തേച്ചുമിനുക്കിയെടുത്തൊരു
നിഷേധങ്ങള്‍ കണ്ടുമടുത്തു
ചിലന്തിവലപോലെ കുരുക്കുന്നു
നിയമസംഹിതയാല്‍ പട്ടിണിപ്പാവങ്ങളെ
ശ്വാനന്‍റെ പരാക്രമത്തില്‍ പ്രാണന്‍
പൊലിഞ്ഞു പോയമനുജര്‍
അര്‍ദ്ധപ്രാണരായ് ജീവിച്ചിടുന്നവര്‍
രക്ഷകരെന്നും ശുനകനുമാത്രം
കാമഭ്രാന്തന്‍റെ പേക്കൂത്തില്‍
മാഞ്ഞുപോയ് അരുമപ്പെണ്‍ക്കൊടികള്‍
തിന്നുകൊഴുത്തുവിലസുന്നു നീചന്മാര്‍
ധനമുള്ള കൈകള്‍ക്കെന്തുമാകാം
കുഞ്ഞുങ്ങളെത്തട്ടിയെടുക്കുന്നവര്‍
ഭിക്ഷക്കായ് പ്രതോളിയില്‍ വില്ക്കുന്നു
നാട്യം നടത്തി പരിഭ്രാന്തി വിതച്ചും
മറ്റെന്തിനോ ചിലര്‍ കോപ്പുകൂട്ടുന്നു
നിയമങ്ങളൊക്കെയും പൊളിച്ചെഴുതുന്നു
പാവംജനങ്ങള്‍ പൊറുതിമുട്ടുന്നു
ഒരുനോട്ടുമാറുവാനൊരുദിനം വേണമോ
ലക്ഷ്യം ജനനന്മയാണെന്നു വാഴ്ത്തുമ്പോഴും
കോടികളാസ്തിയുള്ള പാവത്തിന്‍റെ
കോടിക്കടങ്ങളെഴുതിത്തള്ളുമ്പോഴും
കുടിലിലുറങ്ങുംദരിദ്രനെ ജപ്തിയാല്‍
തെരുവിലിറക്കുവാന്‍ മടിയില്ല ബാങ്കിനും
നാടിന്‍റെനന്മകള്‍ കറയറ്റതാക്കുവാന്‍
പാവംജനത്തിന്‍റെ കണ്ണീരുകാണുവാന്‍
നന്മമരങ്ങളായ് പിറക്കട്ടെ മന്നില്‍
നേരും നെറിയും നിറഞ്ഞ മക്കള്‍