പാപിയായ ഞങ്ങളെ എത്ര കരുണയോടെയാണ് നിന്നിലേയ്ക്ക് ചേര്‍ത്തുപിടിച്ചത് .നിന്‍റെ ദേഹത്തിലേറ്റ ഓരോ അടിയും ഞങ്ങളുടെ പാപത്തിന് നീ നല്കിയ പരിഹാരസമ്മാനമായിരുന്നു . ശിഷ്യരുടെ കാലുകള്‍ കഴുകി നീ ചുംബിച്ചപ്പോള്‍ എളിമയെന്ന പുണ്യത്തിന്‍റെ മാതൃക ഞങ്ങള്‍ക്ക് പകര്‍ന്നു നല്കി .ഞാനെന്ന അഹങ്കാരം അത് കണ്ടില്ലന്ന്‍ നടിച്ചു .അറ്റത്ത് കൊളുത്തുകള്‍ പിടിപ്പിച്ച ചാട്ടവാറില്‍ നിന്നുമേല്ക്കുന്ന ഓരോ പ്രഹരത്താല്‍ നിന്‍റെ മാംസം ശരീരത്തില്‍ നിന്നു വേര്‍പെട്ടു പോകുമ്പോഴും കരുണയോടെ ഞങ്ങളെ നോക്കിയിരുന്നത് ഞങ്ങള്‍ കണ്ടില്ല .മറ്റുള്ളവര്‍ പരിഹസിക്കുമ്പോഴും ആര്‍ത്തുവിളിക്കുമ്പോഴും നിശബ്ദനായി നിന്നതുപോലെ ഒരു വാക്കിന്‍റെ മുന്നില്‍ പോലും ക്ഷമയോടെ നില്ക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞിരുന്നില്ല . അഞ്ചപ്പംകൊണ്ട് അയ്യായിരം പേരെ പോഷിപ്പിച്ച നിന്‍റെ ദയ തിരിച്ചറിയാതെ പോയി .ആയിരത്തില്‍ ഒരംശം മറ്റുള്ളവരുമായി പങ്കിട്ടെടുക്കുവാന്‍ കഴിയാത്തവരായി .അളവില്ലാത്ത അനുഗ്രഹങ്ങള്‍ ജീവിതത്തില്‍ ചൊരിഞ്ഞിട്ടും അതെല്ലാം സ്വന്തം കഴിവുകൊണ്ട് നേടിയതാണെന്ന് സ്വയം ഗര്‍വ്വ് കാട്ടിയവരായിരുന്നു .ദുഃഖിതര്‍ക്കും പീഡിതര്‍ക്കും എന്നും ആശ്വാസമായിരുന്ന നിന്‍റെ കരുതല്‍ തിരിച്ചറിയാതെ അനുകമ്പ ഞങ്ങളില്‍ നിന്നും അകറ്റി നിറുത്തി .വേദനിക്കുന്നവര്‍ക്ക് ആശ്വസമേകാനും കരയുന്നവരുടെ കണ്ണുനീരൊപ്പാനും ആലംബഹീനരുടെ ഇടയില്‍ കടന്നുചെല്ലാനും ഞങ്ങളുടെ ഹൃദയം തുറന്നില്ല .പാപിനിയായ സ്ത്രീയെ കല്ലെറിഞ്ഞവരോട് നിങ്ങളില്‍ പാപമില്ലാത്തവര്‍ കല്ലെറിയട്ടെയെന്ന മൊഴികള്‍ കേട്ടിട്ടും അപരനെ കല്ലെറിയാന്‍ തിടുക്കം കൂട്ടുന്നവരാണ് ഞങ്ങള്‍ .ക്രൂശില്‍ പിടയുമ്പോഴും വലത്തുഭാഗത്തെ കള്ളന് സ്നേഹത്തിന്‍റെ സാന്ത്വനവചസ്സുകള്‍ പകര്‍ന്ന ഈശോയെ ഞങ്ങള്‍ക്ക് ചെറിയൊരു വേദനവരുമ്പോള്‍ അലമുറയിട്ടുകൊണ്ട് നിനക്കെതിരെ പിറുപിറുക്കുന്നവരായിമാറി ഞങ്ങള്‍ . ശത്രുവിനെപ്പോലും സ്നേഹിക്കാന്‍ പഠിപ്പിച്ചതല്ലേ .എന്നിട്ടും ഞങ്ങള്‍ ജാതിയുടെയും മതത്തിന്‍റെയും പേരില്‍ അടികൂടി നിന്നെ എത്രയധികം വേദനിപ്പിച്ചു .ഓരോ വാക്കിലും പ്രവര്‍ത്തിയിലും ഇന്നും ഞങ്ങള്‍ നിന്നെ അണിയിച്ച മുള്‍കിരീടത്തിന്‍റെ മുള്ളുകള്‍ ആഴത്തിലേക്ക് പതിപ്പിച്ചുകൊണ്ടിരിക്കുന്നു .
പലപ്പോഴും നമ്മളും അറിഞ്ഞിട്ടും അറിയാത്തവരായി പെരുമാറാറില്ലേ കൂട്ടുകാരെ .....ഈ വിശുദ്ധവാരത്തില്‍ ക്രൂശിലേറിയ പീഡിതന്‍റെ ഓര്‍മ്മയില്‍ നമുക്കും നമ്മുടെ ഹൃദയങ്ങളേ ശുദ്ധീകരിക്കാം.പിന്നിട്ട വഴികളെയോര്‍ത്ത് പാശ്ചാതപിച്ചുകൊണ്ട് മുന്നോട്ടുള്ള പാതയില്‍ സ്നേഹത്തിന്‍റെയും കരുണയുടെയും കരുതലിന്‍റെയും ദീപങ്ങളായി പ്രകാശിക്കാം
No comments:
Post a Comment