Wednesday, January 15, 2020

അനുഭവം ഗുരു


പ്രിയ പ്രവാസി സുഹൃത്തുക്കളെ ഒരു വാക്ക്

നമ്മള്‍ നാട്ടിലേയ്ക്ക് പലപ്പോഴും കുഞ്ഞുങ്ങള്‍ക്കും,പ്രിയപ്പെട്ടവര്‍ക്കും എന്തെങ്കിലും പാഴ്സല്‍ അയക്കാറുണ്ട് .ചിലപ്പോള്‍ കളിപ്പാട്ടമോ ,ചോക്ലേറ്റോ, ഉണങ്ങിയ പഴങ്ങളോ ,അല്പം വസ്ത്രങ്ങളോ ഒക്കെ ആകും .കൂടെ കൂടെ നാട്ടില്‍ പോകാന്‍ പല പ്രവാസികള്‍ക്കും  കഴിയാത്ത ജോലി സാഹചര്യം ആയതുകൊണ്ടാണ് .നമ്മള്‍ കാശ് കൊടുത്ത് സാധനങ്ങള്‍ വാങ്ങി കാശും കൊടുത്ത് നാട്ടിലേയ്ക്ക് അയച്ചിട്ട് അവിടെ ചെല്ലുമ്പോള്‍ പോസ്റ്റ്‌ ഓഫീസില്‍ നിന്ന് വിളി വരും നിങ്ങള്‍ക്ക് ഒരു പാഴ്സല്‍ വന്നിട്ടുണ്ട് ഇത്ര രൂപ അടച്ച് കൈപ്പറ്റിക്കോളാന്‍. എന്തിനാണന്ന് ചോദിച്ചാല്‍ പറയും കസ്റ്റംസ് ഡ്യൂട്ടി ആണന്ന്. ഈ പണം അടച്ചാല്‍ അതിന് രസീതോ ,മറ്റു രേഖകളോ ഒന്നും തരാറുമില്ല. എന്‍റെ അനുഭവം നിങ്ങളോട് പറയാം.ഞാന്‍ ഒരു പാഴ്സല്‍ അയച്ചതിന് 1850 രൂപ അടച്ച് വാങ്ങിച്ചു .ഞങ്ങളുടെ അടുത്തുള്ള പോസ്റ്റ്‌ഓഫീസില്‍ എത്താന്‍ packing വലിച്ചുപൊളിച്ച് ഇട്ടതുകൊണ്ട് ദൂരെ ഉള്ള പോസ്റ്റ്‌ഓഫീസില്‍ പോയി ആ പാഴ്സല്‍ മേടിക്കേണ്ട ഗതികേടും ഉണ്ടായി .അതിലും കഷ്ടം അയച്ചതില്‍ പകുതി സാധങ്ങളും നഷ്ടപ്പെടുകയും ചെയ്തു .ഒരു കവറില്‍  ഒരുമിച്ചു വച്ച സാധനം പകുതി നഷ്ടപ്പെടണമെങ്കില്‍ ആരെങ്കിലും എടുക്കാതെ പോകില്ലല്ലോ .മറ്റൊരാളുടെ അദ്ധ്വാനഫലം ഒരു മടിയും കൂടാതെ എടുക്കുന്ന മനസാക്ഷിയില്ലാത്ത ദരിദ്രവാസികള്‍ ആയിപോയല്ലോ നമ്മുടെ നാട്ടിലുള്ള പല ജോലിക്കാരും .ഇനിമുതല്‍ പാഴ്സലുകള്‍ പരമാവധി അയക്കാതിരിക്കുന്നതാവും നല്ലത് ,സമയനഷ്ടവും പണനഷ്ടവും അത്രയും ഒഴിവാക്കാമല്ലോ .

Monday, August 5, 2019

മന:സാക്ഷി മരിക്കുന്നിടം


അധികാരത്തണലില്‍ മേവുന്നവര്‍
ക്രൂരമാം കൂത്തരങ്ങാക്കുന്നുവോ
ഗ്രാമവും നഗരവും വേര്‍തിരിവില്ലാതെ
ഭാരതമേ നിന്‍ മടിത്തട്ടിലെങ്ങും

കാമം കൊടികുത്തിവാഴുന്നുയെങ്ങും
ക്രോധം കാര്‍ന്നുതിന്നുന്നു നാടിനെ
അട്ടഹാസങ്ങള്‍ മാറ്റൊലികൊള്ളുന്നു
നിഹനിച്ചെടുക്കുന്നു നിഷ്കളങ്കജീവന്‍

സമ്പത്തിന്‍ ഹുങ്ക് പെരുക്കുന്നിടങ്ങള്‍
രാജ്യമന:സാക്ഷിയെ വിലങ്ങണിയിക്കുന്നു
അശരണവിലാപങ്ങള്‍ പെയ്തുതോരാതെ
കണ്ണീരുംചോരയും കലര്‍ന്ന ജീവിതങ്ങള്‍

നീതിയും ധര്‍മ്മവും പാലിച്ചിടേണ്ടവര്‍
അനീതിയില്‍ നീരാടി വാഴുന്നു സസുഖം
പരിത്രാണകരായ് കൂടെനടപ്പവരെന്തേ
പരിദാനം വാങ്ങിയുല്ലസിച്ചീടുന്നുയെങ്ങും

സത്യം വിളിച്ചോതിയെത്തുന്ന മര്‍ത്യനെ
നിഷ്കരുണം മായ്ച്ചുകളയുന്നു മന്നില്‍
പരികല്‍ക്കനത്തിനിരയായ്ത്തീര്‍ന്നവര്‍
നെഞ്ചുനീറ്റുന്ന പരിദേവനങ്ങളാകുന്നു

അടിമച്ചങ്ങലകള്‍ പണിയുന്നുവോ വീണ്ടും
അധികാരലോകത്തിലതിര്‍വരമ്പില്ലാതെ
ഇനിയൊരുവാസം സാധ്യമോയീനാട്ടില്‍
ശാന്തമായൊന്നുറങ്ങിയുണരുവാന്‍

അശാന്തിപുകയുന്ന വസുധയുടെ മാറിടം
അഗ്നിപര്‍വ്വതമായ് പൊട്ടിത്തെറിക്കുമോ
തിളച്ചുമറിയുന്ന ലാവാപ്രവാഹത്തില്‍
തിന്മയുടെ ലോകത്തെ ശുദ്ധീകരിക്കുമോ

ചിതകളോരോന്നുമെരിഞ്ഞടങ്ങുമ്പോഴും
നിലയ്ക്കാത്ത നിലവിളിയുയരുന്നപട്ടട
വിധിതീര്‍പ്പിനായി കാത്തിരിക്കുന്നു
മരണമെന്ന സത്യത്തെ മറികടക്കാതെ

സ്രഷ്ടാവ് നല്കിയ ദേഹത്തിന്‍ പ്രാണന്‍
തിരികെയെടുത്താല്‍ ജഡമാണ് മര്‍ത്യന്‍
നേടിയതൊന്നും കൊണ്ടുപോകില്ലാ
തിരികെപിടിക്കാന്‍ കഴിയില്ല ജീവനും



വിലപ്പെട്ട ദിനങ്ങള്‍


പ്രതീക്ഷയുടെ ചെരാതുകള്‍ തേടി മിന്നാമിനുങ്ങിന്‍റെ നുറുങ്ങു വെട്ടത്തിലേയ്ക്ക് മിഴികള്‍ പായിച്ച് നടന്നടുക്കുമ്പോള്‍ തെളിയാന്‍ മടിച്ച് പറന്നകന്നു.എല്ലാം വെറും മായക്കാഴ്ചകള്‍ മാത്രമെന്ന് തിരിച്ചറിയാന്‍ വൈകുംതോറും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ആയുസ്സിന്‍റെ ഓരോ ദിനവും വിലപ്പെട്ടതാണന്ന്‍ ഇനിയെന്നാകും മനസ്സിലാക്കുക .

Friday, July 12, 2019

തിരുത്തലുകള്‍

ശരിയെന്നു തോന്നുന്നിടത്ത് തെറ്റാണങ്കിലും നമ്മള്‍ ചൂണ്ടികാണിക്കാന്‍ പോകാതിരിക്കുക .നന്മകള്‍ക്ക് സ്ഥാനമില്ലാത്ത ലോകത്തിന്‍റെ പന്ഥാവിലൂടെയാണ് ഇപ്പോഴത്തെ നമ്മുടെ യാത്രകള്‍ .സ്നേഹത്തിന്‍റെയും കരുതലിന്‍റെയും തലോടലുകളും ചൂണ്ടികാണിക്കപ്പെടലുകളും ഇഷ്ടപ്പെടാത്ത ഇടങ്ങളില്‍ അകലം പാലിക്കുക ,നൊമ്പരങ്ങളുടെ ചൂളയില്‍ ചിറക് കരിഞ്ഞു വീഴാതിരിക്കുവാന്‍  അവഗണിക്കപ്പെടുന്നിടത് ആഗ്രഹമുണ്ടങ്കിലും ക്ഷണിക്കാത്ത അതിഥിളാകാതിരിക്കാം . തന്നിലേയ്ക്ക് ചുരുങ്ങിയാല്‍ നഷ്ടത്തിന്‍റെയും ദുഃഖത്തിന്‍റെയും അക്കമിട്ട് എഴുതുന്ന വരികളുടെ എണ്ണം കുറയ്ക്കുവാന്‍ കഴിയും. ഓരോ മുകുളവും വിടര്‍ന്നു മനോഹരമായ പുഷ്പമായ് നില്‍ക്കുമെങ്കിലും സൃഷ്ടാവ് നല്‍കിയിരിക്കുന്ന സമയം കഴിയുമ്പോള്‍ താനേ കൊഴിഞ്ഞ് മണ്ണില്‍ അലിയും .

Tuesday, May 7, 2019

മാപ്പില്ലാ ക്രൂരതകള്‍


ശലഭമായ് പാറിനടക്കേണ്ട കുഞ്ഞുങ്ങള്‍
ക്രൂരമാം കൈകളില്‍ വീണുടഞ്ഞു
ഊട്ടിവളര്‍ത്തേണ്ട കൈകള്‍ തന്നെ
തേച്ചുമായ്ച്ചീടുന്നു കുരുന്നുജീവന്‍

ആറ്റുനോറ്റുണ്ണിക്കായ് കേഴുന്നവര്‍
മന്നിലലയുന്നു കണ്ണീരുംകൈയ്യുമായി
സൃഷ്ടാവ് നല്‍കിയ കുഞ്ഞുങ്ങളെ
കുരുതി കഴിക്കുന്നു കാപാലികര്‍ ചിലര്‍

ശിലപോലുമലിയുന്ന നോവാല്‍
മുറിവേറ്റു പിടയുന്ന പിഞ്ചോമനകള്‍
സൃഷ്ടാവൊരിക്കലും മാപ്പേകില്ല
അമ്മയായ് വാണൊരു നിഷാദിമാരേ

കണ്ടവര്‍ കേട്ടവരെല്ലാവരും
ഒന്നുപോല്‍ തേങ്ങുന്നു കുഞ്ഞുങ്ങളേ
പ്രകൃതിയാമമ്മപോലും  നിന്‍ മുന്നില്‍
ആര്‍ത്തലച്ചെത്തുന്നു നോവിന്‍ മഴയായ്

പശിയേറ്റുകത്തുന്ന വയറാല്‍
മറ്റാരുമറിയാതുറങ്ങിയ കുഞ്ഞേ
മൗനംവെടിഞ്ഞു നീ മൊഴിയാത്തതെന്തേ
ഗുരുഭൂതരുള്ള നിന്‍ വിദ്യാലയത്തില്‍

നികൃതന്‍റെ കൈകളിലെന്തിനു കുഞ്ഞേ
നിന്നമ്മയേകി പന്താടുവാന്‍?
അമ്മതന്‍ രണ്ടക്ഷരത്തിന്‍ മഹത്വം
തീരാകളങ്കത്താല്‍ ദുശ്ചരിതയാക്കിയവര്‍

മുറിവേറ്റുവീണ നിന്‍ രക്തത്തിന്‍ ചാലുകള്‍
തുടച്ചീടുവാന്‍ കൂടപ്പിറപ്പിന്‍ കുരുന്നുകൈ മാത്രം
ഇനിയാര് പൊതിയുമാക്കുരുന്നിന്‍ ഗാത്രത്തെ
ക്രൂരമാം പീഡനമില്ലാത്ത ഗേഹത്തില്‍

അച്ഛന്നരികില്‍ നിന്‍ സ്വര്‍ഗ്ഗംപണിയുവാന്‍
മുറിവെത്രയേറ്റുനിന്‍ പിഞ്ചിളംമേനിയില്‍
ഇതുപോലരമ്മയുമീമന്നില്‍ വാഴല്ലേ .........
ഈഗതിയൊരുനാളും തനയര്‍ക്ക് വേണ്ടിനി

സ്വര്‍ഗ്ഗത്തില്‍ തിങ്ങിനിറയുന്നു കുഞ്ഞുങ്ങള്‍
കല്മഷമേശാത്ത മാലഖമാരായ്
ധരണിയില്‍ നരകങ്ങള്‍ തീര്‍ക്കുന്നു ക്രൂരമാം
ഹൃത്തിനുടമയായുറ്റവരന്യരുമൊന്നുപോലെ







Sunday, February 17, 2019

ശകടത്തില്‍ പായുമ്പോള്‍


ശകടത്തില്‍ പാറിപ്പറക്കുന്നവര്‍ 
ചോരത്തിളപ്പിന്‍ ലഹരിയാലേ
ഹെല്‍മറ്റ് വേണ്ടെന്‍റെ തലയില്‍
ഭംഗിയൊരല്പം കുറഞ്ഞുപോയാലോ

മുന്നേപോകുന്ന വണ്ടുപോലൊരു വണ്ടി
പുച്ഛംനിറയുമൊരു പുഞ്ചിരിച്ചുണ്ടില്‍
കാലങ്ങളിനിയുമോടേണ്ടതോര്‍ക്കാതെ
മറികടന്നോടുന്നു മറുപുറം നോക്കാതെ

ശകടത്തിന്‍ മേലേയിരിക്കുന്ന യൗവ്വനം
ഭൂലോകംകാല്ക്കീഴിലെന്നു ചിന്തിപ്പതോ
അരുതെന്ന് പറയുമ്പോഴഹന്തകൂടും
അരുതാത്തതൊക്കെയും വന്നുകൂടും

നിലവിളികണ്ഠത്തിലാര്‍ത്തു ചിരിക്കും
നിലമറന്നോടിയ നിമിഷങ്ങളെണ്ണി
ചിതറിത്തെറിക്കുന്ന രക്തവര്‍ണ്ണങ്ങള്‍
നീര്‍ച്ചാലുപോലെയൊഴുകും നിരത്തില്‍ 

തഴപ്പായ നിന്നെ നോക്കിച്ചിരിക്കും
ഈച്ചകള്‍ പലവട്ടം പാറിയടുക്കും
കൊതുകിന്‍റെമൂളലില്‍ മിഴിനനയ്ക്കും
പ്രതികരിച്ചീടുവാന്‍ ശേഷിവേണ്ടേ

മോര്‍ച്ചറിത്തണുപ്പിന്‍ സുഖമറിയും
ചന്തം തികഞ്ഞൊരു തലതകര്‍ക്കും
കത്തികള്‍ പലതും ആഴ്ന്നിറങ്ങും
സൂചിയും നൂലും കോര്‍ത്തുവലിക്കും

ഓര്‍ക്കുകയൊരു വട്ടമെങ്കിലും നീ
കാത്തിരിക്കുന്നവരേറെയുണ്ട്
അച്ഛനും അമ്മയും പെങ്ങളും ഭാര്യയും
അരുമക്കിടാങ്ങളും വീട്ടിലുണ്ടേ


Monday, January 28, 2019


നിറം മങ്ങി തുടങ്ങിയ അക്ഷരങ്ങള്‍ താളിനോട് എന്തെല്ലാമോ പിറുപിറുത്തുകൊണ്ടിരുന്നു .മറുപടിയില്ലാതെ വന്നപ്പോള്‍ തല ഉയര്‍ത്തി നോക്കിയ അക്ഷരങ്ങള്‍ കണ്ടത് കുറ്റപ്പെടുത്തലുകള്‍ കേട്ട് കണ്ണുനിറഞ്ഞ് മിണ്ടാന്‍പോലും കഴിയാതെ വിഷമിക്കുന്ന താളുകള്‍ മാത്രം .അറിയാതെ ഊര്‍ന്നുവീണ് പടര്‍ന്ന മഷിക്കൂട്ട് വികൃതമാക്കിയ താളുകള്‍ ആ നിമിഷമാണ് അക്ഷരങ്ങളുടെ കണ്ണില്‍ പെട്ടത് .ഇതുപോലെയാണ് പല ജീവിതങ്ങളും ,പുറമേ നിന്നു വാശിയോടെ വിധിക്കുന്ന നമ്മള്‍ ഒരിക്കലും അവരുടെ നോവുന്ന ഹൃദയത്തിലേയ്ക്കും നിറയുന്ന കണ്ണുകളിലേയ്ക്കും  നോക്കാറില്ല .മഷി പടര്‍ന്ന താളിനെ കൂടുതല്‍ വൃത്തികേട് ആക്കുവാന്‍ ശ്രമിയ്ക്കാതെ സ്നേഹമാകുന്ന മനോഹരമായ പൂക്കളാല്‍ ഒന്ന് അലങ്കരിച്ചു നോക്കിയാലോ .!!!!