരു ബിന്ദുവില്‍ ആയിരിക്കും.ചേറില്‍ നിന്ന് പാദങ്ങളെ മറയ്ക്കാന്‍ പാദരക്ഷയണിഞ്ഞ മനുഷ്യന്‍ പിന്നെയങ്ങോട്ട് എല്ലാറ്റിനും ആഡംബരത്തിന്‍റെ പരിവേഷം നല്കി .മണ്ണില്‍ നിന്ന് അകന്നു പിന്നെ അവന്‍റെ അകല്‍ച്ച മനുഷ്യനില്‍ നിന്നായി അങ്ങനെ മനുഷ്യന്‍ മനുഷ്യനെ ചൂഷണവസ്തുവാക്കി മാറ്റി. അതുകൊണ്ടുതന്നെ മനുഷ്യനന്മയ്ക്ക് ഒരിടം നല്കുന്ന എല്ലാ സാഹിത്യസൃഷ്ടികളും വരും തലമുറയ്ക്ക് കരുത്തേകും എന്ന കാര്യത്തില്‍ സംശയമില്ല.
*********
പെയ്തൊഴിയാതെ എന്ന കഥയിലൂടെ മിഷേല്‍ ബിനു എന്നിവരുടെ മനോഹരമായ പ്രണയവും തന്‍റെ മകള്‍ക്ക് പണം കൊണ്ട് ഒരു വരനെ വിലയ്ക്ക് വാങ്ങാനുള്ള ചാക്കോച്ചന്‍ മുതലാളിയുടെ വിഫലശ്രമവുംമനോഹരമായി നമ്മോട് സംവദിക്കുന്നു. നല്ലൊരു പ്രണയത്തിന് പരിസമാപ്തി പണത്തിന് മുന്നില്‍ മുട്ട് മടക്കുമ്പോള്‍ നാം കാണുന്ന ചതിക്കും വഞ്ചനക്കുമെതിരെ സത്യസന്ധതയും ആത്മാര്‍ഥതയുമാണ് ഉത്തരമെന്ന് കഥാകാരി തെളിയിക്കുന്നു.നല്ലൊരു വായനാസുഖം നല്കുന്ന കഥയില്‍ അവസാനം വിനുവിന്‍റെ മരണവും അതോര്‍ത്തുകൊണ്ടുള്ള മിഷേലിന്‍റെ ശിഷ്ടകാല ജീവിതവും അനുവാചകരെ തെല്ല് ദുഖത്തിലാഴ്ത്തുന്നു, മുഖം മൂടികള്‍ എന്ന കഥയിലൂടെ ദത്തെടുക്കലെന്ന മഹാമനസ്കതക്കുള്ളില്‍ ഒളിഞ്ഞിരിക്കുന്ന കാപട്യത്തെ ഒന്ന് തുറന്നുകാട്ടാനുള്ള വലിയ ശ്രമം നടത്തുന്നു. സാമന്തയെന്ന കുട്ടിയുടെ ദുരനുഭവം വായനക്കാരന്‍റെ ഹൃദയത്തില്‍ ഒരു തീപ്പൊരി പാറിക്കുന്നു. സായന്തനത്തിലെ സാന്ത്വനമെന്ന കഥ തീര്‍ച്ചയായും വര്‍ത്തമാനകാലത്തിലെ നമ്മുടെ നേര്‍കാഴ്ചകളും ഇടക്കൊക്കെ കാണുന്ന ചില സുമനസ്സുകളെയും പരിചയപ്പെടുത്തുന്നു. തെരുവില്‍ കഴിഞ്ഞിരുന്ന അക്ക്രുവെന്ന ചെക്കനെ പഠിപ്പിക്കാന്‍ ലിസാമ്മ കാണിക്കുന്ന നല്ല മനസ്സും, പഠിച്ച് മിടുക്കനായ അക്ക്രു ജീവിതാവസാനം മക്കള്‍ തള്ളിക്കളഞ്ഞ ലിസാമ്മയെ സംരക്ഷിക്കുന്നതും, വളരെ ആവേശത്തോടെ വായിക്കാന്‍ നമ്മെ പ്രചോദിപ്പിക്കുന്നതോടൊപ്പം നന്മയിലേയ്ക്കുള്ള ഒരു തിരിയും നമ്മുടെ മനസ്സില്‍ കഥാകാരി കൊളുത്തുന്നു.
