Monday, April 22, 2013

കൊഴിയുന്ന വസന്തം




പാതയോരത്തെയെന്‍യാത്രയില്‍
വിരിഞ്ഞുനില്‍ക്കുന്നൊരുവസന്തമേ
എനിക്കുവേണ്ടിയെന്നും നീ
നിത്യവസന്തമായ്‌ വിരിഞ്ഞിടാമോ 

പലവര്‍ണ്ണപ്പൂക്കളാല്‍ നിറയും 
മാന്ത്രികവിരുന്നിന്‍ മാധവമേ 
ഈനിറത്തില്‍ നിന്‍കവിള്‍ത്തട-
മെത്രതുടുത്തു നാണത്താല്‍ 


എന്‍ തലോടലേല്‍ക്കുവാന്‍
കുണുങ്ങിനിന്നു നീയെന്നും
ഇളംതെന്നലിന്‍ചിറകിലേറി 
ചാഞ്ചാടിയാടുന്ന വസന്തമലരേ 

തണ്ടിലേറിയ പൈങ്കിളിപെണ്ണിന്‍ 
ചുണ്ടില്‍മൂളിയ രാഗമാലിക
ചൊല്ലുവാന്‍ കാത്തുനില്‍ക്കും
എന്‍കനവിലെ സുന്ദരിപ്പൂവേ 

ശലഭമായ് വന്നുമ്മവെക്കും
തേനൂറുംനിന്‍ ചൊടികളില്‍ 
നിറയുന്നസ്നേഹമെന്നില്‍  
നിറക്കുന്നുപുഞ്ചിരിമുത്തം 


പൂക്കള്‍കൊണ്ടു വിരുന്നൊരുക്കും
വര്‍ണ്ണവസന്തമേ മനോഹരി 
നിന്നിതള്‍ കൊഴിഞ്ഞിടുമ്പോള്‍ 
ഓര്‍മ്മയില്‍ കൊഴിയുന്നുഞാനും 


Tuesday, April 16, 2013

മരണത്തിന്‍റെ പിന്‍വാങ്ങല്‍




മരണമേ നീയന്ന് പടിക്കലോളം
വിരുന്നെത്തി യാത്രയായെങ്കിലും

വിടവാങ്ങിപ്പോയതെന്തെന്നു 
ഞാന്‍ അറിഞ്ഞില്ലൊരിക്കലും

മാതാവിന്‍ മനംനൊന്തൊഴുക്കിയ 
കണ്ണുനീരിന്‍ പ്രതിഫലമോ 

ആദ്യജാതനാം അരുമപുത്രനെ 
മാറില്‍ചേര്‍ത്തുപാലമൃതൂട്ടുവാനോ

ഓരോതുള്ളി ചോരയും                
വാര്‍ന്നുപോകുന്ന നേരത്ത്

അരിച്ചിറങ്ങിയ തണുപ്പില്‍ 
ദേഹിയകന്ന ദേഹമായ് 

മരണമാകും മരവിപ്പില്‍ 
മനസ്സടര്‍ന്നവര്‍ ചുറ്റിലും 

ചേതനയറ്റ നിന്‍ദേഹമാകാശ-
യാത്രക്കായ് വെള്ളപുതപ്പിച്ചിരുന്നു

സൃഷ്ടാവിനത്ഭുതം നിനക്കേകി
മറ്റൊരു പ്രാണനെടുത്തോമലെ

പ്രാണവായുനിന്നിലേക്ക്‌ വീണ്ടും 
പുനര്‍ജ്ജനിയായ് ഒഴികിയെത്തി 

ആഴ്ച്ചവട്ടങ്ങളെത്രയോ പിന്നെയും 
നിന്‍ജീവചക്രം തിരിയുന്നുമന്നില്‍

മരണചക്രം കറങ്ങിയെത്തും
വീണ്ടുമൊരുനാള്‍ ഓര്‍ത്തുകൊള്‍ക 

Friday, April 12, 2013

സപ്തവര്‍ണ്ണങ്ങള്‍



മേഘപഥത്തിലേഴുവര്‍ണ്ണങ്ങള്‍ 
ചാലിച്ചെഴുതിയ മേഘധനുസ്സെ 
എന്‍ജീവിതപഥങ്ങളിലെന്നും 
മാരിവില്ലൊളി ചാര്‍ത്തുമോ  
  
ചന്നംപിന്നം നൃത്തമാടുന്നു 
ചെറു ചാറ്റല്‍മഴയുടെ സംഗീതം  
കണ്‍തുറന്ന സൂര്യാംശുവും 
പൊന്‍കതിരായ്പുഞ്ചിരിച്ചു 

കാര്‍മുകിലെങ്ങോ മാഞ്ഞുപോയ് 
തഞ്ചത്തില്‍ കൊഞ്ചിയിളംവെയില്‍ 
വീശിയെത്തിയ മന്ദസമീരനൊരുമാത്ര- 
കുളിര്‍മ്മയോടെ തഴുകിയകന്നു 

വിസ്മയമാംവിരുന്നൊരുക്കിടാന്‍  
തെളിവാനിലെ മഞ്ജുളാംഗിയായ് 
മെല്ലെമെല്ലെമന്ദഹാസമായ്ത്തെളിഞ്ഞു  
സപ്തവര്‍ണ്ണത്തിന്‍ മാരിവില്ല് 

മായാതെനില്‍ക്കുമോനീയെന്‍ 
മാനസ്സമണിവീണതന്ത്രികളില്‍ 
മങ്ങാത്തശോഭയോടെയെന്നും 
തെളിഞ്ഞുനില്‍ക്കൂ മാരിവില്ലേ

ഇളംവെയിലും ചാറ്റല്‍മഴയും
കൈകോര്‍ത്തുനിന്നൊരുനേരമല്ലേ 
കൂട്ടുവരുമോ കൂട്ടുവരുമോ
മായാതെമറയാതെന്‍ വാര്‍മഴവില്ലെ

Monday, April 8, 2013

കണ്ണുനീര്‍ മുത്തുകള്‍




ഉള്‍ച്ചൂടിന്‍ത്തേങ്ങല്‍ പുനര്‍ജ്ജനിക്കുന്നതോ
കണ്ണുനീര്‍മുത്തായി പതിക്കുന്നവനിയില്‍ 
പ്രിയമുള്ളതെന്തുംവേര്‍പിരിഞ്ഞകലുമ്പോള്‍
കണ്ണുനീര്‍മുത്തായി  പതിക്കുന്നവനിയില്‍ 

മനസ്സേമടങ്ങുകയെന്നു  ഞാന്‍
പലവട്ടംചൊല്ലിയ നിമിഷങ്ങളില്‍
അറിയാതെത്തെളിയുന്നൊരുനറു-
സുഖമുള്ളനോവിനോര്‍മ്മയായ്

എങ്ങുപോകുന്നുനീയെന്‍ മനസ്സിന്‍ 
താളവട്ടങ്ങള്‍ തെറ്റുന്നതറിയാതെ
നാളെ ഞാന്‍പോകുന്നതെങ്ങോട്ട്
ശിഥിലമാംചിന്തയുടെചുമരുകള്‍ക്കുള്ളിലോ

ഓമനിച്ച വദനംമുന്നിലെത്തുമ്പോള്‍ 
ആരെന്നുചോദിക്കുന്ന ദിനംവരുന്നു
ജീവിച്ചിരുന്നിട്ടും ജീവനില്ലാത്ത
കുറെജന്മങ്ങള്‍ പാര്‍ക്കുന്നിടത്തോ


ഒരുപിടിപ്പൂക്കളുമായ് വരുന്നതുംക്കാത്തു
വെള്ളപുതച്ചുക്കിടക്കുന്നു മന്നിന്‍മടിയില്‍ 
പൊഴിക്കുമോനിന്‍ കണ്ണുനീര്‍ക്കണങ്ങളെന്‍
മണ്‍ക്കൂനക്കുമുകളിലെ മുത്തായിപിറക്കുവാന്‍ 

Saturday, March 23, 2013

പ്രണയനൊമ്പരം



പ്രണയത്തിനുള്‍ച്ചൂടറിയുവാന്‍ 
പ്രണയകല്ലോലിനിയില്‍നീന്തിവരൂ 
പ്രണയമൊരു തൂവല്‍സ്പര്‍ശമെന്ന്‌
പ്രണയദിനങ്ങളില്‍ക്കരുതുന്നവര്‍ 

മഴക്കായ്കാക്കും വേഴാമ്പലാ-
യെന്നുംകാത്തിരുന്നവരാണവര്‍ 
കണ്ടുമുട്ടും നിമിഷങ്ങളില്‍
സ്നേഹപ്രളയം തീര്‍ത്തവര്‍  

ആദ്യമാദ്യമമൃതായ്സ്നേഹ-
മാവോളം പാനംചെയ്തവര്‍ 
ഇടവപ്പാതിപോലാര്‍ത്തലച്ചു
ഇടമുറിയാതെ പെയ്തുപോയ് 

ദൂരെനിന്നു കാണുമ്പോഴും
ഇടനെഞ്ചിന്‍ സ്പന്ദനങ്ങള്‍
ഇടിമുഴക്കംപ്പോലെക്കേള്‍ക്കാം
അവര്‍തന്‍ കര്‍ണ്ണപുടങ്ങളില്‍ 

വേര്‍പിരിഞ്ഞൊരു നാളില്‍ 
രണ്ടുധ്രൂവങ്ങളിലേക്ക് യാത്രയായ്
പ്രണയനൊമ്പരങ്ങള്‍ പേറിടും
കനത്തഭാണ്ഡത്തിന്‍ ഭാരവുമായ് 

