ശരിയെന്നു തോന്നുന്നിടത്ത് തെറ്റാണങ്കിലും നമ്മള്‍ ചൂണ്ടികാണിക്കാന്‍ പോകാതിരിക്കുക .നന്മകള്‍ക്ക് സ്ഥാനമില്ലാത്ത ലോകത്തിന്‍റെ പന്ഥാവിലൂടെയാണ് ഇപ്പോഴത്തെ നമ്മുടെ യാത്രകള്‍ .സ്നേഹത്തിന്‍റെയും കരുതലിന്‍റെയും തലോടലുകളും ചൂണ്ടികാണിക്കപ്പെടലുകളും ഇഷ്ടപ്പെടാത്ത ഇടങ്ങളില്‍ അകലം പാലിക്കുക ,നൊമ്പരങ്ങളുടെ ചൂളയില്‍ ചിറക് കരിഞ്ഞു വീഴാതിരിക്കുവാന്‍ അവഗണിക്കപ്പെടുന്നിടത് ആഗ്രഹമുണ്ടങ്കിലും ക്ഷണിക്കാത്ത അതിഥിളാകാതിരിക്കാം . തന്നിലേയ്ക്ക് ചുരുങ്ങിയാല്‍ നഷ്ടത്തിന്‍റെയും ദുഃഖത്തിന്‍റെയും അക്കമിട്ട് എഴുതുന്ന വരികളുടെ എണ്ണം കുറയ്ക്കുവാന്‍ കഴിയും. ഓരോ മുകുളവും വിടര്‍ന്നു മനോഹരമായ പുഷ്പമായ് നില്‍ക്കുമെങ്കിലും സൃഷ്ടാവ് നല്‍കിയിരിക്കുന്ന സമയം കഴിയുമ്പോള്‍ താനേ കൊഴിഞ്ഞ് മണ്ണില്‍ അലിയും .
Friday, July 12, 2019
Tuesday, May 7, 2019
മാപ്പില്ലാ ക്രൂരതകള്‍
ശലഭമായ് പാറിനടക്കേണ്ട കുഞ്ഞുങ്ങള്‍
ക്രൂരമാം കൈകളില്‍ വീണുടഞ്ഞു
ഊട്ടിവളര്‍ത്തേണ്ട കൈകള്‍ തന്നെ
തേച്ചുമായ്ച്ചീടുന്നു കുരുന്നുജീവന്‍
ആറ്റുനോറ്റുണ്ണിക്കായ് കേഴുന്നവര്‍
മന്നിലലയുന്നു കണ്ണീരുംകൈയ്യുമായി
സൃഷ്ടാവ് നല്‍കിയ കുഞ്ഞുങ്ങളെ
കുരുതി കഴിക്കുന്നു കാപാലികര്‍ ചിലര്‍
ശിലപോലുമലിയുന്ന നോവാല്‍
മുറിവേറ്റു പിടയുന്ന പിഞ്ചോമനകള്‍
സൃഷ്ടാവൊരിക്കലും മാപ്പേകില്ല
അമ്മയായ് വാണൊരു നിഷാദിമാരേ
കണ്ടവര്‍ കേട്ടവരെല്ലാവരും
ഒന്നുപോല്‍ തേങ്ങുന്നു കുഞ്ഞുങ്ങളേ
പ്രകൃതിയാമമ്മപോലും നിന്‍ മുന്നില്‍
ആര്‍ത്തലച്ചെത്തുന്നു നോവിന്‍ മഴയായ്
പശിയേറ്റുകത്തുന്ന വയറാല്‍
മറ്റാരുമറിയാതുറങ്ങിയ കുഞ്ഞേ
മൗനംവെടിഞ്ഞു നീ മൊഴിയാത്തതെന്തേ
ഗുരുഭൂതരുള്ള നിന്‍ വിദ്യാലയത്തില്‍
നികൃതന്‍റെ കൈകളിലെന്തിനു കുഞ്ഞേ
നിന്നമ്മയേകി പന്താടുവാന്‍?
അമ്മതന്‍ രണ്ടക്ഷരത്തിന്‍ മഹത്വം
തീരാകളങ്കത്താല്‍ ദുശ്ചരിതയാക്കിയവര്‍
മുറിവേറ്റുവീണ നിന്‍ രക്തത്തിന്‍ ചാലുകള്‍
തുടച്ചീടുവാന്‍ കൂടപ്പിറപ്പിന്‍ കുരുന്നുകൈ മാത്രം
ഇനിയാര് പൊതിയുമാക്കുരുന്നിന്‍ ഗാത്രത്തെ
ക്രൂരമാം പീഡനമില്ലാത്ത ഗേഹത്തില്‍
അച്ഛന്നരികില്‍ നിന്‍ സ്വര്‍ഗ്ഗംപണിയുവാന്‍
മുറിവെത്രയേറ്റുനിന്‍ പിഞ്ചിളംമേനിയില്‍
ഇതുപോലരമ്മയുമീമന്നില്‍ വാഴല്ലേ .........
ഈഗതിയൊരുനാളും തനയര്‍ക്ക് വേണ്ടിനി
സ്വര്‍ഗ്ഗത്തില്‍ തിങ്ങിനിറയുന്നു കുഞ്ഞുങ്ങള്‍
കല്മഷമേശാത്ത മാലഖമാരായ്
ധരണിയില്‍ നരകങ്ങള്‍ തീര്‍ക്കുന്നു ക്രൂരമാം
ഹൃത്തിനുടമയായുറ്റവരന്യരുമൊന്നുപോലെ
Sunday, February 17, 2019
ശകടത്തില്‍ പായുമ്പോള്‍
ശകടത്തില്‍ പാറിപ്പറക്കുന്നവര്‍
ചോരത്തിളപ്പിന്‍ ലഹരിയാലേ
ഹെല്‍മറ്റ് വേണ്ടെന്‍റെ തലയില്‍
ഭംഗിയൊരല്പം കുറഞ്ഞുപോയാലോ
മുന്നേപോകുന്ന വണ്ടുപോലൊരു വണ്ടി
പുച്ഛംനിറയുമൊരു പുഞ്ചിരിച്ചുണ്ടില്‍
കാലങ്ങളിനിയുമോടേണ്ടതോര്‍ക്കാതെ
മറികടന്നോടുന്നു മറുപുറം നോക്കാതെ
ശകടത്തിന്‍ മേലേയിരിക്കുന്ന യൗവ്വനം
ഭൂലോകംകാല്ക്കീഴിലെന്നു ചിന്തിപ്പതോ
അരുതെന്ന് പറയുമ്പോഴഹന്തകൂടും
അരുതാത്തതൊക്കെയും വന്നുകൂടും
നിലവിളികണ്ഠത്തിലാര്‍ത്തു ചിരിക്കും
നിലമറന്നോടിയ നിമിഷങ്ങളെണ്ണി
ചിതറിത്തെറിക്കുന്ന രക്തവര്‍ണ്ണങ്ങള്‍
നീര്‍ച്ചാലുപോലെയൊഴുകും നിരത്തില്‍
തഴപ്പായ നിന്നെ നോക്കിച്ചിരിക്കും
ഈച്ചകള്‍ പലവട്ടം പാറിയടുക്കും
കൊതുകിന്‍റെമൂളലില്‍ മിഴിനനയ്ക്കും
പ്രതികരിച്ചീടുവാന്‍ ശേഷിവേണ്ടേ
മോര്‍ച്ചറിത്തണുപ്പിന്‍ സുഖമറിയും
ചന്തം തികഞ്ഞൊരു തലതകര്‍ക്കും
കത്തികള്‍ പലതും ആഴ്ന്നിറങ്ങും
സൂചിയും നൂലും കോര്‍ത്തുവലിക്കും
ഓര്‍ക്കുകയൊരു വട്ടമെങ്കിലും നീ
കാത്തിരിക്കുന്നവരേറെയുണ്ട്
അച്ഛനും അമ്മയും പെങ്ങളും ഭാര്യയും
അരുമക്കിടാങ്ങളും വീട്ടിലുണ്ടേ
Monday, January 28, 2019
നിറം മങ്ങി തുടങ്ങിയ അക്ഷരങ്ങള്‍ താളിനോട് എന്തെല്ലാമോ പിറുപിറുത്തുകൊണ്ടിരുന്നു .മറുപടിയില്ലാതെ വന്നപ്പോള്‍ തല ഉയര്‍ത്തി നോക്കിയ അക്ഷരങ്ങള്‍ കണ്ടത് കുറ്റപ്പെടുത്തലുകള്‍ കേട്ട് കണ്ണുനിറഞ്ഞ് മിണ്ടാന്‍പോലും കഴിയാതെ വിഷമിക്കുന്ന താളുകള്‍ മാത്രം .അറിയാതെ ഊര്‍ന്നുവീണ് പടര്‍ന്ന മഷിക്കൂട്ട് വികൃതമാക്കിയ താളുകള്‍ ആ നിമിഷമാണ് അക്ഷരങ്ങളുടെ കണ്ണില്‍ പെട്ടത് .ഇതുപോലെയാണ് പല ജീവിതങ്ങളും ,പുറമേ നിന്നു വാശിയോടെ വിധിക്കുന്ന നമ്മള്‍ ഒരിക്കലും അവരുടെ നോവുന്ന ഹൃദയത്തിലേയ്ക്കും നിറയുന്ന കണ്ണുകളിലേയ്ക്കും നോക്കാറില്ല .മഷി പടര്‍ന്ന താളിനെ കൂടുതല്‍ വൃത്തികേട് ആക്കുവാന്‍ ശ്രമിയ്ക്കാതെ സ്നേഹമാകുന്ന മനോഹരമായ പൂക്കളാല്‍ ഒന്ന് അലങ്കരിച്ചു നോക്കിയാലോ .!!!!
