Monday, February 12, 2018

പറന്ന്പോകുന്ന അപ്പൂപ്പന്‍ താടികള്‍


                           സ്നേഹത്തിന്‍റെ ആധിക്യത്തില്‍ തണുത്തുറഞ്ഞ മഞ്ഞുപാളികള്‍ ഉരുകിതീര്‍ന്നിരിക്കുന്നു .സ്നേഹത്തിന്‍റെ മറ തീര്‍ത്ത അതിര്‍വരമ്പുകള്‍ അപരിചിതരായ വഴിപോക്കരെപ്പോലെ ചിരിച്ചുനില്‍ക്കുന്നു .കാണാതിരുന്ന നാളുകളുടെ പരിഭ്രമങ്ങള്‍ പുച്ഛത്തോടെ ഓര്‍മ്മകളില്‍ എത്തിനോക്കുമ്പോള്‍ തിരശ്ശീലയ്ക്ക് പിന്നില്‍ ആടിയ നല്ലൊരു നാടകത്തിന്‍റെ പ്രിതീതി ജനിപ്പിയ്ക്കുന്നു .സാന്ത്വനത്തിന്‍റെ തൂവല്‍ സ്പര്‍ശമായ് കൂടെയിരുന്ന സമയങ്ങള്‍ ഇന്ന് ദേശാടനക്കിളികളെപ്പോലെ വന്നുപോകുന്നു .നോവിന്‍റെ നെരിപ്പോടില്‍ വെന്തുരുകുമ്പോള്‍ തുഷാരബിന്ദുവായ്‌ പെയ്തിറങ്ങിയ നിമിഷങ്ങളിന്ന്‍ എണ്ണയൊഴിച്ച് ആളിക്കത്താന്‍ തുടങ്ങിയിരിയ്ക്കുന്നു .പ്രചോദനത്തിന്‍റെ വാഗ്ധോരണികള്‍ നിറഞ്ഞ കാലങ്ങള്‍ ചടങ്ങ് തീര്‍ക്കുന്ന വേദിയായി മാറിക്കഴിഞ്ഞു .ഉന്നതിയുടെ പടവുകളില്‍ പ്രശസ്തിയുടെ പൊന്നാടകള്‍ അണിഞ്ഞുതുടങ്ങിയപ്പോള്‍ കഴിഞ്ഞകാല  പാഠങ്ങള്‍ കൊഴിഞ്ഞുവീണ് മണ്ണില്‍ അലിഞ്ഞുചേര്‍ന്ന ഇലപോലെ സ്മൃതികളില്‍ നിന്നും മനപ്പൂര്‍വ്വം മായ്ച്ചുകളഞ്ഞിരിയ്ക്കുന്നു .നീണ്ടുപോകുന്ന യാത്രകള്‍ക്കും കൂടിപ്പോകുന്ന ദൂരങ്ങള്‍ക്കും സീമകളില്ലാതായിരിയ്ക്കുന്നു .ഉറക്കത്തിന്‍റെ ആലസ്യങ്ങള്‍ ഘടികാരസൂചിയുടെ കൃത്യതയെ വെറുത്ത്തുടങ്ങിയിരിയ്ക്കുന്നു .ശക്തിയാര്‍ജ്ജിച്ച സ്നേഹതപസ്വിന്‍റെ വല്‍മീകമെന്ന അടയാളം അവശേഷിപ്പുകളില്ലാതെ മാഞ്ഞുപോയിരിയ്ക്കുന്നു .ഗീതികള്‍ കേട്ടതും പാടിയതുമായ നിമിഷങ്ങള്‍ അസ്വസ്ഥതകള്‍ കടമെടുത്തിരിയ്ക്കുന്നു .പരിഭവങ്ങളും പരാതികളും നിറഞ്ഞ സൗന്ദര്യപിണക്കങ്ങള്‍ ഇന്ന് നിസംഗതയോടെ മാറിനില്‍ക്കുന്നു .ധൈര്യം പകര്‍ന്ന വാക്കുകള്‍ ചില്ലുടഞ്ഞ ചിത്രമായിരിയ്ക്കുന്നു .ഒരു കൂട് മതിയെന്ന് വാശിപിടിച്ച കിളി അതിരുകളില്ലാത്ത ആകാശം തേടി സ്വതന്ത്രമായ്  പറന്നകന്നു .കാറ്റില്‍ പറന്നുപോകുന്ന അപ്പൂപ്പന്‍താടിപോലെ എല്ലാറ്റിലും ഒരു ലാഘവത്വം .............സ്നേഹത്തിന്‍റെ തീവ്രതയില്‍ ചെപ്പില്‍ അടച്ചിരുന്ന എന്നെ ഒരു അപ്പൂപ്പന്‍താടിപോലെയിന്ന് പറത്തിവിട്ടിരിയ്ക്കുന്നു ചെപ്പില്‍ സ്നേഹമെന്ന മുത്തില്ലാതെ ശൂന്യം ...........!!!!!!!!!!!!

1 comment:

  1. സ്നേഹമാണഖിലസാരമൂഴിയിൽ...
    ആശംസകൾ

    ReplyDelete