Monday, October 10, 2016

പൊരുതി നേടിയ പൊന്‍തിളക്കം

                       
http://www.britishpathram.com/index.php?page=newsDetail&id=49048

                    അമ്മു ഡ്യൂട്ടി  കഴിഞ്ഞു വന്നപ്പോള്‍ വല്ലാത്തൊരു ക്ഷീണം .നാളെ അവധിയല്ലേ .സുഖമായി ഒന്നുറങ്ങാം. പ്രിയകൂട്ടുകാരി റീത്ത ഡ്യൂട്ടി കഴിഞ്ഞു വരാന്‍ ഇനിയും സമയമുണ്ട് അവള്‍ക്ക് ഈവിനിംഗ് ഡ്യൂട്ടിയാണ് അവള്‍ വരും മുന്‍പേ നല്ലൊരു ഉറക്കം കഴിഞ്ഞ് എഴുന്നേല്‍ക്കാം . കൈയ്യും മുഖവും കഴുകി മെല്ലെ കിടക്കയിലേക്ക് ചാഞ്ഞു.ഉറക്കത്തിന്‍റെ ആലസ്യം  കണ്ണുകളെ നന്നായി തഴുകുന്നുണ്ടെങ്കിലും എന്തെക്കെയോ ഓര്‍മ്മകള്‍ കുത്തിനോവിച്ചുകൊണ്ട് ഉറക്കത്തെ തടഞ്ഞുനിര്‍‍ത്തി.ഇന്ന് തന്‍റെ മുന്‍പില്‍ ചികിത്സക്കായി കടന്നുവന്ന ആ  റഷ്യന്‍ പെണ്‍കുട്ടി പറഞ്ഞകാര്യങ്ങളാണ്  തന്നെ ഇത്രയും സമയവും അലോസരപ്പെടുത്തികൊണ്ടിരിക്കുന്നത് . കുറച്ചുസമയത്തെ മാനസികയുദ്ധത്തിനു വിരാമമിട്ടുകൊണ്ട് അമ്മുവും ഉറക്കവും സുഹൃത്തുക്കളായി .

                       താക്കോല്‍ വാതില്‍ പഴുതില്‍ തിരിയുന്ന ശബ്ദംകേട്ടാണ് അവള്‍ കണ്ണുതുറന്നത് .ങേ ! സമയം ഇത്രയുമായോ ക്ലോക്കിലെ സൂചി  10 .30 ല്‍ എത്തിനില്‍ക്കുന്നു ഇന്നും നല്ല ഉറക്കം നടത്തിയല്ലേ റീത്തയുടെ ശബ്ദംകേള്‍ക്കാം .എന്നിട്ടും അമ്മുവിന് ഒന്നും സംസാരിക്കാന്‍ തോന്നിയില്ല .ഇന്ന് എന്താണ് മാഡത്തിനു ഒരു മിണ്ടാട്ടം  ഇല്ലാത്തത്‌. ഹെഡ് വഴക്കുപറഞ്ഞോ  കൂട്ടുകാരിയുടെ കളിയാക്കലൊന്നും അമ്മു കേട്ടതേയില്ല .താന്‍ കടന്നുവന്ന വഴികളിലൂടെ നടക്കുന്നവര്‍ ലോകത്തിന്‍റെ എല്ലാ ഭാഗത്തും ഇന്നുമുണ്ടെന്നുള്ള അറിവുകള്‍ അവളെ ചുട്ടുപൊള്ളിച്ചുകൊണ്ടിരുന്നു .മറക്കാന്‍ ശ്രമിക്കും തോറും ഓര്‍മ്മിപ്പിക്കാനായി  കടന്നുവരുന്നവര്‍ .ആരും മനപൂര്‍വ്വം അല്ലാട്ടോ ...കാലമെത്ര മാറിയാലും മനുഷ്യന്‍റെ മാറാത്ത മനസ്ഥിതിയാണ് ഇന്നും .

                         അവധി ദിവസമായാല്‍ അവര്‍ക്ക് പറയാന്‍  ഒരുപാട്  കഥകള്‍ പറയാനുണ്ടാകും വെറും കഥകള്‍ അല്ല .സ്റ്റേജില്‍ അരങ്ങേറുന്ന നാടകങ്ങളെ വെല്ലുന്ന പച്ചയായ ജീവിത സത്യങ്ങള്‍ .അമ്മുവും റീത്തയും കടലിന്‍റെ തീരത്തുള്ള ഫ്ലാറ്റിലാണ് താമസം .കടല്‍ത്തിരകള്‍ കരയോട് കിന്നരിക്കുന്നതും തിരികെ മടങ്ങുമ്പോള്‍ ഓര്‍മ്മക്കായ്‌  നല്‍കിയ സമ്മാനം പോലെ അവശേഷിപ്പിച്ചുപോകുന്ന കക്കയും ചിപ്പിയും അങ്ങിങ്ങായ്‌ ചിതറികിടക്കുന്നതും മനസില്‍ വേലിയേറ്റവും വേലിയിറക്കവും പോലെ സൃഷ്ടിക്കപ്പെടുന്ന ഒരു മനോഹരമായ കാഴ്ചതന്നെ .എത്ര കണ്ടാലും മതിയാകാത്ത ചിത്രം .കടലിലേക്ക്‌ തുറന്നിരിക്കുന്ന ബാല്‍ക്കണിയില്‍ അവധി ദിവസങ്ങളില്‍ അവരുടെ ലോകം തീര്‍ക്കപ്പെടുന്നു .കടലിന്‍റെ ഉപ്പുരസമുള്ള ഈറന്‍കാറ്റിന്‍റെ തഴുകലില്‍ ഇരുന്നാല്‍ സമയം പോകുന്നതറിയില്ല .
                                  അന്നത്തെ ദിവസം അമ്മു പതിവില്ലാതെ അസ്വസ്ഥമാണെന്ന് റീത്തക്കു തോന്നി അവള്‍ പലവട്ടം ചോദിച്ചിട്ടും അമ്മു ഒന്നും മിണ്ടിയില്ല .വെള്ളാരംകല്ലിന്‍റെ തിളങ്ങുന്ന പ്രകാശം ആ കണ്ണുകളില്‍ ഇപ്പോള്‍ കാണുന്നില്ല .പകരം നീര്‍പളുങ്കുകള്‍ നിറഞ്ഞുനില്‍ക്കുന്നു .വെളുത്തു തുടുത്ത നുണക്കുഴി കവിളില്‍ പുഞ്ചിരിയുടെ അകമ്പടിയില്ല .രണ്ടുവര്‍ഷമായി ഞങ്ങള്‍ ഒരുമിച്ചു താമസം തുടങ്ങിയിട്ട് ഇതുവരെ അവളെ ഇങ്ങനെ കണ്ടിട്ടില്ല .റീത്തക്കു നല്ല വിഷമം തോന്നിയെങ്കിലും അവള്‍ കൂടുതലൊന്നും പറയാതെ അമ്മുവിനെ തനിച്ചു വിട്ടു . നാല്ലൊരു കോഫി ഉണ്ടാക്കി വീണ്ടും അമ്മുവിന്‍റെ അരികിലേക്കെത്തി.

                       കുറച്ചുകഴിഞ്ഞപ്പോള്‍ അമ്മു പറഞ്ഞു തുടങ്ങി.ചെറുപ്പം മുതല്‍ വീട്ടില്‍ എല്ലാവരുടെയും വഴക്കും അടിയും തനിക്കായിരുന്നു .മൂന്ന് ചേച്ചിമാരാണ് അമ്മുവിന് .അച്ഛന്‍ ബിസിനസ്സു കാരന്‍ അമ്മ ആര്‍ .ഡി .ഓ  ഓഫീസില്‍ ജോലിചെയ്യുന്നു .അമ്മയും അച്ഛനും ജോലി കഴിഞ്ഞു വരുമ്പോള്‍ കൊണ്ടുവരുന്ന പലഹാര പൊതിയും ചേച്ചിമാരുടെ കൈകളില്‍ത്തന്നെ .താന്‍ കൈനീട്ടിയാല്‍ അല്പം മുറിച്ചു തന്നങ്കിലായി.കരഞ്ഞിട്ടും പ്രയോജനമില്ലന്നു മനസ്സിലാക്കിയിട്ടും കുഞ്ഞുമനസ്സ് കരഞ്ഞുകൊണ്ടിരിക്കും .ചേച്ചിമാരുടെ കളര്‍പെന്‍സില്‍ ഒന്നെടുത്താല്‍ അന്നത്തെ കാര്യം പറയണ്ട .അവരുടെ വീതം അടി ഉറപ്പാ .അമ്മയുടെ കൈയ്യില്‍നിന്നും സ്പെഷ്യല്‍ അടി തനിക്കു വാങ്ങിത്തരാന്‍ ചേച്ചിമാര് മത്സരിക്കുന്നതും . എല്ലാറ്റിനും കുറ്റമെനിക്കു തന്നെ .എന്തെങ്കിലും നഷ്ടപ്പെടുത്തിയാല്‍ ചേച്ചിമാര്‍ പറയും അമ്മു എടുത്തു നശിപ്പിച്ചതാണെന്ന് .ആകെ ഒരു ആശ്വാസം വീട്ടുജോലിക്ക് വരുന്ന ആയമ്മയാണ് .അവരുടെ മടിയില്‍ കയറിയിരിക്കുമ്പോള്‍ സ്നേഹത്തോടെയുള്ള  തലോടല്‍ തന്‍റെ അമ്മയുടെ അടുത്തുനിന്നും എത്ര കൊതിച്ചിരിക്കുന്നു.അമ്മ വൈകിട്ട് എത്തിയാല്‍  ആ മടിയില്‍ ഒന്ന് കയറിയിരിക്കാന്‍ ചെന്നാല്‍ അതിനുമുന്‍പേ ചേച്ചിമാര്‍ സ്ഥാനം പിടിക്കും തനിക്കൊരിക്കലും സ്ഥാനമില്ലായിരുന്നു .അമ്മയുടെ കൈകളില്‍നിന്നും ഒരു ഉരുളചോറ് വാങ്ങി കഴിക്കാന്‍ എത്രകൊതിച്ചിരിക്കുന്നു . അമ്മയുടെ വിരല്‍തുമ്പില്‍ പിടിച്ചു പുറത്തുനടക്കാനെത്ര ആശിച്ചു .താന്‍ എല്ലായിടത്തും അവഗണനയുടെ കഥാപാത്രമായിരുന്നു .കുരുത്തംകെട്ടവള്‍ എന്ന വിളിപ്പേര് ചെറുപ്പംമുതല്‍ കേട്ട് ശീലിച്ചത്.
                     അച്ഛന്‍ ഓഫീസില്‍ നിന്നും വരുമ്പോള്‍ ഫയലുകള്‍ മേശപ്പുറത്ത് വയ്ക്കുമ്പോള്‍ ഒന്നു പിടിച്ചുനോക്കാനുള്ള കൊച്ചു കൗതുകം .ഒരിക്കല്‍ കസേരയില്‍ പിടിച്ചു കയറിയതാ താഴെവീണതിന്‍റെ വേദന . ആരും പിടിച്ചെഴുനേല്‍പ്പിക്കാന്‍ വന്നില്ല  അവിടെക്കിടന്നു കുറെകരഞ്ഞു  പിന്നെ എഴുന്നേറ്റു .അവഗണനയുടെ വേദനയായിരുന്നു മുറിപ്പെടുത്തിയത് .അച്ഛന്‍ പറയുന്നേ കേള്‍ക്കാം അശ്രീകരത്തിനെ ഒന്ന് എടുത്തോണ്ട്പോകുന്നുണ്ടോ .
അമ്മയുടെ അടിയും ശകാരവും ഉറപ്പാ .എന്തിനായിരിക്കും എപ്പോഴും എല്ലാവരും തന്നെമാത്രം ഇങ്ങനെ വഴക്കുപറയുന്നത് .അതു മാത്രം മനസ്സിലാക്കാന്‍ ഉള്ള അവസ്ഥയില്‍ താനെത്തിയിരുന്നില്ല.

                     സ്കൂളില്‍ പോകാന്‍ തുടങ്ങിയതോടെ സന്തോഷത്തിന്‍റെ കിരണങ്ങള്‍ കാണാന്‍ തുടങ്ങി ജീവിതത്തിതില്‍.ക്ലാസ്സില്‍ നിറയെ കൂട്ടുകാര്‍ അവരോടൊപ്പം കളിക്കാം .അവര്‍ തരുന്ന മിട്ടായി തുണ്ടുകള്‍ക്ക് എന്ത് രുചിയായിരുന്നു .തന്‍റെ വീട്ടില്‍ താന്‍ ഒത്തിരി കൊതിച്ചകാര്യം . ക്ലാസ്സിലെ ഏറ്റവും മിടുക്കി താനായിരുന്നു പഠനത്തിലായാലും കലാകായിക പ്രവര്‍ത്തനത്തിലായാലും .അദ്ധ്യാപകരുടെ പ്രിയപ്പെട്ട ശിഷ്യ . സമ്മാനങ്ങളുമായി ഓടി വീട്ടില്‍ ചെല്ലുമ്പോള്‍ അമ്മ അടുക്കളയില്‍ തിരക്കിലായിരിക്കും .അടുത്തുചെന്ന് സമ്മാനം നീട്ടുമ്പോള്‍ ഒന്ന് നോക്കുകപോലും ചെയ്യാതെ അവിടെങ്ങാനും കൊണ്ടുവെയ്ക്ക് .പിന്നീടു നോക്കാമെന്നതണുത്ത മറുപടി  തന്നെ വല്ലാതെ മുറിപ്പെടുത്തി .ആരും കാണാതെ വീടിന്‍റെ പിന്നാംമ്പുറത്ത് പോയിരുന്നു കരയുമ്പോള്‍ ആയമ്മയുടെ   തണുത്തമെല്ലിച്ച  കൈകള്‍ എപ്പോഴും തനിക്കു ആശ്വാസമായിരുന്നു .
                        ആയമ്മ  പ്രായം അവരെ വല്ലാതെ കീഴ്പ്പെടുത്തിയിരുന്നു .എങ്കിലും വീട്ടിലെ ബുദ്ധിമുട്ടുകള്‍ പണിക്കുപോകാന്‍ അവരെ നിര്‍ബന്ധിതമാക്കി .ആയമ്മക്ക്‌ നാല് മക്കള്‍ .ഭര്‍ത്താവ് രാമേട്ടന്‍ നേരത്തെ മരിച്ചുപോയി .മക്കള്‍ രണ്ടാണും രണ്ടു  പെണ്ണും .ഒരു മോളെ മാത്രം കെട്ടിച്ചയച്ചു അവര്‍ ദൂരെയെവിടെയോ ആണ് .മറ്റു മൂന്നു മക്കളും ഓട്ടിസമുള്ളവര്‍ സ്വന്തം കാര്യങ്ങള്‍ ചെയ്യുവാന്‍ പരസഹായം വേണ്ടവര്‍ .വാര്‍ദ്ധ്യക്യത്തില്‍ താങ്ങും തണലുമാകേണ്ട മക്കള്‍, .പകലന്തിയോളം പണിയെടുത്ത് പുല്ലുമേഞ്ഞു ചാണകം മെഴുകിയ ആ ഒറ്റമുറി വീട്ടിലേക്കു കയറിചെല്ലുമ്പോള്‍  വിസര്‍ജ്ജ്യങ്ങളില്‍ കിടക്കുന്ന മക്കള്‍ .ആ അമ്മയുടെ വേദന പറയാന്‍ എനിക്കു കഴിയുന്നില്ല റീത്ത .പലപ്പോഴും ആയമ്മ പറയുന്നേ കേള്‍ക്കാം രാമേട്ടന്‍ ഭാഗ്യവാന്‍ ആണെന്ന് .ഞാന്‍ ചിന്തിക്കാറുണ്ട് നേരത്തെ മരിച്ചവര്‍ ഭാഗ്യവാന്‍മാരോ .അല്‍പംകൂടി മുതിര്‍ന്നപ്പോഴല്ലേ ആയമ്മ പറഞ്ഞതിന്‍റെ പൊരുള്‍ എനിക്കു മനസ്സിലായത് .ഇതൊന്നും കാണാതെയും അനുഭവിക്കാതെയും നേരത്തെ പോയ രാമേട്ടന്‍തന്നെയാ ഭാഗ്യവാനെന്നു എനിക്കും തോന്നിത്തുടങ്ങി .

                                 ഒരിക്കല്‍ ആയമ്മ അമ്മയോട് സംസാരിക്കുന്നതു കേട്ടു തന്നെകുറിച്ചാണെന്ന് മനസ്സിലായി .അമ്മുവെന്നു മാത്രം കേട്ടു .പിന്നീട് ആയമ്മയോടു ചോദിച്ചു എന്താണ് കാര്യമെന്ന് . ഇലഞ്ഞിക്കര തറവാട്ടിലെ അവസാനത്തെ ഏക ആണ്‍ തരി തന്‍റെ അച്ഛനായിരുന്നു .തന്‍റെ മൂത്ത ചേച്ചിമാര്‍ ജനിച്ചപ്പോള്‍ എല്ലാവരും കുറ്റപ്പെടുത്താന്‍ തുടങ്ങി നാലാമതും അമ്മ ഗര്‍ഭിണിയായപ്പോള്‍ ഇത്തവണ ആണ്‍കുട്ടിയായിരിക്കുമെന്നു എല്ലാവരും കണക്കുകൂട്ടി .അന്നത്തെ കാലത്ത് സ്കാന്‍ചെയ്യ്തു ആണോ പെണ്ണോ എന്ന് നോക്കാനുള്ള സംവിധാനം ഒന്നും ആയിട്ടില്ല .ഉണ്ടായിരുന്നെങ്കില്‍ ഇന്നീ ഭൂമിയില്‍ നിന്‍റെ മുന്നില്‍ കഥപറയാന്‍ ഞാന്‍ ഉണ്ടാകുമായിരുന്നില്ല .അമ്മുവിന്‍റെ കണ്ണുകള്‍ പൊട്ടി ഒഴുകികൊണ്ടിരുന്നു .എന്തുപറഞ്ഞു ആശ്വസിപ്പിക്കണമെന്ന് റീത്തക്കും അറിയില്ല .അമ്മു ജനിച്ചപ്പോള്‍ കുട്ടി പെണ്ണാണെന്നറിഞ്ഞപ്പോള്‍ ആരും കാണാന്‍ വന്നില്ല  അച്ഛന്‍ പറഞ്ഞുപോലും അശ്രീകരത്തിനെ എവിടെങ്കിലും കളഞ്ഞിട്ടു വീട്ടിലേക്കു  പോന്നാമതിന്ന് . എല്ലാവരുടെയും കുത്തുവാക്കുകളും കുറ്റപ്പെടുത്തലും അമ്മയും തന്നെ വെറുത്തു .ഈ കുരുത്തംകെട്ടത് വന്നതില്‍പിന്നെ എനിക്കു ഒരു സ്വസ്ഥതയും കിട്ടിയിട്ടില്ലയെന്ന് അമ്മയെപ്പോഴും പറയുന്നതിന്‍റെ അര്‍ഥം മനസ്സിലാക്കാന്‍ കുറെക്കാലം കഴിയേണ്ടിവന്നു.തന്‍ പെണ്ണായി ജനിച്ചത്‌ തന്‍റെ കുറ്റമാണോ .ഇപ്പോഴും ഇങ്ങനൊക്കെ ചിന്തിക്കുന്ന മാതാപിതാക്കള്‍ ഉണ്ട് റീത്ത .ഇന്ന് ചികിത്സക്കായി കടന്നുവന്ന ആ റഷ്യന്‍ പെണ്‍കുട്ടി അവളും ഇതേ അവസ്ഥയിലൂടെ കടന്നുപോകുവാ .മറക്കാന്‍ ശ്രമിക്കുന്നയെന്‍റെ  ഓര്‍മ്മകള്‍  ഇന്ന് ഊതി തെളിച്ചത് അവളുടെ മാനസികവേദനയുടെ ഭാണ്ഡത്തിലാണ്  .

                            പഠിക്കാന്‍ മടിച്ചിമാരായിരുന്ന ചേച്ചിമാര്‍ പത്താംതരം പലവട്ടം പയറ്റിയിട്ടും കരകയറാന്‍ കഴിഞ്ഞില്ല . അമ്മു പഠിച്ചു കോളേജും കഴിഞ്ഞു മെഡിക്കല്‍ എന്‍ട്രന്‍സ്‌ മികച്ച റാങ്കു നേടി പ്രവേശനം നേടി .ദൂരേക്ക് പഠിക്കാന്‍ പോകണ്ട പെണ്‍കുട്ടികള്‍ അടങ്ങിയൊതുങ്ങി വീട്ടില്‍ ഇരുന്നാല്‍ മതിയെന്ന അച്ഛന്‍റെ ഓര്‍ഡര്‍, അമ്മയുടെ ശാസന ,ചേച്ചിമാരുടെ അസൂയനിറഞ്ഞ ദേഷ്യം എല്ലാംകൂടി ഭ്രാന്തമായ ഒരു അവസ്ഥയിലായിരുന്നു താനന്നു.അന്ന് ആദ്യമായി എല്ലാവരുടെയും ശാസനകള്‍ക്കപ്പുറം തന്നെ ചിന്തിക്കാന്‍ പ്രേരിപ്പിച്ചതും മറികടക്കാന്‍ കഴിഞ്ഞതും  തന്‍റെ സ്കൂള്‍ ടീച്ചര്‍ ആയിരുന്ന മേരി ടീച്ചറിന്‍റെ  സ്നേഹസാന്ദ്രമായ ഇടപെടലുകളും ധൈര്യം പകര്‍ന്നുതന്ന വാക്കുകളുമായിരുന്നു .വിവാഹിതയായി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും മക്കളില്ലാതെ ഒത്തിരി വേദനിച്ചു ടീച്ചര്‍ .ഭര്‍ത്താവ്‌ ഉപേക്ഷിച്ചു പോയി .പിന്നീടുള്ള ജീവിതം വനിതാ ഹോസ്റ്റലിലായിരുന്നു .ഒരു ജോലി ഉള്ളതുകൊണ്ട് പട്ടിണികിടക്കേണ്ടി വന്നില്ല .മറ്റുള്ളവര്‍ക്ക് കൊച്ചുകൊച്ചു സഹായങ്ങള്‍ ചെയ്യാനും കഴിയുന്നുണ്ട് .
                                   വീട്ടില്‍ ആദ്യമൊക്കെകരഞ്ഞുനോക്കി  വഴക്കിട്ടുനോക്കി  ഒരു പ്രയോജനവും ഉണ്ടായില്ല .അച്ഛന്‍ വാശിയില്‍ ഉറച്ചുനിന്നു . തന്നെ ധിക്കരിച്ച് വീട്ടില്‍നിന്നും ഇറങ്ങിയാല്‍ പിന്നെ തിരികെ വീട്ടിലേക്കു കയറണ്ടയെന്ന വാക്കുകള്‍ കേട്ടതും നെഞ്ചുരുകുന്ന സങ്കടത്തോടെ വീട്ടില്‍നിന്നും ഇറങ്ങേണ്ടിവന്നു .അഡ്മിഷന്‍ എടുക്കാനും തന്നെ ഹോസ്റ്റലില്‍ ആക്കാനും ചേര്‍ത്തുനിറുത്തി ആശ്വസിപ്പിക്കാനും ദൈവദൂതയെപോലെ  മേരിടീച്ചര്‍ . പഠിക്കാന്‍ കഴിവുള്ള കുട്ടികള്‍ക്കു സഹായം ലഭിക്കാന്‍ സ്കോളര്‍ഷിപ്പ്  കിട്ടുമെന്ന  അറിവ് .അപേക്ഷ കൊടുത്തു .ഈശ്വരന്‍ അവിടെയും തുണച്ചു .അങ്ങനെ പഠനച്ചിലവിനും ഒരു പരിഹാരമായി .ഹോസ്റ്റല്‍ ഫീസ് കൊടുക്കാന്‍വേണ്ടി അധികാരികളുടെ അനുവാദത്തോടെ ചെറിയകുട്ടികള്‍ക്ക് ട്യൂഷന്‍ എടുത്തു .പഠനത്തിന്‍റെ അഞ്ചു വര്‍ഷങ്ങള്‍ ഒരു പോരാട്ടം തന്നെയായിരുന്നു  പഠനത്തില്‍ മാത്രം ശ്രദ്ധിച്ചു റാങ്കോടെ അവിടെയും പാസ്സായി . ഉന്നതപഠനത്തിനായി വിദേശത്തേക്ക് പറിച്ചുനടപ്പെട്ടു .പഠനശേഷം അവിടെതന്നെ ജോലിയും നേടി .
                             വീട്ടില്‍ നിന്നും പോന്നിട്ടു വര്‍ഷങ്ങള്‍ 9 കഴിഞ്ഞു ഇടയ്ക്കു പലവട്ടം കത്തുകള്‍ അയച്ചിരുന്നു .കൈപ്പറ്റിയിട്ട് ഒരു മറുപടിപോലും ലഭിച്ചില്ല .എല്ലാവരെയും കാണുവാന്‍ ആഗ്രഹം ഉണ്ടായിരുന്നു .പണ്ടൊരിക്കല്‍ വീട്ടില്‍ ചെന്നപ്പോഴുള്ള അനുഭവം പിന്നെയൊരിക്കലും ആ സാഹസത്തിനു മുതിരാന്‍അനുവദിച്ചില്ല .അവധിക്കു നാട്ടില്‍ പോയി മേരിടീച്ചറോടൊപ്പം ചിലവഴിച്ചു തിരികെപോരേണ്ടിവന്നു . തന്‍റെ ചേച്ചിമാരെയെല്ലാം വിവാഹം കഴിച്ചയച്ചുവെന്നറിയാന്‍ കഴിഞ്ഞു .സ്വത്തുക്കള്‍ എല്ലാം ചേച്ചിമാര്‍ക്കു മൂന്നുപേര്‍ക്കുമായി പങ്കുവച്ചു . അച്ഛനുമമ്മയും ഓരോ മാസവും ചേച്ചിമാരുടെ വീടുകളില്‍  മാറി മാറി നില്‍ക്കുന്നു .മുപ്പതുദിവസം കഴിഞ്ഞാല്‍ അടുത്തദിവസംകൂടി ഒരു വീട്ടില്‍ കാണില്ല. മാതാപിതാക്കള്‍ മക്കള്‍ക്ക്‌ ഭാരമാകാന്‍ തുടങ്ങിയിരിക്കുന്നു .അവര്‍ മൂന്നുപേരും കൂടി ആലോചിച്ചു അവരെ ഒരു വൃദ്ധസദനത്തില്‍ ആക്കി . ജീവിതത്തില്‍ ഇന്നുവരെ അനുഭവിക്കാത്ത വേദന അവരും അറിയാന്‍ തുടങ്ങി .അന്നാദ്യമായി അവര്‍ അമ്മുവെന്ന പേര് ഓര്‍മ്മിക്കാന്‍ തുടങ്ങി .അവളോട്‌ ചെയ്തതിന്‍റെ ശിക്ഷയാവും ഇപ്പോള്‍ അനുഭവിക്കുന്നതെന്നു പരസ്പരം പറഞ്ഞു സങ്കടപ്പെട്ടു .
               പെട്ടന്നൊരു ദിവസം അമ്മുവിന്‍റെ അച്ഛന്  കലശലായ നെഞ്ചുവേദന .പെട്ടന്ന് ആശുപത്രിയില്‍ എത്തിച്ചതിനാല്‍ രക്ഷപെട്ടു .എത്രയും പെട്ടന്ന് ഒരു ഓപ്പറേഷന്‍ വേണം .കുറച്ചു പണം അടക്കണം .ഒരു രൂപ പോലും തികച്ചു എടുക്കാനില്ലാത്ത അവര്‍ എന്തുചെയ്യാന്‍ .മക്കളെ വിവരമറിയിച്ചു .ഓരോ കാരണങ്ങള്‍ പറഞ്ഞു അവരെല്ലാം കൈ മലര്‍ത്തി .ഒന്ന് വന്നു കാണാന്‍ കൂടിയുള്ള സന്മനസ്സു കാണിക്കാത്ത മക്കള്‍ . ഇതറിഞ്ഞ മേരിടീച്ചര്‍ അമ്മുവിനെ വിവരം അറിയിച്ചു .അമ്മു പണം അയച്ചു തൊട്ടടുത്ത ദിവസം തന്നെ നാട്ടിലേക്കു വരാനുള്ള ടിക്കറ്റുമെടുത്തു .ഓപ്പറേഷന്‍ കഴിഞ്ഞു .മൂന്ന് ആഴ്ചക്ക് ശേഷം ആശുപത്രി വിട്ടു .നന്നായി ശ്രദ്ധിച്ചില്ലങ്കില്‍ ഇന്‍ഫക്ഷന്‍ ആകും .സദനത്തിലേക്ക് കൊണ്ടുപോകാന്‍ പറ്റില്ല .അമ്മു എന്തുചെയ്യണമെന്ന് അറിയാതെ ആകെ വിഷമിച്ചു അവള്‍ ഒരു ചെറിയ വീട് വാടകയ്ക്ക് എടുത്തു .നോക്കാന്‍ ഒരു ആളെയും ഏര്‍പ്പാട് ചെയ്തു .തിരികെ പോകണ്ട സമയമായി അമ്മു ടീച്ചറെ എല്ലാം പറഞ്ഞേല്‍പ്പിച്ചു മടങ്ങി .പോകാന്‍ നേരത്തെ യാത്രപറച്ചില്‍ അച്ഛന്‍ ഒന്നും മിണ്ടിയില്ലഎല്ലാറ്റിനും സാക്ഷിയായ്  ധാരയായ് ഒഴുകികൊണ്ടിരുന്ന കണ്ണുനീര്‍ മാത്രം . എല്ലാ തെറ്റുമേറ്റുപറഞ്ഞു ക്ഷമ ചോദിക്കുന്ന യാചനയായ് ആ കണ്ണുകളില്‍ നിറഞ്ഞുനിന്നത്.അമ്മയും ആകെ തകര്‍ന്ന ഒരു അവസ്ഥയിലായിരുന്നു .യാത്ര പറയാന്‍ നേരം അമ്മ ഓര്‍മ്മിപ്പിച്ചു മോളെ അമ്മു പ്രായം കൂടുന്നു ഒരു ജീവിതം വേണം നിനക്ക് ഒരു നല്ല കല്യാണം കഴിക്കണം .ആളെ കണ്ടെത്താന്‍ അമ്മയ്ക്കും അച്ഛനും ഇന്ന് ശേഷിയില്ല .നീ തന്നെ ഒരാളെ കണ്ടെത്തണം  പറയാന്‍ അമ്മക്ക് അര്‍ഹതയില്ലന്നു അറിയാം .നിന്‍റെ ചേച്ചിമാര്‍ ആരും നിന്നെ അന്വേഷിക്കാന്‍ വരില്ല അതും ഞങ്ങളുടെ തെറ്റുതന്നെ ക്ഷമിക്ക് കുട്ടി .ജീവിതത്തില്‍ താന്‍ വിവാഹത്തെകുറിച്ച് ചിന്തിച്ചിട്ടുപോലുമില്ലന്നു അപ്പോഴാണ്‌ ഓര്‍മ്മ വരുന്നത്.  അന്ന് അമ്മ കെട്ടിപ്പിടിച്ചു തന്‍റെ കവിളില്‍ നല്‍കിയ ചുംബനം ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട നിമിഷമായിരുന്നു .
                                   അച്ഛന്‍റെയും അമ്മയുടെയും ഒരു കാര്യത്തിനും  ആരും ബുദ്ധിമുട്ടണ്ടതായി വന്നില്ല .അമ്മു എല്ലാ കാര്യങ്ങളും ഭംഗിയായി നോക്കി .ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ അച്ഛന്‍ ഈ ലോകത്തുനിന്നും യാത്രയായി .അധികം താമസിക്കാതെ അമ്മയും .സ്നേഹം നുകരാന്‍ തുടങ്ങിയപ്പോഴേക്കും നഷ്ടപെട്ടുപോയ അവരെകുറിച്ച് ഓര്‍ക്കുമ്പോള്‍ അമ്മുവിന് സങ്കടം അണപൊട്ടിയൊഴുകും.ഇപ്പോള്‍ മേരിടീച്ചര്‍ മാത്രമാണ് തനിക്കു നാട്ടില്‍ ഉള്ള ഏകബന്ധം .
                 ഓര്‍മ്മപെയ്തുക്കള്‍ ........പെയ്തൊഴിഞ്ഞ കാര്‍മേഘങ്ങള്‍ തെളിഞ്ഞ ആകാശംപോലെ അവളെ ശാന്തമാക്കി .റീത്ത ഒന്നും മിണ്ടാന്‍ കഴിയാത്ത അവസ്ഥയിലും .ഇത്രയും നാള്‍ ഇങ്ങനെ ഒരു തീക്കടലുമായിട്ടാണല്ലോ ജീവിതം നീന്തിയത്‌ .താനായിരുന്നെങ്കില്‍ പണ്ടേ ജീവിതം അവസാനിപ്പിച്ചുപോയേനെയെന്നു റീത്തക്കു തോന്നി . അധികം കഴിയും മുന്‍പേ റീത്ത വിവാഹിതയായി .റീത്തയും ഭര്‍ത്താവും ചേര്‍ന്ന് അമ്മുവിനും നല്ലൊരു ജീവിതപങ്കാളിയെകണ്ടെത്തി കൊടുത്തു .തന്‍റെ അമ്മയുടെ ഉദരത്തില്‍ പിറന്നില്ലങ്കിലും തനിക്കെന്നും കൂടപ്പിറപ്പ് അവള്‍ മാത്രമായിരുന്നു .സമയം കിട്ടുമ്പോഴെല്ലാം അവര്‍ കുടുംബസമേതം ഒത്തുകൂടും  സ്നേഹത്തിന്‍റെയും കരുതലിന്‍റെയും സ്വര്‍ഗമായിരുന്നു ആ ഒത്തുചേരലുകള്‍ .


              എല്ലായിടത്തും സംഭവിക്കുന്നതും ഇതൊക്കെയാണ് തള്ളിക്കളഞ്ഞകല്ല്‌ മൂലക്കല്ല് ആയതുപോലെ എല്ലാവരും ഉപേക്ഷിച്ചു കളയുന്നവരായിരിക്കും അവസാനം അവരെ നോക്കാന്‍ കൂടെ ഉണ്ടാകുക .മക്കള്‍ ആണായാലും പെണ്ണായാലും എല്ലാവരും ഒരുപോലെയാണന്നു തിരിച്ചറിയാന്‍ എല്ലാ മാതാപിതാക്കള്‍ക്കും കഴിയട്ടെ .അതുപോലെ മാതാപിതാക്കള്‍ കണ്‍കണ്ട ദൈവമാണെന്ന് മക്കളും തിരിച്ചറിയുക . പൊരുതിനേടിയ പൊന്‍തിളക്കവുമായി ഭര്‍ത്താവിനോടും മക്കളോടുമൊപ്പം സന്തോഷത്തോടെ അമ്മുവിന്‍റെ ജൈത്രയാത്ര ഇന്നും തുടരുന്നു ...........!!!!



5 comments:

  1. വരുംവരായ്കകളെപ്പറ്റി ചിന്തിക്കാതെ മാതാപിതാക്കള്‍ക്ക് പറ്റുന്ന അബദ്ധങ്ങള്‍.സര്‍വ്വസാധാരണമായി ഇത്തരത്തില്‍ സംഭവിക്കുന്നുണ്ട്.ഒടുവില്‍ വൃദ്ധസദനങ്ങളും മറ്റും ശരണം...
    കഥ നന്നായി എഴുതി
    ആശംസകള്‍

    ReplyDelete
    Replies
    1. ഇന്നത്തെ സമൂഹം ഇങ്ങനെയാണ് ....വായനയ്ക്ക് നന്ദി സര്‍

      Delete
  2. This comment has been removed by a blog administrator.

    ReplyDelete
  3. പണിക്കാര്‍ ഉപേക്ഷിച്ചുകളഞ്ഞ കല്ല്‌ വീടിന്‍റെ മൂലക്കല്ലായി ഭവിച്ചു എന്ന ബൈബിള്‍ വചനം അന്വര്‍ത്ഥമാക്കുന്ന ഒരു കഥ, വളരെ നന്നായി എഴുതി കഥാപാത്രങ്ങളുടെ ബാഹുല്യം ഒഴിവാക്കി--ആശംസകള്‍-----

    ReplyDelete
    Replies
    1. ഈ വരവിനും വായനയ്ക്കും നന്ദി മരുപ്പച്ച

      Delete