Wednesday, September 23, 2015
Thursday, September 17, 2015
Tuesday, September 15, 2015
സൗഹൃദചില്ലുകള്‍
സ്നേഹത്തിന്റെ ആഴത്തില്‍ മുങ്ങിത്താഴുമ്പോള്‍ സൗഹൃദം ഇത്രയധികം മനോഹരമാണോയെന്നു ചിന്തിച്ചുപോകുന്നു .അടുത്തനിമിഷംതന്നെ ആ സൗഹൃദങ്ങള്‍ നമ്മളെ മറിച്ചുചിന്തിക്കാനും പഠിപ്പിക്കുന്നുയെന്ന സത്യം നമ്മള്‍ വിസ്മരിക്കുന്നു . സന്തോഷം പങ്കുവയ്ക്കുമ്പോള്‍ നമ്മളോടൊത്തു പൊട്ടിച്ചിരിക്കാനും ,മൗനത്തിന്റെ മടിത്തട്ടില്‍ മയങ്ങുമ്പോള്‍ അതിനു കാരണമായ നൊമ്പരത്തെ തിരിച്ചറിയാനും ,കണ്ണുനീര്‍ മുത്തുകള്‍ കവിള്‍ത്തടം നനക്കുമ്പോള്‍ ചേര്‍ത്തുനിറുത്തി തോളില്‍ തട്ടിക്കൊണ്ടു വിഷമിക്കണ്ടയെന്നു പറയുവാനും എത്രപേര്‍ക്ക് കഴിയും .കുറെ ദിവസങ്ങള്‍ കാണാതാകുമ്പോള്‍ പലരുടെയും മനസ്സില്‍നിന്നും ആ സൗഹൃദം മറവിക്ക് വിട്ടുകൊടുത്തിട്ടുണ്ടാവും. ആത്മാര്‍ത്ഥമായ സ്നേഹം പതിനായിരത്തില്‍ ഒരാളില്‍പോലും കാണാന്‍ കഴിയുന്നില്ല .ചെറിയൊരു പ്രശ്നം ഉണ്ടായാല്‍ പലരും തുറന്നു പറഞ്ഞു അത് പരിഹരിക്കുന്നതിന് പകരം പരസ്പരം കുറ്റപ്പെടുത്തി വേര്‍പിരിഞ്ഞുപോകുന്നു .ഈ വേര്‍പിരിയല്‍ പലരേയും മാനസികമായി വളരെയധികം തളര്‍ത്തികളയുന്നു . സ്നേഹത്തോടെ കഴിഞ്ഞിരുന്ന സൗഹൃദങ്ങള്‍ തകര്‍ന്നുപോകുമ്പോള്‍ വിങ്ങിപൊട്ടി വിലപിക്കുന്നതും കണ്ടുനില്‍ക്കാന്‍ നമ്മുക്ക്കഴിയാറില്ല .അപ്പോള്‍ പിന്നെ അത് അനുഭവിക്കുന്നവരുടെ വിങ്ങല്‍ എത്രയാകും .......ഒരു കൊച്ചു തോണി കുഞ്ഞോളങ്ങളില്‍ തഴുകിമെല്ലെ നീങ്ങുമ്പോള്‍ ശക്തമായ കാറ്റടിച്ചു ഉലയാറുണ്ട്, കാറ്റ് ശാന്തമാകുമ്പോള്‍ വീണ്ടും തോണി പഴയപോലെ നീങ്ങാന്‍ തുടങ്ങുന്നു . പക്ഷെ ബന്ധങ്ങള്‍ തകര്‍ന്നുപോയാല്‍ പൊട്ടിച്ചിതറിയ കണ്ണാടിച്ചില്ലുകള്‍ചേര്‍ത്തുവക്കുന്നപോലെയാണ് .എത്ര അടുക്കി വച്ചാലും പഴയ ഭംഗി ഉണ്ടാകുകയില്ല .സ്നേഹമാകുന്ന കണ്ണാടി പൊട്ടിക്കും മുന്‍പേ ഒരു നിമിഷം ചിന്തിക്കുക ..........ചില്ലുകള്‍ ചേര്‍ത്തുവക്കാന്‍ എളുപ്പമല്ലന്ന്‍.........
സൃഷ്ടാവിന്റെ മുന്‍പില്‍ നമ്മള്‍ ഒരു നിമിഷത്തിന്റെ ശ്വാസംമാത്രം .എന്തുകൊണ്ട് ഈ ഓര്‍മ്മ നമ്മളില്‍ തങ്ങിനില്‍ക്കുന്നില്ല .അങ്ങനെ ഓര്‍ത്തിരുന്നുയെങ്കില്‍ അഹങ്കാരത്തോടെ മറ്റുള്ളവരുടെ തെറ്റുകളും കുറ്റങ്ങളും കണ്ടുപിടിക്കാന്‍ ആരും മുന്നിട്ടു ഇറങ്ങുകയില്ലായിരുന്നു . മറ്റുള്ളവരെ എങ്ങനെ സ്വന്തം നേട്ടങ്ങള്‍ക്കായി ഉപയോഗിക്കാമെന്ന ചിന്തയോട്കൂടിയാണ് പലരും സൗഹൃദത്തിന്റെ മുഖംമൂടിയും അണിഞ്ഞു കടന്നു ചെല്ലുന്നത് .
ഞാനെന്നഭാവമില്ലാതെ കരുതലും ദയയും മറ്റുള്ളവരിലേക്ക് പകര്‍ന്ന് സ്നേഹത്തോടെ കൈകള്‍ കോര്‍ത്ത് അല്പകാലത്തെ ഈ ഭൂവിലെ ജീവിതയാത്രയില്‍ ചുറ്റും പ്രകാശം പരത്തുന്ന ദീപമായി തെളിയാം .........!!!!
Wednesday, September 9, 2015
ആയാത്ര
നശ്വരമായ സ്നേഹം അനശ്വരമാക്കാന്‍ നടന്നകന്ന വഴികളിലെല്ലാം ചോരപൊടിഞ്ഞിരുന്നു .
മുള്‍കിരീടം തലയില്‍ വച്ച് ഓരോ പ്രാവശ്യം നിലത്തു വീണപ്പോഴും മുള്ളുകള്‍ ആഴത്തിലേക്ക് തറഞ്ഞു ഒരിക്കലും എടുത്തു മാറ്റാന്‍ കഴിയാത്ത വിധം പതിപ്പിക്കപെട്ടു .നിണപ്പാടുകള്‍ ഭൂമിയില്‍ നനവുപടര്‍ത്തിയപ്പോഴും അതുകണ്ട് പരിഹസിച്ചവര്‍ അനവധി ഉണ്ടായിരുന്നു. നെഞ്ചിലെ നീറ്റല്‍ വാനോളം ഉയര്‍ന്നുനില്‍ക്കുമ്പോഴും പുച്ഛത്തോടെ നോട്ടം അയച്ചു കടന്നുപോയവരെ
ക്ഷമയെന്ന പുണ്യം യാചിച്ചുവാങ്ങി സൃഷ്ടാവിന്റെ കരങ്ങളില്‍ സ്നേഹത്തോടെ ചേര്‍ത്തുവ ക്കുവാന്‍ മറന്നുമില്ല....സ്നേഹത്തിന്റെ കരങ്ങളാല്‍ സഹനത്തിന്റെ പാതയില്‍ ക്ഷമയെന്ന പുണ്യമായ് പുഞ്ചിരിയോടെ നടന്നുമറഞ്ഞു ...അതായിരുന്നു ആ യാത്ര ..........!!!!
Friday, August 21, 2015
ഓര്‍മ്മതന്‍ പെരുമഴക്കാലം
നിന്‍ ചിന്തകള്‍ മേയുന്നതെവിടെ
ബാല്യകാലത്തിന്റെ സ്മരണയില്‍
ഓടിതിമര്‍ത്തതാം പൂന്തോപ്പുകള്‍
ശലഭസൗന്ദര്യം നുകര്‍ന്നിടുമ്പോള്‍
എന്‍ കണ്ണില്‍ തെളിഞ്ഞതാം കൌതുകമോ
പുസ്തകസഞ്ചിയും ചോറുപൊതിയുമായ്
നടന്നു പോയൊരാ പാതയോരങ്ങളോ
നിരന്നു കിടക്കുന്ന പുഞ്ചപാടങ്ങളില്‍
നെല്‍കതിര്‍ കൊത്തുന്ന വര്‍ണ്ണക്കിളികളോ
കൌമാരനാളില്‍ നമ്മളില്‍ വന്നതാം,
പ്രകൃതി സത്യത്തിന്റെ മാറ്റങ്ങളോ
പെരിയാറിന്‍ തീരത്തിരുന്നു നാമൊന്നായ്
പ്രണയ പുഷ്പങ്ങള്‍ കൊരുത്ത നിമിഷമോ
മംഗല്യസൂത്രം കൊരുത്ത ചരടിനാല്‍
അന്യോന്യം സ്വന്തമായ് മാറിയതൊ
ആദ്യജാതനാം പൈതലിന്‍ നെറ്റിയില്‍
ആദ്യമായ് നല്‍കിയ നറുമുത്തമോ
പല്ലില്ല മോണയാല്‍ പുഞ്ചിരി തൂകിയാ-
പിച്ചനടന്നതാം കുഞ്ഞിന്റെ കൊഞ്ചലൊ
ആദ്യമായ് മുത്തച്ഛനായ ദിനമാണോ
പ്രിയതമ തന്നുടെ വേര്‍പാട് നല്‍കിയ
വേദനയെല്ലാം മുറിയുന്ന ഓര്‍മ്മയോ
ദിനങ്ങള്‍ കൊഴിയവേ ദിനചര്യ മാറവേ
മാറ്റത്തിന്‍ തപ്പുതുടി താളങ്ങളോ
വെള്ളിരോമങ്ങളെ തഴുകിയിരുന്നപ്പോള്‍
മിന്നി മറഞ്ഞതുമെന്തെന്തു ഓര്‍മ്മകള്‍
ഇന്നിതാ പൂമുഖപടിയിലിരുന്നിട്ടു
ഓര്‍മ്മപെയ്ത്തിന്റെ വസന്തകാലം
സ്വര്‍ണ്ണലിപികളാല്‍ചാലിച്ചെഴുതിയ
ഓര്‍മ്മകള്‍ ചെപ്പിലടച്ചു വച്ചു
വീണ്ടുമൊരു ജന്മമുണ്ടാകുമോ ചെപ്പുതുറക്കുവാന്‍
സ്പുടം ചെയ്തടച്ച "ഓര്‍മ്മതന്‍ പെരുമഴക്കാലം"
Monday, August 10, 2015
പ്രണയമീ നിദ്രയോട്
ഉണരാത്ത നിദ്രയായ് നീ വന്നെന്നരികില്‍
ഒരു പൈതലായ് നിന്‍ മാറില്‍ ചാഞ്ഞുറങ്ങാന്‍
നെഞ്ചില്‍ നെരിപ്പോട് കത്തിച്ചുവച്ചു
ആ ദീപമെന്‍ കണ്‍കളില്‍ നിറച്ചു വച്ചു
മയങ്ങുവാന്‍ ഞാന്‍ ഭയപ്പെടുന്നു
മിഴികളടച്ചാലാദീപം നീര്‍പളുങ്കായ് ചിതറിയാലോ ?
നിന്‍ വരവ് ഞാന്‍ അറിയാതിരിക്കുമോ
സങ്കടമാകുമെനിക്കുവീണ്ടും കാത്തിരിക്കുവാന്‍
എന്‍മുഖം വാടിയാല്‍ നീ ചൊല്ലിയാലോ
സന്തോഷമില്ലാതെന്‍കൂടെ വരികവേണ്ടന്ന്‍
വീണ്ടുമെന്‍ കാത്തിരിപ്പിന്‍ ദൈര്‍ഘ്യമേറില്ലേ
അതുവേണ്ടെനിക്കിന്നു നിന്‍ കൂടെ ചേരണം
നിന്‍ കൈകളില്‍ കോര്‍ത്തുനടക്കണം
പണിതീരാത്ത നിരത്തിലൂടെ
വസന്തമില്ലാത്ത തോപ്പിലൂടെ
ആരവങ്ങള്‍ മുഴങ്ങാത്ത കാട്ടിലൂടെ
ഇമകളടക്കാതെ കാത്തിരിപ്പു ഞാന്‍
മരണമേ നിന്‍ തലോടലേറ്റു മയങ്ങുവാന്‍
ഉണരാത്ത നിദ്രയായെന്നെ പുല്‍കീടുമ്പോള്‍
പ്രണയമീ നിദ്രയോടെന്നുഞാന്‍ ചൊല്ലട്ടെ ..!!!
Sunday, July 12, 2015
Subscribe to:
Posts (Atom)






