Friday, August 21, 2015

ഓര്‍മ്മതന്‍ പെരുമഴക്കാലം


അഗ്നിയില്‍ സ്പുടം ചെയ്ത മനസ്സേ
നിന്‍ ചിന്തകള്‍ മേയുന്നതെവിടെ 
ബാല്യകാലത്തിന്റെ സ്മരണയില്‍
ഓടിതിമര്‍ത്തതാം പൂന്തോപ്പുകള്‍
ശലഭസൗന്ദര്യം നുകര്‍ന്നിടുമ്പോള്‍
എന്‍ കണ്ണില്‍ തെളിഞ്ഞതാം കൌതുകമോ

പുസ്തകസഞ്ചിയും ചോറുപൊതിയുമായ്
നടന്നു പോയൊരാ പാതയോരങ്ങളോ
നിരന്നു കിടക്കുന്ന പുഞ്ചപാടങ്ങളില്‍
നെല്‍കതിര്‍ കൊത്തുന്ന വര്‍ണ്ണക്കിളികളോ

കൌമാരനാളില്‍  നമ്മളില്‍ വന്നതാം,
പ്രകൃതി സത്യത്തിന്റെ മാറ്റങ്ങളോ
പെരിയാറിന്‍ തീരത്തിരുന്നു നാമൊന്നായ് 
പ്രണയ പുഷ്പങ്ങള്‍ കൊരുത്ത നിമിഷമോ

മംഗല്യസൂത്രം കൊരുത്ത ചരടിനാല്‍
അന്യോന്യം  സ്വന്തമായ്  മാറിയതൊ
ആദ്യജാതനാം പൈതലിന്‍ നെറ്റിയില്‍
ആദ്യമായ് നല്‍കിയ നറുമുത്തമോ
പല്ലില്ല മോണയാല്‍ പുഞ്ചിരി തൂകിയാ-
പിച്ചനടന്നതാം കുഞ്ഞിന്റെ കൊഞ്ചലൊ

ആദ്യമായ് മുത്തച്ഛനായ ദിനമാണോ
പ്രിയതമ തന്നുടെ വേര്‍പാട് നല്‍കിയ
വേദനയെല്ലാം മുറിയുന്ന ഓര്‍മ്മയോ
ദിനങ്ങള്‍ കൊഴിയവേ ദിനചര്യ മാറവേ
മാറ്റത്തിന്‍ തപ്പുതുടി താളങ്ങളോ
വെള്ളിരോമങ്ങളെ തഴുകിയിരുന്നപ്പോള്‍
മിന്നി മറഞ്ഞതുമെന്തെന്തു ഓര്‍മ്മകള്‍

ഇന്നിതാ പൂമുഖപടിയിലിരുന്നിട്ടു
ഓര്‍മ്മപെയ്ത്തിന്റെ വസന്തകാലം
സ്വര്‍ണ്ണലിപികളാല്‍ചാലിച്ചെഴുതിയ
ഓര്‍മ്മകള്‍ ചെപ്പിലടച്ചു വച്ചു

വീണ്ടുമൊരു ജന്മമുണ്ടാകുമോ ചെപ്പുതുറക്കുവാന്‍
സ്പുടം ചെയ്തടച്ച "ഓര്‍മ്മതന്‍ പെരുമഴക്കാലം"





Monday, August 10, 2015

പ്രണയമീ നിദ്രയോട്


ഉണരാത്ത നിദ്രയായ് നീ  വന്നെന്നരികില്‍
ഒരു പൈതലായ്  നിന്‍ മാറില്‍ ചാഞ്ഞുറങ്ങാന്‍
നെഞ്ചില്‍ നെരിപ്പോട് കത്തിച്ചുവച്ചു
ആ ദീപമെന്‍ കണ്‍കളില്‍ നിറച്ചു വച്ചു

മയങ്ങുവാന്‍ ഞാന്‍ ഭയപ്പെടുന്നു
മിഴികളടച്ചാലാദീപം നീര്‍പളുങ്കായ് ചിതറിയാലോ ?
നിന്‍ വരവ് ഞാന്‍ അറിയാതിരിക്കുമോ
സങ്കടമാകുമെനിക്കുവീണ്ടും കാത്തിരിക്കുവാന്‍

എന്‍മുഖം വാടിയാല്‍  നീ ചൊല്ലിയാലോ
സന്തോഷമില്ലാതെന്‍കൂടെ  വരികവേണ്ടന്ന്‍
വീണ്ടുമെന്‍ കാത്തിരിപ്പിന്‍ ദൈര്‍ഘ്യമേറില്ലേ
അതുവേണ്ടെനിക്കിന്നു നിന്‍ കൂടെ ചേരണം

