എന്നിലെ എന്നെ അളന്നവര്‍ക്കിന്നു-
കിട്ടിയതെന്തെല്ലാം ചോദ്യോത്തരങ്ങളായ് ?
ഒന്നിലും പൂര്‍ണ്ണതയില്ലാത്ത രൂപമോ
എല്ലാം തികഞ്ഞൊരുകളിപ്പാവകുട്ടിയോ ?
ദു:ഖമുറഞ്ഞ മനസിന്റെ വേപഥ്
ചൊല്ലി കഴിഞ്ഞപ്പോള്‍ കിട്ടിയൊരാശ്വാസം
ദീര്‍ഘനിശ്വാസമായ്,ഗദ്ഗദമായത്-
തീര്‍ത്തുമവള്‍ക്കൊരു സാന്ത്വനമായ് മാറി
രണ്ടു ദിനങ്ങള്‍കൊണ്ടെല്ലാമറിഞ്ഞവര്‍
കപടദു:ഖത്തിന്റെ മൂടുപടത്തോടെ......
അകമേ പുച്ഛമാം പൊട്ടിച്ചിരിയോടെ
യാത്ര പറഞ്ഞു പിരിഞ്ഞുപോയ് പെട്ടന്ന്.
സര്‍വ്വവും നേടിയ വിജയാഹ്ലാദത്തോടവര്‍
വേട്ടനായ്ക്കളായ് തന്ത്രം മെനയുവാന്‍
ചൊല്ലാത്ത കാര്യങ്ങള്‍ ഭാവനകൊണ്ടവര്‍,
ഉയരത്തിലുള്ളോരു കോട്ടയായ് നിര്‍മ്മിച്ചു.
നാലുചുമരുകള്‍ക്കുള്ളിലവരെന്നെ
ബന്ധനസ്ഥയാക്കി ആരുമറിയാതെ
അറിയാന്‍ വൈകിയ സത്യങ്ങളൊക്കെയും,
അവളെ പഠിപ്പിച്ചതെന്തെന്തു പാഠങ്ങള്‍?
കപടതയോടെ അടുത്തുകൂടുന്നവര്‍,
മിത്രമായ്, പിന്നെ ബന്ധുക്കളായ് നടിക്കുമ്പോള്‍
മറക്കരുതൊന്നെ ജീവിത പാഠം
തിരിച്ചറിഞ്ഞീടുക സത്യവും മിഥ്യയും!
എല്ലാവരോടും ഒരിക്കലുംചൊല്ലരു-
തുള്ളിലെ സന്തോഷവും സങ്കടമായാലും.
എല്ലാ രഹസ്യവുമുള്ളിലൊതുക്കുക
അന്തരാത്മാവിന്‍ പേടകം തന്നിലായ്.......