Sunday, February 10, 2013

ഏകാന്തതയുടെ പ്രണയിനി


ഏകയായലയുവാനാണെനിക്കിഷ്ട്ടം
ഏകാന്തതയുടെ കൂട്ടെനിക്കിഷ്ടം
ശബ്ദമില്ലാത്തൊരുരാവിന്‍റെയാമത്തില്‍
ഏകാന്തപഥികയായ് ചിന്തിക്കാനിഷ്ടം

എന്നുതൊട്ടണെന്നറിയില്ലെനിക്കിന്നു-
മേകാന്തതയെപ്രണയിച്ചുപോയത്
വിങ്ങുംമനസ്സിന്‍ നൊമ്പരംമായ്ക്കുവാന്‍
ഏകാന്തതയാണെനിക്കേറെയിഷ്ടം

ഹൃദയത്തുടിപ്പിന്‍  വേദനനീക്കുവാന്‍
ചുടുകണ്ണുനീരായ്  നീര്‍ച്ചാലൊഴുക്കുവാന്‍
വിങ്ങിക്കരയുമ്പോള്‍  തേങ്ങലടക്കുവാന്‍
ഏകാന്തതയെ  പ്രണയിച്ചിരുന്നു ഞാന്‍  

ഏകാന്തതയുടെ ചാരത്തിരിക്കുമ്പോള്‍
 മരണത്തിന്‍ പുഞ്ചിരിയറിഞ്ഞിരുന്നു
രോഗക്കിടക്കയില്‍ മയങ്ങിയനേരത്തു-
മേകാന്തതയുടെ സുഖം നുകര്‍ന്നു

സല്ലപിച്ചീടുമീയേകാന്തനിമിഷത്തില്‍
കേള്‍ക്കുന്നു ഞാനാപ്പദനിസ്വനം
പൊട്ടുമീക്കുമിളപോല്‍ ജീവത്തുടിപ്പുകള്‍
ഏകാന്തതയിലലിയുന്നു നിശ്ചലം 

1 comment: