Friday, April 24, 2015

അറിയാത്തനോവുകള്‍



നോവുന്നു മനതാരില്‍
എന്തെന്ന് ചൊല്ലുവാനറിയില്ലെനിക്കിപ്പോള്‍

നൊമ്പരമായ് വിങ്ങലായ്
തട്ടി മുറിയുന്നു ചോര പൊടിയുന്നു

ആ നൊമ്പരം അണപൊട്ടിയൊഴുകുന്നു
മിഴിനീരിനാല്‍ തീര്‍ത്ത അരുവിയായ്

പ്രിയമുള്ളതെന്തോ നഷ്ടമാകുന്ന
നിമിഷങ്ങളെ ഓര്‍ത്തോ

അതോ പ്രിയമായ് വന്നുചേര്‍ന്ന
നിമിഷത്തെ ഓര്‍ത്തോ

എത്രയോ വട്ടം പരതി നടന്നു ഞാന്‍
എന്‍ അന്തരാത്മവിന്‍ ആഴങ്ങളില്‍

അതൊരു സമസ്യയായ് ഇന്നും
ഉത്തരം കിട്ടാത്ത നൊമ്പരം

ദൂരെ നിന്ന് കാതില്‍ മുഴങ്ങി
ഒരു കിളികൊഞ്ചലില്‍ അമ്മേയെന്ന പിന്‍വിളി

അറിയില്ല എനിക്കിന്നും അതിനാലാണോ
എന്‍ ഹൃദയത്തെ കീറിമുറിക്കുന്ന

ചോരപൊടിയുന്ന നൊമ്പരപാടുകള്‍
എന്നും വിങ്ങുന്ന നോവായ്‌

തേങ്ങലായ് ചോരപൊടിയുന്നു നിനവില്‍
ഒന്നെടുത്തുമ്മ വെക്കാന്‍ കൊതിപ്പു ഞാന്‍  


മിന്നി തിളങ്ങുന്നോരോമനപൈതലിന്‍
പുഞ്ചിരി പൊഴിക്കുന്ന പൊന്‍മുഖം


ശലഭം





മൌനമാകും കൂടു തേടി പറന്നകന്ന ശലഭമേ
നീ പുഴുവായിരുന്നപ്പോള്‍
കൂട്ടിനുള്ളില്‍  എത്ര സുരക്ഷിതം

കൂടു വിട്ടുപുറത്തേക്കുവന്നീടുവാന്‍
വെമ്പല്‍ പൂണ്ടനിമിഷങ്ങളില്‍
ഇന്നുമോര്‍ക്കുമ്പോള്‍ നീ ഞെട്ടുകയോ ?

ശലഭമായ് മാറിയപ്പോള്‍ നിന്‍
ചിറകുകള്‍ എത്ര മനോഹരം
ആദ്യമായ് വാനില്‍ പാറിയപ്പോള്‍

നീ കണ്ടതെല്ലാം എന്തെന്തു കാഴ്ചകള്‍
പൂക്കളില്‍ തേന്‍ നുകര്‍ന്നു
ഇളം കാറ്റില്‍ ഊഞ്ഞാലാടി

പാറി പറന്നു വാനിലാകെ
 കാത്തിരുന്നു നിന്‍ വരവിനായ്
ഒരുപാടു പൂക്കളെന്നും പൂന്തോപ്പുതോറും

എങ്ങുമേ പോവാതെ നീ പറന്നു
മൌനമാകും കൂട്ടിനുള്ളില്‍ അണയുവാനായ്
എങ്കിലും പലവട്ടം നിന്‍ചിറകുകള്‍
കുഴഞ്ഞു മന്നില്‍ പതിച്ചുവോ നീ 

വീണ്ടും നിന്‍ ശക്തിയാല്‍
വാനില്‍ പറന്നില്ലേ?
ഒരു മാത്രയേതോ പൂവില്‍ മയങ്ങി നീ

ചെന്നു പതിച്ചതോ കൂര്‍ത്തോരു മുള്ളിന്മേല്‍
ചിറകറ്റു പോയ നീ മണ്ണില്‍ ലയിചില്ലേ
എന്തിനാപൂവില്‍ മയങ്ങി ശലഭമേ?

Friday, April 17, 2015

പ്രവാസത്തിലെ തണല്‍മരം

               
                        എന്നും  വൈകുന്നേരം അവര്‍ വളരെ നേരം സംസാരിക്കും .സംസാരിച്ചു കഴിഞ്ഞു ഫോണ്‍ കോള്‍കട്ട്  ചെയ്യുമ്പോള്‍ സങ്കടമാകും നമ്മുടെ അമീറിന് .അമ്മയുടെ കൈവിട്ടു പോയി ആള്‍ക്കൂട്ടത്തില്‍ തനിച്ചായ കുഞ്ഞിന്റെ അവസ്ഥയാണപ്പോള്‍ .അത് മറ്റാരുമല്ല നമ്മുടെ അമീറിന്റെ ഖല്‍ബിലെ മൊഞ്ചത്തി ജാസിയുടെ കോളാണ് .
                   അമീര്‍ ജോലി കഴിഞ്ഞു വന്നു തന്റെ പ്രിയപെട്ടവരോട് സംസാരിച്ചു കഴിഞ്ഞാല്‍ പിന്നെ ഓര്‍മ്മകളുടെ മേച്ചില്‍പ്പുറങ്ങളിലൂടെ ഒരു യാത്രയാണ് അവരുടെ കൈപിടിച്ച്. ഇപ്പോള്‍ സ്വപ്നം കാണാനും സ്നേഹം പകരാനും ജാസിയകൂടി ആയപ്പോള്‍ സമയം തികയാതായോ എന്നൊരു തോന്നല്‍ ഇല്ലാതില്ല .
                   സ്നേഹം കൊണ്ട് പൊതിയുന്ന ബാപ്പയും ഉമ്മയും .കൂടെനടന്നു കൊതിതീരാത്ത മൂത്തസഹോദരന്‍ ഇതാണ് അമീറിന്റെ കുടുംബം .പഠിക്കാന്‍ മിടുക്കനായിരുന്ന അമീറിന് ഒരു എഞ്ചിനീയര്‍ ആകണമെന്നായിരുന്നു ആഗ്രഹം .കോളേജ്പഠനം കഴിഞ്ഞു ബി സി എ കഴിഞ്ഞു തുടര്‍ന്ന് പഠിക്കാന്‍ ആഗ്രഹം ഉണ്ടായിരുന്നെങ്കിലും വീട്ടിലെ സാഹചര്യം അവനെ അനുവദിച്ചില്ല .ബാപ്പയും സഹോദരനും രോഗികളായപ്പോള്‍ കുടുംബഭാരം അമീര്‍ ഏറ്റെടുത്തു.പ്രയാസങ്ങള്‍ അങ്ങനെ അവനെയും ഒരു പ്രവാസിയാക്കി .
                    നല്ലൊരു ജോലിക്കുവേണ്ടി ഒരുപാട് ശ്രമിച്ചു നോക്കി  റക്കമെന്റ്റ് ചെയ്യാന്‍ ആരുമില്ലാത്തതിനാല്‍ ഫലമുണ്ടായില്ല . ഒടുവില്‍ ഒരു അക്കൗണ്ടിംഗ് സ്ഥാപനത്തില്‍ സ്റ്റോക്ക്‌ കണ്‍ട്രോളര്‍ ആയി ജോലിചെയ്യുന്നു .
                       അങ്ങനെ വര്‍ഷം നാല് കടന്നുപോയി .ഉടന്‍ നാട്ടില്‍ പോകാന്‍ ഇരിക്കുന്നു എന്തിനാണെന്നറിയില്ലേ.നമ്മുടെ ജാസിയയുടെ കഴുത്തില്‍ മിന്നു കെട്ടി സ്വന്തമാക്കാന്‍ .വീട്ടുകാര്‍ കണ്ടുപിടിച്ചതാണ് ആ കുട്ടിയെ നേരിട്ട്  പരസ്പരം അവര്‍ കണ്ടില്ലങ്കിലും ഫോട്ടോ കണ്ടു രണ്ടുപേര്‍ക്കും ഇഷ്ടപ്പെട്ടു .ഫോണിലൂടെ സംസാരിച്ചു അങ്ങനെ അമീറിന്റെ  ഖല്‍ബിലെ പ്രണയ പുഷ്പമായ് ജാസിയ വിടര്‍ന്നു നില്‍ക്കുന്നു .ഒരു പാവം കുട്ടി .
                             
                              നാല് വര്‍ഷത്തിനു ശേഷം അമീറിന് അവന്റെ മുതലാളി അനുവദിച്ചു കൊടുത്തിരിക്കുന്നത്‌ ആകെ മുപ്പത്തിയഞ്ചു ദിവസത്തെ അവധി .അതോര്‍ക്കുമ്പോള്‍ അവനു സങ്കടം നിയന്ത്രിക്കാന്‍ പറ്റുന്നില്ല .പ്രിയപെട്ടവരോടൊപ്പം അല്‍പസമയം ചിലവഴിക്കാന്‍ ,തന്റെ വിവാഹം നടത്തണം ,തന്റെ പ്രിയപ്പെട്ടവളെ ഒന്ന് കണ്‍നിറയെ കാണാന്‍പോലും ഉള്ള സമയം അതുപോലും ഉണ്ടാവില്ല ഈ അവധികൊണ്ട് .
                                  സഹജീവികളോടു കരുണ കാണിക്കാത്ത ഒരു വര്‍ഗ്ഗം മനുഷ്യന്‍ മാത്രമാണോയെന്നു ചില മേലാളന്‍മാരുടെ പ്രവര്‍ത്തികള്‍ കണ്ടാല്‍ തോന്നിപോകും .മറ്റുള്ളവരും തന്നെപോലെ വികാരങ്ങളും വിചാരങ്ങളും ഉള്ളവരാണെന്ന് അവര്‍ ചിന്തിക്കാറില്ല .സ്വന്തം ശരീരത്തില്‍ നുള്ളുമ്പോള്‍ മാത്രമേ വേദനിക്കുമെന്ന്  ചിന്തിക്കുന്നവര്‍ ....എന്നാവും ഇവരുടെയൊക്കെ അകക്കണ്ണ് തുറന്നു മറ്റുള്ളവരെയും സ്നേഹത്തോടെ കാണാന്‍ കഴിയുക .ദൈവത്തിന്റെ കോടതിയില്‍ കണക്കു പറയേണ്ടിവരുമെന്ന് എന്താണ് ഇവര്‍ മനസ്സിലാക്കാത്തത്

                                അമീറിന്റെ പ്രവാസ ജീവിതത്തില്‍ വളര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന തണല്‍മരമായ് ജാസിയ എന്നും ഉണ്ടാകട്ടെ എല്ലാ നന്മകളും നല്‍കി ഈശ്വരന്‍ ഇവരെ അനുഗ്രഹിക്കട്ടെയെന്നു നമുക്കും പ്രാര്‍ത്ഥിക്കാം .......ഒരുപാട് സങ്കടങ്ങള്‍ക്കിടയിലും തണല്‍ മരങ്ങളായ്‌ പ്രിയപ്പെട്ടവര്‍ ഓരോ പ്രവാസിയുടെ ജീവിതത്തിലും തണല്‍ വിരിക്കട്ടെയെന്നു നമുക്കും ആഗ്രഹിക്കാം ............!!!!!

പിന്‍നിര


പ്രതീക്ഷയോടെ നോക്കുമ്പോള്‍
മുഖംതിരിച്ചു നടന്നുപോയാല്‍
പിന്നോട്ട്  നോക്കാതൊരിക്കലും
നടന്നകലുക കാണാമറയത്തേക്ക്

മുന്നിലൊന്നാമനായ്‌  ചേര്‍ത്തനിന്നെ
പിന്നിലൊന്നാമനായ് മാറ്റിയപ്പോള്‍
നൊമ്പരങ്ങള്‍ക്കിടം കൊടുക്കാതെ
അലങ്കരിക്കുക  നീയവിടെ

സഹനത്തിന്റെ അകമ്പടിയില്ല
ചുമതലകളുടെ ഭാരവുമില്ല
സ്നേഹത്തിന്റെ ബന്ധനങ്ങളില്ല
കണ്ണുനീരിന്റെ പെയ്ത്തുമില്ല

പിന്നിലൊന്നാമനായ്‌  നില്‍ക്കവേണ്ട
പിന്‍തിരിഞ്ഞിന്നു  യാത്രയാകാം
പിന്‍വിളികേട്ടു തിരികേവരേണ്ട
പൊന്‍ വിളക്കായ് തെളിഞ്ഞുനില്‍ക്കു...... !!!!