Tuesday, January 22, 2019
നൃതി വിസ്മയം
നൃപവല്ലഭ ചില്ലമേല്‍
പടരും മുല്ലവല്ലിയായ്
നീയെന്‍ കിനാവിന്‍റെ
പ്രണയ തീരങ്ങളില്‍
അക്ഷര ചിന്തുകളുടെ
ചന്ദന തോപ്പുകളില്‍
ചാമരം വീശിയെത്തും
തെന്നലിന്‍ സുഗന്ധമായ്
നയനമനോഹര വാടിയില്‍
ശലഭസ്വപ്‌നങ്ങള്‍ നെയ്ത്
പൂനിലാപൊയ്കയില്‍
നീരാടി വിളങ്ങുന്നു നീ
കല്ലോലിനിയുടെ മാറില്‍
കല്ഹാരഹാരമായ് വന്നു
കളഭം ചാര്‍ത്തിനില്‍ക്കും
വെണ്ണക്കല്‍ ശില്പമേ ......
കളഹംസത്തിന്‍ ഭംഗിയില്‍
ചിറകുവിടര്‍ത്തി നിന്നു
ധവളിമയിലലിയുന്നു
തൂവല്‍ സ്പര്‍ശങ്ങളായ്
നൂപുരധ്വനിയുണര്‍ത്തും
മാരിവില്‍ വര്‍ണ്ണങ്ങളില്‍
നൃതിവിസ്മയങ്ങളാലെ
ചാഞ്ചക്കമാട്ടുന്നുയെന്നെ
Tuesday, January 8, 2019
നവയുഗപുലരി
മന്ദഹാസം തൂകുമര്‍ക്കന്‍റെ -
ഉഷകാലത്തിന്‍ പുതുമപോലെ
പിറക്കട്ടെ പുതുനന്മകള്‍ പൂക്കും
പുതുവര്‍ഷ പുലരിയീമന്നില്‍
കഴിഞ്ഞുപോയ വര്‍ഷങ്ങള്‍
നോവായ് വന്നൊരു നിമിഷങ്ങള്‍
കൊഴിഞ്ഞുപോകട്ടെയിന്നില്‍
ഋതുക്കളായ് സ്മൃതികളില്‍നിന്നും
നിന്ദിച്ച നാവുകള്‍ക്കെല്ലാം
ക്ഷമയോടെ നന്ദി ചൊല്ലാം
നോവിച്ച വാക്കുകള്‍ക്കെല്ലാം
സ്നേഹത്തിന്‍ പുഞ്ചിരിയേകാം
സാന്ത്വനത്തിന്‍ കുളിര്‍ത്തെന്നലായ്
വീശിയെത്താം കദനതീരങ്ങളില്‍
പുതുനന്മകള്‍ പൂത്തുവിടരുന്ന
ഹൃദയതല്പങ്ങളൊരുക്കി വയ്ക്കാം
ഋതുഭേദങ്ങള്‍ സമയരഥങ്ങളില്‍
ആശ്വങ്ങളായ് കുതിച്ചുപായുന്നു
ഇന്നുചെയ്യേണ്ടതൊക്കെയുമുലകില്‍
നാളെയുടെ കരങ്ങളില്‍ വച്ചിടേണ്ട
തളിര്‍മരത്തിന്‍ തണുവ്പോലെ
സ്വച്ഛമായൊഴുകട്ടെ ജീവിതങ്ങള്‍
ശാന്തസുന്ദര സുരഭിലമായിടട്ടെ
പുതുവര്‍ഷത്തില്‍ രാത്രിന്ദിവങ്ങള്‍
മിനി ജോണ്‍സണ്‍
ഉണ്മയുടെ മലരായ്
ഇതള്‍പ്പൂവിലലിയുന്ന
ഹിമബിന്ദുവിന്‍ ചേല്
ആരേകി നിന്നിലായ്
ചെമ്പനീര്‍ പൂവേ
കരവിരുതേകുന്ന
കമനീയ ചിത്രമായ്
തുള്ളികള്‍ തീര്‍ക്കുന്ന
തൊങ്ങല്‍ തിളക്കങ്ങള്‍
വിരല്‍ത്തുമ്പുത്തൊട്ടാല്‍
കുളിര്‍ത്തെന്നലെത്തിയാല്‍
ഇറ്റിറ്റുവീണു മറയുമൊരു
കണമാണ് നീയെന്നും
കൊഴിയുന്നയിതളും
പൊഴിയുന്ന ബാഷ്പവും
മൊഴിയുന്ന കഥയാണ്
അഴലിന്‍റെ വഴികള്‍
നശ്വരമാണീയുലകത്തിന്‍
വര്‍ണ്ണിച്ചു തീരാത്ത ശോഭ
അനശ്വരമാക്കുവാനായി
ഉണ്മയുടെ മലരായ് വിടരാം
Subscribe to:
Posts (Atom)





