Friday, December 25, 2015

ഹൃദയത്തിലൊരുക്കേണ്ട പുല്‍കൂട്

                     
                     ക്രിസ്തു ദരിദ്രരുടെ പക്ഷം ചേര്‍ന്ന്  ദരിദ്രനായ്‌  മാറിയപ്പോള്‍ അതു ക്രിസ്തുമസായി മനുഷ്യന്‍റെനിസ്സാരതയിലേക്കും ഇല്ലായ്മകളിലേക്കും ദൈവം കടന്നുവന്നതിന്റെ ഓര്‍മ്മ .സമ്പത്തിനും സ്ഥാനമാനങ്ങള്‍ക്കും സ്വയംപുകഴ്ത്തലുകള്‍ക്കുമായി മറ്റുള്ളവരെ ചവിട്ടിതാഴ്ത്തുന്നവര്‍,ജീവന്‍ അപഹരിക്കാന്‍പോലും മടിയില്ലാത്ത മലിനമായ സംസ്കാരത്തിന്റെ
മടിയില്‍  ഉറങ്ങിയുണരുന്ന ഇന്നത്തെലോകം. അന്ത്യവിധിയുടെ മാനദണ്ഡം വിശക്കുന്നവരുടെയും ദാഹിക്കുന്നവരുടെയും നഗ്നരുടെയും അനാഥരുടെയും ശുശ്രൂഷയാണന്ന് നമ്മളെ പഠിപ്പിച്ചവനാണ്  കാലിത്തൊഴുത്തില്‍ വന്നു പിറന്ന ക്രിസ്തു .
                       ഡിസംബര്‍ വരുമ്പോഴേ ആദ്യം മനസ്സില്‍ തെളിയുന്നത്  നക്ഷത്രങ്ങളാണ് . ജ്ഞാനികള്‍ക്കു വഴികാട്ടിയായ്‌ കാലിത്തൊഴുത്തിലെത്തിച്ചത് ആ നക്ഷത്രത്തിന്റെ ദൗത്യമായിരുന്നു,അതെ ദൗത്യമല്ലെ നമുക്ക് ഓരോരുത്തര്‍ക്കുമുള്ളത്. മറ്റുള്ളവര്‍ക്ക് പ്രകാശമായ് നേര്‍വഴിയുടെപാതതെളിച്ച് സ്നേഹത്തിന്റെ പരിമളം വീശി സഹനത്തിന്റെ പാതയില്‍ മുന്നേറുന്ന നക്ഷത്രമാകുവാന്‍ ലോകമോഹങ്ങളുടെ വര്‍ണ്ണപൊലിമയില്‍ മനംപതറാതെ മേഘപാളികള്‍ക്കും നിറചാര്‍ത്തുകള്‍ക്കപ്പുറം സനാതനനന്മയില്‍  ദൈവീകപുണ്യങ്ങളുടെ നേര്‍കാഴ്ചയായ് ചുവടുവയ്ക്കണം .വീഴ്ചകളില്‍നിന്നും വീഴ്ചകളിലേക്ക് കൂപ്പുകുത്താതെ ഉയര്‍ത്തെഴുനേല്‍ക്കണം.
                     പുല്‍കൂട്ടില്‍ പിറന്ന ഉണ്ണിയെ കണ്ടുമുട്ടാന്‍ നമുക്കൊരോരുത്തര്‍ക്കും  കഴിയണം, എങ്കില്‍ മാത്രമേ പുല്‍കൂട്ടില്‍ പിറന്നു ദരിദ്രനായ്‌ ജീവിച്ചു പാപികളായ നമുക്കുവേണ്ടി നിന്ദിതനും പീഡിതനുമായി സ്വയം ബലിയായ്തീര്‍ന്ന യേശുവിന്റെ പാതയില്‍ മുന്നോട്ടു പോകാന്‍ കഴിയു .പിറവിതിരുനാള്‍ വെറും പ്രകടനങ്ങള്‍ ആകാതെ വ്യക്തി ജീവിതത്തിലും സമൂഹത്തിലും നന്മയുടെ സദ്‌ വാര്‍ത്ത‍കളകാന്‍ കഴിയണം .
                       ഹേറോദേസിന്റെ കൊട്ടാരതിളക്കങ്ങള്‍ക്കപ്പുറം കഷ്ടനഷ്ടങ്ങളുടെ വഴിത്താരകള്‍ പിന്നിട്ട് ലോകരക്ഷകന്റെ കാലിത്തൊഴുത്തില്‍ ജ്ഞാനികളെ എത്തിച്ചപ്പോള്‍ നക്ഷത്രത്തിനു സാഫല്യമായി . നമ്മളെയേല്പിച്ചിരിക്കുന്ന ഓരോ ദൗത്യവും പൂര്‍ണ്ണതയിലെത്തിക്കാന്‍ മാതൃകയുടെ വഴിവിളക്കായ്‌ നന്മയുടെ ചൈതന്യമായ്  നക്ഷത്രമായി മാറാംവരുംനാളിലും .ലോകരക്ഷകന്റെ തിരുപിറവിക്കുള്ള പുല്‍ക്കൂടുകളായി നമ്മുടെ ഹൃദയത്തെ ഒരുക്കാം .എല്ലാവര്‍ക്കും സ്നേഹവും സമാധാനവും നിറഞ്ഞ  ഐശ്വര്യപൂര്‍ണ്ണമായ ഓര്‍മ്മപുതുക്കലാകട്ടെ ഈ ക്രിസ്തുമസ് ദിനവും 

Wednesday, December 23, 2015

നന്മയുടെ തിരുപിറവി


ഉണ്ണിയായ് പിറന്ന സുതന്റെ നന്മ
ഒരുചെറു തുള്ളിയെങ്കിലും നമ്മിലുണ്ടോ
വീണ്ടുമൊരോര്‍മ്മയായെത്തുമ്പോഴും
പിറക്കട്ടെ ഓരോ മനസ്സിലുമാനന്മ

മാമരംകോച്ചുന്ന മഞ്ഞിന്‍തണുപ്പിലായ്
കാലിത്തൊഴുത്തില്‍ ഭൂജാതനായപോല്‍
ദൈവികസൂനുതെളിച്ചൊരു ചൈതന്യം
നമ്മിലുംതെളിയട്ടെയെളിമതന്‍  രൂപമായ്‌

തെരുവിലലയുന്ന അനാഥനായേകിടാം
തണുപ്പകറ്റീടുവാനൊരുകൊച്ചുകംബളം
വേദനിക്കുന്നമുറിവുമായ്‌ നില്‍ക്കുമ്പോള്‍
ലേപനംപുരട്ടി സ്നേഹം പകര്‍ന്നിടാം

വിഭവങ്ങള്‍നിറയുന്ന മേശകളൊരുക്കുമ്പോള്‍
പലനാളായ് പട്ടിണിയായവരെയോര്‍ക്കുക
അവര്‍ക്കായൊരു പങ്കുനല്‍കികഴിക്കുമ്പോള്‍
അറിയുന്നില്ലേ ആനന്ദപുളകത്തിന്‍ നിര്‍വൃതി

സൃഷ്ടാവ്  നിനക്കായേകിയ നന്മകള്‍
മടിയേതുമില്ലാതെ പകര്‍ന്നുനല്‍കീടുക
ഇന്നുനീയെന്തായിരിക്കുന്നുയെന്നതും
ഈശ്വരന്‍ നല്‍കുമനന്തമാമനുഗ്രഹം

സമ്പാദിച്ചീടാനും വെട്ടിപിടിക്കാനും
എല്ലാംമറന്നുനാമോടിടുമ്പോള്‍
ഒരുമാത്രയെങ്കിലും ചിന്തിപ്പതുണ്ടോ
ഒരുതളര്‍ച്ചയാലെ തീരുമിതൊക്കെയും

ഇനിവരുംനാളില്‍ ജനിക്കട്ടെയുണ്ണിതന്‍
സ്നേഹവും ത്യാഗവും മാനവഹൃത്തിലായ്
നല്ല നിലങ്ങളായ്‌  നന്മവിതയ്ക്കുവാന്‍
വെട്ടിയൊരുക്കിടാംനമ്മള്‍തന്‍ ഹൃത്തുകള്‍



Tuesday, October 27, 2015

പ്രകാശമലരുകള്‍


സ്നേഹത്തിന്റെ പടതൊപ്പി
മനോഹരമായി തുന്നിച്ചേര്‍ത്തു
തൊങ്ങലുകള്‍ ചാര്‍ത്തിയതും
നിറത്തിലുമല്ല രൂപഭംഗിയുലുമല്ല

ആത്മബന്ധത്തിന്റെ ആഴം
അളക്കാന്‍ കഴിയാത്തൊരുഭാവമായ്
അലയടിച്ചെത്തുന്നു ധരണിയില്‍
നന്മനിറഞ്ഞിടും ചിലയിടങ്ങളില്‍

നിര്‍മ്മലമായൊരു സ്നേഹവീട്
ദീപ്തമാക്കിയ പൊന്‍വെളിച്ചത്തെ
എങ്ങുനിന്നൊവന്നു മുറിപ്പെടുത്തി
കരിന്തിരിയാക്കിയ കാപട്യമേ

അഹത്തില്‍ കരുതിയ ക്രൂരതകള്‍
അതിമോഹങ്ങളായിരുന്നുയെന്നസത്യം
വിടപറഞ്ഞകലുമ്പോള്‍ മറന്നുപോയി
വീണ്ടുമൊരുദയം കാത്തിരിക്കുന്നുയെന്നെ

ഇറുത്തെടുക്കാതെയെന്നുമുണ്ടാകണം
ഇരുളില്‍ പ്രകശമായെന്നില്‍
സുഗന്ധമായ്‌ പടരട്ടെ പാരില്‍
അക്ഷരമുറ്റത്തെ ചെമ്പകമലരായ്.........!!!!






Wednesday, October 21, 2015

അപ്പൂപ്പന്‍താടികള്‍


കൈവെള്ളക്കുള്ളിലെ അപ്പൂപ്പന്‍ താടിപോല്‍
കാറ്റില്‍ പറത്തിയ ജീവിതങ്ങള്‍
കണ്ടുരസിക്കുന്ന ക്രൂരവിനോദത്തിന്‍
അടിമയാണെന്നുമാ പോയ്‌മുഖങ്ങള്‍

ദുഷ്ടരാം കൂട്ടരേ കൂട്ടുപിടിച്ചിട്ടു
ദുഷ്ടലാക്കോടെ വലകള്‍ നെയ്തു
വലയില്‍കുടുങ്ങിയ ഇരകളെയൊക്കെയും
പണക്കൊതിയോടവര്‍ വിറ്റഴിച്ചു

അഴിയാക്കുരുക്കിലെ ഇരകള്‍തന്‍ കണ്ണുനീര്‍
കണ്ടുകൊണ്ടാനന്ദ നൃത്തമാടി
അഹങ്കാരഗര്‍വ്വിന്റെ മൂര്‍ത്തിമത് ഭാവമായ്
ആര്‍ത്തുചിരിച്ചു നടന്നു നീങ്ങി

ഈശ്വരന്‍ മുന്നിലെ വിധിയെതടുക്കുവാന്‍
കഴിയാതൊരുനാള്‍ തളര്‍ന്നുവീണു
സ്വന്തശരീരത്തിലരിക്കും പുഴുക്കളെ
തട്ടിയകറ്റാന്‍ കഴിയാത്ത ജന്മങ്ങളായ്........!!!!

Sunday, September 27, 2015

പരിമളം

എന്‍ മനസ്സിലെ പ്രണയപുഷ്പമേ
നിന്‍സുഗന്ധം നുകര്‍ന്നു ഞാന്‍
അക്ഷരങ്ങളെ താലോലിക്കുവാന്‍
ഒന്നിരുന്നോട്ടെ നിന്നരികില്‍

താഴെയിരിക്കുമെന്‍ കവിളില്‍
തഴുകി തലോടിയുണര്‍ത്താന്‍
ഇളംകാറ്റിന്‍ തേരിലേറിയെത്തും
പരിമളമേറും നിന്‍ചുംബനമുദ്രകള്‍

നിന്നില്‍ ലയിക്കുന്നനേരമെന്‍
ചിന്തകള്‍ അക്ഷരങ്ങളായ്‌
പുനര്‍ജ്ജനിക്കുന്നു വീണ്ടും
ഒരു കൊച്ചു കവിതയായ്

പൊയ് പോയ വസന്തം വീണ്ടും
എന്‍കൈകളില്‍ ചേര്‍ത്തുവക്കാന്‍
വിരുന്നു വരികില്ലേ വീണ്ടുമൊരു-
ചെമ്പകപ്പൂവായെന്നില്‍ നിറയാന്‍

ഞാന്‍ നടന്നകന്ന വഴികളില്‍
അടര്‍ന്നുവീണിരുന്നു നിന്നിതളുകള്‍
പെറുക്കിയെടുത്തു ഞാന്‍ ചേര്‍ത്തണച്ചു
പുതിയൊരുണര്‍വിന്‍ പരിമളമായ്.....!!!



Wednesday, September 23, 2015


ആത്മാര്‍ത്ഥതക്ക് അരനിമിഷത്തിന്റെ
വിലകല്പിക്കാത്തിടത്തു നിന്നും
യാത്രയാകു ഒരുനിമിഷംമുന്‍പേ
നിശബ്ദതയില്‍ അലിയുന്ന ശ്വാസംപോല്‍