Sunday, May 1, 2016

യേശുവിന്‍റെ കണ്ണുകളിലൂടെ

                                 
                                                                                                                                                                Alan C Ames ന്‍റെ  "Through the Eyes of Jesus" എന്ന പുസ്തകം മലയാളത്തിലേക്ക്  വിവര്‍ത്തനം  ചെയ്ത സേറ ജോസ് നിരപ്പുകാട്ടില്‍ നമുക്ക്  തരുന്ന വായനാനുഭവം നിങ്ങളുമായി  പങ്കുവക്കട്ടെ .മൂന്നു വാല്യങ്ങളിലായി ഇറക്കിയ "യേശുവിന്‍റെ കണ്ണുകളിലൂടെ" എന്ന ഈ  പുസ്തകം  വായിക്കുമ്പോള്‍ മറ്റെങ്ങും കാണാത്ത അര്‍ത്ഥതലങ്ങളിലേക്ക് നമ്മളെ കൂട്ടികൊണ്ട് പോകുന്നു യേശുവിന്‍റെ സ്നേഹത്തില്‍  നിറഞ്ഞു യേശുവിന്‍റെ കൂടെ നടക്കുന്ന ഒരു അനുഭവം .
    ' ദൈവമേ അങ്ങേ കൂടാതെ ഞാന്‍ ഒന്നുമല്ല ഞാന്‍ എന്തു ആകാനാണ്  അങ്ങ് ആഗ്രഹിക്കുന്നത്  അതിലേക്കു വളരാന്‍ എന്നെ  സഹായിക്കണേയെന്നു നമ്മുടെ ഹൃദയം തുറക്കുമ്പോള്‍ നമ്മുടെ ബലകുറവുകള്‍ ശക്തിയായി മാറുന്നു 'നമ്മള്‍ എന്തു ജോലി ചെയ്യുമ്പോഴും ദൈവത്തില്‍ സമര്‍പ്പിച്ചു ചെയ്യുക  അത് പ്രാര്‍ത്ഥനയാകും
      ഏതൊരു കാര്യം ചെയ്യുമ്പോഴും ദൈവം നമുക്ക് തന്ന ജീവന്  നന്ദി അര്‍പ്പിക്കാനായി പരിശ്രമിച്ചാല്‍  ജീവിതം ഒരു തീരാത്ത പ്രാര്‍ത്ഥനയാകും വലിപ്പ ചെറുപ്പങ്ങളില്ലാതെ ഏതൊരു പ്രവര്‍ത്തിയും മുഖ്യമായി തീരും
     സ്വന്തം താല്പര്യങ്ങള്‍ വെടിഞ്ഞു മറ്റുള്ളവര്‍ക്ക് വേണ്ടി വേല ചെയ്യുമ്പോള്‍ നാം അറിയാതെ തന്നെ ദൈവസ്നേഹം കൊണ്ടു നിറയപ്പെട്ടവരാകുന്നു അതുപോലെ നമുക്കുള്ളത് പങ്കുവക്കാന്‍ തയ്യാറാകുമ്പോള്‍ ,സങ്കടങ്ങളില്‍  ആശ്വാസമായി മാറുമ്പോള്‍ .വിശക്കുന്നവനു ആഹാരം കൊടുക്കുമ്പോള്‍  എല്ലാം ജീവിതം അര്‍ത്ഥപൂര്‍ണ്ണവും അനുഗ്രഹവുമായി മാറുന്നു .
       സ്വന്തം കുറവുകളും ബലഹീനതകളും കണക്കിലെടുക്കാതെ അന്യനെ ഒരു മടിയുമില്ലാതെ കുറ്റം കണ്ടെത്തി വിമര്‍ശിക്കാന്‍  ശ്രമിക്കുമ്പോള്‍ സ്വന്തം നാവു അവനുതന്നെ കെണിയൊരുക്കുന്നു സ്നേഹം വിശ്വാസത്തിന്റെ മൂലക്കല്ലാണ് .അത് തകര്‍ക്കാന്‍ സാത്താന്‍  അഹങ്കാരവും വെറുപ്പുമായി ഹൃദയത്തില്‍ കുടികൊള്ളുമ്പോള്‍ ജീവിതം സമാധാനവും സന്തോഷവും എന്തെന്നറിയാത്ത ജീവിതമായി മാറ്റപ്പെടുന്നു
 ഈ പുസ്തകം വായിക്കുന്നവര്‍ ക്കെല്ലാം പുതിയൊരു അനുഭവം ആകുമെന്നതില്‍ ഒരു സംശയവുമില്ല   നമ്മുടെ ഓരോ പ്രവര്‍ത്തിയിലും ദൈവത്തിന്‍റെ സ്നേഹവും കരുണയും ദര്‍ശിക്കാന്‍  കഴിയും 

Friday, April 8, 2016

രാഗമാലിക

ചില്ലയില്‍ പൂത്തൊരു
ചിരകാല സ്വപ്നത്തെ
ചിറകറ്റു വീഴാതണച്ചു
ചിത്തത്തില്‍ സൂക്ഷിക്കാന്‍
ചെറുകണമായി ഞാനാശിച്ചു
ദൂരങ്ങളില്‍ ഒരു മൃദുചലനം
സ്നേഹമെന്ന മൂവിതള്‍
ഹൃദയ തന്ത്രികളില്‍ മീട്ടും
 പൊന്‍ രാഗമാലിക
വിടരുമൊരു പൂവിതള്‍
വാടാ മലരായെന്നില്‍
ഓര്‍മ്മയില്‍ മങ്ങാതെ
മന്ദസ്മിതം തൂകിയെത്തി
സമയ ചക്രങ്ങളിന്നു
ഇഴയുന്ന ജീവിതമായ്
മനീഷിതയായ് വിളങ്ങിയാലും
മനമൊരു  തൂവലാകും
യാത്രയുടെ തീരത്തിന്നു
എകാകിയായ് നീങ്ങുന്നു  

Sunday, March 6, 2016

ചിറകറ്റ ജീവിതങ്ങള്‍

             
                                                                     ഒരിറ്റു സ്നേഹത്തിനുവേണ്ടി പലപ്പോഴും മനുഷ്യരുടെ മുന്‍പില്‍ കാത്തുനില്‍ക്കുന്നവരാണ് നമ്മള്‍ . സ്നേഹത്തിന്‍റെ പേരും പറഞ്ഞ്‌ ഇണങ്ങിയും പിണങ്ങിയും നടക്കാറുണ്ട് ,മാരകമായ രോഗങ്ങളിലൂടെ മരണത്തിലേക്ക് നടന്നുപോകുന്നവര്‍ ,അവര്‍ ജീവിതത്തിലേക്ക് തിരികെ വരാന്‍ വേണ്ടി ദൈവത്തിനുമുന്നില്‍ കൈകള്‍ വിരിച്ചു മിഴിനീരൊഴുക്കി കാത്തിരിക്കുന്ന ഒരുപാട് പേര്‍ .മനുഷ്യന്‍റെ സ്നേഹത്തിനു വേണ്ടി കൊതിക്കുന്നവര്‍ എന്തുകൊണ്ടാകും ദൈവത്തിന്‍റെ നമ്മളോടുള്ള അളവറ്റ സ്നേഹവും കരുതലും കരുണയും അറിയാനും  മനസ്സിലാക്കാനും കഴിയാതെപോകുന്നു .ഇന്നു നാം ആയിരിക്കുന്ന അവസ്ഥ എത്ര വലുതാണ്‌ എല്ലാ സൗഭാഗ്യങ്ങളും നല്‍കി അനുഗ്രഹിച്ചു നടത്തുന്നു ദൈവം .
           ചെറിയൊരു ബുദ്ധിമുട്ട് വരുമ്പോള്‍ എന്തിനാണീശ്വര എന്നോടിതു ചെയ്യ്തതെന്നു ദൈവത്തോട് മറുചോദ്യം ചോദിക്കാന്‍ തുടങ്ങുന്നു . ചില സമയങ്ങളില്‍ നമുക്കുണ്ടാകുന്ന സഹാനങ്ങളാകാം  സഹജീവികളെ കൂടുതല്‍ സ്നേഹത്തോടെ കാണുവാന്‍ അവസരം ഒരുക്കി തരിക .ചിലപ്പോള്‍ അഹങ്കാരത്തോടെ ഓടുന്ന നമ്മള്‍ ചുറ്റുമുള്ളതൊന്നും കാണുകകൂടിയില്ല .
                 ഒരു കൊച്ചു സംഭവം ഓര്‍മ്മവരുന്നു .മനസ്സെപ്പോഴും ഗര്‍വ്വിന്‍റെ കൂടാരമായിരുന്നു റസാക്കിന്‍റെതു അവന്‍ അവസരം കിട്ടുമ്പോഴൊക്കെ തന്‍റെ സുഹൃത്തുക്കളെയും മറ്റുള്ളവരെയും  വാക്കുകൊണ്ടും പ്രവര്‍ത്തികൊണ്ടും ദ്രോഹിക്കും .ഒരു ദിവസത്തെ ബൈക്ക് യാത്ര അവന്‍റെ ജീവിതം മാറ്റിമറിച്ചു മറ്റുള്ള വാഹനങ്ങളെ മറികടക്കാനുള്ള ചീറിപ്പായുന്ന അവന്‍റെ സ്വഭാവം അവനെ എന്നേക്കുമായി കട്ടിലില്‍ തളച്ചിട്ടു . തിരക്കുള്ള ഒരു വൈകുന്നേരം നീന്ത്രണം വിട്ട ബൈക്ക് മരത്തിലിടിച്ച് തെറിച്ചുവീണ റസാക്കിന്‍റെ നട്ടെല്ലിനേറ്റ ക്ഷതം  എത്രദിവസങ്ങള്‍ ബോധമില്ലാതെ മരണത്തിനും ജീവിതത്തിനുമിടയില്‍ .ബോധം തെളിഞ്ഞപ്പോള്‍ അവനറിഞ്ഞു ഇനിയൊരു പാച്ചില്‍ അവന്‍റെ ജീവിതത്തില്‍ ഉണ്ടാകില്ല .സ്വന്തം ആവശ്യങ്ങള്‍ നിറവേറ്റാന്‍ അവനു മറ്റൊരാളിന്‍റെ സഹായം വേണം എന്തിനു പറയുന്നു സ്വന്തം ശരീരത്തില്‍ വന്നിരിക്കുന്ന ഒരു ചെറുപ്രാണിയെ അകറ്റാന്‍പോലും കഴിയില്ല.ജീവിതത്തില്‍ അഹങ്കാരത്തിന്‍റെ അന്ധത  മാറ്റാന്‍ ഒരപകടംവേണ്ടിവന്നു .റസാക്കിനെപോലുള്ളവരുടെ ജീവിതം നമുക്കും ഒരു പാഠമായിരിക്കട്ടെ.

          മറ്റുള്ളവര്‍ക്ക് നന്മ ചെയ്യാന്‍ കിട്ടുന്ന അവസരങ്ങള്‍ തങ്ങളാല്‍ കഴിയുംവിധം വിനയോഗിക്കുക .ആരെയും വേദനിപ്പിക്കാതെ ദ്രോഹിക്കാതെ അല്പകാലത്തെ ഈ ജീവിതം മുന്നോട്ടു പോകുക .ഒരു നിമിഷംകൊണ്ട് ചിറകറ്റു വീഴുന്ന ശ്വാസം ,ഒരു ദിവസം കഴിഞ്ഞാല്‍ പുഴുവരിക്കുന്ന ശരീരം ഇതാണ് നമ്മളെന്ന് മറക്കാതിരിക്കുക .ഈ വിധിയെ മറികടക്കാന്‍ മനുഷ്യനിലെ ഒരു അഹങ്കാരത്തിനും കഴിയില്ലയെന്ന സത്യം എപ്പോഴും ഓര്‍മ്മിക്കുക.

Monday, February 15, 2016

വിജനതയിലെ വിളക്ക്


വിജനമാംവഴിവക്കില്‍ തെളിഞ്ഞദീപമേ 
നിന്നിലെ തെളിമയറിയാതെ പോയിഞാന്‍ 
വൈകിയവേളയിലീസംഗമമെങ്കിലും 
മറയുംവരെയെന്നെ കൈകളില്‍ ചേര്‍ക്കണം 

തളിരായ് പൂവായ് ഫലമായ് മാറുവാന്‍ 
വറ്റാത്ത സ്നേഹത്തിനുറവയായൊഴുകണം
മുല്ലവള്ളിപോല്‍ ചുറ്റിപടരുവാന്‍
തേന്മാവുപോലെന്നുമരികില്‍ വേണം 

തളരുന്ന പാദങ്ങള്‍ താങ്ങീടുവാന്‍
നിന്‍ പാദങ്ങളില്‍ ചേര്‍ത്തുനടത്തണം 
ഉഴറുന്ന ഇടനെഞ്ചിന്‍ തേങ്ങലുകള്‍
ഒരുകരസ്പര്‍ശത്താല്‍  മായ്ച്ചീടണം

എന്നിലെകുറവുകള്‍ നിന്നെതളര്‍ത്തുമ്പോള്‍
പൊറുക്കാത്ത തെറ്റായി കണക്കിടല്ലേ 
കുറവുകളെല്ലാമെന്‍ നിറവുകളാക്കുവാന്‍ 
നിന്നാര്‍ദ്രസ്നേഹം പകര്‍ന്നുവേണം  

Sunday, February 7, 2016

സൃഷ്ടി വൈഭവം


ആകാശവനികയില്‍ നീലവിഹായസ്സില്‍
വെള്ളിമേഘങ്ങള്‍ ചിത്രം വരയ്ക്കുന്ന കണ്ടോ
ഭംഗിയെഴുന്നൊരു വര്‍ണ്ണ ചിത്രം
പ്രപഞ്ച നാഥന്റെ വൈഭവസൃഷ്ടി

മഴയുടെ നൃത്തത്തില്‍ തരളിതമാകുന്നു
വൃക്ഷതലപ്പിലെ ഇലനാമ്പുകള്‍
വിടപറയാന്‍ കഴിയാതിതള്‍തുള്ളികള്‍
മുറുകെ പുണര്‍ന്നു പുണര്‍ന്നു നില്‍ക്കുന്നു

ഇളംതെന്നല്‍ മെല്ലെ പടികടന്നെത്തുന്നു
തൊട്ടുതലോടാന്‍ കുളിര്‍മ്മയോടെ
തലയെടുപ്പോടെ നില്‍ക്കുന്നു പൂവുകള്‍
മെല്ലെ ചാഞ്ചാടുന്നു സ്നേഹമോടെന്നും

പച്ചവിരിച്ചൊരു പുല്‍മേട്‌ കാണുമ്പോള്‍
അറിയാതെയൊന്നു പുണരാന്‍ കൊതിക്കുന്നു
ഒന്നിരുന്നോട്ടെയീ പ്രകൃതിയെ സ്നേഹിച്ചു
അമ്മതന്‍ മടിയിലെ പൈതലായി

വിനാഴികയെല്ലാം വിടപറഞ്ഞകലുമ്പോള്‍
അറിയുന്നില്ലാ നിമിഷത്തിന്‍ വേഗത
പ്രണയം തുളുംബിയ മനോമുകുരത്തില്‍
പ്രകൃതി വിളമ്പിയ സുന്ദരകാഴ്ചകള്‍ 

Friday, December 25, 2015

ഹൃദയത്തിലൊരുക്കേണ്ട പുല്‍കൂട്

                     
                     ക്രിസ്തു ദരിദ്രരുടെ പക്ഷം ചേര്‍ന്ന്  ദരിദ്രനായ്‌  മാറിയപ്പോള്‍ അതു ക്രിസ്തുമസായി മനുഷ്യന്‍റെനിസ്സാരതയിലേക്കും ഇല്ലായ്മകളിലേക്കും ദൈവം കടന്നുവന്നതിന്റെ ഓര്‍മ്മ .സമ്പത്തിനും സ്ഥാനമാനങ്ങള്‍ക്കും സ്വയംപുകഴ്ത്തലുകള്‍ക്കുമായി മറ്റുള്ളവരെ ചവിട്ടിതാഴ്ത്തുന്നവര്‍,ജീവന്‍ അപഹരിക്കാന്‍പോലും മടിയില്ലാത്ത മലിനമായ സംസ്കാരത്തിന്റെ
മടിയില്‍  ഉറങ്ങിയുണരുന്ന ഇന്നത്തെലോകം. അന്ത്യവിധിയുടെ മാനദണ്ഡം വിശക്കുന്നവരുടെയും ദാഹിക്കുന്നവരുടെയും നഗ്നരുടെയും അനാഥരുടെയും ശുശ്രൂഷയാണന്ന് നമ്മളെ പഠിപ്പിച്ചവനാണ്  കാലിത്തൊഴുത്തില്‍ വന്നു പിറന്ന ക്രിസ്തു .
                       ഡിസംബര്‍ വരുമ്പോഴേ ആദ്യം മനസ്സില്‍ തെളിയുന്നത്  നക്ഷത്രങ്ങളാണ് . ജ്ഞാനികള്‍ക്കു വഴികാട്ടിയായ്‌ കാലിത്തൊഴുത്തിലെത്തിച്ചത് ആ നക്ഷത്രത്തിന്റെ ദൗത്യമായിരുന്നു,അതെ ദൗത്യമല്ലെ നമുക്ക് ഓരോരുത്തര്‍ക്കുമുള്ളത്. മറ്റുള്ളവര്‍ക്ക് പ്രകാശമായ് നേര്‍വഴിയുടെപാതതെളിച്ച് സ്നേഹത്തിന്റെ പരിമളം വീശി സഹനത്തിന്റെ പാതയില്‍ മുന്നേറുന്ന നക്ഷത്രമാകുവാന്‍ ലോകമോഹങ്ങളുടെ വര്‍ണ്ണപൊലിമയില്‍ മനംപതറാതെ മേഘപാളികള്‍ക്കും നിറചാര്‍ത്തുകള്‍ക്കപ്പുറം സനാതനനന്മയില്‍  ദൈവീകപുണ്യങ്ങളുടെ നേര്‍കാഴ്ചയായ് ചുവടുവയ്ക്കണം .വീഴ്ചകളില്‍നിന്നും വീഴ്ചകളിലേക്ക് കൂപ്പുകുത്താതെ ഉയര്‍ത്തെഴുനേല്‍ക്കണം.
                     പുല്‍കൂട്ടില്‍ പിറന്ന ഉണ്ണിയെ കണ്ടുമുട്ടാന്‍ നമുക്കൊരോരുത്തര്‍ക്കും  കഴിയണം, എങ്കില്‍ മാത്രമേ പുല്‍കൂട്ടില്‍ പിറന്നു ദരിദ്രനായ്‌ ജീവിച്ചു പാപികളായ നമുക്കുവേണ്ടി നിന്ദിതനും പീഡിതനുമായി സ്വയം ബലിയായ്തീര്‍ന്ന യേശുവിന്റെ പാതയില്‍ മുന്നോട്ടു പോകാന്‍ കഴിയു .പിറവിതിരുനാള്‍ വെറും പ്രകടനങ്ങള്‍ ആകാതെ വ്യക്തി ജീവിതത്തിലും സമൂഹത്തിലും നന്മയുടെ സദ്‌ വാര്‍ത്ത‍കളകാന്‍ കഴിയണം .
                       ഹേറോദേസിന്റെ കൊട്ടാരതിളക്കങ്ങള്‍ക്കപ്പുറം കഷ്ടനഷ്ടങ്ങളുടെ വഴിത്താരകള്‍ പിന്നിട്ട് ലോകരക്ഷകന്റെ കാലിത്തൊഴുത്തില്‍ ജ്ഞാനികളെ എത്തിച്ചപ്പോള്‍ നക്ഷത്രത്തിനു സാഫല്യമായി . നമ്മളെയേല്പിച്ചിരിക്കുന്ന ഓരോ ദൗത്യവും പൂര്‍ണ്ണതയിലെത്തിക്കാന്‍ മാതൃകയുടെ വഴിവിളക്കായ്‌ നന്മയുടെ ചൈതന്യമായ്  നക്ഷത്രമായി മാറാംവരുംനാളിലും .ലോകരക്ഷകന്റെ തിരുപിറവിക്കുള്ള പുല്‍ക്കൂടുകളായി നമ്മുടെ ഹൃദയത്തെ ഒരുക്കാം .എല്ലാവര്‍ക്കും സ്നേഹവും സമാധാനവും നിറഞ്ഞ  ഐശ്വര്യപൂര്‍ണ്ണമായ ഓര്‍മ്മപുതുക്കലാകട്ടെ ഈ ക്രിസ്തുമസ് ദിനവും