Tuesday, October 29, 2013

സ്നേഹത്തിന്റെ കൈത്തിരി


എല്ലാം തികഞ്ഞു എന്നു സ്വയം അഹങ്കരിക്കുമ്പോള്‍ നമ്മളില്‍ നിന്നും പുറത്തേക്കു വരുന്ന വാക്കുകള്‍ മറ്റുള്ളവരെ  വേദനിപ്പിക്കുന്നു . ഒരു പക്ഷെ നമ്മള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട പലതും നാമറിയാതെ നഷ്ടപെടുന്നു . സ്വയം തിരക്കുകള്‍ അഭിനയിച്ചു മറ്റുള്ളവരില്‍ നിന്നും ഒഴിഞ്ഞു മാറുമ്പോള്‍ ഇല്ലാതാകുന്നതും എന്തെല്ലാം ആണ് .മാതാപിതാക്കളും മക്കളും തമ്മില്‍ ഉള്ള സ്നേഹോഷ്മളമായ അന്തരീക്ഷം........സഹോദരങ്ങള്‍ തമ്മിലുള്ള ബന്ധങ്ങള്‍ .........പ്രണയിക്കുന്നവര്‍ തമ്മിലും ....നല്ല കൂട്ടുകാര്‍ തമ്മിലും .......ഉള്ള ബന്ധങ്ങള്‍ ഇല്ലാതാകുന്നു
ക്ഷമിക്കാനൊ അല്പം വിട്ടുവീഴച്ചക്ക്  തയ്യാര്‍ ആകുവാനൊ ആരും തയ്യാറല്ല .നീയില്ലങ്കില്‍ എന്റെ ജീവിതം വെറും വട്ടപൂജ്യം ആണ്  എന്നു പറയുന്നവര്‍ അതെ നാവുകൊണ്ട് പറയുന്നു നീ പോയാല്‍ എനിക്ക്  ഒന്നുമില്ല ........ഒരുപാടു നാളുകൊണ്ട് കെട്ടിപ്പെടുത്ത നല്ലൊരു ബന്ധം ഒരു നിമിഷം കൊണ്ടു പൊട്ടിച്ചെറിയപ്പെടുന്നു . പിന്നീടു എങ്ങനെ കോര്‍ത്തിണക്കിയാലും പഴയ ഭംഗി ഉണ്ടാവില്ല .(പൊട്ടിയ കണ്ണാടിചില്ലുകള്‍ ചേര്‍ത്തുവച്ച്  അതില്‍ കാണുന്ന പ്രതിബിംബം പോലെ ).നമ്മളില്‍ നിന്നും കൈവിട്ടു പോകുന്ന വാക്കുകള്‍ ഒരിക്കലും തിരിച്ചെടുക്കാന്‍ കഴിയില്ല നമ്മള്‍ പറയുന്നതിന് മുന്‍പ്  അല്പമൊന്നു ചിന്തിച്ചാല്‍ ഒരു പരിധിവരെ ഒഴുവാക്കാവുന്ന കാര്യങ്ങള്‍ .ഞാന്‍ എന്ന ഭാവംകൊണ്ടു  പലരും സമൂഹത്തില്‍ നേടുന്നത്   വെറും കോമാളികള്‍ എന്ന വിശേഷണം ആണെന്നു നമ്മള്‍ അറിയുന്നില്ല . അല്പമൊന്നു തുറന്നു സംസാരിച്ചാല്‍ .......ക്ഷമിക്കാന്‍ തയ്യാറായാല്‍ .......ചെറിയൊരു വിട്ടുവീഴച്ച ചെയ്താല്‍ തീരാവുന്നതെ ഒള്ളു നമ്മള്‍ക്ക് മുന്‍പില്‍ വരുന്ന പല പ്രശ്നങ്ങളും.മറ്റുള്ളവരിലെ നന്മകള്‍ കാണുവാനും മനസിലാക്കുവാനും നമുക്ക് ശ്രമിക്കാം ...അഹങ്കാരത്തിന്റെയും വെറുപ്പിന്റെയും നാളങ്ങള്‍ അണച്ചുകൊണ്ടു  സ്നേഹത്തിന്റെ കൈത്തിരികള്‍ തെളിച്ചു കൊണ്ടു നമുക്കും മുന്നേറാം കൂട്ടുകാരെ.......... 

Saturday, October 26, 2013

ആവനാഴി


അപരനെ പഴിക്കുവാന്‍തുനിയുന്ന,
വാക്കുകള്‍ ഉതിര്‍ക്കുവാന്‍ എന്തു രസം....
അറിയില്ലയെങ്കിലും അറിഞ്ഞെന്ന ഭാവേന
ആവനാഴിയിലെ അമ്പു തൊടുത്തുവോ...?

എല്ലാറ്റിനും ഹേതുവായ്-
സ്നേഹമെന്ന വാക്കിനാല്‍ ബന്ധിച്ചു.
ആത്മാവിനാഴങ്ങളില്‍ പതിഞ്ഞൊരാ മൂന്നക്ഷരം
നീറാത്ത മനസ്സിനെ നീറ്റിലിറക്കുന്നു

ചാഞ്ഞുറങ്ങീടുവാന്‍ സൂര്യന്‍ മറയുമ്പോള്‍
അന്തിച്ചുവപ്പിന്‍ വര്‍ണ്ണം വിതച്ചതും....!
പിന്നാലെ വന്നു കരിനിഴല്‍ വീഴ്ത്തി
പകല്‍ വെളിച്ചത്തെ ആട്ടിയകറ്റീതും...!

കരയെ പുണരുവാന്‍ വെമ്പുന്ന തിരപോല്‍
അരികിലണയുന്നു അഹങ്കരമോടെ,
അലമാല തിരികെ മടങ്ങവേ
ശാന്തമായീടുന്നു ഓളപരപ്പും........

അഗാധഗര്‍ത്തത്തിലലയടിക്കുന്നുവോ
ഹുങ്കാരമോടെയിരയെ വിഴുങ്ങുവാന്‍
ശാന്തമായൊഴുകുന്ന പുഴപോലെയെങ്കിലും
നിനച്ചിരിക്കാതെ പൊട്ടിത്തെറിക്കുന്നു...

അഗ്നിശരങ്ങളെയേറ്റു വാങ്ങീടുവാന്‍
തപം ചെയ്തു നേടിയശക്തിയോടെ
ക്ഷമയെന്ന പാത്രത്തില്‍ അമൃതു വിളമ്പുന്നു
സംഹാരരൂപിയെ ശാന്തനാക്കീടുന്നു...

വിഷം വമിക്കുന്ന വാക്കായ് വരുമ്പോള്‍,
കീറിമുറിക്കുന്ന ഹൃത്തിന്റെ വേദന
ഒരുനാളിലുത്തരം നല്‍കേണ്ടി വരുമെന്ന്,
മറവി തീണ്ടാതെ ഓര്‍ത്തുകൊള്‍ക.............!








Tuesday, October 22, 2013

അറിയുന്ന സ്നേഹം


ജീവ കാലമെല്ലാം ഞാന്‍ നിന്നെ തിരഞ്ഞു
നാവുള്ളിടത്തോളം ഞാന്‍ പാടി പുകഴ്ത്തി

എന്‍റെ മോഹം നിന്നോടുമാത്രം എന്‍ദൈവമേ
നീയാണെന്‍റെ അഭിലാഷം

ഈ ഭൂവനത്തിലെ മലര്‍വാടിയില്‍
ഞാന്‍ ഒരു സഞ്ചാരിയായ്

ദൈവസ്നേഹത്താല്‍  നിറയും സുഗന്ധം
എത്ര അതുല്ല്യം എന്‍ദൈവമേ

നിന്‍ സ്നേഹം നുകരുന്നത്
എന്‍ ജീവിത സൗഭാഗ്യം

എന്‍ കണ്ണുകള്‍ നിന്നെ തേടുന്നത്
എത്ര മനോഹരം എന്‍ ദൈവമേ

ഓരോ അണുവിലും അറിയുന്നു ഞാന്‍
നിന്‍റെ ദൈവീക സാന്നിധ്യം

നിന്നെ ഓര്‍ത്തു വേല ചെയ്തിടുമ്പോള്‍
എന്‍ ജീവിതം സുരഭിലമെന്‍ദൈവമേ

തളരുന്ന കാലുകള്‍ താങ്ങിടുമ്പോള്‍
തകരുന്ന ഹൃദയത്തെ ചേര്‍ത്തിടുമ്പോള്‍

ആണിപാടുള്ള നിന്‍കരത്തിനുള്ളില്‍
ഭാഗ്യവതി ഞാന്‍ എന്‍ ദൈവമേ


Sunday, October 13, 2013

പ്രതിമ


ഇന്നൊരാള്‍ ചോദിച്ചു നീയും പ്രിതിമയോ?
ജീവന്‍ തുടിക്കുന്നതായിരുന്നു.......
ഇപ്പൊളില്ലാത്തതും........
ആ തുടിപ്പിന്‍ താളം!

സ്നേഹിച്ചൊരാള്‍ ആ പ്രിതിമയെ
ജീവന്‍ തുടിക്കുന്നതാക്കി മാറ്റി
നാളുകള്‍ മിന്നി മറഞ്ഞു -
മാറ്റത്തിന്‍ കാഹളം കേട്ടു തുടങ്ങിയോ?

സുന്ദരമാകുമാ വദനം പലര്‍ക്കുമേ
ഉള്ളാലെ മോഹമുണര്‍ത്തിയോ?
പറഞ്ഞും പറയാതെയും
തിരിഞ്ഞു നോക്കി നടന്നുപോയവര്‍

ഒളികണ്ണാല്‍ നോട്ടമെറിഞ്ഞവരനവധി
ഒന്നിലും മയങ്ങാത്ത പ്രതിമയോ ....?
കിട്ടാകനിയായി, സ്വയം-
പഴിച്ചു വിലപിച്ചവര്‍

സ്നേഹമാം വാരിധി തീര്‍ത്തയാള്‍
കടലിന്നടിതട്ടു കൊത്തളമാക്കി
അവിടെ തളച്ചിട്ടതോ നിന്‍
തുടിപ്പിന്റെ താളം............!

ഒരുനാള്‍ ചോദിച്ചോരാ വരം കേട്ടുനിന്‍ ,
പ്രാണന്‍ പിടയുന്ന വേദനയോ ?
നിന്‍ ജീവനെനിക്കു നല്‍കു
ആരും നിന്നെ അടര്‍ത്താതിരിക്കുവാന്‍,

എന്നിട്ടുമേന്തെ നീ സ്വതന്ത്രയായില്ല?
അത്രമേല്‍ സ്നേഹം പകര്‍ന്നു തന്നോ!
അവനിലലിഞ്ഞു ചേര്‍ന്നാജീവന്‍
ഇന്നു വെറുമൊരു പ്രതിമയായി.............!






