ശലഭമായ് പാറിനടക്കേണ്ട കുഞ്ഞുങ്ങള്‍
ക്രൂരമാം കൈകളില്‍ വീണുടഞ്ഞു
ഊട്ടിവളര്‍ത്തേണ്ട കൈകള്‍ തന്നെ
തേച്ചുമായ്ച്ചീടുന്നു കുരുന്നുജീവന്‍
ആറ്റുനോറ്റുണ്ണിക്കായ് കേഴുന്നവര്‍
മന്നിലലയുന്നു കണ്ണീരുംകൈയ്യുമായി
സൃഷ്ടാവ് നല്‍കിയ കുഞ്ഞുങ്ങളെ
കുരുതി കഴിക്കുന്നു കാപാലികര്‍ ചിലര്‍
ശിലപോലുമലിയുന്ന നോവാല്‍
മുറിവേറ്റു പിടയുന്ന പിഞ്ചോമനകള്‍
സൃഷ്ടാവൊരിക്കലും മാപ്പേകില്ല
അമ്മയായ് വാണൊരു നിഷാദിമാരേ
കണ്ടവര്‍ കേട്ടവരെല്ലാവരും
ഒന്നുപോല്‍ തേങ്ങുന്നു കുഞ്ഞുങ്ങളേ
പ്രകൃതിയാമമ്മപോലും നിന്‍ മുന്നില്‍
ആര്‍ത്തലച്ചെത്തുന്നു നോവിന്‍ മഴയായ്
പശിയേറ്റുകത്തുന്ന വയറാല്‍
മറ്റാരുമറിയാതുറങ്ങിയ കുഞ്ഞേ
മൗനംവെടിഞ്ഞു നീ മൊഴിയാത്തതെന്തേ
ഗുരുഭൂതരുള്ള നിന്‍ വിദ്യാലയത്തില്‍
നികൃതന്‍റെ കൈകളിലെന്തിനു കുഞ്ഞേ
നിന്നമ്മയേകി പന്താടുവാന്‍?
അമ്മതന്‍ രണ്ടക്ഷരത്തിന്‍ മഹത്വം
തീരാകളങ്കത്താല്‍ ദുശ്ചരിതയാക്കിയവര്‍
മുറിവേറ്റുവീണ നിന്‍ രക്തത്തിന്‍ ചാലുകള്‍
തുടച്ചീടുവാന്‍ കൂടപ്പിറപ്പിന്‍ കുരുന്നുകൈ മാത്രം
ഇനിയാര് പൊതിയുമാക്കുരുന്നിന്‍ ഗാത്രത്തെ
ക്രൂരമാം പീഡനമില്ലാത്ത ഗേഹത്തില്‍
അച്ഛന്നരികില്‍ നിന്‍ സ്വര്‍ഗ്ഗംപണിയുവാന്‍
മുറിവെത്രയേറ്റുനിന്‍ പിഞ്ചിളംമേനിയില്‍
ഇതുപോലരമ്മയുമീമന്നില്‍ വാഴല്ലേ .........
ഈഗതിയൊരുനാളും തനയര്‍ക്ക് വേണ്ടിനി
സ്വര്‍ഗ്ഗത്തില്‍ തിങ്ങിനിറയുന്നു കുഞ്ഞുങ്ങള്‍
കല്മഷമേശാത്ത മാലഖമാരായ്
ധരണിയില്‍ നരകങ്ങള്‍ തീര്‍ക്കുന്നു ക്രൂരമാം
ഹൃത്തിനുടമയായുറ്റവരന്യരുമൊന്നുപോലെ