Saturday, April 8, 2017

മാമരച്ചില്ലകള്‍


മഞ്ഞുപുതച്ചൊരാ  മാമരച്ചില്ലകള്‍
മര്‍മ്മരംമൂളിയതെന്താണ് പെണ്ണേ
കുളിരുള്ളൊരോര്‍മ്മകള്‍ പുല്കീടവേ
നിന്‍ കുട്ടിക്കുറുമ്പെനിക്കേറെയിഷ്ടം!

ചുരുളില്‍ മറഞ്ഞൊരു മാലഖയായ്
ഇരുളില്‍ പ്രകാശം ചൊരിഞ്ഞവളേ
ഇടയില്‍ മയങ്ങി നീ പോയിടുമ്പോള്‍
പ്രദീപം  തെളിക്കാന്‍ മറന്നിടല്ലേ

കാറ്റിന്‍ ചിറകേറിയൂയലാടി
തുള്ളികിലുക്കങ്ങള്‍ പെയ്തിറങ്ങാന്‍
തൂമഞ്ഞിന്‍ കൂടാരതൊട്ടിലുമായ്
പൂന്തെന്നല്‍ പിന്നെയും മെല്ലെവീശി

രാവിന്‍റെ താരാട്ട് പാടീടുവാന്‍
രാക്കിളി പക്ഷങ്ങളാഞ്ഞുവീശി
പാതിരാമുല്ലകള്‍ പരിമളമേകിടാന്‍
പൂമൊട്ടുകള്‍ നിറയെ കാത്തുനിന്നു

പ്രഭാതം പ്രദീപ്തിയില്‍  മിഴിതുറന്നു
പത്രപുഷ്പം കതിര്‍ നീട്ടിനിന്നു
അരുണന്‍റെ ആനന്ദമലയടിച്ചു
പയോധികം മെല്ലെതിളങ്ങി വന്നു

പദികത്തില്‍ ചുംബിച്ച കടലലകള്‍
ചിണുങ്ങിച്ചിരിച്ചുകൊണ്ടകന്നുപോയി
പനിമതി വിണ്ണില്‍ കുളിച്ചു നിന്നു
പയോജങ്ങള്‍  ചേറില്‍ മിഴികള്‍ പൂട്ടി

No comments:

Post a Comment