നിന്‍ കൈകളില്‍ കോര്‍ത്തുനടക്കണം
പണിതീരാത്ത നിരത്തിലൂടെ
വസന്തമില്ലാത്ത തോപ്പിലൂടെ
ആരവങ്ങള്‍ മുഴങ്ങാത്ത കാട്ടിലൂടെ

ഇമകളടക്കാതെ കാത്തിരിപ്പു ഞാന്‍
മരണമേ നിന്‍ തലോടലേറ്റു മയങ്ങുവാന്‍
ഉണരാത്ത നിദ്രയായെന്നെ പുല്‍കീടുമ്പോള്‍
പ്രണയമീ നിദ്രയോടെന്നുഞാന്‍ ചൊല്ലട്ടെ ..!!!


Monday, June 22, 2015

മറവിയുടെ ചിത്രം

                           
                                                                                                                                                                                           മൗനത്തിന്റെ മറ നീക്കി പുറത്തു വരുമ്പോള്‍ ആ യാത്ര അതിന്റെ  അവസാന സ്റ്റോപ്പില്‍ എത്തിയിട്ടുണ്ടാകും .ഓര്‍മ്മകളുടെ പടവില്‍ ഇരിക്കുമ്പോള്‍ ആ പേര്  ഒരിടത്തും കണ്ടെത്താന്‍ കഴിഞ്ഞെന്നു വരില്ല .കാരണം ഓര്‍മ്മകളുടെ തീരത്ത് മറ്റെന്തെക്കെയോ പ്രിതിഷ്ടിച്ചിരിക്കുന്നു. വീണ്ടുമൊരു ഓര്‍മ്മപ്പെടുത്തലായി ആ സ്വരം ഒരിക്കലും എത്തുകയില്ല .അറിഞ്ഞുകൊണ്ട് തന്നെ അകലങ്ങളിലേക്ക് യാത്രയായ ഒരു മറവിയുടെ ചിത്രം .....!!


Thursday, June 11, 2015

ചിന്തിക്കുക,പ്രവര്‍ത്തിക്കുക



                                               മറ്റുള്ളവരുടെ നയനങ്ങള്‍ തുളിമ്പിയപ്പോള്‍ നിന്റെ കരങ്ങള്‍ ആ നീര്‍പളുങ്കുകള്‍ ഒപ്പിയെടുത്തു. നിന്റെ നയനങ്ങള്‍ നിറഞ്ഞപ്പോള്‍ ഒരു കരങ്ങളും ആശ്വാസത്തിന്റെ തലോടലായി ഉണ്ടായില്ല .എന്തുകൊണ്ടാകും ? നിന്റെ കണ്ണുകള്‍ നിറഞ്ഞത്  ആരും അറിഞ്ഞിട്ടില്ലയെന്നു കരുതുക. നിന്നോട് മിണ്ടാതെ പോകുന്നവരെയോര്‍ത്തു സങ്കടപ്പെടുകയോ പരിഭവിക്കുകയോ ചെയ്യാതിരിക്കുക, പകരം അവര്‍ക്ക് ഒഴിവാക്കാന്‍ പറ്റാത്ത തിരക്കുകള്‍ ഉണ്ടാകുമെന്ന് ചിന്തിക്കുക . നിന്നെ ഓര്‍മ്മിക്കാത്തവരെ ഒരിക്കലും ശല്ല്യം ചെയ്യാതിരിക്കുക ,അവര്‍ക്ക് ഓര്‍മ്മിക്കാന്‍ നിന്നെക്കാള്‍ പ്രിയപ്പെട്ട ഒരുപാട് പേര്‍ ഉണ്ടെന്നു കരുതുക .
നിന്റെ സഹായം ആവശ്യമില്ലാത്തവരുടെ അടുത്തേക്ക് സഹായവുമായി പോകാതെ ഒത്തിരി സഹായം ആവശ്യമുള്ളവരുടെ അരികിലേക്ക് കടന്നുചെല്ലുക .നിന്നോട് സംസാരിക്കാന്‍ താല്പര്യം ഉള്ളവരോട് സംസാരിക്കുക .അല്ലാത്തവരെ അവരുടെ ലോകത്തേക്ക് വിടുക.  വേദനകളും സഹനങ്ങളും ഉണ്ടാകുമ്പോള്‍ തളരാതെ  നമ്മെക്കാള്‍ വേദനിക്കുന്നവരെ ഓര്‍ക്കുക . മറ്റുള്ളവരെ അകാരണമായ് കുറ്റം പറയുമ്പോള്‍  ദൈവം ദാനമായ്  നല്‍കിയ സംസാരശേഷിയെകുറിച്ച് ഒരു നിമിഷമെങ്കിലും ചിന്തിക്കുക.  നേട്ടങ്ങള്‍ക്ക്‌ വേണ്ടിമാത്രം അടുത്തുകൂടുന്നവരെ തിരിച്ചറിയുക..........!!!!!

Monday, May 25, 2015

നടനചാതുരി


സ്വയംനല്ലവരെന്നു പുകഴ്ത്തിനടക്കുമ്പോള്‍
സ്വയം ചെറുതാകുന്നു ജനതയ്ക്ക് മുന്നില്‍ 
വിരല്‍ചൂണ്ടി നില്‍ക്കുന്ന നിങ്ങള്‍തന്‍ഭാവം 
കണ്ടാലറിയാം അഹങ്കാരഗര്‍വ്വിനെ

അന്യര്‍തന്‍സ്വസ്ഥത തല്ലികെടുത്തുമ്പോള്‍  
 സ്വയം അസ്വസ്ഥനാകുന്നതെന്തിവര്‍ ?
സ്നേഹമാണെന്ന്  പറഞ്ഞുതീരുംമുന്‍പേ 
അഭിനന്ദിക്കാതെവയ്യ അഭിനയമികവിനെ 

ഉണര്‍ത്തുപാട്ടായ് അരികില്‍വരുമ്പോള്‍ 
 ഇമകളടച്ചവര്‍ ഉറക്കംനടിച്ചിടും 
ദൂരെയെറിയുക  ഇനിയെങ്കിലും 
മര്‍ത്യാ നിന്നിലെ ഞാനെന്ന ഭാവത്തെ 

നവരസങ്ങള്‍ ആടുവാന്‍വെമ്പി 
ഓരോ നിമിഷവും മുന്നിലായ് വന്നവര്‍
നടനകലയുടെ ചാതുരി നിറച്ചൊരാ-
മൊഴികളുമായി അരങ്ങിലെത്തി 

പലമനസ്സിന്റെ ചപലതയെ 
ഒരേസമയം തലോടിനടന്നവര്‍ 
മുള്ളിനെ മുള്ളുകൊണ്ടെന്നപോല്‍
മറുചോദ്യമെറിഞ്ഞു പോകുന്നവര്‍ 

ശാപത്തിന്‍ കണ്ണുനീര്‍ചിതറിവീണുടയുമ്പോള്‍ 
ഇടിയായ് മിന്നലായ് പതിക്കാതിരിക്കുവാന്‍
വെറുമൊരുശ്വാസമാണെന്നോര്‍മ്മയാലെ 
കാപട്യമില്ലാത്ത കാരുണ്യകടലാകണം ......!!!!!


Friday, April 24, 2015

അറിയാത്തനോവുകള്‍



നോവുന്നു മനതാരില്‍
എന്തെന്ന് ചൊല്ലുവാനറിയില്ലെനിക്കിപ്പോള്‍

നൊമ്പരമായ് വിങ്ങലായ്
തട്ടി മുറിയുന്നു ചോര പൊടിയുന്നു

ആ നൊമ്പരം അണപൊട്ടിയൊഴുകുന്നു
മിഴിനീരിനാല്‍ തീര്‍ത്ത അരുവിയായ്

പ്രിയമുള്ളതെന്തോ നഷ്ടമാകുന്ന
നിമിഷങ്ങളെ ഓര്‍ത്തോ

അതോ പ്രിയമായ് വന്നുചേര്‍ന്ന
നിമിഷത്തെ ഓര്‍ത്തോ

എത്രയോ വട്ടം പരതി നടന്നു ഞാന്‍
എന്‍ അന്തരാത്മവിന്‍ ആഴങ്ങളില്‍

അതൊരു സമസ്യയായ് ഇന്നും
ഉത്തരം കിട്ടാത്ത നൊമ്പരം

ദൂരെ നിന്ന് കാതില്‍ മുഴങ്ങി
ഒരു കിളികൊഞ്ചലില്‍ അമ്മേയെന്ന പിന്‍വിളി

അറിയില്ല എനിക്കിന്നും അതിനാലാണോ
എന്‍ ഹൃദയത്തെ കീറിമുറിക്കുന്ന

ചോരപൊടിയുന്ന നൊമ്പരപാടുകള്‍
എന്നും വിങ്ങുന്ന നോവായ്‌

തേങ്ങലായ് ചോരപൊടിയുന്നു നിനവില്‍
ഒന്നെടുത്തുമ്മ വെക്കാന്‍ കൊതിപ്പു ഞാന്‍  


മിന്നി തിളങ്ങുന്നോരോമനപൈതലിന്‍
പുഞ്ചിരി പൊഴിക്കുന്ന പൊന്‍മുഖം