Tuesday, December 9, 2014

ലാവ



ചിന്തയുടെ തീരത്ത്  തിരകള്‍ വന്നുപോയ്
അലകളകന്നപ്പോള്‍ ശ്യൂന്യമാം ചിപ്പികള്‍
ഏകാന്തമാകും തടവറ തന്നിലെ
മോക്ഷമുക്തിക്കായ്‌  കാത്തിരിക്കുംപോലെ

ഇനിയൊരു വരവ് ഉണ്ടാവില്ലയെന്നു -
മൊഴിയാന്‍ കഴിയാത്തൊരു  ശബ്ദവീചി 
കണ്ഠത്തില്‍ വന്നമര്‍ന്നു പോയി
ഇരുളിന്റെ താഴ്‌വരയില്‍ ഇമകള്‍ ചേര്‍ത്തു

സഹനത്തിന്‍ മേച്ചില്‍പ്പുറങ്ങളിലെന്തിനു 
വാക്കാല്‍ അഴത്തിന്‍ ഗര്‍ത്തങ്ങള്‍ തീര്‍ക്കുന്നു 
വാര്‍ന്നോഴുകീടുന്ന രക്തബാഷ്പാഞ്ജലി 
എന്നുനിലക്കുമറിയില്ലെനിക്കിന്ന്

പൊട്ടിയൊഴുകാന്‍ കൊതിച്ചൊരു ലാവയെ
നെഞ്ചിലൊതുക്കിയ അഗ്നിപര്‍വ്വതമായ് 
എരിഞ്ഞമരുന്നു മൗനമായ്  മന്നില്‍
ധരണിതന്‍ മടിത്തട്ടില്‍ മയങ്ങുംവരെ.............!!!

Wednesday, November 12, 2014

അക്ഷരതോണി


ദൂരങ്ങള്‍ താണ്ടി  അരികിലെത്തിയപ്പോള്‍
കൈയെത്തും ദൂരത്തു നിന്നും അകന്നുപോയ തോണി
ഏതു കരയിലാണ് അടുത്തതെന്നിപ്പോഴും അജ്ഞാതം

അനര്‍ഗളം ഒഴുകിയെത്തിയയെന്നക്ഷരങ്ങള്‍
നിത്യമാ  തോണിതന്‍ യാത്രികരായിരുന്നു
വെളുത്തതാളിലെ കറുത്തക്ഷരങ്ങള്‍ കുറിക്കുമെന്‍
തൂലിക തോണിതന്‍ പങ്കയമായിരുന്നു

ഇടമുറിയാതെ യാത്രചെയ്യുമാ തോണി
ഇരുള്‍പ്പരപ്പിലെവിടെ ഞാന്‍ തേടെണ്ടു.......!!!!

Saturday, November 8, 2014

തിരികെനടന്നവള്‍


സ്നേഹംകൊണ്ടൊരു   മുള്‍കിരീടം മെനഞ്ഞു
ചൂടിച്ചു തന്നിട്ട് വേദനിക്കുന്നുവോയെന്നുചോദിച്ചാല്‍ ...
ഉണ്ടെന്നു പറയാനും ഇല്ലന്നുപറയാനും
കഴിയാതുഴറും മൗനമാം മാനസമോ നീ ....

നിണം പൊട്ടിയൊഴുകിനിന്‍
കവിള്‍ത്തടം ചുവക്കുമ്പോള്‍
മുറിപ്പെട്ട നൊമ്പരം മറച്ചുനിന്‍ ചുണ്ടില്‍
വിരിയുന്നുശോകത്തില്‍ പൊതിഞ്ഞൊരുപുഞ്ചിരി ....

തനിയെ താങ്ങുന്ന ഭാരമെത്രനാള്‍
ഉത്തരമില്ലാത്ത ചോദ്യമായെത്തുമ്പോള്‍
എന്തുപറഞ്ഞു ഞാന്‍ ആശ്വസിപ്പിക്കും
എരിഞ്ഞുതീരും നിന്‍ ഉള്‍ത്തടത്തെ ....!!!

കാലചക്രം കഥപറഞ്ഞകലുമ്പോള്‍
ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ ഒരായിരം കദനങ്ങളും
മനുജന്റെ മനസ്സില്‍ മങ്ങാത്ത ചിത്രമായ്‌
മണ്‍മറഞ്ഞിടുവാന്‍ മരണമെത്തുംവരെ......!!!

Wednesday, October 29, 2014

ചവിട്ടുപടികള്‍


                                               
ഒരേ പടികെട്ടിലിരുന്നു സംസാരിച്ചപ്പോള്‍  എല്ലാം ശ്രദ്ധയോടെ കേട്ടു .സ്നേഹത്തിന്റെ പൂക്കളം തീര്‍ത്തു .ഒരാള്‍ ആദ്യ പടിയിലും ഒരാള്‍ അവസാന പടിയിലും നിന്നപ്പോള്‍ പറഞ്ഞത് പലതും കേട്ടില്ല .മനസിലാക്കിയത് പലതും മറ്റൊന്നായിരുന്നു . അവിടെ നിന്നും സഞ്ചാരത്തിന്റെ ദൂരം കൂടിവന്നു .ചിലപ്പോള്‍ നമ്മുടെ ജീവിതത്തിലും ഇതൊക്കെയാണ് സംഭവിക്കുന്നത് .ഒരേ പടിയിലിരുന്നു സംസാരിക്കേണ്ടത് പല പടികളിലിരുന്നു സംസാരിക്കുമ്പോള്‍ സൗഹൃദമായാലും കുടുംബജീവിതമായാലും , ഏതു തരം ബന്ധങ്ങളായാലും ശിഥിലമായികൊണ്ടിരിക്കും .നഷ്ടമാക്കിയാല്‍ പിന്നെ നേടാന്‍ കഴിയാത്തവ .....നല്ല ബന്ധങ്ങളെ ഒരിക്കലും നഷ്ടമാക്കതിരിക്കുക ....പിന്നീടു ഓര്‍ത്ത് വിലപിച്ചിട്ട് കാര്യമില്ല .......!!!!!

Wednesday, October 22, 2014

തിരിച്ചറിവ്


ഇലകൊഴിയും ശിശിരത്തില്‍
വിരുന്നിനെത്തിയ ദേശാടനകിളികള്‍ 
കലപില കൂട്ടിയപ്പോള്‍ ആ ചില്ലയിലിരുന്നു 
കേള്‍ക്കുവാനെ കഴിഞ്ഞിരുന്നുള്ളു 
ആരവങ്ങള്‍ ഒഴിഞ്ഞ അരങ്ങുപോലെ നിശബ്ദമായിരുന്നു 
കടലോളം കനലെരിയുമ്പോഴും ആ മാനസം
ഇനിയവര്‍ വരുമ്പോള്‍ താന്‍ കാണില്ലയെന്ന സത്യം
സ്വയം തിരിച്ചറിഞ്ഞ ഒരു കൊച്ചു കിളി .........!!!!

Thursday, October 16, 2014

ഉയരം


ഉയരമില്ലാത്തവരുടെ  ഉയരം അവര്‍തന്‍ നന്മയിലും
ഉയരമുള്ളവരുടെ ഉയരകുറവ്  ഞാനെന്ന ഭാവത്തിലും 

Tuesday, October 7, 2014

പൈങ്കിളി


ചിത്രവര്‍ണ്ണ കൂടൊരുക്കി കാത്തിരിക്കും പൈങ്കിളി
പഞ്ചവര്‍ണ്ണ ചിറകുവീശി പാറിവായെന്നരുകിലായ് ....
സ്നേഹമാകും സൗഹൃദത്തിന്‍ തേന്‍നുകര്‍ന്ന്  പോയിടാം
സാന്ത്വനത്തിന്‍ തൂവല്‍സ്പര്‍ശമേകി ഞാന്‍ നിന്നിടാം ....!!!!