Monday, December 24, 2018

ഉണ്ണി പിറക്കട്ടെ നമ്മളില്‍


എളിമയുടെയും കരുണയുടെയും പ്രതിരൂപമായ് കാലിത്തൊഴുത്തില്‍ നിസ്വതയില്‍ വന്നു പിറന്ന ലോകൈകനാഥന്‍ നമുക്ക് നല്‍കുന്ന ഏറ്റവും വലിയ സന്ദേശങ്ങളാണ് എളിമയും കാരുണ്യവും ..ഉണ്ണിയേശു ആദ്യം പിറക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും ഹൃദയങ്ങളിലാണ് ,അല്ലാതെ പുറമേ കാണുന്ന ആഘോഷങ്ങളിലല്ല. ഒരുനേരം വിശപ്പടക്കാന്‍ നിവൃത്തിയില്ലാത്തവര്‍ക്കരികില്‍ ഒരു പൊതി അന്നമായ് ,രോഗത്തില്‍ തകര്‍ന്നുപോയ ഒരു കുടുംബത്തോടൊപ്പം അല്പസമയം ചിലവഴിക്കാന്‍ ഉള്ള സമയം കണ്ടെത്തുമ്പോള്‍ ,ഒരു കേക്ക് വാങ്ങി അടുത്തുള്ള അനാഥാലയത്തിലേയ്ക്ക് കടന്നുച്ചെന്ന്‍ അത് മുറിച്ച് അവരോടൊപ്പം പങ്കിടുമ്പോള്‍ ,മരുന്ന് വാങ്ങാന്‍ പറ്റാതെ വിഷമിക്കുന്ന ഒരാള്‍ക്ക് ആ മരുന്ന് വാങ്ങി നല്‍കുമ്പോള്‍ എല്ലാം തിരുപ്പിറവിയുടെ ആഘോഷം മറ്റെന്തിനേക്കാള്‍ പരിപൂര്‍ണ്ണതയില്‍ എത്തുന്നു .അവിടെല്ലാം ഉണ്ണീശോ പിറക്കുന്നു .ഇരുപത്തിനാല് മണിക്കൂര്‍ ആഘോഷങ്ങളിലൂടെ കടന്നുപോകുമ്പോള്‍ ഒരു മണിക്കൂര്‍ നമ്മള്‍ അപരന്‍റെ ദുഃഖത്തിലും ദുരിതത്തിലും മാറ്റിവയ്ക്കുക .ബാക്കി ഇരുപത്തിമൂന്ന് മണിക്കൂര്‍ നമുക്കുണ്ടല്ലോ .ചെയ്യേണ്ട നന്മകള്‍ മാറ്റിവയ്ക്കരുതേ,കൊഴിഞ്ഞുപോയ സമയങ്ങള്‍ നമുക്കൊരിക്കലും തിരികെവരില്ലയെന്ന വലിയ സത്യം മറക്കാതിരിക്കുക .നാളെ ചെയ്യാമെന്ന് പറയുന്ന ഒരു കാര്യം ചെയ്യാന്‍ നാളെ നമ്മള്‍ ഉണ്ടാകുമെന്ന് യാതൊരു ഉറപ്പും നമുക്കില്ല .സ്നേഹത്തിന്‍റെയും കരുതലിന്റെയും സുഗന്ധം പരത്തുന്ന പുഷ്പങ്ങളായി ഈ ക്രിസ്തുമസ്സ് ദിനത്തില്‍ നമുക്കും നടക്കാം .

ഈ പിറവിതിരുനാള്‍ നമ്മള്‍ ആഘോഷിക്കുമ്പോള്‍ ആഡംബരത്തിന്‍റെയും മാത്സര്യത്തിന്‍റെയും പ്രതിരൂപങ്ങളായി മാറാതിരിയ്ക്കാന്‍  ഓരോരുത്തര്‍ക്കും കഴിയട്ടെ .പ്രാര്‍ത്ഥനയോടെ എല്ലാവര്‍ക്കും നേരുന്നു സന്തോഷത്തിന്‍റെയും സമാധാനത്തിന്‍റെയും ക്രിസ്തുമസ്സ് മംഗളങ്ങള്‍....

1 comment: