Wednesday, March 4, 2015

മുറിപ്പാടുകള്‍


വാക്കുകളിലൂടെ തേരോട്ടം നടത്തുമ്പോള്‍
കൈവിട്ടു പോകുന്നതൊന്നും
തിരികെയെടുക്കാന്‍ കഴിയാതെ
വേദനയോടെ പശ്ചാത്തപിക്കുമ്പോള്‍
വിളിച്ചു കൂവും മുന്‍പേയെന്തു നീ
ഒരുവട്ടമെങ്കിലും ചിന്തിക്കാതിരുന്നു
നീ വേദനിപ്പിച്ചവര്‍ അല്ലങ്കില്‍ നീയും
വരും നിമിഷം ഉണ്ടാകുമോയെന്നറിയില്ല
നീയേല്പ്പിച്ച മുറിപ്പാടുകള്‍
ക്ഷമയെന്ന വാക്കിലൂടുണക്കുവാന്‍ ........!!!!


Saturday, February 21, 2015

കനവ്


കനലെരിയും കനവിന്റെയുള്ളില്‍ 
പിടച്ചിലിനിയും ബാക്കിയാവുന്നു 
വാക്കുകള്‍ക്കു അതീതമായ് 
നിര്‍വ്വചിക്കാന്‍ കഴിയാത്തൊരു നൊമ്പരം 
കുഞ്ഞുകിളിയുടെ കൂടണയാന്‍ കൊതിക്കുന്നു 
അമ്മകിളിയുടെ ചിതറുന്നോരാ നീര്‍പളുങ്കുകള്‍ ...!!!

Friday, February 6, 2015

മഴമേഘം



രഹസ്യ തടാകത്തിന്‍  ചുഴിയില്‍
ശ്വാസത്തിനായ്  പിടയുമ്പോഴും
ആശ്വാസത്തിന്‍ തലോടലായ്
അരികിലെത്തിയ തെന്നലേ

ഒരു പൂവിതളിനെയും  നോവിക്കാതെ
ഒരു തളിര്‍ ചില്ലയെയും അടര്‍ത്തിടാതെ
സ്വയമേറ്റുവാങ്ങിയ നൊമ്പരത്തില്‍
എരിഞ്ഞടങ്ങിയോ നിന്‍ ദിനങ്ങള്‍

മുള്‍പ്പടര്‍പ്പില്‍ ഞെരുങ്ങി പൊടിച്ചതാം
ഹൃദയത്തിന്‍ രക്തപുഷ്പങ്ങളെ
സ്നേഹസ്പര്‍ശം കൊണ്ടുണക്കും
ഇളംതെന്നലായ്  വീശിയകലുക

അനന്തവിഹായസ്സിന്‍ നീലിമയില്‍
പെയ്തുടങ്ങും മഴമേഘമായ്
തെളിയട്ടെ നിന്‍മനമിന്ന്
വിരിയട്ടെ മഴവില്ലിന്‍ ചാരുതയെന്നും....!!!!

Friday, January 30, 2015

അനാമിക


അക്ഷരവസന്തത്തില്‍ വിരുന്നു വന്നു
എന്‍പ്രിയ സ്നേഹിത അനാമിക

ഞാന്‍ പോലുമറിയാതെയെന്നുള്ളില്‍
അരുമയായ് മാറിയവള്‍ അനാമിക

അകതാരിലെരിയുന്ന കദനകടലിനെ
പുഞ്ചിരിയോടെ മറച്ചവള്‍ നീ

പ്രതികൂലമേറെമറികടന്നെത്തി നീ
തളരാത്ത മനസ്സിന്റെ ഉടമയായി

കൊടുംങ്കാറ്റടിച്ചതാം ജീവിതതോണിയെ
ധീരതയോടെ തുഴഞ്ഞവള്‍ നീ

വിധിയെപഴിച്ചു നീ മിഴിനീരൊഴുക്കാതെ
വീറോടെ പൊരുതി ജയിച്ചതും നീതന്നെ

ആശ്വാസവാക്കിന്റെ ആശാകിരണമായ്
അരികിലെത്തും സതീര്‍ത്ഥ്യ ഞാനും

ധന്യയാണിന്നു ഞാന്‍ നിന്‍മുഖചിത്രത്തില്‍
തത്തികളിക്കുന്ന പുഞ്ചിരി കാണുമ്പോള്‍

പ്രതീക്ഷയോടെ ഞാന്‍ കാത്തിരിക്കുന്നു
അനാമികെ......... നിന്നരികിലെത്താന്‍



Saturday, January 17, 2015

സുഗന്ധം


പൂന്തോപ്പ്‌ നല്‍കുന്ന നയനസുഖം 
നറുമലര്‍ വിടരുന്ന പുതുസുഗന്ധം 
ഹിമബിന്ദു പുല്‍കുന്ന പുല്‍കൊടിയും 
സ്നേഹാര്‍ദ്രലോലമാം ഭാവങ്ങളോ.....
അണയാതെ കത്തുന്ന ദീപമായി
അകതാരില്‍ നിറയുന്നു സ്വരരാഗവും........!!!!!

Saturday, January 3, 2015

ഈണംമറക്കാത്ത കൂട്ടുകാരി


ഈണം മറക്കാത്ത  കൂട്ടുകാരി നീ
ഗാനമായ് പാടിയുറക്കുകില്ലേ
കാതോര്‍ത്തിരുന്ന നിമിഷങ്ങളില്‍
നീ  മധുരമാം നാദമായ് ഒഴുകി വന്നോ

ആശംസപൂക്കളുമായ്‌ വന്നയെന്‍ മുന്നില്‍
നറുപുഞ്ചിരി കൊണ്ടു നീ പൂച്ചെണ്ടു നല്‍കി
എന്‍ ഹൃത്തില്‍ പതിഞ്ഞതാണാമുഖമന്ന്‍
ഓമനിക്കുന്നു ഞാന്‍ ആ മുഖമിന്നും

അടരാന്‍ കഴിയാത്തൊരാത്മബന്ധം
അറിയാതെ മുളപൊട്ടിയ നിമിഷമതോ
സ്നേഹാമൃതത്തിന്റെ മാധുര്യം പകര്‍ന്നു നീ
പിരിയാതെ കൂടെയിരുന്നതല്ലേ

ഘടികാരസൂചികള്‍ ചലിക്കുന്ന പോലെ
നിന്‍ വരവിനു കാത്തിരിപ്പുയെന്‍  ഹൃത്തടം
ഒരു മനമോടെ നാം കൈമാറിയ രഹസ്യങ്ങള്‍
മരണത്തിലൂടെയെ മറഞ്ഞുപോകു

ഒരമ്മതന്‍ ഉദരത്തില്‍ഉരുവായില്ലങ്കിലും
എന്നും നീയെന്നുടെ കൂടപ്പിറപ്പാണ്
ഞാനിന്നു മൌനമായ് മാറിയാലോയെന്റെ
മൂകത വായിച്ചറിയുന്നവള്‍  നീ

സന്തോഷമാകുന്ന കണ്ണീര്‍കണങ്ങളെ
മുത്തുമണികളായ് നിനക്കു നല്‍കാം
അകലുവാനാകില്ല  പിരിയുന്നതോയെന്‍
മരണമാം സത്യത്തിലൂടെ മാത്രം




Tuesday, December 9, 2014

ലാവ



ചിന്തയുടെ തീരത്ത്  തിരകള്‍ വന്നുപോയ്
അലകളകന്നപ്പോള്‍ ശ്യൂന്യമാം ചിപ്പികള്‍
ഏകാന്തമാകും തടവറ തന്നിലെ
മോക്ഷമുക്തിക്കായ്‌  കാത്തിരിക്കുംപോലെ

ഇനിയൊരു വരവ് ഉണ്ടാവില്ലയെന്നു -
മൊഴിയാന്‍ കഴിയാത്തൊരു  ശബ്ദവീചി 
കണ്ഠത്തില്‍ വന്നമര്‍ന്നു പോയി
ഇരുളിന്റെ താഴ്‌വരയില്‍ ഇമകള്‍ ചേര്‍ത്തു

സഹനത്തിന്‍ മേച്ചില്‍പ്പുറങ്ങളിലെന്തിനു 
വാക്കാല്‍ അഴത്തിന്‍ ഗര്‍ത്തങ്ങള്‍ തീര്‍ക്കുന്നു 
വാര്‍ന്നോഴുകീടുന്ന രക്തബാഷ്പാഞ്ജലി 
എന്നുനിലക്കുമറിയില്ലെനിക്കിന്ന്

പൊട്ടിയൊഴുകാന്‍ കൊതിച്ചൊരു ലാവയെ
നെഞ്ചിലൊതുക്കിയ അഗ്നിപര്‍വ്വതമായ് 
എരിഞ്ഞമരുന്നു മൗനമായ്  മന്നില്‍
ധരണിതന്‍ മടിത്തട്ടില്‍ മയങ്ങുംവരെ.............!!!