മനുഷ്യനെ തമ്മില്‍ അടുപ്പിക്കുന്നതും എല്ലാവര്‍ക്കും അവകാശപ്പെടാവുന്നതുമായ ഒരു പ്രതിഭാസവും ഒരു പക്ഷേ വിശപ്പ്‌ മാത്രമായിരിക്കും. അപരന്‍റെ വയറിന്‍റെ രോദനം തിരിച്ചറിയുക അവര്‍ക്ക് വേണ്ടി ഒരു കരുതല്‍ തന്‍റെ ഹൃദയത്തില്‍ സൂക്ഷിക്കുക അങ്ങനെയുള്ളവരാണ് യഥാര്‍ത്ഥസമരിയക്കാരന്‍. സാവിയോയെന്നകഥാപാത്രത്തിലൂടെ കഥാകാരി നമ്മെ ഓര്‍മ്മിപ്പിക്കുന്നതും ഇത് തന്നെയാണ്. താന്‍ ജോലിക്ക് പോകും വഴി വഴിയിലിരിക്കുന്നവര്‍ക്ക് ആഹാരം കൊടുക്കുന്ന സാവിയോയെ കാത്തിരിക്കുന്ന മനുഷ്യന്‍ അവധി ദിവസം ഭക്ഷണം കിട്ടാതെ വരുമ്പോള്‍ വിശപ്പിന് അവധിയില്ലല്ലോ സോദരാ എന്ന് പറയുന്നത് സമൂഹത്തിന് നേരെയുള്ള ദര്‍പ്പണമാണ്, പച്ച മാംസത്തിന് വിലപേശുന്ന ബോംബെ തെരുവീഥികള്‍ ഒരു കാലഘട്ടത്തില്‍ പല തൂലികകളിലും നിറഞ്ഞുനിന്നിരുന്നു, അതിന്‍റെ വേരുകള്‍ തേടിപ്പോയാല്‍ ചെന്നെത്തുന്നത് പലപ്പോഴും നമ്മുടെ മണ്ണില്‍ ആയിരിക്കും. കുടുംബഭാരം തലയിലേറ്റി ഒരു തരി സഹായത്തിനായി കൈ നീട്ടുന്നവരെ ചൂഷണം ചെയ്യുന്ന കഥകള്‍ നമുക്ക് മുന്നില്‍ പുത്തരിയല്ല. ചതിയുടെയും വഞ്ചനയുടെയും കഥപറയുന്നതോടൊപ്പം ചില തരി വെളിച്ചം ഭൂമിയില്‍ അവശേഷിക്കുന്നുവെന്ന് സ്നേഹമറിയുന്ന പ്രകൃതിയെന്ന കഥയിലൂടെ കോറിയിടുന്നു. പ്രണയിക്കുന്നവര്‍ മാതാപിതാക്കളേയും ബന്ധുക്കളേയും വിട്ട് ഒരുമിക്കാന്‍ ശ്രമിക്കുന്നതും ജീവിക്കുന്നതുമൊക്കെ വര്‍ത്തമാനകാലത്ത് പുതുമയല്ല, എന്നാല്‍ മക്കള്‍ വലുതായ ശേഷം മക്കളുടെ സ്വാര്‍ത്ഥ മോഹങ്ങള്‍ക്കായി മാതാപിതാക്കളെ രണ്ടാക്കി രണ്ട് മക്കളുടെ വീടുകളില്‍ ആക്കുകയും അവരെ ഒന്നുമല്ലാതെയാക്കുകയും ചെയ്യുന്ന നമ്മുടെ നേര്‍കാഴ്ചകള്‍ക്ക് ഒരു വിപരീത ചിന്ത നല്കുന്നതാണ് പ്രണയശേഷമെന്ന കഥ, ദേവനും ഭാനുവുമെന്ന വൃദ്ധദമ്പതികള്‍ ഓടിപ്പോയി ഒരുമിച്ച്ജീവിക്കാന്‍ ശ്രമിക്കുന്നത് ചിലപ്പോള്‍ വരാന്‍ പോകുന്ന കാലത്ത് സംഭവിക്കാനിടയുള്ള സാധ്യതകള്‍ ആകാം,
സേവനം ചെയ്യുന്നവരുടെ മനസ്സാണ് പ്രധാനം ശരീരം തളര്‍ന്നാലും കാരുണ്യമുള്ള ചിന്തകള്‍ അവര്‍ക്ക് ശക്തിയേകും. മാരിയോയെന്ന വികലാംഗനായ മനുഷ്യന്‍റെ നന്മകളേയും അതിലൂടെ ഒരു സന്ദേശവും നല്കുകയാണ് നിസ്വാര്‍ത്ഥന്‍റെ ഒരു ദിനമെന്ന കഥ. ആര്‍ഭാടം കൊടികുത്തിവാഴുകയും കുടുംബബന്ധങ്ങള്‍ പോലും ശിഥിലമാകുകയും ചെയ്യുന്ന ഈ കാലത്ത് ദാരിദ്ര്യത്തിലും സ്നേഹത്തിന് വിള്ളലേല്‍ക്കാത്ത ഒരു കുടുംബ കഥ നമുക്ക് മുന്നില്‍ ഒഴുകുകയാണ് അച്ഛനും മകളുമെന്ന പേരില്‍. ഈ കഥ അനുവാചകരെ തെല്ലൊന്നു കണ്ണുനീരിന്‍റെ താഴ്വാരത്തിലേയ്ക്ക് നയിക്കുന്നുണ്ട്‌. മക്കളില്ലാത്ത ദമ്പതികളുടെ അനുഭവങ്ങളിലൂടെ നമ്മെ കൈപിടിച്ച് അനാഥകുട്ടികളുടെ കണ്ണുനീര്‍ തുടക്കുന്ന അനുഭവത്തില്‍ നമ്മെ കൊണ്ടെത്തിക്കുന്ന മനോഹരമായ കഥയാണ്‌ വസന്തം വിരിയിച്ച വഴികള്‍. കുട്ടികളില്ലാത്ത ദമ്പതികള്‍ സമൂഹത്തില്‍ അനുഭവിക്കുന്ന ഒറ്റപ്പെടലുകളും
പിന്‍വലിയാന്‍ ഉണ്ടാകുന്ന സാഹചര്യങ്ങളും നന്നായി ഈ കഥയില്‍ വിവരിക്കുന്നു. പ്രണയമില്ലാത്ത ജീവിതവും ചിറകില്ലാത്ത പക്ഷിയും ഒരു പോലെയാണ്.എന്നില്‍ നിന്നും നിന്നിലേക്കൊരു വഴിയുണ്ട് ഞാന്‍ സദാ തിരയുന്നതും അതാണ് , അതിനായ് സ്വച്ഛന്ദവും നിശ്ചലവുമായി ഞാന്‍ നിലകൊള്ളുന്നു. ജലം ചന്ദ്രബിംബത്തെ ഏറ്റു വാങ്ങുവാനെന്ന പോലെ---പ്രണയത്തെ കുറിച്ച് . റൂമിയുടെ വരികളാണ്.മനോഹരമായ ഒരു പ്രണയ കഥയാണ്‌ കേദ്രോന്‍ താഴ്വര. യോനാഥന്‍റെയും ഹന്നയുടെയും പ്രണവും കേദ്രോന്‍ താഴ്വാരത്തേയും കുറിച്ചുള്ള വര്‍ണ്ണനയും നമ്മുടെ മനസ്സില്‍ ഒരു പ്രണയത്തിന്‍റെ കിനാക്കള്‍ തീര്‍ക്കുന്നു. നഷ്ടപ്പെട്ട പ്രണയവും തകര്‍ന്നതും നിവര്‍ന്നു നില്ക്കാന്‍ ശ്രമിക്കുന്നതുമായ കുടുംബ പശ്ചാത്തലവും പലിശ മാഫിയയും അങ്ങനെ സമൂഹത്തിലെ പല കണ്ണികളെ ഒരുമിച്ച് ചേര്‍ത്തു വിളക്കിയ ഒരു കഥയാണ്‌ കൊതിച്ചതും വിധിച്ചതും, വിമര്‍ശനങ്ങളും സന്ദേശവും അനുഭവവും അടങ്ങിയ ഈ കഥ പലപ്പോഴുമൊക്കെ നമ്മുടെ കണ്മുന്നില്‍ വന്നുപോകുന്നതാണ്. രണ്ട് റോഡുകളെ ബന്ധിപ്പിക്കുന്നത് ഒരു പാലമാണെങ്കില്‍ എഴുത്തുകാരനെയോ എഴുത്തുകാരിയേയോ സമൂഹമായി ബന്ധിപ്പിക്കുന്നത് തൂലികയാണ്, അതുകൊണ്ടുതന്നെ ഒരു കൃതിയുടെ വിലയിരുത്തല്‍ അനുവാചകരെ ആശ്രയിച്ചിരിക്കും , ഈ ചെറു കഥകളിലൂടെയുള്ള ആശയത്തെ അനുവാചകര്‍ക്കായി സ്നേഹപൂര്‍വ്വം സമര്‍പ്പിക്കുന്നു.

മരുപ്പച്ച*

2 comments:

  1. വായിച്ചിരുന്നു.ഫേസ്ബുക്കിലൂടെ...
    ആശ0സകൾ

    ReplyDelete
  2. എഴുത്തുകള്‍ വായിക്കപ്പെടുകയെന്നതാണ് ഏറ്റവും വലിയ അംഗീകാരം! ആശംസകള്‍ മിനി...

    ReplyDelete