Monday, October 24, 2016

ഉഷസ്സിന്‍റെ ചുംബനം


വര്‍ണ്ണചിത്രം വരയ്ക്കുവാനായി
അര്‍ക്കരാജികള്‍ കൈകള്‍നീട്ടവേ
കുളിര്‍മ്മതൊട്ടുതലോടിയ ഉഷസ്സില്‍
നനുത്തയോര്‍മ്മകള്‍ ചുംബിച്ചിരുന്നു

തിരക്കൊഴിയാത്ത പ്രഭാതങ്ങള്‍
പണ്ടെന്‍ദിനങ്ങളില്‍ നിത്യസഖികള്‍
ഇന്നിതാനില്‍ക്കുന്നു ദൃശ്യമായ്
വിരുന്നിനെത്തുന്ന അതിഥിയെപ്പോല്‍

ഉണര്‍ത്തുപാട്ടുകള്‍ കേട്ടുഞാന്‍
ചാരെനില്‍ക്കുന്ന മരച്ചില്ലയില്‍
കുലായംതീര്‍ത്ത കുയില്‍നാദം
രാഗംപൊഴിക്കുന്നു തേന്‍മഴയായ്

ഇളംതെന്നലില്‍ മര്‍മ്മരംമൂളി
എന്‍ജാലകപാളിയില്‍ താളമിട്ടു
ഒലിവിനഗ്രപത്ര ചുംബനങ്ങള്‍
ദിനചര്യയകള്‍ക്ക് തോഴിയായ്

ചിലവേളകളില്‍  തൊട്ടുവിളിക്കുന്നു
എന്നിലുറങ്ങുന്ന അക്ഷരകുഞ്ഞുങ്ങള്‍
അവര്‍ക്കും പിറവിയെടുക്കണം
ഈയാമത്തിന്‍ പ്രകാശമായ്

അര്‍ക്കനുണരുംമുന്‍പേയുണരണം
കൂപ്പുകൈയോടെയിരിക്കണം
സൃഷ്ടാവിനോട് മൌനമായ്
ഒന്നുസംസാരിക്കണം പൈതലായ്

യാത്രതുടരണം വീണ്ടുമൊരരുവിയായ്
സ്നേഹംതുളുമ്പുമാ താഴ്വാരത്തിലൂടെ
ഹൃദയതാളം കേട്ടിളംചൂടിന്‍ കമ്പളത്തില്‍
മയങ്ങണം മഴയുടെയാരവം നിലക്കുംവരെ

2 comments: