Sunday, August 31, 2014

സമയം


നേടിയെടുക്കാന്‍ വര്‍ഷങ്ങള്‍
വിതക്കാന്‍ മാസങ്ങള്‍
ഫലം കൊയ്യാന്‍ ദിവസങ്ങള്‍
നഷ്ടമാക്കാന്‍ നിമിഷങ്ങള്‍ ...!!!

Thursday, August 28, 2014

കനവുകള്‍


കുളിര്‍ കാറ്റായ് വന്നു 
പാരിജാത സുഗന്ധമേകി 
തഴുകി ഉറക്കി കനവുകള്‍ തന്നു 
പുലരിയില്‍ പോയിമറഞ്ഞു 
വീണ്ടുമൊരു തെന്നലായ് 
പുല്‍കി ഉണര്‍ത്താന്‍ 
പ്രതീക്ഷതന്‍ ദീപമായ് 
കാത്തുനില്‍ക്കുന്നു അണയാതെന്നും

മങ്ങിയ ചിത്രം


എത്ര മനോഹരമായ ചിത്രം
നിറം മങ്ങിയ നിമിഷം
ചായകൂട്ടുകളെത്ര കൂട്ടിച്ചേര്‍ത്തു
തിരികെവരികില്ലോരിക്കലും പഴയ ഭംഗി
ഇതുപോലാകും ചിലപ്പോള്‍
ചില മര്‍ത്യബന്ധങ്ങളും...!!!!

ഓര്‍ക്കാപുറത്ത്


യാത്രക്കിടയില്‍ ഓര്‍ക്കാപ്പുറത്ത്
കണ്ടതും കേട്ടതും എന്താണ്
സത്യമോ അതോ മിഥ്യയോ
തിരിച്ചറിയാന്‍ ഒരു പരിശ്രമം ...!!!!

Wednesday, August 20, 2014

സ്നേഹം


വിശാലമായ ലോകത്തില്‍
വിവേകമില്ലാതെ വിരുന്നുവന്ന
വികൃതിയായ വിഡ്ഢി
വികൃതമാക്കിയ സ്നേഹം .....!!!!

Monday, August 18, 2014

ശാപം


നിറഞ്ഞോരാ മിഴികളില്‍
പൊഴിഞ്ഞതാം മണിമുത്ത്
സ്നേഹത്തിന്‍ ആധിക്യമായിരുന്നു
എനിക്കോ ശാപത്തിന്റെയും

എവിടെയെന്നറിയാതെ
എന്തന്നറിയാതെ
ഉഴറിടും നിമിഷവും
ആ മുഖം കണ്ടു ഞാന്‍

എല്ലാമറിഞ്ഞിട്ടും ഒന്നുമറിയാതെ
പുഞ്ചിരിയോടെ മുന്നില്‍ നിന്നു
അന്നെനിക്കേകിയ ശാപാഗ്നിയാല്‍
ഇന്നു ഞാനറിയുന്നു നോവിന്റെ ആഴം

നീയെനിക്കേകിയ പാഠങ്ങളെല്ലാം
പൊളിയെന്നു ചൊല്ലി തള്ളാതിരുന്നെങ്കില്‍
ഇന്നു ഞാന്‍ നീറി പിടയുന്ന നിമിഷാര്‍ദ്ധം
എന്നിലൊരിക്കലും അണയാതിരുന്നേനെ

Tuesday, August 12, 2014

കാലൊച്ചയില്ലാതെ


സ്നേഹ തൂവലാമെന്നെ
മിഴിനീര്‍ തുള്ളിയായ് മാറ്റി
മനസ്സിന്‍ മടിത്തട്ടില്‍ നിന്നും
മറഞ്ഞുപോയീടുന്ന ജന്മം

മറവിതന്‍ വര്‍ണ്ണങ്ങള്‍ ചേര്‍ത്ത്
പൊതിഞ്ഞെടുത്തതാം ജന്മം
അടച്ചു വച്ചൊരു നിധിയായ്‌
ചെംപട്ടിനുള്ളിലെ ചെപ്പില്‍

ഇനിയൊരു കാലൊച്ച കേള്‍ക്കാന്‍
കഴിയാതിരിക്കുന്ന ജന്മം
എവിടെ മറഞ്ഞെന്നറിയാന്‍
കാതോര്‍ത്തിരിക്കുന്ന ജീവന്‍

മടങ്ങി വരാത്തതാം കാലൊച്ചയെ
എന്തിനു കാത്തിരിപ്പു കാലമേ .....!!!!

Tuesday, August 5, 2014

നിശബ്ദസതീര്‍ത്ഥ്യന്‍


ആരുമറിയാതെ കാതില്‍ ചൊല്ലി നീ
പോകാം നമുക്കാരുമില്ലാത്തിടത്തേക്ക്
കണ്ണുമിഴിച്ചു ഞാന്‍ നോക്കിയെന്‍ ചുറ്റിലും
കണ്ണിമചിമ്മിയടഞ്ഞു പോയീ.....

പിന്നെ തുറക്കാന്‍ കഴിഞ്ഞില്ലൊരിക്കലും
ആ കാഴ്ചയൊന്നുമേകണ്ടതുമില്ല ഞാന്‍
അദൃശ്യമാംമേതോരാഘര്‍ഷണംപോലെ
യാത്രയായ് ആ വിരല്‍ തുമ്പില്‍പിടിച്ചു ഞാന്‍

കൂടെനടന്നകന്നീടുന്ന വഴികളും
നീണ്ടുകിടക്കുന്ന വിജനമാം വീഥിയും
നാസിക തുമ്പിനെമുത്തമിട്ട്
വലയം ചെയ്യുന്നൊരദൃശ്യഗന്ധവും

ഗന്ധമൊരായിരം ഓര്‍ത്തെടുത്തെങ്കിലും
ഈ ഗന്ധമെന്തെന്നറിയാന്‍ കഴിഞ്ഞില്ല
കാലൊച്ചയില്ലാതെയരുകില്‍ വന്നപ്പോഴും
ശാന്തനാമൊരു പഥികനായ് കരുതി ഞാന്‍

ഒന്നുമാത്രമറിയാമെനിക്കിന്നു
വിളിച്ചാല്‍ തള്ളാന്‍ കഴിയില്ലാര്‍ക്കുമേ
കാലൊച്ചയില്ലാതരികിലണയുന്ന
സതീര്‍ത്ഥ്യന്‍ തന്‍പേരോ "മരണം"




Friday, August 1, 2014

സ്നേഹത്തിന്റെ കൈത്തിരിനാളം

             