മുന്നെനടന്നവരുടെ കാലടിപ്പാടുകള്‍ 
നിണംപൊടിച്ചുതെളിഞ്ഞുനിന്നുമണ്ണില്‍ 
ഓര്‍മ്മകളില്‍ കൂടുക്കൂട്ടിയകിളികളല്ലോ
അലഞ്ഞുനടന്നതാ വനാന്തരങ്ങളില്‍

മധുരമുള്ളനോവിന്‍റെചിന്തയെ 
ചിത്രമായ്‌ചില്ലിട്ടുവെച്ചവര്‍ 
അലങ്കരിക്കുവാന്‍ഹാരംതേടി 
അലഞ്ഞുതളര്‍ന്നവര്‍മടക്കയാത്രയായ് 

Sunday, March 10, 2013

മുഖഭാവങ്ങള്‍




ഓര്‍മ്മയുടെയലയാഴിയില്‍ 
നീങ്ങുമൊരുചെറുതോണിയായ് 
തെളിഞ്ഞുനില്‍ക്കയാണെന്നും
ഓമനിച്ചുമ്മവെച്ചൊരുവദനം 

ആദ്യത്തെ നിദര്‍ശനത്തില്‍ 
ആഴത്തില്‍ പതിഞ്ഞരൂപം 
ഇഷ്ടമെന്നു ചൊല്ലിയപ്പോള്‍
നാണത്താല്‍ക്കുനിഞ്ഞ ഭാവം 

ചുണ്ടില്‍സ്മിതംതൂകിയെത്തും 
കപോലങ്ങളില്‍നുണക്കുഴിയുമായ് 
ചേലില്‍നിരക്കുംമുല്ലമൊട്ടിന്‍ 
ചന്തമേറിയ ദന്തങ്ങളും 

കണ്ടുമുട്ടും നിമിഷങ്ങളില്‍
പ്രകാശംപ്പൊഴിക്കുംമിഴിയിണകള്‍
മുത്തമിടാന്‍ കൊതിക്കുന്നു
വാഗ്ദലത്തിന്‍ രൂപഭംഗി

പിണങ്ങുമ്പോള്‍ നോവിന്‍റെ
നനവൂറുന്ന നയനങ്ങളും
ഇണങ്ങുമ്പോള്‍ക്കുറുമ്പുമായ- 
ണയുന്നു ചാരത്തിരിക്കുവാന്‍ 

എന്നിട്ടുമെങ്ങുപോയ്മറഞ്ഞു 
പ്രേമരൂപേയെന്‍പ്രണയിനി 
പിരിയില്ലയെന്നുചൊല്ലി
നെഞ്ചില്‍ചേര്‍ത്തനിന്‍മുഖം

ഒരുവട്ടംക്കൂടിയെന്‍മുന്നിലായ് 
വന്നീടുമോയെന്‍ക്കിനാവിലെങ്കിലും 
താലോലിക്കാന്‍ക്കൊതിക്കുന്നുനിന്‍മുഖം 
ഹൃദയവനികയില്‍വിടര്‍ന്നപുഷ്പമേ 

Tuesday, March 5, 2013

അമ്മ



സ്നേഹമെന്നമൂന്നക്ഷരമാദ്യം
പഠിപ്പിച്ചഗുരുവാണെന്നമ്മ 
വിദ്യയേകീടാനായ്‌വിദ്യാലയത്തിലേ-
ക്കെന്നെനടത്തിച്ചു അമ്മ

വഴിതെറ്റിയലയാതെ നേരിന്‍റെമാര്‍ഗ്ഗത്തില്‍
എന്നുംനയിച്ചുയെന്‍ അമ്മ
തെറ്റുകാണുമ്പോഴരുതെന്ന് ചൊല്ലീടും
സ്നേഹത്തിന്‍നിറകുടം അമ്മ 

തേങ്ങിക്കരയുമ്പോള്‍മാറോടണച്ചെന്നെ
ആശ്വസിപ്പിച്ചീടുമമ്മ
സഹനത്തിന്‍പാതയിലാശ്വാസദൂതുമായ്‌
അരികില്‍വന്നണഞ്ഞീടുമമ്മ

തളരുന്നനേരത്തുത്താങ്ങുന്നകൈകളായ്
എന്‍മുന്നിലെത്തിടും അമ്മ 
കദനഭാരത്തിന്‍റെകനലായെരിയുമ്പോള്‍   
ഒരുകുളിര്‍തെന്നലായ് തഴുകുമമ്മ

മിഴിയില്‍ത്തെളിയുന്ന ബാഷ്പബിന്ദുക്കളെ 
ചുംബനംക്കൊണ്ടുത്തുടക്കുന്നുയമ്മ 
എത്രവര്‍ണ്ണിച്ചാലും വര്‍ണ്ണിച്ചുത്തീരാത്ത
സ്നേഹത്തിന്‍ നിറദീപമമ്മ