Monday, January 28, 2019


നിറം മങ്ങി തുടങ്ങിയ അക്ഷരങ്ങള്‍ താളിനോട് എന്തെല്ലാമോ പിറുപിറുത്തുകൊണ്ടിരുന്നു .മറുപടിയില്ലാതെ വന്നപ്പോള്‍ തല ഉയര്‍ത്തി നോക്കിയ അക്ഷരങ്ങള്‍ കണ്ടത് കുറ്റപ്പെടുത്തലുകള്‍ കേട്ട് കണ്ണുനിറഞ്ഞ് മിണ്ടാന്‍പോലും കഴിയാതെ വിഷമിക്കുന്ന താളുകള്‍ മാത്രം .അറിയാതെ ഊര്‍ന്നുവീണ് പടര്‍ന്ന മഷിക്കൂട്ട് വികൃതമാക്കിയ താളുകള്‍ ആ നിമിഷമാണ് അക്ഷരങ്ങളുടെ കണ്ണില്‍ പെട്ടത് .ഇതുപോലെയാണ് പല ജീവിതങ്ങളും ,പുറമേ നിന്നു വാശിയോടെ വിധിക്കുന്ന നമ്മള്‍ ഒരിക്കലും അവരുടെ നോവുന്ന ഹൃദയത്തിലേയ്ക്കും നിറയുന്ന കണ്ണുകളിലേയ്ക്കും  നോക്കാറില്ല .മഷി പടര്‍ന്ന താളിനെ കൂടുതല്‍ വൃത്തികേട് ആക്കുവാന്‍ ശ്രമിയ്ക്കാതെ സ്നേഹമാകുന്ന മനോഹരമായ പൂക്കളാല്‍ ഒന്ന് അലങ്കരിച്ചു നോക്കിയാലോ .!!!!

Tuesday, January 22, 2019

നൃതി വിസ്മയം


നൃപവല്ലഭ ചില്ലമേല്‍
പടരും മുല്ലവല്ലിയായ്
നീയെന്‍ കിനാവിന്‍റെ
പ്രണയ തീരങ്ങളില്‍

അക്ഷര ചിന്തുകളുടെ
ചന്ദന തോപ്പുകളില്‍
ചാമരം വീശിയെത്തും
തെന്നലിന്‍ സുഗന്ധമായ്‌

നയനമനോഹര വാടിയില്‍
ശലഭസ്വപ്‌നങ്ങള്‍ നെയ്ത്
പൂനിലാപൊയ്കയില്‍
നീരാടി വിളങ്ങുന്നു നീ

കല്ലോലിനിയുടെ മാറില്‍
കല്ഹാരഹാരമായ്‌ വന്നു
കളഭം ചാര്‍ത്തിനില്‍ക്കും
വെണ്ണക്കല്‍ ശില്പമേ ......

കളഹംസത്തിന്‍ ഭംഗിയില്‍
ചിറകുവിടര്‍ത്തി നിന്നു
ധവളിമയിലലിയുന്നു
തൂവല്‍ സ്പര്‍ശങ്ങളായ്

നൂപുരധ്വനിയുണര്‍ത്തും
മാരിവില്‍ വര്‍ണ്ണങ്ങളില്‍
നൃതിവിസ്മയങ്ങളാലെ
ചാഞ്ചക്കമാട്ടുന്നുയെന്നെ 

Tuesday, January 8, 2019

നവയുഗപുലരി


മന്ദഹാസം തൂകുമര്‍ക്കന്‍റെ -
ഉഷകാലത്തിന്‍ പുതുമപോലെ 
പിറക്കട്ടെ പുതുനന്മകള്‍ പൂക്കും 
പുതുവര്‍ഷ പുലരിയീമന്നില്‍ 

കഴിഞ്ഞുപോയ വര്‍ഷങ്ങള്‍
നോവായ്‌ വന്നൊരു നിമിഷങ്ങള്‍ 
കൊഴിഞ്ഞുപോകട്ടെയിന്നില്‍ 
ഋതുക്കളായ് സ്മൃതികളില്‍നിന്നും 

നിന്ദിച്ച നാവുകള്‍ക്കെല്ലാം
ക്ഷമയോടെ നന്ദി ചൊല്ലാം 
നോവിച്ച വാക്കുകള്‍ക്കെല്ലാം 
സ്നേഹത്തിന്‍ പുഞ്ചിരിയേകാം

സാന്ത്വനത്തിന്‍ കുളിര്‍ത്തെന്നലായ് 
വീശിയെത്താം കദനതീരങ്ങളില്‍ 
പുതുനന്മകള്‍ പൂത്തുവിടരുന്ന 
ഹൃദയതല്പങ്ങളൊരുക്കി വയ്ക്കാം 

ഋതുഭേദങ്ങള്‍  സമയരഥങ്ങളില്‍ 
ആശ്വങ്ങളായ് കുതിച്ചുപായുന്നു 
ഇന്നുചെയ്യേണ്ടതൊക്കെയുമുലകില്‍  
നാളെയുടെ കരങ്ങളില്‍ വച്ചിടേണ്ട  

തളിര്‍മരത്തിന്‍ തണുവ്പോലെ 
സ്വച്ഛമായൊഴുകട്ടെ ജീവിതങ്ങള്‍ 
ശാന്തസുന്ദര സുരഭിലമായിടട്ടെ 
പുതുവര്‍ഷത്തില്‍ രാത്രിന്ദിവങ്ങള്‍

മിനി ജോണ്‍സണ്‍ 

ഉണ്മയുടെ മലരായ്


ഇതള്‍പ്പൂവിലലിയുന്ന
ഹിമബിന്ദുവിന്‍ ചേല്
ആരേകി നിന്നിലായ്
ചെമ്പനീര്‍ പൂവേ

കരവിരുതേകുന്ന
കമനീയ ചിത്രമായ്‌
തുള്ളികള്‍ തീര്‍ക്കുന്ന
തൊങ്ങല്‍ തിളക്കങ്ങള്‍

വിരല്‍ത്തുമ്പുത്തൊട്ടാല്‍
കുളിര്‍ത്തെന്നലെത്തിയാല്‍
ഇറ്റിറ്റുവീണു മറയുമൊരു
കണമാണ് നീയെന്നും

കൊഴിയുന്നയിതളും
പൊഴിയുന്ന ബാഷ്പവും
മൊഴിയുന്ന കഥയാണ്‌
അഴലിന്‍റെ വഴികള്‍

നശ്വരമാണീയുലകത്തിന്‍
വര്‍ണ്ണിച്ചു തീരാത്ത ശോഭ
അനശ്വരമാക്കുവാനായി
ഉണ്മയുടെ മലരായ് വിടരാം