             
                            ആശുപത്രിയില്‍ കിടക്കുന്ന അനുജന് കൂട്ടുവന്നതാണ്‌ സ്കൂള്‍ അദ്ധ്യാപകനായ അന്‍വര്‍ .ഒരാഴ്ചത്തെ ആശുപത്രിജീവിതത്തിനിടയില്‍  അവര്‍ പലരെയും പരിചയപ്പെട്ടു . അങ്ങനെ പരിചയപ്പെട്ടതാണ് രഹ്നയെ. അവള്‍ ആ ആശുപത്രിയിലെ  നേഴ്സ് ആണ്. ആ പരിചയത്തിലൂടെ അവര്‍ നല്ല കൂട്ടുകാരായി മാറി  .
                                   നിസ്സാര കാര്യങ്ങള്‍ക്കു പോലും പൊട്ടിത്തെറിക്കുന്ന സ്വഭാവക്കാരനാണ്  അന്‍വര്‍ .അതു നല്ലതല്ല എന്നു അറിയാമെങ്കിലും നിയന്ത്രിക്കാന്‍ അവനു പറ്റാറില്ല. അതുകൊണ്ട് തന്നെ ജീവിതത്തില്‍ ഒരുപാടു ദു:ഖങ്ങളും കിട്ടിയിട്ടുണ്ട് .രഹനയുമായുള്ള ചങ്ങാത്തം അവന്റെ ഈ ദുശീലത്തില്‍നിന്നു ഒരുപാട് മാറ്റങ്ങള്‍ വരുത്താന്‍ സഹായിച്ചു .അവള്‍ പൊതുവെ ശാന്തസ്വഭാവകാരിയും നല്ല ക്ഷമയുള്ള കുട്ടിയുമാണ്‌ . മാത്രമല്ല തികഞ്ഞ ഈശ്വര വിശ്വാസിയുമായിരുന്നു അവള്‍ .നല്ല കൂട്ടുകാരുമായുള്ള ചങ്ങാത്തം എപ്പോഴും  നല്ലതേ വരുത്തു എന്നുള്ളത് ഇവിടെ അന്‍വറിന്റെ കാര്യത്തില്‍ യാഥാര്‍ത്ഥ്യമായി.
                                അന്‍വറിന്റെ  വീട്ടുകാര്‍ അവന്റെ  വിവാഹം നടത്താന്‍ തീരുമാനിച്ചപ്പോള്‍ അവനു രഹ്നയെ  വിവാഹം കഴിച്ചാല്‍ കൊള്ളാമെന്നു ഒരു ആഗ്രഹം.എന്നാല്‍ ഇതുവരെ ഇത്തരം ഒരു സംഭാഷണം അന്‍വറും രഹനയും തമ്മില്‍ നടത്തിയിട്ടുമില്ല.അതുകൊണ്ട്  ആദ്യം അവളുടെ സമ്മതം അറിയണമല്ലോ,എന്നിട്ടാവാം വീട്ടില്‍ അറിയിക്കാന്‍ . അവള്‍ക്കും സമ്മതമായിരുന്നു. അങ്ങനെ അവര്‍ വിവാഹിതരായി ഒന്നര വര്‍ഷങ്ങള്‍ക്കു ശേഷം അവര്‍ക്ക്  ഒരു പെണ്‍കുഞ്ഞുപിറന്നു .അവള്‍ക്കു  അവര്‍ റസിയ എന്നു പേരിട്ടു.
                  ഓര്‍ക്കാപുറത്താണ്  ഇടിനാദം പോലെ അവരുടെ ജീവിതത്തിലേക്ക് ദുരന്തം പടികയറി വന്നത് . വലിയ കാറ്റും മഴയും ഉള്ള ദിവസം സ്കൂളില്‍നിന്നും വീട്ടിലേക്കു വരുന്ന അന്‍വറിന്റെ കാറിനു മുകളില്‍ വലിയ ഒരു മരം കടപുഴകി വീണു. അന്‍വറിന് സാരമായ പരിക്കേറ്റു.രണ്ടു  ദിവസങ്ങള്‍ക്കു ശേഷമാണു അവനു ബോധം വീണത്‌.ഒരാഴ്ച കഴിഞ്ഞിട്ടും തനിക്കു ശരീരം ചലിപ്പിക്കാന്‍ പറ്റുന്നില്ല .ശരീരം ഇതിനകം തളര്‍ന്നു പോയിരുന്നു തനിക്കു ഇനി കട്ടില്‍  മാത്രമാണ് ശരണം എന്നതിരിച്ചറിവ് അവന്റെ ചിന്താമണ്ഡലം പോലും മരവിച്ച അവസ്ഥയിലായി.
