Saturday, January 18, 2014

ചിത്തഭ്രമം


ഭ്രാന്തമാകും നിന്റെ സ്നേഹത്തിമര്‍പ്പിനെ
എന്തു വിളിച്ചു ഞാന്‍ ഓമനിക്കും
കണ്ടില്ലയെന്നു നടിക്കാന്‍ കഴിയാതെ
കാതരമാകുന്നു എന്റെ ദു:ഖം

ഇടവഴിതാണ്ടി നീ മുന്നോട്ടു പോകുന്നു
പൊട്ടി ചിരിച്ചും കരഞ്ഞും തളര്‍ന്നും
അതുകണ്ട് മര്‍ത്യന്‍ പഴിക്കുന്നുവോനിന്‍
മനോവികാരത്തെ ഭ്രാന്തെന്ന് ചൊല്ലി

നാല്  ചുവരുകള്‍ക്കുള്ളിലെ ചങ്ങല
കിലുക്കങ്ങളൊന്നും അറിയുന്നില്ലേ നീ
തട്ടി മുറിഞ്ഞനിന്‍ നഗ്നമാം പാദങ്ങള്‍
നൊമ്പരമില്ലാതെ മാറിയതെന്നാണ്

ഒരുവാക്ക് ചൊല്ലാനും ഒരുനോക്കു കാണാനും
കാത്തിരുന്നില്ലേ നീ ആ ദിനങ്ങള്‍
ജാലക പാളിതന്‍ പിന്നിലായ് നിന്നുവോ
പ്രതീക്ഷമുറ്റുന്ന മിഴികളോടെ നീ

സത്യവും മിഥ്യയും അന്തരമുണ്ടെന്നു
പഠിപ്പിച്ചുതന്നതും ആ സ്നേഹമോ
എത്ര പഠിച്ചാലുംപഠിക്കാത്ത പാഠമായ്
സ്നേഹത്തെ വിളിച്ചില്ലേ ഭ്രാന്തിയെന്നു

നിന്‍ സ്നേഹ നാളത്തെ അണയാതെ കാക്കുവാന്‍
ഒരു നാളില്‍ ഞാന്‍വരും നിന്‍ചാരെയും
അന്ന് ഞാന്‍  പൊഴിക്കുന്ന കണ്ണീര്‍കണങ്ങളെ
തിരിച്ചറിയാത്തൊരു ഭ്രാന്തിന്റെ രൂപം നീ......

3 comments: