അധികാരത്തണലില്‍ മേവുന്നവര്‍
ക്രൂരമാം കൂത്തരങ്ങാക്കുന്നുവോ
ഗ്രാമവും നഗരവും വേര്‍തിരിവില്ലാതെ
ഭാരതമേ നിന്‍ മടിത്തട്ടിലെങ്ങും
കാമം കൊടികുത്തിവാഴുന്നുയെങ്ങും
ക്രോധം കാര്‍ന്നുതിന്നുന്നു നാടിനെ
അട്ടഹാസങ്ങള്‍ മാറ്റൊലികൊള്ളുന്നു
നിഹനിച്ചെടുക്കുന്നു നിഷ്കളങ്കജീവന്‍
സമ്പത്തിന്‍ ഹുങ്ക് പെരുക്കുന്നിടങ്ങള്‍
രാജ്യമന:സാക്ഷിയെ വിലങ്ങണിയിക്കുന്നു
അശരണവിലാപങ്ങള്‍ പെയ്തുതോരാതെ
കണ്ണീരുംചോരയും കലര്‍ന്ന ജീവിതങ്ങള്‍
നീതിയും ധര്‍മ്മവും പാലിച്ചിടേണ്ടവര്‍
അനീതിയില്‍ നീരാടി വാഴുന്നു സസുഖം
പരിത്രാണകരായ് കൂടെനടപ്പവരെന്തേ
പരിദാനം വാങ്ങിയുല്ലസിച്ചീടുന്നുയെങ്ങും
സത്യം വിളിച്ചോതിയെത്തുന്ന മര്‍ത്യനെ
നിഷ്കരുണം മായ്ച്ചുകളയുന്നു മന്നില്‍
പരികല്‍ക്കനത്തിനിരയായ്ത്തീര്‍ന്നവര്‍
നെഞ്ചുനീറ്റുന്ന പരിദേവനങ്ങളാകുന്നു
അടിമച്ചങ്ങലകള്‍ പണിയുന്നുവോ വീണ്ടും
അധികാരലോകത്തിലതിര്‍വരമ്പില്ലാതെ
ഇനിയൊരുവാസം സാധ്യമോയീനാട്ടില്‍
ശാന്തമായൊന്നുറങ്ങിയുണരുവാന്‍
അശാന്തിപുകയുന്ന വസുധയുടെ മാറിടം
അഗ്നിപര്‍വ്വതമായ് പൊട്ടിത്തെറിക്കുമോ
തിളച്ചുമറിയുന്ന ലാവാപ്രവാഹത്തില്‍
തിന്മയുടെ ലോകത്തെ ശുദ്ധീകരിക്കുമോ
ചിതകളോരോന്നുമെരിഞ്ഞടങ്ങുമ്പോഴും
നിലയ്ക്കാത്ത നിലവിളിയുയരുന്നപട്ടട
വിധിതീര്‍പ്പിനായി കാത്തിരിക്കുന്നു
മരണമെന്ന സത്യത്തെ മറികടക്കാതെ
സ്രഷ്ടാവ് നല്കിയ ദേഹത്തിന്‍ പ്രാണന്‍
തിരികെയെടുത്താല്‍ ജഡമാണ് മര്‍ത്യന്‍
നേടിയതൊന്നും കൊണ്ടുപോകില്ലാ
തിരികെപിടിക്കാന്‍ കഴിയില്ല ജീവനും