              ഒരു മാസത്തെ ആശുപത്രി വാസത്തിനു ശേഷം അവര്‍ വീട്ടില്‍ തിരിച്ചെത്തി  .വീണ്ടും ഒരുമാസം കഴിഞ്ഞപ്പോള്‍ രഹന ജോലിക്ക് പോയിതുടങ്ങി. സാമ്പത്തിക ഞെരുക്കം അവരെ വല്ലാതെ അലട്ടാന്‍ തുടങ്ങി .അവള്‍ പോയി കഴിഞ്ഞാല്‍ പ്രായമായ ഉമ്മയും  റസിയമോളുമാണ്  അവനു ആശ്രയം.
                  അന്‍വറിന്റെ എല്ലാ പ്രതീക്ഷയും നശിച്ചു  . ഇനി ഒരു തിരിച്ചുവരവ്‌  ഉണ്ടാകില്ല എന്നു ചികിത്സിച്ച ഡോക്ടര്‍മാര്‍പോലും വിധിയെഴുതി . അപ്പോഴും രഹന അന്‍വറിനെ ആശ്വസിപ്പിക്കുകയും ധൈര്യപ്പെടുത്തുകയുംഎത്രയുംവേഗം ജീവിതത്തിലേക്ക് തിരിച്ചുവരും എന്ന പ്രത്യാശ നല്‍കുകയും ചെയ്യുമായിരുന്നു .ഉള്ളില്‍ ഒത്തിരി വേദനയും സങ്കടവും ഉണ്ടെങ്കിലും അതൊന്നും പുറത്തു കാണിക്കാതെ എപ്പോഴും പുഞ്ചിരി തൂകിക്കൊണ്ട്‌ അവള്‍ അന്‍വറിന്റെ സമീപത്ത് ഉണ്ടാവും .ആരും കാണാതെ ഒറ്റക്കിരുന്നു കരയുകയും ചെയ്യും.
              രഹനയുടെ സാമീപ്യം അന്‍വറിന് വളരെ ആശ്വാസമേകി. രഹ്നയുടെ വാക്കുകള്‍ അവനു പ്രതീക്ഷയേകി. ഒറ്റയ്ക്ക് കിടക്കുമ്പോള്‍ അവന്‍ ചിന്തിക്കും അവള്‍ എന്നെ ഇത്രയധികം  സ്നേഹിച്ചിരുന്നുവോ എന്ന് .താന്‍പോലും ഇതുപോലെ അവളെ സ്നേഹിച്ചിട്ടുണ്ടോ എന്നു സംശയമാണ്.  അവനു ചിലപ്പോള്‍ കുറ്റബോധം തോന്നാറുണ്ട് .
               രഹ്നയുടെ  സ്നേഹത്തോടെയും പ്രാര്‍ത്ഥനയോടെയുമുള്ള    മാസങ്ങളുടെ നീണ്ട പരിചരണത്തിനു ഫലം കണ്ടുതുടങ്ങി. അന്‍വറിനു മെല്ലെ പിടിച്ചു നടക്കാമെന്നായി .കൂടെ നടത്തിയ ആയൂര്‍വേദചികിത്സാ ഒത്തിരി ഗുണം ചെയ്തു .അന്‍വര്‍ പഴയ അവസ്ഥയിലേക്ക് മെല്ലെ  മടങ്ങി വന്നു വീണ്ടും ജോലിക്ക് പോയി തുടങ്ങി.പിന്നീട്  അവരുടെ ജീവിതം ഒരുപാട് സന്തോഷം നിറഞ്ഞതായിരുന്നു.
              സ്നേഹിതരെ, ജീവിത പങ്കാളിയുടെ സ്നേഹത്തോടെ ഉള്ള ഒരു വാക്കു കേള്‍ക്കാന്‍ കൊതിക്കാത്തവരായി ആരുമില്ല .പക്ഷെ പലരും അത് ഗൌനിക്കാറില്ല എന്നതാണ് സത്യം .
 കണ്ടില്ലേ സ്നേഹത്തിനു മുന്നില്‍ രോഗം പോലും തോറ്റുമടങ്ങുന്നത് .സ്നേഹത്തെക്കാള്‍ വലിയ ഔഷധമില്ല .
              ജീവിതം ഒന്നേയുള്ളൂ .ആ ജീവിത യാത്രയില്‍പങ്കാളികള്‍  സ്നേഹം പരസ്പരം പങ്കുവെച്ചും കൊണ്ടും കൊടുത്തും മനസ്സിലാക്കിയും മുന്നോട്ടു  പോയാല്‍ ജീവിതം സ്വര്‍ഗതുല്ല്യമാകും .