Sunday, October 6, 2013

സ്വാര്‍ത്ഥമോഹങ്ങള്‍


സ്നേഹമെന്ന വാക്കിന്‍റെ അര്‍ത്ഥമിന്നെന്താണ്
മനുജന്റെ ജീവിതയാത്രയെങ്ങോട്ടാണ്

സ്വാര്‍ത്ഥതയാൽ ചിലർ അന്ധരായ്‌ മാറുന്നു
ക്രൂരമാം ചെയ്തികൾ ചെയ്തു മദിക്കുന്നു

പെറ്റമ്മയായാലും പൊന്നുമോളായാലും 
സ്ത്രീത്വം പലപ്പോഴും വികൃതമാക്കീടുന്നു

സ്വന്തം സുഖം തേടി പായുന്ന വേളയിൽ
മക്കളെപ്പോലും ഉപേക്ഷിച്ചു പോകുന്നു

ആഡംബരത്തിൽ മുങ്ങിക്കുളിക്കുവാൻ 
പിഞ്ചു പൈതങ്ങളെ ബലിമൃഗമാക്കുന്നു

വാർദ്ധക്ക്യമെത്തിയ മാതാപിതാക്കളെ
വൃദ്ധ സദനങ്ങളിൽ നിർദ്ദയം തള്ളുന്നു

എതിര്‍ക്കുവാന്‍ കഴിയില്ലെന്നറിഞ്ഞുകൊണ്ടല്ലയോ
മർത്ത്യരീ ക്രൂരത ചെയ്തുകൂട്ടീടുന്നു

സ്വന്തം ശരീരത്തില്‍ നുള്ളുമ്പോള്‍ മാത്രമേ
വേദനയെന്തെന്നിവർ അറിവതുള്ളൂ

പൂര്‍വികര്‍ നല്‍കിയ സ്നേഹ സന്ദേശങ്ങൾ 
സ്വാർത്ഥ മോഹങ്ങളിൽ മറഞ്ഞിടുന്നു

നിസ്വാർത്ഥ സ്നേഹം നിറഞ്ഞു തുളുമ്പീടുന്ന 
ഇനിയൊരു കാലമുണ്ടാകുമോ ഭൂവിതിൽ?


*************************

നെരിപ്പോട്


                        ഉള്ളിലേക്ക് എടുക്കുന്ന ശ്വാസം അടുത്ത നിമിഷംപുറത്തേക്കു വിടുവാന്‍ പോലും കഴിയുമോ എന്നു അറിയില്ല ? എന്നിട്ടും മനുഷ്യന്‍ എല്ലാം തന്റെ കഴിവെന്നു അഹങ്കരിക്കുന്നു. മറ്റുള്ളവരുടെ ചെറിയ ഒരു തെറ്റുപോലും ക്ഷമിക്കാന്‍ കഴിയാത്തവര്‍ . നാം ചെയ്യുന്നതൊക്കെയും ശരിയെന്നു കരുതി മറ്റുള്ളവരെ വിധിക്കുമ്പോള്‍ നമ്മളിലേക്ക് വരുന്നതോ ഒന്നിന് പകരം പത്തു പേരുടെ വിധി കല്പിക്കല്‍ ആകും .പക്ഷെ അത് ആരും തിരിച്ചറിയുന്നില്ല. തരം കിട്ടിയാല്‍ പ്രിയപ്പെട്ട സുഹൃത്തിനെ പോലും ഒറ്റിക്കൊടുക്കാനും ചതിക്കാനും തയ്യാറാകുന്നവര്‍....,....സ്നേഹത്തിന്റെ മഹുത്വം അറിയാത്തവര്‍,...മറ്റുള്ളവര്‍ സ്നേഹിക്കുന്നത് കാണുമ്പോള്‍ അവരെ ഏതുവിധേനയും വൃത്തികെട്ടവരായി ചിത്രീകരിച്ചും ഇല്ലാത്ത കുറ്റങ്ങള്‍ ചാര്‍ത്തി കൊടുത്തും സുഖം കണ്ടെത്തുന്നവര്‍,..ആത്മാര്‍ത്ഥ സ്നേഹം തിരിച്ചറിയാതെ വെറും കപടത ആണെന്ന് വിരള്‍ ചൂണ്ടുന്നവര്‍,...സത്യം തിരിച്ചറിയാതെനീയാണ് തെറ്റുകാരന്‍ എന്നു അലറുന്നവര്‍,...അങ്ങനെ എത്ര പേര്‍ നമുക്കു ചുറ്റുവും .........നമ്മളിലും...എന്തെല്ലാം കാണണം ?...കാലത്തിന്റെ പോക്ക് ദയ ഇല്ലാത്ത കൊലയാളിയെ പോലെ കാത്തുനില്‍ക്കുന്നു.പണ്ഡിതനായാലും പാമരനായാലുംഉത്തരം നല്‍കിയാലെ കടന്നുപോകാന്‍ പറ്റു എന്ന സത്യം തിരിച്ചറിഞ്ഞിരുന്നെങ്കില്‍  എത്ര നന്നായിരുന്നു..........!